Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ മുപ്പതാം തീയതി യുകെയിലെ 24 ലോക്കൽ കൗൺസിലുകളിലേയ്ക്കും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ യുകെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് തിരി കൊളുത്തുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ റീഫോം യുകെ വൻ മുന്നേറ്റമാണ് നടത്തിയത്. കൂടാതെ എംപി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സിറ്റിംഗ് സീറ്റും റീഫോം യുകെ പിടിച്ചെടുത്തിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തങ്ങളുടെ അടിവേരുകൾ ഇളകുന്നതിന്റെ തിരിച്ചറിവിലാണെന്നത് അവരുടെ തന്നെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം.


റീഫോം യുകെ ഭാവിയിൽ അധികാരത്തിലെത്തിയാൽ യുകെ മലയാളികളെയും അതിലുപരി യുകെലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിലുപരി നിലവിലെ സാഹചര്യങ്ങൾ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തിരി കൊളുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് റീഫോം യുകെയുടെ കടന്നു കയറ്റത്തെ തടയിടാൻ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ ശക്തമാക്കാൻ ലേബർ പാർട്ടി സർക്കാർ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ്.


റീഫോം യുകെയുടെ മിന്നുന്ന വിജയം ആദ്യം ബാധിക്കുന്നത് വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ഒട്ടേറെ ചോദ്യചിഹ്നങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ ധവളപത്രം മെയ് പാതിയോട് ലേബർ സർക്കാർ പുറത്തിറക്കും. നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ അതിൽ പ്രതിഫലിക്കാനാണ് സാധ്യത. യുകെയിലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനും വിസ സമ്പ്രദായത്തിന്റെ ദുരുപയോഗമാണെന്ന് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ സർക്കാർ ഈ മാസം അന്തിമമാക്കുകയാണ്. 2024 ൽ യുകെയിൽ അഭയം തേടുന്ന 108,000 പേരിൽ 16,000 പേർക്ക് വിദ്യാർത്ഥി വിസ ഉണ്ടായിരുന്നതായി കാണിക്കുന്ന കണക്കുകൾ മാർച്ചിൽ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. കുറഞ്ഞ ശമ്പളമുള്ള ജോലികൾ ഏറ്റെടുത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരുന്നത് തടയാനുള്ള വഴികളും മന്ത്രിമാർ പരിശോധിക്കുന്നുണ്ട്. അത്തരമൊരു നീക്കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന സർവകലാശാലകളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാനുള്ള സാധ്യതയുമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 മെയ് 5 മുതൽ മെയ് 8 വരെ നാല് ദിവസത്തെ പരിപാടികളോടെ യുണൈറ്റഡ് കിംഗ്ഡം വിക്ടറി ഇൻ യൂറോപ്പ് (VE) ദിനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി യുകെ. മെയ് 5 തിങ്കളാഴ്ച സെൻട്രൽ ലണ്ടനിൽ നടക്കുന്ന മഹത്തായ സൈനിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. പാർലമെന്റ് സ്‌ക്വയറിന് പുറത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ വിഖ്യാതമായ വിഇ ഡേ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ചൊല്ലുന്നതിന് പിന്നാലെ, ഒരാൾ നൂറ് വർഷം പഴക്കമുള്ള കോമൺവെൽത്ത് വാർ ഗ്രേവ്സ് ടോർച്ച് ഫോർ പീസ് കൈമാറും.

ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റും ദി കിംഗ്സ് ട്രൂപ്പും, റോയൽ ഹോഴ്സ് ആർട്ടിലറിയും നയിക്കുന്ന ഘോഷയാത്ര, ട്രാഫൽഗർ സ്ക്വയർ, സെനോട്ടാഫ് എന്നിവ കടന്ന് മാളിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നീങ്ങും. റെഡ് ആരോസ്, ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും ചരിത്രപരവുമായ 23 സൈനിക വിമാനങ്ങളും രണ്ടാം ലോകമഹായുദ്ധകാലത്തെ റോയൽ എയർഫോഴ്‌സ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയൽ ഫ്ലൈറ്റിലെ വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഫ്ലൈപാസ്റ്റോടെയാണ് പരിപാടി സമാപിക്കുക.

രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരെ ആദരിക്കുന്നതിനായി ലണ്ടൻ ടവറിൽ 30,000 കടും ചുവപ്പ് നിറത്തിലുള്ള സെറാമിക് പോപ്പികൾ സ്ഥാപിക്കുന്നതാണ് അനുസ്‌മരണ ചടങ്ങിൻെറ പ്രധാന ആകർഷണം. മെയ് 8 വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രണ്ടാം ലോക മഹായുദ്ധ തലമുറയെ ആദരിച്ചുകൊണ്ട് ചാൾസ് രാജാവ് പങ്കെടുക്കുന്ന പരിപാടിയോടെ അനുസ്മരണ ചടങ്ങുകൾ അവസാനിക്കും. രാജ്യവ്യാപകമായി രണ്ട് മിനിറ്റ് മൗനാചരണവും സംഗീതകച്ചേരികൾ, പള്ളിയിലെ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ കമ്മ്യൂണിറ്റി പരിപാടികളും ഈ ദിനത്തിൽ ഉണ്ടായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏറെ നാളുകളായി യുകെയിലും ഇന്ത്യയിലും നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുന്നേറി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാര കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനു പകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്.

നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദീർഘനാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചില വിവാദ വിഷയങ്ങളും ഉയർന്നു വരുന്നുണ്ട്. ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്ന കോഹിനൂർ രത്നത്തിന്റെ കൈമാറ്റം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ സന്ദർശിക്കുന്ന യുകെ സാംസ്കാരിക, മാധ്യമ, കായിക സെക്രട്ടറി ലിസ നന്ദി ആണ് ഏറ്റവും ഒടുവിലായി ഈ വിഷയത്തിൽ പ്രതികരിച്ചത്. പൗരാണിക പ്രാധാന്യമുള്ള സാംസ്കാരിക കാലാവസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ച് യുകെയും ഇന്ത്യയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.108 കാരറ്റ് കോഹിനൂർ രത്നം 1849-ൽ മഹാരാജ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് ഇത് സമ്മാനമായി നൽകി. 1937-മുതൽ തന്റെ കിരീടത്തിൽ രാജ്ഞി ഈ രത്നം ധരിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ ലഭിക്കുമോ? മറുപടിയുമായി ബ്രിട്ടീഷ് മന്ത്രി.

ഇന്ത്യയിലേക്കുള്ള യുകെയുടെ പ്രതിനിധി സംഘത്തെ നയിക്കുന്ന ലിസ നന്ദി ന്യൂഡൽഹിയിൽ ഇന്ത്യൻ സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ഒരു പ്രധാന സാംസ്കാരിക സഹകരണ കരാറിൽ ഒപ്പുവച്ചതാണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്.

യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിതെളിക്കും. ട്രംപ് ഉയർത്തിയ താരിഫ് വിപണിയെ മറികടക്കാൻ പുതിയ കരാർ നിലവിൽ വരുന്നത് യുകെയെ സഹായിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഓരോ വർഷവും ഇന്ത്യക്കാർക്കായി സ്കിൽഡ് വിസ നടപടിക്രമങ്ങൾ ഇളവു വരുന്നത് കൂടുതൽ ഇന്ത്യക്കാർക്ക് യുകെയിൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കും. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് എത്ര ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനപ്രദമാകുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നിലവിൽ ഒരു കണക്ക് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴ് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തു. 5 പേർ അറസ്റ്റിലായ വിവരം നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വീണ്ടും മൂന്ന് ഇറാനിയൻ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.


ആദ്യം അഞ്ച് പേർ അറസ്റ്റിലായതും പിന്നീട് മൂന്നുപേരു കൂടി അറസ്റ്റിലായതും വ്യത്യസ്ത സംഘങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സംഘങ്ങൾ തമ്മിൽ പരസ്പരബന്ധമില്ലെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. നമ്മുടെ രാജ്യം സുരക്ഷിതമായി നിലനിർത്താൻ സ്വീകരിച്ച നടപടിക്ക് പോലീസിനും സുരക്ഷാ സേവനങ്ങൾക്കും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു.


ദേശീയ സുരക്ഷാ ഭീഷണികളോട് കരുതലോടെ പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത ഓപ്പറേഷനിൽ വിരുദ്ധ നാല് പേരെ തീവ്രവാദ നിയമപ്രകാരം ആണ് കസ്റ്റഡിയിലെടുത്തത് . അഞ്ചാമത്തെ വ്യക്തിയെ , ക്രിമിനൽ എവിഡൻസ് (പേസ്) ആക്ട് പ്രകാരം ആണ് പോലീസ് അറസ്റ്റ് ചെയ്തത് . വെസ്റ്റ് ലണ്ടനിലെ സ്വിൻഡൺ, സ്റ്റോക്ക്പോർട്ട്, റോച്ച്‌ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് . അന്വേഷണം ഇപ്പോഴും പ്രാരംഭ ദശയിലാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സാധ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മെറ്റ്സ് കൗണ്ടർ ടെററിസം കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭീകരവാദ കുറ്റകൃത്യങ്ങളിൽ സംശയിക്കുന്ന 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 4 പേരും ഇറാനിയൻ വംശജരാണ്. ഇംഗ്ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഒരു പ്രത്യേക സ്ഥലം ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതി തയ്യാറാക്കിയതായാണ് പോലീസ് പറയുന്നത്.

29 വയസ്സുള്ള രണ്ടുപേരും 40 ഉം 46 വയസ്സുള്ളവരുമായ ഇറാനിയൻ വംശജരാണ് പിടിയിലായത്. അറസ്റ്റിലായ 5 -ാo മത്തെ വ്യക്തിയുടെ പ്രായവും ഏത് രാജ്യത്തിൽ നിന്നുള്ള ആളാണെന്നുള്ള കാര്യവും ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഏത് സ്ഥലത്ത് ആക്രമണം അഴിച്ചുവിടാനാണ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് അറിയിച്ചിട്ടില്ല . സ്വിൻഡൺ , സ്റ്റോക്ക്പോർട്ട് , പടിഞ്ഞാറൻ ലണ്ടനിൽ ,റോച്ച്‌ഡെയ്ൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പേര് വിവരങ്ങൾ വെളിപ്പെടുത്താത്ത അഞ്ചാമനെ അറസ്റ്റ് ചെയ്തത് മാഞ്ചസ്റ്ററിൽ നിന്നാണ്. അന്വേഷണത്തിന്റെ ഭാഗമായി, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലണ്ടൻ, സ്വിൻഡൺ എന്നീ പ്രദേശങ്ങളിലെ നിരവധി വിലാസങ്ങളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗേറ്റ്‌സ്‌ഹെഡിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു ആൺകുട്ടി മരിച്ചതിനെ തുടർന്ന് 11 നും 14 നും ഇടയിൽ പ്രായമുള്ള പതിനാല് കുട്ടികളെ നരഹത്യ സംശയിച്ച് അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 11 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗേറ്റ്‌സ്‌ഹെഡിലെ ബിൽ ക്വേ പ്രദേശത്തെ ഒരു വ്യവസായ പാർക്കിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 8 മണിയോടെയാണ് തീപിടുത്തമുണ്ടായത് .

നോർത്തുംബ്രിയ പോലീസും ടൈൻ ആൻഡ് വെയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും നടത്തിയ തിരച്ചിലിനെ തുടർന്ന് 14 വയസ്സുള്ള ലെയ്‌ടൺ കാറിന്റേതെന്ന് കരുതുന്ന ഒരു മൃതദേഹം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടന്നും അവർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണയുണ്ടന്നും പോലീസ് പറഞ്ഞു. അന്വേഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഓൺലൈനിലോ സമൂഹമാധ്യമങ്ങളിലൊ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു.


ഇത് വളരെ ദാരുണമായ ഒരു സംഭവമാണെന്നും ഒരു ആൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു എന്നും
നോർത്തംബ്രിയ പോലീസിലെ ഡിസിഐ ലൂയിസ് ജെങ്കിൻസ് പറഞ്ഞു. സംഭവത്തിൻ്റെ പിന്നിലെ ചുരുളഴിക്കാൻ പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരം ഉള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ രോഗികളുടെ രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ക്യാൻസർ 360 എന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി എൻഎച്ച്എസ്. ആരോഗ്യ പ്രവർത്തകർ ഒന്നിലധികം സ്‌പ്രെഡ്‌ഷീറ്റുകൾ, ഇമെയിലുകൾ, രേഖകൾ എന്നിവയിലൂടെ തിരയേണ്ട നിലവിലെ പ്രക്രിയയ്ക്ക് പകരമായി, എല്ലാ രോഗി ഡേറ്റയും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ഉപകരണം അവതരിപ്പിക്കുന്നതിൻെറ ലക്ഷ്യം. ഓരോ രോഗിയുടെയും പൂർണ്ണമായ വിവരങ്ങൾ ഡോക്ടർമാർക്കും നേഴ്‌സുമാർക്കും നൽകുന്നത് വഴി, അടിയന്തര കേസുകൾക്ക് മുൻഗണന നൽകാനും കാലതാമസം കൂടാതെ കാര്യക്ഷമമായി രോഗം പരിഹരിക്കാനും ക്യാൻസർ 360 ഉപയോഗിച്ച് സാധിക്കും.

രാജ്യത്തുടനീളമുള്ള കൂടുതൽ ആശുപത്രികളിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് വഴി ചികിത്സാ സമയവും രോഗികളുടെ മൊത്തത്തിലുള്ള അനുഭവവും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്ലിനിക്കൽ ട്രാൻസ്ഫോർമേഷൻ ഡയറക്ടർ ഡോ. വിൻ ദിവാകർ പറഞ്ഞു. രോഗനിർണയം വേഗത്തിലാക്കുന്നതിനു പുറമേ, ക്യാൻസർ 360 ചികിത്സയുടെ കാലതാമസം കുറയ്ക്കുകയും അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) പ്രസ്താവിച്ചു. മാക്മില്ലൻ ക്യാൻസർ സപ്പോർട്ട് പോലുള്ള സംഘടനകളിൽ നിന്ന് ഈ സംരംഭത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.

യുകെയിൽ ക്യാൻസർ ബാധിതരുടെ എണ്ണം 3.5 ദശലക്ഷത്തിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തിൽ, വേഗതയേറിയതും കൂടുതൽ നീതിയുക്തവുമായ ക്യാൻസർ പരിചരണത്തിന്റെ അടിയന്തര ആവശ്യകത മാക്മില്ലൻ കാൻസറിൻെറ പ്രതിനിധി ഈവ് ബൈർൺ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും കാലതാമസം കുറയ്ക്കുകയും രോഗികളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ബാത്തിലെയും ചെൽസിയിലെയും റോയൽ യുണൈറ്റഡ് ആശുപത്രിയിലും വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലും ക്യാൻസർ 360 സാങ്കേതികവിദ്യയുടെ പരീക്ഷണം നല്ല ഫലങ്ങൾ കാണിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് വന്ന ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ടായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ യുകെ മലയാളികളുടെ പുതുതലമുറ വിവിധ മേഖലകളിൽ വെന്നി കൊടി പാറിക്കുന്നതിന്റെയും നേട്ടങ്ങൾ കൈവരിക്കുന്നതിൻ്റെയും അഭിമാനകരമായ ജീവിത ഗാഥകൾ മലയാളം യുകെ ന്യൂസ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരമൊരു അസുലഭ നേട്ടത്തിന്റെ കഥയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.


മാതാപിതാക്കളുടെ കൈപിടിച്ച് യുകെയിലേക്കും കേരളത്തിലേക്കും നടത്തിയ യാത്രകളിൽ സാന്ദ്ര മോൾ കണ്ടത് ആകാശപാതകളിലൂടെ പറന്നു നടക്കുന്നതിനെ കുറിച്ചായിരുന്നു. 21-ാം വയസ്സിൽ പൈലറ്റ് ആവുക എന്ന അഭിമാനകരമായ നേട്ടം അവൾ സ്വന്തമാക്കി. ഇന്ന് 23 വയസ്സിൽ എത്തി നിൽക്കുമ്പോൾ മുപ്പത്തിനാലായിരത്തിലധികം മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് സമാനതകളില്ലാത്ത നേട്ടത്തിലൂടെ യുകെ മലയാളികൾക്ക് ആകെ അഭിമാനമായിരിക്കുകയാണ് സാന്ദ്ര. 21 വർഷം മുൻപാണ് സാന്ദ്രയുടെ പിതാവ് ജെൻസൻ പോൾ ചേപ്പാലയും അമ്മ ഷിജി ജെൻസനും കേരളത്തിലെ കാലടിയിൽ നിന്ന് യുകെയിൽ എത്തിയത്. ജെന്‍സണ്‍ ഒക്കല്‍ കേംബ്രിഡ്ജില്‍ ‘അച്ചായന്‍സ് ചോയ്സ് ‘ എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതില്‍ ട്രെഡിംഗ് ബിസിനസ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെന്‍സണ്‍ അഡന്‍ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്‍സണ്‍ ഗ്യാസ് ഇന്‍ഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരന്‍ ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.


കഠിനാ പരിശീലനവും പരീക്ഷയും പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത് കുടുംബത്തിൻറെ പൂർണ്ണ പിന്തുണ കൊണ്ടാണ് എന്ന് സാന്ദ്ര പറഞ്ഞു. മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ജസീറ എയർവെയ്സിൽ ആണ് നിലവിൽ സാന്ദ്ര ജോലി ചെയ്യുന്നത്. യുകെ മലയാളികളുടെ പുതുതലമുറക്കാരിക്ക് ഇനിയും കൂടുതൽ അഭിമാനകരമായ നേട്ടങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വച്ച് ഒരു സ്ത്രീയെ അടിമയായി ജോലി ചെയ്യാൻ നിർബന്ധിച്ചതിന് യു എൻ ജഡ്ജിക്ക് ആറുവർഷവും നാല് മാസവും തടവ് ശിക്ഷ ലഭിച്ചു. പ്രതി ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. 50 കാരിയായ ലിഡിയ മുഗാംബെ സർവകലാശാലയിൽ ഗവേഷണം നടന്നപ്പോഴാണ് ശിക്ഷയ്ക്ക് കാരണമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയത്.

ഉഗാബയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇവരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയായത് . യുകെ കുടിയേറ്റ നിയമം ലംഘിക്കുക ,ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിക്കുക, ചൂഷണം ലക്ഷ്യമിട്ട് കൊണ്ടുപോകുക എന്നീ കുറ്റകൃത്യങ്ങൾ ആണ് ഇവർ നടത്തിയതായി തെളിയിക്കപ്പെട്ടത്. ഇത് കൂടാതെ വിചാരണയ്ക്കിടെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തിയതും തെളിഞ്ഞിരുന്നു.

സംഭവം നടക്കുമ്പോൾ ഉഗാണ്ടയിലെ ഒരു ഹൈക്കോടതി ജഡ്ജി കൂടിയായിരുന്നു മുഗാംബെ . വെള്ളിയാഴ്ച ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയിൽ മുഗാംബെയെ ശിക്ഷിച്ച ജഡ്ജി ഫോക്‌സ്റ്റൺ ഇതൊരു വളരെ ദുഃഖകരമായ കേസാണ് എന്ന് പറഞ്ഞു. പ്രതി തന്റെ പെരുമാറ്റത്തിൽ പശ്ചാത്താപം കാണിച്ചില്ല എന്നും സംഭവിച്ചതിന് ഇരയെ നിർബന്ധിതമായി കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഫോക്‌സ്റ്റൺ പറഞ്ഞു. ഉഗാണ്ടയിൽ മുഗാംബെയുടെ ശക്തമായ ഔദ്യോഗിക പദവി കാരണം കടുത്ത ഭയത്തിലാണ് ജീവിക്കുന്നതെന്ന് നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 24 കൗൺസിലുകളിലെയും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സാധാരണ ഗതിയിൽ യുകെ മലയാളികളുടെ ഇടയിൽ അധികം ചർച്ചാവിഷയമാകേണ്ട കാര്യമായിരുന്നില്ല. മലയാളികളുടെ ഇടയിൽ മാത്രമല്ല യുകെയിലേയ്ക്ക് ജോലിക്കായി കുടിയേറിയ ഒട്ടുമിക്ക അന്യരാജ്യക്കാരുടെ ഇടയിലും ഇനി യുകെയെ സ്വപ്നം കാണുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഫലം വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അതിൻറെ പ്രധാനകാരണം ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും തറ പറ്റിച്ചുകൊണ്ട് റീഫോം യുകെ നേടിയ വിജയമാണ്.

കുറഞ്ഞത് ആറ് കൗണ്ടി കൗൺസിലുകളുടെയും ഒരു മേയർ സ്ഥാനത്തെക്കും റീഫോം യുകെ വെന്നികൊടി പാറിച്ചു. ഇതിലുപരി സുരക്ഷിതമെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു പാർലമെന്ററി ഉപതിരഞ്ഞെടുപ്പിൽ ഭരണത്തിലിരിക്കുന്ന ലേബർ പാർട്ടിയെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയും ചെയ്തതു . ഒരു പക്ഷെ റീഫോം യുകെ സമീപ ഭാവിയിൽ മുഖ്യപ്രതിപക്ഷത്തേയ്ക്ക് എത്തിച്ചേരുമെന്ന സൂചനകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മെയ് 1 ലെ തിരഞ്ഞെടുപ്പിൽ നിന്നുള്ള വോട്ടുകൾ വെള്ളിയാഴ്ചയും എണ്ണുമ്പോൾ ലേബറിനും കൺസർവേറ്റീവുകൾക്കും ലഭിച്ച സംയുക്ത വോട്ട് 50% ൽ താഴെയാണ് . യുകെയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിച്ചത്. രാജ്യത്തുടനീളം റിഫോം 30% വോട്ട് നേടി. ലേബർ 20% വോട്ടും ലിബറൽ ഡെമോക്രാറ്റുകൾ 17% വോട്ടും നേടി . കൺസർവേറ്റീവുകൾ 15% വോട്ടും നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തിൽ നിന്ന് നിരവധി പേരാണ് ആരോഗ്യമേഖലയിൽ ഒരു ജോലിക്കായി യുകെയെ സ്വപ്നം കാണുന്നത്. നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം അന്യ രാജ്യക്കാരിൽ കൂടുതലും മലയാളി നേഴ്സുമാരാണ്. കുടിയേറ്റ വിരുദ്ധ ആശയങ്ങൾ മുദ്രാവാക്യംആക്കിയ റീഫോം യുകെ ഭാവിയിൽ ബ്രിട്ടനിൽ ഭരണത്തിലേറിയാൽ നടപ്പിലാകുന്ന നയങ്ങൾ ലക്ഷ കണക്കിന് ബ്രിട്ടനിലെ കുടിയേറ്റക്കാരെ സാരമായി ബാധിക്കുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കുടിയേറ്റ വിരുദ്ധതയും ബ്രിട്ടീഷ് പൗരന്മാരുടെ തൊഴിൽ ഇല്ലായ്മയും ഉയർത്തി റീഫോം യുകെ അധികാരത്തിൽ എത്തിയാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളിൽ കാതലായ നയമാറ്റങ്ങൾ സംഭവിച്ചേക്കാം. യുകെയിൽ ജോലി ലഭിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കപ്പെടുമെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. റിഫോം യുകെയുടെ വിജയം ബ്രിട്ടണിലെ രാഷ്ട്രീയ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് .

RECENT POSTS
Copyright © . All rights reserved