ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തനിക്കൊപ്പം താമസിച്ച സുഹൃത്തിന്റെ തത്ത ഉണ്ടാക്കിയ നാശങ്ങൾക്ക് പണം അടയ്ക്കുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഗ്രാജുവേഷൻ ചടങ്ങ് നിഷേധിക്കപ്പെട്ട ജോൺ ക്ലോത്തിയർ 41 വർഷത്തിനുശേഷം തന്റെ മകനൊപ്പം തൊപ്പിയും ഗൗണും അണിഞ്ഞ സന്തോഷത്തിലാണ്. 64.80 പൗണ്ട് ബില്ലിന്റെ പേരിലായിരുന്നു ക്ലോത്തിയറിനു ചടങ്ങ് നിഷേധിക്കപ്പെട്ടത്. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ പഠിച്ച ജോൺ ക്ലോത്തിയർ 1983 ൽ തന്റെ സഹപാഠികൾക്ക് ഒപ്പം ഗ്രാജുവേഷൻ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒപ്പം താമസിച്ച സുഹൃത്ത് വളർത്തിയിരുന്ന ഒരു തത്ത കൂട്ടിൽ നിന്ന് പറന്നു പോകുകയും, യൂണിവേഴ്സിറ്റിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വേറെ താമസസ്ഥലം കണ്ടെത്തിയെങ്കിലും, അവസാന ടേം വാടകയായ 64.80 പൗണ്ട് നൽകാൻ ക്ലോത്തിയർ വിസമ്മതിച്ചു. എന്നാൽ അന്ന് നിലവിൽ ഉണ്ടായിരുന്ന നിയമപ്രകാരം, അക്കോമഡേഷൻ ബില്ലുകൾ അടയ്ക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രി അനുവദിച്ചിരുന്നെങ്കിലും ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതോടെയാണ് ക്ലോത്തിയറിനു തന്റെ ആഗ്രഹമായിരുന്ന ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയത്. ഇപ്പോൾ 41 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി ബിൽ ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ്, ബയോളജിയിൽ ബിരുദം നേടിയ 21 കാരനായ ഇളയ മകൻ കാർട്ടറിനൊപ്പം, ബിരുദം നേടുവാൻ ക്ലോത്തിയറിനെ യൂണിവേഴ്സിറ്റി അനുവദിച്ചത്.

ഹാംഷെയറിലെ പീറ്റേഴ്‌സ്‌ഫീൽഡിൽ താമസിക്കുന്ന ക്ലോത്തിയർ അടയ്ക്കാത്ത ബില്ലിനെ ദീർഘകാലമായുള്ള പലിശരഹിത വായ്പയായി താൻ കാണുന്നു എന്ന് വ്യക്തമാക്കി. പണത്തെ കുറിച്ച് ഇപ്പോൾ യൂണിവേഴ്സിറ്റി ഒന്നും തന്നെ തന്നോട് പരാമർശിച്ചിട്ടില്ലെന്നും, താനും ഒന്നും തന്നെ സംസാരിക്കുന്നില്ലെന്നും ക്ലോത്തിയർ പറഞ്ഞു. ഇതോടെ ക്ലോത്തിയറും ഭാര്യ ഹെലൻ ഹില്ലും അവരുടെ മൂന്ന് മക്കളും ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഭിമാന നേട്ടത്തിലേക്കാണ് കുടുംബം എത്തിയിരിക്കുന്നത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ക്ലോത്തിയർ വ്യക്തമാക്കി. അവരുടെ മൂത്തമകൻ ക്വിറ്റോ, 2020-ൽ സംഗീതത്തിൽ ബ്രസ്റ്റോള്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. രണ്ടാമത്തെ മകനും 2023 ൽ അതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്. തന്റെ പിതാവിന് ഒപ്പം ബിരുദ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മകനും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകശ്രമം നടത്തിയതായി സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌ത് പോലീസ്. ബുധനാഴ്ച രാവിലെ 06:25 ഓടെയാണ് സഫോക്കിലെ ബ്രാന്തമിലെ ഒരു ട്രാക്കിൽ അബോധാവസ്ഥയിൽ അൻപത്തേഴുകാരിയായ അനിത റോസിനെ കണ്ടെത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും യുവതി അവശ നിലയിൽ തുടരുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ ഇപ്‌സ്‌വിച്ച് ഏരിയയിൽ നിന്ന് 45 കാരനായ ഒരാളെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്‌തത്. മാർട്ടിൽഷാം പോലീസ് അന്വേഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് ഇരയായ സ്ത്രീയുമായി മുൻ പരിചയം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. റിവർ സ്റ്റോർ അഴിമുഖം കടന്ന് ട്രെയിനുകൾ പോകുന്ന സ്ഥലത്തിന് സമീപമുള്ള റെക്ടറി ലെയ്‌നിലെ ട്രാക്കിലാണ് റോസിനെ കണ്ടെത്തിയത്. ആക്രമണത്തിന് വഴിവച്ച സാഹചര്യങ്ങളെ കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്ക് ബ്രൗൺ പറഞ്ഞു. പ്രാഥമിക അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സുരക്ഷാ കാരണങ്ങളാൽ ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുവാൻ വിസമ്മതിച്ചതിനെ തുടർന്ന്, ചാൾസ് രാജാവ് പേരക്കുട്ടികളായ ആർച്ചിയോടും , ലില്ലിബെത്തിനോടും ഇനി ഒന്നിക്കാനിടയില്ലെന്ന വാർത്തകളാണ് ഇപ്പോൾ യുകെയിൽ സജീവമായിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ആരെങ്കിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഭയമുള്ളതിനാൽ, ഭാര്യ മേഗനൊപ്പം ബ്രിട്ടനിലേക്ക് പോകില്ലെന്ന് സസെക്സ് ഡ്യൂക്കായ ഹാരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഒരു സങ്കടകരമായ സാഹചര്യത്തിൽ രാജാവ് കുട്ടികളിൽ നിന്ന് കൂടുതൽ അകലുന്ന സാഹചര്യമാണ് ഉളവാകുന്നതെന്ന് അടുത്ത രാജകുടുംബത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി 2022 ജൂണിൽ മേഗനും കുട്ടികളും എത്തിയപ്പോഴായിരുന്നു ചാൾസ് രാജാവ് അവരെ അവസാനമായി കണ്ടത്. എന്നാൽ പിന്നീട് പലതവണ ഹാരി രാജകുമാരൻ സർക്കാരുമായുള്ള നിയമ പോരാട്ടത്തിന്റെ ആവശ്യങ്ങൾക്കായി ബ്രിട്ടനിൽ എത്തിയിരുന്നെങ്കിലും, ഭാര്യയും കുട്ടികളും ഒപ്പം ഉണ്ടായിരുന്നില്ല.

ഐറ്റിവിക്കു നൽകിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ ഇനി ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയില്ലെന്ന് വ്യക്തമാക്കിയത്. തൻ്റെ പിതാവിൻ്റെയും വെയിൽസ് രാജകുമാരിയുടെയും അടുത്തിടെയുള്ള ക്യാൻസർ രോഗനിർണയം, മാധ്യമങ്ങൾക്കെതിരായ ഹാരിയുടെ നിയമപോരാട്ടങ്ങൾ പുനഃപരിശോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ, അവ തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ് എന്നായിരുന്നു രാജകുമാരൻ്റെ മറുപടി. തന്റെ കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മാധ്യമങ്ങൾക്കെതിരെയുള്ള ഈ നിയമ പോരാട്ടം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ നിലനിൽക്കുമ്പോഴും രാജാവിനെ തന്റെ പേരക്കുട്ടികളെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സങ്കടകരമായ വസ്തുതയും നിലനിൽക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചു. നിലവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് 0 സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ടോറി എംപിയാണ് പ്രീതി പട്ടേൽ. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി പാർട്ടിയിലും സർക്കാരിലും ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി നേതൃസ്ഥാനം ഏറ്റെടുത്താൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിലെത്തിക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.

റിഷി സുനകിന് പകരക്കാരനായി നേതൃസ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ആദ്യ വനിതയാണ് ഡാം പ്രീതി പട്ടേൽ. നിലവിൽ ജെയിംസ് ക്ലെവർലി, റോബർട്ട് ജെൻറിക്ക്, ടോം തുഗെൻധാത്, മെൽ സ്‌ട്രൈഡ് എന്നിവരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 52 കാരിയായ പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്തു വന്നിരുന്നു. ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക്, മറ്റൊരു മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവരും മത്സരത്തിന് ഉണ്ടാകുമെന്നാണ് പറഞ്ഞ് കേൾക്കുന്നത്. എന്നാൽ ഇവർ രണ്ടു പേരും ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

2022 -ൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു പ്രീതി പട്ടേൽ . എന്നാൽ അതിനുശേഷം വന്ന രണ്ട് പ്രധാനമന്ത്രിമാരുടെയും മന്ത്രിസഭയിൽ പ്രീതി പട്ടേൽ ഒരു മന്ത്രിസ്ഥാനവും വഹിച്ചിരുന്നില്ല. സമീപകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ നിലവിലെ നേതൃത്വങ്ങളെ പ്രീതി പട്ടേൽ വിമർശിച്ചിരുന്നത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ക്രമസമാധാനം, കുടിയേറ്റം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പാർട്ടിയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് വിജയിക്കുകയാണെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകിന് പകരം ഇന്ത്യൻ വംശജ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും എന്ന പ്രത്യേകതയും ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നിലത്തു കിടന്ന ഒരാളെ മുഖത്ത് ചവിട്ടുന്ന വീഡിയോ കടുത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർത്തിയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമായി ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് ആദ്യം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ഒന്നിലധികം ഉദ്യോഗസ്ഥരെ പോലീസിന്റെ ആക്രമണത്തിന് വിധേയനായ വ്യക്തി ആക്രമിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഉണ്ട്. പോലീസിനെ ആക്രമിക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ ചെയ്തതിന്റെ തുടർച്ചയായിട്ടാണ് പ്രതിഷേധത്തിന് ഇടയായ സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് വീഡിയോയിൽ ദൃശ്യമായിരിക്കുന്നത്. ഇയാളുടെ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിനും പരുക്കേറ്റിരുന്നു. ആക്രമണം, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, അതിക്രമം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.

നിലവിൽ പുറത്തുവന്നിരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും സംയമനം പാലിക്കാനും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശനിയാഴ്ച, മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് മുൻ സംഭവങ്ങളുടേതെന്ന് കരുതുന്ന പുതിയ ഫൂട്ടേജ് പ്രസിദ്ധീകരിച്ചത്. ഇത് രണ്ടുവശമുള്ള സങ്കീർണമായ ഒരു പ്രശ്നമാണെന്നും അതുകൊണ്ട് വിധി പറയാൻ തിടുക്കം കൂട്ടരുതെന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ മേയർ ആൻഡി ബേൺഹാം ഒരു പ്രസ്താവനയിൽ പറഞ്ഞു.പോലീസിന്റെ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കുടുംബം കൂടുതൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വനിതകളുടെ വ്യക്തിഗത ടൈം ട്രയലിൽ ഓസ്‌ട്രേലിയൻ സ്വർണമെഡൽ ജേതാവ് ഗ്രേസ് ബ്രൗണിനെക്കാൾ ഒരു മിനിറ്റും 32 സെക്കൻഡും പിന്നിലായി അന്ന ഹെൻഡേഴ്സൺ വെള്ളി മെഡൽ കരസ്ഥമാക്കി. 41:09.83 സമയം കൊണ്ടാണ് അന്ന ഹെൻഡേഴ്‌സൺ രണ്ടാം സ്ഥാനത്ത് എത്തിയത്. അമേരിക്കയുടെ ക്ലോ ഡൈഗെർട്ടിൻ 41:10.70 സമയം കൊണ്ട് പൂർത്തിയാക്കി വെങ്കലം കരസ്ഥമാക്കി. ഗ്രേസ് ബ്രൗൺ (AUS): 39:38.24:സ്വർണം, അന്ന ഹെൻഡേഴ്സൺ (GB): 41:09.83:വെള്ളി, ക്ലോ ഡിഗെർട്ട് (യുഎസ്എ): 41:10.70:വെങ്കലം എന്നീ നിലയിലാണ് അവസാന ഫലം പുറത്ത് വന്നത്.

ഇന്ന് നേരത്തെ, സ്ത്രീകളുടെ 3 മീറ്റർ സ്പ്രിംഗ്ബോർഡ് ഡൈവിംഗിൽ ഗ്രേറ്റ് ബ്രിട്ടൻെറ യാസ്മിൻ ഹാർപ്പറും സ്കാർലറ്റ് മെവ് ജെൻസനും വെങ്കലം നേടിയിരുന്നു. പാരീസ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയൻ അത്‌ലറ്റുകളെ ഉത്തര കൊറിയക്കാരായി ഒളിമ്പിക്‌സ് അധികൃതർ തെറ്റായി അഭിസംബോധന ചെയ്‌തിരുന്നു. ഇതിന് പിന്നാലെ അധികൃതർ മാപ്പ് പറഞ്ഞു.

പുരുഷന്മാരുടെ കനോയ് സ്ലാലോം സിംഗിൾസ് ഹീറ്റ്സിൽ ഗ്രേറ്റ് ബ്രിട്ടൻെറ പുരുഷന്മാരുടെ കനോയ് സ്ലാലോം സിംഗിൾസ് ഹീറ്റ്സിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചുകൊണ്ട് ഒന്നാം ഹീറ്റ്സിൽ 90.87 സെക്കൻഡ് സമയം നിലനിർത്തികൊണ്ട് രണ്ടാം സ്ഥാനത്താണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബീജദാതാവുമായി രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സ്വവർഗ്ഗ പങ്കാളികൾ ആയിരുന്നവരിൽ ഒരാൾ സമ്മതിച്ചതിനെ തുടർന്ന്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്നും തന്റെ പേര് നീക്കം ചെയ്തതിനെതിരെ യുവതി കോടതിയിൽ നൽകിയ അപ്പീൽ പരാജയപ്പെട്ടിരിക്കുകയാണ്. അത്ഭുതപൂർവ്വവും അസാധാരണവുമായ ഈ കേസ്, നിലവിൽ ആറ് വയസ്സുള്ള പെൺകുട്ടിയുടെ നിയമപരമായ മാതാപിതാക്കൾ ആരാണ് എന്നത് കേന്ദ്രീകരിച്ചായിരുന്നു. സ്വവർഗ്ഗ പങ്കാളികളായ രണ്ടു സ്ത്രീകളും ഒരു ഓൺലൈൻ പരസ്യത്തിലൂടെ അവർ പരിചയപ്പെട്ട പുരുഷനും തമ്മിലുള്ള അനൗപചാരിക ഗർഭധാരണ ക്രമീകരണത്തിന് ഇടയിലാണ് കുട്ടി ജനിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. ദമ്പതികൾ, 2016 അവസാനത്തിൽ ഒരു പബ്ബിൽ വെച്ചാണ് ആദ്യമായി ഈ പുരുഷനെ കണ്ടുമുട്ടിയത്. സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾക്ക് ഗർഭം ധരിക്കുവാനായി ബീജദാതാവിനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അവർ ഈ കൂടി കാഴ്ച നടത്തിയത്. പിന്നീട് മൂവരും തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തുകയും, കൃത്രിമ ബീജസങ്കലനം ഉപയോഗിക്കാൻ മൂവരും ഒരു കരാറിൽ എത്തുകയും ചെയ്തു. എന്നാൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ശ്രമം രണ്ട് പ്രാവശ്യം പരാജയപ്പെട്ടപ്പോൾ, സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾ ഈ പുരുഷനുമായി ബന്ധം സ്ഥാപിക്കുകയും, അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് കോടതി വാദം കേട്ടു. ഇത്തരത്തിൽ മൂന്ന് പ്രാവശ്യം അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായെന്നും, ഇതൊന്നും തന്നെ സ്വവർഗ്ഗ പങ്കാളികളിൽ ഉൾപ്പെട്ട യുവതിക്ക് അറിയില്ലായിരുന്നു എന്നുമാണ് കോടതി കണ്ടെത്തിയത്.
മൂന്നാം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും, കൃത്രിമ ബീജസങ്കലനവും ഏകദേശം ഒരേ സമയത്ത് ആയതിനാൽ, ഗർഭധാരണത്തിലേക്ക് നയിച്ച ബീജസങ്കലന രീതി ഏതാണെന്ന് കൃത്യമായി വ്യക്തമാക്കുവാൻ സാധിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയുടെ പരിപാലനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സ്വവർഗ്ഗ പങ്കാളികൾ ഇരുവരും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അതിനുശേഷം കോടതിയിൽ തനിക്കും ബീജദാതാവിനും ഇടയിൽ ഉണ്ടായ ലൈംഗികബന്ധത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞ് യുവതി, കുട്ടിയുടെ നിയമപരമായ രക്ഷിതാവ് അവർ ആണെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ അനൗപചാരികമായ, കൃത്യമല്ലാത്ത കരാറുകളിലൂടെ കൃത്രിമ ബീജസങ്കലനത്തിന് ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ കേസെന്ന് ജഡ്ജി ഓർമ്മിപ്പിച്ചു. കോടതിയിൽ അപ്പീൽ നൽകിയ പങ്കാളിയെ രക്ഷിതാവായി കാണാൻ സാധിക്കില്ലെന്നും, അതിനാൽ തന്നെ ജനന സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുത്താൻ ആവില്ലെന്നും കോടതി കണ്ടെത്തി. വെള്ളിയാഴ്ച രേഖാമൂലമുള്ള വിധിന്യായത്തിൽ, ജസ്റ്റിസ് ഡേവിസിനും ജസ്റ്റിസ് അർനോൾഡിനും ഒപ്പം കേസ് പരിഗണിച്ച ജസ്റ്റിസ് ജാക്സൺ യുവതിയുടെ അപ്പീൽ തള്ളിയതായി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയായ യൂറോ സ്റ്റാറിന് നേരെ നടന്ന ആസൂത്രിത ആക്രമണം ബ്രിട്ടനിലും പ്രതിഫലിച്ചു. ട്രെയിനുകൾ റദ്ദാക്കിയത് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല യാത്രകളെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രെയിൻ ഗതാഗതം താറുമാറാക്കാനുള്ള ആസൂത്രിത ശ്രമം നടന്നത്. റെയിൽ പാതയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 25 ശതമാനം ട്രെയിനുകളും റദ്ദാക്കേണ്ടതായി വന്നു.

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് ബ്രിട്ടീഷുകാരെ കാര്യമായി ബാധിച്ചു . ലണ്ടനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന യൂറോ സ്റ്റാർ ട്രെയിൻ വളരെ ജനപ്രിയമാണ്. ഒട്ടേറെ പേരാണ് യുകെയിൽ നിന്ന് ഒളിംപിക്സ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പങ്കെടുക്കാനും അവധി ആഘോഷിക്കാനും യാത്രയ്ക്കായി തയ്യാറെടുത്തിരുന്നത്. വെറും 2. മണിക്കൂർ 16 മിനിറ്റ് സമയം മാത്രമേ ലണ്ടനിൽ നിന്ന് പാരീസിലേക്ക് ട്രെയിൻ ഗതാഗതത്തിന് എടുക്കുകയുള്ളൂ.. ട്രെയിൻ ഗതാഗതം താറുമാറായതിനെ തുടർന്ന് പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലെത്താൻ സർ കെയർ സ്റ്റാർമർ വിമാനത്തിലാണ് പോയത്.

കഴിയുമെങ്കിൽ ഇന്നത്തെ യാത്ര റദ്ദാക്കാൻ ഉപഭോക്താക്കളോട് റെയിൽ ഓപ്പറേറ്റർമാർ പറഞ്ഞിട്ടുണ്ട്. ട്രെയിൻ ഗതാഗത തടസ്സം തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ . ട്രെയിൻ ഗതാഗതം താറുമാറായതോടെ 3.2 ദശലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയതായാണ് കണക്കുകൾ. ഇത് റോഡു ഗതാഗതത്തെയും കാര്യമായി ബാധിക്കും. ട്രെയിൻ ഗതാഗതം റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് വിമാന സർവീസിനെ ആശ്രയിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു. ഒളിംപിക്സ് ഉദ്ഘാടനത്തിനായി നോ ഫ്ലൈ സോൺ ഏർപ്പെടുത്തിയതിനാൽ ഉച്ചകഴിഞ്ഞ് എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
26 കാരനായ കായ് ഡാനിയൽസും 20 കാരിയായ അലിസ് ലോയിഡും സ്പെയിനിലെ ടെനെറിഫിൽ എത്തിയത് അവരുടെ അവധി ആഘോഷിക്കാനാണ്. അലിസ് ലോയിഡും ഏഴുമാസം ഗർഭിണിയായിരുന്നു. ഇതിനിടെ അലിസ് ലോയിഡ് മാസം തികയാതെ ന്യൂസ്ട്ര സെനോറ ഡി കാൻഡലേറിയയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതേ തുടർന്ന് തങ്ങളുടെ യാത്രാ പദ്ധതികൾ എല്ലാം മാറ്റിവെച്ച് ഇവർക്ക് സ്പെയിനിൽ തങ്ങേണ്ടതായി വന്നിരിക്കുകയാണ്.

തങ്ങളുടെ താമസത്തിനും ആശുപത്രി ചിലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലന്നതാണ് ദമ്പതികളെ പ്രശ്നത്തിൽ ആക്കിയിരിക്കുന്നത്. ഇവർ ഏകദേശം രണ്ട് മാസത്തോളം സ്പെയിനിൽ തുടരേണ്ടതായി വരും. ജൂലൈ 19-ാം തീയതിയാണ് ഇവർക്ക് ജോർജ് എന്ന പേരുകാരനായ മകൻ ജനിച്ചത്. മാസം തികയാതെയുള്ള പ്രസവമായതിനാൽ ആരോഗ്യപ്രശ്നങ്ങൾ കുട്ടിയ്ക്കുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാവധം അനുവദിക്കുന്നതിനായുള്ള സ്വകാര്യബിൽ മുൻ ലേബർ ജസ്റ്റിസ് സെക്രട്ടറി ലോർഡ് ഫാൽക്കണർ ഹൗസ് ഓഫ് ലോർഡ്‌സിൽ അവതരിപ്പിച്ചു. ആറുമാസമോ അതിൽ താഴെയോ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ആളുകൾക്ക് ജീവിതം അവസാനിപ്പിക്കാൻ വൈദ്യസഹായം ലഭ്യമാക്കാനുള്ളതാണ് ബിൽ. തീരുമാനം എടുക്കാൻ മാനസികമായി കഴിവുള്ള ആളുകൾക്ക് മാത്രമേ തൻ്റെ ബിൽ ബാധകമാകൂ എന്ന് ലോർഡ് ഫാൽക്കണർ പറഞ്ഞു. ബില്ലിലെ നിർദേശം അനുസരിച്ച് രണ്ട് ഡോക്ടർമാരുടെയും ഹൈക്കോടതിയുടെയും അംഗീകാരം ദയാവധത്തിന് ആവശ്യമാണ്.

ലോർഡ്‌സിൽ അവതരിപ്പിച്ച സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ അപൂർവ്വമായി മാത്രമേ നിയമമാകൂ. എന്നാൽ സമാന വിഷയത്തിൽ ഭരണപക്ഷത്തു നിന്ന് ഒരു എംപി ഒരു ബില്ല് കോമൺസിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോർഡ് ഫാൽക്കണർ പറഞ്ഞു. ബിൽ നിയമമാകണമെങ്കിൽ പാർലമെൻറിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ വിഷയത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലിന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദയാവധത്തിന്റെ ബില്ലിന്റെ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് സർ കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. അതായത് പാർട്ടി ലൈനിനെ പിന്തുടരുന്നതിനുപകരം അവർക്ക് മനസ്സാക്ഷിയെ അടിസ്ഥാനമാക്കി വോട്ടുചെയ്യാം. ലോർഡ് ഫാൽക്കണറിന്റെ ബില്ലിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബില്ലിനെ ശ്വാസകോശ അർബുദം ബാധിച്ച ബ്രോഡ്കാസ്റ്റർ ഡാം എസ്തർ റാൻ്റ്സെൻ സ്വാഗതം ചെയ്തു. എന്നാൽ ഒരു സംവാദത്തിൽ ബില്ലിനെ സ്വാഗതം ചെയ്യുമ്പോഴും ഇത് നിയമമാകുന്നതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്ന് മുൻ പാരാലിമ്പ്യൻ ബറോണസ് ടാന്നി ഗ്രേ-തോംസൺ അഭിപ്രായപ്പെട്ടു. ദയാവധം അനുവദിക്കുന്നതിനുള്ള ഒരു ബിൽ 2015-ൽ ഹൗസ് ഓഫ് കോമൺസിൽ അവസാനമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ 118-നെതിരെ 330 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.