Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനീളം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മുൻതൂക്കം. രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചതു പോലെ ടോറികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പുറമെ ബ്ലാക്ക്പൂൾ സൗത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയവും നേടി.

ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂൾ സൗത്തിൽ 58.9% വോട്ടു ശതമാനമാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ക്രിസ് വെബ് നേടിയത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ഡേവിഡ് ജോൺസന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ. 2018-ൽ ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട് രൂപീകൃതമായ വലതുപക്ഷ പാർട്ടിയായ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായിരുന്ന മാർക്ക് ബച്ചർ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. കൺസവേറ്റീവ് പാർട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം കുറച്ചൊക്കെ റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതത്തിൽ 32. 1 ശതമാനം കുറവാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടായത്.


ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കൽ കൗൺസിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകം കീഴടക്കിയ മഹാമാരിയെ ചെറുത്തത് വാക്സിനുകൾ ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിച്ചാണ്. ഇത്രയും പെട്ടെന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമായാണ് അന്ന് ലോകമെങ്ങും കൊട്ടി ഘോഷിക്കപ്പെട്ടത്. എന്നാൽ വാക്സിനുകൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമെങ്ങും സൃഷ്ടിച്ചിരിക്കുന്നത്.

പ്രശസ്ത ബിബിസി ജേർണലിസ്റ്റും റേഡിയോ ജോക്കിയുമായിരുന്ന ലിസാ ഷായുടെ മരണം 44 വയസ്സിലായിരുന്നു. ലിസ ഷായുടെ മരണത്തിന്റെ കാരണമായ ആരോഗ്യസ്ഥിതിയിലേക്ക് നയിച്ചത് കോവിഡ് വാക്സിൻ ആണെന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക്ക സമ്മതിച്ചതാണ് ഇപ്പോൾ വൻ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളായി ലിസാ ഷായുടെ മരണത്തെ തുടർന്ന് അവരുടെ ഭർത്താവും സമാനമായ ദുരന്തം നേരിടുന്നവരും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനക്കയ്ക്കെതിരെ നിയമ യുദ്ധം നടത്തി വരുകയായിരുന്നു. വാക്സിൻ എടുത്തതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുകയോ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയോ ചെയ്തതിന്റെ പേരിൽ നിയമ യുദ്ധം നടത്തിയവർക്ക് അനുകൂലമായ വാർത്തകൾ ഈ ആഴ്ച ആദ്യമായാണ് പുറത്തുവന്നത്.

യുകെയിലും ഇന്ത്യയിലും ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക(AstraZeneca) തുറന്നു സമ്മതിക്കുകയായിരുന്നു . കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ് ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മ്മാതാക്കളാണ് ആസ്ട്രാസെനക്ക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്രാസെനക്ക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോക്കൽ കൗൺസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ടോറികൾ കൈവശം വച്ചിരുന്ന പല കൗൺസിലുകളും ഇപ്രാവശ്യം ലേബർ പാർട്ടി പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായാണ് കൗൺസിൽ തെരഞ്ഞെടുപ്പുകളെ നിരീക്ഷകർ കാണുന്നത്.

ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആണ് പുരോഗമിക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ നടന്ന പാർലമന്‍റ് ഉപതിരഞ്ഞെടുപ്പിന്റെയും ഫലം ഉടനെ പുറത്തുവരും.
ഇത് കൂടാതെ ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർ ആരൊക്കെയാണെന്നും ഉടനെ അറിയാം . വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്നലെ രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു . ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

ഇതിനിടെ ടോറി പക്ഷത്തിന് കടുത്ത നാണക്കേടായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടതായി വന്നു. വോട്ട് ചെയ്യാൻ അംഗീകരിച്ച ഐഡി കാർഡ് അദ്ദേഹം കൊണ്ടുവന്നില്ല. ബോറിസ് ജോൺസൺ വോട്ട് ചെയ്യാതെ മടങ്ങിയത് എല്ലാ മാധ്യമങ്ങളിലും വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് ഐഡി കാർഡുമായി എത്തി സൗത്ത് ഓക്സ്ഫോർഡ് ഷെയറിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാൻ ഫോട്ടോ ഐഡി ആവശ്യപ്പെടുന്ന പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തിയത് 2022-ൽ ബോറിസ് ജോൺസൺ സർക്കാരായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൃത്രിമ സൂര്യപ്രകാശം പുറപ്പെടുവിച്ച് സൗന്ദര്യ വർദ്ധക ടാൻ ഉണ്ടാക്കുന്ന ഉപകരണമായ സൺബെഡുകൾ ചർമ്മ ക്യാൻസറുകൾക്ക് കാരണമാകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് പേർ ഇപ്പോഴും സൺബെഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഇവ ഉണ്ടാക്കുന്ന അപകടസാധ്യതയെ കുറിച്ച് അറിവില്ല. ലവ് ഐലൻഡ് പോലുള്ള റിയാലിറ്റി ടിവി ഷോകളിലെ മത്സരാർത്ഥികളെപ്പോലെ തങ്ങളുടെ ശരീരത്തിലും ടാൻ വേണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് പട്ടികയിൽ മുന്നിൽ.

അതേസമയം സൺബെഡുകൾ ഉപയോഗിക്കുന്നത് മൂലയുള്ള ഭവിഷ്യത്ത് എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ചാരിറ്റി മെലനോമ ഫോക്കസിലെ വിദഗ്ധർ പറയുന്നു. 16 നും 65 നും ഇടയിൽ പ്രായമുള്ള 2,000 ബ്രിട്ടീഷുകാരെ വച്ച് നടത്തിയ പഠനത്തിൽ 28 ശതമാനം പേർ സൺബെഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. 18 മുതൽ 25 വയസ്സുവരെയുള്ളവരിൽ ഇത് 43 ശതമാനമാണ്. ഇതിൽ സൺബെഡ് ഉപയോഗിക്കുന്നത് സ്‌കിൻ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് 62 ശതമാനം പേർക്കും അറിയാമായിരുന്നു.

2009-ൽ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ നടത്തിയ പഠനത്തിൽ യു വി -എമിറ്റിംഗ് ടാനിംഗ് ഉപകരണങ്ങളുടെ ഉപയോഗം ക്യാൻസർ വരുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തോടൊപ്പം, ഉയർന്ന് വരുന്ന സ്കിൻ ക്യാൻസർ രോഗനിർണയത്തിന് പിന്നിൽ സൺബെഡ് ഉപയോഗമാണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. പെട്ടെന്നുള്ള ടാനിങ്ങിനായി സൺബെഡുകൾ ഉയർന്ന തീവ്രതയുള്ള കൃത്രിമ യുവി റെയ്‌സ് ഉപയോഗിക്കുന്നു. എന്നാൽ ഇവ ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കും. ഇത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിലേക്ക് നയിച്ചേക്കാം. നിലവിൽ സൺബെഡുകൾ യുകെയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് നിരോധിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ച ഇംഗ്ലണ്ടിലെയും വെയിൽസിലെ കൗൺസിൽ സീറ്റിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും ഉള്ള മത്സരങ്ങൾ ആണ് നടക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്‍റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത് കൂടാതെ 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയും ജനം വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.


വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്ന് രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ മെയ് 3 അർദ്ധരാത്രിക്ക് ശേഷം ആദ്യ ഫലങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റു നോക്കുന്നത് ലണ്ടൻ മേയർ തിരഞ്ഞെടുപ്പാണ്. ഇവിടെ സാദിഖ് ഖാനും സൂസൻ ഹാളും ആണ് ഏറ്റുമുട്ടുന്നത്. മൂന്നാം തവണയും സാദിഖ് ഖാൻ ലണ്ടൻ മേയർ ആയി തിരഞ്ഞെടുത്താൽ അത് ഒരു ചരിത്ര വിജയമായി മാറും.


തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നിർണായകമാണ്. ഫലം മോശമാണെങ്കിൽ ഋഷി സുനകിൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെ എതിർക്കുന്ന സ്വന്തം പാർട്ടിയിലെ വിമതർ അദ്ദേഹത്തിനെതിരെ നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പൊതു തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ലോക്കൽ ഇലക്ഷൻ തിരഞ്ഞെടുപ്പിനെ സെമിഫൈനൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ മാസത്തെ അപേക്ഷിച്ച് യുകെയിൽ വീടുകളുടെ വില ഇടിഞ്ഞു. വിലയിൽ 0.4 ശതമാനം കുറവ് വന്നതായാണ് ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ കാണിക്കുന്നത് . നിലവിൽ വീടുകളുടെ ശരാശരി വില 261,962 പൗണ്ട് ആണ്. ഈ വില 2022 വേനൽകാലത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം കുറവാണ്.

മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നതാണ് വീടുകളുടെ വില ഇടിയാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിൽ ഫിക്സഡ് ഡീൽ മോർട്ട്ഗേജുകളുടെ നിരക്ക് ഉയർത്തുമെന്ന് നേരെത്തെ മൂന്ന് പ്രധാന വായ്പാ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു . നേഷൻ വൈഡ്, സോൺറ്റാഡർ, നാറ്റ് വെസ്റ്റ് എന്നീ വായ്പാ സ്ഥാപനങ്ങളാണ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് . വായ്പാ ചിലവുകളിലെ അനശ്ചിതത്വം നിലനിൽക്കുന്നതാണ് നിരക്ക് ഉയർത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ നേഷൻവൈഡ് പലിശ നിരക്ക് 0.2 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു .


വീടുവിലയിലെ അനശ്ചിതത്വവും വായ്പയിലെ ഉയർന്ന പലിശ നിരക്കും മൂലം ആദ്യമായി വീട് വാങ്ങാൻ സാധ്യതയുള്ള പലരും അവരുടെ പദ്ധതികൾ മാറ്റി വെക്കുകയാണെന്ന് നേഷൻവൈഡ് പറഞ്ഞു. 5 വർഷത്തിനുള്ളിൽ ആദ്യത്തെ വീട് വാങ്ങാൻ ആലോചിക്കുന്നവരിൽ പകുതിയോളം പേരും കഴിഞ്ഞ വർഷം അവരുടെ പദ്ധതികൾ വൈകിപ്പിച്ചതായാണ് റേഷൻവൈഡിന്റെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനൊപ്പം പലിശ നിരക്കുകൾ കുറയുമെന്നായിരുന്നു വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്ന യുകെ മലയാളികളിൽ പലരും പ്രതീക്ഷിച്ചിരുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർന്നതിൽ കടുത്ത നിരാശയാണ് പല യുകെ മലയാളികളും പ്രകടിപ്പിച്ചത് . പലരും ഭവന വിപണിയിൽ നിന്ന് മാറി നിന്നതോടെ വീട് വിലയിൽ കുറവു വരുന്നതും വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് അൽപം ആശ്വാസം നൽകുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനാല് വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിയൽ അൻജോറിൻ (14)നെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയത് .

സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് . ചൊവ്വാഴ്‌ച ഹൈനോൾട്ടിൽ വെച്ചാണ് തുടർച്ചയായ കുത്തേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടത് . 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത്. പ്രതിയെ വ്യാഴാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ നിയമ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ അവസരത്തിൽ മുൻവിധിയോടുകൂടിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടരുതെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

75,000 വർഷം പഴക്കമുള്ള മനുഷ്യ സ്ത്രീയുടെ മുഖം എങ്ങനെയായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 75000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മുഖം ഗവേഷകർ പുന:സൃഷ്ടിച്ചു . നിയാണ്ടർത്തലുകൾ എന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ രൂപമാണ് ഗവേഷകർ പുനരാവിഷ്കരിച്ചിരിക്കുന്നത്. യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ജീവിച്ചിരുന്ന പുരാതന മനുഷ്യരായിരുന്നു നിയാണ്ടർത്തലുകൾ. 40,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിക്കുന്നതിന് മുമ്പ്, നമ്മുടെ പൂർവ്വികരായ ഹോമോ സാപ്പിയൻസിനൊപ്പം അവർ ജീവിച്ചിരുന്നു .

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഈ നേട്ടം കൈവരിച്ചത്. അവർ ആരായിരുന്നുവെന്ന് കൂടുതൽ പഠിക്കാൻ ഇത് നമ്മളെ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രോജക്റ്റിലെ പാലിയോ ആന്ത്രോപോളജിസ്റ്റായ ഡോ. എമ്മ പോമറോയ് പറഞ്ഞു. ഒരു നിയാണ്ടർത്തൽ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ എങ്ങനെയിരിക്കും എന്നതിൻ്റെ ശ്രദ്ധേയമായ പുനർനിർമ്മാണമാണ് ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത് . ഇറാഖിലെ കുർദിസ്ഥാനിലെ ഷാനിദർ ഗുഹയിൽ നിന്നാണ് മാതൃക നിർമ്മിച്ചിരിക്കുന്ന തലയോട്ടി കണ്ടെത്തിയത്. 1950 കളിൽ കുറഞ്ഞത് 10 നിയാണ്ടർത്തൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണിത്.


പ്രാദേശിയ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ തലയോട്ടിയുടെ ഭാഗങ്ങൾ യുകെയിലേയ്ക്ക് കൊണ്ടുവന്നാണ് ഗവേഷണം നടത്തിയത്. പുനർ നിർമ്മാണത്തിനുള്ള സങ്കീർണ്ണ പ്രക്രിയകൾ പൂർത്തിയാക്കാൻ ഗവേഷകർ ഒരു വർഷം സമയമെടുത്തു. പുനർ നിർമ്മിച്ച തലയോട്ടിയിൽ നിന്ന് ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചാണ് 75,000 വർഷം മുൻപ് ജീവിച്ചിരുന്ന സ്ത്രീയുടെ രൂപം പുനർ നിർമ്മിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളി വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ച സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ഷാരോണ്‍ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിർ (75) എന്നയാൾ മരിച്ചത്. വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോൺ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.


ആറ് വര്‍ഷത്തെ തടവും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നുമുള്ള വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്ക് ശേഷമാണ് ഷാരോണിന്റെ തലവര മാറ്റിയെഴുതിയ അപകടം നടന്നത് . ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൈയ്യിൽ നിന്ന് വന്ന പിഴവുകൾ ഒന്നൊന്നായി കോടതിയിൽ തെളിയിക്കപ്പെടുകയായിരുന്നു. മണിക്കൂറിൽ 30 മൈൽ വേഗതയിൽ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങളിൽ ഷാരോൺ 45 മൈലിനും 52 മൈലിനും ഇടയിൽ ഡ്രൈവ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. അതു മാത്രമല്ല അപകടം നടന്ന സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 52 മൈൽ ( 83.6 കിലോമീറ്റർ) ആയിരുന്നു.

അപകടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിട്ടും അവസാനത്തെ ഒന്നോ രണ്ടോ സെക്കൻഡ് മാത്രമാണ് ഇയാൾ ബ്രേക്ക് ഇട്ടതെന്നും പോലീസ് കോടതിയിൽ തെളിയിച്ചിരുന്നു. 9 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിൽ ഷാരോൺ കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് ശിക്ഷ ആറ് വർഷമായി കുറഞ്ഞത്.

എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുതിച്ചുയരുന്നു. ഇന്ന് മുതൽ ചാർജ് വർദ്ധനവ് നിലവിൽ വരും . ഓരോ ഇനത്തിനും 10 പൗണ്ട് വർദ്ധനവ് ആണ് നിലവിൽ വരുന്നത്. സാധാരണക്കാരുടെ മേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവെ വിമർശനം ഉയർന്നു വന്നിരിക്കുന്നത്.

ഇരുണ്ട ദിനം എന്നാണ് ചാർജ് വർദ്ധനവിനെ ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും 10 പൗണ്ട് വീതം നൽകേണ്ടി വരുന്ന സാധാരണ രോഗികൾക്ക് ഇത് ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വർദ്ധനവ് തികച്ചും അസ്വീകാര്യമാണെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർപിഎസ്) ചെയർവുമൺ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.

പ്രിസ്ക്രിപ്ഷൻ ചാർജ്ജ് വർദ്ധനവ് രോഗികൾക്കിടയിൽ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ചാർജ് വർദ്ധിപ്പിക്കുന്നത് മൂലം ആളുകൾ അ മുഴുവൻ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്ന അഭിപ്രായം ഒട്ടേറെ പേരാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ ഇംഗ്ലണ്ടിൽ മാത്രമെ പ്രിസ്ക്രിപ്ഷൻ ചാർജ്ജുകൾ നിലവിലുള്ളൂ. വെയിൽസിൽ 2007 ലും അയർലണ്ടിൽ 2010 ലും അയർലണ്ടിൽ 2011ലും പ്രിസ്ക്രിപ്ഷൻ നിരക്കുകൾ നിർത്തലാക്കിയിരുന്നു.

Copyright © . All rights reserved