ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവരസാങ്കേതിക വിദ്യയാണ് ഇനി ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖല. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കടന്നുവരവും എല്ലാവരുടെയും കൈകളിൽ സ്മാർട്ട്ഫോൺ എത്തിയതും എല്ലാ മേഖലയിലും ഇൻഫർമേഷൻ ടെക്നോളജിയുടെ കടന്നു വരവിന് വഴിവച്ചു. യുകെയിൽ ജിസിഎസ്ഇ ഉൾപ്പെടെയുള്ള കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചപ്പോൾ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളുടെ സിലബസ് പരിഷ്കരിച്ചത് ഇത്തരം വസ്തുതകൾ കണക്കിലെടുത്താണ്.

പഴയ സിലബസിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) ആയിരുന്നത് മാറ്റി പുതിയ കമ്പ്യൂട്ടർ സയൻസ് സിലബസ് കൊണ്ടു വന്നതിലെ അപാകതയാണ് ഈ വിഷയത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം കുറയുന്നതിന് കാരണമായതായി വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പകുതിയിലധികം കുറവ് വന്നതായാണ് കണക്കുകൾ കാണിക്കുന്നത് . 2015 -ൽ ജി സി എസ് ഇയിൽ ഐസിടിക്ക് പഠിക്കുന്നതിൽ 43 ശതമാനവും പെൺകുട്ടികളായിരുന്നു. എന്നാൽ നിലവിൽ കമ്പ്യൂട്ടർ സയൻസ് എടുക്കുന്നവരിൽ 21 ശതമാനം മാത്രമാണ് പെൺകുട്ടികൾ.

നേരത്തെയുണ്ടായിരുന്ന സിലബസ് മൈക്രോസോഫ്റ്റ് ഓഫീസ് അതായത് എം എസ് വേർഡ്, എക്സൽ, പവർ പോയിൻറ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ആയിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സിലബസ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കോഡിങ്ങ് തുടങ്ങി കൂടുതൽ ആഴത്തിലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് പെൺകുട്ടികളെ ഈ വിഷയത്തിൽ നിന്ന് പിന്തിരിപ്പിച്ചത് എന്നാണ് പൊതുവെ വിലയിരുത്തുന്നത് . ഇത് അപകടകരമായ പ്രവണതയ്ക്ക് കാരണമാകുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ കംപ്യൂട്ടിംഗ് വിദ്യാഭ്യാസത്തിലെ സീനിയർ ലക്ചറർ ഡോ. പീറ്റർ കെംപ് പറഞ്ഞു. ആധുനിക ലോകത്തെ രൂപപ്പെടുത്തുമ്പോൾ പുരുഷന്മാരുടെ ആധിപത്യത്തിന് ഇത് കാരണമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിനിസ്റ്റർ ഹണി ട്രാപ്പിൽ ആരോപണ വിധേയനായതിനെ തുടർന്ന് ലേബർ പാർട്ടി അംഗത്തെ സസ്പെൻഡ് ചെയ്തു . സംഭവത്തിൽ അറസ്റ്റിലായ ലേബർ പാർട്ടി അംഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . 30 വയസ്സിനടുത്ത് പ്രായമുള്ള ഒരാളെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ സുരക്ഷാ നിയമപ്രകാരമുള്ള പീഡനങ്ങളും കുറ്റകൃത്യങ്ങളും ചുമത്തിയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ പാർട്ടി അംഗത്തെ കുറിച്ചുള്ള ആരോപണത്തെ കുറിച്ച് തങ്ങൾ അറിയുന്നത് ബുധനാഴ്ച മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ലേബർ പാർട്ടി വക്താവ് പറഞ്ഞു.

രാജ്യത്തെ നടുക്കിയ ഹണി ട്രാപ്പിൽ ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബർ ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഒരാൾക്ക് സഹ എംപിമാരുടെ വിവരങ്ങൾ പങ്കുവെച്ചതായി ഒരു ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് വൻ തോതിൽ മലയാളി കുടിയേറ്റം നടന്നത്. പ്രധാനമായും ആരോഗ്യമേഖലയിൽ ജോലിക്കായി ഇവിടെ എത്തിയ മലയാളികളുടെ പുതുതലമുറ രാഷ്ട്രീയം ഉൾപ്പെടെ സമസ്ത മേഖലകളിലും തങ്ങളുടെ കൈയ്യൊപ്പ് ചാർത്തുന്ന അഭിമാനകരമായ നേട്ടങ്ങൾക്കാണ് യുകെ സാക്ഷ്യം വഹിക്കുന്നത്. അത്തരം ഒരു നേട്ടത്തിന്റെ ഉടമയാകാൻ ഒരുങ്ങുകയാണ് ഏറിക് സുകുമാരൻ എന്ന മലയാളി. സൗത്ത് ഗേറ്റ് ആൻറ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം.

ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമാകുകയാണെങ്കിൽ ഹൗസ് ഓഫ് കോൺസിൽ എത്തുന്ന ആദ്യ മലയാളിയായിരിക്കും എറിക് സുകുമാരൻ. 38 വയസ്സുകാരനായ എറിക് ജനിച്ചതും വളർന്നതും യുകെയിലാണ്. ആറ്റിങ്ങൽ സ്വദേശിയായ ജോണി – അനിത ദമ്പതികളുടെ മകനാണ് എറിക് . യുകെയിൽ നിന്ന് ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽ വാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ എറിക് നിലവിൽ വേൾഡ് ബാങ്കിൽ കൺസൾട്ടന്റ് കൂടിയാണ് .

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന എറികിന് പ്രധാനമന്ത്രി ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണുള്ളത് . മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്നപ്പോൾ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അനുഭവ പരിചയവും എറികിനുണ്ട്. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിന്‍ഡ്‌സെയാണ് എറികിൻ്റെ ഭാര്യ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി ഋഷി സുനകിൻ്റെ വസതിയിൽ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാൻ്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തെ തുടർന്ന് പ്രധാനമന്ത്രി ലണ്ടനിൽ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോർത്ത് യോർക്ക് ഷെയറിലെ കിർബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേർ അതിക്രമിച്ച് കയറിയത്. വീടിനുള്ളിൽ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് പോലീസ് അറിയിച്ചത്.

അറസ്റ്റിലായവർ പാലസ്തീൻ അനുകൂല യൂത്ത് ഡിമാൻഡ് എന്ന സംഘടനയുടെ പ്രവർത്തകരാണ്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഇസ്രയേൽ അനുകൂല പ്രവർത്തനങ്ങൾ നിർത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേർ സംഘടനയുടെ സജീവ പ്രവർത്തകരും നാലാമൻ ഫോട്ടോഗ്രാഫറും ആണ്. ലണ്ടൻ, ബോൾട്ടൺ, മാഞ്ചസ്റ്റർ, ചീചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സമാനമായ ഒരു സംഭവത്തിൽ പ്രധാനമന്ത്രിയും കുടുംബവും അവധി ആഘോഷിക്കാൻ കാലിഫോർണിയയിൽ ആയിരുന്ന സമയത്ത് പ്രതിഷേധക്കാർ വസതിയിൽ കയറി ബാനർ ഉയർത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായുള്ള സൂചനകൾ ഒന്നുമില്ലാത്തത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജെയ് സ്ലേറ്ററിനായുള്ള തിരച്ചിൽ പത്താം ദിവസം പിന്നിടുകയാണ്. നിലവിലെ അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതു കൊണ്ട് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് പോലീസ് അറിയിച്ചു.

യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയ് യെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.

19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ജൂൺ 17 തിങ്കളാഴ്ച മുതൽ ആണ് സ്പെയിനിലെ ടെനറൈഫിൽ നിന്ന് കാണാതായത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ ചൂതാട്ട ആരോപണവും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. ജൂലായിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇതിനെച്ചൊല്ലി ഋഷി സുനകിൻ്റെ അടുത്ത സഹായിയായ ക്രെയ്ഗ് വില്യംസ് വാതുവെപ്പ് നടത്തിയതിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഗാംബ്ലിങ് കമ്മീഷൻ ഇപ്പോൾ.

വിവാദത്തിൽ നാല് ടോറി പാർട്ടി അംഗങ്ങളും ആറ് പോലീസ് ഓഫീസർമാരും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന ഈ വിവാദം കൺസർവേറ്റീവ്, ലേബർ പാർട്ടികളെ ദോഷകരമായി ബാധിക്കും. ഇത് രാഷ്ട്രീയക്കാർക്ക് ഒരു നിയമവും പൊതുജനങ്ങൾക്ക് മറ്റൊരു നിയമവുമാണ് എന്ന് ജനങ്ങളിൽ തോന്നിപ്പിച്ചിരിക്കുകയാണ്.

ബോറിസ് ജോൺസൺ സർക്കാരിൻെറ പതനത്തിന് കാരണമായത് ഇത്തരത്തിയിൽ ഉരുത്തിരിഞ്ഞ പാർട്ടിഗേറ്റ് വിവാദമാണ്. ഇത്തരം പ്രശ്‌നങ്ങൾ രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ അവർ പാലിക്കുന്നില്ല എന്നൊരു തോന്നൽ ജനങ്ങളിൽ എത്തിക്കുമെന്നും ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സ്ഥാനമൊഴിയുന്ന ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വോട്ടർമാരുടെ മനസ്സിൽ സ്ഥാപിച്ച് പൊതുജന വിശ്വാസത്തെ സാരമായി ബാധിച്ച വിവാദങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബലാൽസംഗത്തിനും ലൈംഗികാതിക്രമം നടത്തിയതിനും മലയാളി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. 29 വയസുകാരനായ സിദ്ധാർത്ഥ് നായർ എന്ന യുവാവിന് 13 വർഷത്തെ ജയിൽശിക്ഷ ലിവർപൂൾ ക്രൗൺ കോടതി ആണ് വിധിച്ചിരിക്കുന്നത്. വിസ്റ്റൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതാണ് ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
ഈ വർഷം ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാരനായിരുന്ന സിദ്ധാർത്ഥ് നായരെ അറസ്റ്റു ചെയ്യുകയായിരുന്നു. വിചാരണയിൽ ഇയാൾ മാനഭംഗവും ലൈംഗികാതിക്രമവും നടത്തിയതായാണ് കോടതി കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ സ്റ്റുഡൻറ് വിസയിൽ എത്തിയ ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ സിദ്ധാർത്ഥ് ഇവിടെ വന്നിട്ട് 2 ആഴ്ച മാത്രമേ ആയിട്ടുള്ളൂ. സംഭവത്തിന് ശേഷം ബന്ധപ്പെട്ട സുഹൃത്തുക്കളോട് താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇയാൾ ആവർത്തിച്ച് പറഞ്ഞിരുന്നത്. അനുവാദമില്ലാത്ത സ്പർശനം പോലും അനുവദിനീയമല്ലാത്ത യുകെ പോലുള്ള സ്ഥലത്ത് സിദ്ധാർത്ഥ് തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്ന സംശയം ആദ്യം ഉയർന്നിരുന്നു. എന്നാൽ തെളിവുകളുടെ വെളിച്ചത്തിൽ കേസിന്റെ വിചാരണ പൂർത്തിയായി വിധി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അങ്ങനെയുള്ള സംശയങ്ങൾ അസ്ഥാനത്താണ്,
വിദ്യാർത്ഥി വിസയിൽ ഇവിടെ എത്തിയ ഇയാളുടെ ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. ഒട്ടേറെ മലയാളികളാണ് വിദ്യാർത്ഥി വിസയിലും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത്. ഒരു നിമിഷത്തെ ചാപല്യം മൂലം ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട സാഹചര്യമാണ് ചിലപ്പോൾ സംഭവിക്കുന്നത്. വിചാരണയുടെ എല്ലാ ഘട്ടത്തിലും താൻ തെറ്റുകാരനല്ലെന്നാണ് സിദ്ധാർത്ഥ് കോടതിയിൽ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ . കുറ്റം ചെയ്തിട്ടും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചതു മൂലമുള്ള ശിക്ഷയുടെ അളവ് കൂടുന്നതിന് കാരണമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലങ്കാ ഷെയർ ചോർലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി. കേരളത്തിൽ പാലയാണ് സ്വദേശം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.
കഴിഞ്ഞ 60 ദിവസമായി ബ്ലാക്ക് പൂൾ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.
പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ഹോസ്പിറ്റലിലെ നേഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.
മക്കൾ: മറീന സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (ലോയർ), അഞ്ജു സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ).
ചോർലിയിൽ ജോസഫ് എബ്രഹാം (ബാബുച്ചേട്ടൻ) 2004ൽ കുടുംബസമേതം എത്തിയപ്പോൾ അവിടെ 6 മലയാളി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന ബാബുച്ചേട്ടൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു.
പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോസഫ് എബ്രഹാം സ്രാമ്പിക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ പാരീസിൽ വാർഷിക സ്ട്രീറ്റ് മ്യൂസിക് ഫെസ്റ്റിവലിനിടെ ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട യുവതി കരഞ്ഞുകൊണ്ട് തെരുവിലൂടെ നടക്കുന്നതിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ അവളെ ആക്രമികൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

യുവതി ഒളിമ്പിയ ഹാളിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് . ആക്രമിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്നെ നിരവധി പുരുഷന്മാർ ആക്രമിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ഫോൺ മോഷ്ടിക്കുകയും ചെയ്തതായി അവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുവതി ആക്രമണത്തിനിരയായി നിരാലംബയായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാണ് പകർത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേരിട്ട സൈബർ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജൂൺ മൂന്നിന് നടന്ന സൈബർ ആക്രമണം യു കെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോതിലുള്ളതായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ്സിന്റെ ബ്ലഡ് ടെസ്റ്റ് മാനേജ്മെൻറ് ഗ്രൂപ്പ് ആയ സിനോവിസിന്റെ സർവറുകളില്‍ നിന്നാണ് സൈബർ ആക്രമണത്തിലൂടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്.

ഇതിന് പിന്നിൽ റഷ്യൻ സൈബർ ക്രിമിനൽ ഗ്രൂപ്പായ ക്വിലിൻ, ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈബർ ആക്രമണത്തിലൂടെ കൈക്കലാക്കിയ 400 GB വരുന്ന വിവരങ്ങൾ അവരുടെ ഡാർക്ക് നെറ്റ് വെബിൽ കൂടി പങ്കിട്ടിരുന്നു. വിവരങ്ങൾ കൈക്കലാക്കിയതിനുശേഷം സിനോവിസിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് പുറത്തുവിട്ടതിന്റെ തെളിവുകൾ ഇല്ലെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു.

യുകെയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഹാനികരമായ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ സിയാറൻ മാർട്ടിൻ പറഞ്ഞു. 3000ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.