ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസ് രാജകുമാരിയായ കേറ്റ് ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഇന്നലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തു. ക്യാൻസർ ചികിത്സയ്ക്ക് വിധേയായിരിക്കുന്ന രാജകുമാരി ആനുവൽ ട്രൂപ്പിംഗ് ദി കളർ പരേഡിൽ ആണ് പങ്കെടുത്തത്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് കുതിരപ്പുറത്ത് പോകാതെ വണ്ടിയിലാണ് പരിപാടിയിൽ പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
വലിയ ആർപ്പുവിളികളോടു കൂടിയാണ് ജനക്കൂട്ടം കേറ്റിനെ വരവേറ്റത്. ട്രൂപ്പിംഗ് ദി കളർ പരേഡിൽ വെയിൽസ് രാജകുമാരി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയി രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പമാണ് പങ്കെടുത്തത്. 260 വർഷത്തിലേറെയായി നടക്കുന്ന ഈ പരിപാടി രാജാവിൻ്റെ ഔദ്യോഗിക ജന്മദിനം അടയാളപ്പെടുത്തുന്ന ചടങ്ങാണ്.
ക്രിസ്മസിന് ശേഷം ആദ്യമായാണ് കേറ്റ് പൊതുപരിപാടിയിൽ പങ്കെടുത്തത്. മാർച്ചിലാണ് താൻ ക്യാൻസറിന് കീമോതെറാപ്പി ചികിത്സയിലാണെന്ന് കേറ്റ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയിസ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പം ബാൽക്കണിയിൽ നിന്നാണ് കേറ്റ് ചടങ്ങിൽ പങ്കെടുത്തത്. ക്യാൻസർ ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് വണ്ടിയിലാണ് യാത്ര ചെയ്‌തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. ടോറികളും ലേബർ പാർട്ടിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് എൻഎച്ച്എസ്സിന്റെ നവീകരണം. നിലവിൽ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം പിടിച്ചാൽ കിട്ടാതെ മുന്നേറി കൊണ്ടിരിക്കുകയാണ്.
എന്നാൽ അധികാരത്തിൽ വരുന്നത് ലേബർ പാർട്ടിയായാലും കൺസർവേറ്റീവ് പാർട്ടിയായാലും എൻഎച്ച്എസിൻ്റെ കഷ്ടകാലത്തിന് മാറ്റമുണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ട് പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രിക സസൂഷ്മം വിലയിരുത്തിയാണ് രാജ്യത്തെ പ്രമുഖ ഹെൽത്ത് തിങ്ക്‌ടാങ്ക് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. നഫ്‌ഫീൽഡ് ട്രസ്റ്റിൻ്റെ വിലയിരുത്തൽ അനുസരിച്ച് ലേബർ പാർട്ടിയുടെയും കൺസർവേറ്റീവ് പാർട്ടിയുടെയും ചിലവ് ചുരുക്കൽ നയങ്ങൾ എൻഎച്ച്എസിന് തിരിച്ചടിയാകും. അതായത് എൻഎച്ച്എസിൻ്റെ സാമ്പത്തിക പ്രതിസന്ധി ഏതു സർക്കാർ അധികാരത്തിൽ വന്നാലും രൂക്ഷമാകാനാണ് സാധ്യതകൾ .
ഭാവിയിൽ നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ജൂലൈ 4- ന് അധികാരത്തിലെത്തുന്ന സർക്കാർ പാടുപെടുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിലെ സീനിയർ പോളിസി അനലിസ്റ്റും എൻഎച്ച്എസ് ഫണ്ടിംഗിലെ പ്രമുഖ അതോറിറ്റിയുമായ സാലി ഗെയ്ൻസ്ബറി പറഞ്ഞു. എന്നാൽ തങ്ങൾ മതിയായ നിക്ഷേപം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിൻ്റെ വിശകലനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലേബർ പാർട്ടി വക്താവ് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിൽ സമീപ കാലത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞവർഷം 7.2 മില്യൺ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള നടപടികൾ എടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.
ബെൻഫ്ലീറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. അവൾ സുഖമായിരിക്കുന്നുവെന്നും ഈ വിഷമഘട്ടത്തിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുകയും ചെയ്യുന്നതായി കുടുംബം അറിയിച്ചു.
ഈസ്റ്റ് ലണ്ടന് സമീപമുള്ള ബെൻഫ്ലീറ്റിൽ നിന്ന് 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ കാണാതായ സംഭവം അടുത്ത ആശങ്ക ഉളവാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി എസ്എക്സ് പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് വ്യാപകമായി ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലടക്കും കുട്ടിയെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ ദിവസം കഴിയുന്തോറും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്ന വാർത്തകളാണ് യുകെയിൽ നിന്ന് ഉയർന്ന് വരുന്നത്. സർവേകളുടെ അടിസ്ഥാനത്തിൽ ഭരണത്തിൽ എത്തുന്നത് ലേബർ പാർട്ടിയാണെന്ന് ഏകദേശം ഉറപ്പായ മട്ടിലാണ് മറ്റ് പാർട്ടികളുടെ ശരീരഭാഷ. കഴിഞ്ഞദിവസം വന്ന അഭിപ്രായ സർവേകളിൽ ടോറികളുടെ ഇരട്ടി പിന്തുണയാണ് ലേബർ പാർട്ടിക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ റീഫോം യുകെയുടെ മുന്നേറ്റമാണ് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
അഭിപ്രായ സർവേകളിൽ റീഫോം യുകെ നിലവിലെ ഭരണപക്ഷമായ ടോറികൾക്ക് ഒപ്പത്തിനൊപ്പമാണ് . ഈ പശ്ചാത്തലത്തിലാണ് അടുത്ത പാർലമെൻറിൽ തന്റെ പാർട്ടിക്കായിരിക്കും പ്രതിപക്ഷമെന്ന് റീഫോം യുകെ നേതാവ് നൈജൻ ഫരാഗ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി റിഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി രണ്ടാം സ്ഥാനത്തിന് വേണ്ടി ചെറു പാർട്ടികളോട് മത്സരിക്കേണ്ട ഗതികേടിലാണ്. കടുത്ത ബ്രെക്സിറ്റ് വാദികളും കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന റീഫോം യുകെയ്ക്ക് നാൾക്കു നാൾ പിന്തുണ വർദ്ധിച്ചു വരികയാണ്. ഇതിനിടെ ഫോറിൻ സെക്രട്ടറി ഡേവിഡ് കാമറൂൺ റീഫോം യുകെ നേതാവായ നൈജൻ ഫരാഗിനെതിരെ കടുത്ത വിമർശനവുമായി മുന്നോട്ടു വന്നു. റീഫോം യുകെ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുടിയേറ്റ നയങ്ങളെ കുറിച്ച് വിഷ ലിപ്തമായ ഭാഷയിലാണ് അവരുടെ നേതാവ് നൈജൻ ഫരാഗ് സംസാരിക്കുന്നതെന്നും ഡേവിഡ് കാമറൂൺ കുറ്റപ്പെടുത്തി.
ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കൈസ് ബെഞ്ച് അക്രോസ് ബ്രിട്ടൻ പരമ്പരയുടെ ഭാഗമായി, ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ നടത്തിയ പരിപാടിയിൽ തങ്ങളുടെ ആശങ്കകൾ പങ്കുവച്ച് സിഖ് വോട്ടർമാർ. സിഖ് ചരിത്രത്തിലെ ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് നടപടികളെക്കുറിച്ച് അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകതയും വിദ്വേഷത്തെ അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും വോട്ടർമാർ പങ്കുവച്ചു. പഞ്ചാബികൾ, മുസ്ലീം വോട്ടർമാരേക്കാൾ എണ്ണത്തിൽ കുറവാണെങ്കിലും സർ കെയർ സ്റ്റാർമറുടെ വോട്ടുകളിൽ നല്ലൊരു ശതമാനവും ഇവരുടെ വോട്ടുകളെ കേന്ദ്രികരിച്ചാണിരിക്കുന്നത്.
സിഖ് ഫെഡറേഷൻ യുകെയുടെ കണക്കുകളിൽ സിഖുകാരുടെ വോട്ടുകൾക്ക് 80 നിയോജക മണ്ഡലങ്ങളിൽ വരെ സ്വാധീനം ചെലുത്താനാകുമെന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സർക്കാരിൽ നിന്ന് സിഖ് വോട്ടർമാർ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ സ്കൈസ് ബെഞ്ച് അക്രോസ് ബ്രിട്ടൻ സീരീസ് സിഖ് കമ്മ്യൂണിറ്റിയുടെ അഭിപ്രായം അറിയാൻ ഇറങ്ങിയത്.
പലരും പങ്കുവച്ച സിഖുകാർക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയയും യഹൂദവിരുദ്ധതയും പ്രത്യേക വിദ്വേഷ കുറ്റകൃത്യങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സിഖുകാർക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ ആരും അഭിസംബോധന ചെയ്യാറില്ല എന്ന് ഗുരുദ്വാരയിലെ സന്നദ്ധപ്രവർത്തകനായ ജഗ്ജിത് സിംഗ് ധലിവാൾ പറയുന്നു. ലേബറിൻ്റെ പ്രകടനപത്രികയിൽ ഇതുവരെ ഒന്നും വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും കൺസേർവേറ്റീവ് പാർട്ടി അഭിസംബോധന ചെയ്യാത്ത പ്രശ്നങ്ങൾക്ക് പാർട്ടിയുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടകുമെന്നാണ് സിഖ് കമ്മ്യൂണിറ്റികൾ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറ് വർഷം കഴിയുമ്പോൾ യുകെയിലെ മുൻനിര വാഹന നിർമ്മാതാക്കൾ പെട്രോളോ ഡീസലോ ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേയ്ക്ക് മാറുമെന്നാണ് പ്രധാന കാർ ബ്രാൻഡുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് പൂർണ്ണമായും സമീപഭാവിയിൽ ഒഴിവാകുന്നതിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില പരമാവധി കുറയുന്നതിനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുന്നുണ്ട്. തുടക്കകാലത്ത് ചാർജിങ് പോയന്റുകൾ വ്യാപകമല്ലാതിരുന്നത് ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . എന്നാൽ രാജ്യമൊട്ടാകെ ഈ പരിമിതിയെ മറികടക്കാൻ നിലവിൽ ആയിട്ടുണ്ട് .
ഇലക്ട്രിക് കാറുകൾക്ക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഇല്ല, അതായത് പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ ഓടുമ്പോൾ മലിനീകരണം ഉണ്ടാക്കുന്ന പുക പുറപ്പെടുവിക്കുന്നില്ല. 2030 ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനം 2035 ലേയ്ക്ക് മാറ്റിയതായി പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും തങ്ങൾ അധികാരത്തിലെത്തിയാൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വിൽപന മുൻധാരണ പ്രകാരം 2030 കളിൽ നിരോധിക്കും എന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ അഭിപ്രായ സർവേകൾ നൽകുന്ന സൂചന അനുസരിച്ച് ലേബർ പാർട്ടി അധികാരത്തിൽ വരാൻ സാധ്യതയാണ് ഉള്ളത്. 2030 ഓടെ സാധാരണ വാഹന നിർമ്മാണം നിർത്താനുള്ള കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ ഈ സാഹചര്യം ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ബെൻഫ്ലീറ്റിൽ നിന്ന് അനിത കോശി എന്ന മലയാളി പെൺകുട്ടിയെ കാണാതായി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് എസ്എക്സ് പോലീസ് അറിയിച്ചു. 15 വയസ്സുള്ള പെൺകുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്.
കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാൻഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതർ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു.
ഇന്നലെ ജൂൺ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനിൽ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തതായാണ് പോലീസ് കരുതുന്നത്. ഈ സമയത്ത് ലണ്ടനിലേക്ക് യാത്ര ചെയ്തവർക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 999 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. എസ്എക്സ് പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പെൻ്റിതിൽ മലയാളി നേഴ്സ് മരണമടഞ്ഞു. പതിനഞ്ച് വർഷത്തിൽ അധികമായി ഇവിടെ നേഴ്സായി ജോലി ചെയ്തു വരുകയായിരുന്ന ഷൈനി ജോഷിയാണ് മരണമടഞ്ഞത്. 54 വയസ്സ് പ്രായമായ ഷൈനിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് അറിയാൻ സാധിച്ചത്.
ഷൈനി കുറെ നാളായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു പാലാ രാമപുരം അലുപ്പിള്ളിൽ കുടുംബാംഗമായ ഷൈനി പെൻറിതിലെ മലയാളി സമൂഹത്തിൽ സജീവമായ ഇടപെടൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോൾ ആണ് ഭർത്താവ്. മക്കൾ: നേഹ റോസ് ജോഷി, റിയ ജോഷി. പൊതു ദർശനത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഷൈനി ജോഷിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റ് ഒട്ടനവധി സാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ യുകെയിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ജീവിത ചിലവിൽ ഉണ്ടായ വർദ്ധനവ് കാര്യമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ജീവിത ചിലവിലുണ്ടായിരിക്കുന്ന വർദ്ധനവ് മൂലം 50 ശതമാനത്തിലധികം വിദ്യാർഥികൾക്കും പഠനത്തോടൊപ്പം ദീർഘനേരം ജോലി ചെയ്യേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പലരും ആഴ്ചയിൽ രണ്ട് ദിവസം ശമ്പളമുള്ള ജോലികൾ ചെയ്യാൻ നിർബന്ധിതരാവുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ സാഹചര്യം വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിച്ചേക്കാമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജീവിത ചിലവ് വർദ്ധനവിനെ പിടിച്ചുനിർത്താൻ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതിന്റെ അതൃപ്തി അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് എതിരാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്.
ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപി) 10,000 ഫുൾടൈം യുകെ ബിരുദധാരികളിൽ നടത്തിയ ഒരു സർവേയിൽ 56% പേരും അവർ പഠിക്കുന്ന സമയത്ത് ശരാശരി 14.5 മണിക്കൂർ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വരുന്നത്. ഇത് സമ്പന്ന വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ പഠനനിലവാരത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ഇത് പലരീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ വിഭജനം വർദ്ധിക്കുന്നതിന് കാരണമാകും. മിക്ക വിദ്യാർത്ഥികളും ജോലിചെയ്യുകയും അവർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു, ഈ പ്രവണത തുടർന്നാൽ മുഴുവൻ സമയ പഠനം പലർക്കും അപ്രായോഗികമായിരിക്കാമെന്ന് ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോസ് സ്റ്റീഫൻസൺ പറഞ്ഞു. ജീവിതചിലവ് പ്രതിസന്ധി രൂക്ഷമായതോടെ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ അനുപാതം ഇരട്ടിയായതായി നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് (എൻയുഎസ്) ഒരു പുതിയ റിപ്പോർട്ടിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തിൽ, 14% വിദ്യാർത്ഥികൾ NUS-നോട് ഒരു ഫുഡ് ബാങ്ക് ഉപയോഗിച്ചതായി പറഞ്ഞു, 2021-22 ൽ ഇത് 7% മാത്രം ആയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1982-ൽ നോർത്താംപ്ടണിൽ നടന്ന നവജാത ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് 57 കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. 1982 മെയ് മാസത്തിൽ നഗരത്തിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 11 വർഷത്തിനു ശേഷം 1993 – ല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
നോർത്താംപ്ടൺ പോലീസ് പ്രതികളെ പിടികൂടാൻ സാധിക്കാതിരുന്ന കേസുകളുടെ അവലോകനത്തെ തുടർന്ന് കേസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. 2023 – ൽ കേസിൽ പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതാണ് അറസ്റ്റിന് വഴിവെച്ചത് . നാല് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവങ്ങളെ കുറിച്ചുള്ള വളരെ സങ്കീർണമായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു.
അന്വേഷണം തുടരുകയാണെന്നും സംഭവങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായി പിടിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.