ന്യൂസ് ഡെസ്ക് മലയാളം യുകെ
തികച്ചും ആരോഗ്യവാനായ വ്യക്തി. മികവാറും ദിവസങ്ങളിൽ ബാഡ്മിൻറൺ കളിക്കും. ആരോഗ്യ കാര്യങ്ങളിലും വ്യായാമങ്ങളിലും കടുത്ത നിഷ്കർഷ പുലർത്തിയിരുന്ന കൃഷ്ണകുമാറിന്റെ വേർപാട് കടുത്ത ഞെട്ടലാണ് എല്ലാവരിലും ഉളവാക്കിയത്.
ഫെയർഹാമിൽ താമസിച്ചിരുന്ന കൃഷ്ണകുമാർ ബാഡ്മിന്റൺ കളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിനുശേഷം കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കേരളത്തിൽ ഗുരുവായൂർ സ്വദേശിയായ കൃഷ്ണകുമാർ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സൗമ്യ തൃശ്ശൂർ സ്വദേശിനിയാണ്. രണ്ടു മക്കളുണ്ട്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.
കൃഷ്ണകുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ പാഡിംഗ്ടൺ ഹീത്രു എയർപോർട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ തടസ്സപ്പെട്ട റെയിൽവെ ഗതാഗതം പുനഃസ്ഥാപിച്ചു. തങ്ങളുടെ എൻജിനീയർമാർ മുടങ്ങിയ റൂട്ടിലെ കേടായ ഓവർഹൈഡ് ഇലക്ട്രിക് കേബിളിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ട്രെയിൻ എൻക്വയറി വഴിയോ ലോക്കൽ ട്രെയിൻ ഓപ്പറേറ്റർ വഴിയോ യാത്ര ചെയ്യുന്നതിനുമുമ്പ് ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് യാത്രക്കാർ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിനുകൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുകയോ സമയം മാറുകയോ 60 മിനിറ്റ് വരെ വൈകാനുമോ സാധ്യതയുണ്ടെന്ന് നാഷണൽ റെയിൽ പറഞ്ഞു.
ഏതെങ്കിലും രീതിയിൽ ട്രെയിൻ സർവീസ് മുടങ്ങിയത് മൂലം യാത്രാ തടസ്സം നേരിട്ടവർക്ക് ലണ്ടൻ അണ്ടർ ഗ്രൗണ്ട്, ലണ്ടൻ ബസ് സർവീസ് എന്നീ ഗതാഗത മാർഗ്ഗങ്ങൾ അധിക ടിക്കറ്റ് ചാർജ് ഇല്ലാതെ തന്നെ ഉപയോഗിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് വ്യാപകമായി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ദിനംപ്രതി പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ്. അതിൻറെ കൂടെയാണ് എനർജി ബില്ലിന്റെ വർദ്ധനവ് ഈ വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് തെല്ലൊരാശ്വാസമായി ബ്രിട്ടനിൽ നാഷണൽ ഇൻഷുറൻസിന്റെ തുകയിൽ ചെറിയ ഒരു കുറവ് ഇന്നലെ തൊട്ട് നിലവിൽ വന്നു.
ശമ്പളത്തിന് അർഹതയുള്ളവരുടെ ഇൻഷുറൻസ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറയുന്നത്. 12,570 പൗണ്ട് മുതൽ 50270 പൗണ്ട് വരെ ശമ്പള പരിധിയിലുള്ള ജീവനക്കാർക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുന്നത്. ചാൻസിലർ ജെറമി ഹണ്ട് ആണ് നാഷണൽ ഇൻഷുറൻസ് കുറയ്ക്കാനുള്ള പ്രഖ്യാപനം നേരത്തെ നടത്തിയത്.
ഏകദേശം 27 മില്യൺ ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെയിലെ ശരാശരി വാർഷിക ശമ്പളമായ 35,000 പൗണ്ട് നേടുന്ന ഒരാൾക്ക് 450 പൗണ്ടിന്റെ ഇളവ് ഇതുമൂലം ലഭിക്കും. മാസ ശമ്പളക്കാരെ കൂടാതെ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചെറിയതോതിൽ ഇളവിന് അർഹതയുണ്ട്. ഈ ഗണത്തിൽ വരുന്നവരുടെ ക്ലാസ് 2 കോൺട്രിബ്യൂഷൻ പൂർണമായും മാറ്റിയിട്ടുണ്ട്. ക്ലാസ് 4 കോൺട്രിബ്യൂഷൻ 9 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒട്ടേറെ യു കെ മലയാളികൾ ജോലി ചെയ്യുന്ന പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് മാസം മുതൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് വിവിധ സൂപ്പർമാർക്കറ്റുകൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാരെ പിടിച്ചുനിർത്താനാണ് സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതെന്നാണ് സൂചനകൾ .
പുതിയ ശമ്പള വർദ്ധനവ് രണ്ടു രീതിയിലാണ് നടപ്പിലാക്കുന്നത്. ലണ്ടനിലുള്ള ജീവനക്കാർക്ക് ഒരു ശമ്പള പരിഷ്കരണവും ഇതര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു സ്കെയിലുമാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. ലണ്ടനിന് പുറത്തുള്ള ജീവനക്കാരുടെ ശമ്പളം 12 പൗണ്ടായിട്ടും ലണ്ടനിലുള്ളവരുടെ ശമ്പളം 13.15 പൗണ്ടായും ആണ് വർദ്ധിപ്പിക്കുന്നത്.
വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ ഒട്ടേറെ യു കെ മലയാളികളും ഉണ്ട് . സ്റ്റുഡൻറ് വിസയിൽ എത്തിയ മലയാളി വിദ്യാർഥികളിൽ പലരും തങ്ങളുടെ പാർട്ട് ടൈം ജോലിയുടെ ഭാഗമായി സെയിൻസ്ബറിയിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ലണ്ടന് പുറത്ത് 11 പൗണ്ടും ലണ്ടനിൽ 11.15 പൗണ്ടുമാണ് മണിക്കൂറിൽ ലഭിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതുവർഷത്തിന്റെ ആഘോഷങ്ങൾക്ക് ഇടയിൽ തന്റെ സമപ്രായക്കാരനെ കൊലപ്പെടുത്തിയ കേസിൽ 16 വയസ്സുകാരനെ കോടതിയിൽ ഹാജരാക്കി. വടക്കൻ ലണ്ടനിലായിരുന്ന യുകെയെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഹാരി പിറ്റ്മാനും കൂട്ടുകാരും പ്രിംറോസ് ഹില്ലിൽ കരിമരുന്ന് കലാപ്രകടനം കാണാനെത്തിയപ്പോഴാണ് സംഭവം നടന്നത്. പാരാമെഡിക്കലുകൾ എത്തുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥർ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഹാരിയുടെ ജീവൻ രക്ഷിക്കാനായില്ല . ഹാരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
യുകെയിൽ കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .
ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്.
അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡോ. ആനി ഫിലിപ്പ് (65) നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ വച്ചായിരുന്നു മരണം. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ കുടുംബാംഗമായ ഡോ. ആനി ഫിലിപ്പ് ക്യാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. ഭർത്താവ്: ഡോ. ഷംസ് മൂപ്പൻ. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).
ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച് ആരോഗ്യ രംഗത്ത് തൻെറ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ ഡോക്ടറാണ് ആനി ഫിലിപ്പ് . ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസും എംഡിയും പാസായത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടന്റായി ജോലി ചെയ്‌ത് വരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡന്റിസ്റ്റാണ്.
ഡോ. ആനി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വടക്കൻ അയർലണ്ടിൽ നേഴ്സുമാർ ജനുവരി 18 മുതൽ പണിമുടക്കും. നേഴ്സുമാരുടെ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുകെയിൽ ഉടനീളം നേഴ്സുമാർക്ക് നടപ്പിലാക്കിയ ശമ്പള വർദ്ധനവിന്റെ ആനുകൂല്യം അയർലണ്ടിലെ നേഴ്സുമാർക്ക് ലഭിച്ചില്ലെന്ന് ആർ സി എൻ കുറ്റപ്പെടുത്തി.
പണിമുടക്കിനായുള്ള തീരുമാനം ബുദ്ധിമുട്ടുള്ളവാക്കുന്നതാണെന്നും എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിയിൽ നേഴ്സുമാരെ പിടിച്ചുനിർത്താൻ ബുദ്ധിമുട്ടാണെന്നുമാണ് യൂണിയൻറെ നിലപാട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് ഭരണനേതൃത്വത്തിന് ആർ സി എൻ നിവേദനം സമർപ്പിച്ചിരുന്നു.
ഇതിനു മുമ്പ് 2019 -ൽ 103 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 9000 നേഴ്സുമാരാണ് ആർസിഎന്നിന്റെ കുടക്കീഴിൽ നോർത്തേൺ അയർലണ്ടിൽ സമരം ചെയ്തത്. മികച്ച ശമ്പളപരിഷ്കരണം നടപ്പിലായില്ലെങ്കിൽ കൂടുതൽ സമരപരമ്പരകളുമായി മുന്നോട്ട് പോകുമെന്നാണ് യൂണിയൻറെ നിലപാട്. ശമ്പള പരിഷ്കരണ ആവശ്യവുമായി മറ്റ് തൊഴിലാളി യൂണിയനുകളും പണിമുടക്കിന്റെ പാതയിലാണ്. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ്, റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ്, അധ്യാപക സംഘടനകൾ എന്നിവരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വാങ്ങുവാൻ അനുവാദമുള്ള മരുന്നുകൾ കൃത്യമായ പരിശോധനകൾ ഇല്ലാതെ ഓൺലൈൻ ഫാർമസികൾ ലഭ്യമാക്കുന്നു എന്ന പുതിയ കണ്ടെത്തൽ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ഇരുപതോളം ഓൺലൈൻ ഫാർമസികളാണ് നിയന്ത്രിത മരുന്നുകൾ ജനറൽ പ്രാക്ടീഷണറുടെ പ്രിസ്ക്രിപ്ഷൻ പോലെയുള്ള യാതൊരുവിധ നടപടികളും ഇല്ലാതെ വിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയവർ ഇത്തരത്തിൽ ഏകദേശം 1600ഓളം മരുന്നുകൾ തെറ്റായ വിവരങ്ങൾ നൽകി വാങ്ങിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളിലേക്ക് എത്തിയത്.
ചില മരുന്നുകൾ ഓൺലൈനായി വിൽക്കുമ്പോൾ അധിക പരിശോധന ആവശ്യമാണെന്ന് ജനറൽ ഫാർമസ്യൂട്ടിക്കൽ കൗൺസിൽ റെഗുലേറ്റർ പറയുന്നു. ബിബിസിയുടെ കണ്ടെത്തലുകൾ തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാർമസിസ്റ്റും ആരോഗ്യ അഭിഭാഷകനും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായ തോറൺ ഗോവിന്ദ് പറഞ്ഞു. പലരും തങ്ങളുടെ സൗകര്യാർത്ഥം ഓൺലൈൻ ഫാർമസികൾ മരുന്നുകൾ വാങ്ങാനായി തിരഞ്ഞെടുക്കുന്നു. യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റ് പ്രിസ്‌ക്രൈബറെ മാത്രം നിയമിച്ചാൽ തന്നെ ഈ ബിസിനസുകൾക്ക് കുറിപ്പടി മാത്രമുള്ള മരുന്നുകൾ സൈൻ-ഓഫ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ ഓൺലൈനിൽ നിന്നും വാങ്ങിയ മരുന്നുകൾ അബദ്ധത്തിൽ അമിതമായി കഴിച്ച് 2020-ൽ കെയ്റ്റി എന്ന യുവതി മരണപ്പെട്ടിരുന്നു. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും നിയമങ്ങൾ കർശനം ആക്കണമെന്നും മരിച്ച സ്ത്രീയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
നിലവിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഓൺലൈനിൽ ഒരു മരുന്ന് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകണമെന്നാണ് നിഷ്കർഷിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന മരുന്നുകൾക്ക് കൂടുതൽ സുരക്ഷ നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ ഇപ്പോഴും അത്തരത്തിലുള്ള മരുന്നുകൾ വളരെ എളുപ്പത്തിൽ ഓൺലൈനിലൂടെ ലഭ്യമാകുന്നതാണ് ആശങ്കകൾക്ക് ഇടയാക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒപിയോയിഡുകൾ, സെഡേറ്റീവ്സ് എന്നിവ പോലുള്ള ദുരുപയോഗം, അമിത ഉപയോഗം എന്നിവയ്ക്ക് സാധ്യതയുള്ള മരുന്നുകൾ ഓൺലൈനിൽ വിൽക്കരുതെന്ന കർശന നിർദേശം നൽകിയതായി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹെങ്ക് കൊടുങ്കാറ്റും കനത്ത മഴയേയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളാണ് നശിച്ചത്. ഇതുവരെ 230-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, തെക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭൂരിഭാഗം ആളുകളെയും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളക്കെട്ടിലായ റോഡുകളും റെയിൽവേ ട്രാക്കുകളും യാത്രകൾ ദുരിതത്തിലാക്കുകയാണ്.
നോട്ടിംഗ്ഹാംഷെയറിൽ ട്രെന്റ് നദിയോട് ചേർന്ന് താമസിക്കുന്ന പലരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. അതേസമയം ചില പ്രദേശങ്ങളിൽ പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ഇതിനാൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലാനിരപ്പാണ് ട്രെന്റിൽ എന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. നേരത്തെ 2000 -ത്തിൽ 5.35 മീറ്ററിലെത്തിയതിൽ നിന്ന് ഈ വർഷം ജലനിരപ്പ് 5.5 മീറ്ററിലാണ് എത്തിയിരിക്കുന്നത്.
ഗ്ലൗസെസ്റ്ററിലെ അൽനി ദ്വീപിലെ 50 ഓളം വീടുകൾ ഒഴിപ്പിച്ചതായി എക്സിക്യൂട്ടീവ് ഫ്ലഡ് ഡയറക്ടർ കരോലിൻ ഡഗ്ലസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച യുകെയിലെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഹെങ്ക് കൊടുങ്കാറ്റ് മൂന്ന് മാസത്തിനിടെ രാജ്യം നേരിട്ട എട്ടാമത്തെ കൊടുങ്കാറ്റാണ്. വരും ദിവസങ്ങളിൽ താപനില ഗണ്യമായ രീതിയിൽ കുറയുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്ക് കുറഞ്ഞു. യുകെയുടെ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% ആയിരുന്നു. ഇതിൽ നിന്നാണ് നിരക്ക് 5.53 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഈ ആഴ്ച തുടക്കത്തിൽ തന്നെ യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. വരും ആഴ്ചകളിൽ മറ്റ് ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഈ വർഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഭവന വായ്‌പയിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച ഹാലിഫാക്‌സ് ബാങ്ക് വായ്‌പാ നിരക്ക് 0.83 ശതമാനമായി കുറച്ചതിന് പിന്നാലെ മറ്റ് മോർട്ട്ഗേജ് വായ്പാ സ്ഥാപനങ്ങളും നിരക്കുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലീഡ്സ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ 0.49 ശതമാനം വരെ കുറച്ചു. എച്ച്എസ്ബിസി ആണ് വായ്പ നിരക്ക് കുറച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ടത്. എച്ച്എസ്ബിസിയുടെ ഡിവിഷനായ ഫസ്റ്റ് ഡയറക്‌ടും നാളെ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പകർച്ചവ്യാധിയും വർദ്ധിച്ചു വരുന്ന ജീവിത ചിലവും യുകെയിലെ മോർട്ട്ഗേജ് വിപണിയെ തകർത്തിരുന്നു. സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഈ പുതു വത്സരത്തിൽ കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുന്നതിൻെറ ഭാഗമായാണ് വായ്പാ നിരക്കുകൾ വെട്ടി കുറച്ചതെന്നാണ് കരുതപ്പെടുന്നത്.