ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ 24 ശതമാനത്തിലേറെ യൂട്യൂബേഴ്സ് ഉൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റഴ്സ് നികുതി അടയ്ക്കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പുതിയ നീക്കവുമായി എച്ച്എംആർസി. ഇത്തരക്കാരിൽ നിന്ന് ഇനി പിഴ ചുമത്തുമെന്ന് എച്ച്എം റെവെന്യു ആൻഡ് കസ്റ്റംസ് വ്യക്തമാക്കി. യുകെയിലെ കണ്ടന്റ് ക്രിയേറ്റർമാരിൽ നാലിൽ ഒരാൾ അണ്ടർഗ്രൗണ്ട് ഇക്കോണമിയുടെ ഭാഗമായാണ് അവകാശപ്പെടുന്നത്. ഇത്തരക്കാർക്ക് നികുതിയിൽ നിന്ന് ഇളവ് ഹിസ് മജസ്റ്റിസ് റവന്യൂ ആൻഡ് കസ്റ്റംസ് നൽകുന്നുണ്ട്.
ഏകദേശം രണ്ടായിരം കണ്ടന്റ് ക്രിയേറ്റേഴ്സിനെ വച്ച് ക്വിർക്കി ഡിജിറ്റൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 24% പേർ തങ്ങൾ നികുതി അടയ്ക്കുന്നില്ല എന്ന് സമ്മതിച്ചിരുന്നു. ഇത്തരക്കാർ അറിയാതെ ആണെകിലും നികുതി വെട്ടിക്കാൻ ശ്രമിക്കുന്ന വലിയൊരു സംഘത്തിൻെറ ഭാഗമാകുകയാണ്. ഇവ കനത്ത പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പല കണ്ടന്റ് ക്രിയേറ്റേഴ്സിനും നികുതിയെ കുറിച്ചും മറ്റും വലിയ ധാരണ ഇല്ലാത്തതും നികുതി വെട്ടിക്കലിന് ഒരു കാരണമാണ്.
നികുതി വെട്ടിപ്പിനെതിരെ എച്ച്എംആർസി കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ, നിങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആണെങ്കിൽ ഒരു ടാക്സ് പ്രൊഫഷണലിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഇത്തരത്തിൽ പ്രതിവർഷം കോടിക്കണക്കിന് നികുതി വരുമാനം നഷ്ടപ്പെടുന്നുണ്ടെന്ന് എച്ച്എംആർസി പറയുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവധിയ്ക്കായി നാട്ടിലെത്തിയ യുകെ മലയാളിയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. മുപ്പത്തഞ്ചുകാരനായ രഞ്ജിത്ത് ജോസഫാണ് മരണമടഞ്ഞത്. കാണക്കാരി സ്വദേശിയാണ് രഞ്ജിത്ത്. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റും മറ്റൊരു പള്‍സര്‍ ബൈക്കും തമ്മിൽ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റില്‍ തലയിടിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു.
ബൈക്കിലുണ്ടായിരുന്ന ആളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുകെയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഭാര്യ റിയ യുകെയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ്. ഏക മകള്‍ : ഇസബെല്ല. സംസ്‌കാരം നാളെ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടക്കും.
രഞ്ജിത്ത് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പതിനെട്ട് മാസത്തിലേറെയായി ജോലി കണ്ടെത്താനാവാത്ത ആനുകൂല്യ ക്ലെയിമുകൾ ലഭിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ സർക്കാർ നടപടി. അടുത്ത വർഷ അവസാനത്തോടെ ആയിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഇത് നിരസിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഒരു കാലയളവിലേയ്ക്ക് വരെ തടയുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള ഒരു നടപടി ജനങ്ങളുടെ മാനസികാരോഗ്യം വഷളാക്കുമെന്ന് ചാരിറ്റി മൈൻഡ് പറഞ്ഞു.
ആളുകളെ ജോലിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതി പാർലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പദ്ധതി പ്രകാരം സ്റ്റാൻഡേർഡ് യൂണിവേഴ്സൽ ക്രെഡിറ്റ് അലവൻസിന് മാത്രം അർഹതയുള്ളവർ,ആറ് മാസത്തിന് ശേഷം അവർക്ക് വാഗ്ദാനം ചെയ്യുന്ന ജോലി സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അവരുടെ ക്ലെയിമുകൾ താത്കാലികമായി നിർത്തലാക്കും.
ഇത്തരക്കാർക്ക് ആനുകൂല്യം ലഭിക്കുന്നത് തുടരണമെങ്കിൽ വീണ്ടും അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. ഇത് കൂടാതെ സൗജന്യ പ്രിസ്ക്രിപ്ഷൻ, നിയമ സഹായം എന്നിവയ്ക്കുള്ള അവസരവും നഷ്ടമാകും. ട്രഷറിയുടെ കണക്കനുസരിച്ച്, പകർച്ചവ്യാധിക്ക് ശേഷം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജോലി ചെയ്യാത്തതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 300,000 പേരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തത്തിന്റെ കണ്ണുനീർ വറ്റുന്നില്ല. പടക്കം പൊട്ടി വീടിന് തീപിടിച്ച സംഭവത്തിൽ മരണസംഖ്യ ആറായി ഉയർന്നു.ആരോൻ കിഷനും ഭാര്യ സീമയും അവരുടെ 3 മക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനാണ് ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടയിൽ തീപിടിച്ച് വൻ ദുരന്തത്തിന് കാരണമായി മാറിയത് . ലണ്ടനിലെ ഹൌൺസ്ലോയിലെ ചാനൽ ക്ലോസിലായിരുന്നു ഇവരുടെ വീട് .
ആരോൻ കിഷന്റെ ഭാര്യയും മക്കളായ റിയാൻ, ഷാനയ, ആരോഹി എന്നിവരും മറ്റൊരു മുതിർന്നയാളും ഞായറാഴ്ച അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 6 – മത് ഒരാളുടെ മൃതദേഹവും കൂടി സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതായിട്ട് ഇപ്പോൾ മെറ്റ് പോലീസ് അറിയിച്ചിരിക്കുന്നു. ആരോൻ കിഷൻ ആശുപത്രിയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദ്യമായാണ് ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ യുകെയിൽ മനുഷ്യ ജീവന് ഹാനി വരുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്.
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോൾവർ ഹാംപ്ടണിൽ 19 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 12 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു. ഷോൺ സീസഹായ്ക്ക് എന്ന പേരുകാരനായ വ്യക്തിയാണ് ഈസ്റ്റ് പാർക്കിലെ ലാബർണം റോഡിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലേയ്ക്ക് ആംബുലൻസ് എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണമടഞ്ഞിരുന്നു.
നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത രണ്ട് ആൺകുട്ടികൾക്ക് എതിരെ ഷോൺ സീസാഹായുടെ കൊലപാതകത്തിനും കത്തികൾ കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന ഈസ്റ്റ് പാർക്കിൽ പോലീസ് പട്രോളിങ് തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുകെയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. മുൻ മാസത്തെ 6.7% ൽ നിന്ന് ഒക്ടോബറിൽ 4.6% ആയി കുറഞ്ഞു. കുറഞ്ഞ ഊർജ്ജ വിലയാണ് പ്രധാന കാരണം. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രതിജ്ഞ നേരത്തെ നടപ്പാക്കിയതായി സർക്കാർ പറയുന്നു. 2022 ഒക്ടോബറിൽ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയായ 11.1 ശതമാനത്തിൽ എത്തിയിരുന്നു. വിലക്കയറ്റം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി.
പലിശ നിരക്കുകൾ നിലവിൽ 5.25% ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മോർട്ട്ഗേജ് ചെലവുകൾ വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ഒക്ടോബറിൽ വിലക്കയറ്റം മന്ദഗതിയിലായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒഎൻഎസ്) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഊർജ്ജ ചെലവിലെ കുത്തനെയുള്ള വർധനയെ തുടർന്ന് ഈ വർഷം ഊർജ്ജ വില പരിധിയിൽ ചെറിയ കുറവുണ്ടായി.
ജീവിത ചെലവ് ലഘൂകരിക്കുന്നതിലേയ്ക്കാണ് സൂചനകൾ വിരൽ ചൂണ്ടുന്നതെങ്കിലും ഊർജ ബില്ലുകളുടെ കാര്യത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും, ബില്ലുകൾക്കുള്ള സർക്കാർ പിന്തുണ ഇപ്പോൾ നിലവിലില്ലാത്തതിനാൽ മിക്ക വീടുകളും ഈ ശൈത്യകാലത്ത് കഴിഞ്ഞതിനേക്കാൾ കൂടുതൽ ഊർജത്തിനായി പണം നൽകും. ഊർജത്തിന്റെയും ഭക്ഷണത്തിന്റെയും വില രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മുകളിലാണെന്ന് ഒഎൻഎസ് പറഞ്ഞു. അടുത്ത ആഴ്‌ച അവതരിപ്പിക്കുന്ന അടുത്ത വർഷത്തേക്കുള്ള ഊർജ്ജ വില പരിധി, ഊർജ്ജ വില വീണ്ടും ഉയരുമെന്ന സൂചന നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് ഗൃഹ സന്ദർശനത്തിന് എത്തിയ നേഴ്സിനെ തടഞ്ഞുവച്ച് ബലാൽസംഗം ചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ തന്റെ ഭവനത്തിൽ സന്ദർശനത്തിന് എത്തിയ നേഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്കെത്തിയതായിരുന്നു നേഴ്സ്.
ഫോണിലൂടെ തികച്ചും കഠിനമായ രീതിയിൽ തന്നെ ബ്രിഡ്ജർ സംസാരിച്ചിട്ടും , ജോലിയുടെ ഭാഗമായാണ് നേഴ്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം നേഴ്സിനെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതി വാദം കേട്ടു.
താൻ അവിടെവച്ച് മരിച്ചു പോകുമെന്ന് പോലും നേഴ്സ് ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നേഴ്സ് മാനസികാരോഗ്യവുമായി മല്ലിടുകയും സഹപ്രവർത്തകരുടെ മുന്നിൽ നിരന്തരം പൊട്ടിത്തെറിക്കുകയും ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ – ഗാസ യുദ്ധത്തിലെ നിലപാടുകളെ ചൊല്ലി സർ കെയർ സ്റ്റാർമർ പാർട്ടിയിൽ വൻ കലാപമാണ് നേരിടുന്നത്. ലേബർ പാർട്ടിയിലെ 56 എംപിമാർ ഉടനടി വെടിനിർത്തൽ വേണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതുകൂടാതെ ജെസ് ഫിലിപ്പ്, അഫ്സൽ ഖാൻ, യാസ്മിൻ ഖുറേഷി എന്നീ ഷാഡോ മിനിസ്റ്റേഴ്സ് പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ ചുമതലകൾ രാജിവച്ചത് കെയർ സ്റ്റാർമറിന്റെ നിലപാടുകൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി.
8 നിഴൽ മന്ത്രിമാർ ഉൾപ്പെടെ 10 മുൻനിര അംഗങ്ങളാണ് തങ്ങളുടെ എതിർ നിലപാടുകളുടെ പേരിൽ സ്ഥാനങ്ങൾ ഉപേക്ഷിച്ചത്. പാർട്ടിയിലെ നല്ലൊരു ശതമാനം ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരാണ്. വെടി നിർത്തൽ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന എംപിമാരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് വോട്ടെടുപ്പിന് മുൻപ് കെയർ സ്റ്റാർമർ സൂചന നൽകിയിരുന്നു. മുൻപ് പറഞ്ഞ എംപിമാരെ കൂടാതെ മറ്റ് മുൻനിര അംഗങ്ങളായ സാറാ ഓവൻ, റേച്ചൽ ഹോപ്കിൻസ്, നാസ് ഷാ, ആൻഡി സ്ലോട്ടർ എന്നിവരും പ്രമേയത്തിന് വോട്ട് ചെയ്തതിനുശേഷം തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.
ഷാഡോ ക്യാബിനറ്റിൽ ലേബർ പാർട്ടിയുടെ 29 എം പി മാരാണുള്ളത്. പാർട്ടിയുടെ 198 എംപിമാരിൽ പകുതിയോളം പേർ പാർട്ടി വിപ്പുകൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള മുൻനിര സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. വെടിനിർത്തൽ ഉചിതമല്ലെന്നാണ് സർ കെയർ സ്റ്റാർമർ വാദിക്കുന്നത്. ഇത് ഹമാസിന് കൂടുതൽ ശക്തി സംഭരിക്കാൻ അവസരം നൽകുമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കഴിഞ്ഞ വാരാന്ത്യത്തിൽ 300,000 ജനങ്ങളാണ് വെടി നിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള റാലിയിൽ പങ്കെടുത്തത്. ഇത് യുദ്ധം ആരംഭിച്ചതിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ റാലിയാണ്.
20040 ഓടെ ഇംഗ്ലണ്ടിൽ സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തുടച്ചുനീക്കാനുള്ള നടപടികളുമായി എൻഎച്ച്എസ്. 99% സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമർ പാപ്പിലോമ വൈറസിനെ (എച്ച് പി വി ) ഇല്ലാതാക്കാനുള്ള പദ്ധതിയുമായാണ് എൻഎച്ച് എസ് മുന്നോട്ട് നീങ്ങുന്നത്. എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്‍റെ വാർഷിക സമ്മേളനത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് ആണ് അവതരിപ്പിച്ചത് .
ഇംഗ്ലണ്ടിൽ പ്രതിവർഷം 2700 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം കണ്ടെത്തുന്നത്. സെർവിക്കൽ ക്യാൻസർ വരുന്നത് പ്രതിരോധിക്കുന്നതിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനാകും. സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുന്നത് എൻഎച്ച്എസിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടമായിരിക്കുമെന്ന് അമൻഡ പ്രിച്ചാർഡ് പറഞ്ഞു . എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാമും സെർവിക്കൽ സ്ക്രീനിങ് പ്രോഗ്രാമും ഫലപ്രദമായി സംയോജിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് എൻഎച്ച്എസ് പദ്ധതി ഇട്ടിരിക്കുന്നത് .
എൻഎച്ച്എസ് അടുത്തിടെ എച്ച് പി വി വാക്സിനേഷൻ രണ്ടിനു പകരം ഒറ്റ ഡോസ് ആയി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇത് ഇപ്പോൾ സ്കൂളുകളിൽ ഇയർ 8 – ൽ പഠിക്കുന്ന 12 അല്ലെങ്കിൽ 13 വയസ്സുള്ള പെൺകുട്ടികൾക്കാണ് നൽകുന്നത്. അർഹതപ്പെട്ടവർക്ക് അവരുടെ 25 വയസ്സ് വരെ വാക്സിനേഷൻ എടുക്കാൻ സാധിക്കും. എച്ച് പി വി വാക്സിൻ എടുക്കുന്നതിനും സ്ക്രീനിംഗ് ടെസ്റ്റുകൾക്കുമായി ആളുകൾ മുന്നോട്ടു വരണമെന്ന് എൻഎച്ച്എസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെർവിക്കൽ ക്യാൻസർ പലപ്പോഴും രോഗത്തിൻറെ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ എൻഎച്ച്എസ് പരിശോധനകൾക്കായി ക്ഷണിക്കുമ്പോൾ പങ്കെടുക്കുന്നത് വളരെ സുപ്രധാനമാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസറിനായുള്ള ദേശീയ ക്ലിനിക്കിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹോം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ഒരു ദിവസത്തിന് ശേഷം ഋഷി സുനകിനെതിരെ ആരോപണങ്ങളുമായി സുവല്ല ബ്രാവർമാൻ. പ്രധാന നയങ്ങളിലും കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സുനക് ആവർത്തിച്ച് പരാജയപ്പെട്ടുവെന്ന് സുനക്കിനയച്ച കത്തിൽ സുവല്ല പറയുന്നു. ഗവൺമെന്റിന്റെ റുവാണ്ട പദ്ധതിയെക്കുറിച്ചുള്ള ഒരു പ്രധാന വിധിയുടെ തലേദിവസമാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. റുവാണ്ട പദ്ധതി അവതരിപ്പിക്കുന്നത് തന്റെ സ്വപ്നമാണെന്ന് ബ്രാവർമാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
ടോറി എംപിമാരുടെ പിന്തുണ നേടി പ്രധാനമന്ത്രിയാവാൻ സുനക്കിനെ അനുവദിക്കുന്നതിൽ തന്റെ പിന്തുണ ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സുവല്ല കത്തിൽ പറയുന്നു. നിയമപരമായ വെല്ലുവിളികളാൽ റുവാണ്ട നയം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ മനുഷ്യാവകാശ നിയമത്തിലെ നിയന്ത്രണങ്ങൾക്കായി താൻ സർക്കാരിനുള്ളിൽ വാദിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നയപരമായ മുൻഗണനകൾ നൽകുന്നതിൽ താൻ ആവർത്തിച്ച് പരാജയപ്പെട്ടുവെന്ന് സുവല്ല സുനക്കിനോട് അവളുടെ കത്തിൽ പറയുന്നുണ്ട്. “ആരെങ്കിലും സത്യസന്ധത പുലർത്തേണ്ടതുണ്ട്: നിങ്ങളുടെ പദ്ധതി പ്രവർത്തിക്കുന്നില്ല. നിങ്ങൾ അടിയന്തരമായി ഗതി മാറ്റേണ്ടതുണ്ട്.” സുവല്ല കത്തിൽ ആരോപിക്കുന്നു.