ന്യൂസ് ഡെസ്ക് മലയാളം യുകെ
പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിതവേഗത്തിൽ പാഞ്ഞ വാഹനം കൂട്ടിയിടിച്ച് M 25 -ൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് M 25 -ൽ ജംഗ്ഷൻ 22നും 25നും ഇടയിൽ വ്യാപകമായ ഗതാഗതകുരുക്കും ഉണ്ടായി.

ഞായറാഴ്ച രാവിലെ 4 മണിക്കാണ് അപകടം നടന്നത്. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട വാനിനെയാണ് പോലീസ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ജംഗ്ഷൻ 22 നും 25 നും ഇടയിൽ മോട്ടോർ വേയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരുന്നു. മോട്ടോർ വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.

വാനിനെ പോലീസ് പിന്തുടർന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് പോലീസ് പിൻവാങ്ങിയെന്നും സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസ് പറഞ്ഞു. പോലീസ് വാഹനങ്ങളൊന്നും കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ അപകടമാകുന്നതിന് പോലീസ് പിന്തുടർന്നത് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന് തങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് വാച്ച് ഡോഗ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി.ഇന്നലെ ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തിൽ വച്ച് നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് സാലിസ്ബറിയിലെ ഹോളി റെഡീമര് ചര്ച്ചില് ആണ് പൊതുദര്ശനവും പ്രാർത്ഥന ശുശ്രൂഷകളുംനടന്നത്. ഫാ . തോമസ് പരെകണ്ടത്തിൽ മുഖ്യ കാർമ്മികൻ ആയി അർപ്പിച്ച കുർബാനയ്ക്ക് ഫാ. ചാക്കോ പനത്തറ, ഫാ. സജി മാത്യു എന്നിവർ സഹ കാർമ്മികരായിരുന്നു .

സാലിസ്ബറിയിലെ ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ബീന വിന്നിയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് യുകെ മലയാളികൾ നൽകിയത്. നൂറുകണക്കിന് മലയാളികളാണ് പള്ളിയിൽ അന്ത്യ യാത്രാമൊഴിയേകാൻ എത്തിച്ചേർന്നത് .

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയിലെ സൗത്താംപ്ടണ് റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന് അംഗം ആണ്.സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്, പ്രോഗ്രാം കോ ഓര്ഡിനേറ്റര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. മതാധ്യാപിക എന്ന നിലയിൽ നല്ലൊരു ശിഷ്യഗണവും അവർക്ക് ഉണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ബീന ടീച്ചറിനെ അവസാന നോക്ക് കാണാൻ എത്തിച്ചേർന്നത്.
ഭർത്താവ് വിന്നി ജോണും മക്കളായ റോസ്മോൾ വിന്നിയും റിച്ചാർഡ് വിന്നിയും നിറകണ്ണുകളോടെ മലയാളി സമൂഹത്തിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. എല്ലാവർക്കും നന്ദി പറഞ്ഞും അമ്മയെ കുറിച്ച് ഹൃദയസ്പർശിയായി സംസാരിച്ചും റോസ് മോൾ വിന്നി നടത്തിയ അനുസ്മരണം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.

ബീന വിന്നിയുടെ മൃതസംസ്കാരം പിന്നീട് സ്വദേശമായ കോതമംഗലത്ത് വച്ച് നടക്കും.ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്തേൺ അയർലൻഡിൻ്റെ ആദ്യ നാഷണലിസ്റ്റ് ഫസ്റ്റ് മിനിസ്റ്റർ ആയി നിയമിതയായി സിൻ ഫെയ്നിൻ്റെ മിഷേൽ ഒ നീൽ. ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടിയുടെ എമ്മ ലിറ്റിൽ-പെംഗല്ലിയെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററായി നിയമിച്ചു. ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര നിയമങ്ങളിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) ബഹിഷ്കരണം അവസാനിപ്പിച്ചതിനെ തുടർന്നാണ് അധികാരം പങ്കിടലിൻ്റെ ഈ തിരിച്ചുവരവ്.

നോർത്തേൺ അയർലൻഡിനും ഗ്രേറ്റ് ബ്രിട്ടനുമിടയിൽ പോകുന്ന ചരക്കുകളുടെ ബ്രെക്സിറ്റിനു ശേഷമുള്ള പരിശോധനകളെച്ചൊല്ലി ഡിയുപി രണ്ട് വർഷത്തേക്ക് സർക്കാരിനെ ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. ഗവൺമെൻ്റുമായി ഒരു പുതിയ കരാറുണ്ടാക്കിയതിന് പിന്നാലെയാണ് അധികാരം പങ്കിടുന്നതിലേയ്ക്ക് മടങ്ങാൻ പാർട്ടി സമ്മതിച്ചത്. നോർത്തേൺ അയർലണ്ടിലെ വികസിത ഗവൺമെൻ്റിന് യൂണിയനിസ്റ്റുകളുടെയും നാഷണലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെ മാത്രമേ ക്രോസ്-കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയൂ.

വെസ്റ്റ്മിൻസ്റ്ററിലെ കാബിനറ്റിന് സമാനമായി നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവ് ആണ് ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. മിഷേൽ ഒ നീൽ, ലിറ്റിൽ-പെംഗല്ലി കൂടാതെ നവോമി ലോംഗ് (അലയൻസ്), കോനോർ മർഫി (സിൻ ഫെയിൻ), പോൾ ഗിവൻ (ഡി.യു.പി), ഗോർഡൻ ലിയോൺസ് (ഡി.യു.പി), റോബിൻ സ്വാൻ, (അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി (യു.യു.പി)), ജോൺ ഒഡൗഡ് (സിൻ ഫെയിൻ), കയോംഹെ ആർക്കിബാൾഡ് (സിൻ ഫെയിൻ), ആൻഡ്രൂ മുയർ (അലയൻസ്) എന്നിവർ നീതിന്യായം, സാമ്പത്തികം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി, ആരോഗ്യം,ഇൻഫ്രാസ്ട്രക്ചർ, ധനകാര്യം, കൃഷി, പരിസ്ഥിതി, റൂറൽ അഫേഴ്സ് എന്നീ മേഖലകളിൽ ചുമതലയേറ്റു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതിയും പ്രതിയായ അബ്ദുൾ എസെദിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധത്തിലെ ആസ്വാരസ്യങ്ങളാണ് 31കാരിയായ അമ്മയെയും മൂന്നും എട്ടും വയസ്സുള്ള രണ്ടു പെൺമക്കളെയും ക്രൂരമായി ആസിഡ് കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആക്രമണത്തിൽ പ്രധാനമായും പരിക്കു പറ്റിയ സ്ത്രീ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീയും രണ്ടു മക്കളുമുൾപ്പെടെ മൊത്തം 12 പേർക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.

ഇതിനിടെ പ്രതി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുകയാണ്. പോലീസ് വ്യാപകമായി ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ആസിഡ് ആക്രമണത്തിന്റെ സമയത്ത് ഇയാളുടെ മുഖത്ത് കാര്യമായി പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിയുടെ പരിക്ക് ഗുരുതരമാണെന്നും അയാൾക്ക് വൈദ്യസഹായം ആവശ്യമാണെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ വച്ച് അകാലത്തിൽ വിടപറയുന്ന മലയാളികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒട്ടു മിക്കവരുടെയും മരണത്തിന് പിന്നിൽ ക്യാൻസറോ അതുമല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളോ ആയിരിക്കും . അതിൽ തന്നെ ഭൂരിപക്ഷത്തിന്റെയും മരണത്തിൽ വില്ലനായി എത്തുന്നത് ക്യാൻസർ തന്നെയാണ് . യുകെയിലെ ക്യാൻസർ അതിജീവനത്തിന്റെ പുരോഗതി 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ക്യാൻസർ റിസർച്ച് യുകെയുടെ റിപ്പോർട്ടുകൾ പ്രകാരം രോഗത്തെ നേരിടുന്നതിൽ ഓസ്ട്രേലിയ, കാനഡ, ഡെൻമാർക്ക്, നോർവ തുടങ്ങിയ രാജ്യങ്ങളെക്കാൾ യുകെ വളരെ പിന്നിലാണ്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കൂടുന്നതും ക്യാൻസർ അതിജീവനവുമായി ബന്ധമുണ്ടെന്ന വാദവും ശക്തമാണ്. നിരവധി പേരുടെയും രോഗം കണ്ടെത്തുന്നത് അവസാന ഘട്ടത്തിലാണ് . ക്യാൻസർ രോഗബാധിതരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഇംഗ്ലണ്ടിനായി ഒരു നാഷണൽ ക്യാൻസർ കൗൺസിൽ രൂപീകരിക്കണമെന്ന അഭിപ്രായമാണ് ക്യാൻസർ റിസർച്ച് യുകെ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശം. അതുപോലെതന്നെ രോഗപ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി 10 വർഷത്തേയ്ക്ക് ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നുമുള്ള അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

യുകെയിലെ ജനസംഖ്യയിലെ പ്രധാന മരണകാരണം ഇപ്പോഴും ക്യാൻസർ തന്നെയാണ് . 25 ശതമാനം മരണത്തിനു പിന്നിൽ ക്യാൻസർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 1970 -കളിൽ ക്യാൻസർ അതിജീവനത്തിൽ രാജ്യം വൻ പുരോഗതി കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ അതിജീവന നിരക്ക് കുറഞ്ഞു. ക്യാൻസർ രോഗികൾ ടെസ്റ്റുകൾക്കും ചികിത്സയ്ക്കുമായി നീണ്ട കാത്തിരിപ്പാണ് നേരിടുന്നതെന്നും അത് രോഗികളിൽ കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാകുന്നതായും ക്യാൻസർ റിസർച്ച് യുകെ ചീഫ് എക്സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു . ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ ആണ് ഏറ്റവും കൂടുതലായുള്ളത്. പുകവലിയാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് . യുകെയിൽ പ്രതിദിനം 150 ക്യാൻസർ കേസുകൾ ഉണ്ടാകുന്നതായാണ് കണക്കുകൾ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് കൗൺസിലിന്റെ അന്താരാഷ്ട്ര കൊളാബ്റേഷൻ ഗ്രാന്റുകൾ രണ്ടാം തവണയും ആരംഭിച്ചിരിക്കുകയാണ്. യുകെയിലെ കലാകാരന്മാർ, കലാ പ്രൊഫഷനലുകൾ, ഓർഗനൈസേഷനുകൾ എന്നിവയ്ക്ക് ലോകമെമ്പാടുമുള്ള അവരുടെ സുഹൃത്തുക്കളോട് ചേർന്ന് സാംസ്കാരിക സഹകരണം സൃഷ്ടിക്കുന്നതിനാണ് ഈ ഗ്രാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം ഒരു മില്യൻ പൗണ്ടാണ് ഈ പദ്ധതിക്കായി ബ്രിട്ടീഷ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിയാത്മകമായ കലാസൃഷ്ടികൾ വികസിപ്പിക്കുന്നതിനും, മറ്റു രാജ്യങ്ങളുമായുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനും, യുകെയിലെ കലാകാരന്മാർക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരിലേക്ക് വഴി തുറക്കുക എന്നതുമാണ് ഈ ഗ്രാന്റിന്റെ പ്രധാന ലക്ഷ്യം. അപേക്ഷകൾ യഥാർത്ഥ അന്തർദേശീയ സഹകരണം പ്രകടിപ്പിക്കുകയും, പങ്കെടുക്കുന്ന യുകെ കലാകാരന്മാർക്കും ഓർഗനൈസേഷനുകൾക്കും അവരുടെ അന്താരാഷ്ട്ര പങ്കാളികൾക്കും വ്യക്തമായ പ്രയോജനങ്ങൾ നൽകുകയും വേണമെന്ന് നിർദ്ദേശങ്ങളിൽ കർശനമായി വ്യക്തമാക്കുന്നുണ്ട്.

അപേക്ഷിക്കുന്ന പ്രോജക്ടുകൾക്ക് ഏത് വിഷയവും തെരഞ്ഞെടുക്കാം. എന്നാൽ പ്രോജക്ടുകൾ സാമൂഹിക നന്മയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുമെല്ലാം തന്നെ മുതൽക്കൂട്ട് ആകണമെന്ന ലക്ഷ്യമാണ് ഈ ഗ്രാന്റിനുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. ഇന്ത്യയിൽ നിന്നുള്ള ആർട്ടിസ്റ്റുകൾക്കും ഇതിൽ പങ്കെടുക്കാം ഇതിലെ മുഖ്യ ആകർഷണം. ഇന്ത്യയോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് ഇതിലേക്ക് അപേക്ഷകൾ അയക്കാനുള്ള അവസരമുണ്ട്. കലാരംഗത്ത് സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഈ ഗ്രാൻ്റുകൾ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായി ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ ഡയറക്ടർ അലിസൺ ബാരറ്റ് വ്യക്തമാക്കി. തങ്ങളുടെ ക്രിയാത്മകമായ ചിന്തകളെ ലോകത്തിനു മുൻപിൽ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുവർണ്ണ അവസരമാണ് ഇന്ത്യൻ കലാകാരന്മാർക്ക് ഈ ഗ്രാന്റ് അനുവദിക്കുന്നത്.
https://www.britishcouncil.org/arts/international-collaboration-grants എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന കാറുകൾ റേഞ്ച് റോവറുകളാണെന്ന വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ കമ്പനി മേധാവി എഡ്രിയൻ മാർഡൽ. ഇത്തരത്തിലുള്ള തെറ്റായ ഡാറ്റ കണക്കിലെടുത്ത് ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച ഇൻഷുറൻസ് കമ്പനികൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പ്രീമിയങ്ങളും മറ്റും സജ്ജീകരിക്കുമ്പോൾ എല്ലാ ഡാറ്റയും കണക്കിലെടുക്കുന്നതിൽ ഇൻഷുറൻസ് വ്യവസായം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം, ചില ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെത്തുടർന്ന് കമ്പനി സ്വന്തം ഇൻഷുറൻസ് ആരംഭിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കമ്പനി മേധാവി, സംഘടിത കുറ്റവാളികൾ നടത്തുന്ന വാഹന മോഷണം ബ്രിട്ടനിലെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും, എന്നാൽ തങ്ങളുടെ ബിസിനസിനെ മാത്രം അന്യായമായി വേർതിരിക്കുന്നതായും അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. റേഞ്ച് റോവർ വാഹനങ്ങളുടെ ഉയർന്ന മോഷണനിരക്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പഴയതോ അപൂർണ്ണമോ ആയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ റേഞ്ച് റോവറുകളെല്ലെന്നും, ഇത് സംബന്ധിച്ച് പ്രചരിച്ചിരിക്കുന്ന തെറ്റായ വിവരങ്ങളെല്ലാം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ ഉദ്ധരിച്ച് ബ്ലൂമ്ബർഗ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്ത വാർത്തയാണ് കമ്പനി മേധാവിയെ രോഷാകുലനാക്കിയത്. ഈ റിപ്പോർട്ടുകൾ പ്രകാരം 2023 മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ റേഞ്ച് റോവറുകൾ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. യുകെയിലെ 896,948 ലൈസൻസുള്ള റേഞ്ച് റോവറുകൾക്കിടയിൽ, 8,284 എണ്ണം ഈ കാലയളവിൽ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സമീപ വർഷങ്ങളിൽ ഇത്തരത്തിലുള്ള കാർ മോഷണങ്ങൾ കാർ നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള മോഷണങ്ങൾ മുഖ്യമായും ആഡംബര വാഹനങ്ങളുടെ ആവശ്യകതയെ സ്വാധീനിക്കാമെന്ന ആശങ്കയാണ് ജാഗ്വാർ കമ്പനി മേധാവിയുടെ പ്രതികരണത്തിന് പിന്നിലും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും രാജകുടുംബാംഗങ്ങൾ പോലും പലപ്പോഴും ഉപയോഗിക്കുന്ന റേഞ്ച് റോവറുകൾ വളരെയധികം ശ്രദ്ധ നേടിയ മോഡലുകളാണ്. കൂടുതൽ നൂതന മോഡൽ കാറുകൾക്ക് 40,080 പൗണ്ട് മുതൽ 200,000 പൗണ്ട് വരെ വിലവരും. ഏറ്റവും പുതിയ റേഞ്ച് റോവർ മോഡലിൽ, മൊത്തം വിറ്റ 12,800 വാഹനങ്ങളിൽ 11 വാഹനങ്ങൾ മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോഷ്ടിച്ച വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് തടയുന്നതിനുമായി പോലീസ് അധികാരികൾക്ക് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ധനസഹായം നൽകുന്നുണ്ടെന്ന് മാർഡെൽ പറഞ്ഞു. ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിയമവിരുദ്ധമാണെന്നും നിയമങ്ങളിൽ കൂടുതൽ മാറ്റം ഉണ്ടാകുന്നതിന് കമ്പനി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏപ്രിൽ മാസത്തിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബില്ലുകളിലെ വർദ്ധനവ് 6% ആയിരിക്കുമെന്നാണ് വാട്ടർ യുകെയുടെ നിഗമനം . പണപ്പെരുപ്പ തോതിനെക്കാൾ ഉയർന്ന തോതിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുന്നത് കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

ബില്ലുകളിൽ ശരാശരി 27 പൗണ്ട് മുതൽ 473 പൗണ്ട് വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇംഗ്ലണ്ടിനെയും വെയിൽസിനെയും അപേക്ഷിച്ച് സ്കോട്ട് ലൻഡിൽ 8.8 % വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏപ്രിലിൽ പ്രതീക്ഷിക്കുന്ന ശരാശരി പണപ്പെരുപ്പം 4 ശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വാട്ടർ ബില്ലുകളിലെ വർദ്ധനവ് വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വാട്ടർ ബില്ലുകളിൽ വരുന്ന ഉയർന്ന വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാക്കും എന്ന് ഉറപ്പാണ്. ഏതാണ്ട് അഞ്ചിലൊന്ന് വീടുകളും തങ്ങളുടെ വാട്ടർ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർദ്ധനവ് താഴ്ന്ന വരുമാനക്കാരെ കടുത്ത ദുരിതത്തിലാക്കുമെന്ന് കൺസ്യൂമർ കൗൺസിൽ ഫോർ വാട്ടർ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് കെയിൽ പറഞ്ഞു. തങ്ങളുടെ ലാഭം കുറച്ച് ജനങ്ങളെ സഹായിക്കാൻ വാട്ടർ കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജലസംഭരണികൾ , ശുദ്ധീകരണ പ്ലാന്റുകൾ, പമ്പിങ് സ്റ്റേഷനുകൾ, പൈപ്പുകൾ , വിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണവും വിപുലവുമായ ജലവിതരണ ശൃംഖലയാണ് യുകെയിൽ നിലവിലുള്ളത്. യുകെയിലെ ജലവിതരണം നിയന്ത്രിക്കുന്നത് പ്രാദേശിക വാട്ടർ കമ്പനികൾ ആണ്. നദികളിലേയ്ക്കും കടലിലേക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ പേരിൽ കടുത്ത വിമർശനമാണ് പ്രാദേശിക ജലവിതരണ കമ്പനികൾ നേരിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്ക്കുള്ള ഇൻറർനാഷണൽ സ്റ്റുഡന്റസിന്റെ പ്രവേശന നടപടികളിൽ സമൂലമായ മാറ്റം ഉടനെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വിവിധ റിക്രൂട്ട്മെൻറ് ഏജൻ്റുമാരുടെ ഇടപെടലുകളും പ്രവേശന നടപടികളിലെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ അവലോകനം നടത്തും.
പ്രവേശന പ്രക്രിയകളുടെ വിവിധ മാനദണ്ഡങ്ങളുടെ സുതാര്യതയാണ് വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും ബോധ്യമാകേണ്ടതെന്ന് സർവ്വകലാശാലകളുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു . മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്യേന ഉയർന്ന ട്യൂഷൻ ഫീസ് ആണ് നൽകുന്നത്. അതുകൊണ്ടുതന്നെ പല സർവകലാശാലകളുടെയും സാമ്പത്തിക അടിത്തറയുടെ ആണിക്കല്ല് വിദേശ വിദ്യാർത്ഥികളാണ്. വിദേശ വിദ്യാർഥികളെ കൂടുതൽ പ്രവേശിപ്പിക്കാനായി മാനദണ്ഡങ്ങളിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നതായാണ് സർവകലാശാലകൾക്കെതിരെ ഉയർന്നു വന്ന പ്രധാന ആരോപണം. കൂടുതൽ കുട്ടികളെ കിട്ടാൻ യൂണിവേഴ്സിറ്റി അധികൃതരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ അവിശുദ്ധബന്ധം ഉള്ളതായ ആരോപണങ്ങളും നിലവിലുണ്ട്. പല സർവകലാശാലകളും വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന ഫീസിൽ നിന്നാണ് ആഭ്യന്തര വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നത്.

നേരത്തെ വിദേശ വിദ്യാർഥികൾക്ക് വിസ നിയമങ്ങളിലും സ്റ്റേ ബാക്കിലും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് യുകെയിലെ മലയാളി വിദ്യാർഥികളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ് മതിയായ സ്റ്റേബായ്ക്കും ആശ്രിതരെ കൊണ്ടുവരാമെന്നുള്ളതുമാണ് മലയാളി വിദ്യാർത്ഥികളെ യുകെയിലേയ്ക്ക് ആകർഷിച്ച മുഖ്യ ഘടകങ്ങൾ. കേരളത്തിൻറെ മുക്കിലും മൂലയിലും മലയാളി വിദ്യാർഥികളെ ആകർഷിക്കാനുള്ള പരസ്യങ്ങളുമായി ഒട്ടേറെ റിക്രൂട്ട്മെൻറ് ഏജൻസികൾ മുളച്ചു പൊങ്ങിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ വരുന്ന അധ്യയനവർഷത്തിൽ കേരളത്തിൽനിന്ന് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർഥി വിസ നിയമത്തിൽ യുകെ നടപ്പിലാക്കിയ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിസ്റ്റൺ ഹോസ്പിറ്റലിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ ജെയ്സൺ സ്ട്രീറ്റിൽ താമസിക്കുന്ന സിദ്ധാർത്ഥ് നായർ (28) എന്നയാളിനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.
ജനുവരി 30 ചൊവ്വാഴ്ച വൈകുന്നേരമാണ് വിസ്റ്റൺ ഹോസ്പിറ്റലിൽ സ്ത്രീ ബലാത്സംഗത്തിന് ഇരയായി എന്ന റിപ്പോർട്ടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിറൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 29 വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതി സിദ്ധാർത്ഥ് നായർ ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇയാൾ ഇവിടെ സ്റ്റുഡൻറ് വിസയിലാണോ അതോ ഡിപെൻഡൻഡ് വിസയിലാണോ വന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിന്റെ പുറകിലുള്ള സത്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥ് നായർ പ്രാദേശിക മലയാളി സമൂഹവുമായി അധികം അടുപ്പമുള്ള ആളായിരുന്നില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ കടുത്ത സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്നലെ മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .