ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡുകൾ എന്നിവയ്‌ക്കായുള്ള ഫാക്‌ട് ചെക്കറുകൾ നീക്കം ചെയ്യാനുള്ള മെറ്റയുടെ തീരുമാനം യുകെയിലെയും യൂറോപ്യൻ യൂണിയനിലെയും നിയമനിർമ്മാതാക്കളിൽ നിന്ന് വിമർശനത്തിന് കാരണമായി. കോൺടെന്റ് പോലീസിംഗിലെ ഈ മാറ്റം ബ്രസൽസിലും ലണ്ടനിലുമുള്ള ടെക് ഭീമന്മാരും റെഗുലേറ്റർമാരും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്ന് വിദഗ്ധരും രാഷ്ട്രീയ വ്യക്തികളും മുന്നറിയിപ്പ് നൽകുന്നു. വിദ്വേഷജനകമായ ഉള്ളടക്കത്തെ കുറിച്ചുള്ള മെറ്റയുടെ ആഗോള നയങ്ങളിലെ മാറ്റങ്ങളിൽ ഇപ്പോൾ ട്രാൻസ്‌ജെൻഡർമാരെ “ഇറ്റ്” എന്ന് അഭിസംബോധന ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
കഴിഞ്ഞ വേനൽക്കാലത്ത് ഓൺലൈനിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ എങ്ങനെ കലാപത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയ ലേബർ എംപിയും ഹൗസ് ഓഫ് കോമൺസിനായുള്ള ശാസ്ത്ര സാങ്കേതിക സമിതി ചെയർമാനുമായ ചി ഒൻവുറ പുതിയ നയത്തെ വിമർശിച്ചു. പ്രൊഫഷണൽ ഫാക്‌ട് ചെക്കർമാരെ മാറ്റി പോസ്റ്റുകളുടെ കൃത്യത നിരീക്ഷിക്കുന്ന ഉപയോക്താക്കളെ നിയമിക്കാനുള്ള സക്കർബർഗിൻ്റെ തീരുമാനം ഭയപെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിലെ ഫാക്‌ട് ചെക്കർമാരെ നീക്കം ചെയ്യാനുള്ള മെറ്റയുടെ തീരുമാനം വ്യാജ വാർത്തകളുടെ വ്യാപനത്തെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് പൊതു സംരക്ഷണത്തിൽ ഉയർത്തുന്ന അപകടങ്ങളെ വിമർശകർ ഉയർത്തിക്കാട്ടുന്നുണ്ട്. എക്‌സിലെ എലോൺ മസ്‌കിൻ്റെ “കമ്മ്യൂണിറ്റി നോട്ട്‌സ്” സിസ്റ്റത്തിൻ്റെ മാതൃകയിലുള്ള ഈ നീക്കം മെറ്റ സ്വീകരിച്ചിരിക്കുന്നത്. ഈ മാറ്റം, തിരഞ്ഞെടുപ്പ്, ആരോഗ്യം, പകർച്ചവ്യാധികൾ, സംഘർഷങ്ങൾ എന്നിവയെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ യുഎസിൽ നിന്ന് ഉത്ഭവിക്കുന്നതിന് കാരണമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രമുഖ ലൈംഗിക ദുരുപയോഗ കേസുകളിൽ ഒന്നായ ഗ്രൂമിംഗ് ഗാങിനെ സംബന്ധിച്ച് വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡ്നോക്കിനെതിരെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. ബേഡ്നോക്കിന്റെ പ്രവർത്തികൾ വെറും എടുത്തുചാട്ടം ആണെന്നും, അതോടൊപ്പം തന്നെ കുട്ടികളുടെ ക്ഷേമത്തിനായുള്ള പുതിയ ബിൽ പരാജയപ്പെടുത്താനുള്ള തീരുമാനം തികച്ചും തെറ്റാണെന്നും സ്റ്റാർമർ കുറ്റപ്പെടുത്തി. എലോൺ മസ്‌ക് ആവർത്തിച്ച് ട്വീറ്റ് ചെയ്തതിന് ശേഷം മാത്രമാണ് ബേഡ്നോക്ക് ഈ വിഷയത്തിൽ താൽപ്പര്യം കാണിച്ചതെന്ന് സ്റ്റാർമർ ആരോപിച്ചു . ഗ്രൂമിങ് ഗാങ്ങിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ വിസമ്മതിക്കുന്നതിലൂടെ കാര്യങ്ങൾ മൂടിവയ്ക്കാൻ ആണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബേഡ്നോക്ക് ആരോപിച്ചിരുന്നു. ഇതേ സമയം, ചൈൽഡ് സേഫ് ഗാർഡിംഗ് ബില്ലിൽ ഗ്രൂമിങ് ഗാങ്ങിനെതിരെ ദേശീയ അന്വേഷണം ഉൾപ്പെടുത്തുന്നതിനായി കൺസർവേറ്റീവുകൾ ഒരു ഭേദഗതി അവതരിപ്പിച്ചു . എന്നാൽ ഇത് മുഴുവൻ ബില്ലിനെയും നശിപ്പിക്കുമെന്ന അഭിപ്രായമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. 2022 ൽ നടന്ന അന്വേഷണത്തിൽ മുഴുവൻ ഇരകളെയും പങ്കെടുപ്പിക്കാൻ സാധിച്ചില്ല എന്നതാണ് പുനരന്വേഷണത്തിന് കൺസർവേറ്റീവ് പാർട്ടി മുന്നോട്ടുവയ്ക്കുന്ന കാരണം.
നിരവധി വർഷങ്ങളായി ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു കൂട്ടം ആളുകളെയാണ് ഗ്രൂമിങ് ഗാങ് എന്ന പേരിൽ ബ്രിട്ടനിൽ അറിയപ്പെടുന്നത്. നിരവധി മാധ്യമ ശ്രദ്ധ നേടിയ ഈ കേസിൽ പ്രതികളിൽ ഭൂരിഭാഗവും പാക്കിസ്ഥാനി വംശജരാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ ദിവസം എലോൺ മസ്കാണ് ഗാങിനെതിരായ അന്വേഷണം നടത്തുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്ന് ആരോപിച്ച് ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് അത് ബേഡ്നോക്ക് ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂമിംഗ് സംഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട ചിലരെ ബുധനാഴ്ച മുമ്പ് താൻ കണ്ടിരുന്നുവെന്നും മറ്റൊരു അന്വേഷണത്തിന് പകരം വേഗത്തിലുള്ള നടപടിയെടുക്കണമെന്ന് അവർ തന്നോട് ആവശ്യപ്പെട്ടതായും സ്റ്റാർമർ മറുപടി നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സതേൺ ഇംഗ്ലണ്ടിൽ മോശം മഞ്ഞുവീഴ്ചയെ തുടർന്ന് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്. നിലവിൽ രാജ്യത്തിൻെറ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയും അതു സംബന്ധമായ പ്രശനങ്ങളും മൂലം വാണിംഗുകൾ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 9 മുതൽ അർദ്ധരാത്രി വരെ ഇംഗ്ലണ്ടിൻ്റെ തെക്കൻ കൗണ്ടിയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു.
മുന്നറിയിപ്പ് കെൻ്റ് മുതൽ കോൺവാൾ വരെയും തെക്കൻ ലണ്ടൻ വരെയും ഉണ്ട്. രണ്ട് മുതൽ അഞ്ച് സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത ഉണ്ട്. അതേസമയം, ഉയർന്ന പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞു വീഴ്ച ഉണ്ടാവാൻ സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലും ബുധനാഴ്ച രാത്രി താപനില -14C ഉം വ്യാഴാഴ്ച രാത്രി -16C ഉം എത്താൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
മിഡ്‌ലാൻഡ്‌സ്, നോർത്ത് വെയിൽസിൻ്റെ ചില ഭാഗങ്ങൾ, ഇംഗ്ലണ്ടിൻ്റെ വടക്ക് പടിഞ്ഞാറ്, സ്‌കോട്ട് ലൻഡിൻ്റെ പടിഞ്ഞാറ്, വടക്കൻ ഭാഗങ്ങൾ, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച ഉണ്ടായിരിക്കും. ഇവ റോഡുകളെയും റെയിൽവയേയും ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, 2025 തുടങ്ങിയതിന് ശേഷം ഇംഗ്ലണ്ടിലുടനീളം കുറഞ്ഞത് 300 സ്ഥലങ്ങളിലെങ്കിലും വെള്ളം കയറിയതായി പരിസ്ഥിതി ഏജൻസി അറിയിച്ചു. പുതുവർഷത്തിൽ പെയ്ത കനത്ത മഴ ഇംഗ്ലണ്ടിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തും യോർക്ക്ഷെയറിലും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഈസ്റ്റ് ലണ്ടനിൽ ഒരു ബസ്സിലുണ്ടായ കത്തിയാക്രമണത്തിൽ 14 വയസ്സുകാരനായ ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായ കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നുവരുന്ന സമയത്ത് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.
ബസ്സിൽ വച്ചുണ്ടായ കത്തിയാക്രമണത്തിൽ കൗമാരക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ A205 സൗത്ത് സർക്കുലർ റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം വൂൾവിച്ച് ചർച്ച് സ്ട്രീറ്റിലെ 472 ബസ്സിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്. ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്നുള്ള പാരാമെഡിക്കുകളും എയർ ആംബുലൻസും എത്തിയതിന് തൊട്ടുപിന്നാലെ കൗമാരക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് കൂട്ടിച്ചേർത്തു. നിലവിൽ സംഭവത്തോട് അനുബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞവർഷം മാത്രം ലണ്ടനിൽ 11 കൗമാരക്കാരായ ആൺകുട്ടികൾ ആണ് കൊല ചെയ്യപ്പെട്ടത്. ലണ്ടൻമേയർ സർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ പരിപാലിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഉൾപ്പെടെയുള്ളതിന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് സർക്കാർ പിന്തുണ നൽകണമെന്ന ആവശ്യവുമായി റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക്ടാങ്ക്. ഗവൺമെൻ്റിൻ്റെ പ്രകടനപത്രികയിൽ കുട്ടികളുടെ ദാരിദ്ര്യം നീക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വസന്തകാലത്തോടെ 10 വർഷ കാലയളവിലുള്ള പദ്ധതി മുന്നോട്ട് വയ്ക്കുമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നു.
കഴിഞ്ഞ ലേബർ സർക്കാർ 600,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി വർക്കിംഗ് പോവർട്ടി ഔട്ട് എന്ന തലക്കെട്ടിൽ റെസല്യൂഷൻ ഫൗണ്ടേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. സിംഗിൾ പേരെന്റ്സിനായി തൊഴിലവസരങ്ങൾ വർധിപ്പിച്ചത് വഴിയാണ് ഇത് നടപ്പിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്നത്തെ സർക്കാർ നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണെന്നും ദാരിദ്ര്യത്തിൽ കഴിയുന്ന 70% കുടുംബങ്ങൾക്കും ഇപ്പോൾ കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും ജോലിയിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് അധിക പിന്തുണ നൽകാൻ റെസല്യൂഷൻ ഫൗണ്ടേഷൻ ലേബർ സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനായി സർക്കാർ പ്രവർത്തിക്കണമെന്നും റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു. ജോലി ചെയ്യുന്ന മാതാപിതാക്കളില്ലാത്ത കുടുംബങ്ങളിൽ പലരും ജോലിക്ക് കാര്യമായ തടസ്സങ്ങൾ നേരിടുന്നു. ഇത്തരത്തിൽ ദാരിദ്രത്തിൽ കഴിയുന്ന പകുതി കുടുംബങ്ങളിലും അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുണ്ട്. ഈ കുടുംബങ്ങളിൽ പകുതിയോളം വൈകല്യമുള്ള അല്ലെങ്കിൽ മോശം ആരോഗ്യമുള്ള മുതിർന്ന വ്യക്തികളും ഉണ്ട്. നിലവിൽ, സൗജന്യ ശിശുസംരക്ഷണം വിപുലീകരിക്കാനുള്ള കൺസർവേറ്റീവുകളുടെ പദ്ധതികൾ നിറവേറ്റുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്ഷൻ ഫോർ ചിൽഡ്രൻ എന്ന ചാരിറ്റിയുടെ കണക്കനുസരിച്ച് യുകെയിൽ 4.3 ദശലക്ഷം കുട്ടികൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരം എന്ന സ്ഥാനം ലണ്ടന് ആണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പാരീസിനും ഡബ്ലിനിനും ആണ് ലണ്ടന് തൊട്ടു പിന്നിലുള്ളത്. ട്രാൻസ്‌പോർട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇൻറിക്‌സിൻ്റെ കണക്കനുസരിച്ച് തലസ്ഥാനത്തെ ഡ്രൈവർമാർ ശരാശരി 101 മണിക്കൂർ ആണ് ട്രാഫിക്കിൽ കഴിഞ്ഞ വർഷം ചെലവഴിച്ചത് . ഇത് മുൻ വർഷത്തേക്കാൾ 2% വർധന ആണ് കാണിക്കുന്നത് . ലണ്ടനിലെ തിരക്കിന് സമീപവർഷങ്ങളിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2022 – ൽ 97 മണിക്കൂറ് ആയിരുന്നെങ്കിൽ 2023 -ൽ അത് 99 മണിക്കൂറായി ഉയർന്നു.
ലണ്ടനിലെ A40 വെസ്റ്റ് വേ യുകെയിലെ ഏറ്റവും തിരക്കേറിയ റോഡാണെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഈ റോഡിൽ തന്നെ വൈകുന്നേരം 5 മുതൽ 6 വരെയുള്ള സമയം ഏറ്റവും മോശമായ സമയമാണ്. ലണ്ടനു പിന്നിൽ തിരക്കിന്റെ കാര്യത്തിൽ തൊട്ടു പിന്നിലുള്ളത് പാരീസാണ്. കഴിഞ്ഞവർഷം ഡ്രൈവർമാർ ബ്ലോക്കിൽ കുടുങ്ങിയ ശരാശരി സമയം പാരിസിൽ 97 മണിക്കൂറാണ്. ഡബ്ലിൻ 81 മണിക്കൂറായി മൂന്നാം സ്ഥാനത്തുണ്ട്.
വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരങ്ങൾ ഏതാണെന്നും അവിടങ്ങളിൽ ഡ്രൈവർമാർ എത്രമാത്രം റോഡിൽ കുടുങ്ങിയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ലണ്ടൻ കഴിഞ്ഞാൽ ബ്രിസ്‌റ്റാളും ലീഡ്സുമാണ് തിരക്കിന്റെ കാര്യത്തിൽ തൊട്ടു പിന്നിലുള്ളത് . എന്നാൽ ഇവിടങ്ങളിൽ 65 ഉം 60 ഉം മണിക്കൂർ ആണ് ഡ്രൈവർമാർ ഗതാഗത കുരുക്കിൽ പെട്ടത്. ഇത് ലണ്ടനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. തിരക്കിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ മറ്റ് നഗരങ്ങളിലെ തിരക്ക് വൻതോതിൽ കുതിച്ചുയർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മാഞ്ചസ്റ്ററിൽ തിരക്കിന്റെ കാര്യത്തിൽ 13 ശതമാനം വർദ്ധനവ് ആണ് ഉള്ളത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വീടു വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ മാർച്ച് മാസത്തിനുശേഷം ഇത് ആദ്യമായാണ് വീടുകളുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് ആണ് പുതിയതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാകുന്ന വാർത്ത പുറത്ത് വിട്ടത്.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഡിസംബർ മാസത്തിൽ വീടുകളുടെ വിലയിൽ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കഴിഞ്ഞ 8 മാസത്തിനിടയിൽ വീടുകളുടെ വിലയിൽ കുറവ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഒരു വർഷം മുൻപുള്ള ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഭവന വില 3.3 ശതമാനം കൂടുതലാണ്.
2024 ന്റെ അവസാന പകുതിയിൽ ഭവന വിലയിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായത്. മോർട്ട്ഗേജ് നിരക്കുകളും പലിശയും കുറഞ്ഞതോടെ കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടൊപ്പം വേതന വർദ്ധനവും ജീവിത ചിലവ് കുറഞ്ഞതും ആളുകൾക്ക് പുതിയ വീട് വാങ്ങുന്നതിനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്തു. എന്നാൽ അടുത്ത മാസം മാർച്ച് മുതൽ ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളുടെ പരുധി ഉയർത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മാർച്ച് മാസം കഴിഞ്ഞാൽ വീടുകളുടെ വില കൂടുമെന്ന പ്രവചനങ്ങൾ ഈ മേഖലയിലെ വിദഗ്ധർ നടത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വന്നു. കുറെ നാളുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഇലോൺ മസ്കിൻ്റെ നടപടികളെ തുടർന്നാണ് പ്രധാനമന്ത്രിയുടെ നടപടി . പ്രമുഖ സമൂഹ മാധ്യമമായ X – ൻ്റെ ഉടമയായ മസ്ക് നുണകളും തെറ്റായ വിവരങ്ങളും തുടർച്ചയായി പ്രചരിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മസ്കിന്റെ സമീപകാല അഭിപ്രായങ്ങൾ രാജ്യത്തിൻറെ ജനാധിപത്യത്തെ തകർക്കാൻ ലക്ഷ്യമിടുന്നതാണെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആരോപിച്ചത്. ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതു മുതൽ തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ X – ലൂടെ യുകെയിലെ രാഷ്ട്രീയത്തെ കുറിച്ച് നിരവധി വിവാദ പരാമർശങ്ങൾ ആണ് മസ്കിന്റെതായി വന്നത്. ബ്രിട്ടനിലെ ജനങ്ങളെ അവരുടെ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് അമേരിക്ക മോചിപ്പിക്കണം, കെയർ സ്റ്റാർമറെ ജയിലിലടയ്ക്കണം തുടങ്ങിയ വിവാദ പരാമർശങ്ങളാണ് കെയർ സ്റ്റാർമറിനെ രോക്ഷം കൊള്ളിച്ചത്. തീവ്ര വലതുപക്ഷ പ്രവർത്തകർ കുട്ടികളെ ദുരുപയോഗം ചെയ്തത് കുടിയേറ്റവുമായി ബന്ധപ്പെടുത്തി മസ്ക് പോസ്റ്റുകൾ ഇട്ടിരുന്നു.
2008 നും 2013 നും ഇടയിൽ ഇംഗ്ലണ്ടിന്റെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സ്റ്റാർമർ പരാജയപ്പെട്ടെന്ന കടുത്ത ആരോപണങ്ങളും മസ്ക് ഉന്നയിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മസ്ക് കുറ്റപ്പെടുത്തുന്നത്. നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആണ് ഇലോൺ മസ്ക്. അതുകൊണ്ടുതന്നെ കെയർ സ്റ്റാർമറും മസ്കും തമ്മിലുള്ള ശീതയുദ്ധം ഡൊണാൾഡ് ട്രംപുമായുള്ള പ്രശ്നമായി വളരുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. സമീപകാലത്ത് ഇരുവരുടെ ഇടയിലും അസാരസ്യങ്ങൾ ഉടലെടുത്തിരുന്നു. താൻ പ്രസിഡൻറ് ആകാതിരിക്കാൻ ലേബർ പാർട്ടി അനുയായികൾ പ്രചാരണം നടത്തി എന്ന് തിരഞ്ഞെടുപ്പ് വേളയിൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക്ഷെയറിലെ വെള്ളപ്പൊക്കം ഉണ്ടായ മേഖലയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റിനും മഴയ്ക്കും പിന്നാലെ യാത്രാ തടസ്സങ്ങൾ, പവർ കട്ട്, സ്കൂളുകൾ അടച്ചിടൽ എന്നിവയ്ക്ക് കാരണമായി. ബുധനാഴ്‌ച വരെ യെല്ലോ വാണിംഗ് പ്രഖ്യാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തണുത്ത കാലാവസ്ഥയിൽ നിന്ന് ഉടനടി മാറ്റം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.
നോർത്ത് യോർക്ക്ഷെയർ പോലീസ് ഉദ്യോഗസ്ഥരും വെസ്റ്റ് യോർക്ക്ഷെയറിലെ സേനയും ചേർന്ന് പ്രവർത്തിച്ചിട്ടും മൃതദേഹത്തെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾക്ക്, ചെറിയ ഇളം തവിട്ട് നിറമുള്ള മുടിയും വെളുത്ത ശരീരവുമാണ്. ബ്രൗൺ വാക്കിംഗ് ബൂട്ടുകളും, ബ്രൗൺ ബെൽറ്റുള്ള നീല ജീൻസും, സിപ്പും ഹുഡും ഉള്ള ഒരു മൾട്ടി-കളർ നെയ്റ്റഡ് ജമ്പറും, കടുംപച്ച നിറത്തിലുള്ള വാട്ടർപ്രൂഫ് കോട്ടും അദ്ദേഹം ധരിച്ചിരുന്നു.
ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് ഇയാൾ വെള്ളത്തിൽ വീണതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ലെസ്റ്റർഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് തിങ്കളാഴ്ച രാവിലെ മാത്രം 200-ലധികം കോളുകളാണ് ലഭിച്ചത്. ഇതിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതും വെള്ളം കയറുന്നതും വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറുകളും ഉൾപ്പെട്ട സംഭവങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് ഒരു സ്ത്രീയെ ലെസ്റ്റർഷെയർ റെസ്റ്റോറൻ്റ് ഉടമ രക്ഷിച്ച സംഭവം ഉണ്ടായി. പുറത്ത് വന്ന വീഡിയോ ഫൂട്ടേജിൽ ഗ്രേറ്റ് ഗ്ലെനിലെ ഇറ്റാലിയൻ ഗ്രേഹൗണ്ടിൻ്റെ ഉടമയായ സിമി കസാസി, വെള്ളത്തിൽ നീന്തി ഒരു സ്ത്രീയെ രക്ഷിക്കുന്നത് കാണാം. ഇന്നലെ ഉച്ചയോടെ ഇംഗ്ലണ്ടിലുടനീളം 180-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബഹുനില കെട്ടിടത്തിൻ്റെ കാർ പാർക്കിങ്ങിൽ വച്ചുണ്ടായ അപകടത്തിൽ ആറുമാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ജനുവരി 2-ന് പെംബ്രോക്‌ഷെയറിലെ ടെൻബിയിലുണ്ടായ അപകടത്തെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ നിന്നുള്ള സോഫിയ കെലെമെനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. കടൽത്തീര നഗരമായ ടെന്‍ബിയിലെ കാർപാർക്കിങ്ങിലെ ഏറ്റവും താഴത്തെ നിലയിലായിരുന്നു അപകടം നടന്നത്.
സംഭവത്തെ തുടർന്ന് ലൈസൻസില്ലാതെ അപകടകരമായി വാഹനം ഓടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഗനിൽ നിന്നുള്ള 33 കാരനായ ഫ്ലാവിയു നാഗിവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഫെബ്രുവരി 7 ന് സ്വാൻസി ക്രൗൺ കോടതിയിൽ ഹാജരാക്കും. ഇയാൾ മദ്യപിച്ചിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദുഷ്കരമായ സമയത്ത് പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് പോലീസ് പറഞ്ഞു.