ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയതായി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാരെ ലക്ഷ്യം വെച്ച് ഓൺലൈൻ കബളിപ്പിക്കൽ സംഘങ്ങൾ സജീവമായതായുള്ള വിവരങ്ങൾ മലയാളം യുകെ ന്യൂസ് പുറത്തുവിടുന്നു. യുകെയിൽ എത്തി അധികം കാലമാകാത്തവരുടെ പരിചയ കുറവാണ് ഇത്തരക്കാർ മുതലാക്കുന്നത്. എച്ച് എം റവന്യൂ ആന്റ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞാണ് മിക്കവർക്കും ഫോൺ വരുന്നത്. നിങ്ങൾക്ക് ടാക്സ് കുടിശിക ഉണ്ടെന്നും അടച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നുമുള്ള കബളിപ്പിക്കൽ സംഘങ്ങളുടെ ഭീഷണിക്ക് മുന്നിൽ അപ്പോൾ തന്നെ പലരും പണം അടച്ചതായാണ് അറിയാൻ സാധിക്കുന്നത്.
ഈ രീതിയിൽ വിറ്റിംഗ്ടണിലുള്ള മലയാളി നേഴ്സിന്റെ 4000 പൗണ്ട് ആണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത് . സമാനമായ രീതിയിൽ ലിവർപൂളിലും ഒരു മലയാളി നേഴ്സിന്റെ പണം നഷ്ടമായതായി മലയാളം യുകെ ന്യൂസിനോട് വെളിപ്പെടുത്തി .ഇങ്ങനെയുള്ള ഫോൺ കോളുകൾ കിട്ടിയാൽ പണം ഒരിക്കലും കൈമാറരുതെന്നും എച്ച് എം ആർ സി പെട്ടെന്നുള്ള ഇത്തരം ഫണ്ട് ട്രാൻസ്ഫറുകളിലൂടെ ടാക്സ് കളക്ട് ചെയ്യില്ലെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എച്ച് എം ആർ സി നികുതി ദായകരുമായി ലെറ്റർ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള തട്ടിപ്പ് സംഘങ്ങളെ തടയുന്നത് ഒരു പരിധിവരെ നിയമ സംവിധാനം പലപ്പോഴും നിസ്സഹായരാണ്.
ബ്രിട്ടനിൽ എച്ച് എം റവന്യൂ ആന്റ് കസ്റ്റം ഡിപ്പാർട്ട്മെൻറ് ആണ് ടാക്സ് ശേഖരിക്കുന്നതിനും കുടിശിക പിടിക്കുന്നതിനും നേതൃത്വം കൊടുക്കുന്നത് . ആദായ നികുതി , വാറ്റ്, മറ്റ് കോർപ്പറേറ്റ് നികുതികൾ ഉൾപ്പെടെയുള്ളവയുടെ മേൽനോട്ടം എച്ച് എം ആർ സിയുടെ ചുമതലയിൽ പെട്ടതാണ് . അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നതിനും ആഗോളതലത്തിൽ യുകെയുടെ താൽപര്യം സംരക്ഷിക്കുന്നതിനും എച്ച് എം ആർ സി യ്ക്ക് മുഖ്യ പങ്കുണ്ട്. ഓരോ മിനിറ്റിലും ഏകദേശം 2300 പൗണ്ടിന്റെ തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. 1.2 ബില്യൺ പൗണ്ട് ആണ് ഓരോ വർഷവും ഓൺലൈൻ തട്ടിപ്പുകളിലൂടെയും മറ്റും കൊള്ളയടിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രമേഹം, ക്യാൻസർ പോലുള്ള ഒട്ടുമിക്ക രോഗങ്ങൾക്കും ആവശ്യമായ മരുന്നുകളുടെ വിതരണത്തിൽ ദൗർലഭ്യം നേരിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ സമരങ്ങളും മറ്റ് പ്രശ്നങ്ങളും മൂലം താളം തെറ്റിയ എൻഎച്ച്എസ്സിനെ മരുന്ന് ക്ഷാമം കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും എന്നാണ് സൂചനകൾ . അപകടസാധ്യത കുറഞ്ഞ ബദൽ മരുന്നുകളുടെ ഉപയോഗം, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിക്കുക എന്നീ മാർഗങ്ങളാണ് പ്രതിസന്ധിയെ തരണം ചെയ്യാൻ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ .
അപസ്മാര രോഗത്തിൻറെ ചികിത്സയ്ക്കായുള്ള ടെഗ്രെറ്റോൾ , കാർബമാസാപൈൻ എന്നീ മരുന്നുകൾ ജനുവരി പകുതി വരെ ലഭ്യമാകില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ച ബന്ധപ്പെട്ട ഡോക്ടർമാരെ അറിയിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ ഉപയോഗിക്കുന്ന ഗ്ലൂക്കോൺ പോലുള്ള മരുന്നുകളുടെ വിതരണത്തിൽ 2024 -ൽ ഉടനീളം പ്രശ്നമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . രക്തത്തിലെ ഉയർന്ന അളവിലുള്ള കാൽസ്യം കുറയ്ക്കാൻ ക്യാൻസർ രോഗികളിൽ ഉപയോഗിക്കുന്ന ഗുളികകൾ മാർച്ച് അവസാനം വരെ ലഭിക്കില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് അറിയിപ്പ് വന്നിരുന്നു.
മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് പെട്ടെന്നുള്ള പ്രതിഭാസം അല്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ 2023 -ലെ സർവേയിൽ 92% ഫാർമസി ടീമുകളും ദിവസവും മരുന്ന് വിതരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിരുന്നു. യുകെയിൽ മാത്രമല്ല മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത് മരുന്ന് മറ്റ് രാജ്യങ്ങളിൽ നിന്ന് മേടിക്കുന്നത് കൂടുതൽ ചെലവുള്ളതാക്കിയതും പ്രതിസന്ധിക്ക് കാരണമായതായാണ് സൂചനകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തകർ സ്റ്റോക്ക് എക്സ്ചേഞ്ച് തകർക്കാനുള്ള ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതാണ് അറസ്റ്റിനു കാരണമായത്. 6 പേരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ലണ്ടൻ, ലിവർപൂൾ, ബ്രൈറ്റൺ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് തുറക്കുന്നത് തടയാനും നാശനഷ്ടം ഉണ്ടാക്കാനും പ്രതികൾ എന്ന് സംശയിക്കുന്നവർ പദ്ധതി ഇട്ടതായാണ് പോലീസ് പുറത്തുവിടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇതര സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുകയാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രവർത്തനം തടസ്സപ്പെടുന്ന ഏതു നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്ന് സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡെറ്റ് സൂപ്റ്റ് സിയാൻ തോമസ് പറഞ്ഞു. 4 സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. പ്രതികളിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും 30 വയസ്സിന് താഴെയുള്ളവരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ സ്വന്തമായി ഒരു വീട് എന്നത് ഇവിടെയുള്ള എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. അതിൻറെ കൂടെയാണ് ഉയർന്ന പലിശ നിരക്കുകളെ കുറിച്ചുള്ള ആശങ്ക.
എന്നാൽ കടുത്ത മത്സരങ്ങളെ തുടർന്ന് കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമാകും. രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്കുകൾ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% നിന്ന് 5.53 ശതമാനമായി കുറഞ്ഞത് വീട് വാങ്ങുന്നവർക്ക് പ്രയോജനം ചെയ്യും . യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ച വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .
അതിനു പിന്നാലെ മറ്റ് രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബാർക്ലേസും സാന്റാൻഡറും നിരക്കുകൾ കുറച്ചത് കൂടുതൽ പേർക്ക് പ്രയോജനം ചെയ്യും. മോർട്ട്ഗേജ് നിരക്ക് ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു . കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്കുകളിൽ വന്ന വലിയ മാറ്റങ്ങൾ മൂലം മോർട്ട്ഗേജുകളുടെ നിരക്ക് കുറയുമെന്നാണ് അദ്ദേഹം എംപിമാരോട് പറഞ്ഞത്.
നിലവിൽ ഏകദേശം 1.6 ദശലക്ഷം ബാങ്ക് വായ്പ എടുത്തവർക്കും കുറഞ്ഞ നിരക്കിലേയ്ക്ക് മാറുന്നതിലൂടെ പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം ചെയ്യും. 2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്.
എന്നാൽ ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഒരു പ്രതികൂല സാഹചര്യം ആണെന്ന അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിനോട് അനുബന്ധിച്ച് മാസ്ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിൻവലിച്ചിട്ട് രണ്ടര വർഷമായി. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാൻ സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാസ്ക് ധരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളിൽ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
യുകെയിൽ നിരവധി ആശുപത്രികൾ ഇപ്പോൾതന്നെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും കർശനമായി മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിനെചിലർ പിന്തുണയ്ക്കുമ്പോൾ തന്നെ വിമർശിക്കുന്നവരും ഒട്ടേറെയാണ്. കോവിഡിന്റെ വിവിധ വകഭേദങ്ങളായ JN.1 , Juno എന്നിവ രാജ്യത്ത് പടർന്നു പിടിക്കുന്നതു മൂലം മറ്റൊരു കോവിഡ് തരംഗത്തിന്റെ വാക്കിലാണോ രാജ്യം എന്ന ഭയപ്പാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ .
ചുമ , തുമ്മൽ എന്നിവയിൽ നിന്ന് മറ്റുള്ളവരെയും തങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡോ. സലിഹ ആഹ്സൽ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ മാസ്കുകൾ നിർബന്ധിതമാക്കുന്നതിനെതിരെ വൻ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വരുന്നുണ്ട്. ഇനി ഒരിക്കലും ആ നനഞ്ഞ തുണി തന്റെ മുഖത്തെ കെട്ടില്ലെന്ന് കോളമിസ്റ്റായ പീറ്റർ ഹിച്ചൻസ് പറഞ്ഞത് വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ സമൂഹത്തിൽ ഉന്നത ശ്രേണിയിൽ പെടുന്ന വീട്ടമ്മമാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ശീലങ്ങളെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജന ഹോക്കിങ്. തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയച്ച ശേഷം വീട്ടമ്മമാർ സ്വകാര്യമായി ആഘോഷിക്കുന്നതിനെ സംബന്ധിച്ചാണ് പുതിയ തുറന്നുപറച്ചിൽ. സ്കർട്ട് ക്ലബ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ, സ്ത്രീകൾ സ്ത്രീകളോടൊപ്പം തന്നെ ലൈംഗിക ആസ്വാദനങ്ങളും നടത്തുന്നതായി ജന തുറന്നുപറയുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.
സുരക്ഷിതവും എന്നാൽ പരസ്പരം കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതാത്തതുമായ അന്തരീക്ഷത്തിൽ, സ്ത്രീകൾ തങ്ങളുടെ ബൈസെക്ഷ്വാലിറ്റി കണ്ടെത്തുന്ന ഇടങ്ങളാണ് ഇത്തരമുള്ള കോക്ടയിൽ പാർട്ടികൾ. ലണ്ടൻ, ബർലിൻ, വിയന്ന, ന്യൂയോർക്ക് സിറ്റി, ഷാങ്ഹായ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇവ വളരെയധികം ജനപ്രിയമാണ്.
ജെനീവീവ് ലെജ്യൂണെ എന്ന ഈ ക്ലബ്ബിന്റെ സ്ഥാപകയുമായി തനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായെന്നും, സ്ത്രീകളുടെ സന്തോഷത്തിനു മുൻഗണന നൽകാനായാണ് ഇത്തരമൊരു ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അവർ വ്യക്തമാക്കിയതായും ജന പറഞ്ഞു. ഇത്തരം പാർട്ടികളിൽ അംഗമാകുന്നതിന് കൃത്യമായ ഡ്രസ്സ് കോഡും, അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനകളും ഉണ്ടെന്ന് അവർ വ്യക്തമാക്കി. സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യതകൾ ആസ്വദിക്കാനും ആഘോഷിക്കാനും ഉള്ള ഒരു ഇടമായാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും.
നാളെ യെമനിലെ ഹൂത്തി ശക്തി കേന്ദ്രങ്ങളിൽ യുഎസ് – യുകെ സംയുക്‌താക്രമത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനക് പ്രസ്താവന നടത്തുമെന്നാണ് കരുതപ്പെടുന്നത്. കൂടിവരുന്ന സംഘർഷങ്ങൾ ഉയർന്ന പലിശ നിരക്കിനും വളർച്ചാ നിരക്ക് താഴുന്നതിലും വില വർദ്ധനവിനും പണപ്പെരുപ്പം ഉയരുന്നതിനും വഴിവെക്കുമെന്ന ലോക ബാങ്കിൻറെ വിദഗ്ധരുടെ മുന്നറിയിപ്പിനെ കുറിച്ച് പ്രധാനമന്ത്രി എന്ത് പറയും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. യുകെയിലെയും യുഎസിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ നിലവിൽ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്നെ സംഘർഷങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണത്തിൽ എല്ലാ പാർട്ടികളുടെയും പിന്തുണയുണ്ട്. എന്നിരുന്നാലും അത് ഉളവാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് എംപിമാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഋഷി സുനക് മറുപടി പറയേണ്ടതായി വരും. സമാനമായ സാഹചര്യത്തിലൂടെയാണ് യുഎസ് പ്രസിഡൻറ് ജോ ബൈഡനും കടന്നു പോകുന്നത് . ഗാസയിലെ ഇസ്രയേൽ നടപടികൾക്കുള്ള യുഎസ് സൈനിക പിന്തുണയെ ഇതിനകം തന്നെ ശക്തമായി എതിർത്തു വരുന്ന സ്വന്തം പാർട്ടിയിലെ എംപിമാരിൽ നിന്ന് ബൈഡന്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാർലോയിൽ താമസിക്കുന്ന യുകെ മലയാളി ജോബി ജോയി നിര്യാതനായി. ഭാര്യ അവധിക്ക് നാട്ടിൽ പോയ സമയത്ത് ആണ് ജോബിയുടെ ജീവൻ മരണം തട്ടിയെടുത്തത്. 49 വയസ്സ് മാത്രം പ്രായമുള്ള ജോബിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടയം പേരൂർ കരിയട്ടുപ്പുഴ വീട്ടിൽ ജോയിയുടെ മകനാണ്.
ചെറിയ ദേഹാസ്വാസ്ഥ്യം തോന്നിയ ജോബി സുഹൃത്തിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ജോബിയുടെ വീട്ടിലെത്തിയ സുഹൃത്തിന് വീട് തുറക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ആംബുലൻസ് സർവീസിനെ വിവരം അറിയിക്കുകയും പാരാ മെഡിക്കൽസ് എത്തിചേർന്ന് വീടിന്റെ വാതിൽ വെട്ടി പൊളിച്ചാണ് അകത്ത് കയറിയത്. അടിയന്തിര ജീവൻ രക്ഷാമാർഗ്ഗങ്ങൾ നടത്തിയെങ്കിലും ജോബി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോബിയും ഭാര്യ മേഴ്സിയും മക്കളായ ജെറോമും ജെറാൾഡും അടുത്തിടെ കേരളത്തിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം സന്ദർശിച്ച് സന്തോഷമായി തിരിച്ചെത്തിയതിന് ശേഷമാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി ജോബിയെ തേടിയെത്തിയത്. ജോബിയും മക്കളും യുകെയിൽ തിരിച്ചെത്തിയെങ്കിലും ഭാര്യ ഇപ്പോഴും നാട്ടിൽ തന്നെയാണ്.
സംസ്കാര ചടങ്ങുകൾ യുകെയിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ മേഴ്സിയും ജോബിയുടെ അമ്മയും നാട്ടിൽ നിന്ന് ഉടൻ എത്തിച്ചേരും.
ജോബി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്മസിന് മുമ്പ് 39 വയസ്സുകാരിയായ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് മൃതദേഹം കണ്ടെത്തി. ഡിസംബർ 22 -ന് വൈകുന്നേരം 5. 34 നാണ് റെക്‌ഹാമിലെ ബാംഗോർ-ഓൺ-ഡീ എന്ന സ്ഥലത്താണ് ലൂസി ചാൾസിനെ അവസാനമായി കണ്ടത്. അവർക്ക് വേണ്ടിയുള്ള തിരച്ചിൽനിടയിൽ ആഴ്ചകൾക്ക് ശേഷം ഡീ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നോർത്ത് ബെസ്റ്റ് അണ്ടർ വാട്ടർ സേർച്ച് ടീമും പ്രാദേശിക ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി നോർത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. ലൂസിയുടെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് പോലീസ് ഇൻസ്പെക്ടർ സ്റ്റീഫൻ റോബർട്ട് പറഞ്ഞു.
ലൂസി ചാൾസിന്റെ തിരോധാനത്തിന് പിന്നാലെ വലിയ തോതിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. കാണാതായ സ്ത്രീയുടെ ചില സ്വകാര്യ വസ്തുക്കൾ നദീതീരത്തു നിന്ന് ലഭിച്ചതായി കഴിഞ്ഞ ആഴ്ച പോലീസ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി ഡീ നദിയിൽ വീണ് മരിച്ചതാകാമെന്നതാണ് പൊതുവെയുള്ള നിഗമനം. കൂടുതൽ അന്വേഷണത്തിലൂടെ സംഭവത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ് മാനസികാരോഗ്യ ആശുപത്രികളിൽ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരൽചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങൾ എന്ന വിമർശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
രോഗം പൂർണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട് . ഇത് കടുത്ത വിനാശകരമായ അവസ്ഥയാണ് ഉണ്ടാക്കുകയെന്ന് മാനസികാരോഗ്യ ചാരിറ്റിയായ സാനെയുടെ ചീഫ് എക്സിക്യൂട്ടീവ് മാർജോറി വാലസ് പറഞ്ഞു.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മാനസികാരോഗ്യ ട്രസ്റ്റുകളുടെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം മാത്രം 5000 -ത്തോളം ആളുകളാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. വളരെ അധികം രോഗികൾക്ക് പൂർണ്ണമായും സുഖം പ്രാപിക്കാനുള്ള പരിചരണവും ചികിത്സയും ലഭിക്കുന്നില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ലേബർ പാർട്ടിയുടെ എംപി ഡോ. റൊസെന്ന ആല്ലിൻ – ഡാൻ പറഞ്ഞു.