ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചില ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി വൺ ക്ലിക്ക് മാർക്കറ്റിംഗിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനായ ജോർദാൻ പാർക്ക്‌സ്. പലപ്പോഴും ഈ കോളുകൾ തട്ടിപ്പുമായി ബന്ധപ്പെട്ടേക്കാം എന്നും മുന്നറിയിപ്പ്. തട്ടിപ്പുകാർക്ക് ഓട്ടോമേറ്റഡ് ടയലേഴ്‌സ് ഉപയോഗിച്ച് ഫോൺ കോളുകൾ നടത്താനും ഹാംഗ് അപ്പ് ചെയ്യാനും സാധിക്കും. പലരും അത്യാവശ്യമെന്നു കരുതി മിസ്‌ഡ് കോൾ തിരികെ വിളിക്കുന്നത് വഴി തട്ടിപ്പിന് ഇരയാകുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്നും തിരികെ വിളിക്കരുതെന്നും വിദഗ്ദ്ധർ പറയുന്നു.
0945, 0843, അല്ലെങ്കിൽ 070 എന്നിവയിൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്ന് ജോർദാൻ പാർക്ക്‌സ് പറയുന്നു. ഇവ പലപ്പോഴും പ്രീമിയം നിരക്കിലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഉയർന്ന നിരക്കുകൾക്ക് കാരണമാകും. ഈ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളിൽ ഒരു സംഭാഷണത്തിൽ ഏർപ്പെട്ടില്ലെങ്കിലും, കോൾ എടുക്കുന്നതിന് ബില്ല് ലഭിക്കാൻ സാധ്യത ഉണ്ട്. ഇത്തരം കോളുകൾ എടുത്താൽ ദൈർഘ്യവും നിരക്കുകളും വർദ്ധിപ്പിക്കുന്നതിന് തട്ടിപ്പുകാർ പല തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഉയർന്ന ഫീ ഒഴിവാക്കുന്നതിന് 845, 076, 084, 087, 090, 091, 118 എന്നീ നമ്പറുകളിൽ നിന്നുള്ള കോളുകളും ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് പ്രീമിയം നിരക്കുകളുമായി ബന്ധപ്പെട്ട ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾ ഒഴിവാക്കണം. കൂടാതെ സംശയാസ്പദമായ നമ്പറിൽ നിന്നുള്ള മിസ്സ്ഡ് കോളുകൾ ഉണ്ടെങ്കിൽ തിരിച്ച് വിളിക്കുന്നതിന് മുൻപ് ഓൺലൈനിൽ ഈ നമ്പർ തിരയാൻ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫോൺ ബിൽ പതിവായി പരിശോധിക്കുകയും നിരക്കുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമേകേടുകൾ ശ്രദ്ധയിൽ പെട്ടാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ നിങ്ങളുടെ സേവന ദാതാവിനെ അറിയിക്കുകയും ചെയ്യുക
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ ചൈന സന്ദർശനം നടക്കാനിരിക്കെ മുൻ തായ്‌വാൻ പ്രസിഡന്റിൻെറ യു കെ സന്ദർശനം മാറ്റിവെയ്ക്കാൻ ഫോറിൻ ഓഫീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തേയ്ക്കുള്ള തൻ്റെ ആദ്യ യാത്രയിൽ ഉന്നതതല യോഗങ്ങൾക്കായി ലാമി അടുത്തയാഴ്ച ചൈനയിലേക്ക് പോകും. ബ്രിട്ടീഷ്-തായ്‌വാനീസ് സർവകക്ഷി പാർലമെൻ്ററി ഗ്രൂപ്പ് (എപിപിജി) ഈ മാസം തായ്‌വാൻ മുൻ പ്രസിഡൻ്റായ സായ് ഇംഗ്-വെനുമായി പാർലമെൻ്റിൽ ചർച്ച നടത്തിയിരുന്നു.
ചൈനയെ പിണക്കാതിരിക്കാനായി തായ്‌വാൻ മുൻ പ്രസിഡന്റിന്റെ യുകെ സന്ദർശനം താമസിപ്പിക്കാൻ ബ്രിട്ടൻ ശ്രമിച്ചതായുള്ള വാർത്തകൾ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരുകളുടെ കീഴിൽ യുകെയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പുതിയ സർക്കാർ ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായുള്ള സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയുമായി നയതന്ത്ര ബന്ധം എല്ലാ മേഖലയിലും മെച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു.
വിദേശകാര്യ സെക്രട്ടറിക്ക് പുറമെ ചാൻസിലർ റേച്ചൽ റീവ്സ് അടുത്തവർഷം ചൈന സന്ദർശിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌വാനുമായി മറ്റ് രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷുകാരിയായ യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ അറസ്റ്റിലായി . 28 വയസ്സുകാരിയായ കിം ഹാൾ ആണ് ചിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റിലായത്. മെക്സിക്കോയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. തൻറെ സ്യൂട്ട് കേസിൽ ഏകദേശം 3.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ യുകെയിലേയ്ക്ക് കിം ഹാൾ കൊണ്ടുവരാനായി ശ്രമിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
രണ്ട് സ്യൂട്ട് കേസുകളിലായി 43 കിലോ കൊക്കെയ്നാണ് കിം ഹാളിൽ നിന്ന് കണ്ടെടുത്തത്. ഇതേ തുടർന്നാണ് മിഡിൽസ് ബറോയിൽ നിന്നുള്ള കിം ഹാളിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവർക്ക് കുറഞ്ഞത് 60 വർഷത്തെ തടവ് ശിക്ഷ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കിം ഹാൾ യുകെയിൽ ബ്യൂട്ടീഷനായാണ് ജോലി ചെയ്തിരുന്നത്.
എന്നാൽ സംഭവത്തെ കുറിച്ച് കിം ഹാൾ വിശദീകരിക്കുന്നത് താൻ കുറ്റക്കാരിയല്ലെന്നാണ്. രണ്ട് പുരുഷന്മാർ സ്യൂട്ട് കേസുകൾ കൊണ്ടുപോകാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നാണ് കിം ഹാൾ വാദിക്കുന്നത്. തൻറെ മകൾ മയക്കുമരുന്ന് കടത്തുകാരിയല്ലെന്ന് അവരുടെ പിതാവ് ജോൺ മാധ്യമങ്ങളോട് പറഞ്ഞു. കിം ഹാളിൻ്റെ കേസ് അടുത്തമാസം 13-ാം തീയതി കോടതി വിചാരണയ്ക്ക് എടുക്കും എന്ന് കുക്ക് കൗണ്ടി കോടതി വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടിച്ചെടുത്തു. ഏകദേശം 200 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. തെക്കെ അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്ത വാഴപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കു മരുന്നാണ് പിടിച്ചെടുത്തത്.
യുകെയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുകെയിലേയ്ക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അഗ്രോ ഫുഡ് ലിമിറ്റഡിന്റെ പേരിലാണ് മയക്കുമരുന്ന് കടത്ത് നടന്നത്. വാഴപ്പഴം കൊണ്ടു വന്ന കണ്ടെയ്നറിൽ 2330 ലധികം കൊക്കെയ്ൻ ബാറുകൾ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വരുന്ന സൂചിപ്പിക്കുന്നത്. ഓരോ ബാറുകൾക്കും ഏകദേശം ഒരു കിലോ തൂക്കവും 30000 പൗണ്ട് വിലമതിക്കുന്നതാണെന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബിൽ പാസ്സാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ജോലിസ്ഥലത്തെ അവകാശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനും ശമ്പളം മെച്ചപ്പെടുത്താനും പുതിയ ബിൽ സഹായിക്കും. ബിൽ രണ്ടുവർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പുതിയ ബിൽ അനുസരിച്ച് ഇനി തൊഴിലാളികളെ കാരണങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ സാധിക്കുകയില്ല. നേരത്തെ രണ്ടു വർഷത്തോളം ജോലി ചെയ്‌ത തൊഴിലാളികൾക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. കൂടാതെ പാറ്റെർനിറ്റി, അൺപൈഡ് പാരന്റൽ ലീവുകൾ ഒരു പ്രസ്‌തുത കാലാവധി വരെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു. എന്നാൽ അതിപ്പോൾ എല്ലാവർക്കും ലഭിക്കുന്ന തരത്തിലേക്കുള്ള പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് നാലാം ദിവസം മാത്രം സിക്ക് ലീവ് എടുക്കാൻ പറ്റുന്ന നിയമത്തിൽ നിന്ന് ആദ്യ ദിവസം തന്നെ ലീവ് എടുക്കാം എന്ന രീതിയിലുള്ള മാറ്റങ്ങൾ പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്. 2026 ലെ ശരത്കാലത്തോടെ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒമ്പത് മാസത്തെ പ്രൊബേഷൻ കാലയളവ് നടപ്പാകുന്നതിനെക്കുറിച്ചും സർക്കാർ കൂടിയാലോചിക്കും. നേരത്തെ, ട്രേഡ് യൂണിയനുകൾ ആറ് മാസത്തെ പരിധി മുന്നോട്ട് വെച്ചിരുന്നു.
ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മോശം വ്യവസ്ഥകളിൽ വീണ്ടും നിയമിക്കുകയും ചെയ്യുന്ന “ഫയർ ആൻഡ് റീഹൈർ” എന്ന സമ്പ്രദായം നിരോധിക്കാനും പുതിയ ബില്ലിൽ പറയുന്നുണ്ട്. ബിസിനസ്സ് തകർച്ച തടയാൻ ആവശ്യമെങ്കിൽ തൊഴിലുടമകൾക്ക് നിബന്ധനകൾ മാറ്റാം. ഇത് യൂണിയനുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്ന ഈ ബിൽ നടപ്പിലാക്കുന്നത് നോക്കാൻ ഫെയര്‍ വര്‍ക്ക് ഏജന്‍സിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഈ ഏജൻസിയിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വാഹനം ഓടിക്കാൻ ഏറ്റവും മോശം മോട്ടോർ വേ ഏതാണ്. പലവിധ ഘടകങ്ങൾ പരിഗണിച്ച് M 42 ആണ് ഏറ്റവും മോശം മോട്ടോർ വേയായി പലരും ചൂണ്ടി കാണിച്ചത്. വേഗ പരുധി, പണികൾ, റോഡിലെ കുഴികൾ എന്നിവ ഉൾപ്പെടെയുള്ള മോശം കാര്യങ്ങൾ പരിഗണിച്ചാണ് M 42 വിന് ഏറ്റവും മോശം മോട്ടോർ വേ എന്ന ദുഷ്പേര് പലരും നൽകുന്നത്.
ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, സോളിഹൾ, ടാംവർത്ത്, റെഡ്ഡിച്ച് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 40 മൈൽ നീളമുള്ള മോട്ടോർവേ ആണ് M42 . 9166 റോഡ് ഉപഭോക്താക്കളിൽ നടത്തിയ സർവ്വേ ആണ് M42 വിനെ ഏറ്റം മോശം മോട്ടോർവേ ആണെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. റോഡ് വർക്കുകൾ, കുഴികൾ, ട്രാഫിക് ബ്ലോക്കുകൾ കൊണ്ടുള്ള കാലതാമസം എന്നിവ സർവേകളിൽ പങ്കെടുത്ത പലരും കടുത്ത ഭാഷയിൽ വിമർശിച്ചു . പലപ്പോഴും M42 വിൽ കൂടി യാത്ര ചെയ്തപ്പോൾ വ്യക്തമായ കാരണങ്ങൾ ഒന്നുമില്ലാതെ വേഗത കുറയ്ക്കാൻ നിർബന്ധിതരായ ഒട്ടേറെ പേരാണ് പരാതി പെട്ടത്.
ഇംഗ്ലണ്ടിലെ ഏറ്റവും ജനപ്രിയമായ മോട്ടോർ വേ ലണ്ടനെയും ബർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന M40 ആണ്. 79 ശതമാനം പേരും M40 യെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പുതിയ റോഡുകൾ നിർമ്മിക്കുന്നതിലും പ്രധാനം നിലവിലുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത് എന്നതാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ഡ്രൈവർമാരും അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വരും ദിവസങ്ങളിൽ യുകെയിൽ ഭവന വായ്പ എടുക്കുന്നതിനുള്ള ചിലവ് ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി മോർട്ട്ഗേജ് നിരക്കുകളിൽ കുറവ് വന്നു കൊണ്ടിരുന്നത് വീട് വാങ്ങുന്നവർക്ക് ഉപകാരപ്രദമായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചതും മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതും ഭവന വിപണിയിൽ വൻ ഉണർവിന് കാരണമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വീടുകളുടെ വില തുടർച്ചയായ മൂന്നാം മാസവും റിക്കോർഡ് ഉയരത്തിൽ എത്തിയ വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ വാർത്തയാക്കിയിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റിലെ മത്സരം കനത്തപ്പോൾ മോർട്ട്ഗേജ് നൽകുന്ന സ്ഥാപനങ്ങൾ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് തടയിട്ടു കൊണ്ട് കവന്ററി ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.
മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോർട്ട്ഗേജ് ഉയർത്താൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബർ 30 – ന് ചാൻസിലർ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഉയർന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാൻഷ്യലിൻ്റെ ബ്രോക്കർ ആരോൺ സ്‌ട്രട്ട് പറഞ്ഞു.
ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ നല്ലൊരു ശതമാനം മലയാളികൾ ആണ്. ഇന്ത്യ, നൈജീരിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്.
കെയർ മേഖല പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തിയിരുന്ന മേഖലയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ പുരുഷന്മാരാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ഏകദേശം 21 ശതമാനം പുരുഷന്മാരാണെന്ന് ചുരുക്കം. സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഏത് മേഖലയിൽ ആണ് തങ്ങളുടെ വിദ്യാഭ്യാസം എങ്കിലും കെയർ മേഖലയിൽ ജോലി കണ്ടെത്തി യുകെയിൽ പെർമനന്റ് റെസിഡൻസ് വിസ ലഭിക്കാനായി പരിശ്രമിക്കുന്നു. ഇത് മേഖലയിൽ കൂടുതൽ പുരുഷന്മാർ എത്തിച്ചേരാൻ കാരണമായിട്ടുണ്ട്.
ഒരു കെയർ വർക്കറുടെ ശരാശരി വേതനം മണിക്കൂറിന് 11.58 പൗണ്ട് ആണ്. ഇത് ദേശീയ മിനിമം വേതനത്തേക്കാൾ 14 p കൂടുതലും. എന്നാൽ മറ്റ് പല തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കെയർ മേഖലയിലെ വേതനം കുറവാണെന്ന് പല മലയാളികളും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ കഴിഞ്ഞവർഷം ഏകദേശം നാലിലൊന്ന് ജീവനക്കാർ ഈ മേഖലയിലെ ജോലി ഉപേക്ഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. പല പുരുഷ കുടിയേറ്റക്കാരും ഒരു ജോലി ലഭിക്കാനായിട്ടാണ് കെയർ മേഖലയെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വർഷം 165,000 അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റുകളാണ് ഈ മേഖലയിൽ നടന്നത്. അതേ സമയം കെയർ മേഖലയിലെ ബ്രിട്ടീഷുകാരുടെ എണ്ണം 30,000 ആയി കുറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ജെയിംസ് ക്ലെവർലിയെ പുറത്താക്കി റോബർട്ട് ജെൻറിക്കും കെമി ബേഡ്നോക്കും കൺസർവേറ്റീവ് നേതൃത്വ മത്സരത്തിൻ്റെ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ മികച്ച സ്വീകാര്യത നേടിയ പ്രസംഗം നടത്തുകയും, ചൊവ്വാഴ്ച നടന്ന മൂന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ എംപിമാരുടെ ബാലറ്റിൽ ഒന്നാമതെത്തുകയും ചെയ്തതിന് ശേഷമുള്ള ക്ലെവർലിയുടെ പുറത്താകൽ എല്ലാവരും അവിശ്വസനീയതയോടെയാണ് കേട്ടത്. നാലാം റൗണ്ടിൽ ബേഡ്നോക്കിന് 42 വോട്ടും, ജെൻറിക്കിന് 41 വോട്ടും ലഭിച്ചപ്പോൾ, ക്ലെവർലിക്ക് 37 വോട്ടുകളാണ് ലഭിച്ചത്. അവസാന ലാപ്പിൽ എത്തിയിരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്ക് ഇനി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ആയിരിക്കും വോട്ട് ചെയ്യുക. അന്തിമഫലം നവംബർ 2 ന് ലഭ്യമാകും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ, തന്നെ പിന്തുണച്ചവർക്കുള്ള നന്ദി ക്ലെവർലി അറിയിച്ചു. നമ്മൾ എല്ലാവരും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണെന്നും, ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന വിനാശകരമായ ലേബർ സർക്കാരിനെ എതിരിടുവാൻ കൺസർവേറ്റീവ് പാർട്ടി ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. അവസാന റൗണ്ടിലെത്തിയ മറ്റ് രണ്ട് സ്ഥാനാർത്ഥികളും ക്ലെവർലിയുടെ പോരാട്ടത്തെ അഭിനന്ദിച്ചു. ക്ലെവർലിയുടെ പ്രചാരണം പുത്തൻ ആശയങ്ങളും ശുഭാപ്തിവിശ്വാസവും നിറഞ്ഞതായിരുന്നുവെന്നും, അദ്ദേഹത്തോടൊപ്പം തുടർന്നും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ബേഡ്നോക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ഉജ്ജ്വലമായ പോരാട്ട ക്യാമ്പയിനായിരുന്നു ക്ലെവർലിയുടേതെന്ന് ജെൻറിക്കും വ്യക്തമാക്കി. നിസ്സാരമായ വിഷയങ്ങൾക്ക് പുറകെ പോകാതെ, സമ്പദ്‌വ്യവസ്ഥ, എൻഎച്ച്എസ്, കുടിയേറ്റം തുടങ്ങിയ മുഖ്യ വിഷയങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജെൻറിക്ക് അഭിപ്രായപ്പെട്ടു. മുൻ ബിസിനസ് സെക്രട്ടറിയായ ബേഡ്നോക്കും മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ജെൻറിക്കും പാർട്ടിയിലെ തന്നെ വലതുപക്ഷ ചായ്വ്വുള്ളവർക്ക് പ്രിയപ്പെട്ടവരാണെന്നാണ് വിലയിരുത്തൽ. മത്സരത്തിലെ അന്തിമ വിജയി ഋഷി സുനക്കിന് പകരം കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും. ഈ വർഷമാദ്യം പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പിൽ പരാജയത്തിനു പിന്നാലെ സുനക് രാജി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ ഷെഫീൽഡ് യുണൈറ്റഡ് താരം ജോർജ്ജ് ബാൽഡോക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത ദുരൂഹത ഉണർത്തി. അദ്ദേഹത്തിൻറെ ഗ്രീസിലെ വീട്ടിലെ നീന്തൽ കുളത്തിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ഭാര്യ ഫോണിൽ കൂടി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജീവനറ്റ നിലയിൽ 31 കാരനായ ജോർജ്ജ് ബാൽഡോക്കിനെ കണ്ടെത്തിയത്.
ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന ജോർജ്ജ് ബാൽഡോക്കിന് ഹാരി മാഗ്വയർ ഉൾപ്പെടെയുള്ള സഹ പ്രീമിയർ ലീഗ് കളിക്കാർ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രീമിയർ ലീഗിലും ചാമ്പ്യൻഷിപ്പിലും വളരെ മികച്ച പ്രകടനങ്ങൾ ആണ് ജോർജ്ജ് ബാൽഡോക്ക് കാഴ്ചവെച്ചത്. ബക്കിംഗ്ഹാംഷെയറിൽ ജനിച്ചെങ്കിലും 12 തവണ ഗ്രീസിനു വേണ്ടിയും അദ്ദേഹം കളിച്ചു. എം കെ ഡോൺസിൽ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ എല്ലാ മികച്ച അഞ്ച് ഡിവിഷനുകളിലും കളിച്ചിട്ടുണ്ട്.