ന്യൂസ് ഡെസ്ക്, മലയാളം യുകെ
സർഹാം കൗണ്ടിയിൽ പാരച്യൂട്ട് അപകടത്തിൽ ഒരാൾ ദാരുണമായി മരണമടഞ്ഞു. ഇവിടെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആണ് 40 വയസ്സുള്ള ആൾ കൊല്ലപ്പെട്ടത് . ശനിയാഴ്ച ഉച്ചയ്ക്കാണ് സർഹാം കൗണ്ടിയിലെ ഷേട്ടൺ അപകടമുണ്ടായതായുള്ള അറിയിപ്പ് പോലീസിന് ലഭിച്ചത്. വിവരം കിട്ടിയ ഉടനെ രണ്ട് ആംബുലൻസുകൾ ഒരു പാരാമെഡിക്കൽ സ്പെഷ്യലിസ്റ്റ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും ഇയാളുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
മരണം അപ്രതീക്ഷിതമായി നടന്നതായാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം പോലീസ് നടത്തി കൊണ്ടിരിക്കുകയാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവരുമായി സംസാരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താത്പര്യമുണ്ടെന്ന് പോലീസ് അറിയിച്ചു. മൊബൈൽ ഫോണിലോ ഡാഷ് ക്യാമിലോ ഈ അപകടത്തിന്റെ ചിത്രങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് സ്കൈ ഡ്രൈവിംഗ് ബോർഡും അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് എന്നാണെന്ന കാര്യം രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന വസ്തുതയാണ്. ദേശീയ തിരഞ്ഞെടുപ്പിനെ കുറിച്ച് കടുത്ത ഊഹാപോകമാണ് ദിനംപ്രതി ഉയർന്നു വരുന്നത്. 2025 ജനുവരി വരെയാണ് ഈ സർക്കാരിന്റെ കാലാവധി. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അതിനുമുൻപ് നടക്കണം .
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പലതവണ പ്രധാനമന്ത്രി ഋഷി സുനക് ആവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതി ആരംഭിക്കുന്ന ജൂലൈയിൽ തിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഋഷി സുനക് ഒഴിഞ്ഞു മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ പറഞ്ഞതിൽ നിന്ന് പുതിയതായി ഒന്നും പറയാനില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പൊതു തിരഞ്ഞെടുപ്പ് ഈ വർഷം രണ്ടാം പകുതിയുടെ അവസാനമായ ജൂലൈയിൽ തന്നെ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ജനപിന്തുണയിൽ പ്രധാനമന്ത്രിയും ഭരണകക്ഷിയും വളരെ പിന്നോട്ട് പോയതായുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നിരുന്നാലും പണപ്പെരുപ്പം കുറഞ്ഞതും നികുതി വെട്ടി കുറച്ചതും അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനായി റുവാണ്ട ബില്ലും പ്രതിരോധ ചെലവുകൾ വർധിപ്പിക്കാനുള്ള തീരുമാനവും എടുത്തതിലൂടെ ജനങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളികളെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു 2022 മാർച്ച് 5-ാം തീയതി ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ വച്ച് ഒരു മലയാളി പെൺകുട്ടിക്ക് കുത്തേറ്റത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംമ്പർ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഇപ്പോൾ വിചാരണ പൂർത്തിയായി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. 16 വർഷം തടവു ശിക്ഷയാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതുസ്ഥലത്ത് ആയുധം കൈവച്ചതിന് 12 മാസം തടവ് ശിഷ വേറെയും അനുഭവിക്കണം.
ഇരയാക്കപ്പെട്ട മലയാളി യുവതിയും ഇയാളും പഠന സമയത്ത് ഹൈദരാബാദിൽ വച്ചാണ് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത് . പിന്നീട് ഇവർ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തി. എന്നാൽ യുകെയിൽ വച്ച് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പെൺകുട്ടി ഇയാളിൽനിന്ന് അകന്നതാണ് ക്രൂരകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.
പ്രതി ആക്രമണത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. യുകെയിൽ വച്ച് കൊലപാതകം നടത്തുന്ന വിദേശിക്ക് എന്ത് സംഭവിക്കും, എങ്ങനെ പെട്ടെന്ന് ഒരാളെ കൊല്ലാം തുടങ്ങി ഇയാൾ ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ ഇനി യുവതിയുമായി നേരിൽ കാണുന്നതിൽ നിന്നും കോടതി ആജീവനാന്തകാലം ഇയാളെ വിലക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീട് മുതൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന നഗരങ്ങളുടെ വിവരങ്ങൾ പുറത്തിറക്കി. പുറത്ത് വിട്ട പട്ടികയനുസരിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ വീടുകൾ വാങ്ങിക്കാൻ സാധിക്കുക അബെർഡീനിലാണ്. അതേസമയം ഏറ്റവും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുന്നത് കാർലിസിൽ സിറ്റിയിലാണ്. അബർഡീനിൽ രണ്ട് കിടപ്പുമുറികൾ വരെയുള്ള വീടുകൾക്ക് ശരാശരി വില £102,601 ആണ്. ഇതിൽ 20% ഡിപ്പോസിറ്റായി പരിഗണിച്ചാൽ, അബർഡീനിൽ ആദ്യമായി വാങ്ങുന്നയാൾക്ക് മോർട്ട്ഗേജ് ചിലവായി പ്രതിമാസം ഏകദേശം £406 നൽകിയാൽ മതിയാവും. അതേസമയം കാർലിസിൽ ഉള്ള ശരാശരി വാടക £607 ആണ്.
ചരിത്ര പ്രസിദ്ധമായ കത്തീഡ്രലും പബ്ബുകളും ഉള്ള ഹെർട്ട്ഫോർഡ്ഷയറിലെ സെൻ്റ് ആൽബൻസ് ആണ് ലണ്ടന് ശേഷം ഏറ്റവും ഉയർന്ന വില വരുന്ന സിറ്റി. ഇവിടെ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും സ്ഥലത്തെ വീടുകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ കേംബ്രിഡ്ജും വിഞ്ചസ്റ്ററും കരസ്ഥമാക്കി.
ലണ്ടന് പുറത്ത് ഏറ്റവും കൂടുതൽ വാടക ആവശ്യപ്പെടുന്ന നഗരമായി ഓക്സ്ഫോർഡിനെ പട്ടികയിൽ കാണാം. ബ്രിട്ടനിലുടനീളം 50 ലധികം നഗരങ്ങളിൽ പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകർ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അബർഡീന് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്ന നഗരം നഗരമായി ബ്രാഡ്ഫോർ ആണ്. ഇവിടെ ശരാശരിയുള്ള വീടുകളുടെ വില £107,929 ആണ്. £111,263 വാങ്ങിക്കുന്ന സണ്ടർലാൻഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:
1. അബർഡീൻ, £102,601, £406
2. ബ്രാഡ്ഫോർഡ്, £107,929, £400
3. സണ്ടർലാൻഡ്, £111,263, £413
4. കാർലിസ്ലെ, £111,268, £413
5. പ്രെസ്റ്റൺ, £112,273, £416
6. ഹൾ, £113,920, £423
7. ഡണ്ടി, £116,191, £460
8. സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, £117,113, £434
9. ഡർഹാം, £125,957, £467
10. ഡോൺകാസ്റ്റർ, £128,062, £475
ഏറ്റവും ഉയർന്ന തുകയിൽ വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:
1. ലണ്ടൻ, £501,934, £1,862
2. സെൻ്റ് ആൽബൻസ്, £391,964, £1,454
3. കേംബ്രിഡ്ജ്, £361,429, £1,341
4. വിൻചെസ്റ്റർ, £344,638, £1,278
5. ഓക്സ്ഫോർഡ്, £338,085, £1,254
6. ബ്രൈറ്റൺ, £335,402, £1,244
7. ബ്രിസ്റ്റോൾ, £280,112, £1,039
8. ചെംസ്ഫോർഡ്, £262,522, £974
9. യോർക്ക്, £244,834, £908
10. എഡിൻബർഗ്, £239,028, £946
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിന് സഹായം നൽകുന്നതായുള്ള പരസ്യം നൽകിയ 4 വിയറ്റ്നാമീസ് പൗരന്മാരെ ഇംഗ്ലണ്ടിൽ അറസ്റ്റ് ചെയ്തു . ഫെയ്സ്ബുക്ക് വഴിയാണ് ഇവർ വ്യാപകമായ രീതിയിൽ പരസ്യം നൽകിയത്. ദക്ഷിണ ലണ്ടനിലെ ക്രോയ്ഡണിൽ 23 കാരിയായ സ്ത്രീയെയും ദക്ഷിണ ലണ്ടനിലെ ഡെപ്റ്റ്ഫോർഡിൽ 64 കാരനെയും ലെസ്റ്ററിൽ 34 കാരനായ പുരുഷനെയും നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചുവെന്ന് സംശയിച്ച് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ക്രോയ്ഡോണിൽ നിന്ന് തന്നെ 25 കാരനായ ഒരാളെ അനധികൃത കുടിയേറ്റത്തിനു സഹായിച്ചതിനൊപ്പം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട് .
വിയറ്റ്നാം സ്വദേശികളെ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റത്തെ കുറിച്ച് വ്യാപകമായ രീതിയിൽ പ്രചാരണം നടത്തുകയും യാത്ര ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയതിനും ആണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സഹായിച്ചെന്ന് കരുതുന്ന 12 പേരെയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം യുകെയിലേയ്ക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് വിയറ്റ്നാമിൽ നിന്നാണ് . യുകെയിലേയ്ക്ക് അനധികൃതമായി ആളുകളെ കൊണ്ടുവരുന്നതിനെ തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവർലി പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനായി കഴിഞ്ഞ ആഴ്ച യുകെ വിയറ്റ്നാമുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ചികിത്സയിൽ വൻ പുരോഗതി നേടിയതിനെ തുടർന്ന് ഉടൻതന്നെ ചാൾസ് രാജാവ് തൻറെ ഔദ്യോഗിക കൃത്യ നിർവഹണത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഔദ്യോഗിക കാര്യങ്ങൾ പൂർണ്ണമായും അദ്ദേഹം പുനരാരംഭിച്ചില്ലെങ്കിലും രാഷ്ട്രതലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ പുനരാരംഭിക്കും.
ഉടൻതന്നെ അദ്ദേഹത്തിൻറെ വേനൽക്കാല യാത്രയുടെ ഭാഗമായി ജപ്പാനിലെ ചക്രവർത്തിക്ക് ആതിഥേയത്വം വഹിക്കും. കൂടുതൽ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാൻ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫെബ്രുവരിയിൽ ആരംഭിച്ച രാജാവിൻറെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ബക്കിംഗ്ഹാം കൊട്ടാരം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ രാജാവിൻറെ പൊതു ചുമതലകളെയും മടങ്ങിവരവിനെ കുറിച്ചും നിലവിലെ രോഗാവസ്ഥയെ കുറിച്ചും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
അദ്ദേഹത്തിൻറെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാൻസർ രോഗമാണെങ്കിലും ഏതുതരം ക്യാൻസർ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രൂപ്പിംഗ് ദി കളർ, ഡി-ഡേ അനുസ്മരണങ്ങൾ, സമ്മർ ഗാർഡൻ പാർട്ടികൾ, റോയൽ അസ്കോട്ട്, ശരത്കാല വിദേശ യാത്രകൾ എന്നിങ്ങനെ കലണ്ടറിൽ വരുന്ന ചില വലിയ ഇവൻ്റുകളിൽ അദ്ദേഹം പങ്കെടുക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കംബോഡിയൻ തലസ്ഥാനമായ നോംപെന്നിൽ 60 കാരനായ സോണി സുബേരുവിനെ മാർച്ച് 26 ന് ഹോട്ടലിൻ്റെ 22-ാം നിലയിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ നിലനിൽക്കുന്ന ദുരൂഹത നീക്കണമെന്ന ആവശ്യവുമായി പരേതന്റെ മകൾ രംഗത്ത് വന്നു . ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് തൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് അവർ അറിയിച്ചു.
സോണി സുബേരു ലണ്ടനിൽ ഐടി കൺസൾട്ടന്റായി വിരമിച്ചയാളാണ്. അതു കൂടാതെ അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്നു. ലോകമെമ്പാടും തനിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന വിനോദം.
സുബേരുവിൻ്റെ മരണം ആത്മഹത്യയാണെന്നാണ് കംബോഡിയൻ അധികൃതർ അറിയിച്ചത്. എന്നാൽ അത് ഉൾക്കൊള്ളാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അവരുടെ അച്ഛൻ മരണമടയുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരാൾ അതേ ഹോട്ടലിൽ നിന്ന് വീണു മരിച്ചതായി അവർ ചൂണ്ടി കാട്ടി. എന്നാൽ കംബോഡിയൻ അധികാരികൾ സുബേരു മേൽക്കൂരയിൽ നിന്ന് വീണുവെന്നാണ് പറയുന്നത്. എന്നാൽ തനിക്ക് ലഭിച്ച അച്ഛൻ്റെ ഫോട്ടോകളിൽ, അദ്ദേഹത്തന്റെ മുഖത്ത് ഒരു ചതവും പോലുമില്ല. ഇത്രയും ഉയരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിൽ ശരീരത്തിൽ പരിക്കുകൾ കാണണ്ടേ എന്നതാണ് സംശയം ഉണർത്തുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയും കുടുംബവുമായി കഴിഞ്ഞാൽ തങ്ങളുടെ ബഹുമുഖമായ മറ്റ് കഴിവുകളെ മറന്ന് പ്രൊഫഷനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ തിരക്കുള്ള ഡോക്ടർ ആയി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ സർഗാത്മക കഴിവുകളെ പോഷിപ്പിക്കാനായി സമയം കണ്ടെത്തുന്ന ഡോക്ടർ ഷെറിൻ യുകെ മലയാളികളുടെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുകയാണ്. യു.കെയിൽ ഹിസ്തോ പതോളജിയിൽ സ്പെഷ്യലിസ്റ്റും അനുഗൃഹീത ഗായികയുമായ ഡോ. ഷെറിൻ നൃത്തം, ചിത്രകല, പാചകം തുടങ്ങിയ മേഖലകളിലും തൻെറ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
2005 ലാണ് ഡോ. ഷെറിൻ യു.കെ.യിലേക്കു വരുന്നത്. ജീവിത തിരക്കുകളിൽ പെട്ട് സംഗീതമേഖലയിൽ നിന്ന് കുറച്ച് കാലം വിട്ടുനിൽക്കേണ്ടതായി വന്നെങ്കിലും കോവിഡ് കാലയളവിൽ സംഗീതത്തിന് കൂടുതൽ ശ്രദ്ധ നൽകാൻ ഡോ . ഷെറിന് സാധിച്ചു. പിന്നാലെ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള പള്ളിയിൽ ക്വയറിൽ പാടാനും അവിടെയുള്ള കുട്ടികളെ ക്ലാസിക്കൽ മ്യൂസിക്ക് പഠിപ്പിക്കാനും ആരംഭിച്ചു. ലോക്ക് ഡൗൺ വന്നതോടെ എല്ലാം ഓൺലൈനിൽ ആയതിന് പിന്നാലെയാണ് ഡോ . ഷെറിൻെറ പാട്ടും ശബ്ദവും പുറംലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ജോലിയും സംഗീതവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല. ഡോ . ഷെറിൻെറ നിശ്ചയ ധാർട്യത്തിൻെറ ഫലമായി ക്രിസ്ത്യൻ ഗാനരംഗത്തേയ്ക്ക് അനേകരെ കൈപിടിച്ചു കൊണ്ടുവന്ന ഫാ. മാത്യു പയ്യപ്പിള്ളി എം.സി.ബി.എസിന്റെ സംഗീതത്തിൽ പിറന്ന ‘നിണമൊഴുകീടുന്ന നിൻ വീഥിയിൽ…’ എന്ന ക്രിസ്തീയ ഭക്തിഗാനം പാടാൻ ഡോ . ഷെറിന് അവസരം ലഭിച്ചു. നിലവിൽ ഡോ. ഷെറിൻ പന്ത്രണ്ടോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വർഗീയ ഗായകൻ കെസ്റ്ററിനോടൊപ്പം ഡോ.ഷെറിൻ ആലപിച്ച ഡെല്ലിഷ് വാമറ്റം മ്യൂസിക്കൽസ് ഒരുക്കിയ വെണ്മണി ഗോതമ്പിൻ എന്ന ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ട വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ബേണി ഇഗ്നേഷ്യസിൻെറ “ജപമണികളിൽ അമ്മേ” ആണ് ഏറ്റവും ഒടുവിൽ റിലീസ് ആയ ആൽബം. ഇതിൻെറ നിർമാണം യുകെ മലയാളിയും ബിർമിങ്ഹാം സൊലിഹളിൽ നിന്നുള്ള രാജു ജേക്കബ് ആണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ട്രാൻസ് ജൻഡർ നായികയായുള്ള ആദ്യ ക്രിസ്ത്യൻ ഗാനമായ “ചേർത്തണയ്ക്കാം” എന്ന ആൽബത്തിലും പാടാൻ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഡോ.ഷെറിൻ മലയാളം യുകെയോട് പറഞ്ഞു.
കേരളത്തിൽ കൊച്ചി സ്വദേശിയാണ് ഷെറിൻ. എൻജിനീയറും നെടുമ്പാശേരി സ്വദേശിയുമായ പി ഡി ജോസഫ് ആണ് ഡോ. ഷെറിൻെറ പിതാവ്. അമ്മ ചിന്നമ്മ ജോസഫ് അധ്യാപികയായിരുന്നു. ജോലി സംബന്ധമായി ഇരുവരും തിരുവനന്തപുരത്ത് ആയിരുന്നത് കൊണ്ട് ഡോ. ഷെറിൻെറ വിദ്യാഭ്യാസം അവിടെ വച്ചായായിരുന്നു. മൂന്നു മക്കളിൽ ഇളയ ആളായ ഡോ . ഷെറിൻ ചെറുപ്പത്തിൽ തന്നെ നൃത്തവും കർണാടക സംഗീതവും പരിശീലിച്ചിരുന്നു. പതിനേഴു വർഷം തുടർച്ചയായി ഡോ . ഷെറിൻ സംഗീതം പഠിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനത്തിനായി പോകുമ്പോഴും പാട്ടിനെ കൂടെക്കൂട്ടിയ ഡോ . ഷെറിന് ഏഷ്യാനെറ്റിലും ദൂരദർശനിലും പാട്ട് പാടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിൽ ആദ്യ സീസൺ ക്വാട്ടർ ഫൈനലിസ്റ് കൂടിയാണ് ഡോ. ഷെറിൻ. സ്കൂൾ യുവജനോത്സവ വേദിയിൽ നിറ സാന്നിധ്യമായിരുന്ന ഡോ . ഷെറിൻ കർണാടക സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ ഡോ . ഷെറിൻെറ ഗുരു ശ്രീമതി ശോഭന കൃഷ്ണമൂർത്തിയായിരുന്നു. ഇപ്പോൾ സംഗീത പഠനം തുടരുന്നത് തിരുവനന്തപുരം സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിലെ പ്രൊഫസർ ധർമജൻെറ കീഴിലാണ്.
ഹിസ്തോ പതോളജിയിലാണ് ഡോ. ഷെറിൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഡോ .ഷെറിൻ യു.കെയിലെ മെഡിക്കൽ കോളേജിലെ പാതോളജി വിഭാഗം ഹെഡ് ആണ്. പാചകത്തോടും വലിയ താല്പര്യം പുലർത്തുന്ന ഡോ . ഷെറിൻ ‘kuks kitchen’ എന്നപേരിൽ ഒരു കുക്കിങ് വ്ളോഗും നടത്തുന്നുണ്ട്. പാചകവും സംഗീതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ഭർത്താവും സോഫ്റ്റ് വെയർ എൻജിനീയറുമായ നിഷാന്ത് തോമസാണ് ഏറ്റവും വലിയ പിന്തുണയെന്ന് ഡോ. ഷെറിൻ മലയാളം യുകെയോട് പറയുന്നു. മാത്യുവും രാഹുലും ആണ് ഡോ. ഷെറിൻ – നിഷാന്ത് ദമ്പതികളുടെ മക്കൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട പ്രൈമറി സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 50 കാരിയായ ഫിയോണ ബീൽ ആണ് തൻ്റെ 42 കാരനായ കാമുകൻ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് . നിക്കോളാസ് മരിച്ചു കഴിഞ്ഞ് 4 മാസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
2021-ലാണ് 52 കാരിയായ ഫിയോണ 42 കാരനായ കാമുകനെ കൊലപ്പെടുത്തിയത് . ആദ്യം നിഷേധിച്ച അവൾ പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കൊലപാതകം ഇവർ ഒറ്റയ്ക്ക് നടത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
കൊലപാതകത്തിനായി വളരെ തന്ത്രപരമായ ആസൂത്രണമാണ് പ്രതി നടത്തിയത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. കൈയുറയും കത്തിയും കൊലയ്ക്ക് ഉപയോഗിച്ച മറ്റ് സാധനങ്ങളും നേരത്തെ ഇവർ കരുതിയിരുന്നു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ സ്വയരക്ഷക്കോ അല്ല അവൾ ഈ കൃത്യം ചെയ്തതെന്നതിനുള്ള ഈ ആസൂത്രണത്തെയാണ് തെളിവായി പോലീസ് എടുത്തു പറഞ്ഞത് . കേസിന്റെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സ്കിൻ ക്യാൻസറിനെതിരായ ലോകത്തിലെ ആദ്യത്തെ “വ്യക്തിഗത” mRNA വാക്സിൻ – മെലനോമ – യുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. കുത്തിവയ്പ് സ്വീകരിച്ചവരിൽ ഹെർട്സിലെ സ്റ്റീവനേജിൽ നിന്നുള്ള 52 കാരനായ സ്റ്റീവ് യങ്ങും ഉണ്ട്. സ്റ്റീവിന് കഴിഞ്ഞ ഓഗസ്റ്റിൽ തലയോട്ടിയിൽ നിന്ന് മെലനോമയുടെ വളർച്ച സ്ഥിരീകരിച്ചിരുന്നു. ഇത് രോഗികളുടെ ശരീരത്തിലെ ശേഷിക്കുന്ന ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും തുടച്ചുനീക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പിന്നീട് ക്യാൻസർ രോഗബാധിതനാകാനുള്ള സാധ്യതയും ഇത് തുടച്ചു മാറ്റുന്നു.
mRNA-4157 (V940) എന്ന കുത്തിവയ്പ്പ് നിലവിൽ കോവിഡ് വാക്സിനുകളുടെ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നിലവിൽ വാക്സിനിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് (UCLH) ഡോക്ടർമാർ ഇത് പെംബ്രോലിസുമാബ് അല്ലെങ്കിൽ കീട്രൂഡയ്ക്ക് തുടങ്ങിയ മരുന്നുകൾക്കൊപ്പം നൽകാറുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
മോഡേണ, മെർക്ക് ഷാർപ്പ്, ഡോം (MSD) എന്നീ രണ്ട് കമ്പനികൾ ചേർന്ന് തയാറാക്കിയ വാക്സിൻ എൻഎച്ച്എസിൽ വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ വിദഗ്ധരും ഇത് രോഗികളിൽ പരീക്ഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. വൈകാതെ ഇവ വ്യാപകമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. ഈ വാക്സിനുകളിൽ ഓരോ രോഗികൾക്കനുസരിച്ച് ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ വാക്സിൻ ക്യാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന മാർക്കറുകളെയോ ആൻ്റിജനുകളെയോ ആക്രമിക്കുന്ന പ്രോട്ടീനുകളോ ആൻ്റിബോഡികളോ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കും.