ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൊതു തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി അവരുടെ എക്കാലത്തെയും ഏറ്റവും താഴ്ന്ന ജനപിന്തുണയിൽ എത്തിയതായുള്ള അഭിപ്രായ സർവേകൾ പുറത്തുവന്നു. ഏറ്റവും പുതിയ റെഡ്ഫീൽഡ് & വിൽട്ടൺ സ്ട്രാറ്റജീസ് സർവേയിൽ കൺസർവേറ്റീവുകൾക്ക് വെറും 18 ശതമാനം പിന്തുണ മാത്രമെ ലഭിച്ചിട്ടുള്ളൂ. യുകെയിൽ അടുത്തയിടെ നടന്ന അഭിപ്രായ സർവേകളിൽ ടോറികൾക്ക് ഇത്ര താഴ്ന്ന പിന്തുണ കിട്ടുന്നത് ആദ്യമായാണ്.
രണ്ടുദിവസമായി നടത്തിയ സർവേയിൽ ലേബർ പാർട്ടി കൺസർവേറ്റീവുകളെക്കാൾ 24 പോയിന്റ് ആണ് ലീഡ് ചെയ്യുന്നത്. സർ കെയർ സ്റ്റാർമറിൻ്റെ പാർട്ടിക്ക് 42 ശതമാനം പിന്തുണയാണ് അഭിപ്രായ സർവേകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്. നൈജൽ ഫാരേജിൻ്റെ റിഫോം യുകെ 17 ശതമാനം പിന്തുണയാണ് നേടിയിരിക്കുന്നത്. ഇത് ടോറികളേക്കാൾ ഒരു ശതമാനം മാത്രം കുറവാണ്. അതേസമയം ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 ശതമാനം വോട്ട് ഷെയർ ലഭിച്ചു.
ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് തറവാട് ലീഡ്സ്സിന് പത്ത് വയസ്സ് തികഞ്ഞു. വളരെ വിപുലമായ പരിപാടികളോടെയാണ് തറവാട് ലീഡ്‌സ് പത്താമത് വാർഷികം ആഘോഷിച്ചത്. ജൂൺ രണ്ട് ഞായറാഴ്ച ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റിൽ നടന്ന ആഘോഷ പരിപാടികളിൽ ലീഡ്സ് സിറ്റി കൗൺസിൽ ലോർഡ് മേയർ അബിഗെയിൽ മാർഷാൾ കാറ്റുംഗ് തറവാട് ലീഡ്സിൻ്റെ പുതിയ സംരംഭമായ ചാറ്റി കഫെ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ആദ്യത്തെ ബ്ലാക് മേയർ ഓഫ് ലീഡ്സ് എന്നറിയപ്പെടുന്ന മുൻ മേയർ ഐലിൻ ടെയ് ലർ ചടങ്ങിൽ സന്നിഹിതയായിരുന്നു.
2014 ൽ തറവാട് പ്രവർത്തനമാരംഭിച്ച സമയം മുതൽ തറവാടിൻ്റെ സ്ഥിരം സന്ദർശകരായ മലയാളികൾ ഉൾപ്പെടെ നിരവധി പാശ്ചാത്യർ ആഘോഷ പരിപാടികളിൽ ക്ഷണിതാക്കളായിരുന്നു. പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഭക്ഷണങ്ങളടങ്ങിയ മെനു ആയിരുന്നു പത്താമത് വാർഷികാഘോഷങ്ങളുടെ പ്രധാനയിനം.
“ചാറ്റി കഫെ” ഏകാന്തതയനുഭവിക്കുന്നവർക്ക് പരസ്പരം സംവദിക്കാനുതകുന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് ചാറ്റി കഫെ കൊണ്ടുദ്ദേശിക്കുന്നത്. തറവാട് ലീഡ്സിൽ തുടങ്ങിയ കാലം മുതൽ തറവാടിലെ സ്ഥിരം സന്ദർശകരായ നൂറിലധികം കസ്റ്റമേഴ്സുണ്ട്. പ്രാദേശികരായ പാശ്ചാത്യരാണധികവും. ചാറ്റി കഫെ തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാശ്ചാത്യരായ പ്രായം ചെന്ന ഒരു ദമ്പതികൾ പത്ത് വർഷമായിട്ട് റെസ്റ്റോറൻ്റിൽ വരാറുണ്ടായിരുന്നു. സ്ഥിരമായി വരുന്ന അവർ എല്ലാ ആഴ്ചയിലും വരുന്നത് ഒരേ ദിവസമാണ്. അതുപോലെ ഒരേ ടേബിളിൽ തന്നെയാണ് അവർ ഇരിക്കുന്നതും. കഴിക്കുന്ന ഭക്ഷണവും എല്ലാ ആഴ്ചയിലും ഒന്നുതന്നെ. ഭക്ഷണം കഴിക്കുന്നതിനപ്പുറം തറവാടിൻ്റെ സ്റ്റാഫിനോട് സംസാരിക്കാനാണ് അവർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. റിട്ടെയറായ അവർക്ക് ജീവിതത്തിൽ ഏകാന്തത അനുഭപ്പെടുന്നതുകൊണ്ടാകണം അവർ സ്ഥിരമായി റെസ്റ്റോറൻ്റിൽ വരുന്നതും ഞങ്ങളോട് സംസാരിക്കാൻ താല്പര്യപ്പെടുന്നതും എന്ന് ഞങ്ങൾ പതിയെ മനസ്സിലാക്കി തുടങ്ങി. ജീവിത പങ്കാളി നഷ്ടപ്പെട്ടവരും മക്കളാൽ തഴയപ്പെട്ടവരും പലതരത്തിലും ദുഃഖത്തിലായവരുമൊക്കെ പതിവായി റെസ്റ്റോറൻ്റിൽ എത്തി ധാരാളം സമയം ഞങ്ങളോടെപ്പം ചെലവഴിക്കാറുണ്ട്. വളരെ വൈകാരികമായി റെസ്റ്റോറൻ്റിൽ നടക്കുന്ന നിരവധി സംഭവങ്ങളിൽ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഇതിൽ നിന്നും ഉടലെടുത്ത ഒരാശയമാണ് ‘ചാറ്റി കഫേ’ എന്ന് തറവാടിൻ്റെ ഡയറക്ടർമാരിലൊരാളായ സിബി ജോസ് പറഞ്ഞു.
എല്ലാ തിങ്കളാഴ്ച്ചയുമാണ് ചാറ്റി കഫേ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി തറവാട്ടിലെത്തുന്ന ഏകാന്ത ജീവിതം നയിക്കുന്ന ആർക്കും ചാറ്റി കഫേയിലെത്താം. അങ്ങനെയെത്തുന്നവരെ കേൾക്കാനും അവർക്ക് മാനസികമായ സപ്പോർട്ടുകൊടുക്കാനും അതുപോലെ അവർക്ക് തികച്ചും സൗജന്യമായി ഭക്ഷണം കൊടുക്കാനുമായിട്ടുള്ള രീതിയിലാണ് ചാറ്റി കഫെ രൂപപ്പെടുത്തിയിരിക്കുന്നത്.
തറവാട് ലീഡ്സ്സിൻ്റെ വളർച്ചയ്ക്ക് ഒരുപാട് സപ്പോർട്ട് തന്നവരാണ് പ്രാദേശികരായ ലീഡ്സുകാർ. അന്നവർ ആരോഗ്യപരമായി പാറി പറന്നു നടന്നവരായിരുന്നു. പ്രായാധിക്യത്താൽ ഇന്നവർ ഏകാന്ത ജീവിതത്തിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നു. അവർക്കൊരു സപ്പോർട്ട് കൊടുക്കേണ്ടത് ഏറ്റവും അനിവാര്യഘടകമാണെന്ന് ഞങ്ങൾ ടീം തറവാട് വിശ്വസിക്കുന്നുവെന്ന് സിബി ജോസ് പറഞ്ഞു.
തറവാടിൻ്റെ പാർട്ണർമാരായ സിബിയുടെയും രാജേഷിൻ്റെയും ഭാര്യമാർ മനീഷയും നീതുവുമാണ് ചാറ്റി കഫേയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സോഷ്യൽ വർക്കരായ ഇവർ പൂർണ്ണമായും ചാറ്റി കഫേയിൽ പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നത്.
2014 ലാണ് തറവാട് ലീഡ്സ്സ് പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ച് സുഹൃത്തുകൾ പാർട്ണർമാരായ തറവാട് ലീഡ്സ് പേരുപോലെ തന്നെ ഒരു തറവാടിൻ്റെ എല്ലാ പ്രൗഡിയോടും കൂടിയാണ് പ്രവർത്തിക്കുന്നത്. യുകെയിലെ ഒട്ടുമിക്ക അവാർഡുകളും ഇതിനോടകം തറവാട് സ്വന്തമാക്കി കഴിഞ്ഞു. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ് ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം.
പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ, ഇന്ത്യൻ ക്രിറ്ററ്റ് ടീം ക്യാപ്റ്റൻ വിരാട് കോളി, സഞ്ചു സാംസൺ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.
ഏറ്റവും ഒടുവിൽ യോർക്ക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ 2024 ഒലിവർ അവാർഡ് നൈറ്റിൽ ശ്രദ്ധേയകേന്ദ്രമായി മാറിയത് തറവാടിൻ്റെ ഷെഫായ അജിത് കുമാറാണ്. ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ അജിത് കുമാർ തറവാട് ലീഡ്സ്സിനും യൂറോപ്പ് മലയാളികൾക്കും എന്നും അഭിമാനമാണ്.
ലീഡ്സ്സ് മെട്രോ സ്റ്റേഷനിൽ നിന്നും വെറും 200 മീറ്റർ മാറിയാണ് തറവാട് റെസ്‌റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യുകെയിൽ എവിടെ നിന്നുള്ളവർക്കും നിഷ്പ്രയാസം തവാട്ടിലെത്താൻ സാധിക്കും. വൈവിധ്യമാർന്ന രുചിയുടെ തറവാട്ടിലേയ്ക്ക് ടീം തറവാട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയതോതിൽ കൂടിയതായുള്ള വാർത്തകൾ പുറത്തുവന്നു . മാർച്ചിൽ 7.54 ദശലക്ഷമായിരുന്ന വെയിറ്റിംഗ് ലിസ്റ്റ് ഏപ്രിൽ അവസാനം 7.57 ദശലക്ഷത്തിലെത്തിയതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത് . ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും വൻ തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എൻ എച്ച്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സമയത്ത് ഋഷി സുനക് പറഞ്ഞിരുന്നു. സർക്കാർ സ്വീകരിച്ച പല നടപടികൾ മൂലം വെയിറ്റിംഗ് ലിസ്റ്റ് കുറയുന്നതിന്റെ സൂചനകൾ വന്നിരുന്നു. നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ സെപ്റ്റംബറിനെക്കാൾ കുറവാണ്. സെപ്റ്റംബർ മാസത്തിലാണ് എൻഎച്ച്എസിൽ റെക്കോർഡ് വെയിറ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷം രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ആഴ്ചകളിൽ വെയിറ്റിംഗ് ലിസ്റ്റ് കുറയുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളപ്പിഴകളാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി പ്രധാനമായും ആയുധമാക്കുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനും നവീകരണത്തിനുമാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം പ്രശ്നങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയായേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഘാനയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള വിമാനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്തു. 166 കിലോഗ്രാം കൊക്കെയ്ൻ ആണ് ഇവർ യുകെയിലേക്ക് കടത്താൻ ശ്രമിച്ചത് . ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിലാണ് പ്രതികൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇത്രയും മയക്കുമരുന്നിന് ഏകദേശം 5 മില്യൺ പൗണ്ട് വിലമതിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഘാനയിലെ നാർക്കോട്ടിക് കൺട്രോൾ കമ്മീഷൻ (NACOC) ആണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത് . ആറ് സ്യൂട്ട്കേസുകൾക്കിടയിൽ ആയിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തോട് അനുബന്ധിച്ച് രണ്ടു പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാർക്ക് മയക്കുമരുന്ന് കൈമാറിയ ഘാനയിൽ നിന്നുള്ളവർ ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.
2002 -ൽ ബ്രിട്ടനിലേയ്ക്ക് 3 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കൈയ്ൻ കടത്താൻ ശ്രമിച്ച സംഘത്തെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇവർ 28 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2021 ആഗസ്റ്റിൽ ഹീത്രൂ എയർപോർട്ടിൽ വച്ച് 6 കിലോ കൊക്കയിനുമായി വന്നയാൾ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘങ്ങൾ ഘാനയിൽ സജീവമാണ്. കർശനമായ നിയമ നിർമ്മാണത്തിലൂടെ രാജ്യത്തെ മയക്കുമരുന്ന് വിപണിയെയും സംഘങ്ങളെയും അടിച്ചമർത്താനുള്ള ശ്രമത്തിലാണ് ഘാന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിനു ഭവന നിർമ്മാണത്തിനും കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിനും പണം കണ്ടെത്താൻ സമ്പന്ന വിഭാഗത്തിൽ പെട്ടവർക്ക് നികുതി വർദ്ധിപ്പിക്കുമെന്ന് ഗ്രീൻ പാർട്ടി പ്രകടനപത്രികയിൽ വ്യക്തമാക്കി. പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുന്നതും 50,270 പൗണ്ടിനു മുകളിൽ വാർഷിക വേതനത്തിൽ നാഷണൽ ഇൻഷുറൻസ് (NI) ഉയർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. നികുതി വർദ്ധനവിന്റെ കാര്യത്തിൽ സത്യസന്ധമായ നിലപാട് എടുക്കുന്ന ഒരേയൊരു പാർട്ടി തങ്ങളുടെതാണെന്ന് ഗ്രീൻ പാർട്ടി നേതാവ് അഡ്രിയാൻ റാംസെ പറഞ്ഞു,
അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി സംസാരിക്കാൻ പാർലമെൻറിൽ പാർട്ടിയുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും റാംസെ പറഞ്ഞു. 2030 ഓടെ സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി പ്രതിവർഷം 50 ബില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത്. തങ്ങൾ വിജയിക്കുമെന്ന് കരുതുന്ന 4 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.10 മില്യണിലധികം മൂല്യമുള്ള ആസ്തികൾക്ക് 1ശതമാനവും 1 ബില്യൺ പൗണ്ടിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾക്ക് 2ശതമാനവും പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത് .
മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏപ്രിൽ മാസത്തിൽ ഷെഫീൽഡിൽ വച്ച് നടന്ന വേൾഡ് സ്നൂക്കർ കപ്പ് ചാമ്പ്യൻഷിപ്പിന്റെ ബിബിസി സംപ്രേഷണം കണ്ടവർ ഒരു നിമിഷം ഞെട്ടി. ഒരു യുവാവ് അടുത്തിരുന്ന ആൺകുട്ടിയുടെ മുഖത്ത് ചുംബിക്കുകയും ചെവി കടിക്കുന്നതുമായ ദൃശ്യം കടുത്ത അസ്വസ്ഥതയാണ് ചാമ്പ്യൻഷിപ്പ് കണ്ട ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ഉണ്ടാക്കിയത്. സംഭവം വാർത്തയായതിനെ തുടർന്ന് ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഏഴ് തവണ ലോക ചാമ്പ്യനായ സ്റ്റീഫൻ ഹെൻഡ്രി കളിയുടെ ഇടവേളയിൽ സംസാരിക്കുന്ന സമയത്താണ് സംഭവം നടന്നത് . ഒരു യുവാവ് കുട്ടിയുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നതുപോലെയാണ് ആദ്യം കാഴ്ചക്കാർക്ക് തോന്നിയത്. പിന്നീട് ഇയാൾ കുട്ടിയുടെ ചെവി കടിക്കുകയായിരുന്നു. തത്സമയ സംപ്രേഷണത്തിൽ ദൃശ്യങ്ങൾ വന്നതിനെ തുടർന്ന് ആൺകുട്ടി അസ്വസ്ഥനാകുന്നതും തുടർന്ന് യുവാവ് പിന്നോട്ടു മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ കുറിച്ച് അന്വേഷിച്ചതായി സൗത്ത് യോർക്ക് ഷെയർ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ദൃശ്യങ്ങൾ അവലോകനം ചെയ്തെന്നും കുറ്റകൃത്യം ഒന്നും നടന്നിട്ടില്ലെന്നുള്ള നിഗമനത്തെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ചതായും ആണ് പോലീസ് അറിയിച്ചിരിക്കുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഒരു ദിവസം കൊണ്ട് 12 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. ആൺകുട്ടിക്ക് സംരക്ഷണം ആവശ്യമാണെന്നും യുവാവിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് പലരും പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പടിപടിയായി പണപ്പെരുപ്പം കുറഞ്ഞതും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറവ് വരുത്തുമെന്ന സൂചനകൾ നൽകിയതും ജനപ്രീതിയിൽ വൻ ഇടിവ് നേരിട്ടു കൊണ്ടിരുന്ന ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അത്ര വളർച്ച നേടിയില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് വൻ തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാർച്ചിൽ നേടിയ 0.4 ശതമാനം വളർച്ചയ്ക്ക് ശേഷം ഏപ്രിൽ മാസത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.
പ്രതിസന്ധിയിലായ റീട്ടെയിൽ മേഖല, ഉത്പാദന രംഗത്തെ മാന്ദ്യം, നിർമാണ ഉത്പാദനത്തിലെ ഇടിവ് എന്നിവ മൂലമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നേറാൻ കഴിയാതിരുന്നത് . സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. 2023 ലെ മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുകയാണെന്ന് മാർച്ചിലെ വളർച്ചാ നിരക്ക് ചൂണ്ടി കാട്ടി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ പണപെരുപ്പം നിയന്ത്രണ വിധേയമായതായും ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളോട് കൺസവേറ്റീവ് പാർട്ടിയുടെ വക്താവ് പ്രതികരിച്ചത്.
വളർച്ച നിരക്കിലെ മുരടിപ്പിന്റെ കണക്കുകൾ പുറത്തുവന്നത് വോട്ടെടുപ്പിൽ പ്രതിഫലിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. 2022 -ൽ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതൽ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാർമർ സർവേകളിൽ വളരെ മുന്നിലാണ്. ജൂലൈ നാലിന് ബ്രിട്ടനിൽ നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗം യുകെയിൽ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനെ പ്രകീർത്തിച്ച ചാൾസ് രാജാവ് ഇത് ആഘോഷിക്കൻ പുതിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സെൻ്റ് ജെയിംസ് പാലസിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഡേവിഡ് ബെക്കാം, സിയന്ന മില്ലർ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. കിംഗ് ചാൾസ് മൂന്നാമൻ ഹാർമണി അവാർഡിൻ്റെ ആദ്യ ജേതാവ് മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂൺ ആയിരുന്നു. ചടങ്ങിൽ ഫുഡ് കാമ്പെയ്‌നറും ടിവി ഷെഫുമായ ജാമി ഒലിവറിന് “അഡ്‌വക്കേറ്റ് ഓഫ് ദ ഇയർ” എന്ന അവാർഡ് ലഭിച്ചു.
ചാൾസ് രാജാവ് വളരെയധികം വിലമതിക്കുന്ന കിംഗ്സ് ഫൗണ്ടേഷൻ്റെ അവാർഡുകൾ ഈ വർഷം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരെ ആദരിക്കുന്നതിലാണ് ശ്രദ്ധ നൽകിയത്. “നമ്മൾ പ്രകൃതിയോടൊപ്പമാണ് പ്രവർത്തിക്കേണ്ടത്, അതിനെതിരെയല്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇത് അടിസ്ഥാനമാക്കി, സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, നിലവിലെ ഫൗണ്ടേഷൻ്റെ അംബാസഡറായ ഡേവിഡ് ബെക്കാം ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
അവാർഡ് സമ്മാനിച്ചവരിൽ സർ റോഡ് സ്റ്റുവർട്ട്, ഗാർഡനിങ് ഗുരു അലൻ ടിച്ച്മാർഷ്, ടിവി അവതാരകരായ സാറാ ബീനി, പാട്രിക് ഗ്രാൻ്റ്, ഷെഫ് റെയ്മണ്ട് ബ്ലാങ്ക്, എഡിറ്റർ എഡ്വേർഡ് എനിൻഫുൾ, മോഡൽ നവോമി കാംബെൽ എന്നിവരും ഉൾപ്പെടുന്നു. ചടങ്ങിൽ യുവ സംരംഭകർക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ഇസബെല്ലെ പെന്നിംഗ്ടൺ-എഡ്മീഡാണ്. ഈ വർഷത്തെ പുരസ്‌കാരങ്ങൾ കരകൗശല വൈദഗ്ധ്യം, സുസ്ഥിര ബിസിനസ്സ് സമീപനങ്ങൾ, പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള ബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സർക്കാർ വാഗ്ദാനം ചെയ്ത 500 മില്യൺ പൗണ്ടിന്റെ സബ്സിഡി പാക്കേജ് താമസിക്കുകയാണെങ്കിൽ സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണം നിർത്തിവെയ്ക്കേണ്ടതായി വരുമെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലിനീകരണം കൂടുതൽ ഉണ്ടാകുന്ന സംവിധാനങ്ങൾക്ക് പകരം വൈദ്യുതീകരിച്ച നിർമ്മാണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാണ് കമ്പനിക്ക് സബ്സിഡി നൽകാമെന്ന് ഗവൺമെൻറ് പറഞ്ഞത്. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിന് നൽകിയ റിപ്പോർട്ടിലാണ് കമ്പനി പ്രസ്തുത വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകളും ലിങ്കൺ ഷെയറിലെ ബ്രിട്ടീഷ് സ്റ്റീലിന്റെ രണ്ട് ചൂളകളുമാണ് യുകെയിൽ കാർബൺ മലിനീകരണം ഉണ്ടാകുന്നതിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. ഈ കമ്പനികൾ വൈദ്യുതീകരണത്തിലേയ്ക്ക് മാറുന്നതിലൂടെയെ മലിനീകരണം പാടെ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായാണ് യുകെ ഗവൺമെൻറ് ഈ രണ്ട് കമ്പനികൾക്കും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന തൊഴിൽ നഷ്ടം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആധുനികവൽക്കരണം നടപ്പിലാക്കുന്നത് മൂലം നിലവിൽ 2800 പേർക്ക് ടാറ്റാ സ്റ്റീൽ തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . ഇതിനെതിരെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുകയില, മദ്യം, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് (യുപിഎഫ്), ഫോസിൽ ഇന്ധനങ്ങൾ എന്നിവ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ സർക്കാരുകളോട് ആവശ്യപ്പെട്ടു. പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗത്തിനെതിരെ ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടും ഇവയുടെ നിർമ്മാതാക്കൾ ശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് ഇത്തരം ഉത്പന്നങ്ങൾ ജനങ്ങളുടെ ഇടയിൽ വിറ്റഴിക്കുന്നത് കൂടി കൊണ്ടേയിരിക്കുകയാണെന്ന് ഒരു റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.
യൂറോപ്പിലെ 53 സംസ്ഥാനങ്ങളിലായി പ്രതിദിനം 7,400-ലധികം മരണങ്ങൾക്ക് പുകയില, ഫോസിൽ ഇന്ധനങ്ങൾ, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്, മദ്യം എന്നിവ കാരണം ആകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് മേല്പറഞ്ഞ നാല് വ്യവസായങ്ങൾ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ട് . ഇത് മൊത്തം മരണനിരക്കിൻ്റെ നാലിലൊന്ന് (24.5%) വരും. യുഎൻ ആരോഗ്യ ഏജൻസിയുടെ കണ്ടെത്തലുകൾ വൻകിട കോർപ്പറേറ്റുകളുടെ ഉത്പന്നങ്ങൾ എത്രമാത്രം മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു എന്നതിൻറെ നേർചിത്രമാണ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള നയങ്ങൾക്ക് കാലതാമസം വരുത്തിയും പാളം തെറ്റിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ലാഭം വർദ്ധിപ്പിക്കാൻ മദ്യത്തിന്റെയും പുകയിലയുടെയും പോലുള്ള ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. നവീന മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ദുർബലരായ ആളുകളെ ചൂഷണം ചെയ്യുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങളുടെ നേട്ടങ്ങളെ കുറിച്ചോ അവരുടെ പാരിസ്ഥിതിക യോഗ്യതകളെ കുറിച്ചോ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തരം കമ്പനികൾ ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ ഹാൻസ് ഹെൻറി പി ക്ലൂഗെ പറഞ്ഞു . മദ്യം, പുകയില, സംസ്കരിച്ച ഭക്ഷണ പാനീയങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ എന്നിവ ആഗോളതലത്തിൽ പ്രതിവർഷം 19 ദശലക്ഷം മരണങ്ങൾക്ക് കാരണമായതായി 2023 ലെ ഗവേഷണ റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. ഇത് ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളുടെ 34% ആണ് .