ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ പലിശ നിരക്ക് 4.5 ശതമാനമായി നിലനിർത്തി. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. നിലവിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയിൽ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.
ഈ വർഷം തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തിൽ നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആൻഡ്രൂ ബെയ്‌ലി ആവർത്തിച്ച് പറഞ്ഞു. നിലവിൽ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.
പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിൻ്റെ അവലോകന യോഗത്തിൽ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തിൽ നിലനിർത്താനാണ് അനുകൂലിച്ചത്. ഇപ്പോൾ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകൾ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെയിൽ ആകെ 6 ലക്ഷം ഭവന ഉടമകൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ അനുസരിച്ച് മാറുന്ന മോർട്ട്ഗേജ് ഉണ്ട്. നിലവിൽ പലിശ നിരക്കുകൾ മാറ്റമില്ലാത്ത സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവുകളിൽ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലുടനീളമുള്ള 95 ശാഖകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി സാൻ്റാൻഡർ പ്രഖ്യാപിച്ചു . ഇത് 750 പേരുടെയെങ്കിലും ജോലി ഇല്ലാതാക്കുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ബാങ്കിങ്ങിലേയ്ക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ജൂൺ മുതൽ അതിൻ്റെ നാലിലൊന്ന് ശാഖകൾ അടച്ചുപൂട്ടാൻ ലക്ഷ്യമിടുന്നതായാണ് ഹൈ സ്ട്രീറ്റ് ബാങ്ക് അറിയിച്ചത്.
ഇത് കൂടാതെയുള്ള മാറ്റങ്ങളുടെ ഭാഗമായി 36 ശാഖകളിലെ സമയം കുറയ്ക്കുകയും മറ്റ് 18 ശാഖകളിൽ നിന്ന് മുൻ കൗണ്ടറുകൾ നീക്കം ചെയ്യുകയും ചെയ്യും. ബ്രാഞ്ചുകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ ബാങ്ക് ആണ് സാൻ്റാൻഡർ . ജനുവരിയിൽ ലോയ്ഡ്സ് 136 അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചിരുന്നു. മിക്കവാറും ഉപഭോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗ് ആണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റങ്ങളാണ് മിക്ക ബാങ്കുകളെയും ബ്രാഞ്ചുകൾ വെട്ടി കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നത്.
ഒരു ബ്രാഞ്ച് അടയ്ക്കുന്നത് എല്ലായ് പ്പോഴും വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും അത് ഞങ്ങളുടെ ഉപഭോക്താക്കളിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതം എങ്ങനെ കുറയ്ക്കാമെന്നും വിലയിരുത്താൻ ധാരാളം സമയം ചെലവഴിക്കുന്നതായി ഒരു സാൻ്റാൻഡർ വക്താവ് പറഞ്ഞു. യൂണിയനുകളുമായി കൂടിയാലോചിച്ച ശേഷം ബ്രാഞ്ചുകൾ അടയ്ക്കുന്ന തീരുമാനമായി മുന്നോട്ടുപോയാൽ 750 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്ന് സ്പാനിഷ് ഉടമസ്ഥതയിലുള്ള ബാങ്ക് അറിയിച്ചു. യുകെ നിയമങ്ങൾക്കനുസരിച്ച് ശാഖകൾ അടയ്ക്കുമ്പോൾ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും അതാത് പ്രദേശങ്ങൾക്ക് എത്രമാത്രം ആഘാതം സൃഷ്ടിക്കും എന്നുള്ളതിനെ കുറിച്ച് വിലയിരുത്തണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.
വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാലിൻെറ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സോഷ്യൽ ബെനിഫിറ്റ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിന് സമാനമായി യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യം യുവാക്കള്‍ക്ക് നിഷേധിക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവും ശക്തമാണ്. 66,000 പേരെ ബാധിക്കുന്ന ഈ പരിഷ്‌കാരം വഴി സര്‍ക്കാരിന് 330 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്. സർക്കാരിൻറെ പുതിയ നടപടികളോട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളും യൂണിയനുകളും വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. ലേബർ പാർട്ടിയിൽ തന്നെ എംപിമാർ സർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി. രോഗികൾക്ക് ക്ഷേമനിധി പെയ്മെൻ്റുകൾ വെട്ടികുറയ്ക്കുന്നത് ധാർമ്മികമായും സാമ്പത്തികമായും തെറ്റാണെന്നും സമയം വരുമ്പോൾ ഈ നടപടിക്കെതിരെ തങ്ങൾ വോട്ട് ചെയ്യുമെന്നും മുതിർന്ന ലേബർ എംപിയായ ജോൺ ട്രിക്കറ്റ് പറഞ്ഞു. കൂടുതൽ വികലാംഗരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഡിസെബിലിറ്റി ബെനിഫിറ്റ് കൺസോർഷ്യത്തിലെ ചാൾസ് ഗില്ലീസ് മുന്നറിയിപ്പ് നൽകി.
കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേഴ്സണൽ ഇൻഡിപെൻഡൻ്റ് പെയ്മെന്റുകൾ മരവിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് മന്ത്രിമാർ പിന്മാറിയിരുന്നു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത പരുധി ഉയർത്തുന്നതിലൂടെ ഏകദേശം 620,000 ആളുകൾക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് നഷ്ടപ്പെടുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇങ്ങനെ വെട്ടി കുറയ്ക്കൽ നടത്തുന്ന 70 ശതമാനം കേസുകളും ദരിദ്രമായ കുടുംബങ്ങളുടേതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെട്ടി കുറയ്ക്കൽ നടപടി വികലാംഗരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും ലേബർ പാർട്ടി എംപിമാരെയും കാര്യമായി ആശങ്കയിലാക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കായി ചിലവഴിച്ചിരുന്ന 5 ബില്യൺ പൗണ്ട് മുതൽ 6 മില്യൺ പൗണ്ട് വരെ വെട്ടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിബന്ധനകൾ കർശനമാക്കുന്നതിലൂടെ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള പലർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പലർക്കും ജോലി ചെയ്യാനും അതിന് സാധിച്ചില്ലെങ്കിൽ മുൻ ആനുകൂല്യങ്ങൾ കൈപ്പറ്റാനുമുള്ള അവകാശം വാഗ്ദാനം ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019 സെപ്റ്റംബർ 14 ന് പുലർച്ചെയാണ് ബ്ലെൻഹൈം കൊട്ടാരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കവർച്ച നടന്നത്. കൊട്ടാരത്തിന് മുകളിലുള്ള ഒരു സ്റ്റാഫ് ഫ്ലാറ്റിൽ താമസിക്കുന്ന ഗസ്റ്റ് സർവീസ് സൂപ്പർവൈസറായ എലീനർ പൈസ്, ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്നു. തുടക്കത്തിൽ സംശയം ഒന്നും തോന്നിയില്ലെങ്കിലും ഫയർ അലാറങ്ങൾ ഉടൻ മുഴങ്ങാൻ തുടങ്ങിയപ്പോഴാണ് എലീനർ പൈസിനെ പന്തികേട് തോന്നിയത്.
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവിടെ നിന്ന് ഓടിയ എലീനർ പൈസ് കണ്ടത് കൊട്ടാരത്തിൽ നടക്കുന്ന മോഷണം ആണ്. അഞ്ച് പേർ ചേർന്ന് കൊട്ടാരത്തിലെ 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലറ്റ് മോഷ്‌ടിക്കുകയായിരുന്നു. ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ആ ടോയ്‌ലറ്റ്, ഇറ്റാലിയൻ കലാകാരൻ, മൗറീഷ്യോ കാറ്റെലന്റെ ഒരു പ്രവർത്തനപരമായ കലാസൃഷ്ടിയായിരുന്നു. ഒരു പ്രദർശനത്തിന്റെ ഭാഗമായി ഇത് കൊട്ടാരത്തിൽ സ്ഥാപിച്ചതായിരുന്നു. ടോയ്‌ലെറ്റുമായി മോഷ്‌ടാക്കൾ ഒരു ഫോക്‌സ്‌വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുകയും ചെയ്‌തു.
2024-ൽ മോഷണത്തിൽ അറസ്റ്റിലായ ജെയിംസ് ഷീൻ (40) കുറ്റം സമ്മതിച്ചു. അതേസമയം, 39-കാരനായ മൈക്കൽ ജോൺസ് മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. മറ്റ് പ്രതികളായ ഫ്രെഡ് ഡോ (36) നെ ക്രിമിനൽ സ്വത്ത് കൈമാറ്റം ചെയ്യാനുള്ള ഗൂഢാലോചന ആരോപിച്ച് ശിക്ഷിച്ചു. കുറ്റകൃത്യത്തിന്റെ അസാധാരണ സ്വഭാവം കലാപ്രേമികളെ ആകർഷിക്കുകയും മാധ്യമങ്ങളെ രസിപ്പിക്കുകയും ചെയ്‌ത ഒന്നായിരുന്നു. ഇതിന് പിന്നാലെ നിരവധി ടോയ്‌ലറ്റ് സംബന്ധമായ തമാശകളും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് കേരളത്തിൽ പ്ലസ് ടു കഴിഞ്ഞ് ഏറ്റവും അധികം കുട്ടികൾ പോകുന്നത് നേഴ്സിംഗ് കോഴ്സുകൾക്കാണ്. ബയോ സയൻസ് പഠിച്ച കുട്ടികൾ ബിഎസ്സി നേഴ്സിംഗിന് പോകുമ്പോൾ കൊമേഴ്സ് പഠിക്കുന്ന കുട്ടികൾ ജനറൽ നേഴ്സിംഗിന് പോകുന്ന സ്‌ഥിതിയാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. ഈ കുട്ടികളുടെയെല്ലാം ആഗ്രഹം എങ്ങനെയും വിദേശത്ത് പോയി ജോലി സമ്പാദിക്കുക എന്നതാണ്. എന്നാൽ നേഴ്സിംഗ് കഴിഞ്ഞ് കെയർ വിസയിലെങ്കിലും യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുടെ കണ്ണീരിൽ കുതിർന്ന അനുഭവങ്ങളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കെയർ വിസയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ചതി കുഴിയിൽ വീണ നേഴ്സുമാരുടെ അനുഭവങ്ങൾ ബിബിസി വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത് .
കേരളത്തിൽ കോതമംഗലത്ത് മാത്രം ഏകദേശം 30 ഓളം പേരാണ് ലക്ഷക്കണക്കിന് രൂപ ഏജൻ്റുമാർക്ക് നൽകി ചതി കുഴിയിൽ പെട്ടത്. ബ്രാഡ് ഫോർഡിൽ പ്രവർത്തിക്കുന്ന അൽചിത കെയർ ഹോം സ്പോൺസർ ചെയ്യുന്ന ഫാമിലി വിസ കിട്ടാനായി കേരളത്തിലെ ഏജന്റിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത് . പക്ഷേ യുകെയിൽ എത്തിയവർക്ക് പോലും പ്രതീക്ഷിച്ച രീതിയിലുള്ള ജോലി ലഭിച്ചില്ല. പലരും ശമ്പളമില്ലാതെ പരിശീലന പരിപാടികൾ പങ്കെടുക്കേണ്ടതായി വന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചിലർക്കാകട്ടെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ജോലി ലഭിച്ചത് എന്ന് പേരു വെളുപ്പെടുത്താത്ത ഒരു കെയർ നേഴ്സിന്റെ ഭർത്താവ് ബിബിസിയോട് പറഞ്ഞു. ഒടുക്കം പിടിച്ചുനിൽക്കാനാകാതെ പലർക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടി വരുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. റിക്രൂട്ടിംഗ് ഏജൻസികളുടെയും ഇടനിലക്കാരുടെയും കെയർ ഹോം ഉടമകളുടെയും ചൂഷണത്തിന്റെ ഫലമായി ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേരാണ് ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ളത്.
കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ മടിച്ച ചിലരുടെയൊക്കെ സ്ഥിതി പരിതാപകരമാണെന്നാണ് അറിയാൻ സാധിച്ചത്. പലരും അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയാണ് . ഏജൻ്റിന് കടം മേടിച്ചും ലോണെടുത്തും വീടുവിറ്റും നൽകിയ ലക്ഷങ്ങളുടെ ബാധ്യതയാണ് പലരെയും നാട്ടിലേക്ക് തിരിച്ചു വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തങ്ങൾക്ക് വാടകയ്ക്കും ഭക്ഷണത്തിന് പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണന്ന് കേരളത്തിൽനിന്ന് യുകെയിൽ കെയർ വിസയിൽ എത്തിയവർ പറഞ്ഞതായി ആണ് ബിബിസി റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ കെയറിലെ ഒഴിവുകൾ നികത്തുന്നതിനായി ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന വിസ പദ്ധതിയുടെ രൂപകല്പന വളരെ മോശമായിരുന്നു എന്നും അത് ഭയാനകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് വഴിവെച്ചുവെന്നും യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിൽ ആണ് കൺസർവേറ്റീവ് സർക്കാർ കെയർ വർക്കർ വിസ റൂട്ട് അവതരിപ്പിച്ചത്. ഈ വിസ നയത്തിനെ കുറിച്ചാണ് വ്യാപകമായ പരാതികൾ ഉയർന്നുവന്നത്. ഇത്തരം വിസകൾ ശരിക്കും ചൂഷണത്തിന് കാരണമായതായി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു.
വഞ്ചന, ദുരുപയോഗം, ചൂഷണം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 470-ലധികം കെയർ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹോം ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോറിസ് ജോൺസന്റെ മുൻ പ്രത്യേക ഉപദേഷ്ടാവായ ഇൻഡിപെൻഡൻ്റ് ആൻറി സ്ലേവറി കമ്മീഷൻ വർക്ക് വിസ നയത്തെ കുറിച്ച് ശക്തമായി പ്രതികരിച്ചത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ യുകെയിൽ എത്തിയ ഏകദേശം 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നിലധികം പേരും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകളാണ് നിയമിച്ചത്. സർക്കാർ തെറ്റായ ഏജൻസികൾക്ക് എതിരെ നടപടികളെടുക്കുന്നത് നല്ലതാണെങ്കിലും അതിൻറെ പേരിൽ പെരുവഴിയിലാകുന്ന തൊഴിലാളികളെ കുറിച്ച് തനിക്ക് കടുത്ത ആശങ്ക ഉണ്ട് എന്ന് ലിയോൺസ് പറഞ്ഞു. തൊഴിൽ ഉടമയുടെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തേണ്ട ബാധ്യത തൊഴിലാളികളുടേതാണ് . പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് നിയമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ഉള്ള തൊഴിലാളികളിൽ നിന്ന് നിയമനം വേണമെന്ന പുതിയ നിബന്ധന ജോലി നഷ്ടപ്പെട്ടവർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ ലണ്ടനിൽ നടപ്പാതയിലേയ്ക്ക് വാൻ ഇടിച്ചു കയറിയ സംഭവത്തിൽ ഒരു യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്സ് കോളേജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 വയസ്സുകാരിയായ യുവതി കിംഗ്സ് കോളേജിലെ വിദ്യാർത്ഥിനി ആണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ മറ്റ് രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് അറിയാൻ സാധിച്ചത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ 26 വയസുകാരനായ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിലായി. ഇയാൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സംഭവത്തിന് ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലം കാൽനട യാത്രയ്ക്കായി മാത്രം ഉപയോഗിക്കുന്ന പാതയാണെന്നും ഇതുവഴി വാഹനങ്ങൾ പോകാറില്ലെന്നും കിംഗ്സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിയായ അലി പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ദുരൂഹത ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങളാണ് ഇതിന് കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിൻറെ ഫലമായി ആഗോള സാമ്പത്തിക വളർച്ചാ നിരക്കിനെ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) തരം താഴ്ത്തി.
യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയുടെ ജിഡിപി ജനുവരിയിൽ അപ്രതീക്ഷിതമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ ചാൻസലർ റേച്ചൽ റീവ്സിന് ഹിതകരമായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. അധികാരമേറ്റ നാൾ മുതൽ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ലേബർ പാർട്ടി സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന വ്യാപാര തടസ്സങ്ങളും അവ നടപ്പിലാക്കുന്നതിനുള്ള നയപരമായ അനിശ്ചിതത്വവും കാരണം ആഗോള ജിഡിപി 2024-ൽ 3.2 ശതമാനത്തിൽ നിന്ന് 2025-ൽ 3.1 ശതമാനമായും 2026ൽ 3 ശതമാനമായും കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസിന്റെ വളർച്ചാ പ്രവചനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് വളർച്ച 2025-ൽ 2.2% ആയും 2026-ൽ 1.6% ആയും കുറയും എന്നാണ് പുതിയ പ്രവചനം. ഈ വർഷവും അടുത്ത വർഷവും 2.4 ശതമാനവും 3.1 ശതമാനവും ഉയർന്ന ജിഡിപി പ്രതീക്ഷിച്ചിരുന്നു. യുഎസ് ചരക്കുകൾക്ക് യൂറോപ്യൻ യൂണിയൻ്റെ പ്രതികാര നികുതികൾ ഇനിയും നടപ്പിൽ വരാത്തതിനാൽ വളർച്ച നിരക്കിൽ അത് എങ്ങനെ പ്രതിഫലിക്കും എന്നത് പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ ഗവൺമെൻറ് ധനസഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനസമയം വെട്ടി കുറയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫാർമസികൾ രംഗത്ത് വന്നു. ഫാർമസികളുടെ ഫണ്ടിന്റെ 90 ശതമാനവും എൻഎച്ച്എസ് വഴിയാണ് നൽകുന്നത്. മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
എന്നാൽ നിലവിൽ 2024 – 25 , 2025 – 26 എന്നീ സാമ്പത്തിക വർഷത്തേയ്ക്കുള്ള ഫണ്ടിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണവും ഫാർമസികൾക്ക് ലഭിച്ചിട്ടില്ല എന്നാണ് നാഷണൽ ഫാർമസി അസോസിയേഷൻ (എൻഎഫ്എ) പറഞ്ഞു . അതുകൊണ്ടു തന്നെ ചരിത്രത്തിൽ ആദ്യമായി നാഷണൽ ഫാർമസി അസോസിയേഷനിലെ അംഗങ്ങൾ കൂട്ടായി കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് യൂണിയൻ അറിയിച്ചു.
2017 മുതൽ ഇതുവരെ 1300 ഫാർമസികൾ പൂട്ടിയതായി എൻഎഫ്എ അറിയിച്ചു. നവംബറിൽ നടന്ന എൻഎഫ് എയുടെ വോട്ടെടുപ്പിൽ ഏകദേശം 3300 ഫാർമസികൾ പങ്കെടുത്തിരുന്നു. ഏതെങ്കിലും ഫാർമസികൾ സേവനങ്ങൾ കുറയ്ക്കുന്നതിന് മുൻപ് അഞ്ചാഴ്ചത്തെ മുന്നറിയിപ്പ് എൻഎച്ച്എസിന് നൽകണമെന്നാണ് നിലവിലെ ചട്ടം അനുശാസിക്കുന്നത്. ഫാർമസികൾക്ക് മതിയായ ധനസഹായം ലഭിക്കുന്നില്ലെങ്കിൽ രോഗികൾക്ക് അവരുടെ പ്രാദേശിക ഫാർമസികളുടെ സേവനം പൂർണ്ണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ സേവന സംവിധാനത്തെ ഇത് തകർക്കും എന്നും ഇൻഡിപെൻഡൻ്റ് ഫാർമസി അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്‌ല ഹാൻ ബെക്ക് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്ക് പറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെൻട്രൽ ലണ്ടനിൽ കിംഗ്സ് കോളേജ് പരിസരത്താണ് സംഭവം നടന്നത് . പരുക്കു പറ്റിയ രണ്ടുപേരും കാൽ നടക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത്യാഹിത വിഭാഗം അടിയന്തര സേവനം നടത്തി. കാർ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറിയ സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറിയത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
നോർത്താംപ്ടൺ: നോർത്താംപ്ടൺ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവതിയുടെ ആകസ്മിത മരണം. വയനാട് സ്വദേശിനിയായ അഞ്ജു അമൽ(29) ആണ് മരണമടഞ്ഞത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണ് സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )
പനിയുമായിട്ടാണ് കുറച്ചു ദിവസം മുൻപ് അഞ്ജു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി നോർത്താംപ്ടനിലെ താമസക്കാരിയായാണ് പരേതയായ അഞ്ജു. ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് വെളിപ്പിന് മരണം സംഭവിച്ചത്.
അകാലത്തിൽ വേർപിരിഞ്ഞ അഞ്ജുവിന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.