Main News

സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഏബൽ ഞായറാഴ്ചയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
കണ്ണൂർ ഇരുട്ടി ആനപ്പന്തിയിൽ വാഴക്കാലായിൽ വീട്ടിൽ സന്തോഷിന്‍റെയും ചെമ്പത്തൊട്ടി മേലേമുറിയിൽ ബിന്ദുവിന്‍റെയും മകനാണ് ഒൻപതു വയസ്സുകാരനായിരുന്ന ഏബൽ. സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ദമ്പതിമാർക്ക് ഏബലിനെ കൂടാതെ ഗബ്രിയേൽ, ഡാനിയേൽ, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ട്.

നവംബർ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റൺ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്റർ ഇനിമുതൽ സേഫ് സോണുകളായാകും അറിയപ്പെടുക. ഇത്തരത്തിലുള്ള സേഫ് സോണുകളിൽ ഗർഭചിദ്ര സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ മന:പ്പൂർവ്വം തടസ്സപ്പെടുത്തുകയോ, അബോർഷന് എതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയോ, പ്രതിഷേധം നടത്തുകയോ ചെയ്താൽ ഇനിമുതൽ ക്രിമിനൽ കുറ്റമായാകും പരിഗണിക്കപ്പെടുക. ഗർഭച്ഛിദ്ര സേവനങ്ങൾ തേടുന്ന സ്ത്രീകൾക്ക് പ്രതിഷേധങ്ങളിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ അബോർഷൻ ക്ലിനിക്കുകൾക്കും പുറത്ത് ഇത്തരത്തിലുള്ള സംരക്ഷണ മേഖലകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നര വർഷം മുൻപാണ് പുതിയ മാറ്റങ്ങൾക്കുള്ള ഈ ബിൽ പാസാക്കപ്പെട്ടത്. പിന്നീട് പാർലമെൻ്റിനുള്ളിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്ക് ശേഷം, പൊതുജനാഭിപ്രായം കുടി തേടേണ്ടി വന്നതോടെയാണ് ബിൽ നടപ്പിലാക്കാൻ വൈകിയത്. വിവിധതരത്തിലുള്ള പ്രതികരണങ്ങളാണ് ബില്ലിനോട് അനുബന്ധിച്ച് പുറത്തുവരുന്നത്. അബോർഷൻ എതിരെയുള്ള പ്രതിഷേധക്കാരിൽ നിന്ന് തങ്ങൾക്ക് അനുഭവിക്കുന്ന ക്രൂരതകളിൽ നിന്നുള്ള ഒരു വിടുതലാണ് ഈ ബില്ലിലൂടെ ലഭിക്കുന്നതെന്ന് നേഴ്സായ കെന്റൽ റോബിൻസ് മാധ്യമങ്ങളോട് പറഞ്ഞു. അബോർഷനുള്ള തീരുമാനമെടുക്കുന്ന സ്ത്രീകൾ തികച്ചും ദുർബലരാണെന്നും, അവർ ജീവിതത്തിന്റെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുകയും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കി.

സ്കോട്ട്ലൻഡിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം കഴിഞ്ഞ മാസം മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. അതേസമയം ഈ നിയമ നിർമ്മാണം 2023 സെപ്റ്റംബർ മുതൽ നോർത്തേൺ അയർലണ്ടിൽ നിലവിലുണ്ട്. എന്നാൽ നിയമനിർമ്മാണം വന്നെങ്കിൽ പോലും, അബോർഷനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതികരണമാണ് പ്രതിഷേധക്കാർ നൽകുന്നത്. സെൻട്രൽ ലണ്ടനിലെ മേരി സ്റ്റോപ്സ് ഇൻ്റർനാഷണൽ (എംഎസ്ഐ) സെൻ്ററിന് സമീപമുള്ള ഒരു തെരുവിൽ ജപമാല മുത്തുകളും പ്ലക്കാർഡുമായി പ്രതിഷേധിച്ച മൂന്ന് പേർ തങ്ങൾ 150 മീറ്ററിന് പുറത്താണെന്ന് ഉറപ്പുവരുത്തിയാണ് പ്രതിഷേധിക്കുന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർന്നും ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിലെ നികുതികൾ തൊഴിലാളികളുടെ ശമ്പളത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളം മേടിക്കുന്ന അധ്വാന വർഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ബഡ്ജറ്റിൽ ഉണ്ടാവുകയില്ലെന്ന് നേരത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലുടമകളെ ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് നികുതി വർദ്ധനവ് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ദേശീയ ഇൻഷുറൻസ് നിരക്കിലെ വർദ്ധനവും അതുകൂടാതെ അടയ്ക്കേണ്ട പരുധിയിലെ കുറവും കാരണം ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതിഭാരവും ആണ് ചാൻസിലർ തൊഴിലുടമകളുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നേരിട്ട് തൊഴിൽ ദാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം ഭാരങ്ങൾ പരോക്ഷമായി തൊഴിലാളികളെ ബാധിക്കും എന്നതാണ് വസ്തുത. ദേശീയ ഇൻഷുറൻസിലെ പുതിയ വർദ്ധനവും നടപടിക്രമങ്ങളും മൂലം തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും തൊഴിലുടമകളുടെ ഭാഗത്തു നിന്ന് കർശനമായ സമീപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

എന്നാൽ ബിസിനസുകാർ അവരുടെ ലാഭത്തിൽ നിന്ന് നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് അടയ്ക്കണമെന്നാണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നതെന്നും ഇത് വേതന വർദ്ധനവിനെ ബാധിക്കേണ്ടതില്ലെന്നുമാണ് ചാൻസലർ റേച്ചൽ റീവ്സ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് നേരിട്ട് ശമ്പളത്തെ ബാധിക്കില്ലെങ്കിലും കാലക്രമേണ തൊഴിലാളികളുടെ വേതനത്തെ ബാധിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു. പരോക്ഷമായി തങ്ങളുടെ വേതനത്തെ ബാധിക്കുന്ന ബഡ്ജറ്റിലെ നയങ്ങളെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും ഉയർന്നു വരുമെന്നാണ് കരുതപ്പെടുന്നത്.

കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഉള്ള വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 മണി വരെയായിരുന്നു വോട്ടിംഗ് സമയം. മുൻ പ്രധാനമന്ത്രി ഋഷി സുനകിന് പകരം കൺസർവേറ്റീവ് പാർട്ടിയെ ആര് നയിക്കും എന്ന് ശനിയാഴ്ച രാവിലെ പ്രഖ്യാപിക്കും.

4 മാസത്തോളം നീണ്ട മാരത്തോൺ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയമാണ് ഋഷി സുനകിന് പാർട്ടി നേതൃസ്ഥാനം തെറിക്കുന്നതിന് കാരണമായത്. നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ തുടക്കത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥികൾ പുറത്തായതിനെ തുടർന്ന് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കും മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്കും ആയിരുന്നു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ എത്തിയത്.

ആര് നേതൃസ്ഥാനത്തേയ്ക്ക് എത്തും എന്നത് കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത്. 24 ശതമാനത്തിൽ താഴെ വോട്ടുകളോടെ 121 സീറ്റുകളിൽ മാത്രമേ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനായുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഫ്രിക്കയിൽ അടുത്തിടെയുണ്ടായ ക്ലേഡ് 1 ബി പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മങ്കിപോക്സ് കേസ് യുകെയിൽ സ്ഥിരീകരിച്ചു. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക ബന്ധത്തിലൂടെയാണ് ഈ രോഗം ആളുകൾക്കിടയിൽ പടരുന്നത്. രോഗം സ്ഥിരീകരിച്ച യുകെ പൗരൻ രോഗ ബാധ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ഒക്ടോബർ 22 ന് ഫ്ലൂ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ചുണങ്ങുമുണ്ടായി.

 

എംപോക്‌സ്‌ മൂലം ഉണ്ടാകുന്ന ചുണങ്ങുകൾ ഒരു മാസം വരെ നീണ്ടുനിൽക്കും. രോഗം സ്ഥിരീകരിച്ച ആൾ, ഇപ്പോൾ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൻ്റെ പ്രത്യേക പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്ലേഡ് 1 ബി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡൻ, ഇന്ത്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ക്ലേഡ് 1 എയേക്കാൾ തീവ്രത കുറവായ ഈ രോഗം മൃഗങ്ങളുടെ സമ്പർക്കവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

2022-ൽ എം പോക്സ് കേസുകളുടെ പ്രാഥമിക കാരണം ക്ലേഡ് II ആയിരുന്നു. ഇത് സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരെയാണ് ബാധിച്ചത്. പിന്നീട് ഈ കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ രോഗികളുമായി അടുത്ത് സമ്പർക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെയിലെ ആരോഗ്യ പ്രവർത്തകർ. യുകെയിൽ ഇതാദ്യമായാണ് ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. അതേസമയം ആരോഗ്യ, സാമൂഹിക സംരക്ഷണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നികുതിയും ചെലവും മുതൽ പേയ്‌മെൻ്റും പെൻഷനും വരെയുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞ ഒരു ബജറ്റാണ് ഇന്നലെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചത്. ഈ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എങ്ങനെ സാധാരണക്കാരെ ബാധിക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

നിങ്ങൾക്ക് കുറഞ്ഞ വേതനമാണെങ്കിൽ നിങ്ങളുടെ വേതനം ഉയരും :-

തൊഴിലുടമകൾ തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മാസം മുതൽ ബ്രിട്ടനിൽ ഉടനീളം ഉയർത്തുമെന്ന പ്രഖ്യാപനം ബഡ്ജറ്റിലെ പ്രധാന നടപടിയാണ്. 21 വയസസിനു മുകളിലുള്ള ജീവനക്കാർക്കുള്ള ദേശീയ ജീവിത വേതനം മണിക്കൂറിന് 11.44 പൗണ്ടിൽ നിന്ന് 12.21 പൗണ്ടായി ഉയരും. 18, 19, 20 വയസ്സ് എന്നീ പ്രായക്കാരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.60 പൗണ്ടിൽ നിന്ന് 10 പൗണ്ടായി ഉയരും. അതോടൊപ്പം തന്നെ,16 അല്ലെങ്കിൽ 17 വയസ് പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ടിൽ നിന്ന് 7.55 പൗണ്ടായി ഉയരുമെന്ന പ്രഖ്യാപനവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


എന്നാൽ ഇത് മൂലം ബിസിനസ് ഉടമകൾക്കും, തൊഴിലുടമകൾക്കും ഭാരം വർദ്ധിക്കുമെന്നാണ് നിഗമനം. മിനിമം വേതനം വർദ്ധിപ്പിച്ചത് മൂലം സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടതിന്റെ അധിക ചെലവിന് മുകളിൽ, തൊഴിലുടമകൾ സ്റ്റാഫുകൾക്കായി നൽകേണ്ട നാഷണൽ ഇൻഷുറൻസ് തുകയുടെ സംഭാവനകളും വർദ്ധിക്കും. ഇത് തൊഴിലുടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിന് ഇനി കൂടുതൽ ചെലവ് :

ഇംഗ്ലണ്ടിലെ പല റൂട്ടുകളിലും നിലവിൽ ഉണ്ടായിരുന്ന ഒറ്റ ബസ് നിരക്ക് പരിധി 2025ൽ  2 പൗണ്ടിൽ നിന്ന് 3 പൗണ്ടായി ഉയർത്തുവാനും ബഡ്ജറ്റിൽ തീരുമാനമായിട്ടുണ്ട്. ഇത് ജനങ്ങൾക്ക് കൂടുതൽ യാത്രാ ചെലവുകൾ ഉണ്ടാക്കും.


ഇതോടൊപ്പം തന്നെ പുകയിലയ്ക്ക് രണ്ട് ശതമാനം ടാക്സ് വർദ്ധിപ്പിക്കാനും ബഡ്ജറ്റിൽ തീരുമാനമായി. ക്യാപിറ്റൽ ഗയിൻ ടാക്സും വർദ്ധിപ്പിക്കാനുള്ള തീരുമാനം ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് 10% ൽ നിന്ന് 18% ആയും ഉയർന്ന നിരക്ക് 20% ൽ നിന്ന് 24% ആയും ഉയർത്തും. 2025 ജനുവരി 1 മുതൽ സ്വകാര്യ സ്കൂൾ ഫീസിൽ 20% എന്ന നിരക്കിൽ വാറ്റ് നികുതി ചേർക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിന് അനുസൃതമായി ഏപ്രിലിൽ ആനുകൂല്യങ്ങളായി ലഭിക്കുന്ന തുക 1.7% വർദ്ധിക്കുമെന്നും ചാൻസലർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ തലങ്ങളിലുള്ള സാധാരണക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി യുകെ ഗവൺമെൻ്റ് 22.6 ബില്യൺ പൗണ്ട് ഫണ്ടിംഗ് വർദ്ധന പ്രഖ്യാപിച്ചു. വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കാനും ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും തുടങ്ങിയ കാര്യങ്ങൾക്കായി ഈ പണം ഉപയോഗിക്കും. ശരിയായ ഫണ്ടിങ്ങിന്റെ അഭാവം മൂലം അപ്പോയിൻ്റ്മെൻ്റുകൾക്കും ചികിത്സകൾക്കുമായി നീണ്ട സമയം രോഗികൾക്ക് കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനി സാധാരണയിലും 40,000 അധിക ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ വരെ സാധ്യമാകും. കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. അതായത്, ഡോക്ടർ നിർദ്ദേശിച്ചതിന് ശേഷം ചികിത്സയ്ക്കായി 18 ആഴ്ചയിൽ കൂടുതൽ ആരും കാത്തിരിക്കേണ്ടതായി വരരുത്.

അധിക ജീവനക്കാരെ നിയമിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആയുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് ഉപയോഗിക്കും. ഫണ്ടിംഗിൻ്റെ ഒരു ഭാഗം ശമ്പള വർദ്ധനയിലേക്കും വർദ്ധിച്ചുവരുന്ന പരിചരണ ചെലവുകളിലേക്കും പോകും. കാത്തിരിപ്പു സമയങ്ങളിലെ പുരോഗതി പ്രാബല്യത്തിൽ വരാൻ സമയം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എൻ എച്ച് എസിൻ്റെ പ്രതിദിന പ്രവർത്തന ബജറ്റിലേക്ക് ട്രഷറി ശരാശരി 4% വാർഷിക വർദ്ധനവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ഇൻഫ്രാസ്ട്രക്ചറിനും ഉപകരണങ്ങൾക്കുമായി 3.1 ബില്യൺ പൗണ്ടിൻ്റെ റെക്കോർഡ് നിക്ഷേപവും ചാൻസലർ റീവ്സ് പ്രഖ്യാപിച്ചു. ഇതിൽ മെയിൻ്റനൻസ് ബാക്ക്‌ലോഗുകളും അറ്റകുറ്റപ്പണികളും പരിഹരിക്കുന്നതിന് പ്രത്യേകമായി 1 ബില്യൺ പൗണ്ട് മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു £1.5 ബില്യൺ പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും രോഗനിർണ്ണയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. അതേസമയം £ 70 ദശലക്ഷം ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി റേഡിയോ തെറാപ്പി മെഷീനുകൾ വാങ്ങുന്നതിന് ചെലവഴിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻെറ വീട്ടിൽ മോഷണം. തൻ്റെ ഭാര്യ ക്ലെയർ റാറ്റ്ക്ലിഫും അവരുടെ രണ്ട് മക്കളായ ലെയ്‌ട്ടണും ലിബിയും ഉള്ളപ്പോൾ മുഖംമൂടി ധരിച്ച കള്ളന്മാർ ഒക്ടോബർ 17 ന് തൻ്റെ കൗണ്ടി ഡർഹാമിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 2020-ൽ സമ്മാനമായി ലഭിച്ച ആഭരണങ്ങളും കായികരംഗത്തെ സംഭാവനകൾക്കും നേട്ടങ്ങൾക്കും ലഭിച്ച ബഹുമതികളും മെഡലുകളും ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ എടുത്തതായി അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ആർക്കും ശാരീരികമായി പരുക്കുകൾ ഇല്ല. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി മാലകൾ, ക്രിസ്റ്റ്യൻ ഡിയോർ ബാഗ്, മോതിരം എന്നിവയുൾപ്പെടെ മോഷണം പോയ ചില വസ്തുക്കളുടെ ചിത്രങ്ങൾ സ്റ്റോക്സ് പങ്കുവച്ചു. മോഷണം പോയ വസ്‌തുക്കൾ തിരികെ ലഭിക്കാൻ അല്ല മറിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മോഷണത്തിന് പിന്നാലെ, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനത്തിന് സ്റ്റോക്സ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 37 റൺസ് മാത്രമാണ് സ്‌റ്റോക്‌സിന് നേടാൻ ആയത്. ഇതൊക്കെയാണെങ്കിലും, ടെസ്റ്റ് പരമ്പര അവസാനിക്കുന്നതുവരെ അദ്ദേഹം പാകിസ്ഥാനിൽ തുടർന്നു. പരമ്പരയിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് തോറ്റു. കഴിഞ്ഞ വർഷം സിക്‌സ് നേഷൻസ് മത്സരത്തിന് പോകുന്നതിനിടെ സ്റ്റോക്‌സിൻ്റെ ബാഗ് മോഷണം പോയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടിക് ടോക്കിന് പിന്നിലെ കമ്പനിയായ ബൈറ്റ് ഡാൻസ് സ്ഥാപകനായ ഷാങ് യിമിംഗിന്റെ ആസ്‌തി 38 ബില്യൺ പൗണ്ടിലെത്തി. 2021-ൽ ബൈറ്റ് ഡാൻസ് പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയെങ്കിലും, യിമിംഗ് 20% ഓഹരി നില നിന്നിരുന്നു. ഇതാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ അദ്ദേഹത്തിൻ്റെ സമ്പത്തിൽ 43% വർദ്ധനവിന് കാരണമായത്. ഇതോടെ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പട്ടികയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് യിമിംഗ്. 1980 -ന് ശേഷം ജനിച്ചവരിൽ ഈ പട്ടികയിൽ എത്തുന്ന ആദ്യ ആളാണ് ഷാങ് യിമിംഗ്.

കുടിവെള്ള വ്യവസായിയായ സോങ് ഷാൻഷനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ഷാങ് യിമിംഗിന്റെ ഈ നേട്ടം. 2023 നെ അപേക്ഷിച്ച് സോങ്ങിൻ്റെ സമ്പത്ത് 24% കുറഞ്ഞ് 36 ബില്യൺ പൗണ്ടായിട്ടുണ്ട്. പരമ്പരാഗത വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയുടെ സാങ്കേതിക മേഖല നൽകുന്ന സാമ്പത്തിക ആഘാതം ഈ മാറ്റം എടുത്തു കാണിക്കുന്നു.

ചൈനീസ് സർക്കാരുമായുള്ള ബന്ധത്തെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ടിക് ടോക്ക് ലോകമെമ്പാടും വളരെ ജനപ്രിയമാണ്. ഡാറ്റാ സ്വകാര്യതയെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നാലെ ആപ്പ് ജനുവരിയോടെ യു എസിൽ നിരോധിക്കാനൊരുങ്ങിയിരിക്കുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സിന്റെ ചരിത്രപരമായ ബഡ്ജറ്റ് പ്രഖ്യാപനം ഇന്നുണ്ടാകും. 14 വർഷത്തിനിടെ ആദ്യമായാണ് ഒരു ലേബർ ചാൻസലർ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ബഡ്ജറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ചാൻസലർ നൽകിയിട്ടുണ്ട്. എന്നാൽ വേതന വർദ്ധനവിനോടൊപ്പം തന്നെ, നികുതി വർദ്ധനവും ഉണ്ടാകുമെന്നാണ് നിലവിലെ സൂചനകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. രാജ്യത്ത് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും, എല്ലാവർക്കും സമ്പത്തും അവസരവും വാഗ്ദാനം ചെയ്യുന്നതുമാണ് തന്റെ ബഡ്ജറ്റെന്ന് റീവ്സ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അടുത്തവർഷം ഏപ്രിൽ മാസം മുതൽ 21 വയസ്സിന് മുകളിലുള്ളവർക്ക് മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായി ഉയരുമെന്ന് ബുധനാഴ്ചത്തെ ബജറ്റിന് മുന്നോടിയായി ചാൻസലർ സ്ഥിരീകരിച്ചു. തൊഴിലാളികൾക്ക് യഥാർത്ഥ ജീവിത വേതനം എന്ന ലേബറിൻ്റെ വാഗ്ദാനങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ശമ്പള വർദ്ധനവ് എന്ന് റേച്ചൽ റീവ്സ് പറഞ്ഞു. എന്നാൽ പൊതു ധനകാര്യത്തിലെ വിടവ് നികത്തുന്നത് ഉദ്ദേശിച്ചുള്ള നികുതി വർദ്ധനയിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കാനാകുമെന്നും ചാൻസലർ പറഞ്ഞു. മുന്നോട്ടു കുതിക്കുന്ന സാമ്പത്തിക വളർച്ചയുടെ മുന്നോടിയാണ് ഈ ബഡ്ജറ്റെന്നും ചാൻസലർ ഉറപ്പ് നൽകി.


ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവ് പ്രഖ്യാപനം ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കൺസർവേറ്റീവ് സർക്കാർ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത നികത്തുന്നതിന് ഇത്തരത്തിലുള്ള നികുതി വർദ്ധനവ് അത്യന്താപേക്ഷിതമാണ്. എൻ എച്ച് എസിനെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിന് ആവശ്യമായ പ്രഖ്യാപനകളും ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരത്തിലിരിക്കുന്ന ലേബർ സർക്കാരിന് ഈ ബഡ്ജറ്റ് നിർണായകമാണ്.

RECENT POSTS
Copyright © . All rights reserved