Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ നല്ലൊരു ശതമാനം എൻഎച്ച്എസിൽ നേഴ്സുമാരായിട്ടാണ് ജോലി ചെയ്യുന്നത്. അറിവും, ആത്മാർത്ഥതയും അർപ്പണബോധവും കൈമുതലാക്കിയ മലയാളി മാലാഖമാരുടെ തൊഴിൽ മികവ് കോവിഡ് ഉൾപ്പെടെയുള്ള ഒട്ടേറെ അവസരങ്ങളിൽ പരക്കെ പ്രശംസയ്ക്ക് വിധേയമായിരുന്നു.

എന്നാൽ പലപ്പോഴും എൻ എച്ച് എസിലെ ജോലി അത്ര സുഗമമല്ല. നേഴ്സായി ജോലി ചെയ്യുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ ) നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ . മതിയായ ജീവനക്കാരില്ലാത്തത് , ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം അധികരിച്ചത് തുടങ്ങി എൻഎച്ച്എസ്സിന്റെ പല പ്രതിസന്ധികളും മൂലം നിരാശരായ രോഗികളുടെ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വരുന്നത് നേഴ്സുമാരാണ്. ജോലിസമയത്ത് നേരിടുന്ന ഇത്തരം പ്രവർത്തികളുടെ പേരിൽ പലരും എൻഎച്ച്എസ് ഉപേക്ഷിക്കുന്നതായും അവർ വെളിപ്പെടുത്തി.

ആർ സി എന്നിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം നേഴ്സുമാർ രോഗികളിൽ നിന്ന് നേരിട്ട അതിക്രമങ്ങൾ 21 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ 14 ശതമാനം ലൈംഗികാതിക്രമങ്ങളും 63% ശാരീരിക പീഡനങ്ങളുമാണ്. പല പ്രശ്നങ്ങളുടെയും മൂല കാരണം എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥതയാണെന്നാണ് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് നേഴ്സ് ആയിരുന്ന റേഞ്ചറിന്റെ അഭിപ്രായം. എൻഎച്ച്എസിൽ ആളുകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി ഞാൻ കരുതുന്നു. നിങ്ങൾക്ക് എ & ഇ യിൽ 13 -14 മണിക്കൂർ കാത്തിരിക്കേണ്ടി വരുകയും നിങ്ങളുടെ പ്രായമായ അമ്മ ട്രോളികളിൽ കുടുങ്ങി കിടക്കുകയും ചെയ്താൽ ആരാണ് നിരാശപ്പെടാതിരിക്കുക എന്ന് അവർ ചോദിച്ചു. 2019 നെ അപേക്ഷിച്ച എൻ എച്ച് എസിൽ 50000 അധികം നേഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്ന കണക്കുകൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. എന്നിരുന്നാൽ പോലും നിലവിൽ 40, 000 നേഴ്സുമാരുടെ ഒഴിവുകൾ എൻഎച്ച്എസിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ പല ഭാഗങ്ങളിലും വീശിയടിച്ച ഹെങ്ക് കൊടുങ്കാറ്റ് വ്യാപകമായി നാശം വിതച്ചു. ഇംഗ്ലണ്ടിലും വെയിൽസിലുമാണ് പ്രധാനമായും കാറ്റ് വീശിയടിച്ചത്. പലഭാഗങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായതായാണ് റിപ്പോർട്ടുകൾ . ഒട്ടേറെ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതിനൊപ്പം വൈദ്യുതി മുടങ്ങിയതായും ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

സെവോണിലെ എക്സെറ്റർ എയർപോർട്ടിൽ ആണ് ഏറ്റവും വേഗത്തിൽ കാറ്റ് വീശിയടിച്ചതായി രേഖപ്പെടുത്തിയത്. മണിക്കൂറിൽ 81 മൈൽ വേഗത്തിലാണ് ഇവിടെ കാറ്റ് താണ്ഡവം ആടിയത്. മരങ്ങൾ കട പുഴകിയതു കാരണവും വൈദ്യുതി ലൈനിലെ തടസ്സങ്ങൾ മൂലവും യാത്ര ചെയ്യരുതെന്ന് നിരവധി റെയിൽവേ കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

രാജ്യത്ത് 38,000 ഉപഭോക്താക്കൾക്ക് എങ്കിലും വൈദ്യുതി മുടങ്ങിയതായാണ് എനർജി നെറ്റ്‌വർക്ക് അസോസിയേഷൻ അറിയിച്ചത്. റോഡ്, റെയിൽ പാതകളിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള നദീതീരങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് എൻവയോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പലരെയും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് പോലീസും ഫയർഫോഴ്സും രക്ഷപ്പെടുത്തുന്നതിന്റെ വാർത്തകൾ പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെസ്റ്റ് മിഡ്ലാന്റിൽ പോലീസ് വെള്ളപ്പൊക്കത്തിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയെയും ഡ്രൈവറിനെയും രക്ഷിച്ചു. ലണ്ടൻ പാഡിംഗ്ടണിനും സൗത്ത് വെയിൽസിനും ഇടയിലുള്ള ട്രെയിൻ സർവ്വീസുകൾ സ്വിന്ഡനും ബ്രിസ്റ്റോൾ പാർക്ക്‌വേയ്ക്കും ഇടയിൽ വെള്ളപ്പൊക്കം കാരണം വഴിതിരിച്ചുവിട്ടു . അതേസമയം കവൻട്രിക്കും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിലുള്ള റെയിൽവേ പാതകൾ വെള്ളപ്പൊക്കത്തിൽ തകർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആഘോഷങ്ങളും പാർട്ടികളും അവസാനിച്ചു.. 2023 വിട പറഞ്ഞിരിക്കുകയാണ്. പുതിയ ഊർജ്ജസ്വലതയോടെയും ആവേശത്തോടെയും 2024 നെ ഓരോരുത്തരും സ്വാഗതം ചെയ്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പലർക്കും പുതുവർഷത്തിന്റെ വരവ് അർത്ഥമാക്കുന്നത് ഡ്രൈ ജനുവരി എന്ന ആശയത്തോടൊപ്പമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു മാസത്തേക്ക് മദ്യം പൂർണ്ണമായും ഒഴിവാക്കുന്ന ചലഞ്ച് ആണ് ഡ്രൈ ജനുവരി എന്നത്. ഈ പൊതുജനാരോഗ്യ സംരംഭം, 2013 -ൽ യുകെ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ ആൽക്കഹോൾ ചേഞ്ച് യുകെയാണ് ആരംഭിച്ചത്.

ജനുവരിയിൽ കൂടുതൽ ആളുകൾ മദ്യപാനം ഒഴിവാക്കിയാൽ, കൂടുതൽ പേർക്ക് തങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഒരു വട്ടം ചിന്തിക്കാനുള്ള അവസരം ഇത് ഉണ്ടാക്കുമെന്ന ആശയമാണ് ഈ ചലഞ്ചിന് പിന്നിൽ. ആൽക്കഹോൾ ചേഞ്ച് യുകെയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഇത് എമിലി റോബിൻസൺ എന്ന ബ്രിട്ടീഷ് വനിതയുടെ ആശയമാണ്. 2011 ഫെബ്രുവരിയിൽ ഒരു ഹാഫ് മാരത്തണിനായി തയ്യാറെടുത്തിരുന്ന അവൾ, ജനുവരിയിൽ ഒരു മാസത്തേക്ക് എല്ലാ മദ്യപാനവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആരോഗ്യം തോന്നുന്നതിനു പുറമേ, ഈ ആശയം അവളുടെ സുഹൃത്തുക്കളെ ആകർഷിച്ചതായും അവൾ കണ്ടെത്തി. അവൾ ചാരിറ്റി ആൽക്കഹോൾ ചേഞ്ച് യുകെയിൽ ചേർന്നപ്പോൾ, എല്ലാവർക്കും പരിശീലിക്കാനുള്ള ഒരു ആശയമായി ഇത് പിന്നീട് നൽകുകയായിരുന്നു.

എന്നാൽ ഈ ചലഞ്ചിൽ പങ്കെടുക്കുമ്പോൾ ആളുകൾ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിന് ആവശ്യമായ ജലാംശം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. മദ്യപാനം കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അതിനുവേണ്ടി കഠിനമായി പ്രയത്നിക്കരുതെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. മദ്യപാനം നിയന്ത്രിക്കുന്നത് ശരീരത്തിന് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമയമായി ജനങ്ങൾ കാണണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

1848 -ൽ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ദുഷ്കരമായ പ്രതിസന്ധി യാണ് എൻ എച്ച് എസ് അഭിമുഖീകരിക്കുന്നത്. ജൂനിയർ ഡോക്ടർമാർ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം 6 ദിവസമാണ് നീണ്ടുനിൽക്കുന്നത്. കോവിഡും മറ്റ് പണിമുടക്കകൾ മൂലം എൻഎച്ച് എസിലെ വെയിറ്റിംഗ് ലിസ്റ്റ് നിലവിൽ തന്നെ വളരെ കൂടുതലാണ്. അതിൻറെ കൂടെ നാളെ മുതൽ നടക്കാനിരിക്കുന്ന പണിമുടക്ക് എൻഎച്ച്എസിന്റെ താളം തെറ്റിക്കും.

ബുധനാഴ്ച മുതൽ ജൂനിയർ ഡോക്ടർമാർ നടത്താനിരിക്കുന്ന പണിമുടക്ക് രോഗി പരിചരണത്തെ കാര്യമായി ബാധിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ആശുപത്രികളിൽ കോവിഡ്, ഇൻഫ്ലുവൻസ , മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ തിരക്ക് കൂടുതലാണ് . പണിമുടക്ക് മുൻ നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കായിരിക്കും നാളെ തുടങ്ങുക.


ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും. ക്രിസ്മസിന് മുമ്പ് നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിൽ 88,000 അപ്പോയിന്റമെന്റുകളാണ് റദ്ദാക്കേണ്ടതായി വന്നത്. പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് നടക്കുകയാണെങ്കിൽ ഇതിൻറെ ഇരട്ടിയോളം അപ്പോയിന്റ്ന്മെന്റുകൾ ആണ് മുടങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 35 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടന്റെ പുതിയ കുടിയേറ്റം നയം എങ്ങനെ യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നതിൻറെ നിരവധി വിശകലനങ്ങൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഈ വർഷം ആരംഭം മുതലാണ് നിലവിൽ വന്നത്. ഇതിൻറെ ഫലമായി ഇനിമുതൽ ഗവേഷണ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കുന്നത്.

പുതിയ നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. നിയമം മാറുന്നതിന് മുമ്പ് തന്നെ സ്റ്റഡി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച ഒട്ടേറെ പേരാണ് പുതിയ നിയമ മാറ്റത്തിന്റെ വെളിച്ചത്തിൽ വെട്ടിലായിരിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. നേരത്തെ സ്റ്റഡി വിസയിൽ വരുന്നവരുടെ ഭർത്താവ് ,ഭാര്യ, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്കായിരുന്നു ആശ്രിത വിസ അനുവദിച്ചിരുന്നത്.

ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾക്ക് പഴയതിൽ നിന്ന് മാറ്റമില്ല. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യുകെയിൽ രണ്ട് വർഷവും പി എച്ച് ഡി വിദ്യാർത്ഥികൾക്ക് മൂന്നുവർഷവും പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. പുതിയ കുടിയേറ്റ നയം നിലവിൽ വന്നതോടെ യുകെയിലേയ്ക്ക് ഉള്ള മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇനി ഗവേഷണത്തിനും സ്കോളർഷിപ്പോടുകൂടിയും വരുന്ന ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷനു വേണ്ടി പരിശ്രമിക്കൂ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പാസ്‌പോർട്ടുകൾ നിർബന്ധമാക്കാതെ ഹോം ഓഫീസിൻെറ പുതിയ പദ്ധതി. യുകെയിൽ എത്തുന്നവരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് ഹോം ഓഫീസിൻെറ പുതിയ പദ്ധതികൾ മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ പുതിയ ഹൈടെക് ഇ-ഗേറ്റുകൾ ഘടിപ്പിക്കും. ഇത് ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് യാത്രക്കാരെ തീരിച്ചറിയും. പുതിയ സാങ്കേതികവിദ്യ ബ്രിട്ടനെ ദുബായ് വിമാനത്താവളത്തിൻെറ നിലവാരത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം തന്നെ പുതിയ ഇ-ഗേറ്റുകളുടെ പരീക്ഷണം ആരംഭിക്കും. നിലവിൽ രാജ്യത്ത് ഉള്ളതിനേക്കാൾ സുഗമമായ ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി ഉള്ള ഒരു ‘ഇന്റലിജന്റ് ബോർഡർ’ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യുകെ ബോർഡർ ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ ഫിൽ ഡഗ്ലസ് പറഞ്ഞു. വിസ ആവശ്യമില്ലാത്ത വിദേശികൾക്ക് യുകെയിലേക്ക് പ്രവേശിക്കാൻ ഇതിനോടകം തന്നെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇതിനായി യാത്രക്കാർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ പാസ്‌പോർട്ട് സ്കാൻ ചെയ്യുകയും ഫോട്ടോ നൽകുകയും വേണം. ETA അനുവദിച്ചിട്ടുള്ളവർക്ക് മാത്രമേ യുകെയിലേക്ക് ഫ്ലൈറ്റുകളിൽ കയറാൻ കഴിയൂ. നിലവിൽ ഖത്തറിൽ നിന്നുള്ളവർ ഈ മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയോടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് ബാധകമാകും. യൂറോപ്യൻ പൗരന്മാർ ഉൾപ്പെടെ കുറച്ച് നാളത്തേക്കായി യുകെയിൽ എത്തുന്ന യാത്രക്കാർക്കും ETA നടപ്പിലാക്കാൻ ഹോം ഓഫീസ് ശ്രമിക്കുന്നുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിന് സമീപമുള്ള ക്രോഫ്റ്റണിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവൻ പുതുവർഷത്തലേന്ന് നിര്യാതനായി. മരണകാരണവും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ക്രോഫ്റ്റണിൽ പ്രീമിയർ ഇൻ ഷോപ്പിലെ ജീവനക്കാരനായിരുന്ന രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങൾ നൽകാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക് ഫീൽഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം . വെയ്ക് ഫീൽഡിലെ മലയാളി സമൂഹം പുതുവർഷം ആഘോഷിക്കവയെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത ഞെട്ടലുളവാക്കി.

രാജീവ് സദാശിവന്റെ വേർപാടിൽ വ്യസനിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്ററിയിൽ താമസിക്കുന്ന കുര്യൻ തോമസ് (59) മരണമടഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ കുര്യൻ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹൃദയസ്‌തംഭനം മൂലം മരണമടഞ്ഞത്. ഇതേ ആശുപതിയിലെ തന്നെ ജീവനക്കാരനായിരുന്ന കുര്യൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്.

സംസ്‌കാരം നാട്ടിൽ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. പരേതൻ മിഡ്‌ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. പൊതുദർശനവും സംസ്കാരവും പിന്നീട്.

കുര്യൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് യുകെയിലെ മലയാളി സമൂഹം . സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനങ്ങൾ കടുത്ത ആശങ്കയാണ് ജനങ്ങളിൽ ഉളവാക്കിയിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമെ ഗാർഹിക ഊർജ്ജബിൽ ഇന്ന് മുതൽ വർദ്ധനവ് നിലവിൽ വരും.

ഇംഗ്ലണ്ട്, വെയിൽസ് സ്കോ ട്ട്ലൻഡ് എന്നിവിടങ്ങളിലെ ഗാർഹിക ഊർജബില്ലിലാണ് വർദ്ധനവ് നിലവിൽ വരുന്നത്. ഇന്ന് മുതൽ ഏപ്രിൽ വരെ ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് 5% കൂടുതലായിരിക്കും. ഇത് പുതുവർഷത്തിന്റെ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കും. വസന്തകാലത്ത് ഊർജ വില കുറയുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻറെ വാർഷിക ബിൽ 94 പൗണ്ട് കൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . 1834 പൗണ്ട് വാർഷിക ബിൽ അടച്ചിരുന്ന ഒരു കുടുംബത്തിൻറെ ബിൽ 1928 പൗണ്ട് ആയി ഉയരും. കൂടുതൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നതിനനുസരിച്ച് ആനുപാതികമായി ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകും. നോർത്തേൺ അയർലണ്ടിലെ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിലവാരം മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുടുംബങ്ങൾക്ക് നിരക്കുകൾ കുറവാണെങ്കിലും ബിസിനസ് സ്ഥാപനങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടതായി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞവർഷം യുകെയിൽ മരണമടഞ്ഞ മലയാളികളിൽ ഭൂരിപക്ഷത്തിന്റെയും ജീവനെടുത്തത് ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആയിരുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടയിൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് അടിയന്തിര ക്യാൻസർ പരിശോധനയ്ക്കായി എത്തിയത് . രോഗം നേരത്തെ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ ചികിത്സയും അതിജീവനവും എളുപ്പമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2022 നവംബറിനും 2023 ഒക്ടോബറിനും ഇടയിൽ ഉള്ള കണക്കുകൾ ആണ് പുറത്തുവന്നത്. ക്യാൻസർ രോഗ ചികിത്സാർഥം എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ 26 ശതമാനമാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ്. കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം വർദ്ധനവ് ആണ് രോഗികളും എണ്ണത്തിൽ ഉണ്ടായിട്ടുണ്ട് .


എൻഎച്ച്സിലെ കാത്തിരിപ്പ് സമയം കൂടുന്നത് അടിയന്തിര ചികിത്സ ലഭിക്കേണ്ട രോഗികളെ വളരെ പ്രതികൂലമായി ബാധിക്കുന്നതിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. ക്യാൻസർ രോഗനിർണയത്തിനായി ആളുകളെ പ്രേരിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളും എൻഎച്ച്എസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഷോപ്പിംഗ് സെൻററുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ പാർക്കിംഗ് എന്നീ സ്ഥലങ്ങളിൽ പരിശോധനകൾക്കായുള്ള മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റുകൾ എൻഎച്ച് എസ് അയക്കുന്നുണ്ട്. ഇതിനുപുറമെ പബ്ബുകൾ, ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ക്യാൻസർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതും ബോധവൽക്കരണത്തിന്റെ ഭാഗമാണ്.

ഇംഗ്ലണ്ടിൽ ഒരു വ്യക്തി എവിടെയാണ് താമസിക്കുന്നത് എന്നതിനെ അനുസരിച്ച് ക്യാൻസർ ബാധിക്കുന്നത് ഗുരുതരമാകാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നു എന്ന ഒരു പഠന റിപ്പോർട് അടുത്തിടെ പുറത്തു വന്നിരുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ സമ്പന്നർ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ക്യാൻസർ ബാധിക്കുന്നതും ഗുരുതരമാകാനുമുള്ള സാധ്യത 70% കൂടുതലാണെന്നാണ് കണ്ടെത്തിയത് . ലാൻഡ്സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം ലിവർപൂൾ, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലും ലണ്ടന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുമാണ് ക്യാൻസർ മരണ സാധ്യത മറ്റ് സ്ഥലത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ളത്

Copyright © . All rights reserved