Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് കർശന പരിശോധന ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാരകമായ രാസപദാർത്ഥങ്ങൾ സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ . ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം.


രണ്ട് കമ്പനികളുടെ ഉത്പന്നങ്ങളിലാണ് അമിത അളവിൽ കീടനാശിനി കണ്ടെത്തിയത് . ഇതോടെ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാൻ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കടുത്ത സുരക്ഷാ പരിശോധന നടത്തുന്ന രാജ്യമാണ് യുകെ. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത്തരം ഉത്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ആണ് ഏർപ്പെടുത്തുക.


എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്. ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിൽ നിന്ന് വീണ് 5 വയസ്സുകാരനായ ആൺകുട്ടി മരിച്ചു. ന്യൂ സിറ്റി റോഡിലെ ജേക്കബ്സ് ഹൗസിൻ്റെ മുകളിലത്തെ നിലയിൽ നിന്നാണ് കുട്ടി വീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പതിനഞ്ചാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കടുത്ത ഞെട്ടലോടെയാണ് ദാരുണ സംഭവത്തെ കുറിച്ച് ഫ്ലാറ്റിലുള്ള മറ്റ് അന്തേവാസികൾ പ്രതികരിച്ചത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ അത്യാഹിത വിഭാഗവും പോലീസും അടിയന്തിരമായി സ്ഥലത്ത് എത്തി ചേർന്നിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡിന്റെ പുതിയ ജനിതക വകഭേദം യുകെയിൽ വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ വൈറസ് മാരകമാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. യുഎസിലും ഇതേ വൈറസ് തന്നെ പടരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

FLiRT എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്റെ വ്യാപനം കടുത്തതാണെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ പുതിയ കേസുകളിൽ 30 ശതമാനവും ഈ വിഭാഗത്തിൽപ്പെട്ടവയാണ് .യുഎസിലുള്ള കോവിഡ് കേസുകളിൽ നാലിൽ ഒന്നും FLi RT വൈറസ് ബാധിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വസന്തകാലത്ത് അണുബാധ നിരക്ക് കുറഞ്ഞതിനു ശേഷം യുകെയിൽ ഉടനീളം കോവിഡ് കേസുകൾ സാവധാനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 80 ശതമാനം ആൾക്കാരിലും രോഗലക്ഷണമായി മൂക്കൊലിപ്പ് ഉണ്ടാകുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് കൂടാതെ രുചിയോ മണമോ നഷ്ടപ്പെടുന്ന രോഗലക്ഷണവും പലരിലും കാണുന്നുണ്ട്.

മെയ് 7 – ന് അവസാന ആഴ്ചയിലെ കണക്കുകൾ പ്രകാരം യുകെയിൽ 1985 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 25 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെയും FLiRT ബാധിക്കാമെന്ന് യുഎസിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കോവിഡ് പടർന്നു പിടിക്കുകയാണെങ്കിൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് . രോഗം കൂടുന്നതു കൊണ്ട് ആളുകൾ വാക്സിൻ എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് യുകെഎച്ച്എസ്എയുടെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ. മേരി റാംസെ ആഴ്ച പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ നാൾ മുൻപ് തന്നെ ഭാവിയിൽ ക്യാൻസർ രോഗം വരുമെന്ന് തിരിച്ചറിയാനുള്ള സാധ്യത തെളിഞ്ഞു. ലളിതമായ ഒരു രക്ത പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭാവിയിൽ ഇത് രോഗം കണ്ടെത്താൻ മാത്രമല്ല രോഗത്തെ പൂർണമായും തുടച്ചുനീക്കാനും പ്രയോജന പ്രദമാണെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.


ക്യാൻസർ റിസർച്ച് യുകെയുടെ ധനസനസഹായത്തോടെ നടത്തിയ പഠനമാണ് നിർണ്ണായകമായ നേട്ടത്തിന് കാരണമായത്. വളരെ മുൻപ് തന്നെ ക്യാൻസർ വരാനുള്ള സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന രക്തത്തിലെ പ്രോട്ടീനുകളെ പഠനത്തിൽ കണ്ടെത്തി. രോഗം വരാൻ സാധ്യതയുള്ളവരിൽ 7 വർഷം മുൻപു വരെ ഇത്തരം പ്രോട്ടീനുകളെ കണ്ടെത്താനാവുമെന്നാണ് ഗവേഷണ ഫലം പറയുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ 19 വ്യത്യസ്‌ത തരം കാൻസറുമായി ബന്ധപ്പെട്ട 618 പ്രോട്ടീനുകളെ ആണ് തിരിച്ചറിഞ്ഞത് . രോഗനിർണയത്തിന് ഏഴുവർഷം മുൻപ് വരെയാണ് ഇവരിൽനിന്ന് രക്തം ശേഖരിച്ചത്. ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ തന്നെ രക്തത്തിൽ ഇത്തരം പ്രോട്ടീനുകളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കണ്ടെത്തിയത് രോഗനിർണയത്തിനും ചികിത്സയ്ക്കും വളരെ നിർണായകമാകുമെന്നാണ് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.


പഠനത്തിന്റെ തുടക്കത്തിൽ 44,000 – ലധികം ബ്രിട്ടീഷുകാരിൽ നിന്ന് എടുത്ത രക്തസാമ്പിളുകളാണ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്. ഇതിൽ 4900 ലധികം ആളുകൾക്ക് പിന്നീട് അർബുദം കണ്ടെത്തി. ക്യാൻസർ വന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രോട്ടീനുകളെ സംഘം താരതമ്യം ചെയ്തു. രോഗം വന്നവരിലും അല്ലാത്തവരിലുമായി കണ്ടെത്തിയ പ്രോട്ടീനുകളെ വിശകലനം ചെയ്ത് 7 വർഷം മുൻപു വരെ രോഗം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായകമായുള്ള കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ക്യാൻസർ രോഗികളിലുള്ള പ്രോട്ടീനുകൾ പരിശോധിക്കാനും നിർദ്ദിഷ്ട അർബുദങ്ങൾ വരുന്നതിൽ ഏതൊക്കെ പ്രോട്ടീനുകൾക്ക് പങ്കുണ്ട് എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമുക്കുണ്ട് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റൂത്ത് ട്രാവിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെയാണ് എൻഎച്ച്എസ് കടന്നുപോകുന്നത്. ഗുരുതരമായ രോഗം ബാധിച്ചവർക്കു പോലും ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം ആണ് കാത്തിരിക്കേണ്ടി വരുന്നത്. എൻഎച്ച്എസിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റിയതിന് തുടർച്ചയായി നടക്കുന്ന സമരങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. നേഴ്സുമാർ നടത്തി വന്നിരുന്ന സമരം നീണ്ട ചർച്ചകൾക്കും ശമ്പളപരിഷ്കരണങ്ങൾക്കും ഒടുവിൽ അവസാനിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി ജൂനിയർ ഡോക്ടർമാർ പല സമയത്തിലും സമരം തുടർന്നുകൊണ്ടിരിക്കുകയാണ്.

ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരവും പ്രതിഷേധങ്ങളും അവസാനിച്ചേക്കാമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ശമ്പള തർക്കത്തിൽ ചർച്ചകൾക്കായി സർക്കാരിനെ കാണാൻ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമ്മതിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. നേരത്തെ ഡിസംബറിൽ നടന്ന ചർച്ചകൾക്ക് ശേഷം രണ്ടു കൂട്ടരുടെ ഭാഗത്തുനിന്നും ഔപചാരിക ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരു സുപ്രധാന ചൂടുവെയ്പ്പാണെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പറഞ്ഞു.


ഒരു മധ്യസ്ഥനുമായി ചർച്ചകൾക്ക് ഇരുപക്ഷവും തയ്യാറായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി 35% ശമ്പള വർദ്ധനവ് ബിഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം 9 ശതമാനത്തിൽ താഴെ മാത്രമാണ് സർക്കാർ നൽകിയത്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കം സർക്കാർ എങ്ങനെ പരിഹരിക്കും എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു ചർച്ചകളുടെ വിജയം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടും കുറ്റവാളികൾ ജാമ്യത്തിൽ ഇറങ്ങി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മിനിസ്റ്ററി ഓഫ് ജസ്റ്റിസിൻ്റെ കണക്കുകൾ പ്രകാരം 2020 നും 2022 നും ഇടയിൽ 900 ലൈംഗിക കുറ്റകൃത്യങ്ങളാണ് ജാമ്യത്തിലിറങ്ങിയ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾ ചെയ്തു കൂട്ടിയത്. ഓരോ വർഷവും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

2020 – ൽ 184 ലൈംഗിക കുറ്റങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2021 -ൽ അത് 326 ഉം 2022 -ൽ 377 ഉം ആയി വർദ്ധിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾ ജാമ്യത്തിലിറങ്ങി പൊതുസമൂഹത്തിന് ഭീഷണിയായി മാറുന്നതിന്റെ ചൂണ്ടുപലകകളാണ് കുറ്റകൃത്യങ്ങളിലെ ക്രമാതീതമായ വർദ്ധനവ് കാണിക്കുന്നത്. കുറ്റം ചെയ്തു ശിക്ഷ അനുഭവിക്കുന്ന പലരിലും ജയിൽവാസം യാതൊരുവിധ പരിവർത്തനവും നടത്തുന്നില്ല എന്നതിന്റെ തെളിവായി ജാമ്യകാലയളവിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്.


ഈ നില തുടർന്നാൽ നാല് വർഷ കാലയളവിൽ ജാമ്യത്തിലിറങ്ങുന്നവർ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളും എണ്ണം ആയിരം കടക്കുവാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നത് നിയമസംവിധാനത്തിന്റെയും നീതിന്യായ വ്യവസ്ഥകളുടെയും പരാജയമാണെന്ന് ചാരിറ്റുകളും നിയമ വിദഗ്ധരും മുന്നറിയിപ്പ് നൽകി. പല കുറ്റവാളികളുടെയും വിചാരണ നീണ്ടതിനാൽ ജാമ്യം ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ അപകടസാധ്യത കുറഞ്ഞ പ്രതികളെ ജാമ്യത്തിൽ വിടാനുള്ള നീക്കം പൊതുവെ നടക്കുന്നുണ്ട് . ഇതിനെ തുടർന്നാണ് സമൂഹ മനസ്സാക്ഷികളെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോൺ പ്രദേശത്ത് 22 പേർക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കൾ ഇവിടെ വിതരണം ചെയ്യുന്ന ജലത്തിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചിരുന്നു.

രോഗത്തിൻറെ ഉറവിടം ഇല്ലാതാക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി (യുകെ എച്ച് എസ് എ ) ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിരോധശേഷി കുറഞ്ഞവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പിൽ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തൽകുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . ഡെവോൺ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്സ്ഹാമിലെ താമസക്കാരായ 70 പേർക്കും വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെക്കുറിച്ച് കൂടുതൽ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്രവാദ പ്രവർത്തനങ്ങൾ ചുമത്തി മൂന്ന് പേരെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇംഗ്ലണ്ടിലെ ജൂതസമൂഹങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ അക്രമം അഴിച്ചുവിടാനാണ് ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. വാലിദ് സാദൗയി (36), അമർ ഹുസൈൻ (50), വാലിദിൻ്റെ സഹോദരൻ ബിലേൽ സാദൗയി (35) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർ ഐഎസ് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം 2023 -ൽ ആരംഭിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

മൂന്ന് പേരെയും കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ഹാജരാക്കിയത്. ഇവർ ഭീകര പ്രവർത്തനത്തിന് വേണ്ടി ആയുധം സംഭരിക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. ജൂത സമൂഹത്തെ കൂടാതെ പോലീസിനെയും സൈനികരെയും ഇവർ ലക്ഷ്യം വെച്ചിരുന്നതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭീകര ആക്രമണത്തിനുള്ള ആയുധം ശേഖരിക്കാൻ പ്രതികൾ ഒരു ഭവനവും ഉപയോഗിച്ചിരുന്നു. മെയ് 8 ന് വൈകുന്നേരം 7.30 ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടൺ, അബ്രാം, ഹിൻഡ്‌ലി, ഗ്രേറ്റ് ലിവർ ഏരിയകളിൽ നടത്തിയ റെയ്ഡാണ് അറസ്റ്റിലേക്ക് നയിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇതിൻപ്രകാരം ഇനിമുതൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് 9 വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും. ഗർഭനിരോധനം പോലുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകുന്നത് 13 വയസ്സിനു ശേഷമായിരിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഗവൺമെൻറ് പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് .


സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ റിലേഷൻഷിപ്പ്, സെക്സ്, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവയെ കുറിച്ച് വിശദമായ മാർഗ്ഗരേഖകൾ ഉണ്ടാകും. കൂടാതെ ലിംഗ ഭേദത്തെ കുറിച്ച് എങ്ങനെ വിശദീകരിക്കണമെന്ന കാര്യങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടും. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഒരു വിദഗ്ധ സമിതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനമാക്കിയുള്ളതാണ് . ഇതിൻറെ അടിസ്ഥാനത്തിൽ 5 ക്ലാസിന് മുൻപുള്ള ഏതെങ്കിലും രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ഇല്ലാതാകും.


എന്നിരുന്നാലും 9 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന പ്രശ്നാധിഷ്ഠിത കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ സ്കൂളുകൾക്ക് അനുമതിയുണ്ടാകും. ഉദാഹരണത്തിന് ഒരു ചെറിയ കുട്ടി അനുചിതമായ ചിത്രം മറ്റുള്ളവരുമായി പങ്കുവെച്ചാൽ എന്തുചെയ്യണമെന്ന് തുടങ്ങിയ കാര്യങ്ങൾക്ക് ഉചിതമായ രീതിയിൽ ഇടപെടലുകൾ നടത്താൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. സർക്കാർ നിർദേശങ്ങൾ ഇതുവരെ അന്തിമമായിട്ടില്ല. മന്ത്രി തല ചർച്ചകൾക്ക് ശേഷം നിർദ്ദേശങ്ങൾക്ക് അന്തിമരൂപം ആകുകയുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നു. ഇതിൻ പ്രകാരം പോസ്റ്റ് സ്റ്റഡി വർക്ക് വിസ തുടർന്നും യുകെയിൽ എത്തുന്ന ഇൻറർനാഷണൽ വിദ്യാർത്ഥികൾക്ക് ലഭിക്കും. പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം ഇല്ലെങ്കിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2030 ഓടെ 6 ലക്ഷം വിദേശ വിദ്യാർത്ഥികളെയാണ് യുകെയിലെ സർവകലാശാലകൾ ലക്ഷ്യമിടുന്നത് .

പോസ്റ്റ് സ്റ്റഡി വർക്ക് വിസ ദുരുപയോഗം ചെയ്തു എന്നതിന് തെളിവില്ലെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ കണ്ടെത്തൽ. എന്നിരുന്നാലും വിദ്യാർത്ഥി വിസകളുടെ കാര്യത്തിൽ ഇടനില നിൽക്കുന്ന ഏജൻ്റുമാരുടെ ചൂഷണം ഉണ്ടാകുന്നതായി കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പോസ്റ്റ് സ്റ്റഡി വിസ നിലനിർത്തുന്നതിനെ കുറിച്ചും നിർത്തലാക്കുന്നതിനെ കുറിച്ചും ഗൗരവമായി ചർച്ചകൾ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റ് സ്റ്റഡി വിസ യുകെയിലെ സർവകലാശാലകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമോ എന്നതും ചർച്ചാ വിഷയമായിരുന്നു.


കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നത് ഋഷി സുനക് സർക്കാർ അടുത്തിടെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . ഇതിൻറെ ഭാഗമായി ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ ഉള്ളവർക്ക് ആശ്രിത വിസയിൽ ബന്ധുക്കളെ യുകെയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിയന്ത്രണം നിലവിൽ വന്നിരുന്നു . എന്നാൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിർത്തലാക്കിയാൽ യുകെയിലെ സർവകലാശാലകൾക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ പുതിയ നിർദ്ദേശത്തിന് പിന്നിലെന്നുമാണ് പൊതുവെ കരുതുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള കനത്ത ഫീസാണ് തദേശീയരായ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള ചിലവ് ലഘൂകരിക്കുന്നതിന് സർവ്വകലാശാലകളെ പ്രാപ്തരാക്കുന്നത്.


2023-ൽ മൊത്തം 1.14 ലക്ഷം ഗ്രാജ്വേറ്റ് റൂട്ട് വിസകളാണ് അനുവദിച്ചത് . ഇതിന്റെ ഭാഗമായി 30,000 ആശ്രിതർക്കാണ് വിസ നൽകിയത് . ഇന്ത്യ, ചൈന, പാകിസ്ഥാൻ, നൈജീരിയ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനത്തിനായി യുകെയിൽ എത്തുന്നവരിൽ ഭൂരിപക്ഷവും .ഇതിൽ ആകെ അനുവദിച്ച വിസകളിൽ 40 ശതമാനവും ഇന്ത്യക്കാർക്കാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിലനിർത്തിയെങ്കിലും ആശ്രിത വിസയിൽ വന്ന നയമാറ്റം മലയാളികൾക്ക് വൻ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ സമീപഭാവിയിൽ യുകയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved