ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗമാരക്കാരനായ കോൾ കൂപ്പറിനെ തിരയുന്നതിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മെയ് 7 ന് ബാങ്ക്നോക്കിലാണ് കോൾ കൂപ്പറിനെ അവസാനമായി കണ്ടത്. ഫാൽകിർക്കിനടുത്തുള്ള ബാങ്ക്നോക്കിലെ കിൽസിത്ത് റോഡിനടുത്തുള്ള ഒരു വനപ്രദേശത്ത് ആണ് മൃതദേഹം കണ്ടെത്തിയത് . ഔപചാരിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. എന്നിരുന്നാലും കോൾ കൂപ്പറിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
മെയ് 7-ാം തീയതി ഒരാൾ കോൾ കൂപ്പറിനെ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് പോലീസിന് മൃതദേഹം കണ്ടെത്താനായത്. സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ വിപുലമായ അന്വേഷണം പോലീസ് നടത്തിയിരുന്നു. ഏകദേശം 400 പ്രദേശവാസികളുമായി പോലീസ് സംസാരിച്ചിരുന്നു. ഇതുകൂടാതെ 2000 മണിക്കൂറിലധികമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ശിക്ഷ വിധിച്ച് കോടതി. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ബ്രിട്ടീഷുകാരായ കുട്ടികൾ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ 15 വയസ്സുകാരന് 7 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചത്. അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഈ പെൺകുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയിരിക്കുന്നത്.
കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെൻ കോലിയുടെ മകൾ സൂസൻ കോടതിക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ചെയ്‌ത കുറ്റകൃത്യത്തിൻെറ തീവ്രത മനസിലാക്കിയുള്ള ശിക്ഷ അല്ല ലഭിച്ചിരിക്കുന്നതെന്ന് സൂസൻ പറയുന്നു. ലെസ്റ്ററിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്‌ളിൻ പാർക്കിൽ വച്ചാണ് ഒരു സംഘം കുട്ടികൾ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ ആക്രമിച്ചത്. സംഭവ ദിവസം തന്നെ, ആക്രമിച്ച അഞ്ച് കുട്ടികളെയും അറസ്റ്റ് ചെയ്തതായി ലെസ്റ്റർഷയർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
2024 സെപ്റ്റംബർ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന ഭീം കോലി അടുത്ത ദിവസം രാത്രി തന്നെ മരണത്തിന് കീഴടങ്ങി. കല്ലേറിൽ കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പാർക്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദർ കൗറും താമസിച്ചിരുന്നത്. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ വിചാരണ വേളയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികൾ പ്രായപൂർത്തി ആകാത്തതിനാൽ പൊതുസമൂഹത്തിൽ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറെ നാളുകളായി ലഹരി കടത്ത് നടത്തി അറസ്റ്റിലാകുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. ഈ കുറ്റത്തിന് വിശ്രമ ജീവിതം നയിക്കുന്നത് ഉൾപ്പെടെ അറസ്റ്റിലായരുടെ എണ്ണത്തിലെ വർദ്ധനവ് ഞെട്ടിക്കുന്നത്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ ബ്രിട്ടീഷുകാർ കൂടുതലായി വീഴുന്നതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
ആഡംബര അവധിക്കാലവും പണം കാണിച്ച് പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് മാഫിയ പലരെയും വരുതിയിൽ കൊണ്ടുവരുന്നത്. കൂടുതലായും ഗ്ലാമറസായിട്ടുള്ള യുവതികളാണ് ചതി കുഴിയിൽ പെടുന്നത്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് നീണ്ടകാലത്തെ ജയിൽവാസമോ വധശിക്ഷയോ ആണ്. ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർ കൂടുതൽ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സാധാരണഗതിയിൽ യുവതികൾ ആണ് മയക്കുമരുന്ന് കടത്തുകാരായി പിടിയിലാകുന്നത്. എന്നാൽ അടുത്തയിടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് 79 വയസ്സുള്ള വില്യം എന്നയാൾ ചിലിയിൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി മെക്സിക്കൻ സംഘം 3.7 മില്യൻ പൗണ്ട് ആണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. കള്ളക്കടത്തുകാരിൽ പലരും പതിറ്റാണ്ടുകളായി തടവ് അനുഭവിക്കുകയാണ്. എന്നാൽ ഏറ്റവും അവസാന ഘട്ടത്തിൽ യുകെയിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് മൂന്ന് ബ്രിട്ടീഷ് പൗരന്മാർ വധശിക്ഷ ആണ് നേരിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽനിന്ന് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുകെയിൽ എത്തി ചൂഷണത്തിന് ഇരയാകുന്ന കെയർ വർക്കർമാരുടെ ദയനീയ അവസ്ഥ കരളലിയിക്കുന്നതാണ്. ലക്ഷങ്ങൾ നൽകിയാണ് പലരും കെയർ വിസ സ്വന്തമാക്കി യുകെയിൽ എത്തിയത്. എന്നാൽ ഭൂരിപക്ഷത്തിനും അവർ ആഗ്രഹിച്ച രീതിയിൽ ഉള്ള ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഏജൻസികളുടെയും കെയർ ഹോമുകളുടെയും ചൂഷണത്തിന് ഇരയായവരുടെ കൊടും യാതനകളുടെ രേഖാചിത്രം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു.
ചൂഷണത്തിനിരയായ കെയർ വർക്കർമാരെ സഹായിക്കുന്നതിനുള്ള യുകെ സർക്കാരിൻറെ പദ്ധതികൾ വളരെ കുറച്ചുപേർക്ക് മാത്രമേ സഹായകരമായുള്ളൂ എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്. പുതിയ തൊഴിലുടമകളുടെ കീഴിൽ ജോലി സമ്പാദിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്ന പദ്ധതി വഴി 4 ശതമാനം പേർക്ക് മാത്രമെ തൊഴിൽ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. ചൂഷണത്തിന് ഇരയായ 28,000 കുടിയേറ്റ കെയർ വർക്കർമാരിൽ 3.4 ശതമാനം പേർക്ക് മാത്രമെ പുതിയ തൊഴിൽ ഉടമയെ കണ്ടെത്താനായിട്ടുള്ളൂ. അതായത് തൊഴിൽ പീഡനവും ജോലിയും നഷ്ടപ്പെട്ട ബഹുഭൂരിപക്ഷം കെയർ നേഴ്സുമാരും ഇപ്പോഴും ഓരോ ദിവസവും തള്ളി നീക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
യുകെയിലെ കെയർ മേഖല കുത്തഴിഞ്ഞതിന്റെ ഒട്ടനവധി വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ 131,000 സോഷ്യൽ കെയർ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് വർക്ക് റൈറ്റ്സ് സെന്റർ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു . 2022 മുതൽ നടത്തിപ്പിൻ്റെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് കുറഞ്ഞത് 470 കെയർ ഹോമുകളുടെ ലൈസൻസ് ആണ് യുകെ ഗവൺമെൻറ് റദ്ദാക്കിയത്. ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഈ രീതിയിൽ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിൽ ദാതാവിനെ കണ്ടെത്താനുള്ള 6 മാസത്തെ കാലാവധി സർക്കാർ നൽകിയിരുന്നു. ഇതിനിടയിൽ ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അവർക്ക് രാജ്യം വിടേണ്ടതായി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടുത്തിടെയായി ഇ- ബൈക്കുകളും സ്കൂട്ടറുകളും വ്യാപകമായി തീപിടുത്തത്തിന് വിധേയമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2024 ൽ മാത്രം ഇത്തരം ഇരുനൂറിൽപരം അപകടങ്ങളിലാണ് അഗ്നിശമനസേന ഇടപെടേണ്ടതായി വന്നത് . ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം – അയൺ ബാറ്ററികൾ ഉണ്ടാക്കുന്ന അപകടങ്ങൾ കടുത്ത സുരക്ഷാ വീഴ്ചയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
2023 -ൽ ഇത്തരം അപകടങ്ങളുടെ എണ്ണം 207 ആയിരുന്നെങ്കിൽ 2024 ൽ അത് 211 ആയി ഉയർന്നു. എന്നാൽ 2017 -ൽ ഇത് വെറും രണ്ട് എണ്ണം മാത്രമായിരുന്നു. ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പ്രകൃതി സൗഹൃദ ജനപ്രിയ ഗതാഗത മാർഗ്ഗമാണെങ്കിലും അവമൂലം ഉണ്ടാക്കുന്ന തീപിടുത്ത സാധ്യതയെ കുറിച്ച് ലണ്ടൻ അഗ്നിശമന സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സ്കൂട്ടറുകളും ബൈക്കുകളും മാറ്റം വരുത്തി നിരത്തിലിറക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് പ്രധാനമായും അപകടം ഉണ്ടാക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ ഡിസംബർ വരെ പണിമുടക്ക് തുടർന്നേക്കാം. യുണൈറ്റ് യൂണിയൻ അംഗങ്ങളിൽ 97% പേരും ശമ്പള, തൊഴിൽ പ്രശ്‌നങ്ങൾക്കെതിരായ വ്യാവസായിക നടപടി നീട്ടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ നീക്കം. പണിമുടക്ക് അനിശ്ചിത കാലത്തേയ്ക്ക് നീണ്ടുപോകുമെന്നും എത്രയും പെട്ടന്ന് തന്നെ മെച്ചപ്പെട്ട ശമ്പളം നൽകണമെന്നും യുണൈറ്റിന്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം, ബർമിംഗ്ഹാം സിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു.
ബർമിംഗ്ഹാം സിറ്റി കൗൺസിൽ യുണൈറ്റ് യൂണിയൻെറ മുമ്പോട്ട് വച്ചിരിക്കുന്ന ഏറ്റവും പുതിയ ശമ്പള, തൊഴിൽ ഓഫർ അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാരോൺ ഗ്രഹാം, രേഖാമൂലമുള്ള നിർദ്ദേശം വൈകിപ്പിച്ചതിന് കൗൺസിലിനെ വിമർശിക്കുകയാണ് ചെയ്‌തത്. ഓഫർ ആഴ്ചകൾ വൈകിയാണ് മുന്നോട്ട് വച്ചതെന്നും മെയ് മാസത്തിൽ അക്കാസ് ചർച്ചകളിൽ ചർച്ച ചെയ്ത കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷാരോൺ ഗ്രഹാം പറയുന്നു. കഴിഞ്ഞ ആഴ്ച, കരാറിൽ വെള്ളം ചേർത്തതായി ഗ്രഹാം ആരോപിച്ചു. എന്നാൽ ലേബർ പാർട്ടി നടത്തുന്ന കൗൺസിൽ ഈ ആരോപണം നിഷേധിച്ചു.
താമസക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി ബിൻ സർവീസ് പരിവർത്തനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗൺസിൽ പറയുന്നു. യുണൈറ്റിന്റെ പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു. ജനുവരിയിൽ ആരംഭിച്ച ബർമിംഗ്ഹാം ബിൻ തൊഴിലാളികളുടെ ദീർഘകാല സമരം, ജോലി വെട്ടിക്കുറയ്ക്കലിനെയും ശമ്പളത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മാർച്ച് മുതൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്കിലേയ്ക്ക് നീങ്ങുകയായിരുന്നു. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ തസ്തികകൾ നീക്കം ചെയ്യാനും താൽക്കാലിക ജീവനക്കാരെ നിയമിക്കാനുമുള്ള കൗൺസിലിന്റെ തീരുമാനത്തെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയത്. ഇത് നടപ്പിലാക്കിയാൽ ഏകദേശം 170 തൊഴിലാളികൾക്ക് പ്രതിവർഷം 8,000 പൗണ്ട് വരെ നഷ്ടമാകുമെന്ന് യൂണൈറ്റ് ആരോപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2018-ലാണ്, 41 ദിവസം മാത്രം പ്രായമുള്ള മകൻ ടോണി ഹഡ്ജലിനെ ക്രൂരമായി ഉപദ്രവിച്ചതിന് ജോഡി സിംപ്‌സണും ആന്റണി സ്മിത്തും 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. മാതാപിതാക്കളുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയുടെ ശരീരത്തിൽ ഒടിവുകളും തലയ്ക്ക് പരിക്കുകളും ഉണ്ടായിരുന്നു. പരിക്കുകൾ ഉണ്ടായിട്ടും ചികിൽസിക്കാതിരുന്നതിന് പിന്നാലെ അവയവങ്ങളുടെ പരാജയം, വിഷബാധ, സെപ്സിസ് എന്നിവ കുട്ടിക്ക് ഉണ്ടാവുകയും ചെയ്‌തു. ഇതിന് പിന്നാലെ കുട്ടിയുടെ രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു.
സ്റ്റാൻഡേർഡ് ലൈസൻസ് നിയമങ്ങൾ പ്രകാരം 2022 ഓഗസ്റ്റിൽ ജോഡി സിംപ്‌സണെ നേരത്തെ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് ഇടപെട്ട് കേസ് പരോൾ ബോർഡിന് കൈമാറി. ഇതോടെ ജോഡി സിംപ്‌സൻെറ മോചനം വൈകിപ്പിച്ചു. എന്നാൽ ഇപ്പോൾ ജോഡി സിംപ്‌സൺ ജയിലിൽ നിന്ന് നേരത്തെ മോചിതയാകുമെന്ന് പരോൾ ബോർഡ് സ്ഥിരീകരിച്ചു.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ടോണിയുടെ വളർത്തമ്മയായ പോള ഹഡ്‌ജെൽ ഈ തീരുമാനത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ടോണിയുടെ കേസ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം ടോണിയുടെ അമ്മയുടെ മോചനത്തിനുള്ള ആശങ്ക എംപി ടോം തുഗെൻഹാറ്റ് പ്രകടിപ്പിച്ചു. ടോണിയെ പോലുള്ള കുട്ടികളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരുക്കുകൾ മൂലം ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും ടോണി ജീവകാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇതിന് ടോണിക്ക് രാജകുടുംബത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബർ മുതൽ സൗജന്യ സ്കൂൾ ഭക്ഷണം അവകാശപ്പെടാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തിൽ പെട്ട കുട്ടികൾ സൗജന്യ ഭക്ഷണത്തിന് അർഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാർഥികൾ കൂടി ഈ പദ്ധതിയിൽ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാൻ 1 ബില്യൺ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ ക്രെഡിറ്റ് ഉള്ള മാതാപിതാക്കൾ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവർഷം 7400 പൗണ്ടിൽ താഴെയായിരിക്കണം.
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കൾക്ക് പ്രതിവർഷം 500 പൗണ്ട് ലഭിക്കാമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാൻ സാധ്യതയുള്ള ഫാമുകളിൽ നിന്നുള്ള ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികൾ 13 മില്യൺ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു . വിദ്യാഭ്യാസ മേഖലയും കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ക്ലാസ് മുറിയിൽ നിന്ന് വിശപ്പ് ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് സട്ടൺ ട്രസ്റ്റ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹാരിസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ജനപ്രിയ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഗർഭസ്ഥ ശിശുക്കൾക്ക് ദോഷം വരുത്തുമെന്നും യുകെയിലെ ഡ്രഗ് റെഗുലേറ്റേഴ്സ് മുന്നറിയിപ്പ് നൽകി. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (MHRA) ഈ ശരീര ഭാരം കുറയ്ക്കാനുള്ള ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾ വിശ്വസനീയമായ ജനന നിയന്ത്രണ രീതികൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുളികകളുടെ ‘കിംഗ്-കോംഗ്’ എന്നറിയപ്പെടുന്ന മൗഞ്ചാരോ കഴിക്കുന്നവർ അനാവശ്യ ഗർഭധാരണവും അനുബന്ധ അപകടസാധ്യതകളും ഒഴിവാക്കാൻ ഗുളികയ്‌ക്കൊപ്പം ഒരു അധിക ഗർഭനിരോധന മാർഗ്ഗം കൂടി ഉപയോഗിക്കാൻ വിദഗ്ദ്ധർ പറയുന്നു.
മൗഞ്ചാരോ, ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഫലപ്രാപ്തി കുറച്ചേക്കാമെന്നും യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (MHRA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുന്ന് ആരംഭിച്ചതിന് ശേഷവും ഡോസ് വർദ്ധനവിന് ശേഷവും ആദ്യത്തെ നാല് ആഴ്ചകളിൽ അധിക സംരക്ഷണം ഉപയോഗിക്കണം എന്ന് റെഗുലേറ്ററി ഏജൻസി പറയുന്നു. അതേസമയം മൗഞ്ചാരോ ഉപയോഗിക്കുന്ന ഗർഭിണിയായ സ്ത്രീകൾ അത് നിർത്തണം എന്നും വിദഗ്ദ്ധർ പറയുന്നു.
ഇതുവരെ, മരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളിൽ 40-ലധികം ഗർഭധാരണ റിപ്പോർട്ടുകൾ MHRA-യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ 26 എണ്ണം മൗഞ്ചാരോയുമായി ബന്ധപ്പെട്ടതാണ്. രോഗികളും ഡോക്ടർമാരും സമർപ്പിച്ച ഈ റിപ്പോർട്ടുകളിൽ ഗർഭം അലസൽ, ജനന വൈകല്യങ്ങൾ, ആസൂത്രിതമല്ലാത്ത ഗർഭധാരണം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്നു. ദഹനത്തെ മന്ദഗതിയിലാക്കുന്ന മൗഞ്ചാരോ ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങൾ പുറന്തള്ളുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് വെയിറ്റ് ലോസ് മരുന്നുകൾ നിർത്തിയതിന് ശേഷം രണ്ട് മാസം വരെ ഗർഭനിരോധന മാർഗ്ഗങ്ങൾ തുടരാൻ സ്ത്രീകളോട് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബക്കിങ്ഹാമിലെ മലയാളികളുടെ പ്രിയപ്പെട്ട ശ്രീരാജ് വിട പറഞ്ഞു. കോട്ടയത്തിനടുത്തുള്ള നീണ്ടൂർ സ്വദേശിയായ ശ്രീരാജ് പി എസ് (42) ആണ് നാട്ടിൽ ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. നാട്ടിൽ അവധിക്ക് വന്നപ്പോൾ നടത്തിയ പതിവ് പരിശോധനകൾക്കിടെ രോഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് യുകെയിൽ എത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിരുന്നു. വീണ്ടും തുടർ ചികിത്സകൾക്കായി നാട്ടിലെത്തിയപ്പോൾ ആണ് ശ്രീരാജ് മരണത്തിന് കീഴടങ്ങിയത്.
വി. പി ശശിയുടെയും തങ്കമ്മയുടെയും മകനാണ്. ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്. ബെഡ്‌ഫോര്‍ഡില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്. ബക്കിങ്ഹാമിലെ മലയാളി കൂട്ടായ്മയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ആളായിരുന്നു ശ്രീരാജ്. അതുകൊണ്ടു തന്നെ ശ്രീരാജിന്റെ ആകസ്മിക നിര്യാണം ഏറെ വേദനയാണ് സുഹൃത്തുക്കൾക്ക് സമ്മാനിച്ചത്. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂൺ 5-ാം തീയതി ഉച്ചകഴിഞ്ഞ് 3. 30ന് വീട്ടുവളപ്പിൽ നടത്തും.
ശ്രീരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.