Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂടൗൺവാർഡ്‌സിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബോംബ് കണ്ടെത്തിയത് ആശങ്ക പരത്തി. ന്യൂടൗൺവാർഡ്‌സിലെ റിവൻ വുഡ് ഏരിയയിൽ ആണ് ബോംബ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഈ പ്രദേശത്തു നിന്നും അടിയന്തിരമായി ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

മോവില്ല റോഡിലെ റിവൻവുഡ് ഹൗസിംഗ് ഡെവലപ്‌മെൻ്റിൽ കണ്ടെത്തിയ ബോംബ് 450 കുടുംബങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 400 മീറ്റർ ചുറ്റളവിലുള്ള വീടുകളും മറ്റ് സ്ഥാപനങ്ങളും ഇന്ന് തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ ആണ് കൈ കൊണ്ടിരിക്കുന്നത്. ആളുകളെ ഒഴിപ്പിക്കാനും ബോംബ് നിർവീര്യമാക്കാനും അഞ്ചോ അതിലധികമോ ദിവസങ്ങൾ എടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഈ വർഷം ആദ്യം 500 കിലോഗ്രാം ഭാരമുള്ള രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പ്ലിമൗത്തിൽ കണ്ടെത്തിയിരുന്നു. അന്ന് അവിടെ നിന്ന് ആയിര കണക്കിന് ആളുകളെ ആണ് ഒഴിപ്പിക്കേണ്ടതായി വന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമൻ എയർഫോഴ്സ് യുകെയിൽ 30,000 ടൺ ബോംബുകൾ വർഷിച്ചതായാണ് കണക്കുകൾ. ഇത്തരം ബോംബുകൾ പലതും പൊട്ടിത്തെറിക്കാതിരിക്കുകയും പിന്നീട് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. പൊട്ടാത്ത ബോംബുകൾ കൈകാര്യം ചെയ്യുന്നതിന് യുകെയിൽ കർശനമായ പ്രോട്ടോക്കോൾ ഉണ്ട്. ഒരു ബോംബ് കണ്ടെത്തിയാൽ, സാധാരണയായി പ്രദേശം വളയുകയും സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു ബോംബ് ഡിസ്പോസൽ യൂണിറ്റിനെ വിളിക്കുകയും ചെയ്യും. പൊട്ടാത്ത ബോംബുകൾ കൈകാര്യം ചെയ്യുന്നതിന് യുകെയിൽ കർശനമായ പ്രോട്ടോക്കോൾ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയ്ക്ക് ഫീൽഡിൽ മുൻ ഭാര്യയുടെ കാമുകനെ ക്രൂരമായി മർദ്ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ അതിക്രമം കാണിച്ചത്. കിടപ്പു മുറിയിൽ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ ക്രൂരമായി ഇഷ്ടിക കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ക്രൂരമായ ആക്രമണത്തെ തുടർന്ന് കടപ്പുമുറിയിലാകെ രക്തം കെട്ടി കിടക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ ആൺ സുഹൃത്തിനെ പിന്തുടർന്ന് ആക്രമണം തുടരുകയും ചെയ്തു. വീടിനു പുറത്ത് ഇവർ തമ്മിലുള്ള അടിപിടി തുടർന്നതായി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.


സംഭവത്തിൽ 36 വയസ്സുകാരനായ മക്‌സിമിയുക്ക് കുറ്റം ചെയ്തതായി കോടതിയിൽ സമ്മതിച്ചു. മുൻ ഭാര്യ നൽകിയ പരാതിയിൽ ഇയാൾ വെയ്ക്ക്‌ഫീൽഡിലെ ലുപ്‌സെറ്റിലെ ഗാർഗ്രേവ് പ്ലേസിലെ വീട്ടിൽ കവർച്ച നടത്തിയതായി ആദ്യം ആരോപിച്ചിരുന്നു . എന്നാൽ പിന്നീട് ആ കുറ്റം ഒഴിവാക്കി. മക്‌സിമിയുക്കിനും മുൻ ഭാര്യയിൽ മൂന്ന് കുട്ടികൾ ആണ് ഉള്ളത്. തൻറെ ഭാര്യയുടെ കാമുകനെ ആക്രമിക്കാൻ ചെന്നപ്പോൾ അയാളുടെ ഒപ്പം അവരുടെ ഇളയ മകളും ഉണ്ടായിരുന്നു. നേരത്തെയും തന്റെ പങ്കാളിയെ ആക്രമിച്ചതിന് ഇയാൾക്ക് എതിരെ കേസ് ഉണ്ടായിരുന്നു. മക്‌സിമിയുക്കിന് 18 മാസത്തെ ജയിൽ ശിക്ഷയും 250 മണിക്കൂർ ശമ്പളമില്ലാത്ത ജോലിയും കോടതി ശിക്ഷ വിധിച്ചു. ഇതു കൂടാതെ ഇരയ്ക്ക് 500 പൗണ്ട് നഷ്ടപരിഹാരവും നൽകണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭൂമിയുടെ ഉപരിതലത്തിൻ്റെ പകൽ സമയ ചിത്രങ്ങളും വീഡിയോകളും പകർത്താൻ കഴിയുന്ന ആദ്യത്തെ സൈനിക ഉപഗ്രഹം യുകെ വിക്ഷേപിച്ചു. ടൈഷെ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹം ബ്രിട്ടീഷ് സായുധ സേനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രകൃതിദുരന്തങ്ങൾ നിരീക്ഷിക്കാനും സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്താനും ഉപഗ്രഹം സഹായിക്കും.


കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ വിഷേപണ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ബഹിരാകാശത്തു നിന്നുള്ള രഹസ്യ നിരീക്ഷണത്തിന് മിനിസ്ട്രി ഓഫ് ഡിഫൻസ് വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് ടൈഷെ. സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിലെ 100 ഓളം വരുന്ന ശാസ്ത്രജ്ഞരുടെ മേൽ നോട്ടത്തിലാണ് ടൈഷെ രൂപകൽപന ചെയ്തത്.


യുകെ സ്‌പേസ് കമാൻഡിൻ്റെ കമാൻഡർ മേജർ ജനറൽ പോൾ ടെഡ്‌മാൻ ടൈഷെയുടെ വികസനത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. യുകെയുടെ ബഹിരാകാശ ഗവേഷണത്തിന് ഇത് അഭിമാനകരമായ ദിവസമാണെന്നാണ് വിജയകരമായ ഉപഗ്രഹ വിക്ഷേപണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആധുനിക സൈനിക പ്രതിരോധ സംവിധാനങ്ങളിൽ ഉപഗ്രഹങ്ങൾക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുള്ള ഉപഗ്രഹങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൻ്റെ വലിയ ഭാഗങ്ങൾ നിരീക്ഷിക്കാൻ കഴിയും . അതിനാൽ ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെ വിലയിരുത്താൻ ഉപഗ്രഹങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. പരമ്പരാഗത ആശയവിനിമയ ശൃംഖലകൾ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ പോലും സൈനിക ഉപഗ്രഹങ്ങൾ സായുധ സേനകൾക്കിടയിൽ സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം സാധ്യമാക്കും. ഇൻഫ്രാറെഡ് സെൻസറുകൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾക്ക് ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കണ്ടെത്താനും ആക്രമണങ്ങളെ കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും കഴിയും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാൽ ഉൽപ്പന്നങ്ങളോട് കടുത്ത അലർജിയുള്ള 13 കാരി പെൺകുട്ടി കോസ്റ്റ കോഫിയിൽ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് കുടിച്ച് മരിച്ചത് അലർജിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തത് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. കിഴക്കൻ ലണ്ടനിലെ ബാർക്കിംഗിൽ നിന്നുള്ള ഹാനാ ജേക്കബ്സ് എന്ന പെൺകുട്ടിക്ക് കുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ തന്നെ പാൽ, മത്സ്യം, മുട്ട എന്നിവയോട് കടുത്ത അലർജി ഉണ്ടായിരുന്നു. 2022 ഫെബ്രുവരി എട്ടിന് പശുവിന്റെ പാൽ അടങ്ങിയിരിക്കുന്ന പാനീയം കുടിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു ഹാനാ മരണപ്പെട്ടത്.

കോസ്റ്റ കോഫിയിൽ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് ആണ് ഹാനായുടെ അമ്മ അവൾക്കായി വാങ്ങി നൽകിയത്. എന്നാൽ ഓർഡർ എടുത്ത വ്യക്തിയും, ഹാനായുടെ അമ്മയും തമ്മിലുള്ള ആശയവിനിമയത്തിൽ ഉണ്ടായ പരാജയവും, അതോടൊപ്പം തന്നെ അലർജിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് ഈ മരണത്തിൻ്റെ മൂല കാരണമെന്ന് അസിസ്റ്റൻ്റ് കൊറോണർ ഡോ. ഷെർലി റാഡ്ക്ലിഫ് വ്യക്തമാക്കി. മരണദിവസം ഹാനായൊ അമ്മയൊ അലർജി ഉണ്ടായാൽ ഉടനടി നൽകേണ്ട എപ്പിനെഫ്രിൻ ഇഞ്ചക്ഷൻ കൈവശം വെച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ഹോട്ട് ചോക്ലേറ്റിലെ ഒരു ഘടകം മൂലമുണ്ടായ ഹൈപ്പർസെൻസിറ്റീവ് അനാഫൈലക്‌റ്റിക് റിയാക്ഷൻ തുടർന്നാണ് ഹാനാ മരിച്ചതെന്ന് കണ്ടെത്തി. ഇൻക്വസ്റ്റിന് ശേഷം നടത്തിയ പ്രസ്താവനയിൽ, തന്റെ മകളുടെ അലർജിയെ സംബന്ധിച്ച് താൻ വളരെ ശ്രദ്ധാലുവായിരുന്നുവെന്നും, മകളും ഈ അവസ്ഥയെ വളരെ ഗൗരവമായാണ് കണ്ടതെന്നും ഹാനായുടെ അമ്മ അബിയിംബോല ഡ്യൂയിൽ വ്യക്തമാക്കി. അലർജി ട്രെയിനിങ് പലയിടത്തും കൃത്യമായ രീതിയിൽ ഗൗരവമായ തരത്തിൽ എടുത്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഹാനായുടെ നഷ്ടം ഒരു ദുരന്തമാണെന്നും ഹാനയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും തങ്ങളുടെ ദുഃഖം അറിയിക്കുന്നതായും കോസ്റ്റ് കോഫി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും, കൊറോണറുടെ അഭിപ്രായങ്ങൾ കൃത്യമായി ശ്രദ്ധിച്ച് വേണ്ടവിധ എല്ലാ പരിഗണനകളും നൽകുമെന്നും കോസ്റ്റ കോഫി അധികൃതർ വ്യക്തമാക്കി. അലർജിയെ കുറിച്ച് വേണ്ടവിധ ബോധവത്കരണം നൽകുവാൻ ഗവൺമെന്റ് ഉടനടി ഇടപെടണമെന്ന ആവശ്യവും ഹാനായുടെ മാതാവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹീത്രു എയർപോർട്ടിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ അടുത്തമാസം പണിമുടക്കാൻ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബർ മാസത്തിൽ ഏകദേശം 23 ദിവസമാണ് നൂറുകണക്കിന് ബോർഡർ ഫോഴ്സ് ഓഫീസർമാർ പണിമുടക്ക് നടത്തുന്നത് . പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓണത്തിൻറെ സമയത്ത് നിരവധി മലയാളികൾ ആണ് ഹീത്രു എയർപോർട്ട് വഴി കേരളത്തിലേയ്ക്ക് യാത്ര തിരിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.


പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ഏകദേശം 650 അംഗങ്ങൾ ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെ പണിമുടക്കും. അതിനുശേഷം സെപ്റ്റംബർ 22 വരെ അധിക ജോലികൾ ചെയ്യാതിരിക്കുക ഓവർടൈം എടുക്കാതിരിക്കുക തുടങ്ങിയ നിസ്സഹകരണ നടപടികൾ തുടരാനാണ് തൊഴിലാളി യൂണിയനുകൾ ആലോചിക്കുന്നത്. ഹീത്രുവിന്റെ വിവിധ ടെർമിനലുകളിൽ പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബോർഡർ ഫോഴ്സിന്റെ സമരം എയർപോർട്ടിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.

ഹീത്രു എയർപോർട്ടിലെ പണിമുടക്ക് വേനൽ കാല അവധി കഴിഞ്ഞെത്തുന്ന യാത്രക്കാരെ വളരെ അധികം ബുദ്ധിമുട്ടിക്കുമെന്ന് അറിയാമെന്ന് പിസിഎസ് ജനറൽ സെക്രട്ടറി ഫ്രാൻ ഹീത്‌കോട്ട് പറഞ്ഞു. തങ്ങളുടെ അംഗങ്ങളുടെ ആശങ്കകൾക്ക് തൊഴിലുടമകൾ പരിഗണിച്ചാൽ പണിമുടക്ക് ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിച്ച ബോർഡർ ഫോഴ്സിലെ അംഗങ്ങളാണ് വിമാനത്താവളങ്ങളിൽ സേവനം അനുഷ്ഠിക്കുന്നത്. മികച്ച സേവന വേതന വ്യവസ്ഥകൾ മുന്നോട്ട് വെച്ചാണ് ബോർഡർ ഫോഴ്സ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് യുകെയിൽ ഒട്ടാകെ ആളി പടർന്ന കുടിയേറ്റ വിരുദ്ധ ലഹളയിൽ ചുക്കാൻ പിടിച്ചവർക്ക് ശിക്ഷകൾ നടപ്പിലാക്കി തുടങ്ങി. രണ്ട് പേർക്ക് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ ലഭിച്ചതാണ് ഇപ്പോൾ വൻ വാർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഡേവിഡ് വിൽക്കിൻസൺ, ജോൺ ഹണി എന്നിവർക്കാണ് ഏറ്റവും കൂടുതൽ കാലയളവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റൊമാനിയൻ പൗരന്മാരുടെ കാർ ഹള്ളിൽ ആക്രമിച്ചതിന് ഇവർക്ക് 6 വർഷം തടവാണ് ലഭിച്ചിരിക്കുന്നത്.


ഇത് കൂടാതെ ജോൺ ഹണിക്ക് കടകൾ കൊള്ളയടിച്ചതിന് മറ്റൊരു നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപത്തിന്റെ പേരിൽ 1000 ലധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതുവരെ 99 പേരെയെങ്കിലും വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹള്ളിൽ അതിക്രൂരമായാണ് റൊമാനിയൻ പൗരന്മാർ ആക്രമണത്തിന് ഇരയായത് . ഒടുവിൽ അവർ കാർ ഉപേക്ഷിച്ച് അടുത്തുള്ള ഹോട്ടലിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.


യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത്‌പോർട്ട് കത്തി ആക്രമണത്തിനിടെ കുത്തേറ്റ യോഗാ അധ്യാപികയെ ശ്വാസതടസ്സം മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബം അറിയിച്ചു. മൂന്ന് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ടെയ്‌ലർ സ്വിഫ്റ്റ്-തീം ഡാൻസ് ക്ലാസിൻ്റെ സംഘാടകരിലൊരാളായിരുന്നു 35 കാരിയായ ലിയാൻ ലൂക്കാസ്. അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയാണ് ലിയാൻ ലൂക്കോസിന് കുത്തേറ്റത്.

ജൂലൈ 29 -ന് നടന്ന ആക്രമണത്തിന് ശേഷം അവളുടെ നില വളരെ ഗുരുതരമായിരുന്നു. ആറും എട്ടും ഒൻപതും വയസ്സുകാരായ മൂന്ന് പെൺകുട്ടികൾ ആണ് സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് അവർ കുട്ടികളെ മറ്റൊരു റൂമിലേക്ക് മാറ്റിയതു കൊണ്ടാണ് കൂടുതൽ കുട്ടികൾ അപകടത്തിൽ പെടാതിരുന്നത്. കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അവൾക്ക് കുത്തേറ്റത്. അവളുടെ പ്രവർത്തികളെ വളരെ ധീരമാണെന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ ഒന്നടങ്കം വാഴ്ത്തിയത്.


സൗത്ത് പോർട്ടിലെ കത്തിയാക്രമണം ബ്രിട്ടനിലാകെ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത്. അക്രമം നടത്തിയ 17 കാരൻ അനധികൃതമായി കുടിയേറിയതാണെന്നുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രവചിച്ചതിന് യുകെയിൽ ഉടനീളം കലാപം ആളി കത്തിക്കുന്നതിന് കാരണമായിരുന്നു. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പ് :- ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായി ഒരു യൂറോപ്പ്യൻ രാജ്യത്തിൽ എംപോകസിന്റെ മാരകമായ സ്ട്രെയിൻ സ്ഥിരീകരിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ രോഗം പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വീഡനിൽ രോഗം റിപ്പോർട്ട് ചെയ്തത്. കൂടുതൽ തീവ്രമായ ക്ലാഡ് 1 എന്ന സ്‌ട്രെയിനാണ് സ്വീഡനിൽ കണ്ടെത്തിയത് എന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യത്തിൽ രോഗം കണ്ടെത്തിയതിന് തുടർന്ന്, വളരെ പെട്ടെന്ന് തന്നെ യുകെയിലേക്കും രോഗം എത്തുമെന്ന ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് രോഗം തീവ്രമായി പടരുന്ന സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന ഇതിനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും വൈറസ് പടർന്നുപിടിക്കുന്നതിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, 2020 ജനുവരി അവസാനം കോവിഡിനും ലോക ആരോഗ്യ സംഘടന ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. യുകെയിൽ ഉടൻതന്നെ കേസുകൾ ഉണ്ടാകുമെന്ന സൂചനയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നൽകിയത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) പോലെയുള്ള രാജ്യങ്ങളിൽ നിലവിൽ വ്യാപകമായി പടരുന്ന എംപോക്സ്, 2022-ൽ യൂറോപ്പിൽ എത്തിയതിൽ നിന്നും വ്യത്യസ്തവും മാരകവുമായ സ്‌ട്രെയിനാണ്. നിലവിൽ പടർന്നുകൊണ്ടിരിക്കുന്ന സ്‌ട്രെയിൻ, ബാധിക്കുന്ന 20 പേരിൽ ഒരാളുടെ മരണത്തിന് കാരണമാകുന്നു എന്നത് തികച്ചും ആശങ്കാജനകമാണ്. ബ്രിട്ടനിൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തര മാർഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. മുൻപ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ്, സാധാരണയായി രോഗം ബാധിച്ച വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും രോഗം പകരാം. ശരീരം മുഴുവൻ ചെറിയ തരത്തിലുള്ള കുരുക്കൾ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. യൂറോപ്പിലെ ആരോഗ്യ മേഖല മെച്ചപ്പെട്ടതായതിനാൽ മരണ നിരക്കുകൾ കുറയ്ക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കലാപ ശ്രമങ്ങൾക്ക് കുറ്റം ചുമത്തപ്പെട്ട ആദ്യ വ്യക്തിയായി ഒരു 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി മാറി. ആഗസ്റ്റ് 2 ന് സണ്ടർലാൻഡിൽ നടന്ന പ്രശ്നങ്ങളോട് ബന്ധപ്പെട്ടാണ് ഇയാൾ പ്രതിയായിരിക്കുന്നത് എന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ നീണ്ട ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത് . 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് മേൽ ഈ രീതിയിൽ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക് പത്തുവർഷം ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഗസ്റ്റ് 2- ന് സണ്ടർലാൻഡിൽ നടന്ന കലാപത്തിലാണ് ഇയാൾ പങ്കെടുത്തത്. ആഗസ്റ്റ് 2 ന് നടന്ന സണ്ടർലാൻഡ് കലാപത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ഗുരുതരമായ കുറ്റങ്ങൾ നേരിടേണ്ടി വരുമെന്ന് നോർത്തുംബ്രിയ പോലീസിലെ അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ അലസ്റ്റർ സിംപ്സൺ പറഞ്ഞു.

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ നിരവധി പേരാണ് അറസ്റ്റിലായത്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങും ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണവുമൊക്കെ ക്യാൻസർ രോഗം വരാനുള്ള കാരണങ്ങളിൽ പെട്ടതാണെന്ന് തെളിയിക്കുന്ന ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവർക്ക് കൂടുതലായി ക്യാൻസർ രോഗം വരുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരിൽ ഉളവാക്കിയിരിക്കുന്നത്. 2023 – ലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും ചെറുപ്പക്കാരിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെയിൽ മാത്രം ഇത് 25% വർദ്ധനവ് ആണ് കാണിക്കുന്നത്.

50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും മാറിയ ഭക്ഷണ ശൈലികൾ രോഗത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ വർദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് അല്ലെങ്കിൽ അൾട്രാ പ്രോസസ്ഡ് ഫുഡും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്നാണ് കാൻസർ റിസർച്ച് യുകെയിലെ ഗൈനക്കോളജിസ്റ്റും ചീഫ് ക്ലിനിക്കുമായ പ്രൊഫസർ ചാൾസ് സ്വൻ്റൺ അഭിപ്രായപ്പെട്ടു . കുറഞ്ഞ നാരുകളും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ രൂപപ്പെടുന്ന കുടലിലെ ബാക്ടീരിയകൾ ക്യാൻസറിന് കാരണമാകുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.


ജങ്ക് ഫുഡിലും അൾട്രാ പ്രോസസ്ഡ് ഫുഡിലും നാരുകളുടെ അംശം തീരെയില്ല. അതു മാത്രമല്ല ഇത്തരം ഭക്ഷണങ്ങളിൽ പോഷകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവ ചെറിയ അളവിൽ കഴിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും വഴിവെക്കും. പൊണ്ണത്തടി പലതരത്തിലും ക്യാൻസർ രോഗങ്ങൾക്ക് നേരിട്ടുള്ള കാരണമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡിന് പുറമേ ഹാം അല്ലെങ്കിൽ ബേൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യതയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved