Main News

ലണ്ടൻ: ബിർക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയായ അനുഷ് രാജൻ നായർ (23) ഒക്ടോബർ 21 മുതൽ കാണാതായുള്ള വാർത്തകൾ പുറത്തുവന്നു. ടോട്ടൻഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോർത്ത് ലോഡ്ജ് (Unite Students – North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. അതിനുശേഷം ഇയാളുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

അനുഷ് താമസിച്ചിരുന്ന ഹോസ്റ്റലിൽ സഹവാസികളിൽ ചിലരിൽ നിന്ന് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. കാണാതാകുന്നതിന് മുൻപ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. മൂന്നു ദിവസത്തിലേറെയായി യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.

അനുഷിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവർ ബ്രിട്ടീഷ് പോലീസിനെയോ അല്ലെങ്കിൽ കുടുംബാംഗങ്ങളെയോ 07455844224 / +91 97698 48324 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സമൂഹം അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത മാസം അഞ്ചുദിവസത്തെ സമരത്തിന് തയാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവംബർ 14 രാവിലെ ഏഴ് മണി മുതൽ നവംബർ 19 രാവിലെ ഏഴ് മണിവരെ സമരം നടക്കും എന്നാണ് അറിയാൻ സാധിച്ചത്. 2023 മുതൽ ഇത് റെസിഡന്റ് ഡോക്ടർമാർ നടത്തുന്ന പതിമൂന്നാമത്തെ സമരമായിരിക്കും. ശീതകാല വൈറസ് വ്യാപനവും 7.4 ദശലക്ഷം രോഗികളുടെ നീണ്ട കാത്തിരിപ്പു പട്ടികയും നേരിടേണ്ട സമയത്ത് ഈ സമരം ആരോഗ്യ സേവനത്തിന് വലിയ തിരിച്ചടിയാണെന്ന് എൻ.എച്ച്.എസ് മേധാവികൾ പറഞ്ഞു.

സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ ചൊല്ലി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) യും ആരോഗ്യ സെക്രട്ടറിയായ വെസ് സ്ട്രീറ്റിംഗും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഡോക്ടർമാർക്ക് 29 ശതമാനം ശമ്പളവർദ്ധനയും മികച്ച തൊഴിൽ സാധ്യതകളും ആവശ്യപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരത്തിന് യൂണിയൻ തീരുമാനിച്ചത് . സർക്കാരിന്റെ വാഗ്ദാനങ്ങൾ അനിശ്ചിതമാണെന്നും യഥാർത്ഥ പരിഹാര മനോഭാവം കാണുന്നില്ലെന്നും ബി .എം.എ കമ്മിറ്റിയുടെ ചെയർമാൻ ഡോ. ജാക്ക് ഫ്ലെച്ചർ അഭിപ്രായപ്പെട്ടു.

അതേസമയം, സ്ട്രീറ്റിംഗ് ബി.എം.എയുടെ തീരുമാനം “അസംബന്ധവും ഉത്തരവാദിത്വമില്ലാത്തതുമാണ്” എന്ന് വിമർശിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഡോക്ടർമാരുടെ ശമ്പളം 28.9 ശതമാനം വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ ശമ്പളവർധന ഇപ്പോൾ സാധ്യമല്ലെന്നും, സമര തീരുമാനം രോഗികൾക്കും എൻ.എച്ച്.എസ്. സേവനങ്ങൾക്കും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഡിമെൻഷ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപേ കണ്ടെത്താൻ സാധിക്കുന്ന പുതിയ പരിശോധനകൾ എൻഎച്ച്എസിൽ നാലു വർഷത്തിനുള്ളിൽ ലഭ്യമാകുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായുള്ള ഗവേഷണങ്ങൾക്ക് 5 മില്യൺ പൗണ്ട് ഫണ്ടിംഗ് ആണ് അനുവദിച്ചിരിക്കുന്നത് . പുതിയ ചികിത്സാ രീതിയിലൂടെ രോഗികൾക്ക് നേരത്തെ ഡയഗ്നോസ് നടത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും, ആരോഗ്യവ്യവസ്ഥയിലുള്ള സമ്മർദ്ദം കുറയ്ക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത് .


കേംബ്രിഡ്ജിലെ യു.കെ. ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സന്ദർശനത്തിനിടെ ശാസ്ത്ര മന്ത്രി ലോർഡ് വാലൻസം ആരോഗ്യ മന്ത്രി സുബിർ അഹ്മദ് എന്നിവർ ആണ് പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചത് . “ഡിമെൻഷ്യ മുൻകൂട്ടി തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വലിയ പുരോഗതിയിൽ എത്തിയിരിക്കുന്നു. രക്ത പരിശോധനകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ നിലവാരം കണ്ടെത്താനാകും എന്ന് ലോർഡ് വാലൻസ് പറഞ്ഞു,. ഇത് കൂടാതെ ഹോർമോൺ മാറ്റങ്ങളും ശ്രദ്ധിക്കാനാകും. എ ഐ-അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾ രോഗികളുടെ ദിനചര്യ പിന്തുടരാനും, മെമ്മറി പരിശീലനവും, ഓർമ്മപ്പെടുത്തലുകളും, കുടുംബവുമായി വീഡിയോ കോളുകളും സഹായിക്കും.

“മുന്‍കൂട്ടി രോഗ നിർണ്ണയം നടത്തുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും ഉടനടി സഹായം ലഭിക്കാനുള്ള വഴി തുറക്കും എന്ന് യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ സിദ്ധാർത്ഥൻ ചന്ദ്രൻ പറഞ്ഞു . ” എൻഎച്ച്എസിൽ നാലിൽ ഒന്ന് കിടക്കകൾ ഡിമെൻഷ്യ രോഗികളാൽ നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, പുതിയ ടെക്നോളജികൾ ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാനും, സമൂഹത്തിൽ കൂടുതൽ പിന്തുണ നൽകാനും സഹായിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതരുടെ മരണസാധ്യത പകുതിയായി കുറയ്ക്കാമെന്നു കണ്ടെത്തിയ പുതിയ മരുന്നിന് അനുമതി. ഡാരോളൂട്ടാമൈഡ് (Darolutamide) എന്ന ഈ മരുന്ന് എൻ.എച്ച്.എസ്. വഴി ആയിരക്കണക്കിന് രോഗികൾക്ക് നൽകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) അനുമതി നൽകിയതോടെ, വർഷംതോറും കുറഞ്ഞത് ആറായിരം പുരുഷന്മാർക്ക് ഈ ചികിത്സ ലഭ്യമാകും. നിലവിലെ മരുന്നുകളെക്കാൾ പാർശ്വഫലങ്ങൾ കുറവായതും അപകടം കുറയ്ക്കുകയും ചെയ്യുന്ന ചികിത്സയാണിതെന്ന് അധികൃതർ വ്യക്തമാക്കി.

ജർമ്മൻ കമ്പനി ബെയർ നിർമ്മിച്ചിരിക്കുന്ന ഡാരോളൂട്ടാമൈഡ് ദിവസത്തിൽ രണ്ടുതവണ രണ്ടു ഗുളികകളായി നൽകും. ഹോർമോൺ നിയന്ത്രണത്തിലൂടെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതാണ് മരുന്നിന്റെ പ്രവർത്തനം. ആൻഡ്രജൻ ഡിപ്രൈവേഷൻ തെറാപ്പിയോടൊപ്പം (ADT) നൽകിയാൽ, രോഗികളുടെ മരണസാധ്യത 46 ശതമാനം കുറയുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലുള്ള ചികിത്സകളെക്കാൾ ഫലപ്രദമായതിനാലാണ് ഇതിന് അനുമതി ലഭിച്ചതെന്ന് NICE അറിയിച്ചു.

“ഈ മരുന്ന് ആയിരക്കണക്കിന് പുരുഷന്മാർക്ക് ജീവന്റെ പുതിയ പ്രതീക്ഷ നൽകും,” എന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ യു.കെ.യുടെ ആരോഗ്യവിഭാഗം ഡയറക്ടർ എമി റൈലൻസ് പറഞ്ഞു. പാർശ്വഫലങ്ങൾ കുറവായതിനാൽ പ്രായമായവർക്കും നിലവിലെ മരുന്നുകൾക്ക് അനുയോജ്യമല്ലാത്തവർക്കും ഇത് ഏറെ ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ മരുന്നിന്റെ അനുമതി രോഗികൾക്കും ഡോക്ടർമാർക്കും കൂടുതൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും എന്ന് എൻ.എച്ച്.എസ്. ക്യാൻസർ വിഭാഗം ഡയറക്ടർ പീറ്റർ ജോൺസൺ പറഞ്ഞു

പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച്‌ യുവതിക്ക് നേരെ ആക്രമണം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയാണ് ഭർത്താവ് ആക്രമിച്ചത്. പത്തനംതിട്ട അടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു.

നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു.

കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസില്‍ മിസ്സിംഗ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ : യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടുത്ത ഞെട്ടലാണ് സൃഷ്ഠിച്ചിരിക്കുന്നത് . കോഴിക്കോട് കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ല സ്വദേശിയും വിമുക്ത ഭടൻ എം. കെ. വിജയന്റെയും ജസിയയുടെയും മകനുമായ വി.ജെ. അർജുൻ (28) ആണ് കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ 2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസെക്സിൽ എം.എസ്. പഠനത്തിനായി എത്തിയതായിരുന്നു. യുകെ പൊലീസാണ് അർജുന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. അപ്രതീക്ഷിതമായ വേർപാടിൽ മാതാപിതാക്കളും സഹോദരന്മാരായ വി.ജെ. അതുൽ, വി.ജെ. അനൂജ എന്നിവരും സഹോദരി ഭർത്താവ് അക്ഷയ് ഉൾപ്പെടെയുള്ള ബന്ധുക്കളും കടുത്ത ദുഃഖത്തിലാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ സഹകരണത്തോടെയാണ് പുരോഗമിക്കുന്നത്. മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രിൻസ് ഹാരിയുടെ അടുത്തിടെ നടന്ന യുകെ സന്ദർശനം വൻവിജയമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും അകലാനുള്ള സാധ്യത ഉണ്ടെന്ന വാർത്തകളും പുറത്തുവന്നു. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയിൽ ആണെന്നും, എന്നാൽ ഭാര്യ മെഗൻ മാർക്കിളിന് അതിൽ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മെഗനെ “അത്യന്തം അസ്വസ്ഥയാക്കി” എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തിൽ വൻ സംഘർഷം നിലനിൽക്കുന്നുവെന്നും ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

റാഡാർ ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച് ബക്കിംഗ്ഹാം കൊട്ടാരം ഇതിനകം തന്നെ ഒരു “സെപറേഷൻ പ്ലാൻ” തയ്യാറാക്കാൻ തുടങ്ങിയതായി പറയുന്നു. ഹാരി യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനാൽ, യുഎസിൽ തുടരാൻ ആഗ്രഹിക്കുന്ന മെഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ ഒരു “ഗോൾഡൻ ഹാൻഡ്‌ഷേക്ക്” തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നു കൂടി റിപ്പോർട്ടുണ്ട്.

ഈ നടപടിയിലൂടെ മെഗൻ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങൾ പുറത്തുവിടുന്നത് തടയാനാണ് ശ്രമമെന്ന് പറയുന്നു. ഇതിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത ശിക്ഷകൾ ഉണ്ടാകുമെന്നും ആണ് സൂചന. ഡയാനാ രാജകുമാരിയുമായുണ്ടായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഈ നീക്കങ്ങൾ രാജകുടുംബം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സോഷ്യൽ കെയർ മേഖലയിലെ ഉജ്വല സേവനങ്ങളെ ആദരിക്കുന്ന പ്രശസ്തമായ ‘വെയിൽസ് കെയർ അവാർഡ് 2025’ (Social Care Oscar) നേടിക്കൊണ്ട് മലയാളി നേഴ്സ് ഷൈനി സ്കറിയ യുകെയിലെ മലയാളികൾക്ക് അഭിമാനമായി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year) വിഭാഗത്തിലാണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. വെയിൽസ് സർക്കാരാണ് ഈ ബഹുമതി പ്രതിവർഷം മികച്ച സേവനങ്ങൾക്ക് നൽകുന്നത്.

റൈദറിലുള്ള കരോൺ ഗ്രൂപ്പിൽ സീനിയർ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഷൈനി, നിരവധി പേരെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് വെയിൽസ് ആരോഗ്യ മന്ത്രി ജെറമി മൈൽസിന്റെ സാന്നിധ്യത്തിൽ അവാർഡ് ലഭിച്ചത്. ഷൈനിയുടെ സമർപ്പിത സേവനത്തിനുള്ള യഥാർത്ഥ അംഗീകാരമാണിതെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.

റിയാദിലെ കുട്ടികളുടെ ഇൻറൻസീവ് കെയർ യൂണിറ്റിൽ നേഴ്സായി ജോലി ചെയ്ത ശേഷമാണ് ഷൈനി 2020-ൽ വെയിൽസിലേക്ക് കുടിയേറിയത്. കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന. ഹെറിഫോർഡിലെ സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ മാനേജിങ് കമ്മിറ്റിയിൽ ഇരുവരും സജീവമായി പ്രവർത്തിക്കുന്നു. ഷൈനിയുടെ വിജയം ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനവും പ്രചോദനവും ആയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗാം: കഴിഞ്ഞ നാല് ദിവസമായി കാണാതായിരുന്ന കോട്ടയം സ്വദേശിയും നോട്ടിംഗാമിലെ പിസ ഫാക്ടറി തൊഴിലാളിയുമായ സ്റ്റീഫൻ ജോർജിനെ സുരക്ഷിതനായി കണ്ടെത്തിയതായി വിവരം ലഭിച്ചു. സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗാംഷയർ പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് . നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇയാൾ സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം.

47 വയസുള്ള സ്റ്റീഫൻ ജോർജ് ഒക്ടോബർ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്ത് അവസാനമായി കണ്ടതിനെ തുടർന്ന് കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേർന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

സ്റ്റീഫനെ സുരക്ഷിതമായി കണ്ടെത്തിയതിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസം പ്രകടിപ്പിച്ചു. യുകെയിലെ മലയാളി സമൂഹം കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവെച്ച് നടത്തിയ പരിശ്രമങ്ങൾ ഫലപ്രദമായതിൽ എല്ലാവരും ആശ്വാസത്തിലാണ്‌.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസ് കാലാവസ്ഥാ വകുപ്പ് (Météo France) “സ്റ്റോം ബെഞ്ചമിൻ” എന്ന് പേരിട്ട കൊടുങ്കാറ്റ് ഇപ്പോൾ കിഴക്കോട്ട് നീങ്ങിയതോടെ യുകെയിൽ കാറ്റിന്റെയും മഴയുടെയും തീവ്രത കുറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെ ഇംഗ്ലീഷ് ചാനൽ വഴി ഈ കൊടുങ്കാറ്റ് കടന്നുപോയപ്പോൾ ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 100 മൈൽ വരെ വേഗതയുള്ള കാറ്റ് വീശി. ആദ്യഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് രണ്ടായി കുറച്ചിരിക്കുകയാണ്. നോർഫോക്ക്, സഫോക്ക് ജില്ലകളിൽ മഴയ്ക്കും കിഴക്കൻ ഇംഗ്ലണ്ടിൽ കാറ്റിനുമാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്.

മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. കിഴക്കൻ തീരപ്രദേശങ്ങളിൽ ഇപ്പോഴും മണിക്കൂറിൽ 40 മുതൽ 55 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതുമൂലം ഫെറി സർവീസുകൾ ഉൾപ്പെടെ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. ഇതിനകം തന്നെ സഫോക്കിൽ 2,000-ത്തിലധികം വീടുകൾക്ക് വൈദ്യുതി മുടങ്ങിയതായി യുകെ പവർ നെറ്റ്‌വർക്ക്സ് അറിയിച്ചു. അതേസമയം, ഹാർട്ട്‌ഫോർഡ്‌ഷെയറിലെ കാർപെൻഡേഴ്‌സ് പാർക്കിൽ മരമൊടിഞ്ഞുവീണ് ലണ്ടൻ ഓവർഗ്രൗണ്ട് റെയിൽ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടതായും റിപ്പോർട്ട്.

തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെൻറ് ഉൾപ്പെടെ ചില ഭാഗങ്ങളിൽ 50 മില്ലീമീറ്റർ (ഏകദേശം 2 ഇഞ്ച്) വരെ മഴ പെയ്തതായി കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു. ഇതേസമയം, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ സ്റ്റോം ബെഞ്ചമിന്റെ ആഘാതം കൂടുതൽ ശക്തമായി തുടരുകയാണ്. സുരക്ഷാ പരിഗണനകൾ മൂലം ചില ഫുട്ബോൾ മത്സരങ്ങളുടെ സമയങ്ങൾ മുന്നോട്ടു മാറ്റിയതായും യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ് അറിയിച്ചു. ഫ്രാൻസിലെ ഏഴ് തീരപ്രദേശങ്ങൾക്ക് “ഓറഞ്ച് മുന്നറിയിപ്പ്” നൽകിയതായും അവിടെ കാറ്റും തിരമാലകളും ഗതാഗതത്തെയും തുറമുഖ പ്രവർത്തനങ്ങളെയും ബാധിക്കുന്നതായും റിപ്പോർട്ടുകളും പുറത്തുവന്നു.

RECENT POSTS
Copyright © . All rights reserved