ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയതായി നികുതികൾ അവതരിപ്പിക്കാൻ സർക്കാരിന് നിലവിൽ പരിപാടി ഒന്നും ഇല്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ അതിനുള്ള സാഹചര്യം പൂർണ്ണമായും തള്ളി കളയാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പലപ്പോഴും രാജ്യതാത്പര്യത്തെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജനപ്രിയമാകുമെന്ന് കരുതാനാവില്ലെന്ന് ബഡ്ജറ്റിലെ നികുതി നിർദേശങ്ങളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ വോട്ടർമാർക്ക് തങ്ങളുടെ ജീവിതനിലവാരം ഉയർന്നുവോ എന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് ഒക്ടോബറിലെ തൻ്റെ ആദ്യ ബജറ്റിൽ പൊതു ചെലവിൽ 70 ബില്യൺ പൗണ്ടിൻ്റെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. അതിൽ പകുതിയിലേറെയും കണ്ടെത്തുന്നത് നികുതി വർദ്ധനവിലൂടെയാണ്. നികുതി വർദ്ധനവിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നത് ബിസിനസുകാർക്കാണ്. എന്നാൽ തൊഴിൽ ഉടമകളുടെ മേൽ ചുമത്തുന്ന നികുതിഭാരം ആത്യന്തികമായി തൊഴിലാളികൾക്കാണ് ദോഷം ചെയ്യുക എന്ന വിമർശനം ശക്തമാണ്. നികുതി വർദ്ധനവ് മൂലം ശമ്പള വർധനവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് തൊഴിലുടമകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ദേശീയ ഇൻഷുറൻസ് വർദ്ധനവിലൂടെ പണം കണ്ടെത്താനുള്ള സർക്കാരിന്റെ തീരുമാനം തൊഴിൽ മേഖലയിൽ എങ്ങനെ പ്രതിഫലിക്കും എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്. പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറ് ദിവസം പ്രായമായ കുട്ടിയുടെ മരണത്തിൽ എൻഎച്ച്എസ് ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. 2016-ൽ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ ആറ് ദിവസം പ്രായമുള്ളപ്പോൾ ഹെയ്ഡൻ ഗുയെൻ എന്ന കുട്ടി മരിച്ച സംഭവത്തിലാണ് യുകെയിലെ ആരോഗ്യ സംവിധാനത്തിലെ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. വേണ്ടത്ര വൈദ്യസഹായം നൽകുന്നതിൽ അവഗണനയും പരാജയവും ഒരു കുഞ്ഞിൻ്റെ തടയാവുന്ന മരണത്തിന് കാരണമായതായിയാണ് കൊറോണർ കണ്ടെത്തിയിരിക്കുന്നത്.
തങ്ങളുടെ പിഞ്ചുകുഞ്ഞിൻ്റെ മരണത്തെ തുടർന്ന് കടുത്ത നിയമ പോരാട്ടമാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ നടത്തിയത്. കുഞ്ഞിൻറെ മരണത്തിൽ നീതി ലഭിക്കാനായി അവർ ഏഴു വർഷമാണ് ചിലവഴിച്ചത്. നിയമ പോരാട്ടത്തിനായി മാതാപിതാക്കൾക്ക് 250,000 പൗണ്ടും ചിലവായി. കടുത്ത യാതനകളുടെയും മനോവേദനകളുടെയും അവസാനമാണ് ആശുപത്രികളുടെ ചികിത്സാ പിഴവുകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
2016 ഓഗസ്റ്റിൽ പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി ആൻ്റ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിലേയ്ക്ക് ഹെയ്ഡനെ മാതാപിതാക്കൾ കൊണ്ടുപോയപ്പോൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ സാധിക്കാതിരുന്നതാണ് അവൻറെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹെയ്ഡന് നല്ല പനിയുണ്ടായിരുന്നു. പക്ഷേ കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി. ആശുപത്രിയിൽ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹെയ്ഡന് ലഭിച്ച ചികിത്സ പ്രതീക്ഷിച്ച നിലവാരത്തെക്കാൾ താഴെയായിരുന്നു എന്നാണ് സീനിയർ കൊറോണർ റിച്ചാർഡ് ട്രാവേഴ്സ് തൻ്റെ കണ്ടെത്തലുകളിൽ പറഞ്ഞു. ഉചിതവും സമയബന്ധിതവുമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഹെയ്ഡൻ്റെ മരണത്തെ തുടർന്ന് ആശുപത്രി നടത്തിയ ഒരു അന്വേഷണത്തിൽ ഗുരുതരമായ എട്ട് ചികിത്സാ പിഴവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷേ 2017 ൽ വെസ്റ്റ്മിൻസ്റ്റർ കൊറോണേഴ്സ് കോടതിയിൽ നടന്ന ഹെയ്ഡൻ്റെ മരണത്തെ കുറിച്ചുള്ള യഥാർത്ഥ ഇൻക്വസ്റ്റിൽ സ്വാഭാവിക കാരണങ്ങളാൽ കുട്ടി മരിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ഹെയ്ഡൻ്റെ മാതാപിതാക്കൾ വർഷങ്ങൾ നീണ്ടുനിന്ന നിയമം പോരാട്ടത്തിന് തുടക്കം കുറിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദറാഗ് കൊടുങ്കാറ്റ് യുകെയിലേക്ക് അടുക്കുന്നു. വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഉപയോഗമാണിത്. കൊടുങ്കാറ്റിനെ കുറിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റെഡ് വെതർ വാണിംഗ് ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആളുകളുടെ മൊബൈൽ ഫോണുകളിലേയ്ക്കാണ് അലർട്ട് അയച്ചിരിക്കുന്നത്. അലർട്ട് ലഭിക്കുന്ന ഫോണുകൾ 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറൺ പുറപ്പെടുവിക്കും. ഇന്ന് പുലർച്ചെ 3 മണി മുതൽ 11 വരെയാണ് അലർട്ട് പ്രാബല്യത്തിൽ ഉണ്ടാവുക.
വെയിൽസിൻ്റെ പടിഞ്ഞാറൻ, തെക്കൻ തീരപ്രദേശങ്ങളിലും ബ്രിസ്റ്റോൾ ചാനലിലും 90 മൈലോ അതിൽ കൂടുതലോ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഈ സ്ഥലങ്ങളിൽ കഴിയുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും ഡ്രൈവിംഗ് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. പവർ കട്ടുകൾക്കും മൊബൈൽ നെറ്റ്‌വർക്ക് തകരാറുകൾക്കും സാധ്യത ഉണ്ടെന്നും അധികൃതർ അറിയിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് വെയിൽസിലെ ഫുട്ബോൾ, റഗ്ബി മത്സരങ്ങളും യുകെയിലുടനീളമുള്ള ശീതകാല ഇവൻ്റുകളും റദ്ധാക്കിയിരിക്കുകയാണ്. വാറ്റ്ഫോർഡിനെതിരായ കാർഡിഫ് സിറ്റിയുടെ മത്സരം, ലണ്ടനിലെ ഹൈഡ് പാർക്കിൻ്റെ വിൻ്റർ വണ്ടർലാൻഡ്, ബെൽഫാസ്റ്റിൻ്റെ ക്രിസ്തുമസ് മാർക്കറ്റ് എന്നിവയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ചിരിക്കുകയാണ്. കാർഡിഫിലെ എയർപോർട്ട് റൺവേ അടച്ചിരിക്കുകയാണ്. ബ്രിസ്റ്റോൾ എയർപോർട്ടിലെ കാലതാമസത്തെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കാൻ ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു. ഐറിഷ് കടലിനു കുറുകെയും ന്യൂകാസിലിനും ആംസ്റ്റർഡാമിനുമിടയിലുള്ള ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ന് രാവിലെ മുതൽ ട്രെയിൻ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ഡ്രൈവർമാരും മറ്റുള്ളവരുമായും ഉള്ള സിഗ്നൽ സംവിധാനത്തിലെ പിഴവു മൂലമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എലിസബത്ത് ലൈൻ, ഗാറ്റ്‌വിക്ക് എക്‌സ്‌പ്രസ്, ഗ്രേറ്റ് നോർത്തേൺ, നോർത്തേൺ, സ്‌കോട്ട്‌റെയിൽ, സൗത്ത് ഈസ്‌റ്റേൺ, സതേൺ, സൗത്ത് വെസ്റ്റേൺ റെയിൽവേ, തേംസ്‌ലിങ്ക് സർവീസുകളെയെല്ലാം ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ചില പ്രധാന ഗതാഗത കേന്ദ്രങ്ങളായ മാഞ്ചസ്റ്റർ പിക്കാഡിലി, ലണ്ടൻ പാഡിംഗ്ടൺ, സതാംപ്ടൺ സെൻട്രൽ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്കും കാര്യമായ കാലതാമസം നേരിട്ടതിൽ ഉൾപ്പെടുന്നു.
പ്രശ്നങ്ങൾ തുടർന്നാൽ ചില സർവീസുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഓൺബോർഡ് ജിഎസ്എംആർ റേഡിയോ സിസ്റ്റത്തിൻ്റെ തകരാറാണ് പ്രശ്‌നമെന്ന് നാഷണൽ റെയിൽ പറഞ്ഞു. സിഗ്നൽ സംവിധാനത്തിലെ പ്രശ്നങ്ങളിൽ മിക്ക ട്രെയിനുകളും താമസിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മിക്ക സർവീസുകളുടെയും കാലതാമസം 15 മിനിറ്റിൽ കൂടുതലാവില്ല. എന്നാൽ ചില സേവനങ്ങൾ ഒരു മണിക്കൂർ വരെ വൈകുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സയ്ക്കും മരുന്ന് ലഭിക്കുന്നതിനും 52 മണിക്കൂർ കാത്തിരിപ്പിനു ശേഷം രോഗി മരിക്കാനിടയായ സംഭവം എൻഎച്ച്എസിൻ്റെ മേൽ കടുത്ത വിമർശനങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്ന അടിയന്തിര പരിചരണത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. പതിവ് അപ്പോയിന്റ്മെൻ്റുകൾക്ക് ശേഷം അത്യാഹിത വിഭാഗത്തിലേയ്ക്ക് അയച്ച 85 വയസ്സുകാരനാണ് ദുരവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വന്നത്. രണ്ട് ദിവസവും മരുന്നും പരിചരണവുമില്ലാതെ ആശുപത്രിയിലെ ഇടനാഴിയിൽ അദ്ദേഹത്തിന് ചിലവഴിക്കേണ്ടതായി വന്നു.
ഇതിനു ശേഷം മൂന്നാഴ്ചകൾക്കകം രോഗി മരിക്കുകയും ചെയ്ത സംഭവം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന വിമർശനം ശക്തമാണ്. പാർക്കിൻസൺസ് രോഗമുള്ള അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ പല ഇടവേളകളിൽ മരുന്ന് ആവശ്യമായിരുന്നു. ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് ബോഡിയുടെ (എച്ച്എസ്എസ്ഐബി) റിപ്പോർട്ട് അനുസരിച്ച് ഈ ശാരീരികമായ അവസ്ഥയുള്ള രോഗികൾക്ക് 18 ഡോസ് മരുന്നുകൾ എങ്കിലും ലഭിക്കേണ്ടതായിരുന്നു.
രോഗിയുടെ മരണത്തിൽ എൻഎച്ച്എസിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ ആശുപത്രിയുടെയോ രോഗിയുടെയോ പേര് വെളിപ്പെടുത്തിയിട്ടില്ല. എ & ഇ യിൽ 52 മണിക്കൂർ നേരം കാത്തിരിപ്പിനു ശേഷം പാർക്കിൻസൺ രോഗ ലക്ഷണങ്ങൾ വഷളാകുകയും ഭക്ഷണം വിഴുങ്ങാനുള്ള രോഗിയുടെ കഴിവ് നഷ്ടമാകുകയും ചെയ്തതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 52 മണിക്കൂർ ആശുപത്രി വരാന്തയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ 85 വയസ്സുള്ള വൃദ്ധൻ മരണമടഞ്ഞപ്പോൾ നാണക്കേട് സംഭവിച്ചത് ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആണ് . നെഞ്ചിലെ അണുബാധ, പാർക്കിൻസൺസ്, വാർദ്ധക്യത്തിൻ്റെ ബലഹീനത എന്നിവയാണ് രോഗിയുടെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാരണങ്ങൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒക്ടോബർ മാസത്തിൽ എ & ഇ ഡിപ്പാർട്ട്മെൻ്റിൽ 49,592 പേർക്കാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. രോഗികൾ എ &ഇ യിൽ അടിയന്തിര ചികിത്സയ്ക്കായി കാത്തിരിക്കുന്നതും മരുന്നും പരിചരണവും കിട്ടാതെ ജീവൻ വെടിയുന്നതും ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡൻ്റ് ഡോ.അഡ്രിയൻ ബോയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നായയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഈസ്റ്റ് ലണ്ടനിൽ ആണ് നായയുടെ ആക്രമണത്തിൽ 42 വയസ്സുകാരനായ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടത്. സ്ട്രാറ്റ്‌ഫോർഡിലെ ഷെർലി റോഡിൽ നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ ലെയ്‌നെ മക്‌ഡൊണലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ നായയുടെ ഉടമസ്ഥയാണ് ഇവർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അപകടകരമായ രീതിയിൽ നായയെ സ്വതന്ത്രമാക്കി വിട്ടതിനാണ് ലെയ്‌നെ മക്‌ഡൊണലിൻ്റെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബർ 18 -ന് നടന്ന മറ്റൊരു സംഭവത്തിൽ അപകടകരമായ രീതിയിൽ നായയെ അഴിച്ചു വിട്ടതിന് അവരുടെമേൽ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ട നായയെ പോലീസ് പിടികൂടിയതായി സേന സ്ഥിരീകരിച്ചു. റിമാൻഡ് ചെയ്ത മക്‌ഡൊണലിനെ വെള്ളിയാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷവും ഇംഗ്ലണ്ടിൽ ഏറ്റവും ജനപ്രിയ പേരുകളുടെ മുൻപന്തിയിൽ എത്തിയത് മുഹമ്മദ് ആണ് . കഴിഞ്ഞ വർഷത്തിനു സമാനമായി പെൺകുട്ടികളുടെ പേരുകളുടെ മുൻപന്തിയിൽ ഒലിവിയ തുടരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) പുറത്തു വിട്ട കണക്കുകളാണ് ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് കൊടുക്കുന്ന ജനപ്രിയ പേരുകളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.
2016 മുതൽ ആദ്യ 10 പേരുകളിലുള്ള മുഹമ്മദ് എന്ന നാമം കഴിഞ്ഞവർഷം 2022 – ലാണ് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. നേരത്തെ നോഹ എന്ന പേരായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 4661 കുട്ടികൾ ആണ് കഴിഞ്ഞ വർഷം മുഹമ്മദ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടത്. നോഹയ്ക്ക് 4382 രജിസ്ട്രേഷനെ ഉള്ളൂ. രാജകീയ പേരുകൾക്ക് ജനപ്രീതി കുറഞ്ഞതും 2023ന്റെ പ്രത്യേകതയാണ്. ചാൾസ്, ജോർജ്ജ്, ഷാർലറ്റ്, എലിസബത്ത് തുടങ്ങിയ രാജകീയ പേരുകളെല്ലാം പുറകിലേക്ക് പിൻ തള്ളപ്പെട്ടു.
അതേസമയം, ഒലീവിയ, അമേലിയ, ഇസ്‌ല എന്നീ പേരുകൾ തുടർച്ചയായി രണ്ടാം വർഷവും പെൺകുട്ടികളുടെ പേരുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വെയിൽസിലും ഒലിവിയ ആണ് ഒന്നാം സ്ഥാനത്ത് . 2906 പെൺകുട്ടികൾക്കാണ് ഒലിവിയ എന്ന നാമകരണം ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ഇഷ്ടപ്പെടുന്ന പേരുകളുടെ പട്ടികയിൽ പുതിയ പേരുകളും ഇടം പിടിച്ചിട്ടുണ്ട്. ജാക്സ്, എൻസോ, ബോധി എന്നീ പേരുകളാണ് ആൺകുട്ടികളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഹാസൽ ലൈല, ഓട്ടോമൻ, നെവാഹ്, റായ എന്നിവയാണ് പെൺകുട്ടികളുടെ പട്ടികയിൽ ഇടംപിടിച്ച പുതിയ പേരുകൾ. ജനപ്രിയ സിനിമകളുടെയും മറ്റും സ്വാധീനം കുട്ടികൾക്ക് പേര് കൊടുക്കുന്നതിൽ വന്നിട്ടുണ്ടന്നാണ് ഒ എൻ എസിൻ്റെ പട്ടികയിൽ വെളിവായത് . രാജകീയ പേരുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത നാമങ്ങൾ പിൻ തള്ളപ്പെട്ടതിൽ ആധുനികതയുടെ സ്വാധീനം ഉണ്ടന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് രേഖപ്പെടുത്തിയത്.
ഷിബു മാത്യു, ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്ത് ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർദ്ധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ലോകത്തെ ഓരോ മനുഷ്യനും, മതത്തിനും വംശത്തിനും സാംസക്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിനു നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരു തരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാപ്‌തി ആഘോഷത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പാ. ശിവഗിരി മാഠത്തിന്റെ ഇന്ത്യക്കു വെളിയിൽ ഉള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ സെക്രട്ടറി സജീഷ് ദാമോദരൻ, ജോ. സെക്രട്ടറി സതീഷ് കുട്ടപ്പൻ. ജോ.ട്രഷർ അനിൽകുമാർ രാഘവൻ ട്രസ്റ്റി സിബി കുമാർ തുടങ്ങിയവർ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതമേലദ്ധ്യക്ഷന്മാർ ഒരുമിച്ച സംഗമത്തിൽ ശിവഗിരി മഠത്തിന്റെ പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്കൊപ്പം മഠത്തിലെ സന്യാസി ശ്രേഷ്ടർ, സീറോ മലബാർ സഭയുടെ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, ടിബറ്റിൽ നിന്നും ബുദ്ധ മതത്തെ പ്രതിനിധീകരിച്ച് തട്സാഖ് റിൻപോച്ചേ, ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ശ്രീ പാണക്കാട് സാദിക്ക് അലി തങ്ങൾ, സിക്ക് മതത്തെ പ്രതിനിധീകരിച്ച് ഗിയി രഞ്ജിത്ത് സിംഗ്, ഫാ. ഡേവിഡ് ചിറമേൽ, MLA ചാണ്ടി ഉമ്മൻ കൂടാതെ, 15 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത ഭരണ വിരുദ്ധ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയർന്ന് പ്രവർത്തിക്കാൻ സാധിച്ചോ? 5 മാസം പിന്നിടുന്ന സർക്കാർ ജനപ്രീതിയിൽ അത്ര മുന്നിലല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. പ്രധാനമായും എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കും, ദിനംപ്രതി കൂടിവരുന്ന കുടിയേറ്റത്തിന് പരിഹാരം കാണും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കെയർ സ്റ്റാർമർ മന്ത്രിസഭയ്ക്ക് പക്ഷേ പല മേഖലകളിലും ചുവട് പിഴയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഇതിനിടെ പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്.
പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചസർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേയ്ക്ക് ചാനൽ കടന്ന് എത്താൻ ശ്രമിച്ച കുടിയേറ്റക്കാർ അപകടത്തിൽപ്പെട്ടു. 85 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് നാവികസേന അറിയിച്ചു . അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച ആർക്കെങ്കിലും ജീവാപായം ഉണ്ടായോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടുകളിൽ ഒന്ന് പാസ്-ഡി-കലൈസ് മേഖലയിലെ ഒരു മണൽത്തീരത്ത് ഇടിച്ചതിന് ശേഷം സഹായം അഭ്യർത്ഥിച്ചതായിയാണ് ഫ്രഞ്ച് അധികൃതർ അറിയിച്ചത്. സേനയുടെ അടിയന്തിര ഇടപെടൽ 80 പേരുടെ ജീവൻ രക്ഷിച്ചു. ഇതു കൂടാതെ അപകടത്തിൽപ്പെട്ട മറ്റൊരു കുടിയേറ്റ ബോട്ടിൽ നിന്ന് വേറെ അഞ്ച് പേരെയും രക്ഷപ്പെടുത്തി. ഈ വർഷം ഇതുവരെ ബ്രിട്ടനിലേയ്ക്ക് ചാനൽ മുറിച്ചു കടക്കാൻ ശ്രമിച്ച 70 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. കടുത്ത കുടിയേറ്റ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി അനധികൃത കുടിയേറ്റം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു .
ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.