ബെന്നി അഗസ്റ്റിൻ
വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ൽ ഉണ്ടായ അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഗുരുതരമായ അപകടത്തെ തുടർന്ന് കാർഡിഫിലേക്കുള്ള പ്രധാന റോഡ് അടച്ചു. അപകടത്തിൽ പെട്ടത് സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി കുട്ടികളാണ്.
ഒരു വാഹനം അപകടത്തിൽപ്പെട്ടതായും നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ഒരു വക്താവ് പറഞ്ഞു: “കാറിലുണ്ടായിരുന്ന നാല് പേരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, ഒരാൾക്ക് ജീവന് ഭീഷണിയുണ്ട്, മറ്റ് മൂന്ന് പേർക്ക് ജീവൻ അപകടപ്പെടുത്താത്ത പരിക്കുകളുണ്ടെന്ന് വിവരിക്കുന്നു.”

സംഭവസ്ഥലത്ത് പോലീസ് അന്വേഷണം നടത്തുന്നതിനാൽ ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റുകൾക്കുമിടയിൽ റോഡ് ഇപ്പോൾ അടച്ചിരിക്കുന്നു .
സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറഞ്ഞു: ” രാവിലെ 6.00 ന് ശേഷം, എ 48-ൽ വെയ്ൽ ഓഫ് ഗ്ലാമോർഗനിലെ സെൻ്റ് നിക്കോളാസിൽ ഒറ്റ-വാഹന റോഡ് ട്രാഫിക് കൂട്ടിയിടിയിൽ അടിയന്തര സേവനങ്ങളെ വിളിച്ചിരുന്നു. “കാറിലെ നാല് യാത്രക്കാരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, തുടർന്ന് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ ജീവന് അപകടകരമായ നിലയിൽ ചികിത്സയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ 107 കൗൺസിലുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കി യുകെ മലയാളി സജീഷ് ടോം താരമായി. ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനം കരസ്ഥമാക്കിയാണ് ബേസിംഗ് സ്റ്റോക്കിലെ പോപ്പിലി വാർഡിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിന് തന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജയം.

കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളിൽ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പ്രവർത്തനമാണ് സജീഷ് ടോമിന്റെ മഹാഭൂരിപക്ഷത്തോടുള്ള വിജയത്തിന് പിന്നിൽ. സജീഷ് പ്രതിനിധാനം ചെയ്യുന്ന കൗൺസിലിൽ മഹാഭൂരിപക്ഷവും ഇംഗ്ലീഷുകാരാണ്. അതുകൊണ്ട് തന്നെ ഈ വിജയം യുകെയിലുള്ള മലയാളി സമൂഹത്തിനാകെ അഭിമാനകരമാണ്. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ് സജീഷ്. ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃസ്ഥാനത്ത് പൊതുപ്രവർത്തനം ആരംഭിച്ച സജീഷ് യുകെയിലെ പ്രബല തൊഴിലാളി യൂണിയനായ യൂണിസണിൻ്റെ നേതൃസ്ഥാനം തുടങ്ങി നിരവധി മേഖലകളിലൂടെ യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ്.

ഇംഗ്ലണ്ടിലെ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ നടന്നത് ലേബർ പാർട്ടി സ്ഥാനാർത്ഥികളുടെ തേരോട്ടമായിരുന്നു. എല്ലാവരും ഉറ്റുനോക്കുന്ന ലണ്ടൻ തിരഞ്ഞെടുപ്പിൽ സാദിഖ് ഖാൻ വിജയത്തിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാദിഖ് ഖാന് 40 ശതമാനം വോട്ട് ലഭിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ 107 കൗൺസിലുകളിൽ 50 എണ്ണത്തിലും ലേബർ പാർട്ടിയാണ് മുന്നേറുന്നത്. ലേബർ പാർട്ടിയുടെ 1125 കൗൺസിൽ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ 520 പേർ മാത്രമാണ് വിജയം കണ്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പക്ഷിപ്പനി ആദ്യമായി സസ്തനികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതായി ശാസ്ത്രജ്ഞർ! ഇത് വൈറസിൻെറ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട്. എച്ച് 5 എൻ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളിൽ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

അടുത്ത കാലത്ത് നിരവധി ആളുകൾക്ക് വൈറസ് ബാധിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ചവരിൽ ഭൂരിഭാഗം പേർക്കും പക്ഷികളിൽ നിന്നാണ് ഇവ ബാധിച്ചത്. വൈറസിൻ്റെ വ്യാപനം തടയുന്നതിൽ അമേരിക്കൻ അധികാരികളുടെ പരാജയത്തെ കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളിൽ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാൽ പാലിൻ്റെ പരിശോധനയിൽ കൂടുതൽ കന്നുകാലികളിൽ വൈറസ് ബാധിച്ചതായി ആണ് നിഗമനം.

വളർത്തുമൃഗങ്ങളിൽ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തിൽ വൈറസിന് പുതിയൊരു ജീവിവർഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക. ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാൾക്ക് ചീങ്കണിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും പനിയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവർക്ക് ആൻറിവൈറൽ മരുന്നുകൾ നൽകി. ഈ വർഷത്തിൻ്റെ തുടക്കം മുതൽ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രെയിൻ പണിമുടക്കും റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാർക്ക് വൻതോതിൽ തടസ്സം നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതൽ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധർ അറിയിച്ചു.

വാരാന്ത്യത്തിൽ വാഹനത്തിൽ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റർ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇൻ്റിക്സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയിൽ പാതയായ വെസ്റ്റ് കോസ്‌റ്റ് മെയിൻലൈൻ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടുന്നത് മൂലം കൂടുതൽ യാത്രക്കാർ മോട്ടോർവേകളിൽ സഞ്ചരിക്കാൻ നിർബന്ധിതരായേക്കാം. ഇതും റോഡുകളിൽ തിരക്ക് കൂടുന്നതിന് കാരണമാകും. ഈ വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ വിദേശത്തേയ്ക്ക് പോകുന്നതും എയർപോർട്ട് റോഡുകളിൽ തിരക്ക് ഉയരുന്നതിന് കാരണമാകും. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, 3,000-ലധികം ഫ്ലൈറ്റുകളാണ് ഇംഗ്ലണ്ടിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഈ വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

പല ട്രെയിൻ സർവീസുകളും ഈ ദിവസങ്ങളിൽ പണിമുടക്ക് മൂലം തടസ്സപ്പെടുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോവെൻട്രി, ക്രൂ, കാർലിസ് എന്നിവടങ്ങളിലെ ട്രെയിൻ ഗതാഗതം തടസപ്പെടുന്നതുമൂലം മിഡ്‌ലാൻഡിലേക്കും പ്രത്യേകിച്ച് സ്കോട്ട്‌ലൻഡിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പകരം റോഡ് മാർഗമുള്ള യാത്രയെ ആശ്രയിക്കേണ്ടതായി വരും. കേംബ്രിഡ്ജ്, ലിവർപൂൾ എന്നിവിടങ്ങളിലും വാരാന്ത്യത്തിൽ റെയിൽ തടസ്സമുണ്ടാകും. മിക്ക ഓപ്പറേറ്റർമാരും പണിമുടക്ക് ദിവസങ്ങളിൽ ട്രെയിനുകളൊന്നും ഓടിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ റോഡിലെ തിരക്ക് പരിഗണിച്ച് യാത്രയുടെ സമയം ക്രമീകരിക്കണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈനോൾട്ടിൽ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാജമൊട്ടാകെ വൻ ഞെട്ടലാണ് ഉളവാക്കിയത്. ഡാനിയൽ അൻജോറിൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത് എന്നത് ദുരന്തത്തിന് കൂടുതൽ മാനങ്ങൾ നൽകി. സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .

കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു . ചൊവ്വാഴ്ച നടന്ന ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാൾ തന്റെ ജീവൻ രക്ഷിച്ചതിന് എൻ എച്ച് എസിന് നന്ദി പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ആക്രമണത്തിനിടെ 35 കാരനായ ഐടി എഞ്ചിനീർ ഹെൻറി ഡി ലോസ് റിയോസ് പോളനിയയുടെ കൈയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു . ഹെൻറി താൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നതിന്റെ ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. താൻ ഇനിയും സുഖം പ്രാപിക്കാനുണ്ട് എന്ന അർത്ഥത്തിൽ എനിക്ക് ഒരു നീണ്ട യാത്രയുണ്ട് ( I have a long Journey) എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈനോൾട്ടിൽ നിന്നുള്ള ഡി ലോസ് റിയോസ് പോളനിയയെ അദ്ദേഹത്തിൻ്റെ സഹോദരി ജെസീക്ക (31) തൻ്റെ കുടുംബത്തെ സംരക്ഷിച്ച ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം . എന്നെ ജീവനോടെ നിലനിർത്തിയതിന് എൻഎച്ച്എസിലെ എല്ലാ നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും ഡോക്ടർമാർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിൽ മിസ്റ്റർ ഡി ലോസ് റിയോസ് പോളനിയ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഉടനീളം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മുൻതൂക്കം. രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചതു പോലെ ടോറികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പുറമെ ബ്ലാക്ക്പൂൾ സൗത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയവും നേടി.

ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂൾ സൗത്തിൽ 58.9% വോട്ടു ശതമാനമാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ക്രിസ് വെബ് നേടിയത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ഡേവിഡ് ജോൺസന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ. 2018-ൽ ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട് രൂപീകൃതമായ വലതുപക്ഷ പാർട്ടിയായ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായിരുന്ന മാർക്ക് ബച്ചർ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. കൺസവേറ്റീവ് പാർട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം കുറച്ചൊക്കെ റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതത്തിൽ 32. 1 ശതമാനം കുറവാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടായത്.

ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കൽ കൗൺസിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം കീഴടക്കിയ മഹാമാരിയെ ചെറുത്തത് വാക്സിനുകൾ ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിച്ചാണ്. ഇത്രയും പെട്ടെന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമായാണ് അന്ന് ലോകമെങ്ങും കൊട്ടി ഘോഷിക്കപ്പെട്ടത്. എന്നാൽ വാക്സിനുകൾക്ക് പല പാർശ്വഫലങ്ങളും ഉണ്ടെന്ന വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമെങ്ങും സൃഷ്ടിച്ചിരിക്കുന്നത്.

പ്രശസ്ത ബിബിസി ജേർണലിസ്റ്റും റേഡിയോ ജോക്കിയുമായിരുന്ന ലിസാ ഷായുടെ മരണം 44 വയസ്സിലായിരുന്നു. ലിസ ഷായുടെ മരണത്തിന്റെ കാരണമായ ആരോഗ്യസ്ഥിതിയിലേക്ക് നയിച്ചത് കോവിഡ് വാക്സിൻ ആണെന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക്ക സമ്മതിച്ചതാണ് ഇപ്പോൾ വൻ വാർത്തയായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളായി ലിസാ ഷായുടെ മരണത്തെ തുടർന്ന് അവരുടെ ഭർത്താവും സമാനമായ ദുരന്തം നേരിടുന്നവരും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനക്കയ്ക്കെതിരെ നിയമ യുദ്ധം നടത്തി വരുകയായിരുന്നു. വാക്സിൻ എടുത്തതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുകയോ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയോ ചെയ്തതിന്റെ പേരിൽ നിയമ യുദ്ധം നടത്തിയവർക്ക് അനുകൂലമായ വാർത്തകൾ ഈ ആഴ്ച ആദ്യമായാണ് പുറത്തുവന്നത്.

യുകെയിലും ഇന്ത്യയിലും ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക(AstraZeneca) തുറന്നു സമ്മതിക്കുകയായിരുന്നു . കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ് ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മ്മാതാക്കളാണ് ആസ്ട്രാസെനക്ക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് ആസ്ട്രാസെനക്ക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോക്കൽ കൗൺസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ടോറികൾ കൈവശം വച്ചിരുന്ന പല കൗൺസിലുകളും ഇപ്രാവശ്യം ലേബർ പാർട്ടി പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായാണ് കൗൺസിൽ തെരഞ്ഞെടുപ്പുകളെ നിരീക്ഷകർ കാണുന്നത്.

ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആണ് പുരോഗമിക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ നടന്ന പാർലമന്‍റ് ഉപതിരഞ്ഞെടുപ്പിന്റെയും ഫലം ഉടനെ പുറത്തുവരും.
ഇത് കൂടാതെ ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർ ആരൊക്കെയാണെന്നും ഉടനെ അറിയാം . വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്നലെ രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു . ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

ഇതിനിടെ ടോറി പക്ഷത്തിന് കടുത്ത നാണക്കേടായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടതായി വന്നു. വോട്ട് ചെയ്യാൻ അംഗീകരിച്ച ഐഡി കാർഡ് അദ്ദേഹം കൊണ്ടുവന്നില്ല. ബോറിസ് ജോൺസൺ വോട്ട് ചെയ്യാതെ മടങ്ങിയത് എല്ലാ മാധ്യമങ്ങളിലും വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് ഐഡി കാർഡുമായി എത്തി സൗത്ത് ഓക്സ്ഫോർഡ് ഷെയറിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാൻ ഫോട്ടോ ഐഡി ആവശ്യപ്പെടുന്ന പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തിയത് 2022-ൽ ബോറിസ് ജോൺസൺ സർക്കാരായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൃത്രിമ സൂര്യപ്രകാശം പുറപ്പെടുവിച്ച് സൗന്ദര്യ വർദ്ധക ടാൻ ഉണ്ടാക്കുന്ന ഉപകരണമായ സൺബെഡുകൾ ചർമ്മ ക്യാൻസറുകൾക്ക് കാരണമാകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് പേർ ഇപ്പോഴും സൺബെഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഇവ ഉണ്ടാക്കുന്ന അപകടസാധ്യതയെ കുറിച്ച് അറിവില്ല. ലവ് ഐലൻഡ് പോലുള്ള റിയാലിറ്റി ടിവി ഷോകളിലെ മത്സരാർത്ഥികളെപ്പോലെ തങ്ങളുടെ ശരീരത്തിലും ടാൻ വേണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് പട്ടികയിൽ മുന്നിൽ.

അതേസമയം സൺബെഡുകൾ ഉപയോഗിക്കുന്നത് മൂലയുള്ള ഭവിഷ്യത്ത് എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ചാരിറ്റി മെലനോമ ഫോക്കസിലെ വിദഗ്ധർ പറയുന്നു. 16 നും 65 നും ഇടയിൽ പ്രായമുള്ള 2,000 ബ്രിട്ടീഷുകാരെ വച്ച് നടത്തിയ പഠനത്തിൽ 28 ശതമാനം പേർ സൺബെഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. 18 മുതൽ 25 വയസ്സുവരെയുള്ളവരിൽ ഇത് 43 ശതമാനമാണ്. ഇതിൽ സൺബെഡ് ഉപയോഗിക്കുന്നത് സ്‌കിൻ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് 62 ശതമാനം പേർക്കും അറിയാമായിരുന്നു.

2009-ൽ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ നടത്തിയ പഠനത്തിൽ യു വി -എമിറ്റിംഗ് ടാനിംഗ് ഉപകരണങ്ങളുടെ ഉപയോഗം ക്യാൻസർ വരുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തോടൊപ്പം, ഉയർന്ന് വരുന്ന സ്കിൻ ക്യാൻസർ രോഗനിർണയത്തിന് പിന്നിൽ സൺബെഡ് ഉപയോഗമാണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. പെട്ടെന്നുള്ള ടാനിങ്ങിനായി സൺബെഡുകൾ ഉയർന്ന തീവ്രതയുള്ള കൃത്രിമ യുവി റെയ്‌സ് ഉപയോഗിക്കുന്നു. എന്നാൽ ഇവ ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കും. ഇത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിലേക്ക് നയിച്ചേക്കാം. നിലവിൽ സൺബെഡുകൾ യുകെയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് നിരോധിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ച ഇംഗ്ലണ്ടിലെയും വെയിൽസിലെ കൗൺസിൽ സീറ്റിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും ഉള്ള മത്സരങ്ങൾ ആണ് നടക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്‍റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത് കൂടാതെ 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയും ജനം വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്ന് രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ മെയ് 3 അർദ്ധരാത്രിക്ക് ശേഷം ആദ്യ ഫലങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രഖ്യാപിക്കും.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റു നോക്കുന്നത് ലണ്ടൻ മേയർ തിരഞ്ഞെടുപ്പാണ്. ഇവിടെ സാദിഖ് ഖാനും സൂസൻ ഹാളും ആണ് ഏറ്റുമുട്ടുന്നത്. മൂന്നാം തവണയും സാദിഖ് ഖാൻ ലണ്ടൻ മേയർ ആയി തിരഞ്ഞെടുത്താൽ അത് ഒരു ചരിത്ര വിജയമായി മാറും.

തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നിർണായകമാണ്. ഫലം മോശമാണെങ്കിൽ ഋഷി സുനകിൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെ എതിർക്കുന്ന സ്വന്തം പാർട്ടിയിലെ വിമതർ അദ്ദേഹത്തിനെതിരെ നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പൊതു തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ലോക്കൽ ഇലക്ഷൻ തിരഞ്ഞെടുപ്പിനെ സെമിഫൈനൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്