ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്ലഡ് ബാങ്കുകളിൽ കടുത്ത രീതിയിൽ ക്ഷാമം നേരിടുന്നതായി എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. പരിഹാരത്തിനായി പുതിയ രക്തദാതാക്കളോട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രക്തബാങ്കുകളിലെ സ്റ്റോക്കിന്റെ കുറവുകൊണ്ട് കഴിഞ്ഞവർഷം റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
നിലവിൽ രോഗികളുടെ ചികിത്സയെ ബാധിക്കാത്ത വിധം രക്തത്തിൻറെ കുറവുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. O നെഗറ്റീവ് രക്തമുള്ള കൂടുതൽ ദാതാക്കളെ ആവശ്യമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മിക്ക രോഗികൾക്കും O നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് സ്വീകരിക്കാൻ സാധിക്കും. സുരക്ഷിതവും വിശ്വസനീയവുമായ വിതരണം നിലനിർത്തുന്നതിന് സ്ഥിരം ദാതാക്കളുടെ എണ്ണം ഏകദേശം 800,000 ൽ നിന്ന് കാര്യമായി ഉയരണമെന്നാണ് ഇംഗ്ലണ്ടിലെ രക്തദാന സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻറ് (NHSBT) പറഞ്ഞത്.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ രക്തദാനത്തിന്റെ കാര്യത്തിൽ കടുത്ത വെല്ലുവിളികളിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് എൻഎച്ച്എസ് ബി റ്റി പറഞ്ഞു. ഒരു ദശലക്ഷം സ്ഥിരം ദാതാക്കളിൽ ഒരാളായി നാം ഓരോരുത്തരും മാറുകയാണെങ്കിൽ സമൂഹത്തിന് ആകെ അത് ഗുണകരമായിരിക്കും എന്നാണ് എൻഎച്ച്എസ് ബി റ്റി യിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്. രക്തദാനത്തിൽ നിലനിൽക്കുന്ന റെഡ് അലർട്ട് രോഗികൾ ചികിത്സയ്ക്കായി കൂടുതൽ സമയം കാത്തിരിക്കുന്നതിന് ഇടയാക്കും. ഇത് പലപ്പോഴും ശാസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ വൈകുന്നതിനും കാരണമാകും. യുകെയിലെ ജനസംഖ്യയിൽ വെറും 2 ശതമാനം മാത്രമാണ് സ്ഥിരമായി രക്തദാനത്തിന് സന്നദ്ധത കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡിൽ കൗമാരക്കാരൻ കാറിടിച്ച് മരിക്കാനിടയായ സംഭവത്തിൽ രണ്ട് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസർ അബ്ദുല്ല അൽ യാസിദി ആണ് കാർ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാൾ യെമനിൽ നിന്ന് യുകെയിൽ എത്തിയത്.
ഷെഫീൽഡിലെ ലോക്ക് ഡ്രൈവിൽ നിന്നുള്ള സുൽക്കർനൈൻ അഹമ്മദ് (20), അമാൻ അഹമ്മദ് (26) എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത് . തിങ്കളാഴ്ച ഷെഫീൽഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇവരെ ഹാജരാക്കും. ജൂൺ 4 ന് വൈകുന്നേരം നഗരത്തിലെ ഡാർനാൽ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാർ അയാളുടെ മേൽ ഇടിച്ചതെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു .
ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കാർ മുന്നോട്ട് പോകുമ്പോൾ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെങ്കിലും ജീവന് ഹാനികരമല്ല. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. കുറ്റവാളിയെ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ 46 വയസ്സുള്ള ഒരു പുരുഷനും 45 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടെ രണ്ട് പേർ ഇപ്പോഴും ജാമ്യത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ രോഗികൾക്ക് ഇനി എൻഎച്ച്എസ് ആപ്പ് പ്രാഥമിക ആശയവിനിമയ രീതിയായി മാറുമെന്ന് അറിയിച്ച് യുകെ സർക്കാർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആരോഗ്യ സേവനത്തിന് 200 മില്യൺ പൗണ്ട് ലഭിക്കുകയെന്ന ലക്ഷ്യത്തിൻെറ ഭാഗമായാണ് ഈ നീക്കം. £50 മില്യൺ നിക്ഷേപത്തിന്റെ ഭാഗമായി, കൂടുതൽ പരിശോധനാ ഫലങ്ങൾ, സ്‌ക്രീനിംഗ് ക്ഷണക്കത്തുകൾ, അപ്പോയിന്റ്‌മെന്റ് റിമൈൻഡറുകൾ എന്നിവ രോഗികളുടെ സ്മാർട്ട്‌ഫോണുകളിലേയ്ക്ക് നേരിട്ട് അയയ്‌ക്കും. നേരത്തെ ഇവയ്ക്കായി ഏകദേശം 50 മില്യൺ കത്തുകൾ പ്രതിവർഷം അയക്കേണ്ടതായി വരുമായിരുന്നു.
ആരോഗ്യ സംരക്ഷണ ആശയവിനിമയം ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വർഷം എൻഎച്ച്എസ് ആപ്പ് വഴി 270 ദശലക്ഷം സന്ദേശങ്ങൾ അയയ്ക്കുമെന്നാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകൾ വഴി എൻഎച്ച്എസ് ആപ്പ് രോഗികളെ അപ്പോയിന്റ്മെന്റുകളെ കുറിച്ച് ഓർമ്മിപ്പിക്കും. ഫോൺ കലണ്ടറുകളിൽ അപ്പോയിന്റ്മെന്റുകൾ ചേർക്കാനും ജിപി സർജറികളിൽ നിന്ന് സഹായം അഭ്യർത്ഥിക്കാനുമുള്ള ഫീച്ചറുകളും ആപ്പിൽ ഉണ്ട്. 2018-ൽ ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ടിലെ 87% ആശുപത്രികളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം 11 ദശലക്ഷത്തിലധികം ഉപയോക്താക്കളും ഏകദേശം 20 ദശലക്ഷം ആളുകളും ആരോഗ്യ സംരക്ഷണ സന്ദേശങ്ങൾക്കായി എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കുന്നു.
സർക്കാരിൻെറ പുതിയ നീക്കം എൻഎച്ച്എസിനെ ഡിജിറ്റൽ യുഗത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അതേസമയം രോഗികൾക്ക് വിവരങ്ങൾ ലഭിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പേഷ്യന്റ്സ് അസോസിയേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, ഡിജിറ്റൽ-ഫസ്റ്റ് സമീപനത്തിലേക്കുള്ള എൻഎച്ച്എസിന്റെ മാറ്റം പ്രായമായവരെ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അങ്ങനെ ഉപയോഗിക്കാത്ത രോഗികളെ ഒഴിവാക്കരുതെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ പ്രൊഫസർ ഫിൽ ബാൻഫീൽഡ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായ ഉറിയ റെന്നി അന്തരിച്ചു. 65 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1997 നും 2008 നും ഇടയിൽ 175 പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 300 ലധികം മത്സരങ്ങൾ റെന്നി നിയന്ത്രിച്ചു. ഞങ്ങളുടെ മുൻ ചെയർമാനും മികച്ച റഫറിയുമായ ഉറിയ റെന്നിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടന്ന് ഷെഫീൽഡ് & ഹാലംഷെയർ കൗണ്ടി ഫുട്ബോൾ അസോസിയേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
1997 നും 2008 നും ഇടയിൽ 300 ലധികം മുൻനിര മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് പ്രീമിയർ ലീഗിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ റഫറിയായി ഉറിയ ചരിത്രം സൃഷ്ടിച്ചു. ഇംഗ്ലണ്ടിലെ ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ അതുല്യപ്രതിഭയായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ജമൈക്കയിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് ഷെഫീൽഡിലേക്ക് താമസം മാറി. നഗരത്തിലെ വൈബോൺ പ്രദേശത്താണ് അദ്ദേഹം വളർന്നത്. 1979 ൽ പ്രാദേശിക ഫുട്ബോളിൽ റഫറിയിംഗ് ആരംഭിച്ച അദ്ദേഹം 1997 ൽ ഡെർബി കൗണ്ടിയും വിംബിൾഡണും തമ്മിലുള്ള ടോപ്പ്-ഫ്ലൈറ്റ് മത്സരത്തിന് മേൽനോട്ടം വഹിച്ചപ്പോൾ ചരിത്രം സൃഷ്ടിച്ചു.
ഒരു അപൂർവ രോഗം മൂലം അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയതിനെ തുടർന്ന് താൻ വീണ്ടും നടക്കാൻ പഠിക്കുകയാണെന്ന് റെന്നി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . 1996 മുതൽ റെന്നി ഷെഫീൽഡിൽ ഒരു മജിസ്ട്രേറ്റായിരുന്നു. കായികരംഗത്ത് സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രചാരണങ്ങൾ ശ്രദ്ധേയമായിരുന്നു . ബിസിനസ് അഡ്മിനിസ്ട്രേഷനിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് കായികരംഗത്തെ മികച്ച സംഭാവനകൾക്ക് ഷെഫീൽഡ് ഹാലം സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു . അതുകൂടാതെ മെയ് മാസത്തിൽ റെന്നിയെ സർവകലാശാലയുടെ പുതിയ ചാൻസലറായി നിയമിക്കുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 13 ഉം 14 ഉം വയസ്സ് പ്രായമുള്ള കാർല , സോഫിയ എന്നീ രണ്ട് പെൺകുട്ടികളെ ആണ് കാണാതായത്. മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള എബ്രഹാം മോസ് ലൈബ്രറിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയാണ് 13 കാരിയായ സോഫിയയെയും 14 കാരിയായ കാർലയെയും സ്കൂൾ യൂണിഫോമിൽ അവസാനമായി കണ്ടത്.
മെലിഞ്ഞ ശരീരവും നീണ്ട ഇരുണ്ട മുടിയുമുള്ള സോഫിയ കണ്ണട ധരിച്ചിട്ടുണ്ട്. സെന്റ് മോണിക്ക സ്കൂളിന്റെ PE പോളോ ടോപ്പും കറുത്ത ഷോർട്ട്സും കറുത്ത ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്.
കാർലയ്ക്ക് ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും നീണ്ട ഇരുണ്ട മുടിയും ഉണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സെന്റ് മോണിക്ക സ്‌കൂളിൽ നിന്നുള്ള ബ്ലേസറും കറുത്ത പഫർ കോട്ടും സ്‌കൂൾ ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ വിസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാകുട സ്വദേശി ദീപു മേൻമുറിയാണ് മരണമടഞ്ഞത്. അടുത്തയിടെ കെയർ ഹോമിലെ ജോലി ദീപുവിനെ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ദീപുവെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്.
താത്കാലികമായി മാഞ്ചസ്റ്ററിലെ ഒരു മലയാളി റസ്റ്റോറന്റിൽ ഷെഫായി ദീപു ജോലി നോക്കി വരികയായിരുന്നു. ജോലിക്ക് ദീപു എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ഇദ്ദേഹത്തിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ. ആറുമാസം മുന്‍പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് ദീപു നാട്ടില്‍ എത്തിയിരുന്നു.
ദീപുവിൻറെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർത്ഥന സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയിട്ടുണ്ട്. കെയർ വിസയിൽ യുകെയിൽ എത്തി ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതിയിൽ നാല് ശതമാനത്തിന് മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂവെന്ന വാർത്ത കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.കെയർ വിസയ്ക്കായി ഭീമമായ തുക ചിലവഴിച്ച് യുകെയിൽ എത്തി ചതിക്കുഴിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് യാഥാർത്ഥ്യം.
ദീപു മേൻമുറിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളും പിന്നോക്ക അവസ്ഥയിലുമായ പ്രദേശങ്ങളിൽ അടിസ്ഥാനവികസനത്തിന് കൂടുതൽ പണം ചിലവഴിക്കുന്നതിനായി സ്വന്തം പാർട്ടിയിലെ എംപിമാർ ചാൻസിലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ചെലുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഇടതുപക്ഷ പ്രദേശങ്ങളിലെ വോട്ടർമാർക്ക് വളർച്ചയുടെ പ്രയോജനം ലഭിക്കുന്നതിന് മുൻതൂക്കം നൽകുന്നതിനായിട്ടാണ് ഈ നടപടി . പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന വികസനത്തിനായി കൂടുതൽ തുക ഈ പ്രദേശങ്ങളിൽ വകയിരുത്തണമെന്നായിരുന്നു പാർട്ടി എംപിമാർ ആവശ്യപ്പെട്ടത്.
ലേബർ സഹപ്രവർത്തക ഹിലാരി ആംസ്ട്രോങ്ങിന്റെ അധ്യക്ഷതയിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ നെയ്ബർഹുഡ്സ് ആണ് ഇത്തരത്തിലുള്ള 613 നിർണായക പ്രാദേശിക മേഖലകൾ വേർതിരിച്ചത് . ഉയർന്ന തൊഴിലില്ലായ്മ, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ ഉൽപാദനക്ഷമത എന്നിവയാണ് ഇത്തരം പ്രദേശങ്ങളുടെ സവിശേഷതയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. അടുത്ത ആഴ്ചയിലെ ചെലവ് അവലോകനത്തിന് മുന്നോടിയായി ലണ്ടന് തെക്കുകിഴക്കും പുറത്തുള്ള ഗതാഗത പദ്ധതികളിൽ 15 ബില്യൺ പൗണ്ട് ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തേക്ക് മൂലധന ചെലവിൽ 113 ബില്യൺ പൗണ്ട് കൂടി ചെലവഴിക്കാനുള്ള പദ്ധതികൾ ആണ് റീവ്സ് പ്രഖ്യാപിച്ചിരിക്കുന്നത് .
നിലവിലെ നിയമങ്ങൾ അനുസരിച്ച് പ്രാദേശിക തലത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനായി കടം വാങ്ങുന്നതിനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ബസുകളും മറ്റു ചെറിയ യാത്രാസൗകര്യങ്ങൾക്കും മാത്രമല്ല കൂടുതൽ ഫണ്ട് അനുവദിക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് 1987 മുതൽ 2010 വരെ നോർത്ത് വെസ്റ്റ് ഡർഹാമിലെ ലേബർ എംപിയായിരുന്ന ആംസ്ട്രോങ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൻഡ് സ്ക്രീൻ തകരാറിലായതിനെ തുടർന്ന് ലണ്ടൻ ഹീത്രോ എയർപോർട്ടിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ഒരു ഡെൽറ്റ എയർ ലൈൻസ് എയർബസ് വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ പറന്നുയർന്ന് കുറച്ച് സമയത്തിനുള്ളിൽ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിൽ 188 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തകരാർ തിരിച്ചറിഞ്ഞ് കുറെ സമയത്തിനുശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർലൈൻ അറിയിച്ചു. യാത്രക്കാർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റും അതിനു കഴിയാത്തവർക്ക് ഭക്ഷണവും ഹോട്ടൽ മുറികളും വാഗ്ദാനം ചെയ്തതായി ഡെൽറ്റ എയർലൈൻ അറിയിച്ചു. സംഭവത്തെ തുടർന്ന് മറ്റ് വിമാന സർവീസുകളൊന്നും തടസ്സപ്പെട്ടിട്ടില്ലെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യം ദിനംപ്രതി മോശമായി കൊണ്ടിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്രാമ പ്രദേശങ്ങളിലെ ബസ് റൂട്ടുകളിൽ അഞ്ചിലൊന്നും കഴിഞ്ഞ 5 വർഷത്തിനിടയിൽ അപ്രത്യക്ഷമായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബസ് സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള കൗൺസിൽ ഫണ്ടിംഗ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2019 നും 2024 നും ഇടയിൽ ഗ്രാമപ്രദേശങ്ങളിലെ ബസ് സർവീസ് 18 ശതമാനം കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. ലണ്ടന് പുറത്തുള്ള സർവീസുകളുടെ ഇടിവ് പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യങ്ങൾ ഫല പ്രാപ്തിയിൽ എത്തിയില്ലെന്നതാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ബസ് സർവീസ് നടത്തുന്നതിനുള്ള അടിയന്തര ഫണ്ടിങ്ങിൽ ഭൂരിഭാഗവും കോവിഡ് പ്രതിരോധത്തിലേയ്ക്ക് വഴി തിരിച്ചു വിട്ടതിന്റെ അനന്തരഫലമാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2021- ൽ ബോറിസ് ജോൺസൺ സർക്കാർ അനുവദിച്ച 3 ബില്യൺ പൗണ്ടിന്റെ ധനസഹായം ആണ് ഇങ്ങനെ വഴിമാറ്റിയത്.
ബസ് സർവീസുകൾ പ്രാദേശിക നിയന്ത്രണത്തിലാക്കി കാര്യക്ഷമമായി നടത്തുന്നതിന് കൗൺസിലുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നത് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായി നിയമനിർമ്മാണം ഉൾപ്പെടെ കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ കാണിക്കുന്നത്. നിലവിലുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ബസ് സർവീസുകൾ കാര്യക്ഷമമായി നടത്താൻ 1 ബില്യൺ പൗണ്ട് അധികമായി ആവശ്യമാണെന്ന് കാമ്പെയ്‌ൻ ഫോർ ബെറ്റർ ട്രാൻസ്‌പോർട്ടേഷൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷവും അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് കൂടിയതായുള്ള റിപ്പോർട്ട് പുറത്തു വന്നു. റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു അനധികൃത കുടിയേറ്റക്കാർ കൂടുതലായി ജോലി ചെയ്തിരുന്നത്. ഇത്തരം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മുൻകാലത്തേക്കാൾ 51 ശതമാനം കൂടുതൽ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതായുള്ള കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത് .
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പിറ്റേന്ന് 2024 ജൂലൈ 5 മുതൽ 2025 മെയ് 31 വരെ നിയമവിരുദ്ധമായി ജോലി ചെയ്തതായി സംശയിക്കുന്ന 6,410 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹോം ഓഫീസിൻെറ കണക്കുകൾ പറയുന്നു. കൺസർവേറ്റീവുകൾ സർക്കാരിൽ ഉണ്ടായിരുന്ന മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 51% വർദ്ധനവ് ആണ് . റെസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഏകദേശം 9000 റെയ്ഡുകൾ ആണ് നടത്തിയത്. കഴിഞ്ഞവർഷം നേരത്തെ നടത്തിയ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 48 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
ബെൽഫാസ്റ്റിലെ ഒരു നിർമ്മാണ സ്ഥലത്ത് മാത്രം 36 പേരെയാണ് അറസ്റ്റ് ചെയ്തത്. അവിടെ വിസ വ്യവസ്ഥകൾ ലംഘിച്ച് യുകെയിൽ ജോലി ചെയ്യുന്ന ആളുകളെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. സറേയിൽ അനധികൃത ഡെലിവറി ഡ്രൈവർമാർ കാരവൻ പാർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വെളിപ്പെടുത്തിയതിനെത്തുടർന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ബ്രാഡ്‌ഫോർഡിൽ അനധികൃത തൊഴിലാളികൾക്കുള്ള ഒരു ജനപ്രിയ പിക്ക്-അപ്പ് സ്ഥലം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. യുകെയിൽ ജോലി കണ്ടെത്താൻ കഴിയുമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തുകാർ പലപ്പോഴും കുടിയേറ്റക്കാരെ ചെറിയ ബോട്ടുകളിൽ ആണ് യുകെയിൽ എത്തിക്കുന്നത്.
വിദേശത്ത് നിന്ന് വരുന്ന എല്ലാ പുതിയ ജീവനക്കാരിലും തൊഴിലുടമകൾ ജോലി ചെയ്യാനുള്ള അവകാശ പരിശോധനകൾ നടത്തണം എന്നാണ് നിയമം . അങ്ങനെ ചെയ്യാത്ത ഒരു തൊഴിലാളിക്ക് £60,000 പിഴയും അഞ്ച് വർഷം വരെ തടവ് ശിക്ഷയും നേരിടേണ്ടി വരും.