ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈൻ നദിയിൽ കാണാതായ രണ്ട് ആൺകുട്ടികളിൽ ഒരാൾ മരണമടഞ്ഞു. രണ്ടാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോർത്തംബർലാൻഡിലെ ഓവിംഗ്ഹാം പാലത്തിന് സമീപമാണ് കുട്ടികൾ ടൈൻ നദിയിൽ അകപ്പെട്ടത് . മുങ്ങി മരിച്ച ആൺകുട്ടിക്ക് 14 വയസ്സായിരുന്നു പ്രായം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നയാൾക്ക് 13 വയസ്സാണ് പ്രായം.
നോർത്തംബർലാൻഡിലെ ഓവിംഗ്ഹാം പാലത്തിന് സമീപമുള്ള ടൈൻ നദിയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് മൂത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചത്തെ വിപുലമായ തിരച്ചിലിൽ നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ്, ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസ് (ജിഎൻഎഎഎസ്), നോർത്തുംബ്രിയ പോലീസ് , വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എന്നിവരും പങ്കുചേർന്നിരുന്നു. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ എല്ലാ മാനസിക പിന്തുണയും മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹെലീന ബാരൺ പറഞ്ഞു. നേരത്തെ 2022 ലും ഇതേ സ്ഥലത്ത് 12 വയസ്സുകാരനായ ഒരു ആൺകുട്ടി മരിച്ചിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയപ്പെട്ട പേരുകളിൽ മുൻപന്തിയിലായിരുന്നു ചാൾസ് എന്നത്. ചാൾസ് മാത്രമല്ല ഹാരിയും വില്യമും ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ പേരുകൾ എന്നും ജനപ്രിയമാണ്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചാൾസ് എന്നത് ജനപ്രിയ പേരുകളുടെ ആദ്യ നൂറിൽ ഇടം പിടിച്ചില്ല.
ആൺകുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രചാരമുള്ള 100 പേരുകളിൽ നിന്ന് ബ്രിട്ടന്റെ രാജാവിൻറെ ചാൾസ് എന്ന പേര് പുറത്തായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒലീവിയയും നോഹയെയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏറ്റവും ജനപ്രിയ നാമങ്ങളായി കഴിഞ്ഞ വർഷവും തുടർന്നു. ഫ്രഞ്ച് പേരുകളായ ഒട്ടിലി, എലോഡി, ഗ്രീക്ക് ഒഫീലിയ, ഐറിഷ് മേവ് എന്നിവ പെൺകുട്ടികളുടെ പേരുകൾ എന്ന നിലയിൽ വൻ ജനപ്രീതി നേടിയതായി കണക്കുകൾ കാണിക്കുന്നു. രാജ്യത്തിൻറെ മൊത്തം പട്ടികയിൽ നിന്ന് ചാൾസ് പുറത്തായെങ്കിലും ഇംഗ്ലണ്ടിന്റെ മാത്രം ലിസ്റ്റ് എടുക്കുമ്പോൾ ചാൾസ് എന്ന പേര് 100-ാം സ്ഥാനത്തുണ്ട്.
ചാൾസ് രാജാവിൻറെ മക്കളിൽ വില്യം 24-ാം സ്ഥാനത്തും ഹാരി 15-ാം സ്ഥാനത്തുമായാണ് പട്ടികയിൽ ഉള്ളത്. പട്ടികയിൽ ചാൾസ് രാജാവിൻ്റെ കൊച്ചുമക്കളിൽ ജോർജ്ജ് (3 ), ലൂയിസ് (48), ഷാർലറ്റ് (26), ആർച്ചി (11) എന്നിവരും ഉൾപ്പെടുന്നു . ഹാരി രാജകുമാരൻ്റെ മകളുടെ പേരായ ലിലിബെറ്റ് ആദ്യ 100-ൽ ഇടം നേടിയിട്ടില്ല. പെൺകുട്ടികൾക്കുള്ള പേരുകളുടെ പട്ടികയിൽ എലിസബത്ത് 60-ാം സ്ഥാനത്തെത്തി, 2017-ൽ അവസാനമായി ആദ്യ 100-ൽ ഇടംപിടിച്ച വിക്ടോറിയ ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായി .
ഒലിവിയ, അമേലിയ, ഇസ്ലാ, അവ, ലില്ലി, ഐവി, ഫ്രെയ, ഫ്ലോറൻസ്, ഇസബെല്ല, മിയ എന്നിവയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പെൺകുട്ടികൾക്കായി നൽകിയ ആദ്യ 10 ജനപ്രിയ പേരുകൾ.
നോഹ, മുഹമ്മദ്, ജോർജ്ജ്, ഒലിവർ, ലിയോ, ആർതർ, ഓസ്കാർ, തിയോഡോർ, തിയോ, ഫ്രെഡി എന്നിവയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികൾക്കായി നൽകിയ ആദ്യ 10 ജനപ്രിയ പേരുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് യുവാക്കൾ നദിയിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി . നോർത്തംബർലാൻഡിലെ ടൈൻ നദിയിൽ ആണ് ദുരന്തം നടന്നിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഓവിംഗ്ഹാമിലെ ഓവിംഗ്ഹാം പാലത്തിന് സമീപമാണ് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. ആംബുലൻസ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ ഉൾപ്പെടെയുള്ള എമർജൻസി സർവീസുകൾ നിലവിൽ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ് .
നദിയിൽ മുങ്ങിയ യുവാകുളുടെ ജീവനെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും പെഗ്‌സ്‌വുഡിൽ നിന്ന് രണ്ട് സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ യൂണിറ്റുകളെയും വിന്യസിച്ചതായി നോർതംബർലാൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചു. പോലീസ്, ആംബുലൻസ് സർവീസ്, മൗണ്ടൻസ് റെസ്ക്യൂ സർവീസ് എന്നിവ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ് എന്ന് ഒരു വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഹെപ്പറ്റൈറ്റിസ് വൈറസ് പടർന്ന് പിടിക്കുന്നുവെന്ന ബിബിസി വാർത്തയ്ക്ക് പിന്നാലെ ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റുകളുടെ ആവശ്യകതയിൽ വൻ വർദ്ധനവ്. 1970-കളിൽ രോഗബാധിതരായവരുടെ രക്തം സ്വീകരിച്ചത് വഴി 27,000 പേർക്ക് രോഗം പിടിപ്പെട്ടിരുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച് സമാന സാഹചര്യത്തിൽ രോഗം പിടിപെട്ട 1,700 പേർക്ക് ഇതുവരെ രോഗനിർണ്ണയം നടത്തിയിട്ടില്ല എന്ന് പറയുന്നു.
ഹെപ്പറ്റൈറ്റിസ് ചികിൽസിച്ചില്ലെങ്കിൽ വിട്ടുമാറാത്ത കരൾ രോഗത്തിന് കാരണമാകാറുണ്ട്. “നിശബ്ദ കൊലയാളി” എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് സി തുടക്കത്തിൽ കുറച്ച് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. രാത്രിയിൽ വിയർക്കുന്നത്, ചർമ്മത്തിലെ ചൊറിച്ചിൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങളിൽ ചിലത്. വൈറസ് ബാധ ഉള്ളവർ ലിവർ സിറോസിസും അനുബന്ധ ക്യാൻസറുകളും മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.
ബിബിസി പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ എൻഎച്ച്എസ് ഹോം ടെസ്റ്റിംഗ് കിറ്റുകൾ അഭ്യർഥിച്ചത് 12,800 ആളുകളാണ്. ഏപ്രിൽ മാസം ആകെ 2,300 കിറ്റുകൾ വിറ്റ സ്ഥാനത്താണ് കിറ്റുകളുടെ ആവശ്യകതയിലുള്ള വർദ്ധനവ്. ഹെപ്പറ്റൈറ്റിസ് സിയുടെ അപകടസാധ്യതകളെ കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാണ് എന്നതിനുള്ള തെളിവാണിതെന്ന് അധികൃതർ പറയുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശനിയാഴ്ച ഉച്ച മുതൽ വെയിൽസ്, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാൻഡ്‌സിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത. രണ്ട് മണിക്കൂറിനുള്ളിൽ ചില സ്ഥലങ്ങളിൽ 30 മില്ലിമീറ്റർ (1.6 ഇഞ്ച്) മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിൽ തുടർച്ചയായി പെയ്യുന്നത് മൂലം 50 മില്ലിമീറ്റർ (2 ഇഞ്ച്) വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട് കാണുന്ന കനത്ത മഴയും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ മുന്നറിയിപ്പ്, ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ട് വരെയാണുള്ളത്. വെയിൽസിലെ നോർത്ത് വെയിൽസും പെംബ്രോക്‌ഷയറും ഒഴികെയുള്ള 22 കൗൺസിൽ ഏരിയകളിൽ 16ലും മുന്നറിയിപ്പ് ബാധകമാണ്.
യുകെയുടെ മറ്റ് ഭാഗങ്ങളിൽ ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ചൂട് കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ രാജ്യത്തൊട്ടാകെ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മദ്യപാനത്തിൻെറ ദുരുപയോഗം മൂലം ബ്രിട്ടനിൽ ആരോഗ്യ-സാമൂഹിക മേഖലയിൽ പ്രതിവർഷം 27 ബില്യൺ പൗണ്ട് വരെ ചിലവുകൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. എൻഎച്ച്എസ്, സോഷ്യൽ സർവീസസ്, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം, ലേബർ മാർക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകൾ അനുസരിച്ചുള്ള ചിലവുകൾ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. സമാനമായി ക്യാബിനറ്റ് ഓഫീസ് നടത്തിയ ഗവേഷണത്തിൽ മദ്യപാനത്തിൻെറ ദുരുപയോഗം മൂലമുള്ള അധിക ചിലവ് 18.5 ബില്യൺ മുതൽ 20 ബില്യൺ പൗണ്ട് വരെ വരുന്നതായി കണ്ടെത്തി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് (IAS) നടത്തിയ പഠനത്തിൽ മദ്യത്തിൻെറ ദുരുപയോഗം മൂലം ആരോഗ്യ സേവന മേഖലയിൽ പ്രതിവർഷം 4.9 ബില്യൺ പൗണ്ടാണ് ചിലവാകുന്നതെന്ന് കണ്ടെത്തി. ഇതിൽ 3 ബില്യൺ പൗണ്ടിലധികവും ആക്സിഡന്റ് ആൻഡ് എമർജൻസി (എ ആൻഡ് ഇ) സന്ദർശനങ്ങളിൽ നിന്നും ആശുപത്രി പ്രവേശനങ്ങളിൽ നിന്നുമാണ്. ഏപ്രിലിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022-ൽ 10,048 പേർ മരിച്ചത് മദ്യപാനം മൂലമുള്ള കാരണങ്ങൾ മൂലമാണ്. 2001 മുതൽ ഉള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വിവിധ തരത്തിലുള്ള ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സിറോസിസ്, സ്ട്രോക്ക്, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് മദ്യപാനം ഒരു കാരണമാണ്.
വ്യക്തികളിലും സമൂഹത്തിലും മദ്യം സ്വാധീനം ചെലുത്തുന്നുണ്ട്. മദ്യത്തിൻെറ ദുരുപയോഗം മൂലം ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് പ്രതിവർഷം 14.6 ബില്യൺ പൗണ്ട് ചിലവാകുന്നുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും അമിത മദ്യപാനത്തിൻെറ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന് സോഷ്യൽ സർവീസസിന് പ്രതിവർഷം ഏകദേശം £3 ബില്യൺ ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഡെവോണിൽ മലിനജലത്തിലൂടെ പകരുന്ന അസുഖങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഡെവോണിൽ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 എണ്ണമായി ആണ് കൂടിയിരിക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയിലധികം പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോൺ പ്രദേശത്ത് നേരെത്തെ 22 പേർക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്.
നീണ്ട വയറിളക്കത്തിന് കാരണമാകുന്ന രോഗമായ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ആണ് അറിയിച്ചത് . ഇത് കൂടാതെ 100 പേർക്ക് രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. വയറിളക്കത്തിന് കാരണമാകുന്ന അണുക്കൾ ഇവിടെ വിതരണം ചെയ്യുന്ന ജലത്തിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചിരുന്നു. രോഗത്തിൻറെ ഉറവിടം ഇല്ലാതാക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏകദേശം 16,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളം തിളപ്പിച്ച് കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പിൽ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തൽകുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . സംഭവത്തിൽ ഖേദിക്കുന്നതായി സൗത്ത് വെസ്റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ചീഫ് എക്‌സിക്യൂട്ടീവ് സൂസൻ ഡേവി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് വിചാരണ നേരിട്ട അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 30 വയസ്സുകാരിയായ അധ്യാപിക റെബേക്ക ജോയിൻസാണ് 15 വയസ്സുകാരായ രണ്ടു വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് വിചാരണ നേരിട്ടത്. പ്രായപൂർത്തിയാകാത്തതിനാലും സ്വകാര്യതയെ മുൻനിർത്തിയും വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് ഇവർ രണ്ടാമത്തെ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഈ ബന്ധത്തിൽ അവർ ഗർഭിണിയാവുകയും ചെയ്തു . അധ്യാപിക എന്ന നിലയിൽ തന്റെ പദവി ഇവർ ദുരുപയോഗം ചെയ്തതായും തൻറെ ജോലിയുടെ മാന്യത കാത്തുസൂക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.
പബ്ലിക് ഗാലറിയിൽ ഇരുന്ന റെബേക്ക ജോയിൻസിൻ്റെ മാതാപിതാക്കൾ ഒന്നും പ്രതികരിച്ചില്ല. എന്നാൽ ജോയിൻസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ആൺകുട്ടികളുടെ മാതാപിതാക്കൾ ആഹ്ലാദപ്രകടനം നടത്തി. ജൂലൈ നാലിന് കോടതി ഈ കേസിൽ അന്തിമ വിധി പറയും. ദുരുപയോഗത്തിനിരയായ ആൺകുട്ടികളുടെ മാതാപിതാക്കളുടെ ഇടപെടലാണ് അറസ്റ്റിന് വഴിവെച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും പ്രധാനമന്ത്രി ഋഷി സൂനകിനെ ബാധിച്ചിട്ടില്ല. ഒരു വർഷം കൊണ്ട് ഋഷി സുനകിന്റെയും ഭാര്യ അക്ഷതാ മൂർത്തിയുടെയും സ്വകാര്യസമ്പത്ത് കുതിച്ചുയർന്നത് 120 മില്യൺ പൗണ്ടാണ് . ഇതോടെ സമ്പന്നരുടെ പട്ടികയിൽ ഇവരുടെ സ്ഥാനം ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സുനകിന്റെയും മൂർത്തിയുടെയും സമ്പത്ത് 651 മില്യൺ പൗണ്ടായാണ് കണക്കാക്കപ്പെടുന്നത്. ഇത് 2023 -ൽ 529 മില്യൺ പൗണ്ടായിരുന്നു. ഇവരുടെ സ്വത്തിൽ കഴിഞ്ഞവർഷം ഉണ്ടായ ഉയർച്ചയിൽ കൂടുതലും അക്ഷതാമൂർത്തിയുടെ പിതാവ് നാരായണമൂർത്തി സ്ഥാപിച്ച ഇന്ത്യൻ ഐടി സ്ഥാപനമായ ഇൻഫോസിസുമായി ബന്ധപ്പെട്ടാണ്.
ഋഷി സുനകിൻ്റെ നേതൃത്വത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ അഭിപ്രായ സർവേകളിൽ നിലവിലെ ഭരണപക്ഷം വളരെ പിറകിലാണ്. തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ എംപിയായി തുടരുമെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചാൾസ് രാജാവിന്റെയും സമ്പത്ത് 600 മില്യണിൽ നിന്ന് 610 മില്യൺ പൗണ്ടായി ഉയർന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തി ചേരുക എന്നത് മലയാളികളുടെ സ്വപ്നമാണ് . കേരളത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പളവും ജീവിതസാഹചര്യങ്ങളുമാണ് മലയാളികൾ കൂടുതലായി ബ്രിട്ടനിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ. എന്നാൽ യുകെയിലേയ്ക്കുള്ള വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഏജൻസികൾ എന്ന പേരിൽ വൻ തട്ടിപ്പ് സംഘവും സജീവമാകുന്നതിൻ്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരാണ് കേരളത്തിൽ അറസ്റ്റിലായിരിക്കുന്നത്. സ ച്ചി സൊലുഷ്യൻ എന്ന റിക്രൂട്ട്മെൻറ് സ്ഥാപന ഉടമകളായ രാഖി ഐസക്കും സന്തോഷ് തോമസുമാണ് ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത് . പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയത്. ലൈസൻസ് ഇല്ലാതെയാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്.
പല ഏജൻസികളും ഉദ്യോഗാർത്ഥികളിൽ നിന്ന് കൊള്ളപ്പണം ഈടാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ വാർത്തയായിരുന്നു. കെയർ മേഖലയിലെ വിസയ്ക്കായാണ് കടുത്ത ചൂഷണം നടന്നിരിക്കുന്നത്. 20 ലക്ഷം വരെയാണ് കെയർ മേഖലയിലെ വിസയ്ക്കായി പല മലയാളികളും ഏജൻസികൾക്ക് നൽകേണ്ടിവന്നത്. ജോലി ചെയ്യുന്ന കെയർ ഹോമിൻ്റെ ലൈസൻസ് റദ്ദാക്കിയത് മൂലം വഴിയാധാരമായ മലയാളികളെ കുറിച്ചുള്ള വാർത്ത അടുത്തയിടെ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ രാജ്യം വിടാനാണ് ഇവരോട് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോടും കെയറർമാരോടും നിലവിലെ കുടിയേറ്റ നയത്തെ കുറിച്ച് ബോധവാന്മാരാകണമെന്നാണ് ഈ അവസരത്തിൽ മലയാളം യുകെ ന്യൂസിന് പറയാനുള്ളത് . നിലവിൽ കെയർ വിസയിൽ പോകുന്നവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതുപോലെതന്നെ ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ സ്റ്റുഡൻറ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസ അനുവദിക്കുന്നില്ല. യുകെയിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.