Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെൻസിൽവാനിയയിൽ നടന്ന റാലിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്. വെടിയൊച്ച കേട്ടതിന് പിന്നാലെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് ഉടൻ മാറ്റി. സംഭവത്തിൻെറ വീഡിയോ ദൃശ്യങ്ങളിൽ വെടി ഉതിർത്തതിന് പിന്നാലെ അദ്ദേഹത്തിൻെറ വലതു ചെവിയുടെ ഭാ​ഗത്തുനിന്ന് രക്തം ഒഴുകുന്നത് കാണാം. പെട്ടെന്ന് തന്നെ യുഎസ് രഹസ്യാന്വേഷണ ഏജൻ്റുമാർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്‌തു. തൻ്റെ വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട ഏറ്റതായി പിന്നീട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ട്രംപ് ഇപ്പോൾ പ്രാദേശിക മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണെന്ന് വക്താവ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിൻെറ അടുത്ത് വരുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. വെടിവച്ചതായി സംശയിക്കുന്നയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ എഫ്ബിഐയുടെ നേതൃത്വത്തിൽ സജീവമായ അന്വേഷണം നടന്നുവരികയാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പെൻസിൽവാനിയയിലെ അനുയായികളെ അഭിസംബോധന ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിലവിലെ പ്രസിഡന്റ ജോ ബൈഡനെയും അദ്ദേഹത്തിൻ്റെ ഭരണകൂടത്തെയും കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ട്രംപ് സംസാരിക്കുന്ന വേദിയുടെ വലതുവശത്തുള്ള ഒരു നില കെട്ടിടത്തിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ചു വയസു മാത്രം പ്രായമുള്ള കുഞ്ഞു മാലാഖ പനിബാധിച്ച് മരണമടഞ്ഞു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി എന്നിവരുടെ മകളായ ഹന്നാ മേരി ഫിലിപ്പാണ് മരണമടഞ്ഞത്. ഒരു മാസമായി പനി പിടിച്ച് ചികിത്സയിലായിരുന്നു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹന്നയുടെ അമ്മ ജെയ്മോള്‍ ഇവിടെ സ്വകാര്യ കെയർ ഹോമിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഹന്നയും ഇളയ സഹോദരൻ ആൽബിനും വെറും 8 മാസം മുൻപ് മാത്രമാണ് പിതാവിനൊപ്പം യുകെയിൽ എത്തിയത്. കേരളത്തിൽ മല്ലപ്പള്ളിക്കടുത്തുള്ള തുരുത്തിക്കാടാണ് ഇവരുടെ സ്വദേശം.

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ പൊന്നോമന പുത്രിയുടെ ജീവൻ അപകടത്തിലായതിന്റെ ഞെട്ടലിലാണ് കുടുംബം. ബർമിങ് ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവ് അംഗങ്ങളാണ് ഹന്നയുടെ കുടുംബം. കുഞ്ഞിൻറെ അകാല വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി ഇടവക സമൂഹവും ഇവിടുത്തെ പ്രാദേശിക സമൂഹവും സജീവമായുണ്ട്. തുരുത്തിക്കാട് മാർത്തോമാ ദേവാലയമാണ് ഹന്നയുടെ പിതാവ് ബിൻസെന്റ് ഫിലിപ്പിന്റെ മാതൃ ഇടവക . ഹന്നയുടെ മൃതദേഹം നാട്ടിലെത്തിച്ച് മൃതസംസ്കാരം നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. കുടുംബത്തെ സഹായിക്കുന്നതിനായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പിന്റെയും കുടുംബ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഹന്ന മേരി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു വീടിന് തീ പിടിച്ച് ഒരു കുട്ടി മരിച്ചതായി ലണ്ടൻ ഫയർ അറിയിച്ചു. ഈസ്റ്റ് ഹാമിലെ നേപ്പിയൻ റോഡിലെ വീടിൻറെ ഒന്നാം നിലയിൽ ആണ് അഗ്നിബാധ ഉണ്ടായത്. ഇന്നലെ രാത്രി 8:30നാണ് സംഭവം നടന്നത്.


സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് 5 പേരെ ലണ്ടൻ ആംബുലൻസ് സർവീസ് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ അവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ലിഫ്റ്റണിലെ പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയതായി കരുതുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്രിസ്റ്റോളിലെ ടെംപിൾ മീഡ്‌സ് സ്‌റ്റേഷനിൽ സായുധ ഉദ്യോഗസ്ഥരാണ് 34കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കൂടാതെ ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലെ ഫ്ലാറ്റിലും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ചിരുന്നു. യുകെയിലെ എല്ലാ ദേശീയ മാധ്യമങ്ങളും ഈ കൊലപാതകം വൻ വാർത്തയാക്കിയിരുന്നു. കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ച കൊലപാതകത്തിൽ സുപ്രധാന സംഭവവികാസമാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ അറസ്റ്റ് എന്ന് മെറ്റ്സ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ ആൻഡി വാലൻ്റൈൻ പറഞ്ഞു.

രണ്ട് സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിരുന്നു . സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭ്രൂണങ്ങൾ നഷ്‌ടപ്പെട്ട ഗുരുതരമായ വീഴ്ച്ചയെ തുടർന്ന് മാർച്ചിൽ അടച്ച ലണ്ടനിലെ ഫെർട്ടിലിറ്റി ക്ലിനിക്ക് അടുത്ത മാസം തുറക്കാൻ റെഗുലേറ്റർ അനുമതി നൽകി . സൂക്ഷിച്ച് വച്ചിരുന്ന ഭ്രൂണങ്ങൾ കാണാതായതിനെ തുടർന്ന് ക്ലിനിക് അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചാൽ ഓഗസ്റ്റ് 8 ഓടെ ക്ലിനിക്ക് വീണ്ടും തുറക്കാമെന്ന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (HFEA) അറിയിച്ചു.

ഹാക്ക്‌നിയിലെ ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ നടത്തുന്ന ഹോമർട്ടൺ ഹെൽത്ത്‌കെയർ ഇരയായ രോഗികളോട് ക്ഷമ ചോദിച്ചു. സംഭവത്തിന് പിന്നാലെ രോഗികളോട് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ബസ് സാദിഖ് ക്ഷമാപണം നടത്തിയിരുന്നു. ക്ലിനിക് വീണ്ടും തുറക്കാനുള്ള HFEAയുടെ തീരുമാനത്തിനോടുള്ള നന്ദി അറിയിക്കുകയും ചെയ്‌തു. സേവനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ പ്രതിവർഷം എൻഎച്ച്എസുകൾക്കും സ്വകാര്യ രോഗികൾക്കും എഗ്ഗ്, എംബ്രിയോ ഫ്രീസിങ് , IVF തുടങ്ങിയ ഫെർട്ടിലിറ്റി ചികിത്സകൾ നൽകുന്നുണ്ട്. മെയ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടന്ന സംഭവങ്ങളിൽ ക്ലിനിക്കിലെ 32 രോഗികളുടെ എംബ്രിയോ നഷ്ടപ്പെടുകയായിരുന്നു. മാർച്ച് 7 ന് ക്ലിനിക് അടച്ചത് കാത്തിരിക്കുന്ന മറ്റ് രോഗികളുടെ ചികിത്സ അവതാളത്തിലാക്കി. സംഭവത്തിന് പിന്നാലെ ക്ലിനിക്കിൽ വരുത്തിയ മാറ്റങ്ങളിൽ സംതൃപ്തരാണെന്ന് റെഗുലേറ്ററിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ തോംസൺ പറഞ്ഞു. അന്വേഷണത്തിൻ്റെ ഫലമായി ക്ലിനിക്ക് പുതിയ പ്രവർത്തന രീതികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റയാൻ എയർലൈനിൻ്റെ രണ്ട് പൈലറ്റുമാർ വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു. M 62 മോട്ടോർ വേയിലാണ് അപകടം നടന്നത് . വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

M 62 മോട്ടോർ വെയിൽ ചെഷെയറിൽ വെച്ച് ജംഗ്ഷൻ 7 നും 8 നും ഇടയിലാണ് അപകടം നടന്നത്. മാറ്റ് ഗ്രീൻഹാൽഗ് (28), ജാമി ഫെർണാണ്ടസ് (24) എന്നിവർ ടാക്‌സിയിൽ ലിവർപൂൾ ജോൺ ലെനൺ എയർപോർട്ടിലേക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ടാക്സികാർ ഓടിച്ചിരുന്ന ഡ്രൈവറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിട്ടുണ്ട് . രണ്ട് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരേ സംഭവത്തോട് ബന്ധപ്പെട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതകത്തിൽ തങ്ങൾ അന്വേഷിക്കുന്ന പ്രതി കൊളംബിയൻ പൗരനായ യോസ്റ്റിൻ ആന്ദ്രെ മോസ്‌ക്വെറ ആണെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ ഇയാൾ അപകടകാരിയാണെന്നും പൊതുജനങ്ങൾ സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരും ഇയാളുടെ പരിചയക്കാരായിരുന്നുവെന്നാണ് പോലീസ് കരുതുന്നത് . പക്ഷേ ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.

ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഏറ്റവും തിരക്കേറിയ മോട്ടോർ വേ M 25 അറ്റകുറ്റ പണികൾക്കായി അടച്ചിടും. ജംഗ്ഷൻ 10 നും 11 നും ഇടയിലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്. ഈ വാരാന്ത്യത്തിലാണ് മോട്ടോർ വേയിലെ ഗതാഗതം തടസ്സപ്പെടുന്നത്. തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി സറേയിലെ ജംഗ്ഷൻ 10 ന് സമീപം ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

M 25 -ലെ വാരാന്ത്യത്തിലെ അടച്ചിടൽ ഈ വർഷം ഇതുവരെ മൂന്നാമത്തേതാണ്. അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർ M 25 – ലെ ബ്ലോക്ക് മുൻകൂട്ടി കണ്ട് വേണം യാത്ര ക്രമീകരിക്കാൻ. യൂറോയുടെ ഫൈനൽ മത്സരങ്ങൾ തുടങ്ങിയ ഉൾപ്പെടെ ഈ ഞായറാഴ്ച പതിവിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.


ജംഗ്ഷൻ 10 നും 11നും ഇടയിലുള്ള സമാന്തര പാതകളിലൂടെ ഗതാഗതം വഴി തിരിച്ചു വിടുമെന്നാണ് അറിയാൻ സാധിച്ചത് . ഇന്ന് ജൂലൈ 12 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ ജൂലൈ 15 തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് ഗതാഗത തടസ്സം നേരിടുന്നത്. 117 മൈൽ ദൈർഘ്യമുള്ള M 25 യു കെ യിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഹീത്രു എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ പ്രധാനമായും M 25 മോട്ടോർ വേയാണ് ആശ്രയിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് കുട്ടികളുടെ മാതാവായ സോഫി ഇവാൻസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ജൂലൈ 5-ാം തീയതിയാണ് യുകെയെ നടുക്കിയ സംഭവം നടന്നത് . 30 വയസ്സ് മാത്രം പ്രായമുള്ള സോഫി ഇവാൻസിൻ്റെ (30) മൃതദേഹം കാർമാർത്തൻഷെയറിലെ ലാനെല്ലിയിലെ ബിജിൻ റോഡിലെ ഒരു വീട്ടിൽ കണ്ടെത്തുകയായിരുന്നു.


ഇവാൻസിന് പരിചയമുള്ള 49 കാരനായ ഒരാൾ കസ്റ്റഡിയിലാണെന്നും വെള്ളിയാഴ്ച ലാനെല്ലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ഇവാൻസിൻ്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഇയാൾ അറസ്റ്റിലായിരുന്നു. ഇവാൻസിന്റെ മരണത്തെ തുടർന്ന് കടുത്ത വേദനയോടെയാണ് കുടുംബവും സുഹൃത്തുക്കളും പ്രതികരിച്ചത് . ബ്യൂട്ടി തെറാപ്പിയിൽ പ്രാവീണ്യമുണ്ടായിരുന്ന സോഫിയ്ക്ക് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിനും സോഫിയ്ക്ക് പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നു. മരണത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. എന്നിരുന്നാലും കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അഡിഡാസ് ബേസ്ബോൾ തൊപ്പി, കറുത്ത ജീൻസ്, കറുത്ത ജാക്കറ്റ്, കട്ടിയുള്ള വെളുത്ത കാലുകളുള്ള കറുത്ത ട്രെയിനർ എന്നിവയാണ് പ്രതി ധരിച്ചിരിക്കുന്നത് . ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു. കൂടാതെ ഒരു സ്വർണക്കമ്മലും ഇയാൾ ധരിച്ചിരുന്നു. സ്യൂട്ട്‌കേസുകൾ ഉപേക്ഷിച്ചതിന് ശേഷം ലീ വുഡ്‌സിൻ്റെ ദിശയിലേക്ക് പ്രതി പോയെന്നാണ് കരുതുന്നതെന്ന് ആക്ടിംഗ് ബ്രിസ്റ്റോൾ കമാൻഡർ വിക്‌സ് ഹേവാർഡ്-മെലൻ പറഞ്ഞു.


സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. സ്പെഷ്യലിസ്റ്റ് ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ നിലവിൽ പാലവും ചുറ്റുപാടും പരിശോധിക്കുന്നുണ്ട്. പരിശോധന നടക്കുന്ന സമയത്ത് പാലത്തിലേയ്ക്കുള്ള ഗതാഗതവും പൊതുജനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിരുന്നു. പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശങ്ങളിലേക്കു കൂടി പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ 9 9 9 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആളുടെ പ്രായം എത്രയാണെന്നോ സ്ത്രീയാണോ പുരുഷനാണോ എന്നീ കാര്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

RECENT POSTS
Copyright © . All rights reserved