ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയിലെ ബെയ്‌ജിംഗിൽ കുട്ടികളെ പഠിപ്പിക്കുന്ന വിഷയങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെ രാജ്യത്തെ ബ്രിട്ടീഷ് സ്‌കൂളുകൾക്കും വൻ തിരിച്ചടി. ചൈനയിലെ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ ബ്രിട്ടീഷ് സ്‌കൂളുകളെ അടിച്ചമർത്തുന്ന തലത്തിൽ ഉള്ളവയാണ്. പകർച്ചവ്യാധിക്ക് മുൻപ് ബ്രിട്ടീഷ് ചൈനീസ് മാധ്യമങ്ങളിൽ ചൈനയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന് വൻ സ്വീകാര്യത ലഭിച്ച തരത്തിലുള്ള നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ചൈനയിലെ സമ്പന്നരായ കുടുംബങ്ങളിലെ കുട്ടികളെയും പ്രവാസികളായ കുട്ടികളെയും ലക്‌ഷ്യം വച്ച് തുടങ്ങിയ എലൈറ്റ് ബ്രിട്ടീഷ് സ്കൂളുകൾക്ക് വൻ സ്വീകാര്യതായാണ് രാജ്യത്ത് ലഭിച്ചത്. ഇത്തരത്തിൽ തുടങ്ങിയ സ്‌കൂളുകളുടെ ശാഖകൾ രാജ്യത്തിൻെറ പലഭാഗത്തായി പെട്ടെന്ന് തന്നെ തുറക്കുകയും ചെയ്തു. എന്നാൽ പകർച്ചവ്യാധിക്ക് ശേഷം വിദേശ അധ്യാപകരോടുള്ള ചൈനയുടെ സമീപനത്തിൽ മാറ്റം വന്നിരിക്കുകയാണ്. സ്വകാര്യ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ ദേശസ്നേഹവും ദേശീയ സുരക്ഷയ്ക്കും ശ്രദ്ധ നൽകണമെന്ന് സർക്കാർ പറയുന്നു.
ബ്രിട്ടീഷ് സ്‌കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ഇതോടെ കുറയുമെന്ന് കൺസൾട്ടൻസിയായ വെഞ്ച്വർ എജ്യുക്കേഷനിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഷെൻഷെനിലെ ഡൽവിച്ച് കോളേജ് ഇന്റർനാഷണലിന്റെ പ്രീസ്‌കൂൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടി. ഇന്ന് മുതൽ ചൈനയിലെ പുതിയ ദേശസ്നേഹ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ പാശ്ചാത്യ ശൈലിയിലുള്ള അധ്യാപന ശൈലിക്ക് ചൈനയിൽ പൂട്ടുവീഴും.
ബിൻസു ജോൺ , ചീഫ് എഡിറ്റർ
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 9 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .
പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .
ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . കോവിഡിന് ശേഷം തുടർച്ചയായ രണ്ടുവർഷം 2022 -ലും 2023 – ലും മലയാളം യുകെ നടത്തിയ അവാർഡ് നൈറ്റുകൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയപൂർവ്വമാണ് ഏറ്റെടുത്തത്. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.
മുൻ വർഷങ്ങളിലെതു പോലെ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള തുടങ്ങിയ ഒട്ടേറെ പ്രമുരാണ് മലയാളം യുകെയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് . ക്രിസ്മസ് ദിനത്തിൽ പ്രിയ വായനക്കാർക്ക് സന്ദേശം നൽകിയത് ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആണ് .
ഒട്ടേറെ സ്ഥിരം പംക്തികളാണ് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമ്മാനിച്ചത് .മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു. ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, പ്രൊഫ . റ്റിജി തോമസ് എഴുതുന്ന യുകെ സ്‌മൃതികൾ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളം യുകെ ന്യൂസിലെ രണ്ട് സ്ഥിരം പംക്തികളായ ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോഴും ജോജി തോമസ് എഴുതിയ മാസാന്ത്യവലോകനവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അഭിമാനത്തോടെ ഓർമ്മിക്കുന്നു.
വായനക്കാരാണ് പത്രത്തിന്റെ ശക്തി. ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്തുമസ് വാരാന്ത്യത്തിന് പുറമെ ന്യൂ ഇയർ ആഘോഷിക്കാനുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഒട്ടുമിക്ക ബ്രിട്ടീഷുകാരും . എന്നാൽ ലണ്ടനിലെ സെൻറ് പാൻക്രാസിന് ഇൻറർനാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റാർ സർവീസുകൾ നിർത്തിവച്ചത് ആയിരങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികളെയാണ് താറുമാറാക്കിയത്. ട്രെയിൻ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിനുകൾ നിർത്തിവയ്ക്കേണ്ടതായി വന്നത്.
തരാറിലായ ട്രെയിൻ സർവീസുകൾ ഇന്ന് പുനസ്ഥാപിക്കുമെന്ന് യൂറോസ്റ്റർ അറിയിച്ചു. ലണ്ടൻ, പാരീസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ സർവീസുകളും ഇന്ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ട്രെയിൻ കടന്നു പോകുന്ന വഴിയിലെ ഒരു തുരങ്ക പാതയിൽ വെള്ളം കയറിയത് നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ . ഇപ്പോൾ തുരങ്കം പ്രവർത്തനക്ഷമമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ചില വേഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒരു തുരങ്കം മാത്രം പ്രവർത്തനക്ഷമമായതും വേഗത നിയന്ത്രണവും മൂലം പിന്നെയും യാത്രാ തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. ട്രെയിൻ സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിനുള്ള തിരക്കിലായിരുന്നു , പലർക്കും ഹോട്ടൽ ബില്ലിനും വിമാന യാത്രകൾക്കായും ഒട്ടേറെ ചിലവുകൾ ഉണ്ടായതിന്റെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെത്തുന്ന എല്ലാ മലയാളികൾ കുടുംബങ്ങളുടെയും ആഗ്രഹമാണ് ഒരു ഭവനം സ്വന്തമാക്കണമെന്നത് . അടുത്തവർഷം യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വില കുറയുമെന്ന പൊതുവായ വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പക്ഷേ മോർട്ട്ഗേജ് നിരക്കുകൾ കൂടുന്നതും സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനവും ഒരു വീട് വാങ്ങുന്നതിൽ നിന്ന് മലയാളികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.
എന്നാൽ വീട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് യുകെയിൽ എവിടെയൊക്കെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവനങ്ങൾ ലഭ്യമാകുക എന്നതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു. ഭവന വില ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഹാലി ഫാക്സ് ആണ് . ഇതിൻറെ അടിസ്ഥാനത്തിൽ യുകെയിൽ ഭവനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷം 15 % വരെയാണ് നിരക്കുകൾ കുറഞ്ഞത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശരാശരി വിലയിൽ 30,978 പൗണ്ടിന്റെ വരെ വിലക്കുറവുണ്ടായതാണ് കണക്കുകൾ കാണിക്കുന്നത്. ഇതിന് വിപരീതമായി ഹഡെഴ്സ് ഫീൽഡിൽ ഭവന വില കുതിച്ചുയർന്നു. ഇവിടെ ഏകദേശം 22,137 പൗണ്ടിന്റെ ശരാശരി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഹഡേഴ്സ് ഫീൽഡിന് പുറമെ ബ്രാഡ് ഫോർഡ് , ഹില്ലിംഗ്ടൺ, ന്യൂ പോർട്ട് എന്നിവിടങ്ങളിലും വില കൂടിയിട്ടുണ്ട്. 2008 – ന് ശേഷം ആദ്യമായി യുകെയിൽ ഭവനവില കുറഞ്ഞെങ്കിലും വീടുവാങ്ങാൻ മടിച്ചു നിൽക്കുകയാണ് യുകെ മലയാളികൾ . പലിശ നിരക്ക് വൻതോതിൽ കൂടിയതാണ് ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടി കാണിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിൽ തീ പിടിച്ച സംഭവത്തിൽ മരണം മൂന്നായതായി പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് ക്രോയ്‌ഡോണിൽ രണ്ട് നില കെട്ടിടത്തിൽ തീ പിടിച്ചത്. സംഭവ സ്ഥലത്ത് തീപിടിത്തം ഉണ്ടായതിന് പിന്നാലെ രണ്ട് പേർ മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. മുപ്പത് വയസ്സുള്ള ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. തീ പിടിത്തത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളെ ഡിസ്ചാർജ് ചെയ്‌തു. മറ്റൊരാൾ ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ ആണ്.
മരിച്ചവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും പോളിഷ് പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം പോലീസും ലണ്ടൻ അഗ്നിശമന സേനയും അന്വേഷിച്ചുവരികയാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോഴെന്ന് സൗത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ (ബിസിയു) ചീഫ് ഇൻസ്‌പെക്ടർ ഇമ്രാൻ അസ്ഗർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ സെൻറ് പാൻക്രാസ് ഇൻറർനാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റർ സർവീസുകൾ നിർത്തിവച്ചു. ട്രെയിൻ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിനുകൾ നിർത്തിവയ്ക്കേണ്ടതായി വന്നത്. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത് ഒട്ടേറെ പേരുടെ അവധിക്കാല യാത്രകളെയും പുതുവത്സരാഘോഷങ്ങളെയും പ്രതികൂലമായി ബാധിക്കും.
ഇതുവരെ 29 സർവീസുകളെങ്കിലും നിർത്തലാക്കിയിട്ടുണ്ട്. ട്രെയിൻ സർവീസുകൾ പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ കഠിന പരിശ്രമമാണ് നടത്തുന്നത്. എന്നാൽ കൂടുതൽ താമസമുണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടുന്നത്. ട്രെയിൻ സർവീസുകൾ നിർത്തലാക്കിയത് സിഡ്നി ലാൻഡിലേയ്ക്കുള്ള പുതുവർഷ യാത്രകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ലണ്ടനിൽ നിന്ന് പാരീസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാണ് യൂറോസ്റ്റർ പ്രധാനമായും സർവീസുകൾ നടത്തുന്നത്. ട്രെയിൻ സർവീസുകൾ മുടങ്ങിയ യാത്രക്കാർക്ക് റീഫണ്ടിങ്ങിനോ ടിക്കറ്റുകൾ മറ്റൊരു തീയതിയിലേയ്ക്ക് മാറ്റുന്നതിനുമുള്ള അർഹതയുണ്ടെന്ന് യൂറോസ്റ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളം നീക്കം ചെയ്യാൻ എൻജിനീയർമാർ രാത്രി മുഴുവൻ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ . നിരവധി പമ്പുകളും മറ്റു ഉപകരണങ്ങളും വെള്ളം നീക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. യാത്രക്കാർ എത്രമാത്രം നിരാശരാണെന്നത് മനസ്സിലാക്കുന്നതായും വർഷത്തിലെ ഇത്രയും പ്രധാനപ്പെട്ട സമയത്ത് ഉണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും യൂറോസ്റ്റർ അധികൃതർ പറഞ്ഞു.
Corrected
ന്യൂസ് ഡെസ്ക് മലയാളം യുകെ
പലപ്പോഴും വിമാന യാത്രക്കാർക്ക് വ്യോമ ഗതാഗത നിയമങ്ങളെക്കുറിച്ച് മതിയായ ധാരണ ഇല്ലാത്തത് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. യാത്രാ സമയത്ത് സ്വന്തം ആവശ്യത്തിനായും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും കൊണ്ടുപോകുന്ന പല സാധനങ്ങളും അനുവദനീയമല്ലെന്നതിന്റെ പേരിൽ അവസാനം നിമിഷം ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ സങ്കടം ഒന്ന് വേറെ തന്നെയാണ്. വിമാനയാത്രാ സമയത്ത് ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . പലപ്പോഴും ചട്ടങ്ങളും നിയമങ്ങളും സുരക്ഷാ മുൻകരുതലുകളുടെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നടപ്പിൽ വരുത്തുന്നതെങ്കിലും അത് യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒട്ടേറെയാണ് .
അടുത്തവർഷം മുതൽ ഹാൻഡ് ലഗേജിൽ 2 ലിറ്റർ വരെ കുടിക്കാനുള്ള വെള്ളം ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ
കൊണ്ടുപോകാമെന്നതാണ് പ്രധാനമായ മാറ്റം. നേരത്തെ ഇത് 100 മില്ലി ലിറ്റർ മാത്രമായിരുന്നു. ബോർഡിങ് പാസ് കിട്ടി വിമാനത്തിൽ പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് പെട്ടെന്ന് ദാഹം മാറ്റാൻ ഇതുമൂലം യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുട്ടികളുമായി മറ്റും യാത്ര ചെയ്യുന്നവർക്ക് നിലവിലെ നിയമം കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത് .
ഇത് കൂടാതെ വലിയ ടോയ്‌ലറ്ററികൾ കൊണ്ടുപോകാനും യാത്രക്കാർക്ക് അനുവാദം ഉണ്ട് . ഇത് മൂലം ചിലവ് കൂടിയ പാക്കേജ് ടോയ്ലറ്ററികൾ മേടിക്കുന്നത് ഒഴിവാക്കാനാവും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നവരുടെ പാസ്പോർട്ടിന് 10 വർഷത്തിൽ താഴെ മാത്രം പഴക്കമെ പാടുള്ളൂ എന്ന പുതിയ നിയമവും നിലവിൽ വരും. ബ്രെക്സിറ്റ് നിലവിൽ വന്നതിനു ശേഷം യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നിലവിൽ വന്നിരിക്കുന്നത്. പല നിയമങ്ങളെക്കുറിച്ചും എയർപോർട്ട് ജീവനക്കാർക്ക് തന്നെ വ്യക്തത കുറവ് ഉള്ള സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാർ തങ്ങളുടെ പക്കൽ വ്യക്തമായ രേഖകൾ സൂക്ഷിച്ചിരിക്കണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പ്രധാനമായും നൽകുന്നത്. യുകെയിൽ നിന്ന് രണ്ട് ലിറ്റർ വെള്ളം ഹാൻഡ് ബാഗിൽ കൊണ്ടുപോകാമെങ്കിലും തിരിച്ചുള്ള യാത്രയിൽ അതാതു രാജ്യത്തിൻറെ നിയമം അനുസരിച്ചായിരിക്കും യാത്രക്കാർക്ക് സാധ്യമാകുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ ചില ഭാഗങ്ങളിൽ ഗർഭിണിയാകുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സയ്ക്ക് 35 വയസ്സ് എന്ന പ്രായപരിധി ഏർപ്പെടുത്തിയിട്ടുള്ളത് തികച്ചും ക്രൂരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 40 വയസ്സ് വരെ പ്രായമുള്ള രോഗികൾക്ക്, അവർ രണ്ട് വർഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത് പരാജയപ്പെടുകയോ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെടുകയോ ചെയ്താൽ അവർക്ക് മൂന്ന് സൗജന്യ ഐ വി എഫ് സൈക്കിളുകൾ എൻ എച്ച് എസ് നൽകണമെന്നാണ് ഗൈഡ് ലൈനുകൾ അനുശാസിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങളും 42 വയസ്സ് വരെ ഫെർട്ടിലിറ്റി ചികിത്സ നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിൽ ചില ഭാഗങ്ങളിൽ 35 വയസ്സ് വരെ മാത്രമേ ഐ വി എഫ് അനുവദിക്കൂ എന്ന തരത്തിൽ നടന്നുവരുന്നത് സാധാരണക്കാരെ തികച്ചും ദുഷ്കരമായ സാഹചര്യത്തിൽ എത്തിച്ചിട്ടുണ്ട്. ഇത് സാധാരണ ദമ്പതികളെ സ്വകാര്യ ക്ലിനിക്കുകളിൽ ആയിരക്കണക്കിന് പൗണ്ട് നൽകുന്നതിലേക്കും, കുടുംബം തുടങ്ങാനുള്ള അവരുടെ പ്രതീക്ഷകൾ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കും എത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെർട്ടിലിറ്റി സപ്പോർട്ട് ഗ്രൂപ്പായ ഫെർട്ടിലിറ്റി നെറ്റ്‌വർക്ക് യു കെ ആരോഗ്യ സേവനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക എൻ എച്ച് എസ് ബജറ്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളായ ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ ഐ വി എഫിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.
എൻഎച്ച്എസ് ഹാംഷെയർ, ഐൽ ഓഫ് വൈറ്റ് ഐസിബി, ബക്കിംഗ്ഹാംഷയർ, ഓക്സ്ഫോർഡ്ഷയർ, വെസ്റ്റ് ബെർക്ക്ഷയർ ഐസിബി, എൻഎച്ച്എസ് ഫ്രിംലി ഐസിബി എന്നിവയ്ക്കുള്ളിൽ എല്ലാം തന്നെ പ്രായപരിധി 35 ആണെന്ന് കണ്ടെത്തിയത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ 15000 പൗണ്ട് ചിലവാക്കിയാണ് തനിക്ക് ഒരു കുഞ്ഞിനെ ലഭിച്ചതെന്ന് എമ്മ ബക്ക് എന്ന യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഈ തീരുമാനത്തെ സംബന്ധിച്ച് ഉടൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗിയും ആരോഗ്യപ്രവർത്തകരും തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടക്കാതെ പോകുന്നത് മൂലം ഗുരുതര ഭവിഷ്യത്തുകളാണ് പലപ്പോഴും സംഭവിക്കുന്നത്. ബധിരരും സംസാരശേഷിയും ഇല്ലാത്തവരാണ് ഈ പ്രശ്നങ്ങൾക്ക് ഇരയാകുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വൈദ്യസഹായം എത്തിക്കുന്നതിൽ നേരിടുന്ന കാലതാമസം ജീവൻ തന്നെ അപായപ്പെടുത്തിയേക്കാം. തെറ്റായ ആശയവിനിമയം മൂലം മരുന്നുകൾ മാറ്റി കൊടുക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള അടിയന്തിര നടപടികൾക്ക് എൻഎച്ച്എസ് തുടക്കം കുറിച്ചു.
ഇതിൻറെ പ്രാരംഭനടപടിയായി നേഴ്സിംഗ് വിദ്യാർത്ഥികളും പാരാമെഡിക്കലും ഉൾപ്പെടെയുള്ള 240 ആരോഗ്യ പ്രവർത്തകർ ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് (UWE ) പ്രത്യേക പാഠ്യ പദ്ധതിയിൽ പരിശീലനം നേടി. ബ്രിസ്റ്റോൾ സെൻറർ ഫോർ ഡെഫിലെ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത്. പരിശീലനം നേടിയവരിൽ നേഴ്സിംഗ് വിദ്യാർത്ഥികളെ കൂടാതെ പാരാമെഡിക്കുകൾ, മിഡ് വൈഫർമാർ , റേഡിയോഗ്രാഫർമാർ , ഒപ്റ്റോമെട്രിസ്റ്റുകൾ, ഓപ്പറേഷൻ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരും ഉൾപ്പെടുന്നു .
പലപ്പോഴും ആശയവിനിമയത്തിലെ പിഴവുമൂലം ജിപികൾ തെറ്റായ മരുന്നിൻറെ കുറിപ്പടികൾ നൽകുന്നതായി തന്റെ സ്വന്തം അനുഭവം മുൻനിർത്തി ബധിരനായ പ്രധാന പരിശീലകൻ മിസ്റ്റർ ഗിർ വെളിപ്പെടുത്തി. യുകെയിൽ ഏകദേശം 9 ദശലക്ഷം ആളുകൾ ബധിരരോ കേൾവി കുറവ് ഉള്ളവരോ ആണ് . ബധിരരും കേൾവി കുറവുള്ളവരുമായ ആളുകളെ കുറിച്ച് പൊതുവിജ്ഞാനവും അവബോധവും മെച്ചപ്പെടുത്താൻ ഈ പരിശീലന പദ്ധതി സഹായിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ കോവിഡും പനിയും ബാധിച്ചുള്ള രോഗികളുടെ എണ്ണം കുതിച്ചുരുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ ആഴ്ചയിൽ ശരാശരി 3631 കോവിഡ് രോഗികളാണ് ആശുപത്രികളിൽ ഉണ്ടായിരുന്നത് . നവംബർ അവസാന വാരത്തിൽ ഉണ്ടായിരുന്നതിനെക്കാൾ 57 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതുപോലെതന്നെ നോറോ വൈറസ് കേസുകൾ കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് 61 % ആണ് വർദ്ധിച്ചത്. ഇതുകൂടാതെയാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ്. ഡിസംബർ 24 വരെയുള്ള കാലയളവിൽ ഓരോ ദിവസവും ശരാശരി 942 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിൽ 48 പേർ തീവ്ര പരിചരണം ആവശ്യമായ രോഗികളാണ്. ഈ കണക്കുകൾ നവംബർ മാസത്തെ അപേക്ഷിച്ച് 6 ഇരട്ടി കൂടുതലാണ്.
കോവിഡും പനിയും മൂലം എൻഎച്ച്എസ് നേരിട്ട സമ്മർദ്ദത്തിന്റെ ഭാരം കൂടുതൽ ഏറ്റുവാങ്ങിയത് യുകെയിലെ മലയാളി നേഴ്സുമാരാണ്. പലരുടെയും ക്രിസ്തുമസ് ആശുപത്രികളിലായിരുന്നു. തദ്ദേശീയരായ എൻഎച്ച്എസ് ജീവനക്കാരിൽ ഒട്ടുമിക്കവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അവധിയിലായിരുന്നപ്പോൾ കോവിഡ് രോഗികളുടെയും പനി ബാധിതരുടെയും എണ്ണം കുതിച്ചുയർന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നേഴ്സുമാരെ ക ടുത്ത ദുരിതത്തിൽ ആക്കി . പല ഹോസ്പിറ്റലുകളിലും അസുഖം ഭേദമായിട്ടും രോഗികൾക്ക് ഹോസ്പിറ്റലുകളിൽ കഴിയേണ്ടതായി വന്നു. 10,000 പേർക്കാണ് ഇങ്ങനെ ക്രിസ്തുമസിന് ഹോസ്പിറ്റലിൽ തങ്ങേണ്ടതായി വന്നത്. ക്രിസ്തുമസ് തലേന്ന് ആശുപത്രി വിടാൻ യോഗ്യരായ 18,669 രോഗികളിൽ 8,667 പേർ മാത്രമാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഇതിന് പുറമെയാണ് കോവിഡ് ജീവനക്കാർക്ക് പിടിപെട്ടത് മൂലം നേരിടുന്ന പ്രശ്നങ്ങൾ . കഴിഞ്ഞ ആഴ്ച മാത്രം ശരാശരി 2,597 ജീവനക്കാർക്കാണ് കോവിഡ് പിടിച്ചത്.