Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.

സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ റോക്കറ്റ് ഫാക്ടറി ഓഗ്സ്ബർഗിൽ (ആർഎഫ്എ) യുകെയിലെ ഷെറ്റ്ലൻഡിലുള്ള സാക്സവോർഡ് സ്‌പേസ്‌പോർട്ടിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണത്തിൽ യുകെയുടെ ആദ്യത്തെ ലംബ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കാനുള്ള ആർഎഫ്എ യുടെ ശ്രമങ്ങളുടെ ഭാഗമായി ഒമ്പത് എഞ്ചിൻ ട്രയൽ ഉൾപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ആർക്കും പരുക്കുകൾ ഇല്ല. അപകടത്തിൽ ലോഞ്ച് പാഡിന് കേടുപാടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർഎഫ്എ പ്രതികരിച്ചു. വിക്ഷേപണം പരാജയപ്പെട്ടതിൻെറ കാരണം നിർണ്ണയിക്കാൻ ഒരു സ്‌പേസ്‌പോർട്ടും അധികാരികളും ചേർന്ന് പ്രവർത്തിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മാസം മുമ്പ് വിജയകരമായ ഒരു റോക്കറ്റ് പരീക്ഷണം ആർ എഫ് എ ഇവിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് സെക്കൻഡ് എഞ്ചിൻ ഫയറിംഗ് നടത്താൻ കമ്പനി തയാറായത്.

650 ഓളം നിവാസികളുള്ള ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വടക്കേ അറ്റമായ അൺസ്റ്റ്, ഇപ്പോൾ റോക്കറ്റ് വിക്ഷേപണങ്ങളുടെ പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ദ്വീപിൻ്റെ സ്ഥാനം റോക്കറ്റുകളെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പറക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ ബഹിരാകാശ വിക്ഷേപണങ്ങൾക്കായി അൺസ്റ്റ് അംഗീകരിച്ചിരുന്നു.

ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. കിഴക്കൻ മാഞ്ചസ്റ്ററിലെ ഗോർട്ടണിലാണ് ആൽബെർട്ട ഒബിനിം എന്ന സ്ത്രീ കുത്തേറ്റു മരിച്ചത്. ഇവർക്ക് 43 വയസ്സായിരുന്നു പ്രായം. മറ്റ് രണ്ട് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ആണ്. കൊലപാതകത്തിനും രണ്ട് പേരെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചതിനും ഒരാളെ അറസ്റ്റു ചെയ്തു. കത്തിയാക്രമണത്തിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും 64 വയസ്സുള്ള ഒരു പുരുഷനുമാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ 22 വയസ്സുകാരനായ പ്രതിയെ ഇരകൾക്ക് നേരത്തെ പരിചയമുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്തു വരുകയാണ്. കത്തി കുത്തിൽ യുവതി മരിക്കുകയും രണ്ട് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് കരുതുന്നതെന്ന് പോലീസ് മേധാവികൾ അറിയിച്ചു. തങ്ങളുടെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇറ്റലിയുടെ തീരത്ത് കൊടുംകാറ്റിൽ പെട്ട് ആഡംബര കപ്പൽ മുങ്ങിയ സംഭവത്തിൽ ആറ് വിനോദസഞ്ചാരികളെ കാണാതായ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഐ ടി വ്യവസായിയും 18 വയസ്സുകാരി മകളും ഇതിൽ ഉൾപ്പെടുന്ന വാർത്താ വ്യവസായ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മൈക്കിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിക്കാനായി . 184 അടി നീളമുള്ള ബേസിയൻ എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.

ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നാണ് മൈക്ക് ലിഞ്ച് അറിയപ്പെട്ടിരുന്നത്. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി തീരത്തു നിന്നും തിങ്കളാഴ്ച പുലരും മുൻപാണ് നൗക പുറപ്പെട്ടത്. അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റാണ് ദുരന്തം ഉണ്ടാകാനുള്ള കാരണം. കാണാതായ യാത്രക്കാരിൽ 4 ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമാണ് ഉള്ളത്. രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ഈ ആഡംബര കപ്പൽ ഭൂരിഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് പുലർച്ചെ സിസിലി തീരത്ത് ആഡംബര ബ്രിട്ടീഷ് കപ്പലായ ബയേസിയൻ മുങ്ങിയ സംഭവത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ ആറ് പേരെ കാണാതായതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 56 മീറ്റർ നീളമുള്ള ആഡംബര കപ്പൽ ചുഴലിക്കാറ്റിനെ തുടർന്ന് പലേർമോയ്ക്ക് സമീപം മുങ്ങുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 22 പേരിൽ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാർ ഉൾപ്പെടുന്നുണ്ട്. ഇതുവരെ 15 പേരെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ബയേഷ്യൻ എന്ന ഈ ആഡംബര കപ്പൽ ഭൂരുഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ 17 വയസ്സുകാരൻ നടത്തിയ കത്തിയാക്രമണത്തെ തുടർന്ന് നടന്ന തീവ്ര വലതുപക്ഷ കലാപത്തിന് ശേഷം യുകെയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ സുരക്ഷയെ കുറിച്ച് കൂടുതൽ ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കലാപത്തിനു മുൻപ് ഇത്തരം ആശങ്കയുള്ള മുസ്ലിം വിഭാഗത്തിൽ പെട്ടവരുടെ എണ്ണം വെറും 16 ശതമാനം മാത്രമായിരുന്നു. എന്നാൽ ഏറ്റവും പുതിയതായി നടന്ന അഭിപ്രായ സർവേയിൽ ഇത്തരം ആശങ്കകൾ ഉള്ളവരുടെ എണ്ണം 75 ശതമാനമാണെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. യുകെയിൽ ഉടനീളം നടന്ന വലതുപക്ഷ കലാപത്തിന് ശേഷം 60 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.


സൗത്ത് പോർട്ടിലെ സംഭവത്തിനുശേഷം തങ്ങൾ തദേശീയരിൽ നിന്ന് ശത്രുത നേരിട്ടതായി അഞ്ചിൽ ഒരാൾ പറഞ്ഞു. സൗത്ത് പോർട്ടിലെ ആക്രമണത്തിനു ശേഷം പ്രതിയായ 17 കാരനെ കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങൾ ആണ് തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ കലാപത്തിന് കാരണമായത്. പ്രതി യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറിയ മുസ്ലീമാണെന്ന തെറ്റായ വിവരം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്.


കുടിയേറ്റ വിരുദ്ധ കലാപവും തീവ്ര വലതുപക്ഷക്കാർക്ക് എതിരെ നടന്ന പ്രകടനങ്ങളും കടുത്ത അശാന്തിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബിഷെയർ നഗരത്തിനു സമീപം നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാർ മരണമടഞ്ഞു. ബക്‌സ്റ്റണിനടുത്തുള്ള A53 ൽ മൂന്ന് മോട്ടോർബൈക്കുകളും ഒരു വാനും ഒരു കാറും ആണ് അപകടത്തിൽപെട്ടത്. മൂന്ന് ബൈക്ക് യാത്രികരും സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു. മൂന്ന് പേർക്കും 50 നടുത്ത് പ്രായമുള്ളവരാണ്. ഇന്നലെ രാവിലെ 9. 45 നാണ് ആദ്യ അപകടം നടന്നത്.

തുടർന്ന് ഏകദേശം 10. 20 ആയപ്പോഴാണ് രണ്ടാമത്തെ അപകടം നടന്നത്. ബക്‌സ്റ്റണിനും ഡോവ് ഹോൾസിനും ഇടയിൽ ടോം തോണിന് സമീപം A6-ൽ ഒരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ആദ്യത്തെ സംഭവത്തിന് ശേഷം അപകടത്തിൽപെട്ട വാൻ ഡ്രൈവറെയും കാറിലുണ്ടായിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. രണ്ട് അപകടങ്ങളുടെയും സാക്ഷികളായവരും ഡാഷ് ക്യാം ഫോട്ടേജ് ഉള്ളവരും ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടെഡ് ബേക്കർ യുകെയിൽ ഉടനീളമുള്ള തങ്ങളുടെ ഷോപ്പുകൾ അടച്ചു പൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കമ്പനിക്ക് 31 ഷോപ്പുകൾ ആണ് യുകെയിൽ അവശേഷിപ്പിക്കുന്നത്. ഇത്രയും ഷോപ്പുകൾ അടച്ചുപൂട്ടുന്നതോടെ 500 ലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. ഫാഷൻ ബ്രാൻഡിന്റെ എല്ലാ ഷോപ്പുകളും ചൊവ്വാഴ്ച അടച്ചുപൂട്ടുന്നത് അവിടെ ജോലി ചെയ്യുന്ന മലയാളികളെയും ബാധിക്കും.


ടെഡ് ബേക്കറിൻ്റെ നടത്തിപ്പുകാരായ നോ ഓർഡിനറി ഡിസൈനർ ലേബൽ (NODL) വൻ സാമ്പത്തികം നേരിട്ടതാണ് അടച്ചുപൂട്ടലിന് വഴി വച്ചത്. കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിൽ പിടിച്ചു നിൽക്കാൻ കമ്പനിക്കായില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ഈ വർഷം ഏപ്രിലിൽ നോ ഓർഡിനറി ഡിസൈനർ ലേബലിൻ്റെ (NODL) ഉടമകൾ 15 കടകൾ പൂട്ടുകയും 300 നടുത്ത് ജോലികൾ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. തകർച്ച നേരിടുന്നതിന് മുമ്പ് ടെഡ് ബേക്കറിന് യുകെയിൽ ആകെ 975 ജീവനക്കാർ ഉണ്ടായിരുന്നു. 46 ഷോപ്പുകൾ കൂടാതെ കമ്പനിക്ക് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഉണ്ടായിരുന്നു.

യുഎസ് സ്ഥാപനമായ ഓതൻ്റിക് ബ്രാൻഡ്സ് ഗ്രൂപ്പിന് ടെഡ് ബേക്കറിൽ നിക്ഷേപം ഉണ്ട്. അതേസമയം യുകെയിലെ ബ്രാൻഡിൻ്റെ ഹോൾഡിംഗ് കമ്പനിയാണ് NODL . 1988 ൽ ഗ്ലാസ്ഗോയിൽ പുരുഷൻമാർക്കുള്ള വസ്ത്ര ഫാഷൻ ബ്രാൻഡായാണ് ടെഡ് ബേക്കർ ആരംഭിച്ചത്. പിന്നീട് യുകെയിലും യുഎസിലും ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഷോപ്പുകൾ ആരംഭിച്ച കമ്പനിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. 2019 -ൽ ടെഡ് ബേക്കറിൻ്റെ സ്ഥാപകനായ റേ കെൻവിൻ മോശം പെരുമാറ്റ ആരോപണത്തെ തുടർന്ന് പടിയിറങ്ങിയതോടെയാണ് കമ്പനിയുടെ ശനിദശ ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ പിൻഗാമിയായ ലിൻഡ്സെ പേജും ചെയർമാൻ ഡേവിഡ് ബേൺസ്റ്റൈനും കമ്പനിയെ ലാഭത്തിലേയ്ക്ക് എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് സോണിയ അനിൽ മരണമടഞ്ഞു . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

വീട്ടിൽ കുഴഞ്ഞു വീണയുടനെ അടിയന്തിര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ലിയയും ലൂയിസും ആണ് അനിൽ -സോണിയ ദമ്പതിമാരുടെ മക്കൾ.

കോട്ടയത്തിനടുത്തുള്ള ചിങ്ങവനമാണ് കേരളത്തിൽ ഇവരുടെ സ്വദേശം. കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) റെഡ്ഡിച്ചിൻ്റെ സജീവ പ്രവർത്തകയായിരുന്ന സോണിയ അനിലിന്റെ നിര്യാണത്തിൽ കെസിഎ റെഡ്ഡിച്ചിൻ്റെ പ്രസിഡൻറ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിൻ മാത്യുവും ട്രഷറർ ജോബി ജോണും അനുശോചനം അറിയിച്ചു.

സോണിയ അനിലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആൻഡ്രൂ രാജകുമാരൻെറ സുരക്ഷാ ഉദ്യോഗസ്ഥരെ ചാൾസ് രാജാവ് പുറത്തക്കിയതിന് പിന്നാലെ അദ്ദേഹം റോയൽ ലോഡ്ജ് വസതിയിൽ നിന്നും പുറത്ത് പോകേണ്ടിവരുമെന്ന് റിപോർട്ടുകൾ. ശരത്കാലം മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ആൻഡ്രൂ രാജകുമാരന് ആവശ്യം ഇല്ലെന്നാണ് രാജാവ് അറിയിച്ചത്. ആൻഡ്രൂവിൻെറ സഹോദരനായ ചാൾസ് മൂന്നാമൻ രാജാവിൻ്റെ തീരുമാനത്തെ തുടർന്ന് ഡ്യൂക്ക് ഓഫ് യോർക്ക് ആയ ആൻഡ്രൂ രാജകുമാരന് റോയൽ ലോഡ്ജിലെ തൻെറ വസതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ആൻഡ്രൂവിൻ്റെ പോലീസ് സംരക്ഷണം പിൻവലിച്ചതിനെ തുടർന്ന് 2022 മുതൽ ചാൾസ് രാജാവാണ് സ്വകാര്യ സുരക്ഷയ്ക്കായി പണം നൽകിയിരുന്നത്. മുൻ ഭാര്യ സാറാ ഫെർഗൂസണൊപ്പം ലോഡ്ജിൽ താമസിക്കുന്ന ആൻഡ്രൂ, 75 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. യുഎസിൽ ആൻഡ്രൂവിനെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കപ്പെട്ടതോടെ അദ്ദേഹവും ചാൾസ് മൂന്നാമൻ രാജാവും തമ്മിലുള്ള ബന്ധം കുറച്ചുകാലമായി പിരിമുറുക്കത്തിലായിരുന്നു.

ഈ സാഹചര്യത്തിൽ ആൻഡ്രൂ ഒരിക്കലും പൊതു ജോലികളിലേക്ക് മടങ്ങിവരില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആൻഡ്രൂവിന് റോയൽ ലോഡ്ജ് വിടേണ്ടി വന്നേക്കുമെന്നും അദ്ദേഹത്തിൻെറ സുരക്ഷ നീക്കം ചെയ്യുന്നത് അത്തരമൊരു നീക്കത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൊട്ടാരത്തിലെ ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു. ആൻഡ്രൂ രാജകുമാരൻ്റെ സുരക്ഷാ ടീമിൻെറ കരാർ ഈ വർഷം ഒക്ടോബറിൽ അവസാനിക്കും. 2022-ൽ ആൻഡ്രൂവിൻെറ രാജകീയ പദവികൾ നീക്കം ചെയ്‌തിരുന്നു.

RECENT POSTS
Copyright © . All rights reserved