ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേംബ്രിഡ്ജിൽ മലയാളി നേഴ്സ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. കോട്ടയം പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ മിനി മാത്യു (46) ആണ് മരണമടഞ്ഞത് . ഏറെ നാളായി മിനി മാത്യു ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് പാമ്പാടി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് മൃതസംസ്കാരം നടക്കും.
തുടർച്ചയായ ക്യാൻസർ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. യുകെയിൽ എത്തി ഒരു വർഷം തികയുന്നതിന് മുൻപ് മലയാളി നേഴ്സ് പീറ്റർ ബൊറോയിൽ മരണമടഞ്ഞത് രണ്ട് ദിവസം മുൻപാണ് . എറണാകുളം പാറാമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് 44 വയസ്സിൽ അർബുദം ബാധിച്ച് നിര്യാതയായത്.
മിനി മാത്യുവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാർട്ട് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം . രണ്ടുവർഷം യുകെയിൽ പഠനത്തിനായി 35 മുതൽ 50 ലക്ഷം വരെയാണ് ഓരോ വിദ്യാർത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.
എന്നാൽ യുകെയിൽ പോകാൻ ലക്ഷങ്ങൾ ലോൺ എടുത്ത മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14-ാം തീയതി ഉണ്ടായേക്കാം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പാർട്ട് സ്റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാർട്ട് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.
മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത് . 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാർട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് സ്റ്റീൽ വർക്കിലെ തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് നിലവിൽ 2800 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
85 ശതമാനം അംഗങ്ങളും വ്യവസായ നടപടിയെ പിന്തുണച്ചതായി യൂണിയൻ നേതാക്കൾ അറിയിച്ചു. സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് ഫാക്ടറിയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുന്നത്. നിലവിൽ യുണൈറ്റിലെ അംഗങ്ങൾ പണിമുടക്കിനായുള്ള അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തതിന്റെ ഫലമാണ് പുറത്തു വന്നത്. അതേസമയം ജി എം ബി വോട്ടെടുപ്പിൻ്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . ആധുനികവത്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സമരവുമായി തൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത് . ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് .
എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ എംബിയെ പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് വിസയിൽ തുടരുകയായിരുന്ന മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിൽനിന്ന് ഭാര്യ പലതവണ വിളിച്ചിട്ടും വെങ്കിട്ടരാമനെ ഫോണിൽ കിട്ടാതായതാണ് മരണ വിവരം പുറത്തറിയാൻ കാരണമായത്. ഇതോടെ അവർ യുകെയിലുള്ള വെങ്കിട്ടരാമൻ്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം താമസ സ്ഥലത്ത് നിന്നും കണ്ടെത്തിയത്.
പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് മൃതസംസ്കാരം നടത്തണമെന്നാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. വെങ്കിട്ടരാമൻറെ കുടുംബം വർഷങ്ങളായി ഡൽഹിയിൽ സ്ഥിര താമസമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്ധരോ ഭാഗികമായി കാഴ്ചയുള്ളവരോ ആയ വ്യക്തികൾക്ക് വീട്ടിലിരുന്ന് ബൊവെൽ ക്യാൻസർ സ്ക്രീനിംഗ് ചെയ്യാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് എൻഎച്ച്എസ്. ബൊവെൽ ക്യാൻസർ സ്ക്രീനിംഗിനുള്ള സ്റ്റാൻഡേർഡ് സ്റ്റൂൾ സാമ്പിൾ ടെസ്റ്റ് പൂർത്തിയാക്കുമ്പോൾ കാഴ്ച വൈകല്യമുള്ള വ്യക്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനാണ് ഈ ഉപകരണത്തിലൂടെ എൻഎച്ച്എസ് ശ്രമിക്കുന്നത്.
അഡാപ്റ്റഡ് ഫിക്കൽ ഇമ്മ്യൂണോകെമിക്കൽ ടെസ്റ്റിൽ (ഫിറ്റ്) അന്ധരായവരെ സഹായിക്കാനുള്ള ബ്രെയിലി നിർദ്ദേശങ്ങളും ശേഖരിക്കുന്ന സാംപിളിനെ ഒരു കുപ്പിയിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ചാനൽ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ വഴി അന്ധരും ഭാഗികമായി കാഴ്ച പരിമിതി നേരിടുന്നവരും ആയിട്ടുള്ളവർക്ക് ഈ ടെസ്റ്റ് കൂടുതൽ സ്വീകാര്യമാകുന്നു.
റോയൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈൻഡ് പീപ്പിൾ (ആർഎൻഐബി), തോമസ് പോക്ക്ലിംഗ്ടൺ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വികസിപ്പിച്ച ഈ ഉപകരണം ആറ് മാസത്തിനിടെ കാഴ്ച പരിമിതികൾ ഉള്ള 500 ഓളം ആളുകളിൽ പരീക്ഷിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫിറ്റ് ടെസ്റ്റുകൾ ഇതിനകം എൻ എച്ച് എസ് ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമാണ്. നിലവിൽ 60 നും 74 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഇവ നൽകുന്നുണ്ട്. യുകെയിലെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസർ തരങ്ങളിൽ ഒന്നാണ് ബൊവെൽ ക്യാൻസർ. ഓരോ വർഷവും ശരാശരി 42,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. എന്നാൽ പണപെരുപ്പ നിരക്ക് ശരിയായ ദിശയിൽ കുറയുന്നതിനാൽ ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകി. ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത കടുത്ത അനുഗ്രഹമമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാരണം കൂടുതൽ ആളുകൾ വായ്പയെടുക്കാനുള്ള സാധ്യത ഭവന വിപണി ഉൾപ്പെടെയുള്ള മേഖലകളിൽ ഉണർവിന് കാരണമാകും.
ഉടനെ തന്നെ പണപ്പെരുപ്പ നിരക്ക് പ്രാഥമിക ലക്ഷ്യമായ 2 % എത്തുമെന്നും രണ്ട് വർഷത്തിനുള്ളിൽ അത് 1.6 ശതമാനമായി കുറയുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതോടെ ഭാവിയിൽ പലിശ നിരക്കുകൾ കൂടുതൽ കുറയുന്നതിന് വഴിയൊരുക്കും. യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിമുക്തമായതായാണ് ബാങ്കിൻറെ വിലയിരുത്തൽ. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥ 0.4 ശതമാനം വളർച്ച പ്രാപിച്ചതായാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും യഥാർത്ഥ കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ നിലനിർത്താനുള്ള തീരുമാനത്തിൽ അംഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടായതായാണ് റിപ്പോർട്ടുകൾ . രണ്ട് അംഗങ്ങൾ പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ജൂണിൽ നടക്കുന്ന അടുത്ത യോഗത്തിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി സൂചിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജൂണിൽ പലിശ നിരക്കുകൾ വെട്ടി കുറയ്ക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും അനുകൂലമായ ഘടകമാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഉയർന്ന തോതിലുള്ള പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ജനങ്ങൾ കടുത്ത അസംതൃപ്തിയിലാണ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ ദിവസവും സംഭവബഹുലമായികൊണ്ടിരുക്കുകയാണ് ബ്രിട്ടന്റെ രാഷ്ട്രീയ അന്തരീക്ഷം . കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ഭരണപക്ഷം തകർന്നടിഞ്ഞതിന് പിന്നാലെ ടോറി എംപിയായ നതാലി എൽഫിക്കി ലേബർ പാർട്ടിയിലേയ്ക്ക് കൂറുമാറിയത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയായി. രണ്ടാഴ്ച മുമ്പ് കൺസർവേറ്റീവ് എംപിയും മുൻ മന്ത്രിയുമായിരുന്ന സാൻ പോൾട്ടറും ലേബർ പാർട്ടിയിലേയ്ക്ക് കൂറു മാറിയിരുന്നു. ടോറി എംപിമാരുടെ മറുകണ്ടം ചാടൽ അടുത്ത ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ കോമൺസിൽ ആരംഭിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ സമയമാണ് സഭാംഗങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് എൽഫിക്ക് പ്രതിപക്ഷനേതാവ് സർ കെയർ സ്റ്റാർമറിന് പിന്നിൽ പ്രതിപക്ഷ ബഞ്ചുകളിൽ പോയിരുന്നത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന പാർപ്പിട പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളും രൂക്ഷമായതാണ് തന്റെ തീരുമാനത്തിന് പിന്നില്ലെന്നാണ് പ്രസ്താവനയിൽ അവർ പറഞ്ഞത്. പ്രധാനമന്ത്രി ഋഷി സുനകിന് തൻ്റെ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ സാധിച്ചില്ലെന്നും അവർ ആരോപിച്ചു.
എൽഫിക്കിൻ്റെ കൂറുമാറ്റം ഇരുപക്ഷത്തും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിക്കുന്ന സമയത്ത് ടോറി എംപിയെ പാർട്ടിയിൽ സ്വീകരിച്ച കെയർ സ്റ്റാർമറിൻ്റെ നടപടിയിൽ ലേബർ പാർട്ടിയിൽ തന്നെ പലരും അസന്തുഷ്ടരാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഭരണപക്ഷത്തെ വിമത എംപിമാർക്ക് കൂടുതൽ ശക്തി പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കൾ കണ്ടതിനെ തുടർന്ന് ഗ്രിമെ തോർപ്പിലെ 100-ലധികം വീടുകൾ ഒഴിപ്പിച്ചു. ബ്രയർലി റോഡിലാണ് നിരവധി വസ്തുക്കൾ കണ്ടെടുത്തത്. പ്രദേശത്തിന് 100 മീറ്റർ ചുറ്റളവിൽ സുരക്ഷാവലയം തീർത്തിട്ടുണ്ടെന്ന് സൗത്ത് യോർക്ക് ഷെയർ പോലീസ് അറിയിച്ചിരുന്നു .
സംഭവത്തെ തുടർന്ന് 130 വീടുകളിൽ നിന്ന് അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ ഒഴിപ്പിച്ചവരെ വീടുകളിലേയ്ക്ക് മടങ്ങാൻ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷാവലയം 60 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തു . നിലവിൽ 3 വീടുകളാണ് ഈ പരുധിയിൽ വരുന്നത്. ഭീക്ഷണിയെ തുടർന്ന് അടച്ച പ്രദേശത്തെ എല്ലാ റോഡുകളും തുറന്നു കൊടുത്തിട്ടുണ്ട്. തുടർന്ന് ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തോട് ബന്ധപ്പെട്ട് 58 ഉം 57 ഉം വയസ്സ് പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. റോയൽ ലോജിസ്റ്റിക് കോർപ്‌സ് ബോംബ് ഡിസ്‌പോസൽ ട്രക്ക് ഉൾപ്പെടെ നിരവധി എമർജൻസി സർവീസ് ഉദ്യോഗസ്ഥരും വാഹനങ്ങളും സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയിരുന്നു. പുതുക്കി പണിതു കൊണ്ടിരിക്കുന്ന ഒരു പള്ളിയുടെയും വീടിന്റെയും ഉള്ളിലാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീടുകളിൽ നിന്ന് താത്കാലികമായി ഒഴിപ്പിച്ചവർക്ക് മറ്റ് സ്ഥലങ്ങളിൽ പോകാൻ ആഗ്രഹമില്ലെങ്കിൽ തങ്ങുന്നതിനായി സെന്റ് കത്തീഡ്രലിൽ ഒരു വിശ്രമ കേന്ദ്രം തുറന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിവിധ മേഖലകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ കേരളത്തിൽ സജീവമാണ്. എങ്ങനെയും ബ്രിട്ടനിലെത്തി ജീവിതം കരു പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഇവർ വലയിലാക്കുന്നത്. ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പ് സംഘത്തിൽ പെട്ട ദക്ഷിണ കന്നഡ സ്വദേശിയായ നിധിൻ പി ജോയ് (35) ആണ് നിലവിൽ പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം സ്വദേശിയായ നിഖിൽ സാജനിൽ നിന്ന് ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് നിധിൻ ഉൾപ്പെടുന്ന സംഘം പണം തട്ടിയതായാണ് കേസ്. ഇവർ വിസയ്ക്കായി 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നിഖിൽ സാജനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 10.68 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
നിഖിലിന് ജോലിക്കായി ഇവർ നൽകിയത് വ്യാജ സ്പോൺസർഷിപ്പും സർട്ടിഫിക്കറ്റും ആയിരുന്നു ബ്രിട്ടിഷ് എംബസിയിൽ നൽകിയത്.. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ നിഖിലിനെ 10 വർഷത്തേയ്ക്ക് യുകെയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിഖിൽ വിസ തട്ടിപ്പിനെ കുറിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിദേശത്തുനിന്നും തിരിച്ചെത്തിയപ്പോൾ നിധിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
പ്രതി ഉൾപ്പെടുന്ന സംഘം കേരളത്തിനകത്തും പുറത്തും സമാനമായ രീതിയിലുള്ള കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇയാളുടെ തട്ടിപ്പിനിരയായത് ഭൂരിപക്ഷവും നേഴ്സുമാർ ആണ് . നിധിൻ പോലീസ് പിടിയിലായതോടെ ഇയാളുടെ ഏജൻസി മുഖേന യുകെയിൽ എത്തിയവർ അങ്കലാപ്പിലാണ്. അടുത്ത ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തി ഒരു വർഷം തികയുന്നതിന് മുൻപ് മലയാളി നേഴ്സ് പീറ്റർ ബൊറോയിൽ മരണമടഞ്ഞു. എറണാകുളം പാറാമ്പുഴ സ്വദേശിയായ സ്നോബി സനിലാണ് 44 വയസ്സിൽ അകാലത്തിൽ നിര്യാതയായത്. അർബുദ ബാധയെ തുടർന്നാണ് മരണം. ഭർത്താവ് സനിൽ മാത്യുവിനും ഏക മകൻ പതിനഞ്ചുകാരനായ ആന്റോ സനിലിനുമൊപ്പം പീറ്റർബൊറോയിലായിരുന്നു താമസം.
യുകെയിൽ എത്തി അധികം താമസിയാതെ സ്നോബിക്ക് രോഗം തിരിച്ചറിഞ്ഞിരുന്നു. സ്നോബിയും ഭർത്താവും കെയർഹോമിൽ ജോലി ചെയ്തു വരുകയായിരുന്നു. സ്‌നോബി സനിലിന്റെ സഹോദരി മോളി സൈമണും ഭർത്താവ് സൈമൺ ജോസഫും പീറ്റർബൊറോയിൽ തന്നെയാണ് താമസം. ഇവരോടൊപ്പം പീറ്റർ ബൊറോയിലെ പ്രാദേശിക മലയാളി സമൂഹവും കുടുംബത്തിൻെറ സഹായത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.
സ്‌നോബി സനിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.