ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫിക്സഡ് ഡീൽ മോർട്ട്ഗേജുകളുടെ നിരക്ക് ഉയർത്തുമെന്ന് മൂന്ന് പ്രധാന വായ്പാ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. നേഷൻ വൈഡ്, സോൺറ്റാഡർ, നാറ്റ് വെസ്റ്റ് എന്നീ വായ്പാ സ്ഥാപനങ്ങളാണ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ ചിലവുകളിലെ അനശ്ചിതത്വം നിലനിൽക്കുന്നതാണ് നിരക്ക് ഉയർത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.

പണപെരുപ്പം കുറഞ്ഞതിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉടനെയെങ്ങും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. മാത്രമല്ല പണപെരുപ്പും രണ്ട് ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ് ലി പ്രസ്താവിച്ചിരുന്നു .

ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകൾ ഉയരുമെന്ന വാർത്ത യുകെ മലയാളികൾക്ക് ഒട്ടും ശുഭകരമല്ല. പണപെരുപ്പവും പലിശ നിരക്കും കുറയുന്നതിനും അനുസരിച്ച് ഒരു ഭവനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന യുകെയിലെ മലയാളികൾക്ക് ഇത് വൻ തിരിച്ചടിയാണെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ നേഷൻവൈഡ് ഇന്ന് മുതൽ പലിശ നിരക്ക് 0.2 ശതമാനം വരെ വർദ്ധിപ്പിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിന്റെ പ്രഥമ മന്ത്രി ഹംസ യൂസഫ് രാജി വച്ചു. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ. ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി നേരിടുന്നത്.

നിക്കോള സ്റ്റർജൻ രാജി വച്ചതിനെ തുടർന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ എസ്എൻപിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

യൂസഫിന്റെ രാജി വാർത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാർട്ടി സ്ഥിരീകരിച്ചു. എസ്എൻ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആൾക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും നാമനിർദ്ദേശങ്ങൾ ഉണ്ടായിരിക്കണം. ഇതോടൊപ്പം കുറഞ്ഞത് 20 ബ്രാഞ്ചുകളിൽ നിന്ന് എങ്കിലും പിന്തുണയും ലഭിക്കണം. ഇതിനു പുറമെ നാമനിർദ്ദേശം പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യണം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കർശനമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. അടുത്തയിടെ ഉണ്ടായ സൈബർ ആക്രമണങ്ങൾ ബ്രിട്ടനിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ദുർബലമാക്കാൻ പ്രതിലോമ ശക്തികൾ വൻ തോതിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ്സ്‌വേർഡുകൾ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കപ്പെടുന്നത്.

ഇതിൻറെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്‌വേഡ് ആയി നൽകാൻ സാധിക്കില്ല. ഹാക്കിംഗിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ സയൻസ്, ഇന്നൊവേഷൻ ആൻ്റ് ടെക്നോളജി അറിയിച്ചു. നിയമം നിലവിൽ വരുന്നതോടെ ഫോണുകൾ , ടിവികൾ, സ്മാര്‍ട്ട് ഡോർ ബെല്ലുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ തങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ സൈബർ കുറ്റവാളികളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിൻറെ ഭാഗമായി സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണ്.

പുതിയ നിയമങ്ങൾ സൈബർ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ മേടിക്കാൻ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാൻ ഉചിതമായ നിയമങ്ങൾ ലോകത്തിലാദ്യമായി ബ്രിട്ടൻ നടപ്പിൽ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥൻ ബെറി പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ ഇൻഷുറൻസിൽ വൻ വാർധനവ് വന്നതായുള്ള കണക്കുകൾ പുറത്തുവന്നു. അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്സിൻ്റെ (എബി ഐ) കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കാർ ഇൻഷുറൻസിൽ മൂന്നിലൊന്ന് (33 ശതമാനം ) വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് നേരത്തെ ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ 157 പൗണ്ട് കൂടുതലാണ്.

കാർ ഇൻഷുറൻസിലെ വർദ്ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടിയാണെന്ന വിമർശനം രൂക്ഷമാണ്. 2023 ൻ്റെ ആദ്യപാദത്തിൽ ശരാശരി പ്രീമിയം 478 പൗണ്ട് ആയിരുന്നെങ്കിൽ 2024 – ൽ അത് 635 പൗണ്ടായി ആണ് ഉയർന്നിരിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഇത് കാർ ഇൻഷുറൻസ് ചിലവ് കുറയുന്നതിനെ സഹായകരമായിട്ടില്ലെന്നാണ് എ ബി ഐ പറയുന്നത്. അതായത് വാഹനങ്ങളുടെ അറ്റകുറ്റ പണികൾ, മോഷണം നടക്കുന്നത് മൂലമുള്ള ചിലവുകൾ, റീപ്ലേസ് ചെയ്യുക തുടങ്ങിയ ചിലവുകൾ കൂടിവരുന്നതാണ് കാർ ഇൻഷുറൻസ് പോളിസി കൂടാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

കഴിഞ്ഞവർഷം വിറ്റഴിച്ച 28 മില്യൺ പോളിസികളും ക്ലെയിമുകളും വിലയിരുത്തിയാണ് പുതിയ വിശകലനം പുറത്തുവിട്ടിരിക്കുന്നത്. പെയിന്റിന്റെയും മറ്റ് അസംസ്കൃത സാധനങ്ങളുടെയും വില കൂടിയത് , സെക്കൻഡ് ഹാൻഡ് കാറുകളുടെ വർദ്ധിച്ച വിലവർദ്ധനവ് എന്നിവയുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ കാർ ഇൻഷുറൻസിന്റെ ചിലവ് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്ന ന്യായം . മോട്ടോർ ഇൻഷുറൻസിന്റെ ചിലവുകൾ കുറയ്ക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് ഫെബ്രുവരിയിൽ എ ബി ഐ ചർച്ചകൾ നടത്തിയിരുന്നു. ഇൻഷുറൻസിന്റെ ചിലവ് കൂടിയതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾ അവരുടെ ഏജന്റുമായി സംസാരിക്കാനാണ് എബി ഐ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇൻസുലിൻ ക്ഷാമം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് രാജ്യത്തെ പ്രമേഹ രോഗികളുടെ ഇടയിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഏകദേശം 400,000 പേരെ ഇൻസുലിൻ ക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇൻസുലിൻ ക്ഷാമത്തിൻറെ കാരണമായി ആഗോള ഉത്പാദനത്തിലെ കുറവാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഭാഗമായി ചില മരുന്നുകൾ അടുത്തവർഷം വരെ കുറവ് നേരിടുമെന്നാണ് റിപ്പോർട്ടുകൾ . ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, അപസ്മാരം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും മരുന്നുകളുടെ ലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്.

ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് സ്ഥിരമായി ഇൻസുലിന്റെ ലഭ്യത അനിവാര്യമാണെന്ന് ജുവനൈൽ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ (ജെഡിആർഎഫ്) പറഞ്ഞു. ടൈപ്പ് -1 രോഗമുള്ളവർക്ക് ടൈപ്പ് -2 പ്രമേഹരോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഇൻസുലിൻ കുത്തിവയ്ക്കണം. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിൽ ഇൻസുലിന്റെ ലഭ്യതയെ കുറിച്ചുള്ള വാർത്തകൾ ഇത്തരം രോഗികളുടെ ഇടയ്ക്ക് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സർഹാം കൗണ്ടിയിൽ പാരച്യൂട്ട് അപകടത്തിൽ ഒരാൾ ദാരുണമായി മരണമടഞ്ഞു. ഇവിടെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആണ് 40 വയസ്സുള്ള ആൾ കൊല്ലപ്പെട്ടത് . ശനിയാഴ്ച ഉച്ചയ്ക്കാണ് സർഹാം കൗണ്ടിയിലെ ഷേട്ടൺ അപകടമുണ്ടായതായുള്ള അറിയിപ്പ് പോലീസിന് ലഭിച്ചത്. വിവരം കിട്ടിയ ഉടനെ രണ്ട് ആംബുലൻസുകൾ ഒരു പാരാമെഡിക്കൽ സ്പെഷ്യലിസ്റ്റ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും ഇയാളുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

മരണം അപ്രതീക്ഷിതമായി നടന്നതായാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം പോലീസ് നടത്തി കൊണ്ടിരിക്കുകയാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവരുമായി സംസാരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താത്പര്യമുണ്ടെന്ന് പോലീസ് അറിയിച്ചു. മൊബൈൽ ഫോണിലോ ഡാഷ് ക്യാമിലോ ഈ അപകടത്തിന്റെ ചിത്രങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് സ്കൈ ഡ്രൈവിംഗ് ബോർഡും അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് എന്നാണെന്ന കാര്യം രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന വസ്തുതയാണ്. ദേശീയ തിരഞ്ഞെടുപ്പിനെ കുറിച്ച് കടുത്ത ഊഹാപോകമാണ് ദിനംപ്രതി ഉയർന്നു വരുന്നത്. 2025 ജനുവരി വരെയാണ് ഈ സർക്കാരിന്റെ കാലാവധി. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അതിനുമുൻപ് നടക്കണം .
ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പലതവണ പ്രധാനമന്ത്രി ഋഷി സുനക് ആവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതി ആരംഭിക്കുന്ന ജൂലൈയിൽ തിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഋഷി സുനക് ഒഴിഞ്ഞു മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ പറഞ്ഞതിൽ നിന്ന് പുതിയതായി ഒന്നും പറയാനില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പൊതു തിരഞ്ഞെടുപ്പ് ഈ വർഷം രണ്ടാം പകുതിയുടെ അവസാനമായ ജൂലൈയിൽ തന്നെ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ജനപിന്തുണയിൽ പ്രധാനമന്ത്രിയും ഭരണകക്ഷിയും വളരെ പിന്നോട്ട് പോയതായുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നിരുന്നാലും പണപ്പെരുപ്പം കുറഞ്ഞതും നികുതി വെട്ടി കുറച്ചതും അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനായി റുവാണ്ട ബില്ലും പ്രതിരോധ ചെലവുകൾ വർധിപ്പിക്കാനുള്ള തീരുമാനവും എടുത്തതിലൂടെ ജനങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളികളെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു 2022 മാർച്ച് 5-ാം തീയതി ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ വച്ച് ഒരു മലയാളി പെൺകുട്ടിക്ക് കുത്തേറ്റത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംമ്പർ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . സംഭവം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഇപ്പോൾ വിചാരണ പൂർത്തിയായി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. 16 വർഷം തടവു ശിക്ഷയാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതുസ്ഥലത്ത് ആയുധം കൈവച്ചതിന് 12 മാസം തടവ് ശിഷ വേറെയും അനുഭവിക്കണം.

ഇരയാക്കപ്പെട്ട മലയാളി യുവതിയും ഇയാളും പഠന സമയത്ത് ഹൈദരാബാദിൽ വച്ചാണ് പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത് . പിന്നീട് ഇവർ സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തി. എന്നാൽ യുകെയിൽ വച്ച് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പെൺകുട്ടി ഇയാളിൽനിന്ന് അകന്നതാണ് ക്രൂരകൃത്യം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.
പ്രതി ആക്രമണത്തിനായി ഒട്ടേറെ തയാറെടുപ്പുകൾ നടത്തിയതായി കോടതി കണ്ടെത്തിയിരുന്നു. യുകെയിൽ വച്ച് കൊലപാതകം നടത്തുന്ന വിദേശിക്ക് എന്ത് സംഭവിക്കും, എങ്ങനെ പെട്ടെന്ന് ഒരാളെ കൊല്ലാം തുടങ്ങി ഇയാൾ ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ ഇനി യുവതിയുമായി നേരിൽ കാണുന്നതിൽ നിന്നും കോടതി ആജീവനാന്തകാലം ഇയാളെ വിലക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീട് മുതൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന നഗരങ്ങളുടെ വിവരങ്ങൾ പുറത്തിറക്കി. പുറത്ത് വിട്ട പട്ടികയനുസരിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ വീടുകൾ വാങ്ങിക്കാൻ സാധിക്കുക അബെർഡീനിലാണ്. അതേസമയം ഏറ്റവും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുന്നത് കാർലിസിൽ സിറ്റിയിലാണ്. അബർഡീനിൽ രണ്ട് കിടപ്പുമുറികൾ വരെയുള്ള വീടുകൾക്ക് ശരാശരി വില £102,601 ആണ്. ഇതിൽ 20% ഡിപ്പോസിറ്റായി പരിഗണിച്ചാൽ, അബർഡീനിൽ ആദ്യമായി വാങ്ങുന്നയാൾക്ക് മോർട്ട്ഗേജ് ചിലവായി പ്രതിമാസം ഏകദേശം £406 നൽകിയാൽ മതിയാവും. അതേസമയം കാർലിസിൽ ഉള്ള ശരാശരി വാടക £607 ആണ്.

ചരിത്ര പ്രസിദ്ധമായ കത്തീഡ്രലും പബ്ബുകളും ഉള്ള ഹെർട്ട്ഫോർഡ്ഷയറിലെ സെൻ്റ് ആൽബൻസ് ആണ് ലണ്ടന് ശേഷം ഏറ്റവും ഉയർന്ന വില വരുന്ന സിറ്റി. ഇവിടെ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും സ്ഥലത്തെ വീടുകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ കേംബ്രിഡ്ജും വിഞ്ചസ്റ്ററും കരസ്ഥമാക്കി.

ലണ്ടന് പുറത്ത് ഏറ്റവും കൂടുതൽ വാടക ആവശ്യപ്പെടുന്ന നഗരമായി ഓക്സ്ഫോർഡിനെ പട്ടികയിൽ കാണാം. ബ്രിട്ടനിലുടനീളം 50 ലധികം നഗരങ്ങളിൽ പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകർ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അബർഡീന് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്ന നഗരം നഗരമായി ബ്രാഡ്‌ഫോർ ആണ്. ഇവിടെ ശരാശരിയുള്ള വീടുകളുടെ വില £107,929 ആണ്. £111,263 വാങ്ങിക്കുന്ന സണ്ടർലാൻഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:
1. അബർഡീൻ, £102,601, £406
2. ബ്രാഡ്‌ഫോർഡ്, £107,929, £400
3. സണ്ടർലാൻഡ്, £111,263, £413
4. കാർലിസ്ലെ, £111,268, £413
5. പ്രെസ്റ്റൺ, £112,273, £416
6. ഹൾ, £113,920, £423
7. ഡണ്ടി, £116,191, £460
8. സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, £117,113, £434
9. ഡർഹാം, £125,957, £467
10. ഡോൺകാസ്റ്റർ, £128,062, £475
ഏറ്റവും ഉയർന്ന തുകയിൽ വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:
1. ലണ്ടൻ, £501,934, £1,862
2. സെൻ്റ് ആൽബൻസ്, £391,964, £1,454
3. കേംബ്രിഡ്ജ്, £361,429, £1,341
4. വിൻചെസ്റ്റർ, £344,638, £1,278
5. ഓക്സ്ഫോർഡ്, £338,085, £1,254
6. ബ്രൈറ്റൺ, £335,402, £1,244
7. ബ്രിസ്റ്റോൾ, £280,112, £1,039
8. ചെംസ്ഫോർഡ്, £262,522, £974
9. യോർക്ക്, £244,834, £908
10. എഡിൻബർഗ്, £239,028, £946
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിന് സഹായം നൽകുന്നതായുള്ള പരസ്യം നൽകിയ 4 വിയറ്റ്നാമീസ് പൗരന്മാരെ ഇംഗ്ലണ്ടിൽ അറസ്റ്റ് ചെയ്തു . ഫെയ്സ്ബുക്ക് വഴിയാണ് ഇവർ വ്യാപകമായ രീതിയിൽ പരസ്യം നൽകിയത്. ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡണിൽ 23 കാരിയായ സ്ത്രീയെയും ദക്ഷിണ ലണ്ടനിലെ ഡെപ്‌റ്റ്‌ഫോർഡിൽ 64 കാരനെയും ലെസ്റ്ററിൽ 34 കാരനായ പുരുഷനെയും നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചുവെന്ന് സംശയിച്ച് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ക്രോയ്‌ഡോണിൽ നിന്ന് തന്നെ 25 കാരനായ ഒരാളെ അനധികൃത കുടിയേറ്റത്തിനു സഹായിച്ചതിനൊപ്പം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട് .

വിയറ്റ്നാം സ്വദേശികളെ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റത്തെ കുറിച്ച് വ്യാപകമായ രീതിയിൽ പ്രചാരണം നടത്തുകയും യാത്ര ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയതിനും ആണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സഹായിച്ചെന്ന് കരുതുന്ന 12 പേരെയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം യുകെയിലേയ്ക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് വിയറ്റ്നാമിൽ നിന്നാണ് . യുകെയിലേയ്ക്ക് അനധികൃതമായി ആളുകളെ കൊണ്ടുവരുന്നതിനെ തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവർലി പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനായി കഴിഞ്ഞ ആഴ്ച യുകെ വിയറ്റ്നാമുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു .