Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെപ്റ്റംബർ മാസത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നീണ്ട അവധി കാലത്തിനു ശേഷം കുട്ടികൾ തിരിച്ചെത്തുകയാണ്. ആദ്യ ആഴ്ചകളിൽ പല കുട്ടികളും കഴിഞ്ഞുപോയ അവധി കാലത്തിന്റെ ആലസ്യത്തിൽ ആയിരിക്കുമെന്നാണ് അധ്യാപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ ഒട്ടേറെ കുട്ടികൾ സ്ഥിരമായി സ്കൂളുകളിൽ ഹാജരാകാതിരിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.


സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ക്ലാസുകൾ മുടങ്ങുന്ന കുട്ടികൾ തുടർന്നുള്ള ദിവസങ്ങളിലും വരാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഒന്നാം ആഴ്ചയിൽ ഭാഗികമായി ഹാജരാകാതിരുന്ന വിദ്യാർത്ഥികളിൽ പകുതിയിലധികം പേരും (57%) സ്ഥിരമായി ഹാജരാകുന്നില്ല. ഓരോ സ്കൂളിലും പത്ത് ശതമാനം പേരെങ്കിലും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്കൂളുകളും കുട്ടികളുടെ ഹാജർ കുറയുന്നതിൻ്റെ പ്രതിസന്ധികൾ നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ലെ പകർച്ചവ്യാധികൾക്ക് ശേഷം ഈ പ്രതിസന്ധി കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇംഗ്ലണ്ടിൽ ഉടനീളമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 2024 – 25 അധ്യയന വർഷത്തിൽ ഏകദേശം 18 ശതമാനം വിദ്യാർത്ഥികൾ സ്ഥിരമായി ഹാജരാകുന്നില്ല. ഹാജർ നില ഉയരുന്നതിന് മാതാപിതാക്കളുടെ പിൻതുണ ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക യൂണിയൻ പറഞ്ഞു. എൻ എച്ച്സിലെ വെയിറ്റിംഗ് ലിസ്റ്റും കുട്ടികളുടെ ഹാജർ കുറയുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ വിദേശത്ത് വൈദ്യചികിത്സയ്ക്കായി കുട്ടികളെ കൊണ്ടുപോകുന്നുണ്ടെന്ന് ലെസ്റ്ററിലെ ഷാഫ്റ്റസ്ബറി ജൂനിയർ സ്കൂളിലെ പ്രധാന അധ്യാപകനായ കാൾ സ്റ്റുവർട്ട് പറഞ്ഞു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗിക കടത്തിനും ചൂഷണത്തിനും വഴിയൊരുക്കുന്നതായി ആരോപിക്കപ്പെടുന്ന വെബ്‌സൈറ്റുകളെ കുറിച്ച് യുകെയിലെ സ്വതന്ത്ര അടിമത്ത വിരുദ്ധ കമ്മീഷണർ അന്വേഷണം ആരംഭിച്ചു. വിവാസ്ട്രീറ്റ് ഉൾപ്പെടെയുള്ള പിമ്പിംഗ് വെബ്‌സൈറ്റുകൾ, ദുർബലരായ സ്ത്രീകളെയും പെൺകുട്ടികളെയും വാങ്ങാൻ സാധ്യത ഉള്ള കടത്തുകാരിലേയ്ക്ക് എത്തിക്കാൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് എലീനർ ലിയോൺസ് പറഞ്ഞു.

2021-ൽ നടത്തിയ സ്കോട്ടിഷ് പാർലമെന്ററി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ലൈംഗിക കടത്ത് വ്യാപാരത്തെ കൂടുതൽ എളുപ്പമാക്കുന്നതായി എലീനർ ലിയോൺസ് പറയുന്നു. ഇത്തരം വെബ്സൈറ്റുകൾ നിരവധി പേരെയാണ് ഓരോ ദിവസവും കടത്തുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് കൂടുതൽ കർശനമായ നിയന്ത്രണം കൊണ്ടുവരണം എന്നും അന്വേഷണ സംഘം പറയുന്നു.

ഇത്തരത്തിൽ ഓൺലൈനിൽ പരസ്യം ചെയ്യപ്പെടുന്ന ഇരകളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന ആരോപണവും ഉയർന്ന് വരുന്നുണ്ട്. ഒരേ സ്ത്രീകളെ ഒന്നിലധികം സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോ ഒരു ഫോൺ നമ്പർ നിരവധി പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്നതോ പോലുള്ള സംഭവങ്ങൾ ഉണ്ടായതായും എലീനർ ലിയോൺസ് ചൂണ്ടിക്കാട്ടി. അതേസമയം ലൈംഗിക തൊഴിലിൽ തുടരുന്ന സ്ത്രീകൾ ഓൺലൈൻ പരസ്യം അവരുടെ ജോലി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും, അവർക്ക് കൂടുതൽ സ്വാതന്ത്ര്യവും ക്ലയന്റുകളുടെ മേൽ നിയന്ത്രണവും നൽകുന്നുണ്ടെന്നും വാദിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശനിയാഴ്ച ലണ്ടനിൽ അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിൽ മുഖംമൂടി ധരിച്ച ഒരു സംഘം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ രണ്ട് അഭയാർത്ഥി വിരുദ്ധ സംഘങ്ങൾ പടിഞ്ഞാറൻ ലണ്ടനിലെ സ്റ്റോക്ക്ലി റോഡിലുള്ള ക്രൗൺ പ്ലാസയിലേക്ക് ആണ് മാർച്ച് നടത്തിയത്. മുഖംമൂടി ധരിച്ച ഒരു സംഘം പിൻവാതിലിലൂടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച് സുരക്ഷാ വേലികൾ തകർത്തുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.


മറ്റ് പ്രകടനക്കാർ വെസ്റ്റ് ഡ്രെയ്‌റ്റണിലെ ചെറി ലെയ്‌നിലെ അടുത്തുള്ള നോവോടെലിലേക്കും ഒരു ഹോളിഡേ ഇന്നിലേക്കും നീങ്ങി. അക്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് . ഏകദേശം 500 പ്രതിഷേധക്കാർ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് . ക്രമസമാധാനം നിയന്ത്രിക്കണമെങ്കിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്ന് ലണ്ടനിൽ പോലീസ് സംവിധാനത്തിന്റെ ചുമതലയുള്ള കമാൻഡർ ആദം സ്ലോനെക്കി പറഞ്ഞു. ഇതിനിടെ ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ മാസ്കുകൾ മാറ്റണമെന്ന് ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഉത്തരവ് പോലീസ് നടപ്പിലാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

139 ദിവസം കൊണ്ട് പസഫിക് സമുദ്രം കുറുകെ കടന്ന് വേൾഡ് റെക്കോർഡിൽ ഇടം നേടി എഡിൻബർഗിൽ നിന്നുള്ള മൂന്ന് സഹോദരങ്ങൾ. ജാമി, ഇവാൻ, ലാച്ലാൻ മക്ലീൻ എന്നിവർ പെറുവിൽ നിന്ന് ഓസ്‌ട്രേലിയയിലെ കെയ്‌ൻസിലേക്കുള്ള 9,000 മൈൽ (14,484 കിലോമീറ്റർ) യാത്രയാണ് മറ്റാരുടെയും സഹായം ഇല്ലാതെ പൂർത്തിയാക്കിയത്. 2014-ൽ റഷ്യൻ സോളോ റോവർ ഫ്യോഡോർ കൊന്യുഖോവ് സ്ഥാപിച്ച 162 ദിവസത്തെ മുൻ റെക്കോർഡ് മറികടന്നാണ് ഇവർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥകളും മറികടന്നായിരുന്നു സഹോദരങ്ങളുടെ യാത്ര. അപകടങ്ങൾക്കിടയിലും, പുറത്തുനിന്നുള്ള സഹായമില്ലാതെയാണ് ഇവർ ദൗത്യം തുടർന്നത്. 150 ദിവസത്തേയ്ക്ക് 500 കിലോഗ്രാം ഫ്രീസ്-ഡ്രൈഡ് ഭക്ഷണവും 75 കിലോഗ്രാം ഓട്‌സും പായ്ക്ക് ചെയ്‌തായിരുന്നു ഇവരുടെ യാത്ര. ഭക്ഷണം തീരുകയാണെങ്കിൽ അടിയന്തിര മാർഗങ്ങൾ കരുതിയിട്ടുണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കേണ്ട ആവശ്യം വന്നിരുന്നില്ല.

റോസ് എമിലി എന്ന് പേരിട്ട കാർബൺ ഫൈബർ ബോട്ടിലായിരുന്നു ഇവരുടെ യാത്ര. മരിച്ച് പോയ ഇവരുടെ സഹോദരിയുടെ പേരാണ് ബോട്ടിന് നൽകിയത്. 2020-ൽ സഹോദരന്മാർ റെക്കോർഡ് ഭേദിച്ച അറ്റ്ലാന്റിക് ക്രോസിംഗ് പൂർത്തിയാക്കിയിരുന്നു. മഡഗാസ്കറിലെ ശുദ്ധജല പദ്ധതികൾക്കായി £1 മില്യൺ എന്ന ലക്ഷ്യത്തിലേക്ക് ഈ സഹോദരന്മാർ £700,000 ആണ് സമാഹരിച്ചിരിക്കുന്നത്. ധനസമാഹരണമായിരുന്നു തങ്ങളുടെ പ്രധാന പ്രചോദനമെന്നും ലോകമെമ്പാടുമുള്ള പിന്തുണക്കാർക്ക് നന്ദി അറിയിച്ചുകൊണ്ട് അവർ പറഞ്ഞു. അഞ്ച് മാസം നീണ്ട് നിന്ന കടൽ വാസത്തിന് ശേഷം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഈ പുതിയ വിജയം ആഘോഷിക്കുകയാണ് ഈ സഹോദരർ ഇപ്പോൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെക്സാമിൽ നായയുടെ ആക്രമണത്തിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കു പറ്റി . അയൽവാസി വളർത്തുന്ന രണ്ട് ബുൾഡോഗുകളാണ് ക്രൂരമായി യുവാവിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ ഉടനെ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് നായയുടെ ഉടമയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ രണ്ട് പട്ടികളെയും പോലീസ് ഏറ്റെടുത്തു. ഇവയെ കൊല്ലും എന്നാണ് അറിയാൻ സാധിച്ചത്. പ്രാണരക്ഷാർത്ഥം വീട്ടിലേയ്ക്ക് ഓടി കയറിയ യുവാവിനെ പിന്തുടർന്ന് നായകൾ ആക്രമിക്കുകയായിരുന്നു.

XL ബുള്ളി ഉൾപ്പെടെയുള്ള വിഭാഗത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണം യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള ആശങ്കപ്പെടുത്തുന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പട്ടിയുടെ കടിയേറ്റ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങൾ 150 ശതമാനമാണ് കൂടിയത്. ഏകദേശം 23 ,600 കേസുകളാണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. XL ബുള്ളി ഇനത്തിൽപ്പെട്ട നായകളെ കുറിച്ച് കൂടുതൽ പരാതികൾ ഉയർന്നു വരുന്നതിന് തുടർന്ന് രാജ്യത്തെ ഈ ഇനത്തിൽ പെട്ട നായകളെ ഔദ്യോഗികമായി നിരോധിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈലാൻഡിൽ കാർ അപകടത്തിൽപ്പെട്ട് 3 കൗമാരക്കാരായ യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു . A 830 -ൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പോലീസ് പുറത്തുവിട്ട വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് ഫോർട്ട് വില്യമിന് പടിഞ്ഞാറുള്ള അരിസൈഗിനടുത്തുള്ള റോഡിലേക്ക് അടിയന്തര സേവനങ്ങൾ വിളിച്ചതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.


അപകടത്തിൽ പെട്ടവരുടെ ഔപചാരിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. എന്നിരുന്നാലും അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും പുരുഷന്മാരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസെക്സിലെ എപ്പിങ്ങിലുള്ള ദി ബെൽ ഹോട്ടലിൽ അഭയം തേടുന്നവരെ താമസിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതിയുടെ താൽക്കാലിക നിരോധനം റദ്ദാക്കി കോർട്ട് ഓഫ് അപ്പീൽ. സെപ്റ്റംബർ 12 നകം 138 അഭയാർത്ഥികൾ സ്ഥലം വിട്ടുപോകണമെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ ഈ വിധി കുടിയേറ്റക്കാർക്ക് മാറി താമസിക്കാനും മറ്റുമുള്ള വെല്ലുവിളികളെ അവഗണിച്ചുള്ളതായിരുന്നുവെന്ന് ലോർഡ് ജസ്റ്റിസ് ബീൻ പറഞ്ഞു. ഒക്ടോബർ പകുതിയോടെ സ്ഥിരമായി അഭയാർഥികൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിനെ സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ പൂർണ്ണ വാദം നടക്കും.

അതേസമയം എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ, കേസുമായി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. സോമാനി ഹോട്ടൽസ്, നിലവിലെ നിയമങ്ങൾ ലംഘിച്ചാണ് സ്ഥലം അഭയ കേന്ദ്രമാക്കി മാറ്റിയതെന്ന് കൗൺസിൽ പറയുന്നു. കൗൺസിലിൻെറ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് മറ്റ് പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു. നേരത്തെ നിരോധന വിധി പുറത്ത് വന്നത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.

ജൂലൈ മുതൽ ആയിരക്കണക്കിന് ആളുകൾ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും ഹോട്ടലിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ പോലീസ് 28 പേരെ അറസ്റ്റ് ചെയ്യുകയും 16 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. ഹോട്ടലിൽ താമസിക്കുന്ന അഭയാർത്ഥി എത്യോപ്യയിൽ നിന്നുള്ള ഹദുഷ് കെബാട്ടു എന്ന വ്യക്തി 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അതേസമയം അഭയാർഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഈ ഹോട്ടൽ വിട്ടു നൽകുന്നത് വലിയൊരു തിരിച്ചടിയായിരിക്കുമെന്ന് ഹോം ഓഫീസ് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മലയാളി കുടുംബങ്ങളുടെ എണ്ണം കൂടി വരുന്നതിന് അനുസരിച്ച് ഒരു സമൂഹമന്ന നിലയിൽ അവരുടെ ഇടയിലുള്ള പ്രശ്നങ്ങൾ വർദ്ധിക്കുന്നതായുള്ള വാർത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ലിങ്കണിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച സംഭവം ആണ് ഏറ്റവും പുതിയതായി ഇത്തരത്തിലുള്ള സംഭവം. 51 വയസ്സുകാരനായ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രതിയെ ഉടനെ തന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരുവല്ല മാന്നാർ സ്വദേശികളായ ഇവർ രണ്ടുവർഷം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ കൗമാരക്കാരിയായ മകളുടെ മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് അറിയാൻ സാധിച്ചത്. കേസ് കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ ഗാർഹിക പീഡനം പരാതിയായതിനാൽ കടുത്ത ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്. അതുകൂടാതെ പുതിയ നിയമമനുസരിച്ച് യുകെയിൽ നിന്നുള്ള നാടുകടത്തലും നേരിടേണ്ടി വരും.

രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. ഒരാൾ യുകെയിൽ മാതാപിതാക്കളോടൊപ്പവും മറ്റൊരാൾ നാട്ടിലും ആണ് ഉള്ളത് . പിതാവ് ജയിലിലും മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും ആയതോടെ ഇവരുടെ കുട്ടിയുടെ കാര്യം ആണ് കഷ്ടത്തിലായത്. നിലവിൽ കുട്ടിയെ പോലീസ് സോഷ്യൽ കെയർ സംരക്ഷണത്തിൽ ആക്കിയിരിക്കുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത ശരത്കാല ബഡ്ജറ്റിൽ ചാൻസിലർ റേച്ചൽ റീവ്സ് പുതിയ പ്രോപ്പർട്ടി ടാക്സ് പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇതോടെ യുകെയിലെ ഭവന വിപണിയുടെ വളർച്ച മന്ദഗതിയിലാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഭവന വില ഉയർന്ന നിലയിലുള്ള സ്ഥലങ്ങളിലെ ക്രയവിക്രയങ്ങളെ പ്രോപ്പർട്ടി ടാക്സ് കടുത്ത രീതിയിൽ ബാധിക്കും. 500,000 പൗണ്ടിൽ കൂടുതൽ വിലയുള്ള വീടുകളുടെ വിനിമയത്തെ ആണ് പ്രോപ്പർട്ടി ടാക്സ് പ്രീതികൂലമായി ബാധിക്കുന്നത്. വില്പനയുള്ള വീടുകളുടെ മൂന്നിലൊന്നും 500,000 പൗണ്ട് കൂടുതലുള്ളവയാണ് എന്ന് പ്രോപ്പർട്ടി വെബ്‌സൈറ്റായ സൂപ്ല പറഞ്ഞു. ലണ്ടനും ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളുമാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഭവന വിപണിയിലെ പുതിയ സാഹചര്യം യുകെ മലയാളികൾക്ക് അനുയോജ്യമാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകളും മലയാളി സമൂഹത്തിൽ ആരംഭിച്ചിട്ടുണ്ട്. യുകെയിലെ പുതിയ പ്രോപ്പർട്ടി നികുതികളെ കുറിച്ചുള്ള അനുമാനങ്ങൾ വീട് വാങ്ങാൻ ആലോചിക്കുന്നവർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് £500,000-ൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ, വില കുറഞ്ഞ വീടുകൾക്കായി കാത്തിരിക്കാനുള്ള പ്രവണത ഉയർന്നേക്കാം.

മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ആദ്യമായി വീട് വാങ്ങുമ്പോൾ വില ഉയർന്ന പ്രദേശങ്ങളിൽ വീടുകൾ സ്വന്തമാക്കുന്നത് ബുദ്ധിമുട്ടായിരിക്കാം. ലണ്ടൺ , കെന്റ് തുടങ്ങി താരതമ്യേന വില ഉയർന്ന പ്രദേശത്ത് നിന്ന് വിലകുറഞ്ഞ സ്ഥലത്തിലേയ്ക്ക് വീടുകൾ വാങ്ങുന്നതിനായി ആളുകൾ മാറാനുള്ള സാധ്യതയും പുതിയ നികുതി നിർദേശത്തിന് അനുസരണമായി സംഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രോപ്പർട്ടി ടാക്സ് നിലവിൽ വരുന്നത് കാര്യമായി മലയാളികളെ ബാധിക്കില്ലെന്നാണ് ഹോം എക്സ് യുകെയുടെ മേധാവി രാജേഷ് ജോസഫ് മലയാളം യുകെയോട് പറഞ്ഞു. സാധാരണയായി മലയാളികൾ മേടിക്കുന്ന വീടുകളുടെ വില ടാക്സ് പരുധിയിൽ താഴെയാകാനുള്ള സാധ്യതയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത്.

പുതിയ സാഹചര്യത്തിൽ വില കൂടിയ വീടുകൾക്ക് വില്പനക്കാരനെ കണ്ടെത്തുന്നതിന് നിലവിലുള്ളതിനേക്കാൾ രണ്ടര മടങ്ങ് കൂടുതൽ കാലം എടുത്തേക്കാമെന്ന് ആണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.വില അമിതമായി കൂടിയാൽ വിൽപ്പന വളരെ നീണ്ടു പോകാനുള്ള സാഹചര്യവും ഉണ്ടായേക്കാമെന്നത് ഈ രംഗത്ത് പണം മുടക്കുന്നവരെ പ്രതിസന്ധിയിലാക്കും. അതായത് ഭവന വിപണിയിൽ നിക്ഷേപിച്ചവർക്ക് തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യ വർദ്ധനയിൽ വൻ കുറവ് ഉണ്ടാകുമെന്നതാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആണവ പദ്ധതിയെ ചൊല്ലി വീണ്ടും സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നടപടി യുകെ , ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ആരംഭിച്ചു. മുപ്പത് ദിവസങ്ങൾക്ക് ഉള്ളിൽ ഇത് നടപ്പിലാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതാണ് കടുത്ത നടപടി സ്വീകരിക്കുന്നതിന് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.


ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് ആക്രമണം നടത്തുകയും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള പരിശോധകർ ആണവ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് ഇറാൻ വിലക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജൂൺ മുതൽ ഇറാനും യുഎസും തമ്മിലുള്ള ആണവ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ഒരു കരാറിന് കീഴിൽ ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരമായി വർഷങ്ങളായി നിലനിന്നിരുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കിയിരുന്നു . എന്നാൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇറാനു മേൽ ആണവ സംബന്ധമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് വീണ്ടും ചർച്ചയാകുകയായിരുന്നു.


2018ലെ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ വീണ്ടും ഉപരോധത്തിൽ ഏർപ്പെടാൻ E3 എന്നറിയപ്പെടുന്ന യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾക്ക് കഴിയും. ഇറാൻ ചില നിബന്ധനകൾ പാലിക്കുന്നതിന് വിധേയമായി, യുകെയും യൂറോപ്യൻ സഖ്യകക്ഷികളും അടുത്തിടെ ഉപരോധ ഇളവ് നീട്ടിനൽകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കാൻ ഇറാൻ കാര്യമായ ശ്രമം നടത്തിയിട്ടില്ലെന്നും അവരുടെ ആണവ പരിപാടിയുടെ സ്വഭാവത്തെ കുറിച്ച് വിശ്വസനീയമായ ഉറപ്പുകൾ നൽകുന്നതിൽ സ്ഥിരമായി പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പരിപാടിക്ക് പൂർണ്ണമായും സമാധാനപരമായ ഉദ്ദേശ്യങ്ങളാണുള്ളതെന്ന് തങ്ങൾക്ക് ബോധ്യമില്ലെന്ന് പാശ്ചാത്യ ശക്തികളും ആഗോള ആണവ സംഘടനയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) പറയുന്നത് . എന്നാൽ ആണവായുധങ്ങൾ നിർമിക്കുന്നില്ലെന്നാണ് ഇറാൻ ശക്തമായി വാദിക്കുന്നത് .

RECENT POSTS
Copyright © . All rights reserved