ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സർവകലാശാലകളിൽ വിദ്യാഭ്യാസം തനി കച്ചവടമായി മാറിയിരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനുവേണ്ടി കോടികളാണ് ഓരോ സർവകലാശാലകളും കമ്മീഷനായി ഏജന്റുമാർക്ക് നൽകുന്നത്. ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് പോലുള്ള ഏതാനും സർവകലാശാലകൾ മാത്രമാണ് കുട്ടികളെ പിടിക്കാൻ ഏജൻറുമാർക്ക് കമ്മീഷൻ നൽകാതെയുള്ളൂ.
യുകെയിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടി കോടിക്കണക്കിന് പൗണ്ട് ഏജൻറ് ഫീസ് ആയി നൽകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം മാത്രം ഗ്രീൻ വിച്ച് യൂണിവേഴ്സിറ്റി 28 മില്യൺ പൗണ്ട് ആണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം മാത്രം 5 ലക്ഷം പഠന വിസകളാണ് യുകെയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കായി അനുവദിക്കപ്പെട്ടത്.
പുറത്തുവരുന്ന കണക്കുകൾ ലാഭകരമായ സ്റ്റുഡൻറ് റിക്രൂട്ട്മെൻറ് വ്യവസായത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. കഴിഞ്ഞവർഷം അനുവദിക്കപ്പെട്ട സ്റ്റുഡൻറ് വിസകൾ മുൻവർഷത്തെ അപേക്ഷിച്ച് 23% കൂടുതലാണ്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം വിദ്യാർത്ഥികളാണ് പഠനത്തിനായി യുകെയിൽ എത്തിച്ചേർന്നത്. യുകെയിലെ സർവകലാശാലകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിൽ ഒന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നാണ്.
ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈടാക്കുന്ന ട്യൂഷൻ ഫീസ് ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളെക്കാൾ വളരെ കൂടുതലാണ്. ബിരുദ വിദ്യാർത്ഥികൾക്ക് ശരാശരി 22,000 പൗണ്ട് ആണ് ബ്രിട്ടീഷ് കൗൺസിൽ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ബിരുദാനന്തര വിദ്യാർത്ഥികൾ ഇതിലും കൂടുതൽ ഫീസുകൾ നൽകണം. കൂടുതൽ വിദ്യാർത്ഥികളെ ലഭിക്കുന്നതിന് ഏജന്റുമാർക്ക് നല്ലൊരു തുകയാണ് സർവ്വകലാശാലകൾ നൽകുന്നത്. 2000 പൗണ്ട് മുതൽ 8000 പൗണ്ട് വരെ ഒരു കുട്ടിയുടെ അഡ്മിഷൻ നൽകുമ്പോൾ ഏജന്റിന്റെ കമ്മീഷൻ ഇനത്തിൽ ലഭിക്കും. ലണ്ടൻ സർവ്വകലാശാല ഒരു വിദ്യാർത്ഥിക്ക് 8235 പൗണ്ട് വരെ ഏജന്റിന് നൽകിയത്. പലപ്പോഴും ഏജന്റുമാരുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി അനുസരിച്ച് ആണോ എന്നതിനെക്കുറിച്ച് ആരും പരിഗണിക്കുന്നില്ല എന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്റ്റുഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കിഷോർ ദത്തു പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോലിയും ഷമിയുമൊക്കെ ചേർന്ന് ഏകദിന കപ്പ് വാനിലേക്കുയർത്തുന്നത് കാണാൻ മോഹിച്ച ജനസാഗരത്തിന് നിരാശ. അഹമ്മദബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കണ്ണീർ. ഏകദിന ലോകകപ്പിലെ ആറാം തമ്പുരാക്കന്മാരായി ഓസീസ് നെഞ്ചുംവിരിച്ചുനിന്നു. ലോകകപ്പിൽ ഉടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്ക് കപ്പിൽ മുത്തമിടാൻ ഇനിയും വർഷങ്ങളുടെ കാത്തിരിപ്പ്. ആറാം ലോകകപ്പുമായി കങ്കാരുക്കള് മടങ്ങുമ്പോൾ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിൽ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽ കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ന് 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. 47 റൺസിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും ഓസീസിനെ വിജയതീരത്തടുപ്പിച്ചത്.
പിടിച്ചുനിൽക്കാനാവാതെ ഇന്ത്യ
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രാഹുലിന്റെയും കോലിയുടെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 30 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ കൂട്ടിച്ചേർത്തത്. ഏഴു പന്തിൽ നാലു റൺസ് മാത്രമെടുത്ത ശുഭ് മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. രോഹിത് ശർമയും വിരാട് കോലിയും കൈകോർത്തെങ്കിലും മികച്ച പാർട്ട്ണർഷിപ്പ് ഉണ്ടാക്കാൻ സാധിച്ചില്ല. 31 പന്തുകളിൽ 47 റൺസാണ് രോഹിത് ശർമ നേടിയത്. സ്കോർ 76 ൽ നിൽക്കെ രോഹിത്തിനെ ഗ്ലെൻ മാക്സ്വെൽ പുറത്താക്കി. കോലി 56 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. ടീമിന്റെയാകെ ഉത്തരവാദിത്തം ചുമലിലേറ്റിയ രാഹുൽ 86 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. പക്ഷേ രാഹുലിന് പിന്തുണ ലഭിച്ചില്ല. 107 പന്തിൽ 66 റൺസാണ് രാഹുലിന്റെ സമ്പാദ്യം. ആദ്യ 94 പന്തുകളിൽ 100 പിന്നിട്ട ഇന്ത്യ 40.5 ഓവറുകളിലാണ് 200ലെത്തിയത്. സ്റ്റാർക്കിന്റെ റിവേഴ്സ് സ്വിങാണ് ഇന്ത്യയുടെ വേരറുത്തത്.
ആദ്യം പ്രതീക്ഷ, പിന്നീട് നിരാശ
മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണർ (മൂന്ന് പന്തിൽ ഏഴ്), മിച്ചൽ മാർഷ് (15 പന്തിൽ 15), സ്റ്റീവ് സ്മിത്ത് (ഒൻപതു പന്തിൽ നാല്) എന്നിവരെ പുറത്താക്കി ഇന്ത്യ വിജയപ്രതീക്ഷ നൽകിയെങ്കിലും ഹെഡിന്റെയും ലബുഷെയ്ന്റെയും തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യൻ സ്വപ്നങ്ങളെ അടിച്ചുപറത്തി.
മികവോടെ ഇന്ത്യ
കപ്പില്ലെങ്കിലും ആരാധകമനസ്സിൽ നിറയെ ഇന്ത്യയുടെ ഗംഭീരപോരാട്ടങ്ങളാണ്. ഒരുടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിച്ച ടൂർണമെന്റായിരുന്നു ഇത്. തകർത്തടിച്ചുതുടങ്ങുന്ന രോഹിതും പ്രായത്തെ വെല്ലുന്ന ക്ലാസിക് ഷോട്ടുകളുമായി ഗില്ലും ഒരറ്റത്ത് നിലയുറപ്പിക്കുന്ന കോലിയും കൂട്ടുകെട്ട് പടുത്തുയർത്തുന്ന രാഹുലും മികച്ച ഫോം തുടർന്ന അയ്യരും ബോളിങ്ങിൽ അതിഗംഭീര പ്രകടനവുമായി സീം ത്രയങ്ങളായ ബുംമ്രയും ഷമിയും സിറാജും സ്പിൻ മാന്ത്രികതയിൽ കുൽദീപും ജഡേജയും. ഇങ്ങനെ എല്ലാവരും ചേരുന്നതാണ് ഇന്ത്യ. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഓസ്ട്രേലിയ തന്നെ. എന്നാൽ ഇന്ത്യയ്ക്ക് തലയുയർത്തി മടങ്ങാം. അടുത്ത പോരാട്ടങ്ങൾക്കായി കച്ചമുറുക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പഴക്കമേറും തോറും മദ്യത്തിന് വീര്യവും ഗുണവും വിലയും വർദ്ധിക്കും. ശനിയാഴ്ച ലണ്ടനിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിൽ ഒരു കുപ്പി മക്കാലൻ അദാമി വിസ്കി ലേലത്തിൽ വിറ്റു പോയത് 2.1 മില്യൺ പൗണ്ടിനാണ്. ഏകദേശം നൂറ് വർഷം പഴക്കമുള്ള മദ്യമാണിത്. 1926 ലാണ് ഇത് നിർമ്മിച്ചത്.
ഇതുവരെ ഒരു കുപ്പി വീഞ്ഞിനും മദ്യത്തിനും ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ തുകയ്ക്കാണ് ലേലം നടന്നത്. ശനിയാഴ്ച വിറ്റത് ഉൾപ്പെടെയുള്ള 12 കുപ്പിയുടെ ലേബൽ രൂപകൽപ്പന ചെയ്തത് പ്രശസ്ത ഇറ്റാലിയൻ കലാകാരനായ വലേരിയോ അദാമി ആണ് . നേരത്തെ മക്കാലൻ അദാമിയുടെ തന്നെ 1.5 മില്യൺ പൗണ്ടിന് വിറ്റ് പോയ മദ്യത്തിന്റെ പേരിലായിരുന്നു ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ നടന്ന ലേലത്തിൽ ആ പഴയ റെക്കോർഡ് ആണ് തിരുത്തപ്പെട്ടത്. 1926 – ൽ നിർമ്മിച്ച വിസ്കി 1980 ലാണ് കുപ്പികളിലാക്കിയത്. 2 മില്യൺ പൗണ്ടിന്റെ വിസ്കി റിച്ച് ഡാർക്ക് ഫ്രൂട്ട്സ് എന്നിവ അടങ്ങിയതും വിശിഷ്ടമായ രുചിയുള്ളതുമായിരിക്കുമെന്നും മക്കാലൻ മാസ്റ്റർ വിസ്‌കി നിർമ്മാതാവ് കിർസ്റ്റീൻ കാംബെൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.
എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.
എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.
യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.
അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.
ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ കുറഞ്ഞ വാർഷിക ശമ്പളം 30,000 പൗണ്ട് ആക്കാൻ നീക്കം. ഇതിന് പിന്നാലെ സർക്കാരിൻെറ പുതിയ തീരുമാനത്തെ സംബന്ധിച്ച് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്ത് വന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത മന്ത്രി നിയമപരമായ കുടിയേറ്റത്തിന് മേലും പുതിയ നടപടികൾ ബാധിക്കുമെന്ന സൂചന നൽകി.
ഉയര്‍ന്ന ശമ്പള പരിധി കൂടാതെ വിദേശ എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. റെക്കോര്‍ഡ് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിൻെറ ഭാഗമായി വിദേശ എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാർ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യത ഉണ്ട്. നവംബര്‍ അവസാനത്തോടെ പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരും. 2019ൽ കൺസർവേറ്റീവ് പാർട്ടി പ്രകടനപത്രികയില്‍ കുടിയേറ്റം കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2019 നേക്കാൾ കണക്കുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിയമപരമായ കുടിയേറ്റം ഉയര്‍ന്ന നിലയിലാണെന്നും ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു. ബ്രക്സിറ്റിന് ശേഷം കുടിയേറ്റം നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ ഇതുവരെയും വിനിയോഗിച്ചിട്ടില്ല. കുടിയേറ്റം സാമ്പത്തിക മേഖലയ്ക്ക് അനിവാര്യമാണെന്ന വാദങ്ങളെ റോബര്‍ട്ട് ജെന്റിക്ക് തള്ളിക്കളഞ്ഞു. നിലവില്‍ യുകെയിലേക്ക് കുടിയേറാന്‍ കുറഞ്ഞ വാർഷിക ശമ്പളം 26,200 ആണ്. ഇത് 40,000 പൗണ്ടിലേക്ക് ഉയര്‍ത്താനാണ് മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പദ്ധതിയിട്ടിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രാഡ് ഫോർഡിലെ പാക്കിസ്ഥാൻ വംശജരുടെ ഇടയിൽ നിലനിന്നിരുന്ന അടുത്ത ബന്ധുക്കൾ തമ്മിലുള്ള കല്യാണങ്ങൾ കുറഞ്ഞതായുള്ള പഠനം പുറത്തുവന്നു. ബന്ധുവിനെ കല്യാണം കഴിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറഞ്ഞതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആളുകൾ കൂടുതൽ വിദ്യാസമ്പന്നരായതും ഇമിഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റവും ആണ് ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പത്ത് വർഷം മുമ്പ് ബ്രാഡ്ഫോർഡിലെ 30,000 ത്തിലധികം ആളുകളുടെ ആരോഗ്യം പഠിക്കുന്ന ഗവേഷകർ പാക്കിസ്ഥാൻ സമൂഹത്തിലെ 60% കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഫസ്റ്റ് കസിൻസോ , സെക്കൻഡ് കസിൻസോ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നിലവിൽ ഇത് 46% ആയതായാണ് ഗവേഷണം സൂചിപ്പിക്കുന്നത്. കസിൻസ് തമ്മിലുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ജനന വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ ഫലങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെയുള്ള വിവാഹങ്ങളിൽ ജനിക്കുന്ന 6 % കുട്ടികൾക്ക് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
2021 -ലെ സെൻസസ് പ്രകാരം ബ്രാഡ്ഫോർഡിലെ ജനസംഖ്യയുടെ 25% പാകിസ്ഥാൻ വംശജരാണ്. ഇതിൽ ഭൂരിപക്ഷം പേരും യുകെയിലെത്തിയത് പാക്ക് അധീന കാശ്മീരിൽ നിന്നാണ്. പാക്ക് അധീന കാശ്മീരിൽ കസിൻസ് വിവാഹങ്ങൾ വ്യാപകമാണ്. യുകെയിലെ പുതുതലമുറ പാക്ക് വംശജർ കസിൻസ് മാര്യേജുകളെ ഇഷ്ടപ്പെടുന്നില്ലെന്ന് ഒരു യുവതി വെളിപ്പെടുത്തി. ഇങ്ങനെയുള്ള കല്യാണങ്ങൾ ഒഴിവാക്കാനായി തങ്ങളുടെ തലമുറ നന്നായി പോരാടിയതായി മറ്റൊരാൾ പറഞ്ഞു. ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങളെക്കുറിച്ച് അവബോധം വർദ്ധിച്ചതും ഉയർന്ന വിദ്യാഭ്യാസം ലഭിച്ചതുമാണ് യുവജനങ്ങൾ ഇങ്ങനെയുള്ള വിവാഹത്തിൽ നിന്ന് പിൻവാങ്ങാനുള്ള പ്രധാന കാരണങ്ങൾ എന്ന് ഇവരുടെ ഇടയിൽ ഗവേഷണം നടത്തുന്ന പ്രൊഫ . നീൽ സ്മോൾ പറഞ്ഞു.
ഷിബു മാത്യു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം സ്കൻതോർപ്പ് ഫെഡറിക് സ്കൂളിൽ അരങ്ങേറി. 12 റീജിയണുകളിലെ മത്സര വിജയികളാണ് രൂപതയുടെ ബൈബിൾ കലോത്സവത്തിന് എത്തിച്ചേർന്നത്. 12 വേദികളിലായി നടന്ന മത്സരത്തിൽ 1500 ഓളം പ്രതിഭകളാണ് പങ്കെടുത്തത്. ദൈവകാരണത്തിന്റെ വലിയ സാക്ഷ്യമാണ് ഇത്രയും രൂപതാംഗങ്ങൾ ബൈബിൾ കലോത്സവത്തിന്റെ കുടക്കീഴിൽ ഒത്തുചേർന്നത് എന്ന് ബൈബിൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുകെയിൽ എത്തിച്ചേർന്ന സീറോ മലബാർ സഭാംഗങ്ങളാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ ഉള്ളത്. അതുകൊണ്ടുതന്നെ ബൈബിൾ കലോത്സവം കാസർകോഡ് മുതൽ കന്യാകുമാരി വരെയുള്ള കേരളത്തിൻറെ പ്രാതിനിധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ കുട്ടികളെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകാനും പങ്കെടുപ്പിക്കാനും മാതാപിതാക്കളും വിവിധ ഇടവക തലത്തിലും റീജിയണൽ തലത്തിലുമുള്ള കോ- ഓർഡിനേറ്റേഴ്സും എടുക്കുന്ന ആത്മാർത്ഥമായ സമീപനം കാരണം എല്ലാ മത്സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കലോത്സവം അറിയപ്പെടുന്നത്.
വികാരി ജനറലമാരായ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ ഫാ.ഡോ മാത്യു പിണക്കാട് ,ഫിനാൻസ് ഓഫിസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട് രൂപതയിലെ വിവിധ റീജനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവരുടെ വിവിധ കമ്മറ്റികളാണ് കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ബേണില്‍ താമസിക്കുന്ന എലിസബത്ത് മാണി (26) വിടവാങ്ങി. യുകെയിൽ എത്തി ആറ് മാസം മാത്രം ആയിരിക്കെയാണ് എലിസബത്തിൻെറ മരണം. രണ്ടാഴ്ച മുൻപ് എലിസബത്തിന് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിനുശേഷം അവശതകൾ കാണിച്ച എലിസബത്ത് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനു പിന്നാലെ ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തില്‍ ആണെന്ന് തിരിച്ചറിയുന്നത്.
രോഗം അതിൻെറ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഭര്‍ത്താവ് റോഫി ഗണരാജ് നേഴ്‌സാണ്. എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
എലിസബത്ത് മാണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യ ഓസ്ട്രേലിയ കലാശപോരാട്ടത്തിന് കളമൊരുങ്ങി കഴിഞ്ഞു. ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. ഏകദിനത്തിലെ രാജാവാകുന്നത് ആര്? ഈ ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയോ? അതോ ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ കപ്പ് ഉയർത്തിയിട്ടുള്ള ഓസീസോ.. ന്യൂസ് ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആ മത്സരത്തിന് മുമ്പ്, അനുവാദം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ പിച്ച് പരിശോധിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഐസിസിയുടെ അനുവാദമില്ലാതെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരം പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണം ഡെയ്‌ലി മെയ്ല്‍ ആണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം മുംബൈയിലെ പിച്ചില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരിശോധന നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഐസിസിയുടെ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പിച്ച് തയ്യാറാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവരുടെ അറിവോടെയായിരിക്കണം. എന്നാല്‍ ബിസിസി ഐയുടെ ഇടപെടല്‍ മൂലം ഐസിസിയെ അറിയിക്കാതെ പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബിസിസി ഐ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ‘വേദിയില്‍ ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ വേദികളും അങ്ങനെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിസിസി ഐയുടെ പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്.
ആതിഥേയ രാജ്യം സ്ലോ പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്’- ബിസിസി ഐ വൃത്തം പറഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആധിപത്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ ക്യൂറേറ്ററോട് ആവശ്യപ്പെട്ടെന്നാണ് വിവാദം ഉയർന്നത്. എന്നാൽ വിവാദങ്ങളെ എല്ലാം കാറ്റിൽപറത്തിയാണ് ഇന്ത്യ മാസ്മരിക ജയം നേടിയത്. ഇനി അവസാന യുദ്ധത്തിനായുള്ള പെരുമ്പറ മുഴക്കം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹമാസിനെ പിന്തുണച്ച് പ്രസംഗം നടത്തിയ വിദ്യാർത്ഥി യൂണിയൻ വനിതാ ഓഫീസർക്ക് യുകെ വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ വിചാരണ നേരിടുന്നതു വരെയാണ് വിലക്ക്. അതുവരെ 22 വയസ്സുകാരിയായ ഹനിൻ ബർഗൂത്തി എല്ലാദിവസവും അവളുടെ വിലാസത്തിൽ തന്നെയായിരിക്കണം താമസിക്കുന്നത് എന്ന കർശന നിർദേശമാണ് പോലീസിന്റെ ഭാഗത്തുനിന്നും നൽകിയിരിക്കുന്നത്.
കഴിഞ്ഞദിവസം വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിൽ ബർഗൂത്തി പോലീസിന്റെ ആരോപണങ്ങൾ നിരസിച്ചിരുന്നു . എന്നാൽ അവളുടെ വാദങ്ങളെ തള്ളിയ കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്താരാഷ്ട്ര യാത്രകൾക്കായി ശ്രമിക്കരുത് , പോലീസിൽ നൽകിയിരിക്കുന്ന മൊബൈൽ ഫോൺ അല്ലാതെ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് ജാമ്യം അനുവദിക്കുന്നതിനുള്ള പ്രധാന ഉപാധികൾ .
ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാകുന്നതു വരെയാണ് വ്യവസ്ഥകളോടെ ചീഫ് മജിസ്ട്രേറ്റ് പോൾ ഗോൾഡ്‌സ്‌പ്രിംഗ് ജാമ്യം അനുവദിച്ചത്. ഹനിൻ ബർഗൂത്തി ക്രിമിനൽ ആണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഒന്നും എടുക്കുന്നില്ലെങ്കിലും വിശദമായ വാദം കോടതി കേട്ടതിനു ശേഷം തുടർനടപടികൾ വ്യക്തമാക്കുമെന്നാണ് ജഡ്ജി അവളോട് പറഞ്ഞത്. ഇസ്രയേൽ – ഹമാസ് സംഘർഷം യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. പാലസ്തീൻ അനുകൂല റാലിയിൽ കഴിഞ്ഞ ആഴ്ച മൂന്നുലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേൽ വെടി നിർത്തണമെന്ന് ആവശ്യപ്പെടുന്ന കാര്യത്തിൽ എംപിമാരുടെ ഇടയിൽ തന്നെ രണ്ടു പക്ഷമുണ്ട്. ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ഇസ്രയേൽ അനുകൂല നിലപാടിനോട് കടുത്ത എതിർപ്പാണ് സ്വന്തം പാർട്ടിയിൽ നിന്നും ഉയർന്നുവന്നിരിക്കുന്നത്.