Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അബർഡീനിൽ താമസിക്കുന്ന ആന്‍ ബ്രൈറ്റ് ജോസ് മരണമടഞ്ഞു. 39 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആൻ ഏറെനാളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. കെയർ ഹോം മാനേജരായി ജോലി ചെയ്യുന്ന ജിബ്സണ്‍ ആല്‍ബര്‍ട്ട് ആണ് ഭർത്താവ്. ക്യാൻസർ രോഗം സ്ഥിരീകരിച്ചെങ്കിലും അതിനെ ധീരതയോടെ നേരിട്ട വ്യക്തിയാണ് ആൻ എന്നാണ് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

എറണാകുളത്തിന് അടുത്തുള്ള ചെറുവയ്പാണ് ഇവരുടെ കേരളത്തിലെ സ്വദേശം . മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങൾ താല്പര്യപ്പെടുന്നത്. ഇവിടെ വച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പൊതുദർശനത്തിന് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ അബർഡീനിലെ മലയാളി അസോസിയേഷൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് . ഇതിൻറെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ആന്‍ ബ്രൈറ്റ് ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കുന്ന ചാൾസ് രാജാവിനും, ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യ കെയ്റ്റിനും ജനങ്ങൾ നൽകിയ കരുതലിനും പിന്തുണയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് വില്യം രാജകുമാരൻ. തന്റെ പിതാവിനും ഭാര്യയ്ക്കുമുള്ള പിന്തുണ നൽകിയ സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ചാൾസ് രാജാവിന്റെ ക്യാൻസർ രോഗ നിർണയത്തെ തുടർന്ന് കുടുംബത്തിന് ഉണ്ടായ ആഘാതം വലിയതാണ്. അതോടൊപ്പം തന്നെയാണ് ഗുരുതരമായ ഉദരശസ്ത്രക്രിയയ്ക്ക് കെയ്റ്റും വിധേയയായത്. ക്യാൻസർ ചികിത്സയുടെ ആദ്യഘട്ടത്തിന് ശേഷം സാൻഡ്രിംഗ്ഹാമിൽ വിശ്രമിക്കുകയാണ് ചാൾസ് രാജാവ്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ് കെയ്റ്റും. ലണ്ടനിലെ എയർ ആംബുലൻസ് ചാരിറ്റിയെ പിന്തുണച്ച് റാഫിൾസ് ലണ്ടനിലെ ഓൾഡ് വാർ ഓഫീസിൽ നടന്ന ഡിന്നറിൽ സംസാരിക്കുകയായിരുന്നു വില്യം. രാജകുടുംബത്തിലെ നിലവിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായതിനാൽ, വില്യം രാജകുമാരന് ഇപ്പോൾ നിരവധി ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായുണ്ട്. ചടങ്ങിൽ ഹോളിവുഡ് താരം ടോം ക്രൂയിസും പങ്കെടുത്തിരുന്നു.


രാജാവിന്റെ രോഗ നിർണയത്തിന് ശേഷം ആദ്യമായാണ് വില്യം മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയയിൽ എയർ ആംബുലൻസ് പൈലറ്റായി സേവനമനുഷ്ഠിച്ച വെയിൽസ് രാജകുമാരൻ 2020 മുതൽ സംഘടനയുടെ രക്ഷാധികാരിയാണ്. ജനുവരി 16ന് നടന്ന കെയ്റ്റിന്റെ ഓപ്പറേഷനു ശേഷം കുടുംബത്തിനായി വില്യം സമയം നീക്കി വെച്ചിരുന്നു. അതിനുശേഷം ആണ് ഇപ്പോൾ വീണ്ടും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും യുഎസിനെയും അപേക്ഷിച്ച് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച പുറകിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡിനു ശേഷം സാമ്പത്തിക മാന്ദ്യവും ജീവിത ചിലവ് വർദ്ധനവും ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. അതിൻറെ കൂടെയാണ് റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്നുള്ള എനർജി ബിൽ വർദ്ധനവും മധ്യപൂർവേഷ്യയിലെ സംഘർഷവും പരോക്ഷമായി യുകെയിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമെയാണ് കോവിഡ് അനുബന്ധ രോഗങ്ങളെ തുടർന്ന് രാജ്യത്ത് അവധിയെടുക്കുന്നവരുടെ എണ്ണം ഏറ്റവും കൂടിയ നിലയിലെത്തിയതെന്ന വാർത്ത സാമ്പത്തിക വിദഗ്ധരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നവംബർ 2023 വരെയുള്ള മൂന്നുമാസ കാലയളവിൽ 2.8 മില്യൺ ആളുകൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇത് കോവിഡിന്റെ തുടക്കകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. ഇത്രയും പേർ ആരോഗ്യപരമായ കാരണങ്ങളാൽ ലീവെടുക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലാണ് എൻഎച്ച്എസും സർക്കാരും .

എന്നാൽ ആരോഗ്യ സാമ്പത്തിക മേഖലയിലെ വിദഗ്ധരെ കുഴയ്ക്കുന്നത് മറ്റൊരു കാര്യമാണ് . ഇത്രയും പേർ അവധിയിൽ പ്രവേശിക്കുമ്പോൾ അത് രാജ്യത്തെ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഉത്പാദനക്ഷമതയിൽ നേരിടുന്ന കാര്യമായ കുറവ് രാജ്യത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നത്. ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തെ കോവിഡിന് മുമ്പുള്ള ആരോഗ്യസ്ഥിതിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ ബ്രിട്ടനിൽ തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.3 മില്യണിലധികം പേരാണ്. ഇതിൻറെ ഇരട്ടിയിലധികം പേരാണ് അസുഖബാധിതരായി ചികിത്സാർത്ഥം ലീവ് എടുത്തിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും മോശം ശാരീരികമായ അവസ്ഥയുടെ കാരണങ്ങളാൽ സാമ്പത്തികമായ വരുമാനം ഒന്നും ഇല്ലാത്തവരാണെന്നത് രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. നിലവിൽ ജോലി ഇല്ലാത്തവരെയും ഒരുമാസമായി ജോലി അന്വേഷിക്കാതിരിക്കുകയും അല്ലെങ്കിൽ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ ജോലി ആരംഭിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം സാമ്പത്തികമായി നിഷ്ക്രിയർ എന്ന് നിർവചിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിൽ സ്ത്രീയെയും രണ്ട് പെൺകുട്ടികളെയും ആസിഡ് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്ക് പറ്റിയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ആക്രമിയെ കണ്ടെത്താൻ പോലീസിനായില്ല. ഇയാൾക്ക് വേറെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. ആക്രമണ സമയത്ത് ഇയാളുടെ മുഖത്തും ഗുരുതരമായ രീതിയിലുള്ള പരുക്ക് പറ്റിയിട്ടുണ്ട്.

35 കാരനായ പ്രതി അബ്ദുൾ ഷോക്കൂർ എസെദി ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്ന് സിഡിആർ ജോൺ സാവെൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 31 കാരിയായ യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആക്രമണത്തിനുശേഷം പ്രതി എവിടേയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ പിന്തുണയ്ക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളിയെ സഹായിക്കുന്നു എന്ന് കരുതുന്ന 22 കാരനായ യുവാവിനെ തിങ്കളാഴ്ച പോലീസ് ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ (എൻറോൾമെൻ്റ് ആൻഡ് അപ്‌ഡേറ്റ്) നിയമങ്ങളിൽ മാറ്റം. സ്ഥിരതാമസക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും വെവ്വേറെ ഫോമുകൾ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ വിദേശ ഇന്ത്യക്കാർക്ക് ആധാർ ഫോമിന് അപേക്ഷിക്കാൻ അർഹതയില്ലായിരുന്നു. എന്നാൽ ഇനി ഇവർക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. പഴയ 2016 നിയമം അനുസരിച്ച്, ഒരു ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓൺലൈൻ മോഡ് വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ, മറ്റേതെങ്കിലും വിശദമായ അപ്‌ഡേറ്റിന്, അവർ അടുത്തുള്ള എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിക്കേണ്ടതായി വന്നിരുന്നു.

പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ കാർഡ് വിവരങ്ങൾ സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ (സിഐഡിആർ) അപ്ഡേറ്റ് ചെയ്യാം. ആധാർ എൻറോൾമെൻ്റിനും ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായുള്ള പുതിയ ഫോമുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി https://resident.uidai.gov.in/check-aadhaar എന്ന ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി 10% വരെ വർദ്ധിപ്പിക്കാനുള്ള അനുമതി ബർമിംഗ്ഹാം സിറ്റി കൗൺസിലിന് ബ്രിട്ടീഷ് സർക്കാർ നൽകിയിരിക്കുകയാണ്. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വർദ്ധനയ്ക്കുള്ള കൗൺസിൽ നേതൃത്വത്തിന്റെ അഭ്യർത്ഥന തടയില്ലെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗൺസിൽ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്നും ഇത്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗൺസിലിന് ലോക്കൽ റഫറണ്ടം നടത്താതെ തന്നെ നികുതി വർദ്ധിപ്പിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്. ബഡ്ജറ്റിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാണ് ഇത്തരം ഒരു തീരുമാനം ഇപ്പോൾ ലോക്കൽ കൗൺസിൽ കൈകൊണ്ടിരിക്കുന്നത്.

ലെവലിംഗ്-അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് ആണ് സർക്കാരിന്റെ തീരുമാനം രേഖാമൂലം അറിയിച്ചത്. ബിർമിങ്ഹാം സിറ്റിയിലെ നികുതിദായകർക്ക് കൗൺസിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ കൗൺസിലിന്റെ തീരുമാനത്തെ എതിർക്കുകയില്ലെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. മാർച്ച് അഞ്ചിന് ചേരുന്ന കൗൺസിൽ യോഗത്തിൽ നികുതി വർദ്ധന എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകൾ ജനങ്ങൾക്ക് വ്യക്തമാകും. ജീവനക്കാർ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകൾ പരിഹരിക്കുന്നതിനും, ഐടി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ബർമിംഗ്ഹാം കൗൺസിൽ വലിയ ബില്ലുകൾ നേരിടുകയാണ്. ലേബർ പാർട്ടി നേതൃത്വം കൊടുക്കുന്ന ബിർമിങ്ഹാം കൗൺസിലിന്റെ ഈ തീരുമാനം ജനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകുമെന്ന് ആശങ്കകൾ വിദഗ്ധർ ഉയർത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിയും തുടർന്നുള്ള സമരങ്ങളും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതുവരെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലാണ് ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള കാത്തിരുപ്പു സമയം അതിക്രമിച്ചിരിക്കുന്നത്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് തുറന്ന് സമ്മതിച്ചിരുന്നു. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരെ കടുത്ത പ്രയാസത്തിലേയ്ക്കാണ് എൻഎച്ച്എസ്സിന്റെ താളപ്പിഴകൾ തള്ളി വിട്ടിരിക്കുന്നത്.

ദന്ത ചികിത്സാ രംഗത്തും സ്ഥിതി വിഭിന്നമല്ല. മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയിൽ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിമാർ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. സ്മൈൽ ഫോർ ലൈഫ് എന്ന പദ്ധതിയുടെ കീഴിൽ നേഴ്സറി സ്കൂളിലെ കുട്ടികൾക്ക് ദന്തക്ഷയത്തെ ചെറുക്കാനായി പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. നടപ്പിലാക്കിയിരിക്കുന്ന പല പദ്ധതികളും വളരെ നാളായി തങ്ങൾ ആവശ്യപ്പെടുന്നവയാണെന്നും പുതിയ നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിന് സർക്കാർ പരാജയമാണെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ക്രോയിഡോണിലെ കേരള ടേസ്റ്റ് ബ്രാൻഡിന്റെ ഉടമയുമായ ഐ. ഗിൽസിന്റെയും രാജി ഗിൽസിന്റെയും മകൻ റാഗില്‍ ഗില്‍സ് മരണമടഞ്ഞു. റീട്ടെയിൽ ഫുഡ് വില്പന നടത്തുന്ന എൽസി ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ് റാഗില്‍ ഗില്‍സ്. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. 27 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം യുവ വ്യവസായി എന്ന നിലയിൽ യുകെയിൽ ഉടനീളമുള്ള മലയാളികളുടെ ഇടയിൽ സുപരിചിതനായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.   അഗിൽ ഗിൽസ് ഏക സഹോദരനാണ്.

ഫെബ്രുവരി 14-ാം തീയതി ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് റാഗിലിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്. റാഗിലിൻ്റെ കുടുംബം 30 വർഷം മുമ്പാണ് യുകെയിലെത്തിയത്. കൊല്ലം ജില്ലയിലെ കുമ്പളമാണ് റാഗിലിന്റെ കേരളത്തിലെ സ്വദേശം. കേരളത്തിൽ സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്‍റ് മൈക്കിൾസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കും. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

റാഗില്‍ ഗില്‍സിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഈ ആഴ്ച അവസാനം യുകെയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് അറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില പ്രദേശങ്ങളിലെ മഞ്ഞു വീഴ്ച 25 സെ.മീ വരെ വരുമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. വടക്കൻ അയർലൻഡിലും വെയിൽസിലും വടക്കൻ, മധ്യ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനൊപ്പം താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന സ്ഥലങ്ങളിൽ 2 സെ.മീ വരെയും 200മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളിൽ 2-5 സെ.മീ വരെയും, 400മീറ്ററിന് മുകളിൽ 15-25 സെ.മീ വരെയും മഞ്ഞ് വീഴ്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ ദൈർഘ്യമുള്ള മുന്നറിയിപ്പാണ് കംബ്രിയ, സ്കോട്ടിഷ് അതിർത്തി മുതൽ സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, നോട്ടിംഗ്ഹാംഷെയർ വരെയുള്ള പ്രദേശങ്ങളിൽ നിലവിലുള്ളത്. പവർ കട്ട്, യാത്രകളിൽ കാലതാമസം, റെയിൽ വിമാന യാത്രകളുടെ റദ്ദാക്കൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചകർ പറയുന്നു. പകൽ സമയം ആകുമ്പോഴേക്കും മഞ്ഞു വീഴ്ചയ്ക്ക് ശമനം ഉണ്ടാകുമെന്നും ഇത് പിന്നീട് മഴയോ ചാറ്റൽമഴയോ ആയി മാറിയേക്കാം എന്നും കേന്ദ്രം അറിയിച്ചു.

മഞ്ഞുവീഴ്ചയെ തുടർന്ന് താപനില വളരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കോട്ടുള്ള തണുത്ത വായുവിൻെറ ചലനം താപനില കുറയുന്നതിന് കാരണമാകും. പ്രവചനത്തിൽ ചില അനിശ്ചിതത്വങ്ങളുണ്ട് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശം, മഞ്ഞിൻ്റെ അളവ് എന്നിവ വരും ദിവസങ്ങളിൽ മാറിയേക്കാം.

ന്യൂസ് ഡെസ്ക് ,മലയാളം യുകെ

റൂട്ടീൻ ഹെൽത്ത് ചെക്കപ്പിൽ എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡിൽ നിന്നുള്ള 37 കാരിയായ ബെക്കിയാണ് രോഗം ചെക്കപ്പിന് ശേഷം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിച്ചതിനാൽ ഇപ്പോൾ രോഗമുക്തയായിരിക്കുകയാണ്. രാജ്യത്തെ രോഗ പരിശോധന നടത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളിലേക്ക് എത്തിയിട്ടില്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു.

എച്ച്ഐവി രോഗത്തെകുറിച്ചും രോഗ പരിശോധനയെ കുറിച്ചും അവബോധം ജനങ്ങൾക്ക് നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എച്ച്ഐവി രോഗനിർണയങ്ങളുടെ എണ്ണം 2021-ലെ 2,313-ൽ നിന്ന് 2022-ൽ 2,444 ആയി വർദ്ധിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാർക്കിടയിൽ രോഗനിർണ്ണയം വർദ്ധിച്ചതാണ് ഈ വർദ്ധനവിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നത്. കേസുകളുടെ എണ്ണം ലണ്ടനിൽ 14% ആയി ഉയർന്നിട്ടുണ്ട്.

ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെൻ്റിൻെറ നേതൃത്വത്തിൽ നടത്തുന്ന ടെറൻസ് ഹിഗ്ഗിൻസ് ട്രസ്റ്റ് ചാരിറ്റി നടത്തുന്ന ക്യാമ്പെയ്ൻെറ ഭാഗമായി ഞായറാഴ്ച വരെ എച്ച്ഐവി പരിശോധനാ വാരമായി ആചരിക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി ആഴ്‌ചയിലുടനീളം, ജനങ്ങൾക്ക് സൗജന്യ എച്ച്ഐവി സ്വയം പരിശോധനയ്ക്ക് ഓർഡർ നൽകാം. ഇത്തരം പരിശോധനങ്ങളുടെ ഫലം 15 മിനിറ്റിനുള്ളിൽ തന്നെ ലഭ്യമാകും.

രോഗപ്രതിരോധ ശേഷി ദുർബലമാക്കുന്ന രോഗമാണ് എച്ച്ഐവി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്. ചികിത്സിച്ചില്ലെങ്കിൽ, ഇവ അവസാനഘട്ട എയ്ഡ്സിലേക്ക് നയിച്ചേക്കാം. എച്ച്ഐവി ബാധിതർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം മരുന്നുകൾ രോഗികളുടെ ശരീരത്തിൽ നിന്ന് വൈറസിൻെറ കൗണ്ട് കുറയ്ക്കുന്നു. ഇത് എച്ച്ഐവി പകരുന്നത് തടയുന്നു.

RECENT POSTS
Copyright © . All rights reserved