Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ . സറേയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെയും അവരുടെ പിതാവിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരത്തിൽ ഒരു വീട്ടിൽ മുതിർന്നയാളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി മാത്രമെ അറിയിച്ചിരുന്നുള്ളൂ. എന്നാൽ ഞെട്ടിക്കുന്ന സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി.


പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . മൂന്ന് കുട്ടികളുടെയും മരിച്ച പിതാവിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.


സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള
ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സമഗ്രമായി അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിഐ ഗാരെത് ഹിക്‌സ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നത് ഇപ്പോൾ തുറന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാൻഡഡ് സ്കൂൾ യൂണിഫോമുകൾക്ക് രക്ഷിതാക്കൾ ഇരട്ടിയിലധികം വില നൽകുന്നതായുള്ള റിപ്പോർട്ട് പുറത്ത് വിട്ട് ഒബ്സെർവേർ. അതേസമയം സൂപ്പർമാർക്കറ്റുകളിലും ഹൈ-സ്ട്രീറ്റ് സ്റ്റോറുകളിലും സമാന യൂണിഫോമുകൾ താരതമ്യേന വിലക്കുറവിൽ ലഭ്യമാകുന്നുണ്ട്. ഇത്തരത്തിലുള്ള ചെലവുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഔദ്യോഗിക ലോഗോകളുള്ള യൂണിഫോം ഉള്ള സ്റ്റേറ്റ് സ്കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ബ്രാൻഡഡ് അല്ലാത്ത യൂണിഫോമുകളേക്കാൾ ഇരട്ടി തുക വാങ്ങുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.

സ്കൂളുകൾക്ക് ആവശ്യമായ ബ്രാൻഡഡ് യൂണിഫോം, പിഇ കിറ്റ് എന്നിവയുടെ എണ്ണം പരിമിതപ്പെടുത്തി സ്കൂൾ ചെലവ് കുറയ്ക്കുമെന്ന് ലേബർ പാർട്ടി നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. സ്‌കൂൾ യൂണിഫോമുകളുടെ ചിലവ് ചുരുക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ എടുത്തിട്ടുണ്ടെന്ന് സ്കൂൾ വസ്ത്ര വ്യവസായത്തിലെ ജീവനക്കാർ പറയുന്നു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഈ സമയം ബ്രാൻഡഡ് ഇനങ്ങളുടെ ചിലവ് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.


എം&എസ്, അസ്ദ എന്നിവിടങ്ങളിൽ നിന്ന് ബ്രാൻഡ് ചെയ്യാത്ത ബ്ലേസറുകൾക്ക് യഥാക്രമം £26 ഉം £16 നും ലഭിക്കുമ്പോൾ ലോഗോയുള്ള ഒരു ചെറിയ സെക്കൻഡറി സ്കൂൾ ബ്ലേസറിന് ഏകദേശം £35 വിലവരും. 2021 ഇൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ സ്‌കൂളുകൾ ബ്രാൻഡഡ് ഇനങ്ങൾ പരിമിതപ്പെടുത്തണം എന്ന് പറയുന്നുണ്ട്. എന്നാൽ ചില സ്‌കൂളുകൾ ഇപ്പോഴും സ്‌പോർട്‌സ് സോക്‌സുകൾ ഉൾപ്പെടെ അഞ്ച് ബ്രാൻഡഡ് ഇനങ്ങൾ വരെ വാങ്ങാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. സ്‌കൂൾ വസ്ത്ര വ്യവസായം അവകാശപ്പെടുന്നുണ്ടെങ്കിലും, സെക്കൻഡറി സ്‌കൂൾ യൂണിഫോമുകൾക്കായി മാതാപിതാക്കൾ പ്രതിവർഷം ശരാശരി £422 ഉം പ്രൈമറി യൂണിഫോമിന് £287 ഉം ചെലവഴിക്കുന്നതായി ചിൽഡ്രൻസ് സൊസൈറ്റിയുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കാരണം പുതിയ പേ പെർ മൈൽ ടാക്സ് സ്കീം നടപ്പിലാക്കാൻ ശുപാർശ നൽകി വിദഗ്ദ്ധർ. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത മൂലം ഇന്ധന തീരുവയിലെ ഇടിവ് മൂലമുള്ള വരുമാനത്തിൽ 35 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) പകരമായി പുതിയ പദ്ധതി കൊണ്ടുവരാനാണ് ശുപാർശ. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗത്തെ തുടർന്നാണ് പുതിയ നികുതി നടപടികളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്ന് വന്നത്. പ്രസംഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതിനാൽ റോഡ് നികുതിയിൽ സുസ്ഥിരമായ സമീപനം സ്വീകരിക്കേണ്ടതിൻെറ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്. ന്യായമായ നികുതി ഉറപ്പാക്കുന്നതിനുള്ള പരിഹാരമായാണ് പുതിയ പദ്ധതി വരിക. കൂടാതെ ഇനി വരാനിരിക്കുന്ന ബജറ്റ് അത്ര സുഖകരമായിരിക്കില്ലെന്നും ഒരു അദ്ദേഹം കൂട്ടിച്ചേർത്തു. ആർ എ സിയുടെ റോഡ് പോളിസി തലവനായ സൈമൺ വില്യംസ്, പേ പെർ മൈൽ സംവിധാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ചില്ലറ വ്യാപാരികൾ അധിക ചാർജുകൾ മറച്ചു വെക്കുന്നതിൽ നിന്ന് ഇത് തടയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

അടുത്ത വർഷം ഏപ്രിലിൽ, ഇലക്ട്രിക് കാറുകൾ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) വിധേയമാകും. മൈലേജിനെ അടിസ്ഥാനമാക്കി ഡ്രൈവർമാരിൽ നിന്ന് നിരക്ക് ഈടാക്കുന്ന തരത്തിലുള്ള പേ പെർ മൈൽ നികുതി എന്ന ആശയമാണ് വിദഗ്ദ്ധർ മുന്നോട്ട് വച്ചിരിക്കുന്നത്. പല ഡ്രൈവർമാരും ഈ ആശയത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് കുട്ടികളുടെയും ഒരു പുരുഷൻ്റെയും മൃതദേഹങ്ങൾ സ്റ്റെയിൻസ്-അപ്പോൺ-തേംസിലെ ഒരു വീട്ടിൽ നിന്ന് നിന്ന് കണ്ടെത്തിയതായി സറേ പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് സർവീസിൻ്റെ സേവനത്തിനായി വിളിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാൻ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചീഫ് ഇൻസ്പെക്ടർ ലൂസി സാൻഡേഴ്സ് പറഞ്ഞു.

വേറെ ആർക്കും പങ്കാളിത്തമില്ലാത്ത ഒറ്റപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവം മരിച്ചവരുടെ അടുത്ത ബന്ധുക്കൾ അറിഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിച്ചതിന് പോലീസ് പ്രാദേശിക വാസികൾക്ക് നന്ദി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെ 4 മുതൽ രാത്രി 9 മണി വരെ മഴയും ഇടിമിന്നലുമുള്ള യെല്ലോ അലർട്ട് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.


വെള്ളപ്പൊക്കവും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ പവർകട്ട് ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കനത്ത ആലിപ്പഴ വർഷം മൂലം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് പറഞ്ഞു. മഴ കൂടിയാൽ ചില റോഡുകൾ അടയ്‌ക്കേണ്ടതായും ബസ് , ട്രെയിൻ സർവീസുകൾ മുടങ്ങുന്നതിനും സാധ്യത ഉണ്ട് . ഇംഗ്ലണ്ടിൻ്റെ തെക്ക്, മിഡ്‌ലാൻഡ്‌സ്, ഇംഗ്ലണ്ടിൻ്റെ വടക്ക്, വെയ്ൽസിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആണ് മഴയും ഇടിമിന്നലും മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇൽഫോർഡ് സൗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ എംപിയായ ജാസ് അത്‌വാളിനെതിരെ ആരോപണം. അറ്റകുറ്റപണികൾ ആവശ്യമായുള്ള ഫ്ലാറ്റുകൾ എംപി വാടകയ്ക്ക് കൊടുക്കുന്നതായാണ് ആരോപണങ്ങളിൽ പറയുന്നത്. ഈ ഫ്ലാറ്റുകളിൽ കറുത്ത പൂപ്പലും ഉറുമ്പ് ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ജാസ് അത്‌വാൾ 15 ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ഇവയിൽ പകുതിയോളം വാടകക്കാരും പൂപ്പൽ തുടങ്ങിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഫ്ലാറ്റുകളിൽ പലതിലും ഉറുമ്പുകളുടെ ശല്യം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ഉറുമ്പുകൾ നശിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് ഒരാൾ പ്രതികരിച്ചു. ഫ്ലാറ്റിനെ കുറിച്ചോ ക്ലെയിം ചെയ്ത ആനുകൂല്യങ്ങളെ കുറിച്ചോ പരാതിപ്പെട്ടാൽ താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരാൾ പറഞ്ഞൂ. അതേസമയം 60 കാരനായ എംപി തനിക്കെതിരെ വന്ന ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ചു. തൻെറ ഫ്ലാറ്റുകൾ ഒരു ഏജൻസിയാണ് നോക്കി നടത്തുന്നതെന്നും ജാസ് അത്‌വാൾ പ്രതികരിച്ചു.

റെഡ്ബ്രിഡ്ജ് കൗൺസിൽ വെബ്‌സൈറ്റ് അനുസരിച്ച്, അത്‌വാളിന് ഏഴ് പ്രോപ്പർട്ടികളുള്ള തൻ്റെ ബ്ലോക്ക് വാടകയ്‌ക്കെടുക്കാൻ ഒരു സെലക്ടീവ് പ്രോപ്പർട്ടി ലൈസൻസ് ആവശ്യമാണ്. എന്നാൽ പബ്ലിക് രജിസ്റ്ററിൽ അത്തരമൊരു ലൈസൻസിൻ്റെ തെളിവുകളൊന്നും ബിബിസിക്ക് കണ്ടെത്താൻ ആയിട്ടില്ല. ലേബർ പാർട്ടിയുടെ 2024 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ ഡാൻസ് ക്ലാസിൽ കുത്തേറ്റ് മരിച്ച സംഭവം ബ്രിട്ടനിൽ വൻ കുടിയേറ്റ വിരുദ്ധ വികാരം ആളി കത്തിക്കുന്നതിന് കാരണമായി. വലതുപക്ഷ തീവ്രവാദികളുടെ കുടിയേറ്റ സമരത്തിൽ ബ്രിട്ടനിലെ അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടന്നത് പോലീസിനും ഭരണ നേതൃത്വത്തിനും കടുത്ത തല വേദനയാണ് സൃഷ്ടിച്ചത്.

എന്നാൽ ബ്രിട്ടന്റെ പൊതു മനസ്സ് കുടിയേറ്റ വിരുദ്ധ മനോഭാവമില്ലാത്തതാണെന്ന് ജൂലൈ 4 ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പാർലമെൻറിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജൻ ജോസഫ് പറഞ്ഞു. പലപ്പോഴും തദ്ദേശിയർ കുടിയേറ്റക്കാർക്ക് എതിരെ തിരിയുന്നതിന് കാരണം നമ്മൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശത്ത് ചെന്നാൽ അവിടുത്തെ സാമൂഹിക വ്യവസ്ഥയോട് ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത് അന്യദേശക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ കുടിയേറ്റക്കാരെയും വിദേശികളെയും ചേർത്തു നിർത്തുന്നതിന് തന്റെ അനുഭവം തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടി കാണിച്ചത്. 88 ശതമാനം ബ്രിട്ടീഷ് വംശജർ ഉള്ള സ്ഥലത്തു നിന്നാണ് സോജൻ ജോസഫ് പാർലമെൻറിലേയ്ക്ക് ജയിച്ചു കയറിയത്.

യുകെയിലെ ആദ്യ മലയാളി എംപിയായി ചരിത്ര നേട്ടമാണ് ഒരു മലയാളി നേഴ്സ് ആയ സോജൻ ജോസഫ് കൈവരിച്ചത് . 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ ആഷ്ഫോർഡ്‌ സോജൻ ജോസഫ് പിടിച്ചെടുത്തത്. യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നേഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ് ലാൻഡിൽ 13 വയസ്സുകാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിന് പടിഞ്ഞാറ് നഗരമായ ഓൾഡ്ബറിയിലെ ഒരു വീട്ടിലാണ് ആൺകുട്ടി കൊല്ലപ്പെട്ടത് . വ്യാഴാഴ്ച വൈകുന്നേരം 4:00 മണിക്കാണ് ആംബുലൻസ് സർവീസിനെ വിളിച്ചത് എന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റ ആൺകുട്ടിയെ പാരാമെഡിക്കൽസ് ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുട്ടി വീട്ടിനുള്ളിൽ തന്നെ കൊല്ലപ്പെട്ടതായി സാൻഡ്‌വെൽ പോലീസ് കമാൻഡറായ സിഎച്ച് സൂപ്‌റ്റ് കിം മഡിൽ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. കൊലപാതകത്തെ കുറിച്ച് ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വെസ്റ്റ് മിഡ്ലാൻഡിലെ കത്തിയാക്രമണങ്ങളുടെ എണ്ണം ഭയാനകമായി കൂടിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 13 വയസ്സുകാരനായ കുട്ടി കുത്തേറ്റ് മരണമടഞ്ഞ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് സ്മെത്‌വിക്കിൻ്റെ ലേബർ എംപി ഗുരിന്ദർ സിംഗ് ജോസൻ പറഞ്ഞു.

സ്വാൻസീയിലെ ജെൻഡ്രോസിൽ ഒരു കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. 41 കാരിയായ യുവതിയാണ് അറസ്റ്റിലായത് . പോലീസിന്റെ പ്രധാന കുറ്റകൃത്യ അന്വേഷണസംഘം കേസിനെ കുറിച്ച് അന്വേഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പടിഞ്ഞാറൻ സ്വാൻസിയിലെ കോക്കറ്റ് വാർഡിൻ്റെ ഭാഗമാണ് ജെൻഡ്രോസ്. മരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെയും അറസ്റ്റിലായ യുവതിയുടെയും ഒരു വിവരവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ മരണം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. സംഭവസ്ഥലം പോലീസിന്റെ കാവലിലാണ്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആത്മഹത്യ നിരക്ക് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതോടെ ആത്മഹത്യയെ പൊതുജനാരോഗ്യ പ്രതിസന്ധിയായി കണക്കാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. 2023-ൽ രണ്ട് രാജ്യങ്ങളിലുമായി 6,069 ആത്മഹത്യകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. 1999 നു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് 2023 ലേത് എന്നതാണ് ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

സ്ത്രീകളുടെ എണ്ണം കുറവാണെങ്കിലും, കണക്കുകൾ 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 2022 നെ അപേക്ഷിച്ച് എല്ലാ പ്രായക്കാരിലും ആത്മഹത്യ നിരക്ക് വർദ്ധിച്ചെങ്കിലും, 45 മുതൽ 64 വരെ വയസ്സുള്ളവരുടെ ഇടയിലെ ആത്മഹത്യ നിരക്കിന് ക്രമാതീതമായ വർദ്ധനയുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റ അനാലിസിസ് മേധാവി വഹേ നഫിലിയാൻ പറഞ്ഞു. ആത്മഹത്യകൾ വ്യക്തികളിലും, കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതം അതിശക്തമാണെന്നും, അതിനാൽ തന്നെ അപകട സാധ്യതയുള്ള ദുർബലരായ ആളുകളെ കണ്ടെത്തി അവരെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ പ്രതിരോധ ചാരിറ്റി സംഘടനയായ സമരിയൻസും ഈ സാഹചര്യത്തെ ഗൗരവമായി കാണുന്നതായി വ്യക്തമാക്കി.

സർക്കാർ ഗൗരവമായി ഈ സാഹചര്യത്തെ കണ്ട് അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം സമരിയൻസ് ഉയർത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഈ സർക്കാർ അധികാരമേറ്റ 55 ദിവസത്തിനകം തന്നെ 900 ത്തിലേറെ ആളുകൾ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിനാൽ അടിയന്തരമായി ആത്മഹത്യാ പ്രതിരോധ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. പുകവലി നിരക്കുകൾ കുറയ്ക്കുവാൻ കാണിച്ച അതേ ആർജ്ജവത്തോടെ ഈ സാഹചര്യത്തെയും നേരിടണമെന്ന് സമരിയൻസ് ചാരിറ്റി സംഘടന ചാൻസലർ റേച്ചൽ റീവ്സിനോട് ആവശ്യപ്പെട്ടു. ഓരോ ആത്മഹത്യയും ദുരന്തമാണെന്നും നിലവിലെ കണക്കുകൾ ആശങ്കാജനകമായ പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് നേരിടുവാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ -സാമൂഹ്യ സംരക്ഷണ വകുപ്പ് വക്താവ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved