Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ മാസത്തിൽ ഷെഫീൽഡിൽ വച്ച് നടന്ന വേൾഡ് സ്നൂക്കർ കപ്പ് ചാമ്പ്യൻഷിപ്പിന്റെ ബിബിസി സംപ്രേഷണം കണ്ടവർ ഒരു നിമിഷം ഞെട്ടി. ഒരു യുവാവ് അടുത്തിരുന്ന ആൺകുട്ടിയുടെ മുഖത്ത് ചുംബിക്കുകയും ചെവി കടിക്കുന്നതുമായ ദൃശ്യം കടുത്ത അസ്വസ്ഥതയാണ് ചാമ്പ്യൻഷിപ്പ് കണ്ട ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് ഉണ്ടാക്കിയത്. സംഭവം വാർത്തയായതിനെ തുടർന്ന് ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഏഴ് തവണ ലോക ചാമ്പ്യനായ സ്റ്റീഫൻ ഹെൻഡ്രി കളിയുടെ ഇടവേളയിൽ സംസാരിക്കുന്ന സമയത്താണ് സംഭവം നടന്നത് . ഒരു യുവാവ് കുട്ടിയുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നതുപോലെയാണ് ആദ്യം കാഴ്ചക്കാർക്ക് തോന്നിയത്. പിന്നീട് ഇയാൾ കുട്ടിയുടെ ചെവി കടിക്കുകയായിരുന്നു. തത്സമയ സംപ്രേഷണത്തിൽ ദൃശ്യങ്ങൾ വന്നതിനെ തുടർന്ന് ആൺകുട്ടി അസ്വസ്ഥനാകുന്നതും തുടർന്ന് യുവാവ് പിന്നോട്ടു മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


സംഭവത്തെ കുറിച്ച് അന്വേഷിച്ചതായി സൗത്ത് യോർക്ക് ഷെയർ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ദൃശ്യങ്ങൾ അവലോകനം ചെയ്തെന്നും കുറ്റകൃത്യം ഒന്നും നടന്നിട്ടില്ലെന്നുള്ള നിഗമനത്തെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ചതായും ആണ് പോലീസ് അറിയിച്ചിരിക്കുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഒരു ദിവസം കൊണ്ട് 12 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. ആൺകുട്ടിക്ക് സംരക്ഷണം ആവശ്യമാണെന്നും യുവാവിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് പലരും പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പടിപടിയായി പണപ്പെരുപ്പം കുറഞ്ഞതും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറവ് വരുത്തുമെന്ന സൂചനകൾ നൽകിയതും ജനപ്രീതിയിൽ വൻ ഇടിവ് നേരിട്ടു കൊണ്ടിരുന്ന ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അത്ര വളർച്ച നേടിയില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് വൻ തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാർച്ചിൽ നേടിയ 0.4 ശതമാനം വളർച്ചയ്ക്ക് ശേഷം ഏപ്രിൽ മാസത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.


പ്രതിസന്ധിയിലായ റീട്ടെയിൽ മേഖല, ഉത്പാദന രംഗത്തെ മാന്ദ്യം, നിർമാണ ഉത്പാദനത്തിലെ ഇടിവ് എന്നിവ മൂലമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നേറാൻ കഴിയാതിരുന്നത്‌ . സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. 2023 ലെ മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുകയാണെന്ന് മാർച്ചിലെ വളർച്ചാ നിരക്ക് ചൂണ്ടി കാട്ടി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ പണപെരുപ്പം നിയന്ത്രണ വിധേയമായതായും ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളോട് കൺസവേറ്റീവ് പാർട്ടിയുടെ വക്താവ് പ്രതികരിച്ചത്.

വളർച്ച നിരക്കിലെ മുരടിപ്പിന്റെ കണക്കുകൾ പുറത്തുവന്നത് വോട്ടെടുപ്പിൽ പ്രതിഫലിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. 2022 -ൽ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതൽ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാർമർ സർവേകളിൽ വളരെ മുന്നിലാണ്. ജൂലൈ നാലിന് ബ്രിട്ടനിൽ നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗം യുകെയിൽ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനെ പ്രകീർത്തിച്ച ചാൾസ് രാജാവ് ഇത് ആഘോഷിക്കൻ പുതിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സെൻ്റ് ജെയിംസ് പാലസിൽ നടന്ന സമ്മാനദാന ചടങ്ങിൽ ഡേവിഡ് ബെക്കാം, സിയന്ന മില്ലർ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. കിംഗ് ചാൾസ് മൂന്നാമൻ ഹാർമണി അവാർഡിൻ്റെ ആദ്യ ജേതാവ് മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂൺ ആയിരുന്നു. ചടങ്ങിൽ ഫുഡ് കാമ്പെയ്‌നറും ടിവി ഷെഫുമായ ജാമി ഒലിവറിന് “അഡ്‌വക്കേറ്റ് ഓഫ് ദ ഇയർ” എന്ന അവാർഡ് ലഭിച്ചു.

ചാൾസ് രാജാവ് വളരെയധികം വിലമതിക്കുന്ന കിംഗ്സ് ഫൗണ്ടേഷൻ്റെ അവാർഡുകൾ ഈ വർഷം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരെ ആദരിക്കുന്നതിലാണ് ശ്രദ്ധ നൽകിയത്. “നമ്മൾ പ്രകൃതിയോടൊപ്പമാണ് പ്രവർത്തിക്കേണ്ടത്, അതിനെതിരെയല്ല” എന്ന് അദ്ദേഹം പറഞ്ഞു. ഇത് അടിസ്ഥാനമാക്കി, സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, നിലവിലെ ഫൗണ്ടേഷൻ്റെ അംബാസഡറായ ഡേവിഡ് ബെക്കാം ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

അവാർഡ് സമ്മാനിച്ചവരിൽ സർ റോഡ് സ്റ്റുവർട്ട്, ഗാർഡനിങ് ഗുരു അലൻ ടിച്ച്മാർഷ്, ടിവി അവതാരകരായ സാറാ ബീനി, പാട്രിക് ഗ്രാൻ്റ്, ഷെഫ് റെയ്മണ്ട് ബ്ലാങ്ക്, എഡിറ്റർ എഡ്വേർഡ് എനിൻഫുൾ, മോഡൽ നവോമി കാംബെൽ എന്നിവരും ഉൾപ്പെടുന്നു. ചടങ്ങിൽ യുവ സംരംഭകർക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ഇസബെല്ലെ പെന്നിംഗ്ടൺ-എഡ്മീഡാണ്. ഈ വർഷത്തെ പുരസ്‌കാരങ്ങൾ കരകൗശല വൈദഗ്ധ്യം, സുസ്ഥിര ബിസിനസ്സ് സമീപനങ്ങൾ, പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള ബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സർക്കാർ വാഗ്ദാനം ചെയ്ത 500 മില്യൺ പൗണ്ടിന്റെ സബ്സിഡി പാക്കേജ് താമസിക്കുകയാണെങ്കിൽ സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണം നിർത്തിവെയ്ക്കേണ്ടതായി വരുമെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മലിനീകരണം കൂടുതൽ ഉണ്ടാകുന്ന സംവിധാനങ്ങൾക്ക് പകരം വൈദ്യുതീകരിച്ച നിർമ്മാണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനാണ് കമ്പനിക്ക് സബ്സിഡി നൽകാമെന്ന് ഗവൺമെൻറ് പറഞ്ഞത്. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിന് നൽകിയ റിപ്പോർട്ടിലാണ് കമ്പനി പ്രസ്തുത വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.


സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകളും ലിങ്കൺ ഷെയറിലെ ബ്രിട്ടീഷ് സ്റ്റീലിന്റെ രണ്ട് ചൂളകളുമാണ് യുകെയിൽ കാർബൺ മലിനീകരണം ഉണ്ടാകുന്നതിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. ഈ കമ്പനികൾ വൈദ്യുതീകരണത്തിലേയ്ക്ക് മാറുന്നതിലൂടെയെ മലിനീകരണം പാടെ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായാണ് യുകെ ഗവൺമെൻറ് ഈ രണ്ട് കമ്പനികൾക്കും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്.


പദ്ധതി നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന തൊഴിൽ നഷ്ടം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആധുനികവൽക്കരണം നടപ്പിലാക്കുന്നത് മൂലം നിലവിൽ 2800 പേർക്ക് ടാറ്റാ സ്റ്റീൽ തൊഴിൽ നഷ്ടപ്പെടുമെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . ഇതിനെതിരെ ടാറ്റാ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുകയില, മദ്യം, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് (യുപിഎഫ്), ഫോസിൽ ഇന്ധനങ്ങൾ എന്നിവ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ സർക്കാരുകളോട് ആവശ്യപ്പെട്ടു. പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗത്തിനെതിരെ ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടും ഇവയുടെ നിർമ്മാതാക്കൾ ശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് ഇത്തരം ഉത്പന്നങ്ങൾ ജനങ്ങളുടെ ഇടയിൽ വിറ്റഴിക്കുന്നത് കൂടി കൊണ്ടേയിരിക്കുകയാണെന്ന് ഒരു റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.


യൂറോപ്പിലെ 53 സംസ്ഥാനങ്ങളിലായി പ്രതിദിനം 7,400-ലധികം മരണങ്ങൾക്ക് പുകയില, ഫോസിൽ ഇന്ധനങ്ങൾ, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്, മദ്യം എന്നിവ കാരണം ആകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് മേല്പറഞ്ഞ നാല് വ്യവസായങ്ങൾ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ട് . ഇത് മൊത്തം മരണനിരക്കിൻ്റെ നാലിലൊന്ന് (24.5%) വരും. യുഎൻ ആരോഗ്യ ഏജൻസിയുടെ കണ്ടെത്തലുകൾ വൻകിട കോർപ്പറേറ്റുകളുടെ ഉത്പന്നങ്ങൾ എത്രമാത്രം മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു എന്നതിൻറെ നേർചിത്രമാണ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്.


വിവിധ രാജ്യങ്ങളുടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള നയങ്ങൾക്ക് കാലതാമസം വരുത്തിയും പാളം തെറ്റിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ലാഭം വർദ്ധിപ്പിക്കാൻ മദ്യത്തിന്റെയും പുകയിലയുടെയും പോലുള്ള ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. നവീന മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ദുർബലരായ ആളുകളെ ചൂഷണം ചെയ്യുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങളുടെ നേട്ടങ്ങളെ കുറിച്ചോ അവരുടെ പാരിസ്ഥിതിക യോഗ്യതകളെ കുറിച്ചോ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തരം കമ്പനികൾ ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ ഹാൻസ് ഹെൻറി പി ക്ലൂഗെ പറഞ്ഞു . മദ്യം, പുകയില, സംസ്കരിച്ച ഭക്ഷണ പാനീയങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ എന്നിവ ആഗോളതലത്തിൽ പ്രതിവർഷം 19 ദശലക്ഷം മരണങ്ങൾക്ക് കാരണമായതായി 2023 ലെ ഗവേഷണ റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. ഇത് ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളുടെ 34% ആണ് .

ഏറ്റവും പുതിയ അഭിപ്രായം സർവേകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2022 -ൽ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതൽ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാർമർ സർവേകളിൽ വളരെ മുന്നിലാണ്. ജൂലൈ നാലിന് ബ്രിട്ടനിൽ നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗം യുകെയിൽ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്. 2022 ജൂണില്‍ നടത്തിയ സർവേകളിൽ 39.6 ശതമാനം പിന്തുണയായിരുന്നു ലേബർ പാർട്ടിക്ക് ഉണ്ടായിരുന്നത്. 32.3 ശതമാനമായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ സാധ്യത. എന്നാൽ തുടർന്നുള്ള കാലത്ത് ലേബർ പാർട്ടി മുന്നോട്ടു പോവുകയും കൺസർവേറ്റീവുകളുടെ ജനപിന്തുണ വ്യാപകമായി കുറയുകയും ചെയ്തു.


നിലവിൽ റീഫോം യുകെ ഉൾപ്പെടെയുള്ള ചെറു പാർട്ടികളുടെ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത്തരം ചെറു പാർട്ടികൾ ശക്തി പ്രാപിച്ചത് കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് പുറത്തിറങ്ങിയ പ്രകടനപത്രികയിൽ ടാക്സ് നിരക്കുകൾ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളാണ് കൺസർവേറ്റീവ് പാർട്ടി മുൻതൂക്കം കൊടുത്തിരിക്കുന്നത്. മൂന്നാഴ്ചയ്ക്കപ്പുറം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ഉള്ള പരിശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കാലയളവിൽ തീവ്രവാദ നിലപാടുകളുള്ള കുട്ടികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്റർ ആയ ഓഫീസ് ഫോർ സ്റ്റുഡൻറ്സ് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൊതു സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കുന്ന ചില പ്രത്യയ ശാസ്ത്രങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളവരാണ് ഈ ഗണത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2021 – 22 കാലഘട്ടത്തിൽ ഇത്തരം വിദ്യാർത്ഥികളുടെ എണ്ണം 165 ആയിരുന്നു. 2020- 21 കാലത്ത് ഇവരുടെ എണ്ണം 139 മാത്രമായിരുന്നു. 2022- 23 കാലത്ത് 210 പേരെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഈ കണക്കുകൾ ആശങ്കാജനകമാണെന്നത് വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ പ്രചാരണം നടത്തുന്ന ഹോപ്പ് നോട്ട് ഹെറ്റിലെ മുതിർന്ന ഗവേഷകനായ പാട്രിക് ഹെർമൻസൺ പറഞ്ഞു. യുകെയിലെ യുവാക്കൾക്കിടയിൽ തീവ്രവാദ ആശങ്കകൾ കൂടുന്നതിന്റെ നേർചിത്രമാണ് പുറത്തുവരുന്ന കണക്കുകൾ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ ഇസ്‌ലാമിസ്റ്റ്, തീവ്ര വലതുപക്ഷ തീവ്രവൽക്കരണം കേന്ദ്രീകരിച്ചുള്ള കേസുകൾ കഴിഞ്ഞ വർഷം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്, നിലവിലെ പുറത്തു വരാനിരിക്കുന്ന വിവരങ്ങൾ 2023 – 24 അധ്യായന വർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒക്ടോബർ 7- ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള കാലയളവിൽ ഇസ്രയേലിന്റെ തുടർന്നുള്ള യുദ്ധവും ക്യാമ്പസുകളെ എങ്ങനെ സ്വാധീനിച്ചു എന്നത് അടുത്ത വർഷത്തെ ഡേറ്റയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിലെ പാർക്കിന് സമീപം 19 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 12 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഷോൺ സീസഹായ് എന്ന കൗമാരക്കാരനാണ് പ്രകോപനമൊന്നുമില്ലാതെ കുട്ടി കുറ്റവാളികളുടെ ആക്രമണത്തിന് ഇരയായത്.


പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആൺകുട്ടികൾ പരസ്പരം കുറ്റപ്പെടുത്താൻ ആണ് ശ്രമിച്ചത് . പ്രതികളുടെ പ്രായം കണക്കിലെടുത്ത് വിചാരണയ്ക്കായി കോടതിയിൽ പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിരുന്നു. ജഡ്ജിയും അഭിഭാഷകരും ഗൗണുകളും തൊപ്പികളും ധരിച്ചിരുന്നില്ല. പ്രതികളെ കോടതിയിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം ഇരിക്കാൻ അനുവദിക്കുകയും ചെയ്തു.

ഇതിന് മുൻപ് 11 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ കൊലപാതകത്തിൽ യുകെയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1993 -ൽ റോബർട്ട് തോംസണും ജോൺ വെനബിൾസും ശിക്ഷിക്കപ്പെട്ടത് രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയതിനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഓരോ ദിവസവും ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളെ കൈയ്യിലെടുക്കാൻ മോഹന വാഗ്ദാനങ്ങളുമായി നേതാക്കൾ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പ്രകടന പത്രികയിൽ നികുതി ഇളവുകൾ ഉൾപ്പെടുത്തുമെന്ന് ഋഷി സുനക് പറഞ്ഞു. ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഋഷി സുനക് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

എന്നാൽ നികുതി പിരിക്കാതെ എങ്ങനെ സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹത്തിനായില്ല. ടാക്സ് ഒരു പരുധിയിൽ കൂടുതൽ ഒഴിവാക്കുന്നത് രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങളെ ബാധിക്കും എന്ന വിമർശനം ശക്തമാണ്. അഭിപ്രായ സർവേകളിൽ പിന്നിൽ നിൽക്കുന്ന ഋഷി സുനക് സർക്കാർ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം കുറയ്ക്കാൻ എടുക്കുന്ന അവസാനത്തെ അടവായിട്ടാണ് ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന ഋഷി സുനകിന്റെ പ്രസ്താവനയെ കാണുന്നത് .


ഇന്ന് കൺസർവേറ്റീവ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദമായ രൂപരേഖ പ്രകടന പത്രികയിൽ ഉണ്ടാകും. ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യം പ്രകടന പത്രികയിൽ ഉണ്ടാകുമെന്നത് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. 425,000 പൗണ്ട് വരെ വിലയുള്ള ഭവനങ്ങൾക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്ത് നൽകുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈബർ ആക്രമണത്തെ തുടർന്ന് നിരവധി എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. സൈബർ ആക്രമണത്തെ തുടർന്ന് രക്തത്തിന് ക്ഷാമം നേരിട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഏറ്റവും പുതിയതായി വാർത്ത ആയിരിക്കുന്നത്. O ടൈപ്പ് ബ്ലഡ് ഗ്രൂപ്പുകാർ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്ന അഭ്യർത്ഥന എൻഎച്ച്എസ്സിന്റെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലും പെട്ട രക്തത്തിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. O- ടൈപ്പ് വിഭാഗത്തിൽപ്പെട്ട രക്തം ഏത് ഗ്രൂപ്പുകാർക്കും അനുയോജ്യമായതുകൊണ്ടാണ് അടിയന്തിരമായി ഈ വിഭാഗത്തിൽപ്പെട്ട ദാതാക്കളോട് രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.


സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത്‌ .

ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved