Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള നൂറ് കണക്കിന് കുട്ടികൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് അപ്രത്യക്ഷരായിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. സ്കൂളിൽ ചേരാത്തതോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വിദ്യാഭ്യാസം നേടുന്നതോ ആയ 2900 കുട്ടികളിൽ 22 ശതമാനം പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള കുട്ടികളാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാരണം നിലവിൽ വിദ്യാഭ്യാസ സിസ്റ്റത്തിൽ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള 16 ശതമാനം കുട്ടികൾ മാത്രമാണ് എൻട്രോൾ ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്. ഇത്തരത്തിൽ പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുവാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് പ്രാഥമികമായി പരിഗണിക്കേണ്ടതെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.

2022 നും 2023 നും ഇടയിലുള്ള 12 മാസ കാലയളവിലെ കുട്ടികളുടെ കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള ഡാറ്റയിൽ, 11,600 കുട്ടികളെയാണ് വിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരിൽ പലരും ആ കാലയളവിന്റെ അവസാനത്തോടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നു എന്ന വാർത്ത ആശ്വാസകരമാണ്. എന്നാൽ അവസാന ഡാറ്റ 2900 എന്ന കണക്കിലേക്കാണ് എത്തിച്ചേരുന്നത്. ഇവരാരും തന്നെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നത് പോലും വ്യക്തമാകാത്ത സാഹചര്യമാണെന്നും ചിൽഡ്രൻസ് കമ്മീഷണർ വ്യക്തമാക്കി. സ്കൂളിൽ വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായത്തിൽ, സ്കൂളിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികളെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് കാണാതായ കുട്ടികളായി പരിഗണിക്കുന്നത്. ഇവരിൽ കുറെയധികം പേർ വീടുകളിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യത്തിൽ വിദ്യാഭ്യാസം നേടുന്നവരുമുണ്ട്. ഇത്തരം ഒരു സാഹചര്യം അടിയന്തരമായി പരിഗണിക്കേണ്ടതാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഓർമ്മിപ്പിച്ചു.

പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നതിനും ആണ് മുൻഗണന നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. പലയിടങ്ങളിലും സാമ്പത്തികമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായി തീരുന്നത്. എന്നാൽ സെൻ കുട്ടികളിൽ ഒരു വിഭാഗത്തിന് മാത്രമേ പ്രാദേശിക അധികാരികൾ ഫണ്ട് ചെയ്യുന്ന ഇ എച്ച് സി പി ലഭിക്കുകയുള്ളൂ. ഒരു വിദ്യാർത്ഥിയുടെ പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പരിചരണ ആവശ്യകതകൾ എന്തൊക്കെയാണെന്നും അവ നിറവേറ്റുന്നതിന് വിവിധ സേവന ദാതാക്കൾക്ക് എന്താണ് ആവശ്യമെന്നും വ്യക്തമാക്കുന്ന ഒരു നിയമ രേഖയാണ് ഇ എച്ച് സി പി. ചിലയിടങ്ങളിൽ മാതാപിതാക്കൾക്ക് ട്രൈബ്യൂണൽ വരെ നിയമനടപടികൾ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ പരിഗണനകൾ കൃത്യമായി ലഭിക്കണമെന്നും, അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടാകണമെന്നും ചിൽഡ്രൻസ് കമ്മീഷണർ ശക്തമായി ഓർമ്മിപ്പിച്ചു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിബിസി റേഡിയോ കേംബ്രിഡ്ജ്ഷെയറിൻ്റെ മേക്ക് എ ഡിഫറൻസ് അവാർഡിന് യുകെ മലയാളി നേഴ്സായ റ്റിൻസി ജോസ് അർഹയായി. 2023ലെ മലയാളം യുകെയുടെ ബെസ്റ്റ് നേഴ്സിനുള്ള അവാർഡ് ലഭിച്ചതും റ്റിൻസിക്കായിരുന്നു. പാർക്കിൻസൺ രോഗത്തെ ധീരതയോടെ നേരിട്ടതിനും തുടർ പ്രവർത്തങ്ങൾക്കുമാണ് റ്റിൻസിയ്ക്ക് അവാർഡ് ലഭിച്ചത്. നേരത്തെ പാർക്കിൻസൺ രോഗികൾക്ക് വേണ്ടിയുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റ്റിൻസിയെ കൂടാതെ ലിൻഡ ഹസ്കിസൺ, ഷൈല ബ്രൗൺ, ബിലാൽ അസ്ലം, വാരി റസ്സൽ, വിക്കി ബേക്കർ, ജോർദാൻ ടിൽ, ലിസ എന്നിവർക്കാണ് വിവിദ വിഭാഗങ്ങളിലായി അവാർഡ് നൽകിയത് .

മുൻപ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി വാർത്ത ആക്കിയിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് . സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2021 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ മകനോടൊപ്പം താമസിക്കാനുള്ള മാതാപിതാക്കളുടെ വിസ തള്ളി ഹോം ഓഫീസ്. ഇപ്പോൾ 13 വയസ്സുള്ള അഹ്മദ്, അക്രമണസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 15,000 പേരെ രക്ഷപ്പെടാൻ സഹായിച്ച ഓപ്പറേഷൻ പിറ്റിംഗിൻ്റെ ഭാഗമായാണ് യുകെയിൽ എത്തിയത്. അന്ന് പത്ത് വയസ്സുകാരനായ അഹ്മദിൻെറ അമ്മാവൻറെയും അമ്മായിയുടെയും കൂടെ ആണ് രാജ്യം വിട്ടത്. 2023 ഫെബ്രുവരിയിൽ, യുകെയിൽ കുട്ടിയുമായി താമസിക്കാൻ വിസയ്ക്ക് അഹ്മദിൻെറ കുടുംബം അപേക്ഷിക്കുകയായിരുന്നു. എന്നാൽ ഈ വിസാ അപേക്ഷ ജൂണിൽ നിരസിക്കപ്പെട്ടു.

അഹ്മദ് സാധുവായ ഒരു സ്പോൺസറല്ലെന്നും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ എ.സി.ആർ .എസ് .പ്രകാരമാണ് അഹ്മദ് രാജ്യത്ത് എത്തിയതെന്നും ഹോം ഓഫീസ് അറിയിച്ചു. വിസ നിരസിച്ച് കൊണ്ട് അഹ്മദിൻെറ പിതാവിന് ഹോം ഓഫിസ് നൽകിയ കത്തിൽ കുട്ടിയ്ക്ക് പിതാവിൻെറ ആശ്രിതത്വം ആവശ്യമില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെ വിസാ നിരസിക്കുന്നത് കുട്ടിയുടെ കുടുംബജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നില്ലെന്ന് വാദിച്ചു. കൂടാതെ അഫ്‌ഗാനിസ്‌ഥാനിൽ കുടുംബം ഭീഷണികൾ നേരിടുന്നില്ലെന്നും ഹോം ഓഫീസ് പറയുന്നു.

2021-ലെ കുടിയൊഴിപ്പിക്കൽ വേളയിൽ കുടുംബത്തിൽ നിന്ന് വേർപെടുത്തിയ 80 കുട്ടികളിൽ ഒരാളാണ് അഹമ്മദെന്ന് അഹമ്മദിൻ്റെ അഭിഭാഷക ഹെലീന കുള്ളൻ പറയുന്നു. രണ്ട് രാജ്യങ്ങളിലായി വേർപെട്ടു പോയ കുടുംബം വീണ്ടും ഒന്നിക്കാനായി മൂന്ന് വർഷത്തിൽ അധികമായി പ്രയത്നിക്കുകയാണ്. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടിവന്നതിന് പിന്നാലെ അഹ്മദിൻെറ മാനസികാരോഗ്യം മോശമാകുന്നതായി സേഫ് പാസേജ് ഇൻ്റർനാഷണലിൻ്റെ സിഇഒ ഡോ. വാൻഡ വൈപോർസ്ക പറഞ്ഞു. സംഭവത്തോട് പ്രതികരിച്ച ഹോം ഓഫീസ് എല്ലാ അപേക്ഷകളും വ്യക്തിഗത മെറിറ്റുകളെ അടിസ്ഥാനമാക്കിയാണ് അവലോകനം ചെയ്യുന്നതെന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടുമുള്ള പകുതിയോളം ഡോക്ടർമാർ രോഗികളിൽ നിന്ന് ലൈംഗികമായുള്ള അതിക്രമങ്ങൾ നേരിടുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നു. ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. 45 ശതമാനം ഡോക്ടർമാരും രോഗികളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉൾപ്പെടുത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.


പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാർക്കാണ് കൂടുതൽ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നത്. 52.2 ശതമാനം ഡോക്ടർമാരാണ് ലൈംഗിക പീഡനം അനുഭവിക്കേണ്ടതായി വന്നത് . എന്നാൽ പ്രശ്നങ്ങൾ നേരിട്ട പുരുഷ ഡോക്ടർമാരുടെ എണ്ണം 34.4 ശതമാനമാണ്. അനാവശ്യമായി നോക്കുന്നതും രോഗികൾ ലൈംഗിക സ്വഭാവമുള്ള തമാശകൾ പറയുന്നതും അവരോട് ഡേറ്റ് ചോദിക്കുന്നതും അനുചിതമായി അവരെ സ്പർശിക്കുന്നതും റൊമാൻ്റിക് സന്ദേശങ്ങളോ കത്തുകളോ അയയ്ക്കുന്നതും ഉൾപ്പെടെ നിരവധി തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഡോക്ടർമാർ വിധേയരാകുന്നു.


ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബിർക്ക്‌ബെക്ക് കോളേജിലെ ഡോ. കരോളിൻ കമൗ-മിച്ചൽ ആണ് ലോകത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ഗവേഷണ പ്രബന്ധങ്ങളെ വിശകലനം ചെയ്ത് സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. രോഗികളിൽ നിന്നുള്ള ലൈംഗികാതിക്രമത്തിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കാൻ ആശുപത്രികളെയും ക്ലിനിക്കുകളെയും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കളെയും പ്രേരിപ്പിക്കണമെന്ന് കമൗ-മിച്ചൽ പറഞ്ഞു. സുരക്ഷിതമില്ലായ്മയാണ് പല ഡോക്ടർമാരെയും എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റും ആർസിപിയുടെ വെയിൽസിലെ വൈസ് പ്രസിഡൻ്റുമായ ഡോ. ഹിലാരി വില്യംസ് പറഞ്ഞു. ഹോസ്പിറ്റൽ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഈ കണ്ടെത്തലുകളുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ന്യൂയോർക്കിൽ വെച്ച് നടന്ന യുഎസ് ഓപ്പൺ ജൂനിയർ ഫൈനലിൽ ജപ്പാന്റെ വക്കാന സോനോബിനെ തോൽപ്പിച്ചപ്പോൾ ബ്രിട്ടീഷുകാരിയായ മിക സ്‌റ്റോജ്‌സാവ്ൽജെവിച്ച് നടന്നു കയറിയത് ചരിത്രത്തിന്റെ ഏടുകളിലേയ്ക്കാണ്. 15 വർഷത്തിനു ശേഷം ആദ്യമായാണ് യുഎസ് ഓപ്പൺ ജൂനിയർ വനിതകളുടെ കിരീടം ബ്രിട്ടീഷുകാരിയുടെ കൈകളിൽ എത്തിയിരിക്കുന്നത്. ജപ്പാൻ്റെ സോനോബിനെതിരെ 6-4, 6-4 എന്ന സ്‌കോറിനാണ് 15-കാരിയായ സ്‌റ്റോജ്‌സാവ്ൽജെവിച്ച് വിജയിച്ചത്. സ്‌റ്റോജ്‌സാവ്ൽജെവിച്ചിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണ് ഇത്.

2009-ൽ ഹെതർ വാട്‌സണിന് ശേഷം ഫ്ലഷിംഗ് മെഡോസിൽ കിരീടം നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് പെൺകുട്ടിയാണ് സ്‌റ്റോജ്‌സാവ്ൽജെവിച്ച്. പുരുഷന്മാരുടെ മത്സരത്തിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പർ സെമിയിൽ ലോകം ഒന്നാം നമ്പർ താരം ജാനിക് സ്‌കിന്നറോട് തോൽവി ഏറ്റുവാങ്ങി 24 മണിക്കൂറിനു ശേഷമാണ് ബ്രിട്ടന് അഭിമാനമായി മികച്ച ഈ നേട്ടം കൈവരിച്ചത്. വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് തന്റെ വിജയത്തോട് സ്‌റ്റോജ്‌സാവ്ൽജെവിച്ച് പ്രതികരിച്ചു.


ഈലിംഗ് ലോൺ ടെന്നീസ് ക്ലബ്ബിൽ അഞ്ച് വയസ്സുള്ളപ്പോൾ മുതൽ സ്‌റ്റോജ്‌സാവ്ൽജെവിച്ച് ടെന്നീസ് കളിക്കാൻ തുടങ്ങിയതാണ്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മരിയ ഷറപ്പോവയാണ് തൻ്റെ ടെന്നീസ് ആരാധനാപാത്രമെന്നും സ്‌റ്റോജ്‌സാവ്ൽജെവിച്ച് പറഞ്ഞു. തനിക്ക് പിന്തുണയെങ്കിൽ എല്ലാവരോടുമുള്ള നന്ദിയും അവർ പറഞ്ഞു. മനോധൈര്യത്തോടെ നിലനിൽക്കുവാൻ എല്ലാവരുടെയും പിന്തുണ തനിക്ക് സഹായകരമായി. രാജ്യത്തിന് ഇത്തരം ഒരു നേട്ടം നൽകാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി പേരെടുത്ത ആൻഡ്രൂ ടേറ്റ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നു. ലൈംഗിക പീഡനത്തിന് പുറകെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. ആൻഡ്രൂ ടേറ്റിൻ്റെ ഇളയ സഹോദരനായ ടിസ്റ്റൻ തന്നെ ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീയും ആരോപിച്ചിട്ടുണ്ട്. ബിബിസിയോടാണ് സ്ത്രീകൾ തങ്ങൾ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തിയത്.


സമൂഹമാധ്യമങ്ങളിൽ ടേറ്റ് സഹോദരന്മാർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. മനുഷ്യ കടത്ത്, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യൽ തുടങ്ങിയവയ്ക്കായി റൊമാനിയയിൽ നിരവധി ആരോപണങ്ങൾ ആണ് ഇവർ നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ടുപേർക്കും 10 വർഷത്തിൽ കൂടുതൽ തടവ് ലഭിക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത് . ആൻഡ്രൂ ടേറ്റ് നിലവിൽ റൊമാനിയയിൽ വീട്ടു തടങ്കലിലാണ്.


രണ്ട് ബ്രിട്ടീഷ് യുവതികളാണ് പുതിയതായി ഇവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പത്ത് വർഷം മുമ്പ് ഇവർ ലൂട്ടണിൽ താമസിച്ചിരുന്നപ്പോഴാണ് കുറ്റകൃത്യം നടന്നത്. ബലാത്സംഗത്തിനും ശാരീരിക ആക്രമണത്തിനും ശേഷം അതുമായി ബന്ധപ്പെട്ട ടെക്സ്റ്റ് മെസ്സേജുകൾ അയാൾ അയച്ചിരുന്നതായി യുവതികൾ വെളിപ്പെടുത്തി. 2014 -ൽ സ്ത്രീകൾ ബെഡ് ഫോർഡ് ഷെയർ പോലീസിനോട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങളുടെ കഴുത്ത് ഞെരിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് യുവതികൾ പൊതുവായി ഉന്നയിച്ചിട്ടുള്ള ആരോപണം. എന്നാൽ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതായുള്ള ആരോപണങ്ങൾ ഇയാൾ നിഷേധിച്ചതായാണ് ബിബിസി വെളിപ്പെടുത്തിയത്. യൂട്യൂബ്,ടിക്ക് ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വീഡിയോകളും മെസ്സേജുകളും പോസ്റ്റ് ചെയ്യുന്ന ആൻഡ്രൂ ടേറ്റിന് ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ യുകെ മലയാളിയുടെ ആകസ്മിക മരണത്തിൻ്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ ആണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവെ കാൽ തെറ്റി വീണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സായിരുന്നു പ്രായം. വീഴ്ചയിൽ തലയ്ക്ക് ക്ഷതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രദീപിന്റെ അടുത്ത് താമസിക്കുന്നവർ വിവരം അറിയിച്ചതനുസരിച്ച് അത്യാഹിത വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിൽ പോയിരുന്ന പ്രദീപിന്റെ ഭാര്യയും മക്കളും യുകെയിലേയ്ക്ക് തിരിച്ചു വരാൻ കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദാരുണ വാർത്ത അറിയുന്നത്. പ്രദീപിന്റെ കുടുംബം ഇന്ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. പ്രദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്.

കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.

മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

പ്രദീപ് നായരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച് എസിൻ്റെ ഉയർന്ന കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള തുടർച്ചയായ നടപടികൾ പരാജയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കാത്തിരിപ്പ് സമയം പതിനെട്ട് ആഴ്ചയായി കുറയ്ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കാതിരുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവമാണ്. 18 ആഴ്ച കാത്തിരിപ്പ് സമയത്തിലെത്താൻ ഓരോ ആഴ്ചയിലും നടത്തുന്ന അപ്പോയിൻമെന്റുകളുടെ എണ്ണം 40,000 ആയി വർദ്ധിപ്പിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ആവശ്യമായ വിഭവശേഷിയുടെ 15 ശതമാനം മാത്രമേ നിലവിൽ എൻഎച്ച്എസിന് ഉള്ളു എന്നാണ് എൻഎച്ച്എസ് കോൺഫിഡറേഷൻ കണ്ടെത്തിയിരിക്കുന്നത്.

എൻ എച്ച് എസ് പ്രകടനത്തെ കുറിച്ചുള്ള സർക്കാർ അവലോകനം ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെയാണ് ഈ മുന്നറിയിപ്പുമായി എൻഎച്ച്എസ് കോൺഫിഡറേഷൻ രംഗത്ത് വന്നത്. എൻഎച്ച്എസിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൽ വിവര സാങ്കേതിക വിദ്യയുടെ അധിക ഉപയോഗം മുതൽ വിപുലമായ പരിവർത്തനം വേണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസ് സർജനായ ലോർഡ് അര ഡാർസിയുവിൻ്റെ നേതൃത്വത്തിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രൂപീകരിച്ച കമ്മിറ്റിയാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.

ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ തകർച്ചയിൽ തുടർച്ചയായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയെ പ്രതികൂട്ടിലാക്കി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ രംഗത്ത് വന്നു. കഴിഞ്ഞ സർക്കാരുകൾ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അദ്ദേഹം ബി ബി സിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെലവു ചുരുക്കലും കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ താള പിഴകളുമാണ് എൻഎച്ച്എസിൻ്റെ പരാജയത്തിന് കാരണമെന്നാണ് പ്രധാനമായും പ്രധാനമന്ത്രി ചൂണ്ടി കാണിച്ചത്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ അത്യാഹിത വിഭാഗത്തിൽ ഒരു ലക്ഷത്തിലധികം കുട്ടികളുടെ മാത്രം കേസുകളാണ് ആറു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ കുട്ടികളുടെ കാത്തിരിപ്പ് സമയം 60 ശതമാനം വർദ്ധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മുൻ റോയൽ എയർഫോഴ്സ് എൻജിനീയറും നേഴ്സായ അദ്ദേഹത്തിന്റെ ഭാര്യയും സ്വിറ്റ്സർലൻഡിൽ അനുവദനീയമായ സൂയിസൈഡ് പോഡുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 46 വർഷമായി വിവാഹിതരായ പീറ്ററും ക്രിസ്റ്റിൻ സ്കോട്ടുമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേരുന്ന ആദ്യ ബ്രിട്ടീഷ് ദമ്പതികൾ. ആഴ്ചകൾക്ക് മുൻപ് 80 വയസ്സുള്ള ക്രിസ്റ്റിന് ഡിമെൻഷ്യ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികൾ ഈ ഒരു തീരുമാനത്തിലേക്ക് നടന്നടുത്തത്. സാർക്കോ എന്നറിയപ്പെടുന്ന ഈ സൂയിസൈഡ് പോഡ് സ്വിറ്റ്സർലൻഡിൽ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.

മെഡിക്കൽ മേൽനോട്ടം ഇല്ലാതെ ഒരാളെ മരിക്കാൻ അനുവദിക്കുന്നതാണ് ഇത്തരം സൂയിസൈഡ് പോഡുകൾ. ഏകദേശം 10 മിനിറ്റിനുള്ളിൽ തന്നെ ഇതിനുള്ളിൽ കയറുന്ന ആൾ മരണത്തിന് വിധേയപ്പെടും. വായുവിന് നൈട്രജന്റെ അളവ് കൂട്ടിയാണ് ഇതിനുള്ളിൽ മരണം സംഭവിക്കുന്നത്. മാതാപിതാക്കളുടെ തീരുമാനത്തെ മക്കൾ മടിയോടെയാണെങ്കിലും അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങളുടെ സുദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിന് അന്ത്യം കുറിച്ച്, ആറ് പേരക്കുട്ടികളുള്ള പീറ്ററും ക്രിസ്റ്റീനും അസിസ്റ്റഡ് ഡൈയിംഗ് വാഗ്ദാനം ചെയ്യുന്ന സ്വിസ് ആസ്ഥാനമായുള്ള ദി ലാസ്റ്റ് റിസോർട്ടിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയിലാണ്.


യുകെയിൽ ഇതുവരെയും ഇത്തരത്തിലുള്ള ദയാവധം പോലെയുള്ള മരണങ്ങൾ നിയമവിരുദ്ധമാണ്. ഇത് പൂർണ്ണമായും തങ്ങൾ ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്ന് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ ഡെത്ത് എന്ന് വിളിപ്പേരുള്ള ഓസ്‌ട്രേലിയൻ വംശജനായ ഫിലിപ്പ് നിറ്റ്‌ഷ്‌കെയാണ് ഈ ഉപകരണം ആദ്യമായി കണ്ടെത്തിയത്. നമുക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും അത് യുകെയിൽ ലഭിക്കാത്തത് നിരാശാജനകമാണെന്നും ദമ്പതികൾ പറഞ്ഞു. വാർദ്ധക്യത്തിലെ അസുഖങ്ങൾക്ക് എൻ എച്ച് എസിലൂടെ ചികിത്സ ലഭിക്കാനുള്ള സാധ്യത വിദൂരം ആണെന്നും അതിനാൽ തന്നെ ജീവിതം ദുഃഖവും ദുരിത പൂർണവുമായി തീരുമെന്നും ഇരുവരും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഉടനീളമുള്ള തൊഴിലാളികൾക്ക് നഷ്ടമായത് 2 ബില്യൺ പൗണ്ടിൻ്റെ അവധിക്കാല വേതനം. ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻെറ റിപ്പോർട്ടുകൾ അനുസരിച്ച് ഒരു ദശലക്ഷത്തിലധികം ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധികൾ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ബ്രൈറ്റണിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് വിവരം പുറത്ത് വിട്ടത്. സാധാരണ ജീവനക്കാർക്ക് 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയ്ക്ക് അവകാശം ഉണ്ട് . എന്നാൽ പല ജീവനക്കാർക്കും ഇത് നിക്ഷേധിക്കപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുമെന്ന ഗവൺമെൻ്റിൻ്റെ പ്രതിജ്ഞയ്‌ക്ക് മുമ്പ് നടത്തിയ ഈ പഠനത്തിൽ, 1.1 ദശലക്ഷം ജീവനക്കാർക്ക് അതായത് 25-ൽ ഒരാൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കുന്നില്ല എന്ന് കണ്ടെത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളായ വെയിറ്റർമാർ, കെയർ വർക്കേഴ്സ് , കാറ്ററിംഗ് അസിസ്റ്റൻ്റുമാർ എന്നിവരെയാണ് ഏറ്റവും കൂടുതൽ ഇത് ബാധിച്ചിരിക്കുന്നത്. ഇത്തരം ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം, വേജ് സ്ലിപ്പുകൾ എന്നിവ പോലുള്ള അടിസ്ഥാന അവകാശങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തി.

തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്താനായി ഒരു സംഘടന സ്‌ഥാപിക്കണമെന്നും ടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ചർച്ച നടക്കാനിരിക്കെയാണ് ടിയുസി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ്, ലേബർ-അഫിലിയേറ്റഡ് യൂണിയനുകൾ കെയർ സ്റ്റാർമറോടുള്ള വിശ്വസ്‌തത അറിയിച്ചപ്പോഴും സർക്കാർ തൊഴിലാളികളുടെ അവകാശ അജണ്ടയിൽ നിന്ന് പിന്നോട്ട് പോകാനുള്ള സാധ്യതയെ കുറിച്ച് യുണൈറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved