Main News

റിയാദ്: ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീങ്ങിയതോടെ ഇറാനും ആഗോള എണ്ണവിപണിയില്‍ സജീവമായി. ഇത് എണ്ണഉദ്പാദക രാജ്യങ്ങളില്‍ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം കനത്ത ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ തന്നെ വിലക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന എണ്ണവിപണിയിലേക്ക് ഇറാനും എത്തുന്നതോടെ കൂടുതല്‍ എണ്ണയുടെ ഒഴുക്ക് ഉണ്ടാകും. ഇതോടെ രാജ്യാന്തര എണ്ണവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സൂചന.
ഉപരോധം നീക്കിയതോടെ ഇറാന് ലോകത്തെവിടേക്കും എണ്ണ കയറ്റുമതി ചെയ്യാനാകും. പത്ത് ലക്ഷം ബാരല്‍ എണ്ണ ദിവസവും കയറ്റുമതി ചെയ്യാനാണ് ഇപ്പോള്‍ ടെഹ്‌റാന്‍ തീരുമാനിച്ചിട്ടുളളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും ഇറാനും തമ്മിലുളള എണ്ണ വിലയുദ്ധം അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണിയായ തദാവുല്‍ ഓള്‍ ഷെയര്‍ സൂചികയില്‍ 5.4ശതമാനം നഷ്ടമുണ്ടാക്കി. ഇക്കൊല്ലം ഇതുവരെ 20 പോയിന്റ് ഇടിവാണ് സൗദി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഖത്തറിലും ദുബായിലും ഓഹരി വിപണികള്‍ യഥാക്രമം 7.2, 4.6 ശതമാനം വീതം ഇടിഞ്ഞു. അബുദാബിയിലെ പ്രധാന ഓഹരി സൂചിക 4.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇറാനിലെ മുഖ്യ ഷിയാ പുരോഹിതനായിരുന്ന നിമര്‍ അല്‍ നിമറിന്റെ വധത്തോടെ സൗദിയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരുന്നു. എണ്ണ വിപണനത്തിലെ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുളള സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ എന്നാണ് വിലയിരുത്തുന്നത്. നിമറിന്റെ വധത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യലയത്തിന് മുന്നില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് റിയാദ് ഇറാനുമായുളള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

സിറിയയിലെയും യെമനിലെയും ആഭ്യന്തരയുദ്ധത്തിലും ഇരുരാജ്യങ്ങളും വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമാകും. എന്നാല്‍ സൗദി അറേബ്യയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനുമേലുളള ഉപരോധം നീക്കിയ സമയം തെറ്റായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ സ്ഥിതി വഷളാക്കുകയേ ഉളളൂവെന്നും ഇവര്‍ പറയുന്നു.

പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ എണ്ണവിപണിയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ പതിനെട്ട് മാസം കൊണ്ട് എണ്ണ വില വീപ്പയ്ക്ക് 29 ഡോളറിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇത് പത്ത് ഡോളറാകുമെന്നാണ് വിദഗ്്ദ്ധര്‍ വിലയിരുത്തുന്നത്.

ലണ്ടന്‍: ലോക ടെന്നീസിലെ പല വമ്പന്‍മാരും ഒത്തു കളിച്ചതായി രഹസ്യ രേഖകള്‍. വിമ്പിള്‍ഡണ്‍ അടക്കമുളള പല പ്രമുഖ മത്സരങ്ങളിലും ഒത്തുകളി അരങ്ങേറിയിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ബിബിസിയും ബസ്ഫീഡ് ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ച്ചയായി പല മത്സരങ്ങളും നഷ്ടപ്പെടുത്താന്‍ ലോക ടെന്നീസിലെ മുന്‍നിര താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും കൂട്ട് നിന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. ആരോപണ വിധേയരായ പല താരങ്ങളും വിമ്പിള്‍ഡണ്‍ നേടിയവരുമാണ്. ആരോപണങ്ങളുയര്‍ന്നിട്ടും ഇവരെ തുടര്‍ന്നും കളിക്കാന്‍ അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
ടെന്നീസ് ലോകത്ത് നിന്ന് തന്നെയുളള ഒരു അജ്ഞാതനാണ് ഇത് സംബന്ധിച്ച രേഖകള്‍ ബിബിസിയ്ക്ക് കൈമാറിയത്. അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് 2007ല്‍ നടത്തിയ അന്വേഷണത്തിന്റെ രേഖകളടക്കമുളളവയാണ് കൈമാറിയിട്ടുളളത്. റഷ്യ, സിസിലി, വടക്കന്‍ ഇറ്റലി തുടങ്ങിയ മേഖലകളില്‍ നിന്നുളള ഒത്തുകളി സംഘം ആയിരക്കണക്കിന് ഡോളര്‍ ഇതിലൂടെ സമ്പാദിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ മൂന്ന് വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ കോഴ വാങ്ങി ഒത്തുകളിച്ചു. ടെന്നീസ് കളിക്കാരായ 28 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ശുപാര്‍ശകള്‍ പാലിക്കപ്പെട്ടില്ല.

2009ല്‍ ടെന്നീസില്‍ അഴിമതി വിരുദ്ധ നിയമം നടപ്പാക്കിയിരുന്നു. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങളാല്‍ ഇതിനു മുമ്പുണ്ടായ കേസുകള്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ കഴിയില്ല. ആരോപണത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ബിബിസിയോ ബസ്ഫീഡോ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കാത്തത് കൊണ്ട് തന്നെ ഇവര്‍ ഒത്തുകളിയില്‍ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യം ഉറപ്പിക്കാനും സാധ്യമല്ല. കോഴയായി 50000 ഡോളര്‍ വരെ കളിക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും ആരോപണമുണ്ട്. പതിനാറ് കളിക്കാര്‍ക്ക് തുടര്‍ച്ചയായി പരാജയം സംഭവിച്ചത് സംശയമുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ 70 കളിക്കാര്‍ ഒത്തുകളിച്ചത് അന്വേഷിക്കാതെ പോയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

സ്വന്തം ലേഖകന്‍
പൂള്‍: യുകെയില്‍ ഡോര്‍സെറ്റ് കൌണ്ടിയിലെ  പൂളില്‍  മലയാളികളുടെ വീട്ടില്‍ വ്യാപക മോഷണം. ഞായറാഴ്ച ആയതിനാല്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കിയാണ് വീടുകളില്‍ മോഷണം നടന്നത്. അന്‍പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിച്ചിരുന്ന മലയാളികള്‍ ആണ് മോഷണത്തിന്‌ വിധേയരായത്. എല്ലാ വീടുകളിലും മോഷ്ടാക്കള്‍ ലക്‌ഷ്യം വച്ചത് സ്വര്‍ണ്ണവും പണവും ആയിരുന്നുവെന്ന് മോഷണ രീതി വ്യക്തമാക്കുന്നു. സ്വര്‍ണ്ണവും പണവുമല്ലാതെ മറ്റ് വില്‍ പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ മോഷ്ടാക്കള്‍ കൊണ്ട് പോയില്ല എന്നത് ശ്രദ്ധേയമായി.

ഇന്ന്‍ രാവിലെ പത്ത് മണിയോടെയാണ് പൂളിലെ മൂന്ന്‍ മലയാളി ഭവനങ്ങളില്‍ ഒരേ സമയം മോഷ്ടാക്കള്‍ കയറിയത്. പൂളില്‍ താമസിക്കുന്ന സാബു ജോസഫ്, വിത്സന്‍ ജോണ്‍, ജെറി ഇമ്മാനുവേല്‍ എന്നിവരുടെ വീടുകളിലാണ് മോഷണം ഉണ്ടായത്. ഞായറാഴ്ച ഒന്‍പതരയ്ക്ക് കുര്‍ബാന ഉണ്ടായിരുന്നതിനാല്‍ എല്ലാവരും കുര്‍ബാനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.

burglary2

വിത്സന്‍ ജോണിന്‍റെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ വിവാഹ മോതിരം ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു കൊണ്ട് പോയി. ജോലി സ്ഥലത്ത് ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. താഴെയും മുകളിലുമായി രണ്ട് വീട്ടുകാര്‍ക്ക് ഒരു പൊതു വാതില്‍ ആണ് ഉണ്ടായിരുന്നത്. ഇത് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വിത്സന്‍റെ വീട്ടിലേക്കുള്ള ഇടവാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ എതിര്‍ ഭാഗത്ത് താമസിക്കുന്ന ഇംഗ്ലീഷുകാരന്‍റെ വാതില്‍ സ്പര്‍ശിച്ചു പോലുമില്ല. ഏകദേശം ഇരുപത്തിയഞ്ച് പവന്‍റെ ആഭരണങ്ങള്‍ ആണ് വിത്സനും കുടുംബത്തിനും നഷ്ടമായത് എന്ന് കരുതുന്നു.

ജെറി ഇമ്മാനുവലിന്‍റെ വീട്ടില്‍ നിന്നും ഏകദേശം നാല്‍പ്പത് പവന്‍റെ ആഭരണങ്ങള്‍ കൊണ്ട് പോയ മോഷ്ടാക്കള്‍ ജനാല തകര്‍ത്തായിരുന്നു അകത്ത് കയറിയത്. താലിമാല ഉള്‍പ്പെടെ വന്‍ നഷ്ടമാണ് ജെറിക്കും കുടുംബത്തിനും സംഭവിച്ചത്. നാട്ടില്‍ പോയി തിരികെ വന്ന ഉടനെ ആയതിനാല്‍ ആ ആവശ്യത്തിലേക്ക് കൊണ്ട് പോയിരുന്ന പണത്തിന്‍റെ ബാക്കി വന്ന ഏകദേശം ആയിരത്തോളം പൗണ്ടും വീട്ടില്‍ സൂക്ഷിച്ചിരുന്നത് മോഷ്ടാക്കള്‍ കൊണ്ട് പോയി.

burglery1

സാബു ജോസഫിന്‍റെ വീട്ടിലും വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ സ്വര്‍ണ്ണത്തിന് വേണ്ടി തന്നെയുള്ള തിരച്ചില്‍ ആണ് നടത്തിയത്. ഫ്രിഡ്ജും ഫ്രീസറും ഉള്‍പ്പെടെ സാധനങ്ങള്‍ വലിച്ച് വാരി  പുറത്തിട്ട മോഷ്ടാക്കള്‍ ഇവിടെ നിന്നും സ്വര്‍ണ്ണം തന്നെയാണ് കൊണ്ട് പോയത്. കൃത്യമായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

കൃത്യമായ നിരീക്ഷണത്തിലൂടെ മലയാളി കുടുംബങ്ങള്‍ ആണെന്ന്‍ ഉറപ്പ് വരുത്തിയ വീടുകളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ആളുകള്‍ പോകുന്ന സമയം നോക്കിയാണ് മോഷണം നടന്നത്. ഇവിടെ തന്നെയുള്ള സാബു കുരുവിളയുടെ വീട്ടില്‍ ആളുണ്ടെന്നു മനസ്സിലാക്കിയ മോഷ്ടാക്കള്‍ ഈ വീടിനെയും ഒഴിവാക്കി. സ്വര്‍ണ്ണം സൂക്ഷിക്കുന്ന മലയാളികളുടെ ശീലം ഇവിടുത്തെ മോഷ്ടാക്കള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന്‍ മലയാളി വീടുകള്‍ ലക്‌ഷ്യം വച്ചുള്ള മോഷണം കൂടി വരുന്നത് എല്ലാവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പൂളിലെ പോലീസ് സ്റ്റേഷന് നൂറ്റി അന്‍പത് മീറ്റര്‍ മാത്രം അകലെയുള്ള വീടുകളില്‍ പട്ടാപ്പകല്‍ നടന്ന മോഷണം പോലീസിന്‍റെ അനാസ്ഥ കൂടിയാണ് കാണിക്കുന്നത് എന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. പോലീസും ഫോറന്‍സിക് വിദഗ്ദരും ഉള്‍പ്പെടെയുള്ളവര്‍ മൂന്ന്‍ വീടുകളിലും എത്തി അന്വേഷണ നടപടികള്‍ സ്വീകരിച്ചു വരുന്നു

സ്വന്തം ലേഖകന്‍
അസോസിയേഷന്‍ പരിപാടികളിലും യുക്മ നടത്തുന്ന പരിപാടികളിലും സ്ഥിരമായി മദ്യപിച്ച് വരുന്നത് മൂലം പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുള്ള ഒരു മുന്‍ യുക്മ ഭാരവാഹി ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അസോസിയേഷന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വരെ പുറത്തായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള യുക്മയുടെ ഒരു മുന്‍ ദേശീയ ഭാരവാഹിയാണ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. ഇതോടെ ഇയാള്‍ക്ക് ഇനി യുക്മയിലും യാതൊരു വിധ ഭാരവാഹിത്വവും എടുക്കാന്‍ സാധിക്കില്ല.

യുക്മയുടെ പ്രാരംഭകാലം മുതല്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഈ വ്യക്തി മൂലം സംഘടനയ്ക്ക് പല തിരിച്ചടികളും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും യുക്മയില്‍ പിടിമുറുക്കിയിരിക്കുന്ന ചില ഉപജാപക വൃന്ദങ്ങളില്‍ പെട്ടവരുടെ ഇഷ്ടക്കാരനായ ഇയാളെ സംരക്ഷിച്ച് പോരുന്ന നടപടി ആയിരുന്നു സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇയാള്‍ ചെയ്ത പല പ്രവര്‍ത്തികളും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നതിനാല്‍ ഇത്തവണ അസോസിയേഷനില്‍ നിന്നും പ്രതിനിധിയായി പോലും ഇയാള്‍ക്ക് യുക്മയിലേക്ക് കടന്നു വരാന്‍ സാധിച്ചിരുന്നില്ല. എങ്കിലും അസോസിയേഷന്‍ തീരുമാനത്തെ പോലും മാനിക്കാതെ ഇയാളെ വീണ്ടും യുക്മയുടെ ന്യൂസ് സൈറ്റിന്‍റെ ചുമതലക്കാരനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിയമിച്ചിരുന്നു.

ഇതോടെ വീണ്ടും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ഇയാള്‍ സ്വന്തം അസോസിയേഷന്‍ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ മദ്യപിച്ച് എത്തി ഒരു വനിതാ അംഗത്തെ അപമാനിക്കുകയായിരുന്നു. ഇത് വനിതാ അംഗം അസോസിയേഷന്‍ ഭാരവാഹികളുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന്‍ അസോസിയേഷന്‍ പരിപാടികള്‍ അലങ്കോലമാകുന്ന സ്ഥിതിയില്‍ എത്തുകയും ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‍ ഇയാളെ ആജീവനാന്തം അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന ആളുകള്‍ അഭിപ്രായപ്പെടുകയും ഉചിതമായ തീരുമാനം എടുക്കാം എന്ന് നേതൃത്വം അറിയിക്കുകയും ആയിരുന്നു.

യോഗത്തില്‍ ഉണ്ടായ പൊതു വികാരം അറിയാന്‍ ഇടയായ ഇയാള്‍ ഇതിനെ തുടര്‍ന്ന്‍ അസോസിയേഷന്‍ അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജി വയ്ക്കുന്നതായും ഇനി മേലില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതല്ലെന്നും കാണിച്ച് അസോസിയേഷന്‍ സെക്രട്ടറിയ്ക്ക് ഇമെയില്‍ അയച്ച് കൊടുക്കുകയായിരുന്നു. ഇത് സ്വീകരിച്ച അസോസിയേഷന്‍ ഭാരവാഹികള്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന്‍ വയ്ക്കുകയും ഇയാള്‍ അസോസിയേഷന് പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

സ്വന്തം ലേഖകന്‍
ബര്‍മിങ്ങ്ഹാം: തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും മാനദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നിര്‍ദേശിച്ച് യുക്മ ദേശിയ ജനറല്‍ ബോഡിയും പൊതുയോഗവും സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്‍റ് തോമസ്‌ മൂര്‍ പാരീഷ് ഹാളില്‍ ഇന്നലെ നടന്ന യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.

യുക്മ ഏഴാമത് ദേശീയ കലാമേള 2016 നവംബര്‍ അഞ്ചു ശനിയാഴ്ച നടക്കുമെന്ന് യോഗ നടപടികള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെ ആയിരിക്കും ഈ വര്‍ഷത്തെയും പരിപാടികളുടെ നേതൃത്വം വഹിക്കുന്നത്. വിശദമായ ചര്‍ച്ചകളിലുടെ ഉരിത്തിരിഞ്ഞു വന്ന ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിച്ചു കൊണ്ട് ആണ് ദേശിയ ജനറല്‍ ബോഡി മുന്‍പോട്ടു പോയത്.

തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും ദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നടത്താന്‍ തന്നെയാണ് പൊതുയോഗം നിര്‍ദേശിച്ചിരിക്കുന്നത്‌. അതനുസരിച്ച് ഏതെങ്കിലും വിധത്തില്‍ തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നിട്ടുള്ളവര്‍ തൊട്ടടുത്ത ഒരു ടേം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കേണ്ടതാണ്. ഇത് ദേശീയ ഭാരവാഹികള്‍, നാഷണല്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍, എക്സ് ഒഫീഷ്യോ അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ബാധകമാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് അഡ്വ. സിജു ജോസഫ് ആണ് യുക്മ ഭരണഘടനയ്ക്ക് ശ്രദ്ധേയമായ പല ഭേദഗതികളും നിര്‍ദ്ദേശിച്ചത്. അഡ്വ. സിജു ജോസഫ് മുന്നോട്ട് വച്ച മിക്ക നിര്‍ദ്ദേശങ്ങളും ജനറല്‍ ബോഡി യോഗം അംഗീകരിക്കുകയായിരുന്നു.

പ്രസിഡണ്ട്‌ ഫ്രാന്‍സിസ് മാത്യുവിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം സമഗ്രമായ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട്മാരായ മാമ്മന്‍ ഫിലിപ്പ് സ്വാഗതവും ബീന സെന്‍സ് നന്ദിയും പറഞ്ഞു.

നിയമാവലി സംബന്ധിച്ച് വരുത്തിയ മാറ്റങ്ങള്‍ വിശദമായി പിന്നിട് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാറ്റ്ഫോര്‍ഡ്: ഇരു സംഘടനകള്‍ ഒന്നിച്ചു പുതുതായി രൂപം കൊണ്ട കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത സിനിമാ താരം ഭാമയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്േ്രടഷന്‍ ഓഫീസറും യു കെ മലയാളികളുടെ പ്രിയങ്കരനുമായ ടി.ഹരിദാസും പ്രദീപ് മയില്‍ വാഹനവും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചപ്പോള്‍ ഒരു ജനതയുടെ ആത്മാഭിലാഷമാണ് പൂവണിഞ്ഞത്. ഇരു സംഘടനകളുടെയും മുന്‍ഭാരവാഹികള്‍ ഒന്നിച്ചൊരു വേദിയില്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് എന്തെന്നില്ലാത്ത ആവേശം. കെ സി എഫിന്റെ മാതൃക പിന്തുടര്‍ന്ന് യു കെ യില്‍ രണ്ടും മൂന്നുമായി വിഘടിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒന്ന് ചേര്‍ന്ന് മുന്നോട്ടു വരണമെന്നും കെ സി എഫിനെ പോലുള്ള ഇത്തരം സംഘടനകള്‍ മലയാളി സമൂഹത്തിനു താങ്ങും തണലുമാകുമെന്നും ടി. ഹരിദാസ് ഉദ്‌ബോധിപ്പിച്ചു.
പ്രസ്തുത ചടങ്ങില്‍ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ ഭാവികാല പരിപാടികളെ ക്കുറിച്ചും മലയാളി സമൂഹത്തില്‍ കെ സി എഫിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ കുറിച്ചും വളരെ വിശദമായി ടോമി ജോസഫ് ചടങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ നീണ്ട കയ്യടിയോടെയാണ് ജനം ഏറ്റുവാങ്ങിയത്.

1

ഇന്നസെന്റ് ജോണിന്റെ സ്വാഗത പ്രസംഗത്തോട് കൂടി തിരശ്ശീല ഉയര്‍ന്ന കെ സി എഫിന്റെ പ്രഥമ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ചലച്ചിത്ര താരം ഭാമ, പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍, അബ്ബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിവയര്‍ അവതരിപ്പിച്ച താരനിശ പ്രധാന ആകര്‍ഷണമായി. വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത മാധുരി സദസ്സില്‍ കുളിര്‍ മഴ പെയ്യിച്ചപ്പോള്‍ കൊമേഡിയന്‍ സാബു തിരുവല്ല തന്റെ സ്വത സിദ്ധമായ കഴിവുകൊണ്ട് വേദിയെ കയ്യിലെടുത്തു.

ചടുല താളങ്ങള്‍ക്കനുസരിച്ചു മാന്ത്രിക നൃത്ത ചുവടുകളുമായി വേദിയിലെത്തിയ അബ്ബാസ് സദസ്സിനെ ഇളക്കി മറിച്ചു. അരുഷി ജയ്‌മോന്റെ അവതരണ ശൈലിയും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. ഷിനോ കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി 12 പേരടങ്ങുന്ന ട്രസ്റ്റിമാരായ അനൂപ് ജോസഫ്, ചാള്‍സ് മാണി, ഇന്നസെന്റ് ജോണ്‍, മാത്യു സെബാസ്‌റ്യന്‍, ഷിനോ കുര്യന്‍, സിബി ജോണ്‍, സിബി തോമസ്, ഷിജു ജോണ്‍, സുനില്‍ വാര്യര്‍, സണ്ണി.പി.മത്തായി, സുജു കെ.ഡാനിയേല്‍, ടോമി ജോസഫ് തുടങ്ങിയവരുടെ പ്രയത്‌നവും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രസ്തുത ആഘോഷം വന്‍ വിജയിത്തിലെത്തിക്കുവാന്‍ കാരണമായത്.

3

പിറവിയെടുത്തത് കേവലം ഒരു മാസം പിന്നിടുമ്പോള്‍ ജീവകാരുണ്യ രേംഗത്ത് സജീവമായ ഇടപെടല്‍ നടത്തി നാല് കുടുംബങ്ങള്‍ക്കാണ് കെ സി എഫ് ഇതു വരെ സഹായഹസ്തമായത്. പീറ്റര്‍ബറോയില്‍ മരണമടഞ്ഞ ബാലന്റെ കുടുംബത്തിനു 1625 പൗണ്ടും വാട്ട്‌ഫോഡില്‍ അകാലത്തില്‍ വിട വാങ്ങിയ ബിന്‍സിയുടെ അന്ത്യ ദര്‍ശനത്തിന് എത്തിയ ജനങ്ങള്‍ നല്‍കിയ സംഭാവന ഭര്‍ത്താവ് ജോസ്‌കുട്ടി കെ സി എഫിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ക്യാന്‍സര്‍ ദുരിതമനുഭവിക്കുന്ന മൂന്നു വ്യക്തികള്‍ക്ക് 25,000 രൂപയും വിതരണം ചെയ്തു കഴിഞ്ഞു.

54 5 2

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയിലെ വേലികളില്ലാത്ത മേഖലകളില്‍ ലേസര്‍ ഭിത്തികള്‍ നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നുഴഞ്ഞ് കയറ്റക്കാരെ തടയുക എന്നതാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശം. അതിര്‍ത്തി രക്ഷാ സേന വികസിപ്പിച്ചെടുത്ത ഈ സാങ്കേതികത പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാകും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കടന്നുകയറ്റത്തിനുളള സാധ്യത ഇതുവഴി തടയാനാകുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.
ലേസര്‍ സോഴ്‌സിന് അപ്പുറത്ത് കൂടി കടന്ന് പോകുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. ആരെങ്കിലും അതിര്‍ത്തി കടന്നെത്തിയാല്‍ ഇതില്‍ നിന്ന് അലാറം മുഴങ്ങും. നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നാണ് സൂചന. ബാമിയാലിലെ ഉജ്ജ് നദി കടന്നാണ് ആറ് ഭീകരര്‍ പത്താന്‍കോട്ടിലേക്ക് എത്തിയത് എന്നാണ് നിഗമനം. അത് കൊണ്ടുതന്നെ ലേസര്‍ ഭിത്തികള്‍ നദികളെ കേന്ദ്രീകരിച്ചാകും സ്ഥാപിക്കുക. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിലും പക്ഷേ ഭീകരരുടെ സൂചന റെക്കോര്‍ഡ് ചെയ്തിട്ടില്ല. ഈ ഭാഗത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ലേസര്‍ ഭിത്തി സ്ഥാപിച്ചിരുന്നു.

ജമ്മുകാശ്മീര്‍ സെക്ടറിലെ നദീതടത്തിനരികെ ഇത്തരത്തിലുളള ലേസര്‍ ഭിത്തികള്‍ കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപിച്ചിരുന്നു. ഗുര്‍ദാസ്പൂരില്‍ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥാപിച്ചത്. ബാമിയാലിലെ നദിക്കിരുവശവും ബിഎസ്എഫ് പോസറ്റുകളുണ്ട്. ഇവിടെ ഒരാള്‍ എപ്പോഴും കാവലുണ്ടാകും. ഹൈ മാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയിലെപ്പോഴോ ബിഎസ്എഫുകാരുടെ കണ്ണ് വെട്ടിച്ച് വറ്റിയ നദീതടത്തിലൂടെ ഭീകരര്‍ നടന്ന് രാജ്യത്തേക്ക് കയറിയതാകാമെന്നാണ് അനുമാനിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബോട്ട് പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്.

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാനം ഫെബ്രുവരി എട്ടാം തിയിതിക്കു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും സത്യവാങ്മൂലം. പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തിലുളളതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മാത്രമേ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂ. 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു.

ഇതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ വെക്കണമെന്നും, സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സീസണ്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കമെന്നുമുളള നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശബരിമല സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഒരു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരും, കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കും.

മാറി വരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ചു വനിതാ അഭിഭാഷകരുമാണ് ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കണ്ണൂര്‍: വനനിയമം ലംഘിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. കണ്ണൂര്‍ കണ്ണവംകോളയാട് വനമേഖലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നവര്‍ ആരോപിക്കുന്നു.
വിവിധ ആദിവാസി സംഘടകളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്‌ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്.

ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധങ്ങള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോളയാട് പഞ്ചായത്തിലെ ചെക്കേരി,പെരുവ,കൊളപ്പ തുടങ്ങിയ മേഖലകളിലെ ആദിവാസി കോളനികളുടെ അടിസ്ഥാന വികസനത്തിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വനംവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ പദ്ധതികള്‍ മുടങ്ങിയെന്ന് ആദിവാസി വിഭാഗങ്ങള്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണം,ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം തടസ്സപ്പെട്ടതെന്ന് ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ വനം ഷൂട്ടിംഗിനായി വിട്ടു നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ലണ്ടന്‍: രാജ്യത്ത് താപനില മൈനസ് പത്ത് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. 100 മൈലോളം വിസ്തൃതിയില്‍ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റ്, വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടവിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടനില്‍ ഒരു ഡിഗ്രിയാകും ഏറേറവും കുറഞ്ഞ താപനില. കഴിഞ്ഞ രാത്രിയില്‍ യോര്‍ക്ക്ഷയറിലും ലണ്ടനിലും ചൂട് പൂജ്യം ഡിഗ്രിയിലും താഴെ എത്തി. സ്‌കോട്ട്‌ലന്റില്‍ മൈനസ് എട്ട് ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥ നാല്‍പ്പത്തെട്ട് മണിക്കൂറിലേറെ നീണ്ട് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. അന്റ്‌ലാന്റിക്കിലുണ്ടായ അലക്‌സാ കൊടുങ്കാറ്റാണിതിന് കാരണം.

നൂറു മൈല്‍ വിസ്തൃതിയിലുള്ള ഇടനാഴിയിലാണ് മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുള്ളത്. ഫുട്പാത്തുകളിലും സൈക്കിള്‍ വേകളിലും ഐസ് പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഹിമക്കാറ്റിനും കനത്ത മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.

Copyright © . All rights reserved