ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇരുമ്പുയുഗത്തിലെ ഒരു പ്രധാന ശേഖരം കണ്ടെത്തി. 2,000 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനിലെ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ തീർത്തും മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.
2021 ഡിസംബറിൽ മെറ്റൽ ഡിറ്റക്ടറിസ്റ്റ് പീറ്റർ ഹെഡ്സ് ആണ് ഈ ശേഖരം കണ്ടെത്തിയത്. തൻെറ കണ്ടെത്തലിൻെറ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം വിദഗ്ദ്ധ സഹായം തേടുകയായിരുന്നു. 2022-ൽ, ഹിസ്റ്റോറിക് ഇംഗ്ലണ്ടിൽ നിന്നുള്ള £120,000 ധനസഹായത്തോടെ ഖനനം നടന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്താംപ്ടണിൽ നിര്യാതയായ അഞ്‌ജു അമലിന്റെ മൃതസംസ്കാരം മാർച്ച് 29-ാം തീയതി ശനിയാഴ്ച നടക്കും. നാളെ 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മൃതദേഹം കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്ന് അഞ്‌ജുവിന്റെ ഭർത്താവ് അമൽ അഗസ്റ്റിന്റെ ഭവനത്തിൽ അന്നേദിവസം വൈകിട്ട് 6 മണിക്ക് മൃതദേഹം എത്തിച്ചേരുന്ന രീതിയിലാണ് നിലവിൽ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. തുടർന്ന് പൊതുദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 29-ാം തീയതി രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുൽപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. മൃതസംസ്കാരം പുൽപ്പള്ളി മാരക്കാവ് സെൻറ് തോമസ് പള്ളിയിൽ നടക്കും.
യുകെ മലയാളികളെ ആകെ വേദന സമ്മാനിച്ച് വെറും 29 വയസ്സ് മാത്രമുള്ള അഞ്ജു മാർച്ച് 23-ാം തീയതി ആണ് നിര്യാതയായത്. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ആകസ്മിക നിര്യാണം. പെട്ടെന്ന് അഞ്ജുവിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കണ്ണൂർ സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്അഞ്ജു . സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ 2025 – ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിൻറെ പകുതിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (ഒബി ആർ) ആണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 2025 – ലെ സാമ്പത്തിക ഉത്പാദനം 1.9 ശതമാനം വർദ്ധിക്കുമെന്നായിരുന്നു ഒബിആറിൻ്റെ നേരത്തെയുള്ള പ്രവചനം. ഇതാണ് വെട്ടി കുറച്ച് 1 ശതമാനമായി കുറച്ചത്.
വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ചാൻസിലർ റേച്ചൽ റീവ്സിന്റെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേയ്ക്ക് തിരിയുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രധാനമായും ക്ഷേമ പദ്ധതികളെ വെട്ടി കുറയ്ക്കുകളാണ് ഭരണനേതൃത്വം ആസൂത്രണം ചെയ്യുന്നത് . 2030-ഓടെ ഇന്നത്തെ ക്ഷേമ വെട്ടിച്ചുരുക്കലിൻ്റെ ഫലമായി 250,000 പേർ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്ന് കാണിക്കുന്ന വിശകലനങ്ങൾ പുറത്ത് വന്നു.
പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു . ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള നളിക രണസിംഗ എന്ന പേരുകാരനായ വ്യക്തി വിചാരണ നേരിടാതെ ഒളിവിൽ പോയി. കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ മാർച്ച് 20 വ്യാഴാഴ്ച രണസിംഗെ ശിക്ഷാ വിധിയിൽ ഹാജരാകേണ്ടതായിരുന്നു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഒരു കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ അഭാവത്തിൽ ഇയാൾക്ക് ആറ് വർഷവും ആറ് മാസവും ജയിൽ ശിക്ഷ വിധിച്ചു.
ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി ഒരു ഓൺലൈൻ ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഇയാളെ കെണിയിൽ വീഴ്ത്തിയത്. 14 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്ന് താൻ കരുതുന്ന വ്യക്തിയുമായി നളിക രണസിംഗ 1200 സന്ദേശങ്ങൾ ആണ് കൈമാറിയത്.
2023 ഫെബ്രുവരിയിലാണ് 55-കാരൻ ആദ്യമായി ‘പെൺകുട്ടിയെ’ ബന്ധപ്പെട്ടത് . ‘കുട്ടി’ രണസിംഗിനോട് അവൾക്ക് 14 വയസ്സ് മാത്രമേ ഉള്ളൂവെന്ന് ആദ്യം മുതൽ പറഞ്ഞിട്ടും അയാൾ സംഭാഷണങ്ങൾ ലൈംഗികതയിലേക്ക് മാറ്റാൻ തുടങ്ങി. അവളും അവളുടെ 12 വയസ്സുള്ള ബന്ധുവുമായും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അയാൾ അവളെ പ്രോത്സാഹിപ്പിച്ചു. ഇതിനെ തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പ് 2023 ഫെബ്രുവരി 14-ന് രണസിംഗ് അദ്ദേഹത്തിൻ്റെ വീട്ടിൽ വരുകയായിരുന്നു . തുടർന്ന് അവർ പോലീസിനെ വിളിച്ചു.
അറസ്റ്റിനെ തുടർന്ന് താൻ സന്ദേശങ്ങൾ കൈമാറിയതായി നളിക രണസിംഗ സമ്മതിച്ചു. എന്നിരുന്നാലും, താൻ സംസാരിക്കുന്നത് പ്രായപൂർത്തിയായ ഒരു പുരുഷനോടാണെന്ന് തനിക്ക് അറിയാമെന്നും അക്കൗണ്ട് 14 വയസ്സുള്ള പെൺകുട്ടിയുടേതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്നും അയാൾ എവിടെയാണെന്നതിന് എന്തെങ്കിലും അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് സർജൻ്റ് മൈക്ക് പേജ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പോലീസിനെ കണ്ട് നിർത്താതെ പാഞ്ഞ വാഹനം ഇടിച്ച് സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ എഡ്‌വെയറിൽ ആണ് ഞെട്ടിച്ച സംഭവം നടന്നത്. അപകടത്തെ തുടർന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ വാഹനം കാൽനടയാത്രക്കാരിയെ ഇടിക്കുകയായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
അപകടത്തിന് മുൻപ് പോലീസ് നിർത്താനാവശ്യപ്പെട്ട വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടം ഉണ്ടായ ഉടനെ അടിയന്തിര സർവീസുകൾ രംഗത്ത് എത്തിയെങ്കിലും 60 വയസ്സുള്ള സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വാഹനം പിന്നീട് സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 18 ഉം 19 ഉം വയസ്സുള്ള രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു. 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേയ്ക്ക് വിസയ്ക്കായുള്ള ചിലവുകൾ അടുത്തമാസം കുതിച്ചുയരും. ഏപ്രിൽ 9 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. ജോലി , പഠനം, സന്ദർശനം എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളെയും നിരക്ക് വർദ്ധനവ് ബാധിക്കും. ഇതുകൂടാതെ തൊഴിലുടമകൾക്കുള്ള നാച്ചുറലൈസേഷൻ ഫീസും സ്പോൺസർഷിപ്പ് ഫീസും ഹോം ഓഫീസ് കൂട്ടി.
6 മാസം വരെയുള്ള വിസിറ്റിംഗ് വിസകൾക്ക് പുതിയ ഫീസ് 127 പൗണ്ട് ആണ്. നേരത്തെ ഇത് 115 പൗണ്ട് ആയിരുന്നു. മലയാളികളിൽ പലരും മാതാപിതാക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ സന്ദർശന വിസയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിലെ വർദ്ധനവ് മലയാളികളുടെ കീശ കാലിയാക്കും. രണ്ട് വർഷം വരെയുള്ള പ്രത്യേക സന്ദർശക വിസകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഫീസ് 475 പൗണ്ട് ആണ്. നിലവിലെ ഫീസ് 432 പൗണ്ട് ആയിരുന്നു. 5 വർഷം വരെയും പത്തു വർഷം വരെയുമുള്ള സന്ദർശക വിസകളിലും നിലവിലെ ഫീസിൽ നിന്ന് വർദ്ധനവ് വരുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടിയുള്ള പുതിയ അസിസ്റ്റഡ് ഡൈയിങ് നിയമം പൂർണ്ണമായി ഉടൻ നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിൽ പാർലമെന്റിൻ്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാലതാമസം നേരിടുന്നത്. ബിൽ നടപ്പിലാക്കാൻ ഏകദേശം നാല് വർഷം വരെ എടുക്കാം എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബിൽ നടപ്പിലാക്കുന്നതിന് കൂടുതൽ കാലതാമസം എടുക്കുന്നത് അസിസ്റ്റഡ് ഡൈയിങ് നിയമത്തെ അനുകൂലിക്കുന്നവർ കടുത്ത വിമർശനമാണ് ഉയർത്തിയത്. നിയമത്തിൽ ഒപ്പുവെച്ച് രണ്ട് വർഷത്തിനുള്ളിൽ മരിക്കാനുള്ള സഹായം ലഭ്യമാക്കണമെന്ന് ബില്ലുകളെ പിന്തുണയ്ക്കുന്നവർ മുമ്പ് വ്യക്തമാക്കിയിരുന്നു. ബിൽ അവതരിപ്പിച്ച ലേബർ പാർട്ടി എംപിയായ കിം ലീഡ്‌ബീറ്റർ ഈ കാലയളവിനെ ബില്ലിനെ കൂടുതൽ കുറ്റമറ്റതാക്കാൻ ഉചിതമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ. ലേബർ എംപി കിം ലീഡ്‌ബീറ്റർ ഒരു സ്വകാര്യ ബില്ലായാണ് പാർലമെന്റിൽ ഇത് അവതരിപ്പിച്ചത് . അതുകൊണ്ടാണ് പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചത് . ക്രിസ്ത്യൻ സഭയും നിരവധി സാമൂഹിക സംഘടനകളും ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനോട് എതിർ അഭിപ്രായമുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 234 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 147 പേർ എതിർത്ത് വോട്ട് ചെയ്തു. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിലെ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 92 പേർ ബില്ലിന് എതിരായി ആണ് വോട്ട് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഒരു പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിലാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഓൾ സെയിൻ്റ്‌സ് ചർച്ചിന് പുറത്ത് ഉപേക്ഷിച്ച ബാഗിൽ ഒരു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് നോട്ടിംഗ് ഹില്ലിലെ പോവിസ് ഗാർഡനിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:46 ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ലണ്ടൻ ആംബുലൻസ് സർവീസ് എത്തി കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിൻറെ അമ്മയെ കണ്ടെത്താൻ അടിയന്തിര അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പ്രായമോ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു തുടങ്ങിയ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത് വളരെ സങ്കടകരമായതും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ പ്രസവിച്ച കുഞ്ഞിൻറെ അമ്മയെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ അമ്മയെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. നിങ്ങൾ മരിച്ച കുഞ്ഞിന്റെ അമ്മയാണെങ്കിൽ ഉടനെ പോലീസിന്റെയോ ആരോഗ്യവിദഗ്ധരുടെയോ മുന്നിൽ വരാൻ പോലീസ് അഭ്യർത്ഥിച്ചു. കുഞ്ഞിനെ പ്രസവിച്ച സ്ത്രീയെ കുറിച്ച് ശരിക്കും ആശങ്കയുണ്ടെന്നും അവർക്ക് വൈദ്യസഹായവും പിൻതുണയും ആവശ്യമാണെന്നും പോലീസ് മേധാവി പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ CAD 3431/25 MARCH എന്ന റഫറൻസ് നൽകി 101 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ വലച്ച് കൗൺസിൽ ബിൽ നികുതിയിൽ റെക്കോർഡ് ഉയർച്ച. ശരാശരി കുടുംബം അടയ്‌ക്കേണ്ടതായി വരുന്നത് £2,280 ആണ്. മിക്കവാറും എല്ലാ തദ്ദേശ കൗൺസിലുകളും അനുവദനീയമായ പരമാവധി 5% നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബാൻഡ് ഡി പ്രോപ്പർട്ടി നികുതിയിൽ 20% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. പലർക്കും നികുതി £5,000 ത്തിൽ കൂടുതൽ അടയ്‌ക്കേണ്ടതായി വരും.
എന്നാൽ നികുതിയിൽ കുത്തനെ ഉള്ള വർദ്ധനവ് ഉണ്ടായെങ്കിലും സേവനങ്ങൾ ദിനംപ്രത്രി മോശമായി കൊണ്ടിരിക്കുകയാണ്. ബർമിംഗ്ഹാമിൽ രണ്ടാഴ്ച നീണ്ടുനിന്ന ബിൻ പണിമുടക്കിനെ തുടർന്ന് മാലിന്യം കുന്നുകൂടുകയും പ്രദേശത്ത് എലികളുടെ ശല്യം ഉണ്ടാവുകയും ചെയ്‌തിരുന്നു. ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക തകർച്ചയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ടോറി നേതാവ് കെമി ബാഡെനോക്ക് ഒരു പ്രധാന വിഷയമാക്കിയിരുന്നു. ഐടി പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർ ലേബർ പാർട്ടിയെ കുറ്റപ്പെടുത്തി.
പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേളയിൽ, ഉയർന്ന ചെലവുകളും മോശം സേവനങ്ങളും ലേബർ കൗൺസിലുകളെ കെമി ബാഡെനോക്ക് വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൗൺസിലർമാർ സ്വയം ശമ്പള വർദ്ധനവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഴയ ഒരു കടബാധ്യതയുടെ നിഴലിലാണ് യുകെ. പറഞ്ഞു വരുമ്പോൾ വളരെ പഴക്കമുള്ള കാര്യമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഏകദേശം 4 ബില്യൺ ഡോളർ ആണ് യുകെ അമേരിക്കയിൽ നിന്ന് കടമായി സ്വീകരിച്ചത്. യുദ്ധം അവസാനിച്ചതിനു ശേഷം യുകെ കടം തിരിച്ചടച്ചില്ല. പൊതു ശത്രുവിനെതിരെ യുദ്ധത്തിൽ ചിലവഴിച്ച പണം ആയതുകൊണ്ട് തിരിച്ചടവിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന് യുകെയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിക്കുകയായിരുന്നു.
പണം തിരിച്ചടയ്ക്കേണ്ടതില്ലെന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വം ഔപചാരികമായി തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. അതാണ് ഡെമോക്‌ളസിന്റെ വാൾ ആയി യുകെയുടെ മുകളിൽ അതിരില്ലാത്ത കടബാധ്യതയായി ഭീതി പരത്തുന്നത്. കടബാധ്യതയും പലിശയ്ക്ക് പലിശയുമായി ആ തുക ഇപ്പോൾ ട്രില്ല്യണുകൾ എത്തിയതായാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതു മുതൽ നടപ്പിലാക്കി വരുന്ന വ്യാപാര നയങ്ങളും മറ്റുമാണ് ഈ കടബാധ്യത വീണ്ടും ചർച്ചയാകുന്നതിന് വഴി വെച്ചിരിക്കുന്നത്. യുഎസിന്റെ കടം കുറയുന്നതിന് ട്രംപ് ഈ കടബാധ്യത വീണ്ടും ചർച്ചയാക്കുമോ എന്നതാണ് ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. യു.എസ് ട്രഷറി ബോണ്ടുകളിൽ 700 ബില്യൺ ഡോളറിലധികം ബ്രിട്ടൻ കൈവശം വച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കടകെണി പറഞ്ഞ് ഭാവിയിലെ വ്യാപാര സാമ്പത്തിക ചർച്ചകളിൽ ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുമെന്ന നിഗമനം ശക്തമാണ്.
പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.