ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ബന്ധപ്പെട്ട വസതിയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നാമതൊരാൾ കൂടി അറസ്റ്റിലായതായി മെറ്റ് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ലണ്ടനിലെ ചെൽസിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു.
കെന്റിഷ് ടൗണിൽ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ തീപിടുത്തം, വടക്കുപടിഞ്ഞാറൻ ലണ്ടനിൽ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തിൽ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരിൽ 26 വയസ്സുള്ള ഒരാൾ ലൂട്ടൺ വിമാനത്താവളത്തിൽ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമൻ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാൾ ഉക്രേനിയൻ വംശജനാണെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.
ലുട്ടൺ വിമാനത്താവളത്തിൽ അറസ്റ്റിലായ ആളെ ചോദ്യം ചെയ്യാൻ പോലീസിന് കൂടുതൽ സമയം നൽകിയിട്ടുണ്ട്. അയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഗോള പരാഗണകാരികളുടെ സംരക്ഷണത്തിൽ ഉയർന്ന് വരുന്ന ഭീഷണികളും അവസരങ്ങളും എന്ന റെഡിങ് സർവകലാശാലയുടെ സമീപകാല റിപ്പോർട്ടിലാണ് അടുത്ത ദശകത്തിൽ തേനീച്ചകൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന 12 ഭീഷണികളെ എടുത്തുകാണിച്ചിരിക്കുന്നത്. യുദ്ധമേഖലകൾ, മൈക്രോപ്ലാസ്റ്റിക്, കൃത്രിമ തെരുവുവിളക്കുകൾ എന്നിവയാണ് ഉയർന്നുവരുന്ന അപകടങ്ങളിൽ ഉൾപ്പെടുന്നത്. ഉക്രെയ്നിലെ യുദ്ധം പോലുള്ള സംഘർഷങ്ങൾ കാർഷിക രീതികളെ തടസ്സപ്പെടുത്തി. ഇത് വിള വൈവിധ്യം കുറയുന്നതിലേയ്ക്ക് നയിച്ചു. തേനീച്ചകൾക്ക് വൈവിധ്യമാർന്ന ഭക്ഷ്യ സ്രോതസ്സുകൾ നഷ്ടപ്പെടാൻ ഇത് കാരണമായി.
ആഗോള പരാഗണകാരികളുടെ എണ്ണം നേരിടുന്ന വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ ഈ റിപ്പോർട്ടിൽ എടുത്ത് കാണിക്കുന്നു. യൂറോപ്പിലുടനീളമുള്ള തേനീച്ചക്കൂടുകളെ മൈക്രോപ്ലാസ്റ്റിക് കണികകൾ മലിനമാക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പഠനത്തിന് വിധേയമായ 315 തേനീച്ച കോളനികളിൽ മിക്കതിലും PET പ്ലാസ്റ്റിക് പോലുള്ള കൃത്രിമ വസ്തുക്കൾ കണ്ടെത്തി. തെരുവുവിളക്കുകളിൽ നിന്നുള്ള കൃത്രിമ വെളിച്ചം, രാത്രിയിൽ പരാഗണം നടത്തുന്ന ജീവികൾ പൂക്കൾ സന്ദർശിക്കുന്നത് 62% കുറയ്ക്കുന്നതായി കണ്ടെത്തി. ഇതിന് പുറമെ വായു മലിനീകരണം ഇത്തരം ജീവികളുടെ നിലനിൽപ്പിനെയും പുനരുത്പാദനത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.
കൃഷിയിൽ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ തേനീച്ചക്കൂടുകളിലും തേനിലും പ്രവേശിച്ചിട്ടുണ്ട്. ഇത് പരാഗണ സ്വഭാവത്തെ മാറ്റിമറിക്കുകയും അവയുടെ തീറ്റ തേടലും പൂക്കളിലേയ്ക്കുള്ള സന്ദർശനവും കുറയ്ക്കുകയും ചെയ്യുന്നു. കീടനാശിനികൾ ഉയർന്നുവരുന്ന മറ്റൊരു ഭീഷണിയാണ്. മറ്റ് രാസവസ്തുക്കളുമായുള്ള കീടനാശിനിയുടെ ഇടപെടൽ തേനീച്ചകളിലും മറ്റ് വന്യജീവികളിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. യൂണിവേഴ്സിറ്റി ഓഫ് റെഡിങ് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ പ്രൊഫസർ സൈമൺ പോട്ട്സ്, പരാഗണകാരികൾക്ക് ഉയർന്നുവരുന്ന ഭീഷണികളെ നേരത്തേ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇത് ഇത്തരം ജീവികളുടെ സംരക്ഷണത്തിന് മാത്രമല്ല, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധശേഷി, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കും നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക് മലിനീകരണം പരിമിതപ്പെടുത്തുന്നതിനുള്ള കർശനമായ നിയമങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള മാറ്റം, സോളാർ പാർക്കുകളിൽ പുഷ്പസമൃദ്ധമായ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട പൂമ്പൊടിയും അമൃതും ഉപയോഗിച്ച് വിളകൾ വികസിപ്പിക്കൽ തുടങ്ങിയ നടപടികൾ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
തേനീച്ചകളുടെ എണ്ണത്തിലെ കുറവ് മനുഷ്യജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയുൾപ്പെടെ ലോകത്തിലെ ഭക്ഷ്യവിളകളുടെ 75% പരാഗണം നടത്തുന്നതിൽ തേനീച്ചകൾക്ക് നിർണ്ണായക പങ്കുണ്ട്. തേനീച്ചകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് വിളവ് കുറയുന്നതിനും, ഭക്ഷ്യവില ഉയരുന്നതിനും, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ദൗർലഭ്യത്തിനും കാരണമാകും. കൂടാതെ തേനീച്ചകളുടെ കുറവ് സാമ്പത്തികമായി കൃഷിയെ ആശ്രയിക്കുന്ന കർഷകരെയും വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിനും തൊഴിൽ അരക്ഷിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും. സസ്യങ്ങളുടെ പുനരുത്പാദനം സാധ്യമാക്കുന്നതിലും തേനീച്ചകൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തേനീച്ചകളുടെ എണ്ണത്തിലുള്ള കുറവ് മനുഷ്യരാശിക്ക് തന്നെ ആപത്തെന്ന് പറയാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നിരത്തുകളിൽ രണ്ടു വർഷത്തിനുള്ളിൽ ഡ്രൈവർമാർ ഇല്ലാത്ത സ്വയം പ്രവർത്തിക്കുന്ന കാറുകൾ ഓടി തുടങ്ങുമെന്ന വാർത്തകൾ പുറത്തുവന്നു. 2027 ൻ്റെ രണ്ടാം പകുതിയിൽ ഇതിന് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡ്രൈവർ ഇല്ലാത്ത കാറുകൾ 2026 ഓടുകൂടി ഓടി തുടങ്ങുമെന്ന് മുൻ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്നെ ഇത്തരം ടാക്സികൾ നിരത്തിലിറങ്ങാൻ സജ്ജമാണെന്ന് ഇവർ അവകാശപ്പെട്ടു.
യുകെയിൽ ഇപ്പോൾ തന്നെ പരിമിതമായ രീതിയിൽ സ്വയം ഡ്രൈവിംഗ് കാറുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാൽ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ഇത്തരം വാഹനങ്ങളിൽ ഒരു ഡ്രൈവറുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിബന്ധന യുകെയിൽ ഉണ്ട്. അടിയന്തിര ഘട്ടത്തിൽ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർ ഏറ്റെടുക്കുന്നതിനു വേണ്ടിയാണിത്.
നിലവിലെ സാഹചര്യത്തിൽ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സർവീസ് നടത്താൻ ഉബർ തയ്യാറാണെന്ന വാർത്ത പുറത്തുവിട്ടത് കമ്പനിയുടെ മൊബിലിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആൻഡ്രൂ മക്ഡൊണാൾഡ് ആണ്. യുകെയിലെ AI സ്ഥാപനമായ വേവ് വികസിപ്പിച്ചെടുത്ത ഒരു സിസ്റ്റം ഉപയോഗിച്ച് താൻ മധ്യ ലണ്ടനിലുടനീളം ഒരു ഓട്ടോമേറ്റഡ് കാർ യാത്ര നടത്തി എന്ന് അദ്ദേഹം പറഞ്ഞു. യുഎസിലും ചൈനയിലും ഇതിനോടകം ഡ്രൈവർ ഇല്ലാത്ത കാറുകൾ ഉപയോഗിച്ച് ഇത്തരം ടാക്സി സർവീസ് നടത്തുന്നുണ്ട്. യുഎസിലെ കണക്കുകൾ അനുസരിച്ച് ഓട്ടോമേറ്റഡ് വാഹനങ്ങൾ മനുഷ്യ ഡ്രൈവർമാർ ഓടിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ അപകട സാധ്യത കുറവാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വർഷവും നൂറുകണക്കിന് മാരകമായ ഹൃദ്രോഗ രോഗികളാണ് യുകെയിൽ മരിക്കുന്നത്. അയോർട്ടിക് സ്റ്റെനോസിസ് (AS) യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകൾക്ക് അയോർട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാൽ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോർട്ടിക് വാൽവിനെ ദുർബലപ്പെടുത്തുന്നു. ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളിൽ നേരത്തെ നടത്തിയാൽ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും.
ഇത്തരത്തിൽ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 400-ലധികം ആളുകൾ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ടാവി നടപടിക്രമങ്ങൾ വളരെ കുറവാണെന്ന് എടുത്തുകാണിച്ച കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോ. ജോൺ ബൈർൺ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ മരണനിരക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേർത്തു.
അയോർട്ടിക് സ്റ്റെനോസിസ് (AS) ബാധിച്ച് എൻഎച്ച്എസ് വഴി സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത രോഗികളിൽ മരണസംഖ്യ ഉയരുന്നതിൽ ഡോ. ജോൺ ബൈർൺ ആശങ്കകൾ ഉന്നയിച്ചു. 70, 80, 90 വയസ്സിനിടയിലുള്ള പ്രായമായവരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് മൂലമുള്ള കാലതാമസം കാരണം രോഗികൾ അമിതമായ ചികിത്സാ കാലതാമസം നേരിടുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ചികിത്സ ലഭ്യമാക്കൽ മെച്ചപ്പെടുത്തുന്നതിനുമായി ഒരു പുതിയ പരിഷ്കരണ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അതിൽ ടാവിക്കായി കാത്തിരിക്കുന്നവരും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ 65 വയസ്സിന് താഴെയുള്ളവരിൽ ഹൃദയസംബന്ധമായ മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ (BHF) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വഷളാകുന്ന പൊതുജനാരോഗ്യം, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, നിരന്തരമായ ആരോഗ്യ അസമത്വങ്ങൾ, കോവിഡ് -19 ന്റെ ദീർഘകാല ആഘാതം എന്നിവ മൂലമാണ് ആരോഗ്യം മോശമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വന്തമായി ഒരു വീട് എന്നത് യുകെയിൽ എത്തി പച്ച പിടിച്ചു കഴിയുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലുള്ള ആഗ്രഹമാണിത്. എന്നാൽ എന്ന് വീട് വിപണിയിൽ പ്രവേശിക്കണം എന്നതിനെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചത് അനുകൂല സാഹചര്യമാണെന്ന അഭിപ്രായം പൊതുവെ ഉയർന്നു വന്നിരുന്നു.
എന്നാൽ മിക്ക മലയാളികളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത് ഭവന വിപണിയിലെ ഉയർന്ന വില നിലവാരമാണ്. കഴിഞ്ഞ രണ്ട് മാസമായി വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ വീടുകളുടെ ശരാശരി വില 380,000 പൗണ്ടിൽ എത്തിയെന്നാണ് പ്രോപ്പർട്ടി വെബ്സൈറ്റുകളുടെ കണക്കുകൾ കാണിക്കുന്നത്. ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ 2335 പൗണ്ട് ആണ് വിപണി വില ഉയർന്ന് ഒരു മാസം കൊണ്ട് 0.6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവ് പറയുന്നു.
2025 ലെ ആദ്യ മാസങ്ങളിൽ ഭവന വിപണിയിൽ ഒട്ടേറെ പേരാണ് പ്രവേശിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടിയിലെ വർദ്ധനവ് ഏപ്രിലിൽ നിലവിൽ വരുന്നതിന് മുൻപ് വീട് സ്വന്തമാക്കാനുള്ള ഓട്ടത്തിലായിരുന്നു മിക്കവരും. എന്നാൽ ഏപ്രിൽ മാസത്തിനു ശേഷം ക്രയവിക്രയങ്ങളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വില കുറയാത്തതാണ് വിപണി വിദഗ്ധരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഭവന വിപണിയിൽ വീണ്ടും മുന്നേറ്റം ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയാണ് ഈ വാദത്തിന്റെ പിന്തുണയായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇർവിൻ ബീച്ചിൽ ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ പെട്ട് ഒരു കൗമാരക്കാരൻ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കെയ്ഡൻ മോയ് (16) എന്ന ആൺകുട്ടിയെ കിൽമാർനോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പരിക്കുകളോടെ മരിച്ചു. ഈസ്റ്റ് കിൽബ്രൈഡിൽ നിന്നുള്ള കെയ്ഡൻ മോയിക്ക് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഗുരുതരമായി പരിക്കേറ്റതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു. ഇയാളെ കിൽമാർനോക്കിലെ ക്രോസ്ഹൗസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഞായറാഴ്ചയോടെ മരിച്ചു.
സംഭവങ്ങളിൽ 17 വയസ്സുള്ള ഒരു ആൺകുട്ടി ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടുന്നതിനായി നിരവധിപേർ നോർത്ത് അയർഷയർ ബീച്ചിലുണ്ടായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അവിടെ ഉണ്ടായിരുന്നവരുടെ ആരുടെയെങ്കിലും പക്കലുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ നാഴിക കല്ലായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ ) കണക്കാക്കുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പ്രശംസിച്ചിരുന്നു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ കരാർ നിലവിൽ വരുന്നതിനോട് ഇന്ത്യയിലെ ആഭ്യന്തര മദ്യ ഉദ്പാദകർ കടുത്ത ആശങ്കയിലാണ്. വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയുന്നത് ആഭ്യന്തര ഉദ്പാദകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. കരാർ പ്രകാരം, യുകെ നിർമ്മിത വിസ്‌കിക്കും ജിന്നിനുമുള്ള താരിഫ് തുടക്കത്തിൽ 150% ൽ നിന്ന് 75% ആയി കുറച്ചേക്കാം, ഒടുവിൽ പത്ത് വർഷത്തിനുള്ളിൽ 40% ആയി കുറയും. ഈ ഘട്ടം ഘട്ടമായുള്ള കുറവ് ബ്രിട്ടീഷ് ബ്രാൻഡുകൾക്ക് ഗണ്യമായി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
താരിഫ് കുറയുന്നതിന്റെ പ്രയോജനം കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കേരളത്തിൽ സർക്കാരിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം വരുന്നത് മദ്യ വിൽപനയിൽ നിന്നും ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് . വാറ്റും എക്സൈസ് ഡ്യൂട്ടിയും ഉൾപ്പെടെ 200 ശതമാനത്തിൽ കൂടുതലാണ് ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ സാധാരണ ഉപഭോക്താക്കൾ കേരളത്തിൽ നൽകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ വ്യാപാര കരാറിലെ നിബന്ധനകൾ നടപ്പിലാകുമ്പോൾ അത് കേരളത്തിലെ മദ്യ വിപണിയിൽ കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൾട്രാ പ്രോസസ്ഡ് ഫുഡ് ഉത്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായുള്ള ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫ്ലേവറുകൾ, നിറങ്ങൾ, പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ (ചിപ്‌സ്, കുക്കികൾ) , പഞ്ചസാര പാനീയങ്ങൾ (സോഡ , എനർജി ഡ്രിങ്കുകൾ) , ഇൻസ്റ്റൻസ് നൂഡിൽസ് , ശീതീകരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് (ബർഗറുകൾ, നഗ്ഗറ്റുകൾ ) , മധുരമുള്ള പ്രഭാതഭക്ഷണങ്ങൾ എന്നിവയെല്ലാം ഈ ഗണത്തിൽ പെടുന്നവയാണ് . അമിതമായ വണ്ണവും, പ്രമേഹം, ഹൃദയരോഗങ്ങൾ, ക്യാൻസർ , ദഹന പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ പ്രോസസ്ഡ് ഫുഡ് ഗണത്തിൽപ്പെടുന്ന ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതായാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
യുകെ ഗവൺമെൻറ് അൾട്രാ പ്രോസസ്ഡ് ഭക്ഷണ വിഭാഗങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളിൽ നിന്ന് പിന്നോട്ട് പോയതായുള്ള ഗുരുതരമായ ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണ ഉത്പന്നങ്ങൾ കൂടുതൽ ആകർഷകമാകുന്നതിന് നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോയത് ലോകത്തിലെ പ്രോസസ്ഡ് ഭക്ഷണ ഉത്പാദകരുടെ ഇടപെടലുകളെ തുടർന്നാണെന്ന ഗുരുതരമായ ആരോപണം കടുത്ത രീതിയിലുള്ള രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ മുതൽ ജങ്ക് ഫുഡുകൾ പ്രമോട്ട് ചെയ്യുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിലവിൽ വന്നിരുന്നു. നിയമം പാലിക്കാൻ സഹായിക്കുന്നതിന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് ആയിരക്കണക്കിന് കടകൾ, സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ റീട്ടെയിലർമാർ, മറ്റ് ബിസിനസുകൾ എന്നിവയ്ക്ക് ഉപദേശം നൽകിയിരുന്നു.
എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം പ്രമോട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത് വൻ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമായിരുന്നു. എന്നാൽ സർക്കാർ ബോധപൂർവ്വം പോഷകസമൃദ്ധമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രമോഷൻ മനപ്പൂർവ്വം ഇല്ലാതാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ നെസ്‌ലെ, മൊണ്ടെലെസ്, കൊക്കകോള, മാർസ്, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കോർപ്പറേഷനുകളെ പ്രതിനിധീകരിക്കുന്ന ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ ആണെന്നാണ് ആരോപണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ പാസ്‌പോർട്ട് ഉടമകൾക്ക് യൂറോപ്പിലുടനീളം ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന കരാറിൻെറ അന്തിമ തീരുമാനത്തോട് അടുത്ത് യുകെയും യൂറോപ്യൻ യൂണിയനും. ഇനി യുകെ യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം വരില്ല. നിലവിൽ, ബ്രിട്ടീഷ് യാത്രക്കാർ പ്രത്യേക ക്യൂകൾ ഉപയോഗിക്കണം. എന്നാൽ ചർച്ച ചെയ്യപ്പെടുന്ന കരാർ പ്രകാരം EU, EEA പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഇ-ഗേറ്റുകൾ ബ്രിട്ടീഷുകാർക്കും ആക്‌സസ് ചെയ്യാൻ സാധിക്കും.
ബ്രിട്ടീഷുകാർ നേരിടുന്ന യാത്രാ കാലതാമസം ലഘൂകരിക്കുക എന്നതാണ് ഈ വികസനത്തിന്റെ ലക്ഷ്യം. ലണ്ടനിൽ നടക്കുന്ന യുകെ-ഇയു ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ചർച്ചയിലാണ് വിഷയം മുന്നോട്ട് വച്ചിരിക്കുന്നത്. സുരക്ഷാ, പ്രതിരോധ കരാറിനെ കുറിച്ചും ചർച്ചകൾ നടക്കും. ബ്രെക്സിറ്റിനുശേഷം, യൂറോപ്യൻ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് സ്റ്റാമ്പിംഗിന്റെ ആവശ്യകത കാരണം ബ്രിട്ടീഷ് യാത്രക്കാർക്ക് കൂടുതൽ സമയം ക്യൂവിൽ നിൽക്കേണ്ടതായി വരുന്നുണ്ട്. ഇ-ഗേറ്റുകൾ പൊതുവെ EU, EEA പൗരന്മാർക്കായി നീക്കിവച്ചിരിക്കുന്നതാണ് ഇതിന് കാരണം.
പോർച്ചുഗലിലെയും സ്‌പെയിനിലെയും ചില വിമാനത്താവളങ്ങളിൽ ബ്രിട്ടീഷ് പാസ്‌പോർട്ട് ഉടമകൾക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുവാദം ലഭിച്ചെങ്കിലും യുകെ വിദേശകാര്യ ഓഫീസ് ഇപ്പോഴും യാത്രക്കാരോട് അവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. നിലവിൽ ചർച്ചയിലിരിക്കുന്ന ഒരു കരാർ ബ്രിട്ടീഷ് യാത്രക്കാർക്ക് യൂറോപ്യൻ ഇ-ഗേറ്റുകളിലേയ്ക്ക് കൂടുതൽ പ്രവേശനം അനുവദിക്കും. സ്റ്റാമ്പിങ്ങിൻെറ ആവശ്യകത നീക്കം ചെയ്യുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയും. അതേസമയം, ബ്രിട്ടീഷ് യാത്രക്കാരിൽ നിന്ന് ബയോമെട്രിക് ഡാറ്റ ആവശ്യമുള്ള ഒരു പുതിയ എൻട്രി/എക്സിറ്റ് സംവിധാനം ഒക്ടോബറിൽ അവതരിപ്പിക്കാൻ EU പദ്ധതിയിടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട വീടുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇയാളെ ശനിയാഴ്ച ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 26 വയസ്സുള്ള ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
പുതിയതായി അറസ്റ്റ് ചെയ്തയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല . ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം 21കാരനായ ഒരാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉക്രേനിയൻ പൗരനായ റോമൻ ലാവ്‌റിനോവിച്ചിനെതിരെ വ്യാഴാഴ്ച ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത് . ചൊവ്വാഴ്ച പുലർച്ചെ ഇയാളെ തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഒരു വിലാസത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ ഒരു വാഹനത്തിന് തീപിടിച്ചത്, പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യ വീട്ടിൽ തീപിടിച്ചത്, വടക്കുപടിഞ്ഞാറൻ ലണ്ടനിൽ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തിൽ തീപിടുത്തം നടന്നത് എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.