Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് വന്ന ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ടായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ യുകെ മലയാളികളുടെ പുതുതലമുറ വിവിധ മേഖലകളിൽ വെന്നി കൊടി പാറിക്കുന്നതിന്റെയും നേട്ടങ്ങൾ കൈവരിക്കുന്നതിൻ്റെയും അഭിമാനകരമായ ജീവിത ഗാഥകൾ മലയാളം യുകെ ന്യൂസ് ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരമൊരു അസുലഭ നേട്ടത്തിന്റെ കഥയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.


മാതാപിതാക്കളുടെ കൈപിടിച്ച് യുകെയിലേക്കും കേരളത്തിലേക്കും നടത്തിയ യാത്രകളിൽ സാന്ദ്ര മോൾ കണ്ടത് ആകാശപാതകളിലൂടെ പറന്നു നടക്കുന്നതിനെ കുറിച്ചായിരുന്നു. 21-ാം വയസ്സിൽ പൈലറ്റ് ആവുക എന്ന അഭിമാനകരമായ നേട്ടം അവൾ സ്വന്തമാക്കി. ഇന്ന് 23 വയസ്സിൽ എത്തി നിൽക്കുമ്പോൾ മുപ്പത്തിനാലായിരത്തിലധികം മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് സമാനതകളില്ലാത്ത നേട്ടത്തിലൂടെ യുകെ മലയാളികൾക്ക് ആകെ അഭിമാനമായിരിക്കുകയാണ് സാന്ദ്ര. 21 വർഷം മുൻപാണ് സാന്ദ്രയുടെ പിതാവ് ജെൻസൻ പോൾ ചേപ്പാലയും അമ്മ ഷിജി ജെൻസനും കേരളത്തിലെ കാലടിയിൽ നിന്ന് യുകെയിൽ എത്തിയത്. ജെന്‍സണ്‍ ഒക്കല്‍ കേംബ്രിഡ്ജില്‍ ‘അച്ചായന്‍സ് ചോയ്സ് ‘ എന്ന പേരില്‍ ഏഷ്യന്‍ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും വിപുലമായ തോതില്‍ ട്രെഡിംഗ് ബിസിനസ് നടത്തുന്നു. സാന്ദ്രയുടെ മാതാവ് ഷിജി ജെന്‍സണ്‍ അഡന്‍ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തുവരുന്നു. മൂത്ത സഹോദരി സോണ ജെന്‍സണ്‍ ഗ്യാസ് ഇന്‍ഡസ്ട്രി അനാലിസ്റ്റും, ഇളയ സഹോദരന്‍ ജോസഫ്, കേംബ്രിഡ്ജില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.


കഠിനാ പരിശീലനവും പരീക്ഷയും പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത് കുടുംബത്തിൻറെ പൂർണ്ണ പിന്തുണ കൊണ്ടാണ് എന്ന് സാന്ദ്ര പറഞ്ഞു. മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ജസീറ എയർവെയ്സിൽ ആണ് നിലവിൽ സാന്ദ്ര ജോലി ചെയ്യുന്നത്. യുകെ മലയാളികളുടെ പുതുതലമുറക്കാരിക്ക് ഇനിയും കൂടുതൽ അഭിമാനകരമായ നേട്ടങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വച്ച് ഒരു സ്ത്രീയെ അടിമയായി ജോലി ചെയ്യാൻ നിർബന്ധിച്ചതിന് യു എൻ ജഡ്ജിക്ക് ആറുവർഷവും നാല് മാസവും തടവ് ശിക്ഷ ലഭിച്ചു. പ്രതി ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. 50 കാരിയായ ലിഡിയ മുഗാംബെ സർവകലാശാലയിൽ ഗവേഷണം നടന്നപ്പോഴാണ് ശിക്ഷയ്ക്ക് കാരണമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയത്.

ഉഗാബയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇവരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയായത് . യുകെ കുടിയേറ്റ നിയമം ലംഘിക്കുക ,ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിക്കുക, ചൂഷണം ലക്ഷ്യമിട്ട് കൊണ്ടുപോകുക എന്നീ കുറ്റകൃത്യങ്ങൾ ആണ് ഇവർ നടത്തിയതായി തെളിയിക്കപ്പെട്ടത്. ഇത് കൂടാതെ വിചാരണയ്ക്കിടെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തിയതും തെളിഞ്ഞിരുന്നു.

സംഭവം നടക്കുമ്പോൾ ഉഗാണ്ടയിലെ ഒരു ഹൈക്കോടതി ജഡ്ജി കൂടിയായിരുന്നു മുഗാംബെ . വെള്ളിയാഴ്ച ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയിൽ മുഗാംബെയെ ശിക്ഷിച്ച ജഡ്ജി ഫോക്‌സ്റ്റൺ ഇതൊരു വളരെ ദുഃഖകരമായ കേസാണ് എന്ന് പറഞ്ഞു. പ്രതി തന്റെ പെരുമാറ്റത്തിൽ പശ്ചാത്താപം കാണിച്ചില്ല എന്നും സംഭവിച്ചതിന് ഇരയെ നിർബന്ധിതമായി കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഫോക്‌സ്റ്റൺ പറഞ്ഞു. ഉഗാണ്ടയിൽ മുഗാംബെയുടെ ശക്തമായ ഔദ്യോഗിക പദവി കാരണം കടുത്ത ഭയത്തിലാണ് ജീവിക്കുന്നതെന്ന് നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 24 കൗൺസിലുകളിലെയും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സാധാരണ ഗതിയിൽ യുകെ മലയാളികളുടെ ഇടയിൽ അധികം ചർച്ചാവിഷയമാകേണ്ട കാര്യമായിരുന്നില്ല. മലയാളികളുടെ ഇടയിൽ മാത്രമല്ല യുകെയിലേയ്ക്ക് ജോലിക്കായി കുടിയേറിയ ഒട്ടുമിക്ക അന്യരാജ്യക്കാരുടെ ഇടയിലും ഇനി യുകെയെ സ്വപ്നം കാണുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഫലം വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അതിൻറെ പ്രധാനകാരണം ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും തറ പറ്റിച്ചുകൊണ്ട് റീഫോം യുകെ നേടിയ വിജയമാണ്.

കുറഞ്ഞത് ആറ് കൗണ്ടി കൗൺസിലുകളുടെയും ഒരു മേയർ സ്ഥാനത്തെക്കും റീഫോം യുകെ വെന്നികൊടി പാറിച്ചു. ഇതിലുപരി സുരക്ഷിതമെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു പാർലമെന്ററി ഉപതിരഞ്ഞെടുപ്പിൽ ഭരണത്തിലിരിക്കുന്ന ലേബർ പാർട്ടിയെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയും ചെയ്തതു . ഒരു പക്ഷെ റീഫോം യുകെ സമീപ ഭാവിയിൽ മുഖ്യപ്രതിപക്ഷത്തേയ്ക്ക് എത്തിച്ചേരുമെന്ന സൂചനകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മെയ് 1 ലെ തിരഞ്ഞെടുപ്പിൽ നിന്നുള്ള വോട്ടുകൾ വെള്ളിയാഴ്ചയും എണ്ണുമ്പോൾ ലേബറിനും കൺസർവേറ്റീവുകൾക്കും ലഭിച്ച സംയുക്ത വോട്ട് 50% ൽ താഴെയാണ് . യുകെയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിച്ചത്. രാജ്യത്തുടനീളം റിഫോം 30% വോട്ട് നേടി. ലേബർ 20% വോട്ടും ലിബറൽ ഡെമോക്രാറ്റുകൾ 17% വോട്ടും നേടി . കൺസർവേറ്റീവുകൾ 15% വോട്ടും നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തിൽ നിന്ന് നിരവധി പേരാണ് ആരോഗ്യമേഖലയിൽ ഒരു ജോലിക്കായി യുകെയെ സ്വപ്നം കാണുന്നത്. നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം അന്യ രാജ്യക്കാരിൽ കൂടുതലും മലയാളി നേഴ്സുമാരാണ്. കുടിയേറ്റ വിരുദ്ധ ആശയങ്ങൾ മുദ്രാവാക്യംആക്കിയ റീഫോം യുകെ ഭാവിയിൽ ബ്രിട്ടനിൽ ഭരണത്തിലേറിയാൽ നടപ്പിലാകുന്ന നയങ്ങൾ ലക്ഷ കണക്കിന് ബ്രിട്ടനിലെ കുടിയേറ്റക്കാരെ സാരമായി ബാധിക്കുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കുടിയേറ്റ വിരുദ്ധതയും ബ്രിട്ടീഷ് പൗരന്മാരുടെ തൊഴിൽ ഇല്ലായ്മയും ഉയർത്തി റീഫോം യുകെ അധികാരത്തിൽ എത്തിയാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളിൽ കാതലായ നയമാറ്റങ്ങൾ സംഭവിച്ചേക്കാം. യുകെയിൽ ജോലി ലഭിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കപ്പെടുമെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. റിഫോം യുകെയുടെ വിജയം ബ്രിട്ടണിലെ രാഷ്ട്രീയ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജകുടുംബവുമായി രമ്യതയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ഹാരി രാജകുമാരൻ. ബിബിസിക്ക് നൽകിയ വികാരഭരിതമായ അഭിമുഖത്തിലാണ് സസെക്സ് ഡ്യൂക്ക് ആയ ഹാരി രാജകുമാരൻ തൻെറ ആഗ്രഹം പ്രകടിപ്പിച്ചത്. യുകെയിലെ സുരക്ഷാ ക്രമീകരണങ്ങളെ ചൊല്ലിയുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ടതിൽ താൻ വളരെയധികം അസ്വസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലായിരിക്കുമ്പോൾ തനിക്കും കുടുംബത്തിനും നൽകുന്ന പോലീസ് സംരക്ഷണത്തിന്റെ നിലവാരം താഴ്ത്താനുള്ള യുകെ സർക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു ഹാരി രാജകുമാരൻ നിയമ പോരാട്ടം നടത്തിയത്. ഇതിന് പിന്നാലെ ചാൾസ് രാജാവ് തന്നോട് സംസാരിക്കുന്നത് നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. പിതാവിനൊപ്പം ഇനി എത്ര സമയം തനിക്ക് ചിലവഴിക്കാനാകും എന്ന ആശങ്ക ഉള്ളതായും ഹാരി പറയുന്നു.

കാലിഫോർണിയയിൽ നിന്ന് സംസാരിക്കവേ, നിയമ പോരാട്ടം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹാരി പറഞ്ഞു. 2020-ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ ശേഷം ഹാരി രാജകുമാരന് സർക്കാരിൽ നിന്നുള്ള സുരക്ഷാ സേവനങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ ഇത് അന്യായമാണെന്നും താനും കുടുംബവും ഇപ്പോഴും കാര്യമായ ഭീഷണികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. സ്വന്തം പണം ഉപയോഗിച്ച് പോലീസ് സംരക്ഷണം നേടാൻ നോക്കിയെങ്കിലും സ്വകാര്യ വ്യക്തികൾക്ക് ഔദ്യോഗിക പോലീസിൽ നിന്നുള്ള സുരക്ഷാ സേവനങ്ങൾ ലഭ്യമാകാൻ അനുവദിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് സർക്കാർ ഇത് വിസമ്മതിച്ചു. ഈ തീരുമാനം റദ്ദാക്കാൻ നിയമനടപടി സ്വീകരിച്ചെങ്കിലും ഹൈക്കോടതി അദ്ദേഹത്തിനെതിരെ വിധിക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ അപകടസാധ്യത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വാങ്ങാൻ കഴിയില്ലെന്നുമുള്ള സർക്കാരിന്റെ നിലപാട് കോടതി ശരിവക്കുകയായിരുന്നു.

ഇന്നലെ നടന്ന കോടതി വിധിക്ക് പിന്നാലെ, സുരക്ഷാ കാരണങ്ങളാൽ ഭാര്യയെയും കുട്ടികളെയും യുകെയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നത് തനിക്ക് ഇനി സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഹാരി രാജകുമാരൻ പറയുന്നു. താനും കുടുംബത്തിലെ ചില അംഗങ്ങളും തമ്മിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി സമ്മതിച്ച ഹാരി രാജകുമാരൻ അവരോട് ക്ഷമ ചോദിക്കുകയും ചെയ്‌തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബേസിങ്‌സ്റ്റോക്കിൽ താമസിക്കുന്ന ഫിലിപ്പ് കുട്ടി കേരളത്തിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ അന്തരിച്ചു . ഭാര്യാ മാതാവിൻറെ മരണവിവരമറിഞ്ഞാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ് . ബേസിങ്‌സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ സജിനിയാണ് ഭാര്യ. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ. മാതാവിൻറെ അസുഖം അധികരിച്ചതിനെ തുടർന്ന് ഭാര്യയും മകളും നേരത്തെ കേരളത്തിൽ എത്തിയിരുന്നു. ഫിലിപ്പ് കുട്ടിയുടെ നിര്യാണം കടുത്ത ആഘാതമാണ് ബേസിങ്‌സ്റ്റോക്ക് മലയാളികളിൽ സൃഷ്ടിച്ചത്. വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ തന്റെ സൗമ്യമായ ഹൃദ്യവുമായ ഇടപെടലുമായി അദ്ദേഹം എന്നും നിറസാന്നിധ്യമായിരുന്നു.

ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോർവിച്ചിൽ താമസിക്കുന്ന യുകെ മലയാളി മേരിക്കുട്ടി ജെയിംസ്‌ (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.

ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ്‌ നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷൻ അംഗം കൂടിയാണ്.

ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌. മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ, സിമി, ഹൃദ്യ.

മേരിക്കുട്ടി ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ നിലവിലുള്ള വാടക കരാറിൽ കാതലായ പൊളിച്ചെഴുത്തിന് ഗവൺമെൻറ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി റെൻ്റെഴ്സ് റൈറ്റ് ബിൽ ഹൗസ് ഓഫ് ലോർഡ്‌സിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പുതിയതായ ചില കാര്യങ്ങൾ കൂടി ചേർക്കുന്നതുൾപ്പെടെ 100 ലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പുതിയ നിയമങ്ങൾ ഇംഗ്ലണ്ടിലെ വാടകക്കാർക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്.

വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും പ്രകടനപത്രികയിൽ ലേബർ പാർട്ടി നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടവയാണ്. അതായത് സ്വകാര്യ വാടകയെ പരിവർത്തനം ചെയ്യുമെന്ന ലേബർ ഗവൺമെന്റിന്റെ പ്രകടന പത്രികയിലെ പ്രതിജ്ഞയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വാടകക്കാരുടെ അവകാശ ബിൽ. 2024ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കാനിരുന്ന കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപകൽപന ചെയ്തിരുന്ന ബില്ലിലെ നിർദ്ദേശങ്ങളിൽ പലതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതും നിലവിലുള്ളതുമായ വാടകക്കാർക്ക് ഒരേ സമയം പുതിയ വാടക സമ്പ്രദായം ബാധകമാകും. ഇത് നിലവിലുള്ള പല ആശയ കുഴപ്പങ്ങളും ഇല്ലാതാക്കുമെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും ആണ് സർക്കാർ പറയുന്നത്.


പുതിയ ബില്ലിലെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഇനി സാധിക്കില്ല. അതുപോലെ തന്നെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രമേ വാടക വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുവാൻ വാടകക്കാർക്ക് അവകാശം നൽകുന്ന നിബന്ധനകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭൂ ഉടമയ്ക്ക് നിയമത്തിൽ നിർവചിച്ചിരിക്കുന്ന സാധുവായ കാരണം ഉണ്ടെങ്കിൽ മാത്രമേ കുടിയിറക്കൽ നടത്തുവാനാകുകയുള്ളൂ. പുതിയ സംവിധാനത്തിന് കീഴിൽ, ഒരു വാടകക്കാരൻ ഒരു വസ്തുവിലേക്ക് മാറുമ്പോൾ 12 മാസത്തേക്ക് (അവർ അവരുടെ വാടക കരാർ ലംഘിക്കുന്നില്ലെങ്കിൽ) അവരെ കുടിയിറക്കലിൽ നിന്ന് സംരക്ഷിക്കും. അതിനുശേഷം, വീട്ടുടമസ്ഥൻ പ്രോപ്പർട്ടി വിൽക്കാനോ താമസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ നാല് മാസത്തെ അറിയിപ്പ് നൽകേണ്ടതുണ്ട്. നിലവിൽ കോടതിയിൽ കേസുകൾ കെട്ടി കിടക്കുന്ന സാഹചര്യത്തിൽ വാടകക്കാരുടെ അവകാശം മൂലമുണ്ടാകുന്ന കേസുകൾ എങ്ങനെ നിയമ വ്യവസ്ഥയെ ബാധിക്കുമെന്ന ചോദ്യവും ഒരു ഭാഗത്തുനിന്ന് ഉയർന്നു വരുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഴ്‌സിസൈഡിൽ രണ്ട് കൗമാരക്കാരെ കുത്തി മാരകമായി പരിക്കേൽപ്പിച്ചതിന് 14 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവരം അറിഞ്ഞതിനെ തുടർന്ന് അത്യാഹിത വിഭാഗം ഉടൻ സ്ഥലത്തെത്തിയിരുന്നു.

15 വയസ്സുള്ള ഒരു ആൺകുട്ടിയും 14 വയസ്സുള്ള പെൺകുട്ടിയും ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ആൺകുട്ടിയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു . പെൺകുട്ടിയുടെ നെഞ്ചിലാണ് ആഴത്തിൽ കുത്തേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും ആശുപത്രിയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ആയുധങ്ങൾ കൊണ്ടുപോകുന്നതായോ ഏതെങ്കിലും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതായോ സംശയിക്കുന്ന ആരെയും തടയാനും പരിശോധിക്കാനുമുള്ള അധികാരം നിയമപാലകർക്ക് ഉണ്ടായിരിക്കുമെന്ന് പോലീസിംഗ് ഇൻസ്‌പെക്ടർ ആൻഡി റോബിൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി യുകെ വംശജ. സറേയിലെ ലൈറ്റ്‌വാട്ടറിലെ ഒരു കെയർ ഹോമിൽ താമസിക്കുന്ന 115 വയസ്സും 252 ദിവസവും പ്രായമായുള്ള എഥേൽ കാറ്റർഹാം എന്ന സ്ത്രീയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്നലെ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസിന്റെ മരണത്തിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എഥേൽ മാറിയത്. 1909 ഓഗസ്റ്റ് 21 ന് ജനിച്ച എഥേൽ, എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജീവിച്ച അവസാന ആളാണ്.

ആരുമായും താൻ തർക്കിക്കാറില്ലെന്നും, അവർ പറയുന്നത് കേൾക്കുകയും തനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നതാകാം തന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്ന് എഥേൽ പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളുടെ ഡാറ്റാബേസായ ലോംഗെവിക്വസ്റ്റും പുതിയ റെക്കോർഡ് സ്ഥിരീകരിച്ചു.

എഥേൽ കാറ്റർഹാമിൻെറ 115-ാം ജന്മദിനത്തിൽ ചാൾസ് രാജാവിൽ നിന്ന് ഉൾപ്പെടെയുള്ള ആശംസകൾ ലഭിച്ചിരുന്നു. ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച എഥേൽ, വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്. എട്ട് കുട്ടികളുള്ള കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു എഥേൽ. 18 വയസ്സുള്ളപ്പോൾ, ഇന്ത്യയിലെ ഒരു സൈനിക കുടുംബത്തിൽ ഓപെയറായി അവർ ജോലി ചെയ്തു. 1931 ൽ അവർ യുകെയിലേക്ക് മടങ്ങി എഥേൽ ഭർത്താവായ നോർമൻ കാറ്റർഹാമിനെ കണ്ടുമുട്ടി. 1933 ൽ സാലിസ്ബറി കത്തീഡ്രലിൽ വെച്ച് ഇരുവരും വിവാഹിതരായി. നോർമൻ കാറ്റർഹാം സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായി സേവനം അനുഷ്ടിച്ചു. ടൈറ്റാനിക് കപ്പലിന്റെ തകർച്ച, ഒന്നാം ലോകമഹായുദ്ധം, റഷ്യൻ വിപ്ലവം, മഹാമാന്ദ്യം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം അതിജീവിച്ച വ്യക്തിയാണ് എഥേൽ കാറ്റർഹാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസി മലയാളി സമൂഹം. മലയാളികളായ ദമ്പതികളെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാട്ടുതീ പോലെയാണ് മലയാളി സമൂഹത്തിൽ പരന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റിലെ കാവൽക്കാരൻ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇരുവരുടെയും കൈയ്യിൽ കത്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇതിൻറെ ഭാഗമായി ഇവർ മക്കളെ നാട്ടിലയച്ചിരുന്നു. സൂരജിന്റെയും ബിൻസിയുടെയും പരിചയക്കാരായ ഒട്ടേറെ പേർ യുകെയിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം കാട്ടുതീ പോലെയാണ് യുകെയിലെ മലയാളി സമൂഹത്തിൻറെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്

RECENT POSTS
Copyright © . All rights reserved