ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ എൻഎച്ച്എസിന് 571,000 ജീവനക്കാരുടെ കുറവുണ്ടായേക്കാവുന്ന സാഹചര്യത്തിൽ രാജ്യത്ത് ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാൻ തദ്ദേശീയരായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തം. എൻഎച്ച്എസിൻെറ വർക്ക് പ്ലാൻ പ്രകാരം നിലവിൽ 154,000 ഫുൾ ജീവനക്കാരുടെ അഭാവം ആണ് ഉള്ളത്. ഈ കണക്കുകൾ 2036 ഓടെ 571,000 ജീവനക്കാരായി മാറുമെന്നും പ്ലാനിൽ പറയുന്നു. മന്ത്രിമാർ പരിശോധിച്ചുകൊണ്ടിരിക്കുന്ന 107 പേജുള്ള ബ്ലൂപ്രിന്റിൽ ആരോഗ്യ മേഖലയെ അലട്ടുന്ന ജീവനക്കാരുടെ അഭാവവും മറ്റും പരിഹരിക്കാനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഉൾപ്പെടുന്നത്.

നിലവിലെ രീതി തുടർന്നാൽ എൻഎച്ച്എസിൽ 15 വർഷത്തിനുള്ളിൽ 28,000 ജിപിമാരുടെയും 44,000 കമ്മ്യൂണിറ്റി നേഴ്‌സുമാരുടെയും പാരാമെഡിക്കലുകളുടെയും കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്നു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലുള്ള വർധിച്ചു വരുന്ന രോഗികളെ താങ്ങാൻ എൻ എച്ച് എസിന് കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗ്രാമീണ മേഖലയിൽ രോഗികളെ ചികിൽസിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്ന പരാതി ഉണ്ട്.

വിദേശത്ത് നിന്ന് കൂടുതൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരെ നിയമിക്കുന്നതിനും താൽക്കാലിക ജീവനക്കാർക്കായി പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധരും സ്റ്റാഫ് ഗ്രൂപ്പുകളും വ്യാപകമായി പങ്കിടുന്ന കരട് രേഖയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി പുറത്ത് വിട്ട പ്ലാനിൽ എൻഎച്ച്എസിന് 154,000 ഫുൾടൈം ജീവനക്കാരുടെ കുറവുണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡും ജീവനക്കാരുടെ സമരവും കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് എൻഎച്ച്എസിനെ തള്ളിവിട്ടത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ പോലും അത്യാവശ്യ ചികിത്സകൾ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനൊക്കെ പുറമേയാണ് മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയത്.

ഈ പ്രതിസന്ധിയെ മറികടക്കാനാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഗവൺമെൻറ് എൻഎച്ച്എസിന് ഫണ്ട് അനുവദിച്ചത്. എന്നാൽ അനുവദിച്ച തുക ശരിയായ രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് എൻഎച്ച്എസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ . വെറും 5 വർഷത്തിനുള്ളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് എൻഎച്ച്എസ് മാനേജർമാർ 584 മില്യൺ പൗണ്ട് ആണ് വിനിയോഗിച്ചത്. നികുതിദായകരുടെ പണം എൻ എച്ച് എസ് മാനേജർമാർ ഉത്തരവാദിത്വമില്ലാതെ ചിലവഴിച്ചെന്നുള്ള വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നു വരുന്നത്.

വിദേശത്തുനിന്നും നേഴ്സുമാരെയും ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ഇടനിലക്കാരായ ഏജൻസികൾക്ക് ദശലക്ഷങ്ങൾ ആണ് കൈമാറിയിരിക്കുന്നത്. ഇതുകൂടാതെ എൻഎച്ച്എസ് മാനേജർമാർ റിക്രൂട്ട്മെന്റിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര പോയതിന്റെ ഉൾപ്പെടെയുള്ള ചിലവുകളും ഇതിൽ ഉൾപ്പെടും. ഇത്രയും ഭീമമായ തുക എൻഎച്ച്എസ് മാനേജർമാർ ചിലവഴിക്കുന്നത് അനാവശ്യമായി നികുതിദായകരുടെ പണം ധൂർത്തടിക്കുന്ന നടപടിയാണെന്നും ഈ പണം ഉണ്ടെങ്കിൽ നിലവിലെ ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർദ്ധനവ് നൽകാൻ ഇത് പര്യാപ്തമാണെന്നുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എൻഎച്ച്എസ് മാനേജർമാരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ വഴിപ്പെട്ട ബന്ധമാണെന്ന ആരോപണങ്ങളും ശക്തമാണ്. എൻഎച്ച്എസിന് ജീവനക്കാരെ നൽകാൻ സഹായിക്കുന്ന ഒരു റിക്രൂട്ട്മെൻറ് ഏജൻസിയുടെ വിറ്റു വരവ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാലിരട്ടിയായാണ് വർദ്ധിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇരകളോട് ക്ഷമാപണം നടത്തിയ 1,000 ലൈംഗിക കുറ്റവാളികളെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ക്രിമിനൽ റെക്കോർഡിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. കുട്ടികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ 2021ലും 2022ലും ഇത്തരം 1,064 കേസുകളിൽ പോലീസ് ‘കമ്മ്യൂണിറ്റി റെസലൂഷൻ’ നൽകി. സ്‌കോട്ട് ലൻഡ് യാർഡ് ഓഫീസർ വെയ്ൻ കൗസെൻസ് സാറാ എവറാർഡിന്റെ കൊലപാതകത്തിന് ശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ഗൗരവമായി കാണുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ലൈംഗികാതിക്രമത്തിന് കോടതിക്ക് പുറത്തുള്ള ഉപരോധം വെറും 12 മാസത്തിനുള്ളിൽ ഇരട്ടിയായി മാറി.

എല്ലാ ലൈംഗിക കുറ്റകൃത്യങ്ങളിലും പെനാൽറ്റി ചുമത്തിയതിന്റെ എണ്ണം 53 ശതമാനം വർധിച്ചതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു . സാറാ എവറാർഡിന്റെ കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൗസെൻസ് ജയിലിൽ തുടരുകയാണ്.
2022 മാർച്ച് വരെയുള്ള കാലയളവിൽ ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ എന്നിവയുൾപ്പെടെ 643 കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ ഈ അനുമതി ഉപയോഗിച്ചതായി ഔദ്യോഗിക കണക്കുകളുടെ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഇത് മുൻ വർഷങ്ങളിലെ കണക്കുകൾ 53 ശതമാനം കൂടുതലാണ്. 2021-ൽ 178 ആയിരുന്ന ഇത്തരം കേസുകളുടെ എണ്ണം 2022-ൽ 371 ആയി മാറി.

13 വയസ്സിന് താഴെയുള്ള പെൺകുട്ടി ഉൾപ്പെടെ നാല് കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിൽ കഴിഞ്ഞ വർഷം ലിങ്കൺഷയർ പോലീസ് ശിക്ഷ വിധിച്ചിരുന്നു. 13 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പിന്നാലെ നോട്ടിംഗ്ഹാംഷെയറിലെ ഉദ്യോഗസ്ഥരും സമാനമായ നടപടി സ്വീകരിച്ചു. അതേസമയം, സ്‌കോട്ട് ലൻഡ് യാർഡ് ഓഫീസർ വെയ്ൻ കൗസെൻസ് അറസ്റ്റിലായ ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയിലെ പല സ്ത്രീകളും ലൈംഗിക അതിക്രമങ്ങളെ നേരിടാൻ സേഫ്റ്റിപിൻ ഉപയോഗിക്കാറുണ്ടെന്ന റിപ്പോർട്ടുമായി ബിബിസി. ഇന്ത്യയിലെ പൊതു ഇടങ്ങളിൽ സ്ത്രീകൾ ദൈന്യംദിനം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബസിൽ സ്ത്രീകൾ നേരിടുന്ന ഭൂരിപക്ഷം ആക്രമണങ്ങളിൽ നിന്നും അവരെ രക്ഷിക്കുന്നതും സേഫ്റ്റിപ്പിനാണ്. പൊതുഇടങ്ങളിലെ അനാവശ്യ പുരുഷ സ്പർശനങ്ങൾ തങ്ങൾക്ക് അരോചകമാണെന്ന് പല സ്ത്രീകളും അഭിപ്രായപ്പെട്ടു . ഈ സാഹചര്യങ്ങളിലൊക്കെ തങ്ങളുടെ രക്ഷയ്ക്ക് സേഫ്റ്റി പിൻ ഇന്ത്യയിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്നതായി ആണ് ബി ബി സി റിപ്പോർട്ട് ചെയ്തത്.

1849 ലാണ് സേഫ്റ്റിപിൻ കണ്ടുപിടിക്കുന്നത്. കണ്ടുപിടിച്ചതുമുതൽ, ലോകമെമ്പാടുമുള്ള സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കാനാണ് സേഫ്റ്റിപിൻ ഉപയോഗിക്കുന്നത് . എന്നാൽ ഇന്ത്യയിലെ നിരവധി സ്ത്രീകൾ തങ്ങളുടെ ഹാൻഡ്‌ബാഗിലോ പേഴ്സിലോ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു പിൻ കൈവശം വയ്ക്കാറുണ്ടെന്ന് ദീപിക ഷെർഗിൽ എന്ന വനിത ട്വിറ്ററിൽ നടത്തിയ പ്രതികരണത്തെ തുടർന്നാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്.

ജോലിക്കായി ഓഫീസിലേക്ക് പോകുമ്പോൾ ഉണ്ടായ ദാരുണമായ സംഭവത്തെ കുറിച്ച് ദീപിക ഷെർഗിൽ പറഞ്ഞതായിരുന്നു ബിബിസി വാർത്തയ്ക്ക് ആധാരം. അന്ന് ഏകദേശം 20 വയസായിരുന്നു അവർക്ക് പ്രായം. ബസിൽ ഒപ്പമുണ്ടായിരുന്ന അക്രമി ശരീരത്തിൽ സ്പർശിക്കാനും, സ്വകാര്യ ഭാഗങ്ങളിലേക്ക് കൈ കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും പകച്ചുപോയ നിമിഷം ഇതായിരുന്നു എന്നും ദീപിക ഷെർഗിൽ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് ആരോട് പറയണമെന്നും, അമ്മയോട് പറഞ്ഞാൽ എന്താകുമോ എന്നതിനാൽ അത്യന്തം ഭയപ്പെട്ടിരുന്നതായും അവർ കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൊച്ചി: പ്രശസ്ത സിനിമ താരം ഇന്നസെന്റ്(75) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.
എട്ടാം ക്ലാസ്സിൽ നിന്നും സിനിമയിലേക്ക്
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു.
സിനിമയും വായനയും
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.
2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്ന് സുഖം പ്രാപിക്കുകയുമുണ്ടായി. സിനിമയെന്നപോലെ വായനയെയും അദ്ദേഹം ചേർത്ത് പിടിച്ചിരുന്നു. ഇന്നസെന്റിന്റെ ആത്മകഥ ക്യാൻസർ വാർഡിലെ ചിരി എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഹോളിവിഷൻ മ്യൂസികിൻ്റെ പതിനാലാമത് വാർഷികത്തോട് അനുബന്ധിച്ച് സ്കോട് ലാൻ്റിലെ ഏറ്റവും വലിയ സംഘടനയായ യുസ്മ സംഘടിപ്പിച്ച സിംഫണി 23 ന് തിരശ്ശീല വീണു. ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മലയാളത്തിൻ്റെ പ്രിയ ഗായകൻ വിൽസൺ പിറവം സിംഫണി 23 ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിൽസൺ പിറവത്തിനെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങ് നടന്നു. യുസ്മയുടെ അംഗ അസ്സോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. അതേ തുടർന്ന് യൂറോപ്പിൽ ആലാപനത്തിൽ മികവ് തെളിയിച്ച മുപ്പത് ഗായകർ സിംഫണി 23 ൽ ഗാനങ്ങൾ ആലപിച്ചു.. കാണികൾക്ക് ആസ്വദിക്കാൻ പാകത്തിന് എക്കാലത്തും തിളങ്ങി നിൽക്കുന്ന ശ്രുധി മധുരമായ ഗാനങ്ങളാണ് എല്ലാവരവും ആലപിച്ചത്.

വൈക്കം മുഹമ്മത് ബഷീറിൻ്റെ പൂവൻപഴം എന്ന ചെറുകഥയെ ആസ്പദമാക്കി നടത്തിയ ലഘു നാടകം സിംഫണി 23 ൽ കൗതുകമുണർത്തി. കുടിയേറ്റത്തിൻ്റെ രണ്ടാം തലമുറയിൽ നടക്കുന്ന സംഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരമായിരുന്നു പൂവൻപഴം റീ ലോഡഡ്. ചില വിവാദങ്ങൾ ഈ ലഘു നാടകം സമൂഹത്തിലുയർത്തുമെങ്കിലും സത്യം വിളിച്ചു പറയാൻ അവതാരകർ മറന്നില്ല എന്നത് ശ്രദ്ധേയമാണ്.

യുകെയിലെ പ്രശസ്ത ചിത്രകാരൻ ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ ആർട്ട് ഗാലറി പ്രത്യേക ജനശ്രദ്ധ നേടി. നൂറ് കണക്കിനാളുകൾ ഗാലറി സന്ദർശിച്ചു. ചിത്രരചനയിൽ നിന്ന് ലഭിക്കുന്ന പണം യുസ്മ ചാരിറ്റിയ്ക്ക് കൈമാറുമെന്ന് ഫെർണാണ്ടസ് പറഞ്ഞു. ആർട്ട് ഗാലറി തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ ഫെർണാണ്ടെസ് വരച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം വിറ്റുപോയി. അതൊരു വലിയ പ്രജോദമായെന്ന് ഫെർണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഭാരതത്തിൻ്റെ മുൻ പ്രസിഡൻ്റ് അബ്ദുൾ J കലാം, കലാഭവൻ മണി ലോകം കണ്ട മികച്ച ഫുട്ബോൾ താരം മെസ്സി എന്നിവരുടെ ചിത്രങ്ങളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്.
കോവിഡ് കാലത്തിന് ശേഷം സ്കോട് ലാൻ്റിൽ നടക്കുന്ന ആദ്യ പരിപാടി അവിശ്വസനീയമാംവണ്ണം വിജയിച്ചുവെന്ന് ഞങ്ങൾ മലയാളം യു കെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


കേരളത്തിൽ ഇത് ചക്കയുടെയും മാങ്ങയുടെയും കാലമാണ്. കാലാവസ്ഥ അനുകൂലമായതു കാരണം നാട്ടിലെ പ്ലാവുകളും മാവുകളും എല്ലാം നിറഞ്ഞ് കായിച്ചിരിക്കുന്നു. നാട്ടിലേയ്ക്കുള്ള ഫോൺവിളികളിൽ ചക്ക വിശേഷം തിരക്കാത്ത യു കെ മലയാളികൾ അപൂർവമായിരിക്കും. ചക്കയോടുള്ള കൊതി കാരണം തങ്ങളുടെ അവധി ചക്കയുടെ ലഭ്യതയുള്ള സമയത്താക്കി നാട്ടിൽ പോകുന്ന യുകെ മലയാളികളും കുറവല്ല.
യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചക്ക മേടിക്കുന്നതിന്റെയും വിലയുടെയും ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് തങ്ങളുടെ ചക്ക പ്രേമം തുറന്നു പ്രഖ്യാപിക്കുന്നത് ഒട്ടേറെ പേരാണ് .
ഒരു പക്ഷേ ലോകത്തിൽ ഒരു ചക്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിലയുടെ വാർത്തയാണ് ലോകമെങ്ങുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുകെയിലെ ഒരു പള്ളിയിൽ ചക്ക ലേലത്തിന് പോയത് 1400 പൗണ്ടിനാണ്. അതായത് 1, 40,000 ഇന്ത്യൻ രൂപയ്ക്ക് . സ്കോട്ട്‌ലൻഡിലെ എഡിൻബറോയിലെ സീറോ മലബാർ പള്ളിയിലാണ് സംഭവം. എഡിൻബറോ സെന്റ് അൽഫോൺസ ആന്റ് അന്തോണി പള്ളിയിലെ ലേലത്തിലാണ് ലോകമെങ്ങുമുള്ള ചക്ക പ്രേമികളെ അതിശയിപ്പിക്കുന്ന സംഭവം നടന്നത്. മലയാളി എവിടെ ചെന്നാലും നമ്മുടെ ചക്ക പ്രേമം കൈവിടില്ലെന്ന് ഇതിൽപരം തെളിവ് വേണ്ടെന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകളാണ് സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പള്ളി കമ്മിറ്റിയെ അത്ഭുതപ്പെടുത്തിയ ലേലത്തിന്റെ തുക ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഒരു ചക്കയ്ക്ക് ഇത്രയും വില കിട്ടുന്നത് ഒരുപക്ഷേ ലോക റെക്കോർഡായിരിക്കും.
യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ചക്കയ്ക്ക് തീപിടിച്ച വിലയാണ്. നാട്ടിൽ നിന്ന് വരുമ്പോൾ കുറച്ചു ചക്ക ചുളയെങ്കിലും യുകെയിലേയ്ക്ക് കൊണ്ടുപോകാത്ത മലയാളികളും കുറവല്ല. നാട്ടിൽ വെറുതെ പാഴാക്കിക്കളയുന്ന ചക്ക യുകെയിൽ പതിനായിരം പൗണ്ട് വരെ കൊടുത്ത് കടകളിൽ നിന്ന് വാങ്ങുമ്പോൾ കണ്ണിൽനിന്ന് പൊന്നീച്ച പറക്കുന്ന അവസ്ഥയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ചക്ക മേടിച്ചില്ലെങ്കിലും വില നോക്കുകയും നാട്ടിലെ തേൻവരിക്കയുടെ രുചിയെ കുറിച്ച് ഓർത്ത് നെടുവീർപ്പെടുകയും ചെയ്യുന്ന മലയാളികൾ യുകെയിലെ സൂപ്പർമാർക്കറ്റുകളിലെ സ്ഥിരം കാഴ്ചയാണ്.
ന്യൂഡൽഹി: വിദേശ യാത്രകളിൽ ക്രെഡിറ്റ് കാർഡ് മുഖേന നടത്തുന്ന പണമിടപാടുകൾക്കും പുതിയ കീഴ് വഴക്കവുമായി സർക്കാർ. ഇനി മുതൽ നികുതി നടപടി ഇത്തരം യാത്രകൾക്കും ബാധകമാണ്. ഉറവിട നികുതി ശേഖരണത്തിൽ നിന്ന് ഒഴിവാകാതിരിക്കാൻ ഇത്തരം ഇടപാടുകൾ റിസർവ് ബാങ്കിന്റെ ഉദാരീകൃത പണമയ ക്കൽ പദ്ധതിയുടെ (എൽ.ആർ.എസ്) പരിധിയിൽ കൊണ്ടുവരാനാണ് പുതിയ ശ്രമം.
വിദേശ യാത്രകളിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എൽ.ആർ.എസ് പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഇതിനെ കുറിച്ച് വിശദമായി പഠിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടതായി 2023ലെ ധനബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
നിലവിൽ നികുതി ശേഖരണം നടക്കുന്നില്ല. വിദ്യാഭ്യാസം, വൈദ്യസേവനം എന്നിവയ്ക്കല്ലാതെ വിദേശത്തേയ്ക്കയക്കുന്ന പണത്തിന് 20 ശതമാനം ഉറവിട നികുതി പിടിക്കണമെന്ന് 2023ലെ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ ബാക്കിയായാണ് ഇപ്പോഴത്തെ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തേ, വിദേശത്തേയ്ക്ക് ഏഴു ലക്ഷം രൂപയ്ക്ക് മുകളിൽ അയക്കുന്ന തുകയ്ക്ക് അഞ്ചു ശതമാനമാണ് ഉറവിട നികുതി പിടിച്ചിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഈലിംഗ് പബ്ബിലെ ജന്മദിന പാർട്ടിയിൽ 58 കാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. 2022 ജൂലൈ 23 നാണ് കേസിനാസ്‌പദമായ സംഭവം. ഈലിങ്ങിലെ സ്റ്റാർ ആൻഡ് സ്കോർപിയോൺ പബ്ബിൽ വെച്ച് അർദ്ധരാത്രിയിൽ വെയ്ൻ ഫിലിപ്പ് എന്നയാളെ തിമോത്തി സൈമൺ (58) കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ‘ഷാക്സ്’ എന്ന് പലരും സ്നേഹപൂർവ്വം വിളിക്കുന്ന വെയ്ൻ ഫിലിപ്സിന് ഭാര്യയും കുട്ടികളും ഉണ്ട്. അദ്ദേഹത്തിന്റെ മരണം ഒരു സമൂഹത്തെ ദുഃഖത്തിലാഴ്ത്തുകയും ആഴത്തിൽ ഞെട്ടിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 24 -ന് ഐൽവർത്ത് ക്രൗൺ കോടതിയിൽ വെയ്‌നെ കൊലപ്പെടുത്തിയതിന് ഡാൾസ്റ്റണിലെ എംഗിൾഫീൽഡ് റോഡിലെ സൈമൺ ശിക്ഷിക്കപ്പെട്ടു. കൊലപാതകം നടന്ന ദിവസം രാത്രി പാർട്ടിക്കായി വെയ്‌നും രണ്ട് വനിതാ സുഹൃത്തുക്കളും പബ്ബിൽ എത്തിയിരുന്നു എന്ന നിർണായക കണ്ടെത്തലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിസിടിവിയിൽ സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വലതുകൈകൊണ്ട് ഹൃദയത്തിന്റെ ഭാഗത്ത് ഏൽപ്പിച്ച മുറിവാണ് മരണ കാരണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റൗലിൻസൺ പറഞ്ഞു. ഫിലിപ്സിന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ ഞങ്ങളും ദുഖിതരാണെന്നും, നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവന്റെ വേർപാടിൽ നാടും ബന്ധുക്കളും ഒരുപോലെ ദുഃഖത്തിലായിരുന്നു. വൈകിയെങ്കിലും നീതി ലഭിച്ചെന്നാണ് കുടുംബം പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ മറ്റൊരു പ്രധാന വരുമാനമാർഗമാണ് സെക്കന്റ് ഹോമുകൾ വാടകയ്ക്ക് കൊടുക്കുന്നത്. എന്നാൽ ഇപ്പോൾ ഭൂമിയുടെ നിയമ ചട്ടങ്ങൾ പരിഷ്കരിച്ചു രംഗത്ത് വന്നിരിക്കുകയാണ് യുകെ. 2023 മാർച്ച് 23-നാണ് പരിഷ്കരണം നിലവിൽ വന്നത്. ഇതനുസരിച്ച് 2022 ഏപ്രിൽ 6 ന് പ്രഖ്യാപിച്ച തീരുമാനങ്ങളിൽ നിന്നുള്ള മാറ്റങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളുന്നത്. റൈറ്റ് ടു റെന്റ് സ്കീമിന് അനുസൃതമായി ഭൂവുടമകളും ലെറ്റിംഗ് ഏജന്റുമാരും എന്തുചെയ്യണമെന്ന് ഈ മാർഗ്ഗനിർദ്ദേശം വിശദീകരിക്കുന്നു.
ഭൂവുടമകളും ലെറ്റിംഗ് ഏജന്റുമാരും ആളുകളുമായി ഒരു വാടക കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് വാടകയ്ക്ക് ചെക്കുകൾ നടത്താനുള്ള അവകാശം നടപ്പിലാക്കണമെന്നും ഇതിൽ പറയുന്നു.

അനധികൃത വാടകയ്ക്ക് പിഴ
അനധികൃതമായി വാടകയ്ക്ക് നൽകിയാൽ 5 വർഷത്തേക്ക് ജയിലിൽ അടയ്ക്കാനാണ് നിയമം അനുശാസിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത ആളുകൾക്കും, മതിയായ രേഖകൾ ഇല്ലാത്ത ആളുകൾക്കും വീട് വാടകയ്ക്ക് നൽകാൻ ശ്രമിക്കരുത്. കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. വ്യാജ രേഖകളുമായി യുകെയിലേക്ക് എത്തുന്നതിൽ മലയാളികളുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ളവർക്ക് വീട് വാടകയ്ക്ക് നൽകുന്നതിൽ പ്രത്യേകം ജാഗ്രത പുലർത്തണം.
രേഖകൾ ഇല്ലെങ്കിൽ
വാടകക്കാരന് ശരിയായ രേഖകൾ ഇല്ലെങ്കിൽ, ഭൂവുടമകൾ ഹോം ഓഫീസ് ഭൂവുടമ പരിശോധന സേവനവുമായി ബന്ധപ്പെടണം. ഭൂവുടമ പരിശോധനാ സേവനത്തിന് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ, 2 പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി ലഭിക്കും. ഒരു സിവിൽ പെനാൽറ്റിയിൽ നിന്ന് ഒഴിവാകുന്നതിന് ഇത് സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
https://www.gov.uk/penalties-illegal-renting