Main News

ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ്

അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.

അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്.

റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി.

ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും.

പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് .

ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും.

മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രെയിൻ യാത്രയിൽ ഉറങ്ങുകയായിരുന്നു യാത്രക്കാരിയുടെ മോശമായ ഫോട്ടോകൾ എടുത്ത ട്രെയിൻ ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി . 2022 സെപ്റ്റംബറിൽ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ട്രെയിൻ ഡ്രൈവർ ആയ പൗലോ ബറോള്‍ ആണ് പ്രതി. ലണ്ടൻ ബ്ലാക്ക്‌ഫ്രിയേഴ്സിൽ നിന്ന് ഹെർട്ട്‌ഫോർഡ്‌ഷയറിലെ സെൻ്റ് ആൽബൻസിലേക്ക് പോകുന്ന ട്രെയിനിൽ ഉറങ്ങുകയായിരുന്ന 51 കാരിയായ സ്ത്രീയുടെ ഫോട്ടോകൾ ആണ് ഇയാൾ എടുത്തത്. 45 മിനിറ്റ് യാത്രയിലുടനീളം യൂണിഫോം ധരിച്ച ഇയാൾ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന സഹയാത്രികരുടെ ഫോട്ടോകൾ ആവർത്തിച്ച് എടുത്തതായി കണ്ടെത്തുകയായിരുന്നു.

സഹയാത്രികയുടെ നഗ്നത പകർത്തുന്ന രീതിയിലാണ് ഇയാൾ എടുത്ത പല ഫോട്ടോകളും. നിന്ദ്യമായ പ്രവർത്തി എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം ഫോട്ടോകൾ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമം 5 വർഷം മുമ്പ് യുകെയിൽ നിലവിൽ വന്നിരുന്നു . രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് .


വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൂന്ന് ഫോണുകളും ഒരു കമ്പ്യൂട്ടറും പിടിച്ചെടുത്തിരുന്നു . കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്കും 12 മാസത്തേയ്ക്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ 55 മണിക്കൂർ ദൈർഘ്യമുള്ള റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ഏഴ് വർഷത്തേയ്ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും വേണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിക്ക് ശേഷം സ്ഥിരമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. അതായത് സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്ന ആളുകളുടെ എണ്ണം പാൻഡമിക്കിൻ്റെ തുടക്കത്തെ അപേക്ഷിച്ച് നിലവിൽ 2.8 ദശലക്ഷമായി ഉയർന്നതായാണ് കണക്കുകൾ. രാജ്യം ഒട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 16നും 64 നും ഇടയിൽ പ്രായമുള്ള 9.4 ദശലക്ഷം ആളുകളാണ് നിഷ്ക്രിയരായിട്ടുള്ളത്.

ഇത്രയും ആളുകൾ സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നതിന് പ്രധാന വിമർശനം നേരിടുന്നത് ജിപിമാരാണ് . ജിപികൾ ഫിറ്റ് നോട്ടുകൾ എന്ന് വിളിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന 94 ശതമാനം പേർക്കും വിതരണം ചെയ്യുന്നതായുള്ള കണക്കുകൾ ചൂണ്ടി കാട്ടി കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനക് തന്നെയാണ്.

സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷം മാത്രം 11 ദശലക്ഷത്തിലധികം തുകയാണ് വിതരണം ചെയ്തത് . ഫിറ്റ് നോട്ടുകൾ അനർഹരായവർക്ക് വിതരണം ചെയ്യുന്നത് രാജ്യത്തെ സാമ്പത്തികമായി ഒത്തിരി പിന്നോട്ട് വലിക്കുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഫിറ്റ് നോട്ടുകൾ കൊടുക്കുന്ന ചുമതലയിൽ നിന്ന് ജി പി മാരെ മാറ്റുക എന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ട് വയ്ക്കുന്നത്.

ഭാവിയിൽ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരോട് സ്പെഷ്യലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ടീമുമായി അവരുടെ ആരോഗ്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അവർ എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്നും തൊഴിൽ സ്ഥലത്തേയ്ക്ക് മടങ്ങാൻ അവർക്ക് എന്ത് സഹായമാണ് വേണ്ടതെന്നും സ്പെഷലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകൾ ആയിരിക്കും തീരുമാനം എടുക്കുന്നത്.

എന്നാൽ ഫിറ്റ് നോട്ടുകൾ തയ്യാറാക്കുന്നതിനുള്ള ചുമതല ജി പി കളിൽ നിന്ന് എടുത്തുമാറ്റി മെഡിക്കൽ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുക്കുന്നതിനെ കുറിച്ച് ഒരു പക്ഷത്ത് വിമർശനവും ഉയർന്നു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെടാനിരുന്ന യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ സാധ്യത മങ്ങി. കരട് നടപ്പിലായിരുന്നെങ്കിൽ രണ്ട് മേഖലയിലുമുള്ള യുവജനങ്ങൾക്ക് 4 വർഷം വരെ അന്യോന്യം പഠനത്തിനും ജോലിക്കുമായി താമസിക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ലഭിക്കുമായിരുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കായിയായിരുന്നു ഈ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത്.


എന്നാൽ യൂറോപ്യൻ യൂണിയന്റെ പെട്ടെന്നുള്ള നിർദ്ദേശത്തിന് വെള്ളിയാഴ്ച ലേബർ പാർട്ടി എതിർ
അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഭരണപക്ഷവും പദ്ധതിയോട് പുറംതിരിഞ്ഞത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഇർസുല വോൺ സെർ ലെയ്ൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിലേയ്ക്കും തിരിച്ചും പഠിക്കാനും ജോലി ചെയ്യാനും ഇളവുകൾ അനുവദിക്കുന്നത് രണ്ടു മേഖലകളും തമ്മിൽ കൂടുതൽ സഹകരണം ഊട്ടി ഉറപ്പിക്കുന്നതിന് ഉചിതമാകുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.


എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് ബ്രെക്സിറ്റിന്റെ പ്രഖ്യാപിത നിയമങ്ങളെ തുരങ്കം വയ്ക്കുമെന്ന അഭിപ്രായമാണ് ബ്രിട്ടനിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം നയപരമായ കാര്യങ്ങളിൽ വളരെ സൂക്ഷിച്ചാണ് പാർട്ടികൾ പ്രതികരിക്കുന്നത്. യൂത്ത് മൊബിലിറ്റി സ്കീം നടപ്പിലാക്കിയാൽ ബ്രിട്ടീഷ് യുവജനതയുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടാകുമോ എന്ന ഭയം ഭരണപക്ഷത്തിനുണ്ട്. ഇപ്പോൾ കടുത്ത ഭരണവിരുദ്ധ വികാരമാണ് പ്രധാനമന്ത്രി ഋഷി സുനക് നേരിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വെസ്റ്റ് എസക്‌സിലെ ഹർലോയിൽ താമസിക്കുന്ന മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹാർലോ ഡി പ്രിൻസസ് അലക്സാന്ദ്ര എൻ എച്ച് എസ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയായിരുന്ന അരുൺ എൻ കുഞ്ഞപ്പനയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ അരുൺ ഏകദേശം ഒരു വർഷം മുൻപാണ് യുകെയിലെത്തിയത്.

മരണകാരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുൺ ആത്മഹത്യ ചെയ്തതായാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അരുണിന്റെ ഭാര്യ യുകെയിലെത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ ഉണ്ട്.

അരുൺ എൻ കുഞ്ഞപ്പന്റെ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികൾ നാലിലൊന്നു പേർക്കും സ്മാർട്ട് ഫോൺ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതി പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളിൽ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളിൽ 38 ശതമാനം പേരാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഒരു വർഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരിൽ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്.


കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഓഫ് കോമിൽ നിന്നുള്ള കണക്കുകളിൽ കൂടിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽഫോൺ കൈവശം വയ്ക്കുന്നത് നിയമം മൂലം വിലക്കുന്ന കാര്യം നിലവിൽ രാജ്യത്ത് പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകുട്ടികളുടെ മൊബൈൽ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ നിയമനിർമാണത്തെ അനുകൂലിക്കുന്നവരുടെ വാദ മുഖത്തെ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നു എന്നാണ് വിലയിരുത്തുന്നത്.


കുട്ടികളുടെ ഇടയിലെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ കുറിച്ച് മന്ത്രി തലത്തിൽ കൂടിയാലോചനകൾ ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശം നിയമത്തിന്റെ ഭാഗമായി വന്നേക്കാം. അതുപോലെതന്നെ മാതാപിതാക്കളുടെ ഫോണുകളിൽ പേരെൻ്റൽ കൺട്രോൾ ഏർപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളുടെ കുറഞ്ഞ പ്രായപരിധി 13 വയസ്സിൽ നിന്ന് 16 വയസ്സാക്കുന്നതുൾപ്പെടെയുള്ളത് നിർദ്ദേശങ്ങളിൽ ഉണ്ട്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഗവൺമെൻറ് ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണെന്ന് ടെക്നോളജി സെക്രട്ടറി മിഷേൽ സോൺ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്നുള്ള യുവാക്കൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നതിന് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇത് നടപ്പിലാക്കിയാൽ യുകെയിൽ നിന്നുള്ള യുവാക്കൾക്ക് പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കൈവരും. യൂറോപ്യൻ കമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശത്തിന് കീഴിൽ 18നും 30 നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഇളവുകൾ ലഭിക്കുന്നത്.


ബ്രെക്സിറ്റിന് മുമ്പ് നിലവിൽ വന്ന നിയന്ത്രണങ്ങൾ മൂലം നിലവിൽ യുകെയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് പ്രായപരുധിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നത്. ഔപചാരിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അംഗരാജ്യങ്ങളുടെ ഇടയിൽ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിർദ്ദേശങ്ങൾ നടപ്പിലായാൽ യൂകെയിലെ യുവാക്കളെ നാല് വർഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടരാൻ അനുവദിക്കും.


അതേ നിയമങ്ങൾ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമാണ്.ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയിൽ അടച്ച്‌ പഠനം നടത്താൻ കഴിയും. ബ്രെക്സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കിയിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയാണ്. യുകെയിലും ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്.


കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ചർച്ചകൾ തുടരാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നിലവിൽ ലണ്ടനിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പല വിഷയങ്ങളിലും സമവാക്യം ഉണ്ടാക്കിയെടുത്ത് കരാറിന് അന്തിമരൂപം നൽകാൻ ഇതുവരെ ആയിട്ടില്ല.


ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയായ ലണ്ടനിൽ നിന്ന് വെറും 62 മൈൽ അകലെ കേംബ്രിഡ്ജ് ഷെയറിൽ ഒരു കഞ്ചാവ് ഫാക്ടറിയും അവിടെ രണ്ട് പുരുഷന്മാരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പേരെ പൂട്ടിയിട്ട നിലയിലാണ് അവിടെ കണ്ടെത്തിയത്. അടിമകളെ പോലെയാണ് ഇവരെ പരിഗണിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

1.5 മില്യണിലധികം മൂല്യമുള്ള 1845 കഞ്ചാവ് ചെടികളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അവിടെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പുരുഷന്മാർ 34 ഉം 35 വയസ്സ് പ്രായം ഉള്ളവരാണ് . ഇവരെ നിർബന്ധിച്ച് അവിടെ ജോലി ചെയ്യിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ സമീപ പ്രദേശങ്ങളിൽ മയക്കുമരുന്ന് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പർ സെല്ലുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോർ സെറ്റിൽ അമ്മയ്ക്ക് മാറി കുഞ്ഞിനെ നൽകിയതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അവിടുത്തെ ആശുപത്രി ട്രസ്റ്റ് അറിയിച്ചു. 2023 സെപ്റ്റംബറിൽ ഡോർസെറ്റിലെ പൂൾ ഹോസ്പിറ്റലിലെ പ്രസവ വാർഡിലാണ് എൻഎച്ച്എസിന് ആകെ നാണക്കേട് വരുത്തിവെച്ച സംഭവം നടന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷന്റെ കീഴിലാണ് പൂൾ ഹോസ്പിറ്റൽ.

സംഭവത്തിൽ ട്രസ്റ്റിലെ മിഡ് വൈഫറി ഡയറക്ടർ ലോ റെയ്ൻ ഖേദം രേഖപ്പെടുത്തി. അന്വേഷണം നടക്കുകയാണെന്നും അതിനോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. തെക്കുകിഴക്കൻ ഡോർസെറ്റിലെ പൂൾ ഹോസ്പിറ്റൽ, റോയൽ ബോൺമൗത്ത് ഹോസ്പിറ്റൽ, ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റൽ എന്നീ മൂന്ന് ആശുപത്രികൾ ലയിപ്പിച്ചതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചത്.

RECENT POSTS
Copyright © . All rights reserved