ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ സിക്കാമോർ ഗ്യാപ്പ് ട്രീ നശിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മുപ്പത്തെട്ടുകാരനായ ഡാനിയൽ ഗ്രഹാമും മുപ്പത്തൊന്നുകാരനായ ആദം കാരുതേഴ്സും കുറ്റകൃത്യം ചെയ്‌തത്. മരത്തോട് ചേർന്ന് കിടക്കുന്ന ഹാഡ്രിയൻ്റെ മതിലിൽ കേടുപാടുകൾ വരുത്തിയതിനു ഇരുവർക്കും എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മെയ് 15 ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ വച്ചായിരിക്കും കേസിൻെറ വിചാരണ നടക്കുക.
നോർത്തംബർലാൻഡിൽ സ്ഥിതി ചെയ്യുന്ന സിക്കാമോർ ഗ്യാപ്പ് ട്രീ രാജ്യത്തെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള മരങ്ങളിൽ ഒന്നാണ്. 1991-ൽ കെവിൻ കോസ്റ്റ്നറും മോർഗൻ ഫ്രീമാനും അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന സിനിമയിലും ഈ മരത്തെ കാണാം. സെപ്തംബർ 28 നാണ് രാത്രിയിൽ ആരോ മുറിച്ച നിലയിലാണ് സിക്കാമോർ ഗ്യാപ്പ് ട്രീയെ കണ്ടത്. പിന്നാലെ, സെപ്തംബറിൽ സിക്കാമോർ ഗ്യാപ്പ് ട്രീയ്ക്കും ഹാഡ്രിയൻസ് വാളിനും കേടുപാടുകൾ വരുത്തിയതിന് ഡാനിയൽ ഗ്രഹാമിനും ആദം കാരുതേഴ്‌സിനും എതിരെ നോർത്തുംബ്രിയ പോലീസ് കുറ്റം ചുമത്തിയതായി സിപിഎസ് നോർത്ത് ഈസ്റ്റിൻ്റെ കോംപ്ലക്‌സ് കേസ് വർക്ക് യൂണിറ്റിലെ സ്‌പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ ഗാരി ഫോതർഗിൽ അറിയിച്ചു. പ്രതികളെ 2024 മെയ് 15-ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന് ശേഷം രണ്ട് പേർക്കെതിരെ കുറ്റം ചുമത്തിയതായി സൈക്കമോർ ഗ്യാപ് മരം മുറിച്ച കേസിൽ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റെബേക്ക ഫെന്നി സ്ഥിരീകരിച്ചു. പ്രതികളെ ഒക്ടോബർ മാസം തന്നെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
വടക്ക് കിഴക്കേ ലണ്ടനിൽ വാളുമായി കൊലയാളിയുടെ അഴിഞ്ഞാട്ടത്തിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഇതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി ചേർന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗികളെ വാർഡുകളിൽ താമസിപ്പിക്കുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യത്തിൽ എൻഎച്ച്എസ് പുതിയ മാർഗനിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇനി മുതൽ സിംഗിൾ സെക്സ് ഫീമെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കൽ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.
പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെയും ഇനി മുതൽ സിംഗിൾ സെക്സ് മെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ഇതിനർത്ഥം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്ക് അനുയോജ്യമായ ഒറ്റ മുറികൾ നൽകേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ ആറ്റ് കിൻസ് പറഞ്ഞു.
പുതിയ നിർദ്ദേശങ്ങൾ എൻ എച്ച് എസ് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ രോഗികളുടെയും അവകാശങ്ങളും ആവശ്യങ്ങളും സന്തുലിതമാക്കുന്നതിൻ്റെ പ്രാധാന്യം ഞങ്ങൾ എടുത്തുകാണിക്കുന്നുവെന്നും എല്ലാവർക്കും വേഗതയേറിയതും ലളിതവും ന്യായവുമായ ഒരു ആരോഗ്യ പരിരക്ഷാ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആരാഗ്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നയത്തോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അനുകൂലമായാണ് പ്രതികരിച്ചത്. ഈ മാറ്റങ്ങൾ മികച്ച വാർത്തയാണെന്ന് സെക്‌സ് മാറ്റേഴ്‌സ് കാമ്പെയ്ൻ ഗ്രൂപ്പിലെ മായ ഫോർസ്റ്റേറ്റർ പറഞ്ഞു. ഓരോ 10 വർഷത്തിലും സർക്കാർ പൂർത്തിയാക്കേണ്ട എൻഎച്ച്എസ് ഭരണഘടനയുടെ വിപുലമായ അവലോകനത്തിൻ്റെ ഭാഗമാണ് മാറ്റങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പതിനായിര കണക്കിന് വിദേശ പൗരന്മാർ യുകെയിൽ സ്ഥിരമായി തുടരാൻ അവസരം ലഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ രീതിയിൽ യുകെയിൽ താമസിക്കുന്നവരിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരും തൊഴിലാളി വിസയിൽ വന്നവരും സന്ദർശക വിസയിൽ എത്തിയവരും ഉൾപ്പെടും. ഇത്തരം വിസയിൽ എത്തുന്നവർ ഒരു നിശ്ചിത കാലയളവിലാണ് യുകെയിൽ താമസിക്കാൻ നിയമപരമായി അനുവാദമുള്ളത്.
എന്നാൽ വിവിധതരം വിസയിൽ എത്തുന്നവർ അഭയാർത്ഥികളായി പരിഗണിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതോടെയാണ് ചിത്രം മാറി മറിയുന്നത്. മാർച്ച് 2023 മുതൽ ഇതുവരെ പല രീതിയിൽ യുകെയിൽ എത്തി 21, 525 വിസ ഉടമസ്ഥർ അഭയാർത്ഥികളാകാനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത് നേരത്തെ ഉള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 154 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. വിവിധതരം വിസയിൽ യുകെയിൽ പ്രവേശിച്ച 140 പേരിൽ ഒരാൾ അഭയാർത്ഥിയായി അഭയം തേടിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതൽ പേർ ഈ രീതിൽ അപേക്ഷ നൽകിയിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണ് . ഏകദേശം 17,400 കേസുകൾ ആണ് പാക്കിസ്ഥാനിൽ നിന്നുള്ളവരുടെത് തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ബംഗ്ലാദേശിൽ നിന്ന് 11,000 , ഇന്ത്യ (7,400), നൈജീരിയ (6,600), അഫ്ഗാനിസ്ഥാൻ (6,000) എന്നിവയാണ് ലിസ്റ്റിൽ ഉള്ള മറ്റ് രാജ്യക്കാർ . അഭയാർത്ഥികൾ ആയി എത്തുന്ന വരെ തിരിച്ചയക്കുന്നതിൽ ഹോം ഓഫീസ് പല തടസ്സങ്ങളും നേരിടുന്നുണ്ട്. മനുഷ്യാവകാശ നിയമങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ അഭയാർത്ഥികളായി എത്തുന്നവർ അനിശ്ചിത കാലമായി യുകെയിൽ തുടരുന്ന സാഹചര്യങ്ങളും ഉണ്ട്. അഭയാർത്ഥി പ്രശ്നത്തിന് പരിഹാരമായിട്ടാണ് യുകെ റുവാണ്ട ബിൽ പാസ്സാക്കിയത് . മറ്റ് രാജ്യങ്ങളിൽ നിന്നും 2022 ജനുവരി 1ന് ശേഷം യുകെയിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന അഭയാര്‍ഥികളെ പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയയ്ക്കുന്ന പദ്ധതിയാണ് യുകെ പാർലമെന്റിൽ പാസായ ‘റുവാണ്ട’ പദ്ധതി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണമോ മറ്റ് തരത്തിലുള്ള കാര്യങ്ങൾക്കോ വഴങ്ങിയില്ലെങ്കിൽ ഒരാളുടെ ചിത്രങ്ങളോ വീഡിയോകളോ പരസ്യപ്പെടുത്തുമെന്ന് ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ പുതിയ രൂപമാണ് സെക്സ്റ്റോർഷൻ. കടുത്ത ശിക്ഷാർഹമായ ഗുരുതരമായ ഓൺലൈൻ പീഡനമായാണ് സെക്സ്റ്റോർഷൻ കണക്കാക്കപ്പെടുന്നത്. ഇരയാകുന്നവരിൽ കടുത്ത വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ സെക്സ്റ്റോർഷൻ സൃഷ്ടിക്കുകയും ചെയ്യും. വ്യാപകമായ രീതിയിൽ യുകെയിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടനിൽ ഉടനീളം ഉള്ള 570,000 സ്കൂൾ അധ്യാപകർക്കാണ് സെക്സ്റ്റോർഷൻ സെക്ഷനെ കുറിച്ച് നാഷണൽ ക്രൈം ഏജൻസി ( എൻ സി എ ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് എൻസിഎ സ്കൂളുകൾക്ക് ഇത്ര വിപുലമായി ജാഗ്രതാ നിർദേശം നൽകുന്നത്. 5 വയസ്സ് പ്രായമുള്ള കുട്ടികളെ വരെ ഇത്തരം സംഘങ്ങൾ ലക്‌ഷ്യം വയ്ക്കുന്നുണ്ടന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. സെക്സ്റ്റോർഷനിലൂടെ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനുള്ളിൽ 260 ശതമാനം വർദ്ധനവ് ഉണ്ടായതായുള്ള ഞെട്ടിക്കുന്ന കണക്കുകളും നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. 2020-ൽ ഇരയായത് 243 പേരാണെങ്കിൽ 2022 ആയപ്പോൾ അത് 890 ആയി ഉയർന്നു .
പശ്ചിമാഫ്രിക്കയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള ക്രിമിനൽ സംഘങ്ങൾ ആണ് പ്രധാനമായും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ കുട്ടികളുമായി ഓൺലൈനിൽ സൗഹൃദത്തിൽ ആകുകയും അവരുടെ പ്രായത്തിലുള്ള ഒരാളുമായി യഥാർത്ഥ ബന്ധത്തിലോ സൗഹൃദത്തിലോ ആണെന്ന് വിശ്വസിപ്പിച്ച് അവരെ കബളിപ്പിച്ച് ഫോട്ടോഗ്രാഫുകൾ പങ്കിടുകയോ വെബ്‌ക്യാമിൽ കൂടി നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയോ ചെയ്യും. പണം നൽകിയില്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യഥാർത്ഥമോ വ്യാജമോ ആയ നഗ്നമോ അർദ്ധനഗ്നമോ ആയ ഫോട്ടോകൾ നൽകുമെന്ന് കുറ്റവാളികൾ ഭീഷണിപ്പെടുത്തും. ഇതിൻ്റെ ഫലമായി കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും രാജ്യത്ത് ആത്മഹത്യ ചെയ്തതായി എൻസിഎ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫിക്സഡ് ഡീൽ മോർട്ട്ഗേജുകളുടെ നിരക്ക് ഉയർത്തുമെന്ന് മൂന്ന് പ്രധാന വായ്പാ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. നേഷൻ വൈഡ്, സോൺറ്റാഡർ, നാറ്റ് വെസ്റ്റ് എന്നീ വായ്പാ സ്ഥാപനങ്ങളാണ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ ചിലവുകളിലെ അനശ്ചിതത്വം നിലനിൽക്കുന്നതാണ് നിരക്ക് ഉയർത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.
പണപെരുപ്പം കുറഞ്ഞതിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉടനെയെങ്ങും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. മാത്രമല്ല പണപെരുപ്പും രണ്ട് ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ് ലി പ്രസ്താവിച്ചിരുന്നു .
ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകൾ ഉയരുമെന്ന വാർത്ത യുകെ മലയാളികൾക്ക് ഒട്ടും ശുഭകരമല്ല. പണപെരുപ്പവും പലിശ നിരക്കും കുറയുന്നതിനും അനുസരിച്ച് ഒരു ഭവനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന യുകെയിലെ മലയാളികൾക്ക് ഇത് വൻ തിരിച്ചടിയാണെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ നേഷൻവൈഡ് ഇന്ന് മുതൽ പലിശ നിരക്ക് 0.2 ശതമാനം വരെ വർദ്ധിപ്പിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിന്റെ പ്രഥമ മന്ത്രി ഹംസ യൂസഫ് രാജി വച്ചു. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ. ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി നേരിടുന്നത്.
നിക്കോള സ്റ്റർജൻ രാജി വച്ചതിനെ തുടർന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ എസ്എൻപിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
യൂസഫിന്റെ രാജി വാർത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാർട്ടി സ്ഥിരീകരിച്ചു. എസ്എൻ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആൾക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും നാമനിർദ്ദേശങ്ങൾ ഉണ്ടായിരിക്കണം. ഇതോടൊപ്പം കുറഞ്ഞത് 20 ബ്രാഞ്ചുകളിൽ നിന്ന് എങ്കിലും പിന്തുണയും ലഭിക്കണം. ഇതിനു പുറമെ നാമനിർദ്ദേശം പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യണം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കർശനമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. അടുത്തയിടെ ഉണ്ടായ സൈബർ ആക്രമണങ്ങൾ ബ്രിട്ടനിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ദുർബലമാക്കാൻ പ്രതിലോമ ശക്തികൾ വൻ തോതിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ്സ്‌വേർഡുകൾ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കപ്പെടുന്നത്.
ഇതിൻറെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്‌വേഡ് ആയി നൽകാൻ സാധിക്കില്ല. ഹാക്കിംഗിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ സയൻസ്, ഇന്നൊവേഷൻ ആൻ്റ് ടെക്നോളജി അറിയിച്ചു. നിയമം നിലവിൽ വരുന്നതോടെ ഫോണുകൾ , ടിവികൾ, സ്മാര്‍ട്ട് ഡോർ ബെല്ലുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ തങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ സൈബർ കുറ്റവാളികളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിൻറെ ഭാഗമായി സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണ്.
പുതിയ നിയമങ്ങൾ സൈബർ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ മേടിക്കാൻ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാൻ ഉചിതമായ നിയമങ്ങൾ ലോകത്തിലാദ്യമായി ബ്രിട്ടൻ നടപ്പിൽ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥൻ ബെറി പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ ഇൻഷുറൻസിൽ വൻ വാർധനവ് വന്നതായുള്ള കണക്കുകൾ പുറത്തുവന്നു. അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സിൻ്റെ (എബി ഐ) കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കാർ ഇൻഷുറൻസിൽ മൂന്നിലൊന്ന് (33 ശതമാനം ) വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് നേരത്തെ ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ 157 പൗണ്ട് കൂടുതലാണ്.
കാർ ഇൻഷുറൻസിലെ വർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടിയാണെന്ന വിമർശനം രൂക്ഷമാണ്. 2023 ൻ്റെ ആദ്യപാദത്തിൽ ശരാശരി പ്രീമിയം 478 പൗണ്ട് ആയിരുന്നെങ്കിൽ 2024 – ൽ അത് 635 പൗണ്ടായി ആണ് ഉയർന്നിരിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഇത് കാർ ഇൻഷുറൻസ് ചിലവ് കുറയുന്നതിനെ സഹായകരമായിട്ടില്ലെന്നാണ് എ ബി ഐ പറയുന്നത്. അതായത് വാഹനങ്ങളുടെ അറ്റകുറ്റ പണികൾ, മോഷണം നടക്കുന്നത് മൂലമുള്ള ചിലവുകൾ, റീപ്ലേസ് ചെയ്യുക തുടങ്ങിയ ചിലവുകൾ കൂടിവരുന്നതാണ് കാർ ഇൻഷുറൻസ് പോളിസി കൂടാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
കഴിഞ്ഞവർഷം വിറ്റഴിച്ച 28 മില്യൺ പോളിസികളും ക്ലെയിമുകളും വിലയിരുത്തിയാണ് പുതിയ വിശകലനം പുറത്തുവിട്ടിരിക്കുന്നത്. പെയിന്റിന്റെയും മറ്റ് അസംസ്കൃത സാധനങ്ങളുടെയും വില കൂടിയത് , സെക്കൻഡ് ഹാൻഡ് കാറുകളുടെ വർദ്ധിച്ച വിലവർദ്ധനവ് എന്നിവയുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ കാർ ഇൻഷുറൻസിന്റെ ചിലവ് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്ന ന്യായം . മോട്ടോർ ഇൻഷുറൻസിന്റെ ചിലവുകൾ കുറയ്ക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് ഫെബ്രുവരിയിൽ എ ബി ഐ ചർച്ചകൾ നടത്തിയിരുന്നു. ഇൻഷുറൻസിന്റെ ചിലവ് കൂടിയതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾ അവരുടെ ഏജന്റുമായി സംസാരിക്കാനാണ് എബി ഐ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇൻസുലിൻ ക്ഷാമം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് രാജ്യത്തെ പ്രമേഹ രോഗികളുടെ ഇടയിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഏകദേശം 400,000 പേരെ ഇൻസുലിൻ ക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇൻസുലിൻ ക്ഷാമത്തിൻറെ കാരണമായി ആഗോള ഉത്പാദനത്തിലെ കുറവാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഭാഗമായി ചില മരുന്നുകൾ അടുത്തവർഷം വരെ കുറവ് നേരിടുമെന്നാണ് റിപ്പോർട്ടുകൾ . ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, അപസ്മാരം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും മരുന്നുകളുടെ ലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്.
ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് സ്ഥിരമായി ഇൻസുലിന്റെ ലഭ്യത അനിവാര്യമാണെന്ന് ജുവനൈൽ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ (ജെഡിആർഎഫ്) പറഞ്ഞു. ടൈപ്പ് -1 രോഗമുള്ളവർക്ക് ടൈപ്പ് -2 പ്രമേഹരോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഇൻസുലിൻ കുത്തിവയ്ക്കണം. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിൽ ഇൻസുലിന്റെ ലഭ്യതയെ കുറിച്ചുള്ള വാർത്തകൾ ഇത്തരം രോഗികളുടെ ഇടയ്ക്ക് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകും.