Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമൂഹമാധ്യമങ്ങളിൽ ജനാധിപത്യവിരുദ്ധ ആശയങ്ങൾ പങ്കിട്ടതിന്റെ പേരിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റീഫോം യുകെയുടെ കൗൺസിലർമാർ കടുത്ത ആരോപണങ്ങൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 12 കൗൺസിലർമാരാണ് തീവ്ര വലതുപക്ഷ, ഇസ്ലാമോഫോബിക് ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആരോപണങ്ങൾ നേരിടുന്നത്. നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട മൂന്ന് കൗൺസിലർമാരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.


കഴിഞ്ഞ തദേശീയ തിരഞ്ഞെടുപ്പിൽ മത്സരിച്ച 1600 ലധികം സീറ്റുകളിൽ 677എണ്ണം നേടി റീഫോം യുകെ മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിരുന്നു. റീഫോം യുകെയുടെ ബാനറിൽ വിജയിച്ച മിക്ക കൗൺസിലർമാരുടെയും പൂർവ്വകാല ചെയ്തികളെ കുറിച്ചും പശ്ചാത്തലങ്ങളെ കുറിച്ചും സൂക്ഷ്മ പരിശോധനകൾ നടക്കുകയാണ്. കടുത്ത വലതുപക്ഷ ആശയങ്ങളുടെ പ്രചാരകരായാണ് റീഫോം യുകെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കളം പിടിച്ചത്.


റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ലേബർ പാർട്ടി സർക്കാർ തുനിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ നേവിയുടെ തലവനായ അഡ്മിറൽ സർ ബെൻ കീയെ സസ്‌പെൻഡ് ചെയ്‌തു. ഇതിന് പുറമെ, ഫസ്റ്റ് സീ ലോർഡ് എന്ന പദവിയിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച നടന്ന VE ദിനത്തിന്റെ 80-ാം വാർഷികാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്. ഈ കാലയളവിൽ സെക്കൻഡ് സീ ലോർഡായ വൈസ് അഡ്മിറൽ മാർട്ടിൻ കോണൽ ആണ് തൽക്കാലികമായി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം പരിപാടിയിൽ നിന്ന് മാറി നിന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ലണ്ടൻ സർവകലാശാലയിലെ റോയൽ ഹോളോവേയിൽ നിന്ന് ബിരുദം നേടിയ ശേഷം 1984 ൽ യൂണിവേഴ്സിറ്റി കേഡറ്റായി റോയൽ നേവിയിൽ ചേർന്ന അഡ്മിറൽ സർ ബെൻ കീ ഹെലികോപ്റ്റർ എയർക്രൂ, പ്രിൻസിപ്പൽ വാർഫെയർ ഓഫീസർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയിൽ വൈസ് അഡ്മിറലായി അദ്ദേഹം തൻെറ സേവനം ആരംഭിച്ചു. തുടർന്ന് റോയൽ നേവിയുടെ ഫ്ലീറ്റ് കമാൻഡറായും പിന്നീട് സംയുക്ത പ്രവർത്തനങ്ങളുടെ മേധാവിയായും സേവനമനുഷ്ഠിച്ചു. 2021 ൽ ഫസ്റ്റ് സീ ലോർഡ് ആയി നിയമിതനായി. എച്ച്എംഎസ് സാൻഡൗൺ, എച്ച്എംഎസ് അയൺ ഡ്യൂക്ക്, എച്ച്എംഎസ് ലങ്കാസ്റ്റർ, എച്ച്എംഎസ് ഇല്ലസ്ട്രിയസ് എന്നീ നാല് കപ്പലുകളെ നയിച്ചിട്ടുണ്ട്.

 

അഡ്മിറൽ സർ ബെൻ കീക്കെതിരെ റോയൽ നേവിയിൽ, പ്രത്യേകിച്ച് സബ്മറൈൻ സർവീസിൽ, നിന്ന് വ്യാപകമായ സ്ത്രീവിരുദ്ധത, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നിവ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹം പരസ്യ ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഇസ്രയേൽ എംബസിയ്ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കുറ്റത്തിന് ഒരു ഇറാനിയൻ പൗരൻ കൂടി അറസ്റ്റിലായി. ഇതോടെ അടുത്തകാലത്ത് ഭീകര പ്രവർത്തന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ വംശജരുടെ എണ്ണം എട്ടായി . രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പോലീസ് അടുത്തിടെ ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യത്തെ സംഘത്തിൽ 4 ഇറാനിയൻ പൗരന്മാരും അഞ്ചാമനായി ഒരാളും ഉൾപ്പെട്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല .

ദേശീയ സുരക്ഷാ നിയമപ്രകാരം വെള്ളിയാഴ്ച രാവിലെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ നിന്നാണ് 31 കാരനെ കസ്റ്റഡിയിലെടുത്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഈ സംഘത്തിൽ പെട്ട 39, 44, 55 വരെ വയസ്സുള്ള മറ്റ് മൂന്നു പേരെ മെയ് 3-ാം തീയതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 17 വരെ ഇവരെ കസ്റ്റഡിയിൽ വെക്കാൻ പോലീസിന് വാറണ്ട് ലഭിച്ചിട്ടുണ്ട്.

സമീപ വർഷത്തിൽ നമ്മൾ കണ്ട ഏറ്റവും വലിയ ഭീഷണിയാണ് പോലീസ് സമർത്ഥമായി നേരിട്ടതെന്നാണ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷാ ഭീഷണികളോട് കരുതലോടെ പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അന്വേഷണം ഇപ്പോഴും പ്രാരംഭ ദശയിലാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സാധ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മെറ്റ്സ് കൗണ്ടർ ടെററിസം കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി രണ്ടുവർഷം തികയും മുമ്പ് മലയാളി നേഴ്സ് മരണമടഞ്ഞു. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നേഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ രോഗം അധികരിച്ചതിനെ തുടർന്ന് വിൻസി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് വിൻസി മരണത്തിന് കീഴടങ്ങിയത്.

മുക്കാട്ടുകര കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ വറതുണ്ണിയുടെയും റോസിയുടെയും മകളാണ്. കുമ്പളങ്ങാട് മേലിട്ട് റിജു മോൻ ആണ് വിൻസിയുടെ ഭർത്താവ്. 9 , 8, 6 ക്ലാസുകളിൽ പഠിക്കുന്ന അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ എന്നിവരാണ് മക്കൾ.

സ്ട്രൗഡ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സി. ഇതിനിടെ ക്യാൻസർ രോഗം തിരിച്ചറിയുകയായിരുന്നു . തുടർ ചികിത്സയ്ക്കായി ഏപ്രിൽ അവസാനത്തോടെ ആണ് വിൻസി നാട്ടിൽ എത്തിയത് .

മരണ വിവരം അറിഞ്ഞ് ഭർത്താവ് റിജോയും മക്കളും യുകെയിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് . സംസ്കാരം ഇന്ന് 11 – ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ പള്ളിയിൽ.

വിൻസിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മിക്ക സർവകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സർവകലാശാലകളുടെ വരുമാനത്തിൽ തുടർച്ചയായ മൂന്നാം വർഷവും ഇടിവ് നേരിട്ടതായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ ആണ് അറിയിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയുന്നതാണ് വരുമാനം കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മാറ്റിവെച്ച് പലരും ബഡ്ജറ്റ് കമ്മിയെ മറികടക്കാൻ ശ്രമിക്കുകയാണ്. ഇതുകൂടാതെ പല യൂണിവേഴ്സിറ്റികളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഓഫീസ് ഫോർ സ്റ്റുഡന്റ്‌സിന്റെ (OfS) വാർഷിക സാമ്പത്തിക പരിശോധന കണ്ടെത്തിയ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്. പിടിച്ചു നിൽക്കുന്നതിനായി പല സർവകലാശാലകളും 400 മില്യണിലധികം വിലമതിക്കുന്ന ഭൂമിയും സ്വത്തുക്കളും വിറ്റഴിക്കാൻ പദ്ധതിയിടുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്.

യുകെയിൽ നിന്നല്ലാതെ വിദ്യാർത്ഥികളെ പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തതാണ് മിക്ക സർവകലാശാലകളും നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 21 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനർത്ഥം ഈ മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾ വീണ്ടും കൂടും എന്നാണെന്ന് ഒ എഫ് എസിന്റെ റെഗുലേഷൻ ഡയറക്ടർ ഫിലിപ്പ് പിക്ക്ഫോർഡ് പറഞ്ഞു. ട്യൂഷൻ ഫീ കുറവുള്ള യു കെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുള്ള കമ്മി നികത്താൻ ആണ് സർവകലാശാലകൾ പ്രധാനമായും അന്താരാഷ്ട്ര വിദ്യാർഥികളെ ആശ്രയിക്കുന്നത്. എന്നാൽ സമീപകാലത്ത് ഏർപ്പെടുത്തിയ കുടിയേറ്റ വിസ നയങ്ങൾ മൂലം അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റിൽ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. അടുത്തയിടെ തദ്ദേശീയ തിരഞ്ഞെടുപ്പിൽ റീഫോം യുകെ ഉയർത്തിയ വെല്ലുവിളികളെ നേരിടാൻ സർക്കാർ കുടിയേറ്റ നയം കർശനമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇത് ഏറ്റവും ആദ്യം പെർമനൻ്റ് വിസയ്ക്കായി അപേക്ഷിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ആണ് ബാധിക്കുക എന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യ പാകിസ്ഥാൻ സംഘർഷം കനക്കുന്നതിൻ്റെ അലയൊലികൾ യുകെയിലും ദൃശ്യമാകുന്നതിന്റെ റിപ്പോർട്ടുകൾ പലരും മലയാളം യുകെ ന്യൂസുമായി പങ്കുവെച്ചു. പ്രകോപനപരമായ പെരുമാറ്റവുമായി ഇന്ത്യക്കാർക്കെതിരെ പാകിസ്ഥാൻ വംശജർ പെരുമാറുന്നതായുള്ള വിവരങ്ങൾ ആണ് പുറത്തു വന്നത്. വെയ്ക്ക് ഫീൽഡിൽ 18 വയസ്സിനടുത്ത് പ്രായമുള്ള പാക്കിസ്ഥാനികൾ മലയാളി കുട്ടികൾ കളിക്കുന്ന സ്ഥലത്ത് വന്ന് നിന്ന് ഇന്ത്യക്കാരാണോ എന്ന് ചോദിച്ച് ആക്രമിക്കാൻ ശ്രമിച്ചതായാണ് അറിയാൻ സാധിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കൊച്ചു കുട്ടികളുടെ അടുത്ത് വന്ന് ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിക്കാൻ ശ്രമിക്കുകയും അവരെ കളിച്ചു കൊണ്ടിരുന്ന സ്ഥലത്തു നിന്ന് ഓടിക്കാൻ ശ്രമിച്ചതായും ഉള്ള ഗുരുതരമായ പരാതികൾ ആണ് ഉയർന്നു വന്നത്.


സമാനമായ ഒരു സംഭവം ഇന്നലെ വെയ്ക്ക് ഫീൽഡിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരു ഷോപ്പിംഗ് സെൻററിൽ ഇന്ത്യക്കാരനായ ഒരാളെ പാക്കിസ്ഥാനികൾ മർദ്ദിച്ചതായാണ് അറിയാൻ സാധിച്ചത്. ഇങ്ങനെ യുകെയുടെ വിവിധ ഭാഗങ്ങളിൽ പാകിസ്ഥാൻ വംശജർ പ്രകോപനം സൃഷ്ടിക്കുന്നത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ പെൺകുട്ടികളെയും കൊച്ചു കുട്ടികളെയും ഒറ്റയ്ക്ക് പുറത്തേയ്ക്ക് വിടുന്നതിലെ അപകടസാധ്യതകളിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്.


ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം കൂടുന്നതിന്റെ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതിർത്തിയിൽ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ജീവനക്കാരെയും സേവനങ്ങളെയും വെട്ടി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ചികിത്സയുടെയും പരിചരണത്തിന്റെയും കാര്യത്തിൽ റേഷൻ സമ്പ്രദായം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നാണ് അറിയാൻ സാധിച്ചത്.


ചിലവ് കുറയ്ക്കലിന്റെ ഭാഗമായി റിഹാബിലിറ്റേഷൻ സെൻററുകൾ അടച്ചുപൂട്ടൽ, ടോക്കിങ് തെറാപ്പി സേവനങ്ങളിൽ കുറവ് വരുത്തുക, പ്രായമാകുന്നവരെ പരിചരിക്കുന്നതിനുള്ള കിടക്കുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. 2025 – 26 കാലയളവിൽ നേരിടുന്ന 6.6 ബില്യൺ പൗണ്ടിന്റെ കമ്മിയെ മറികടക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി ആശുപത്രികൾക്ക് കർശന നിർദേശം നൽകിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


കഴിഞ്ഞ വർഷവും ഇത്തവണയും എൻഎച്ച്എസിന് സർക്കാർ 22 ബില്യൺ പൗണ്ട് അധികമായി നൽകിയിരുന്നു. എന്നാലും എൻഎച്ച്എസിലെ വിവിധ ട്രസ്റ്റുകൾ കടുത്ത സാമ്പത്തിക പ്രശ്നത്തിൽ കൂടി കടന്നു പോകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാർ പരിചരണങ്ങളെയും ചികിത്സയുടെ ഗുണനിലവാരത്തിനെയും ബാധിക്കാൻ സാധ്യതയുള്ള 1500 തസ്തികകൾ വരെ വെട്ടി കുറയ്ക്കാൻ ചില ട്രസ്റ്റുകൾ പദ്ധതിയിടുന്നതായാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യുഎസുമായി വ്യാപാര കരാർ യാഥാർത്ഥ്യമായി. കരാർ നിലവിൽ വരുന്നതോടെ കാറുകൾ, അലൂമിനിയം, സ്റ്റീൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ താരിഫുകൾ വെട്ടി കുറയ്ക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകൾ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

ചരിത്രപരമായ നേട്ടമെന്നാണ് പ്രസ്തുത കരാറിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് പൂർണ്ണമായും ഒഴിവാക്കാൻ യു എസ് സമ്മതിച്ചു. തകർച്ചയിൽ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീൽ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനിൽ നിർമ്മിക്കുന്ന കാറുകൾക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.

യുകെയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാർ നിലവിൽ വരുന്നത് യുകെയിലെ ഇന്ത്യൻ കമ്പനികൾക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീൽ, ജാഗ്വാർ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് കരാർ വലിയതോതിൽ പ്രയോജനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ യുകെ ഏർപ്പെട്ടത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു . ഇതിനു പിന്നാലെയാണ് ഇരട്ട നേട്ടമായി യുഎസുമായും രാജ്യം വ്യാപാര കരാറിൽ എത്തിയത്. യു കെ ഇന്ത്യ വ്യാപാര കരാർ നിലവിൽ വന്നത് യുഎസിനെ സമ്മർദ്ദത്തിലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രംപിന്റെ താരിഫ് ഏർപ്പെടുത്തലിലെ കടുംപിടുത്തം ഒഴിവാക്കാൻ ഇത് ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

യുഎസ്എ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് വ്യാഴാഴ്ച റോമൻ കത്തോലിക്കാ സഭയുടെ പുതിയ പോപ്പും നേതാവുമായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ മാർപ്പാപ്പ പോപ്പ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസില്‍ നിന്നുള്ള ആദ്യ പോപ്പാണ് 69കാരനായ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്.

1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടി.

പുരോഹിതനാകാന്‍ തീരുമാനിച്ച പ്രിവോസ്റ്റ്, 1977 സെപ്റ്റംബറില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിനില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ ഓര്‍ഡറിലേക്ക് തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റില്‍ ഗൗരവ വ്രതം സ്വീകരിച്ചു. അടുത്ത വര്‍ഷം, 1982-ല്‍, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റും 1987-ല്‍ ഡോക്ടര്‍ ഓഫ് കാനന്‍ ലോ ബിരുദവും നേടി.

1985-ല്‍ പ്രിവോസ്റ്റ് പെറുവിലെ ഓഗസ്റ്റീനിയന്‍ മിഷനില്‍ ചേര്‍ന്നു, 1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, ഡയോസിസന്‍ ഉദ്യോഗസ്ഥനായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ഓഗസ്റ്റീനിയന്‍ പ്രോവിന്‍സിന്റെ വൊക്കേഷന്‍ പാസ്റ്ററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1988-ല്‍ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വര്‍ഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയുടെ തലവനായി. ഡയോസിസന്‍ സെമിനാരിയില്‍ കാനന്‍ ലോ പഠിപ്പിച്ച അദ്ദേഹം, പഠനങ്ങളുടെ പ്രീഫെക്ടായും പ്രവര്‍ത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കല്‍ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്‌സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, 2001 മുതല്‍ 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രയര്‍ ജനറലായും പ്രവര്‍ത്തിച്ചു. 2015-ല്‍ പെറുവിന്റെ നാഷണല്‍ സിവില്‍ രജിസ്ട്രി സ്ഥിരീകരിച്ചതനുസരിച്ച് കാര്‍ഡിനല്‍ പ്രിവോസ്റ്റ് പെറുവിന്റെ പൗരത്വം സ്വീകരിച്ചു. 2023-ലാണ് കര്‍ദിനാളാകുന്നത്. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്‌സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തിൽ നിന്ന് 4.25 ശതമാനമായി ആണ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയത്. യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നിരക്കുകൾ ഉയർത്തി ആരംഭിച്ച വ്യാപാര യുദ്ധത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനാണ് പലിശ നിരക്കുകൾ കുറയ്ക്കുന്ന നടപടി ബാങ്ക് കൈ കൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പിൽ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ് ) ൻ്റെ പ്രവചനം നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഐ എം എഫിൻ്റെ പ്രവചനം അനുസരിച്ച് ഈ വർഷം തന്നെ ഇനിയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഈ വർഷം ആഗസ്റ്റിൽ നടത്തിയ പലിശ നിരക്കുകളിലെ വെട്ടി കുറവിനു പുറമെ യുകെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകാനുള്ള സാധ്യത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടി കാണിച്ചിരുന്നു.

9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എം പി സി ) രണ്ട് പേർ പലിശ നിരക്കുകൾ അര ശതമാനം കുറയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ട് പേർ നിരക്കുകൾ 4.5 ശതമാനത്തിൽ തന്നെ നിലനിർത്തണമെന്നാണ് വോട്ട് ചെയ്തത്. ഈ രണ്ട് അഭിപ്രായങ്ങൾക്കിടയിലും ബാങ്ക് 0.25 ശതമാനം പലിശ നിരക്കുകൾ കുറയ്ക്കുകയായിരുന്നു. 2026 വരെ പണപ്പെരുപ്പം 2 ശതമാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മുകളിൽ തുടരുമെന്ന ആശങ്ക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൻ്റെ റിപ്പോർട്ട് സമീപഭാവിയിലെ പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നതിനെ ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. നിലവിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നതിൽ പ്രധാന കാര്യം യൂഎസിന്റെ താരിഫ് നയങ്ങളിലെ മാറ്റങ്ങളെ തുടർന്നാണ്. വിദേശ കാറുകൾക്കും സ്റ്റീലിനും ട്രംപ് ഏർപ്പെടുത്തിയ 25% ഇറക്കുമതി ചാർജുകളിൽ നിന്ന് ഇളവുകൾ നേടുന്നതിനുള്ള സാധ്യതയെക്കുറിച്ച് യുകെ വാഷിംഗ്ടണുമായി ചർച്ചകൾ നടത്തിവരികയാണ്.

RECENT POSTS
Copyright © . All rights reserved