ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീടില്ലാതെ തെരുവിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് യുകെയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. തെരുവിൽ ഉറങ്ങാൻ വിധിക്കപ്പെട്ടവർ മുതൽ താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന നിരവധി ആളുകളെയാണ് ഇത് ബാധിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള ചിലവ് കൂടിയത്, തൊഴിലില്ലായ്മ, ക്ഷേമപരിപാടികൾ സർക്കാരുകൾ വെട്ടിക്കുറച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലുള്ളത്. ലണ്ടൻ നഗരത്തിൽ മാത്രം 2023 -ൽ ഏകദേശം പതിനായിരത്തിനടുത്ത് ആളുകൾ മോശമായ സാഹചര്യത്തിൽ അന്തി ഉറങ്ങേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
നിലവിൽ സർക്കാർ നൽകി വരുന്ന ധനസഹായം തുടർന്നില്ലെങ്കിൽ യുകെയിലെ ഭവന രഹിതരെ പിന്തുണയ്ക്കുന്ന ചാരിറ്റികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പ്രമുഖ ചാരിറ്റിയുടെ 76 മേധാവികൾ ചാൻസലർ റേച്ചൽ റീവ്സുമായി കൂടികാഴ്ച നടത്തിയിരുന്നു. അടിയന്തരമായി 1 ബില്യൺ പൗണ്ടിന്റെയെങ്കിലും ധനസഹായം ചാരിറ്റികൾക്ക് നൽകണമെന്നാണ് അവരുടെ ഇടയിൽനിന്ന് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ വർഷം സഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായി ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ലണ്ടനിലെ റഫ് സ്ലീപ്പിംഗും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
ഇംഗ്ലണ്ടിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം താത്കാലിക വസതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 12% വർധിച്ച് 117,000-ലധികമായി. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമെന്ന് ഒരു ചാരിറ്റിയായ കണക്ഷൻ സപ്പോർട്ട് പറഞ്ഞു. ബക്കിംഗ്‌ഹാംഷെയറിലും ഓക്‌സ്‌ഫോർഡ്‌ഷെയറിലും ഉള്ള ഭവന രഹിതരെ സഹായിക്കുന്ന ചാരിറ്റിയാണ് കണക്ഷൻ സപ്പോർട്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികകൾ ഭവനരഹിതരെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ ലേബർ പാർട്ടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏപ്രിൽ 27 ന് ന്യൂകാസിൽ സിറ്റി സെൻ്ററിൽ രാത്രിയിൽ 18 വയസ്സുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വഴിത്തിരിവുമായി നോർത്തുംബ്രിയ പോലീസ്. ആക്രമണത്തിന് ഇരയായ പെൺകുട്ടി സംഭവത്തിന് മുൻപ് ഒരു പുരുഷനുമായി കണ്ടുമുട്ടിയെന്ന് പോലീസ് അധികൃതർ പറയുന്നു. ഇരുവരും കണ്ടുമുട്ടിയതിന് പിന്നാലെ പുലർച്ചെ 1:00 നും 1:30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ഈ സമയം പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു യുവാവിൻെറ ചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
ആക്രമണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് പുറത്ത് വിട്ട ചിത്രത്തിലെ ആൾക്ക് കഴിയുമെന്ന് നോർത്തുംബ്രിയ പോലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് ദിവസം മോർട്ട്ഗേജ് പേയ്മെന്റ് വൈകിയതിനെ തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ട വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തി നിൽക്കുകയാണ് ദമ്പതികൾ. ഡോ. ബ്രയാൻ മക്‌ഡൊണാഫും ഭാര്യ ജെസ്സിയുമാണ് ഈ സങ്കടകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നത്. മോർട്ട്ഗേജ് തുക മൂന്നുദിവസം വൈകിയതിനെ തുടർന്ന്, അവരുടെ മോർട്ട്‌ഗേജ് ലെൻഡറായ മെട്രോ ബാങ്ക് ക്രെഡിറ്റ് സ്‌കോർ താഴ്ത്തുകയായിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ള ദമ്പതികൾക്ക് രണ്ട് വർഷം മുമ്പ് മോർട്ട്ഗേജ് പേയ്‌മെൻ്റ് വെറും ദിവസങ്ങൾ വൈകിയതിനെ തുടർന്ന് , അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് ചുമത്തിയ വലിയ പലിശ നിരക്ക് താങ്ങാൻ പ്രയാസമായതിനെ തുടർന്നാണ് വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുന്നത്. ഒരേ ഒരു പെയ്മെന്റ് ദിവസങ്ങൾ മാത്രം വൈകിയത് മൂലം, മെട്രോ ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ മാർക്കർ നൽകിയെന്നും, ഇത് മൂലം തങ്ങളുടെ ക്രെഡിറ്റ് കാർഡ് പെയ്മെന്റുകൾ കുതിച്ചുയർന്നതുമാണ് തങ്ങളെ ഈ സാഹചര്യത്തിൽ എത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ഹാംഷെയറിലെ ആൻഡോവറിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലക്ചററായ, ഡോ. മക്‌ഡൊണാഫ്, 20 വർഷമായി താൻ ഒരിക്കലും ഒരു പേയ്‌മെൻ്റ് പോലും മുടക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിൽ തന്റെ ഭാര്യക്ക് ഒരു പുതിയ ജോലി ലഭിച്ചതിനെ തുടർന്ന്, അവളുടെ ശമ്പള ദിവസം മാറിയതാണ് തങ്ങൾക്ക് മോർട്ട്ഗേജ് പേയ്‌മെൻ്റ് മുടങ്ങാൻ കാരണമെന്നും, അത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മക്‌ഡൊണാഫ് പറഞ്ഞു.
മെട്രോ ബാങ്ക് പെയ്മെന്റ് മുടങ്ങിയ ഉടൻ തന്നെ തങ്ങളെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ഇമെയിൽ ചെയ്യുകയോ ചെയ്തില്ലെന്നും മക്‌ഡൊണാഫ് പറഞ്ഞു. പെയ്മെന്റ് മുടങ്ങിയതിനുശേഷം ആറാം ദിവസമാണ് ബാങ്ക് അധികൃതർ തങ്ങളുമായി ബന്ധപ്പെട്ടതെന്നും, അവർ തങ്ങളെ വിളിച്ച് 20 മിനിറ്റുകൾക്കുള്ളിൽ തന്നെ തങ്ങൾ പണം അടച്ചതായും ദമ്പതികൾ വ്യക്തമാക്കി. എന്നാൽ ബാങ്ക് അപ്പോഴേക്കും അവരുടെ ക്രെഡിറ്റ് സ്കോറിൽ മാർക്കർ നൽകിയിരുന്നു. മാർക്കർ ചേർക്കാൻ തങ്ങൾക്ക് നിയമപരമായി അർഹതയുണ്ടെന്ന് ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ വിശദീകരിച്ചെങ്കിലും, ഇത് ഒരു ചതി ആണെന്ന് ദമ്പതികൾ കുറ്റപ്പെടുത്തി. ബാങ്ക് നൽകിയ മാർക്കർ കാരണം തങ്ങൾ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി. കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എംപി കിറ്റ് മാൾട്ട്ഹൗസ് രണ്ട് തവണ ബാങ്കിന് കത്തെഴുതി കഴിഞ്ഞു. മെട്രോ ബാങ്ക് മാനേജിംഗ് ഡയറക്ടറെ കാണാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് വിസമ്മതിക്കുകയാണ് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നല്ലൊരു ശതമാനം ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 9 ദശലക്ഷം ആളുകൾ ദാരിദ്ര്യം മൂലം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . യുകെയുടെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകളും ഈ ഗണത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദാരിദ്ര്യ രേഖയുടെ താഴെ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം രണ്ട് ദശകം മുമ്പുള്ളതിനേക്കാൾ ഏകദേശം 3 ദശലക്ഷം ആളുകൾ കൂടിയതായിട്ടാണ് പഠനത്തിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വളർച്ചയാണ് ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് തലത്തിലേയ്ക്ക് എത്താൻ കാരണമായത്. ഒരു സമൂഹമെന്ന നിലയിൽ ദാരിദ്ര്യം മൂലം ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് ഒട്ടും ആശാവാഹമല്ലെന്ന് ചാരിറ്റി ട്രസ്സലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ റിവി പറഞ്ഞു.
നിരവധി വികലാംഗരും ശമ്പളമില്ലാതെ സ്വന്തക്കാരെ പരിചരിക്കുന്നവരുമായ ഒരു വലിയ സമൂഹവും യുകെയിൽ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലിക്ക് പോകാൻ സാധിക്കാത്ത ഇത്തരക്കാർക്ക് വരുമാനമില്ലാത്തതാണ് ഫുഡ് ബാങ്കുകൾ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പട്ടിണിയും പ്രയാസവും നേരിടുന്ന ഭൂരിഭാഗം കുടുംബങ്ങളിലും ഒരാൾ മാത്രമേ ജോലിക്ക് പോകാറുള്ളൂ. ട്രസ്സൽ ട്രസ്റ്റിന്റെ കീഴിൽ 1400 ലധികം ഫുഡ് ബാങ്ക് ഔട്ട്ലെറ്റുകളാണ് യുകെയിൽ ഉള്ളത്. യുകെയിലെ ഏറ്റവും വലിയ ഫുഡ് ബാങ്ക് ശൃംഖലയായ ട്രസ്സൽ ട്രസ്റ്റ് കഴിഞ്ഞവർഷം 3.1 മില്യൺ ഭക്ഷണ പൊതിയാണ് യുകെയിൽ വിതരണം ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ റഷ്യ നടത്തുന്നതായി യുകെ മിലിറ്ററി ഇൻറലിജൻ്റസിന്റെ ഡയറക്ടർ ജനറൽ കെൻ മക്കല്ലം പറഞ്ഞു. യുകെ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള യുദ്ധത്തിൽ യുകെ ഉക്രയിനിനെ പിന്തുണച്ചതിനെ തുടർന്ന് റഷ്യൻ ചാര സംഘടന ബ്രിട്ടനിൽ അപകടകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണങ്ങൾ ആണ് മിലിറ്ററി ഇൻറലിജൻ്റസ് മേധാവി നടത്തിയത്.
റഷ്യയെ കൂടാതെ ഇറാൻ പിന്തുണയുള്ള ഭീകരവാദികളും യുകെയിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചിരുന്നു. 2022 മുതൽ ഇറാന്റെ പിന്തുണയുള്ള 20 ഓളം ഇത്തരം സംഭവങ്ങളെ യുകെ ഫലപ്രദമായി പരാജയപ്പെടുത്തുകയുണ്ടായി. ഇപ്പോഴും ഇസ്ലാമിക തീവ്രവാദങ്ങളും തീവ്ര വലതുപക്ഷ ഭീകരതയും രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി കെൻ മക്കല്ലം പറഞ്ഞു. ഭീകരവാദികളും രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നത് മിലിറ്ററി ഇൻറലിജൻസിന്റെ ജോലി ദുഷ്കരമാക്കുകയാണ്.
യുവാക്കൾ കൂടുതലും ഓൺലൈൻ തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നതായുള്ള വിവരങ്ങളും തന്റെ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടി കാണിച്ചു. 18 വയസ്സിന് താഴെയുള്ള 13 ശതമാനം പേരും തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുടെ 75 ശതമാനവും ഇസ്ലാമിക തീവ്രവാദത്തിനോട് അനുബന്ധിച്ചുള്ളതും ബാക്കി 25 ശതമാനം വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ടതുമാണ്. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനുശേഷം ഏകദേശം 750 ലധികം റഷ്യൻ തന്ത്രജ്ഞരെയാണ് യൂറോപ്പിൽ നിന്ന് പുറത്താക്കിയത്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ചാരന്മാരായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെള്ളത്തിൻറെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണം. അടുത്ത വർഷം ഉപഭോക്താക്കൾക്ക് ഏകദേശം 158 മില്യൺ പൗണ്ട് ആണ് തിരികെ നൽകേണ്ടത്. ഇത്രയും തുക ബില്ലുകളിൽ കുറവ് വരുത്തേണ്ടതു കൊണ്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ ബില്ലുകൾ അടുത്ത ഒരു വർഷത്തേയ്ക്ക് കുറവ് ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.
വാട്ടർ കമ്പനികളുടെ പ്രവർത്തനം വിലയിരുത്തിയതിനുശേഷമാണ് പിഴ പ്രഖ്യാപിച്ചത്. വെള്ളത്തിൻറെ ഗുണനിലവാരം മോശമായതിന്റെ പേരിലും മലിനജല ചോർച്ചയുമാണ് കമ്പനികളുടെ മേൽ പിഴ ഈടാക്കാനുള്ള പ്രധാന കാരണങ്ങൾ. ഗുണനിലവാരത്തിന്റെ പേരിൽ തുടർച്ചയായ നാലാം വർഷമാണ് കമ്പനികൾ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതായി വരുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 വാട്ടർ കമ്പനികൾക്കാണ് ജലവിതരണത്തിന്റെ ചുമതലയുള്ളത്. തുടർച്ചയായ രണ്ടാം വർഷവും ഒരു കമ്പനിയും ഉയർന്ന റേറ്റിംഗ് നേടിയിട്ടില്ല. എന്നിരുന്നാലും നാല് കമ്പനികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
കമ്പനികൾക്ക് തുടർച്ചയായ നാലാം വർഷവും പിഴ ഈടാക്കിയത്തിലും ഗുണനിലവാരം മെച്ചപ്പെടുത്താതതിനെതിരെയും കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ഇതു കൂടാതെ വ്യവസായത്തെ നിയന്ത്രിക്കുന്ന ഓഫ് വാട്ടിന്റെ പ്രവർത്തനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2020 നും 2025 നും ഇടയിൽ മലിനീകരണ തോത് 30 ശതമാനം കുറയ്ക്കണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ എത്താൻ വാട്ടർ കമ്പനികൾക്ക് എന്നു കഴിയും എന്ന ചോദ്യം പ്രസക്തമാണ്. കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും ആണ് കമ്പനികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. തേംസ് വാട്ടർ കമ്പനി ആണ് ഏറ്റവും കൂടുതൽ പിഴ നൽകേണ്ടത്. 56.8 മില്യൺ പൗണ്ട് ആണ് തേംസ് കമ്പനി മാത്രം തിരിച്ചു നൽകേണ്ടത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗണ്ടി ഡൗണിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റി. 40 – ൽ അധികം സ്കൂൾ കുട്ടികളുമായി പോയ ഡബിൾ ഡക്കർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ 43 കുട്ടികളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്. ഗുരുതരമല്ലാത്ത പരിക്കുകളോടെ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് (പിഎസ്എൻഐ) സ്ഥിരീകരിച്ചു.
ഇന്നലെ 4 മണിക്ക് ശേഷം കരോഡോറിനടുത്തുള്ള ബാലിബ്ലാക്ക് റോഡ് ഈസ്റ്റിലാണ് സംഭവം. സ്‌ട്രാങ്‌ഫോർഡ് കോളേജിൽ നിന്ന് ബാംഗോറിലേക്ക് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് നിരവധി പേർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് അറിയിച്ചു. നിലവിൽ 4 കുട്ടികൾ പരുക്കുകളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നും നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് അറിയിച്ചു. പരുക്കേറ്റവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് നോർത്ത് അയലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ അന്തരീക്ഷം വരാനിരിക്കുന്ന വർഷങ്ങളിൽ എങ്ങനെയാകുമെന്നത് വരും ആഴ്ചകളിൽ നിർവചിക്കപ്പെടും. ഒക്ടോബർ അവസാനത്തോടെ അധികാരത്തിലിരിക്കുന്ന ലേബർ പാർട്ടിയുടെ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടും. അതിനുശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, കൺസർവേറ്റീവ് പാർട്ടി അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷമുള്ള പരിവർത്തനത്തിന്റെ സമയം ബ്രിട്ടനിൽ അവസാനിക്കുകയാണ്. ലേബർ പാർട്ടിയുടെ നയങ്ങളെയും പദ്ധതികളെയും സംബന്ധിച്ച് കൂടുതൽ വ്യക്തമാകുന്ന സമയമാണ് ഇനി വരാനിരിക്കുന്നത്. നിലവിൽ പ്രതിപക്ഷ നേതാവായി തുടരുന്ന റിഷി സുനകിന് പകരക്കാരനും കൂടി എത്തുന്നതോടെ ബ്രിട്ടനിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് കാര്യമായ മാറ്റം ഉണ്ടാകും. എന്നാൽ ആരായിരിക്കും കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവായി വരിക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. റോബർട്ട് ജെൻറിക്ക്, കെമി ബേഡ്നോക്ക്, ജെയിംസ് ക്ലെവർലി, ടോം ട്യുഗൻഡട്ട് എന്നിവരാണ് നിലവിൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, ഇവരിൽ ഒരാൾ പുറത്തായി മൂന്നു പേരായി ചുരുങ്ങും. തുടർന്ന് ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, അന്തിമ രണ്ടുപേർ എന്ന നിലയിലേക്ക് എത്തും. ഈ രണ്ടുപേരിൽ നിന്നാകും അവസാന വിജയി ഉണ്ടാവുക.
തുടക്കത്തിൽ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പിന്മാറിയ ടോറി എം പി മെൽ സ്ട്രൈഡ് താൻ ജെയിംസ് ക്ലെവർലിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിലൂടെ ക്ലെവർലിയ്ക്ക് കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചുവെന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്. ടോറി ഗ്രാസ്‌റൂട്ട് വെബ്‌സൈറ്റായ കൺസർവേറ്റീവ് ഹോം നടത്തിയ വോട്ടെടുപ്പ് പ്രകാരം മുൻ ബിസിനസ് സെക്രട്ടറി കെമി ബേഡ്നോക്കാണ് മൂന്ന് പേരിൽ ഏറ്റവും പ്രിയങ്കരനെന്നാണ് സൂചിപ്പിക്കുന്നത്. നവംബർ രണ്ടിനാണ് അവസാന ഫലപ്രഖ്യാപനം ഉണ്ടാവുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം യൂണിവേഴ്സിറ്റി അധ്യയനവർഷം തുടങ്ങിയതിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നൈറ്റ് ക്ലബ് പാർട്ടിക്കിടയിൽ വൻ അത്യാഹിതം . പാർട്ടിക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇതില്‍ 5 ഓളം മലയാളി വിദ്യാർഥികൾ ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് 22 വയസ്സുകാരനായ മലയാളിയാണെന്ന് സംശയം ഉണ്ട്.
സംഭവം നടന്ന സ്ഥലത്തിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീർത്തിട്ടുണ്ട്. 22 കാരനായ ഒരാൾ മനഃപൂർവ്വം ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നൈറ്റ് ക്ലബ്ബിൽ നേരത്തെ നടന്ന സംഭവങ്ങളുടെ തുടർച്ചയായി നടത്തപ്പെട്ട ആസൂത്രിതമായ ആക്രമണമാണ് ഇതെന്ന് വിശ്വസിക്കുന്നതായി ബർമിംഗ്ഹാം പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ തുടർച്ചയായ മൂന്നാമത്തെ മാസവും വീടുകളുടെ വില ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പലിശ നിരക്കുകൾ കുറഞ്ഞതും തൊഴിലാളികളുടെ ശമ്പളത്തിലുള്ള വർദ്ധനവും ആണ് വീടുകളുടെ വില ഉയരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞമാസം ഭവന വിപണി 0.3 % വർദ്ധിച്ചതായി ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ജൂലൈയിൽ ആരംഭിച്ച വില വർദ്ധനവ് സെപ്റ്റംബർ മാസവും തുടരുകയായിരുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്ന ആനുകൂല്യങ്ങളും വിപണിയിലെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്. ചില മോർട്ട്ഗേജ് സ്ഥാപനങ്ങൾ വരുമാനത്തിന്റെ 6 ഇരട്ടി വരെ മൂല്യത്തിൽ വായ്പ അനുവദിച്ചത് ഉപയോക്താക്കളെ ആകർഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തെയാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു. പലിശ നിരക്കുകൾ കുറയുന്നതനുസരിച്ച് വീടുവാങ്ങാൻ സ്വപ്നം കണ്ടിരുന്നവരിൽ പല മലയാളി കുടുംബങ്ങളും ഉണ്ട്. പക്ഷേ ഡിമാൻഡ് കൂടിയതോടെ വിപണി വില ഉയർന്നത് പലരുടെയും വീട് സ്വന്തമാക്കാനുള്ള സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.