ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് വനിതാ ക്രൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുവാൻ ശ്രമിച്ച ബ്രിട്ടീഷ് എയർവെയ്സ് പൈലറ്റിന് സസ്പെൻഷൻ നൽകിയിരിക്കുകയാണ്. ജോഹന്നാസ്ബർഗിലെ ഒരു ലേഓവറിനിടെ 50 വയസ്സ് പ്രായമുള്ള, രണ്ടു കുട്ടികളുടെ പിതാവായ പൈലറ്റ് മദ്യപിക്കുകയും പിന്നീട് അദ്ദേഹത്തോടൊപ്പം ഡിസ്കൗണ്ട് ടിക്കറ്റിൽ എത്തിയ 25 വയസ്സുള്ള കാമുകിയോട് വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ക്യാബിൻ മാനേജർ, ഫസ്റ്റ് ക്ലാസ് സ്റ്റിവാർഡസ്, ഇൻ-ഫ്ലൈറ്റ് ലീഡ് എന്നിവരോട് അവർ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടലിന്റെ ബാറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിയെ നിൽക്കുവാൻ പോലും പറ്റാത്ത സാഹചര്യത്തിൽ മദ്യപിച്ചിട്ടായിരുന്നു പൈലറ്റ് എത്തിയത്. ഒടുവിൽ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ മുറിയിലാക്കുകയാണ് ചെയ്തത്. അടുത്തദിവസം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ ക്രൂ വിസമ്മതിക്കുകയും, തുടർന്ന് അപമാനിതനായി മറ്റൊരു ഫ്ലൈറ്റിൽ സാധാരണ യാത്രക്കാരനായി അദ്ദേഹത്തിന് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി ജോലിയിൽ തുടരുവാൻ സാധിക്കില്ല. ഹീത്രൂവിൽ നിന്ന് ജോഹന്നാസ്ബർഗിലേക്കുള്ള ബ്രിട്ടീഷ് എയർവെയ്സ് വിമാനം അവിടെ എത്തിയതിനു ശേഷമുള്ള ലേഓവറിനിടെയാണ് സംഭവം നടന്നത്. സ്റ്റാഫുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ ബ്രിട്ടീഷ് എയർവെയ്സ് അധികൃതർ അതൃപ്തരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൂ അംഗങ്ങൾ ആത്യന്തിക പാർട്ടി ലക്ഷ്യസ്ഥാനമായാണ് ജോഹന്നാസ്ബർഗിനെ കാണുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഒരു ഫ്ലൈറ്റ് ക്രൂ അംഗത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ജയിൽ ശിക്ഷ അനുഭവിക്കുവാൻ എസ്റ്റോണിയയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ തള്ളിയിരിക്കുകയാണ് ലേബർ സർക്കാർ മന്ത്രിമാർ. നിലവിൽ രാജ്യത്തെ ജയിലുകളിൽ സ്ഥലപരിമിതികൾ വർദ്ധിച്ചിരിക്കുകയാണ്. ജയിലുകളുടെ ശേഷിയേക്കാൾ കൂടുതൽ തടവുകാരെയാണ് ചിലയിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ബാൾട്ടിക് രാജ്യമായ എസ്റ്റോണിയ തങ്ങളുടെ ജയിൽ സെല്ലുകൾ മറ്റു രാജ്യങ്ങൾക്ക് വാടകയ്ക്ക് നൽകാമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ, ബ്രിട്ടീഷ് നീതിന്യായ മന്ത്രാലയം അത്തരത്തിൽ ഒരു തീരുമാനം ആലോചിക്കുന്നുണ്ടെന്ന് ടെലഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ജയിൽ എസ്റ്റേറ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന മിനിസ്ട്രി ഓഫ് ജസ്റ്റിസ് വക്താവ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇത്തരം ഒരു നടപടിയെ സംബന്ധിച്ച് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്.
പ്രതിസന്ധിയിൽ ആയിരിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയും, തകർച്ചയുടെ വക്കിൽ ആയിരിക്കുന്ന ജയിലുകളുടെ സാഹചര്യവുമാണ് പുതിയ ഗവൺമെന്റ് അധികാരത്തിൽ ഏറ്റപ്പോൾ ഉണ്ടായിരുന്നത്. ജയിലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ പ്രായോഗിക ഓപ്ഷനുകളും തങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും, എസ്റ്റോണിയൻ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുക്കുന്ന നടപടി ഉണ്ടാവുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനം മുൻ സർക്കാരിന്റേതായിരുന്നുവെന്നും, ലേബർ പാർട്ടി സർക്കാരോ മന്ത്രിമാരോ ഇത്തരം ഒരു തീരുമാനം അറിയിച്ചിട്ടില്ലെന്നും ഡൗണിങ് സ്ട്രീറ്റ്റിലെ മറ്റൊരു വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുത്താൽ സർക്കാരിന് ചെലവുകൾ ഇരട്ടിയാകും. അതിനാൽ തന്നെ അത്തരമൊരു തീരുമാനം ലേബർ പാർട്ടി സർക്കാർ ഉടൻ എടുക്കുകയില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ദീർഘകാല പദ്ധതിയുടെ ഭാഗമായി കൂടുതൽ ജയിലുകൾ നിർമ്മിക്കുവാൻ ലേബർ സർക്കാർ പദ്ധതിയിടുന്നുണ്ട്. ശിക്ഷാ നിയമനിർമ്മാണവും അതിന്റെ പ്രായോഗികതയും അടിയന്തിരമായി സ്വതന്ത്രമായി അവലോകനം ചെയ്യാൻ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്തയാഴ്ച തങ്ങളുടെ ശിക്ഷയുടെ 40 ശതമാനത്തോളം അനുഭവിച്ച 1500 ഓളം പേരെ റിലീസ് ചെയ്യാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏകദേശം 1.49 ദശലക്ഷം കുട്ടികൾ ഏതെങ്കിലും രീതിയിലുള്ള പഠന വൈകല്യങ്ങളും പ്രത്യേകമായ പരിഗണനയും വേണ്ടവരാണ്. ഇത് യുകെയിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ 16 ശതമാനത്തോളമാണ്. രാജ്യമൊട്ടാകെ 355,500 കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യപരിചരണ പദ്ധതികൾ നൽകുന്നുണ്ട്. ഡിസബിലിറ്റി ലിവിംഗ് അലവൻസ് (ഡിഎൽഎ) പോലെയുള്ള സാമ്പത്തിക സഹായം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ലഭ്യമാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ 41ശതമാനം പേരും മുഖ്യധാര സ്കൂളുകളിലാണ് പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികൾ സ്പെഷ്യൽ സ്കൂളുകളിൽ ആണ് പഠിക്കുന്നത് . യുകെയിൽ എല്ലാ വിഭാഗം കുട്ടികളും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.
എന്നാൽ ഇത്തരം കുട്ടികൾക്കുള്ള സർക്കാർ തലത്തിൽ നൽകുന്ന പിന്തുണ അപര്യാപ്തമാണെന്നുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യങ്ങളുമുള്ള കുട്ടികളുടെ നാലിൽ മൂന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കാനോ അല്ലെങ്കിൽ അവരുടെ സമയം വെട്ടിക്കുറയ്ക്കാനോ നിർബന്ധമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 500-ലധികം ആളുകളിൽ നടത്തിയ ഒരു സർവേയിൽ, അഞ്ചിൽ രണ്ടുപേർക്ക് (40%) ജോലി ഉപേക്ഷിക്കേണ്ടിവന്നു, മൂന്നിൽ ഒരാൾക്ക് (33%) അവരുടെ സമയം കുറച്ചു. ലോക്കൽ കൗൺസിലുകളുടെ സഹായത്തിന്റെ അഭാവം മൂലമാണ് ഈ പ്രശ്നങ്ങൾക്ക് മൂല കാരണമെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. തൊഴിലുടമകൾ ഇത്തരം കുട്ടികളുടെ മാതാപിതാക്കളോട് അനുഭവപൂർണ്ണമായ സമീപനം സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം പരക്കെ ഉയർന്നു വന്നിട്ടുണ്ട്.
സപ്പോർട്ട് സെൻഡ് കിഡ്‌സ് എന്ന ചാരിറ്റിയുമായി ചേർന്ന് സ്‌കൈ ന്യൂസ് പ്രത്യേകം നിയോഗിച്ച സർവേയാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. കുട്ടികളോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും സർവേ ഫലം പറയുന്നു. തൻറെ മകൾ ഹാരിയറ്റിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവരുടെ നേഴ്സറിക്ക് സാധിക്കുന്നില്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് അവരുടെ അമ്മ അബി ഗെയ്ൻ ബേറ്റ്സിസിന് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. രണ്ട് വയസ്സുകാരിയായ ഹാരിയറ്റിന് ഓട്ടിസം, സെൻസറി പ്രോസസ്സിംഗ് ഡിസോർഡർ എന്നീ വിഷമതകളുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന പല കുടുംബങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടിലായിട്ടുണ്ട്. ഹാരിയറ്റിന് സ്പെഷ്യൽ സ്കൂളിൽ നിന്ന് കിട്ടുന്ന സേവനം ദിവസത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ്. പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികളെ സ്പെഷ്യൽ സ്കൂളുകൾ പരിചരിക്കുന്ന സമയത്തു മാത്രമേ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. സ്പെഷ്യലിസ്റ്റ് പ്രൊവിഷൻ ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന് ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷൻ്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ ഹന്ന പീക്കർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെർലിൻ എംകെ4 ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്നതിനെ തുടർന്ന് 31 കാരനായ റോയൽ നേവി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. എച്ച്എംഎസ് ക്വീൻ എലിസബത്തിനൊപ്പം ഇന്നലെ പരിശീലന പറക്കൽ നടത്തവേയാണ് ഹെലികോപ്റ്റർ ഇംഗ്ലീഷ് ചാനലിൽ തകർന്ന് വീണത്. സംഭവത്തിൽ 31കരാനായ റോയൽ നേവി ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റോഡ്രി ലെയ്ഷോണിനാണ് ജീവൻ നഷ്‌ടമായത്. ബുധനാഴ്ച ഡോർസെറ്റ് തീരത്ത് നടന്ന സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപെടുത്തി.
റോയൽ നേവിയിൽ ഏറെ ശ്രദ്ധേയനായിരുന്ന ലെഫ്റ്റനൻ്റ് ലെയ്‌ഷോൺ 2010-ൽ വെയിൽസ് യൂണിവേഴ്‌സിറ്റി റോയൽ നേവൽ യൂണിറ്റിൽ (URNU) ചേരുന്നു പിന്നീട് 2014-ൽ കമ്മീഷൻ ചെയ്യുകയും ആയിരുന്നു. 845 നേവൽ എയർ സ്ക്വാഡ്രനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം യുഎസ്, കരീബിയൻ, നോർവേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസമായി, അദ്ദേഹം 846 നേവൽ എയർ സ്ക്വാഡ്രണിൻ്റെ ഭാഗമായിരുന്നു.
പതിവ് പരിശീനത്തിന് ഇടയിലാണ് അപകടം നടന്നത്. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്. ആഗോള വിന്യാസങ്ങൾക്കായി റോയൽ മറൈൻസ് ഉപയോഗിക്കുന്ന മെർലിൻ Mk4 ന് എജക്ഷൻ സീറ്റുകൾ ഇല്ല. ഏതെങ്കിലും അത്യാഹിത ഘട്ടങ്ങളിൽ ക്രൂ അംഗങ്ങൾ എമർജൻസി ലാൻഡിംഗ് നടത്തേണ്ടതായി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികൾക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കുന്നു. പോലീസ് പ്രധാനമായും റസ്റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വൻ തുകയാണ് പിഴ അടയ്‌ക്കേണ്ടതായി വരുന്നത്. സ്റ്റഡി വിസ, പോസ്റ്റ് സ്റ്റഡി വിസ, വിവിധ വർക്ക് വിസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്ന് മടങ്ങാതെ ജോലി ചെയ്യുന്നവർക്ക് വേണ്ടിയായാണ് അന്വേഷണം നടത്തുന്നത്. ഇത്തരക്കാരിൽ ഭൂരിഭാഗം പേരും ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്റ്ററന്റുകളിലും മറ്റുമാണ് ജോലി ചെയ്യുന്നത്.
ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മൂലം റസ്റ്ററന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങൾക്ക് മേൽ കണ്ണടയ്ക്കാറാണ് പതിവ്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ നടത്തുന്ന കടകളിലാണ് ഇത്തരം നിയമനങ്ങൾ കൂടുതലായി കാണുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത്തരം അനധികൃത തൊഴിലാളികളെ നിയമിച്ചതിൻെറ പേരിൽ പത്തോളം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് റിപ്പോർട്ടിൽ പറയുന്നു.
ഇമിഗ്രേഷൻ എൻഫോഴ്‌സ്മെന്റ് പുറത്തുവിട്ട രേഖകൾ പ്രകാരം ഡെവണിലെ രജപുത്ര ഇന്ത്യൻ റെസ്റ്റോറന്റിന് 80,000 പൗണ്ട് പിഴയാണ് ചുമത്തിയിട്ടുള്ളത്. ഗ്രേറ്റർ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെന്റിലെ ബാദ്ഷാ ഇന്ത്യൻ ക്യുസീൻ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെന്റിലെ തന്നെ കറി ലോഞ്ച് ഇന്ത്യൻ റസ്റ്ററന്റിന് 15,000 പൗണ്ട് പിഴ ചുമത്തി. ടെൽഫോർഡിലെ രാജ് ക്യുസിൻ, ബർമിങ്ഹാമിലെ അലിഷാൻ ടേക്ക്എവേ, സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ദേശി മൊമെന്റ്സ് കരാഹി ഹൗസ്, ഡെർബിഷെയറിലെ കാശ്മീർ ഹലാൽ മീറ്റ്സ്, ലെതർ ഹെഡിലെ കിർത്തോൺ ഇന്ത്യൻ റസ്റ്ററന്റ് എന്നിവയ്ക്ക് 10,000 പൗണ്ട് വീതമാണ് പിഴ ചുമത്തിയത്. എസക്‌സിലെ ഇന്ത്യൻ റസ്റ്റോറന്റുകളായ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുസ് കിച്ചണിന് 20,000 പൗണ്ട് പിഴയും ചുമത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വ്യക്തിയുടെ ആശയവിനിമയം, പെരുമാറ്റം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം . നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയുടെ കണക്കുകൾ അനുസരിച്ച് യുകെയിൽ ഏകദേശം 100 ആളുകളിൽ ഒരാൾക്ക് ഓട്ടിസത്തിനോട് അനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. നേരത്തെ നടത്തുന്ന രോഗനിർണ്ണയം ആരോഗ്യപരമായ വെല്ലുവിളികൾ കുറയ്ക്കാനും ഓട്ടിസം ബാധിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ഗർഭകാലത്ത് ചില ഭക്ഷണങ്ങൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . ഈ കണ്ടെത്തൽ കാതലായ മാറ്റങ്ങൾക്ക് നന്ദി കുറിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗർഭിണികൾ മാസത്തിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പിന്തുണയുള്ള ഒരു പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. മത്സ്യത്തിൽ പ്രകൃതിദത്തമായ ഒമേഗ-3 ഫാറ്റി ആസിഡുകളും അയഡിൻ, ഇരുമ്പ്, സിങ്ക് എന്നിവ പോലുള്ള മറ്റ് പ്രധാന പോഷകങ്ങളും ഉള്ളതുകൊണ്ടാകാം ഇതിന് കാരണം. ഇത് കുഞ്ഞിൻറെ തലച്ചോറിനും സംസാരത്തിനും കേൾവി ശക്തിക്കും അത്യന്താപേക്ഷിതമാണ്.
ഗർഭിണികളായ 25 ശതമാനം സ്ത്രീകളും മത്സ്യം കഴിക്കുന്നില്ലെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓട്ടിസം സ്പെക്ട്രൽ ഡിസോർഡർ (ASD) എന്നത് ഗർഭാവസ്ഥയിൽ ഉരുത്തിരിയുന്ന ഒരു വൈകല്യമാണ്. ഓട്ടിസം വരുന്നതിനുള്ള കാരണങ്ങൾ പൂർണമായും കണ്ടെത്താൻ ശാസ്ത്രലോകത്തിനായിട്ടില്ല. ഡ്രെക്സൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ 4000 സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ : സ്കൂളിലേക്ക് തിരിച്ചെത്തി ആദ്യദിവസം തന്നെ 14 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയിലെ ചുവന്ന നിറത്തിനും, സ്റ്റിക്ക്-ഓൺ കൺപീലികൾ ഉപയോഗിച്ചതിനും സസ്പെൻഡ് ചെയ്തിരിക്കുകയാണ് സ്കൂൾ അധികൃതർ. ടേമിൻ്റെ ആദ്യ ദിവസം എത്തിയ സ്‌കൂൾ വിദ്യാർത്ഥിനിയായ എല്ല ഹാർഡിംഗിനെയാണ് മിൽട്ടൺ കെയ്‌നിലെ ഓക്‌ഗ്രോവ് സ്‌കൂളിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ വീട്ടിലേക്ക് തിരിച്ചയച്ചത്. ചായം പൂശിയ മുടിയും, കൺപീലികളും അക്കാദമിയുടെ യൂണിഫോം നയത്തിന് എതിരാണെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകുന്നത്.
ഓക്‌ഗ്രോവ് സ്‌കൂളിൻ്റെ യൂണിഫോം പോളിസിയിൽ, വിദ്യാർത്ഥിയുടെ മുടിയുടെ നിറം ഒരു നിറമോ വിദ്യാർത്ഥിയുടെ സ്വാഭാവിക ഹെയർ ടോണിനോട് ചേർന്നതോ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. സമാനമായ കാരണങ്ങളാൽ കഴിഞ്ഞ തന്റെ മകൾ 40 ശതമാനത്തോളം സമയം ഒറ്റയ്ക്കോ വീടിനുള്ളിലോ ആണ് ചെലവഴിച്ചിരിക്കുന്നതെന്ന് എല്ലയുടെ അമ്മ ഏപ്രിൽ പറഞ്ഞു. തന്റെ മുടിയിൽ ആ ചായം പൂശുന്നതാണ് തന്റെ മകൾക്ക് താല്പര്യമെന്നും, അവൾക്ക് സങ്കീർണമായ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഏപ്രിൽ പറഞ്ഞു. മകളെ ഇത്തരത്തിൽ പുറത്താക്കുന്നത് തടയുവാൻ സ്കൂൾ അധികൃതരുമായി മണിക്കൂറുകളോളം ചർച്ച നടത്തി. ഒരിക്കലും യാതൊരുവിധ തരത്തിലുള്ള പ്രശ്നങ്ങളും തന്റെ മകൾ സൃഷ്ടിക്കുന്നില്ലെന്നും, മുടിയുടെ നിറം മൂലം മാത്രമാണ് പുറത്താക്കപ്പെടുന്നതെന്നും അമ്മ വ്യക്തമാക്കി.
സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും സ്റ്റാഫുകളും തന്റെ മകളുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒന്ന് രണ്ട് പേർ മാത്രമാണ് അവളെ പുറത്താക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ബ്ലാക്ക്‌പൂളിലെ കിൻക്രെയ്ഗ് പ്രൈമറി സ്‌കൂളിലും സമാനമായ സംഭവം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 10 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയുടെ നിറം മൂലം അവിടെയും പുറത്താക്കിയതായി പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ സ്കൂളിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി വരുന്നവരെ ഉടൻതന്നെ പുറത്താക്കുക എന്ന നയമാണ് പലയിടത്തും സ്വീകരിച്ചു വരുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ ഏറ്റവും അപകടകരമായ ജയിലുകളിൽ ഒന്നായ എച്ച് എം പി പെൻ്റൺവില്ലിൽ പ്രവേശനം ലഭിച്ച ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അരാജകത്വത്തിന്റെ വാർത്തകളാണ്. ഒരു ദിവസം തന്നെ വിവിധ സെല്ലുകളിൽ നിന്ന് നിരവധി അലാറം ബെല്ലുകൾ ആണ് ഉയരുന്നത്. ഇത് ജീവനക്കാർക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു ദിവസത്തിന്റെ പകുതിയിൽ തന്നെ ആറ് അലാറങ്ങൾ മുഴങ്ങിയിരിക്കുന്നു. തലേദിവസം മുപ്പതിലധികം തവണ അലാറം മുഴങ്ങിയതായി അധികൃതർ പറഞ്ഞു. അലാറം മുഴങ്ങുമ്പോൾ പരക്കം പായുന്ന ജീവനക്കാർ ചെല്ലുമ്പോൾ കാണുന്ന കാഴ്ച അക്രമത്തിന്റെയും, ചിലപ്പോൾ മരണത്തിന്റെയുമാണ്. ഇത്തവണ അലാറം മുഴങ്ങിയപ്പോൾ ചെന്ന് കണ്ട കാഴ്ച ദിവസത്തിൽ ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുന്ന ഒരു അന്തേവാസി തന്റെ കയ്യിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അമ്മയെന്നും അച്ഛനെന്നും കൊത്തിവച്ചിരിക്കുന്നതാണ്.
ഇത്തരത്തിൽ നിരവധി കാഴ്ചകളാണ് ഒരു ദിവസം തന്നെ തങ്ങൾക്ക് മുന്നിൽ എത്തുന്നതെന്ന് അഞ്ചുവർഷത്തോളമായി പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ തടവുകാരുടെ എണ്ണം ജയിലിന്റെ ശേഷിയെക്കാൾ പലയിടത്തും കൂടുതലാണ്. അതിനാൽ തന്നെ തങ്ങളുടെ ശിക്ഷയിൽ 40 ശതമാനത്തോളം പൂർത്തിയാക്കിയ ചില തടവുകാരെ വിട്ട് അയക്കാനുള്ള ലേബർ പാർട്ടി സർക്കാരിന്റെ തീരുമാനം അടുത്തയാഴ്ച നടപ്പിലാകും. ഇത് എച്ച് എം പി പെൻ്റൺവിൽ പോലുള്ള ജയിലുകളിൽ കുറച്ച് അധികം ഒഴിവ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
ജയിലുകളിൽ ഇത്രയധികം കുറ്റവാളികൾ ഉള്ളതിന്റെ പ്രധാന കാരണം സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ ആണെന്ന് പ്രിസൺ ഓഫീസറായ ഷായ് ധുരി ബിബിസിയോട് പറഞ്ഞു. രണ്ട് സംഘാഗങ്ങൾ തമ്മിലുള്ള വഴക്കിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച തന്റെ രണ്ട് കൈത്തണ്ടകളും അടുത്തിടെ ഒടിഞ്ഞതായി ഷായ് ധുരി പറഞ്ഞു. 1842 ലാണ് എച്ച് എം പി പെൻ്റൺവിൽ നിർമ്മിച്ചത്. 520 പേരെ ഓരോ സെല്ലുകളിലായി പാർപ്പിക്കാനായിരുന്നു ആദ്യം രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും, ഇപ്പോൾ ഓരോ സെല്ലിൽ രണ്ടുപേർ വീതം 1205 പേരെ ഉൾക്കൊള്ളാനുള്ള തരത്തിലാണ് ജയിൽ പ്രവർത്തിക്കുന്നത്. വെറും ഒമ്പത് കിടക്കകൾ മാത്രമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നത്. പെൻ്റൺവില്ലിലെ 80% തടവുകാരും വിചാരണ കാത്തിരിക്കുന്ന റിമാൻഡ് തടവുകാരാണ്. ബാക്കിയുള്ളവർ കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്. 2019 മുതൽ 2023 വരെ ഏഴ് ആത്മഹത്യകളാണ് ജയിലിൽ നടന്നത്. 2024 മാർച്ചിൽ മാത്രം സ്വയം ഉപദ്രവത്തിന്റെ 104 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പല സെല്ലുകളുടെയും സാഹചര്യം അതീവ രൂക്ഷമാണ്. ചോർന്നൊലിക്കുന്ന ബാത്റൂമുകളും, വൃത്തിയില്ലാത്ത സെല്ലുകളും ജയിലിന്റെ സ്ഥിരം കാഴ്ചയാണ്. ആയിരക്കണക്കിന് കുറ്റവാളികളെ സർക്കാർ അടുത്ത ആഴ്ച നേരത്തെ മോചിപ്പിക്കുമ്പോൾ, ഇവിടെ നിന്ന് 16 പേരെ മോചിപ്പിക്കപ്പെടും. അക്രമത്തിന്റെ, അസ്വസ്ഥതയുടെ അന്തരീക്ഷമാണ് ബിബിസി റിപ്പോർട്ടിൽ ഉടനീളം മുഴങ്ങി കേൾക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രക്ത സമ്മർദ്ദത്തിൻെറ മരുന്ന് എപ്പോൾ, എങ്ങനെ കഴിക്കണം എന്ന സംശയം ഉള്ളവരാണ് നമ്മളിൽ പലരും. മരുന്നിൻ്റെ സമയം ആരോഗ്യ ഫലങ്ങളെ ബാധിക്കില്ലെന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാല. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച റിപ്പോർട്ട് പുറത്ത് വിട്ടത് 47,000 രോഗികളെ വച്ച് നടത്തിയ പഠനത്തിൻെറ അടിസ്ഥാനത്തിലാണ്. രോഗികൾ അവരുടെ മുൻഗണനകൾക്ക് അനുസരിച്ച് ഏറ്റവും അനുയോജ്യമായ സമയത്ത് ബിപി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കാമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ റിക്കി ടർജൻ പറയുന്നു.
യുകെയിലെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഉണ്ട്. പുകവലി, ഭക്ഷണ ക്രമം തുടങ്ങി ജീവിത ശൈലിയിൽ ഉള്ള മാറ്റങ്ങളാണ് ഇതിന് കാരണം. ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ ഇത് മൂലം ഉണ്ടാകുന്ന ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങൾ തടയാൻ മരുന്നുകൾ കഴിക്കണം.
ചില വിദഗ്ധർ രക്തസമ്മർദത്തിൻെറ മരുന്നുകൾ വൈകുന്നേരം കഴിക്കുന്നതായിരിക്കും നല്ലതെന്ന് പറയുന്നു. രാത്രിയിലെ രക്തസമ്മർദ്ദം പകൽ സമയത്തേക്കാൾ കൂടുതലായിരിക്കും എന്നാണ് ഇതിന് കാരണമായി ഇവർ പറയുന്നത്. ഇതിനെ സംബന്ധിച്ച് മുൻപ് നടത്തിയ പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങൾ കാണിച്ചതായി പ്രൊഫസർ റിക്കി ടർജൻ പറയുന്നു. പിന്നാലെ പരീക്ഷണത്തിൽ, രാവിലെയും രാത്രിയിലും ബിപി മരുന്ന് കഴിക്കുന്നതിൻ്റെ ഫലങ്ങൾ താരതമ്യം ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ മരുന്നിൻ്റെ സമയം ആരോഗ്യ ഫലങ്ങളെ ബാധിക്കില്ലെന്ന നിഗമനത്തിലേക്ക് സംഘം എത്തുകയായിരുന്നു.
ബിൻസു ജോൺ , ചീഫ് എഡിറ്റർ
കഴിഞ്ഞ വർഷങ്ങളിലെ പോലെ തുടർച്ചയായ 5 -ാം വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു .
പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രശസ്ത സാഹിത്യകാരൻമാരുടെ രചനകൾ ഈ ഓണക്കാലത്തും മലയാളം യുകെയുടെ പ്രിയ വായനക്കാർക്ക് ആസ്വദിക്കാനാകും . 45 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ വർഷം മലയാളം യുകെ ന്യൂസിന്റെ ഓണപ്പതിപ്പിനെ ധന്യമാക്കും.
ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
ഈ ഓണക്കാലം മികവുറ്റ വായനാനുഭവമാക്കാൻ നാളെ അത്തം മുതൽ മലയാളം യുകെയുടെ ഓണം സ്പെഷ്യൽ സാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചു തുടങ്ങും. മുൻകാലങ്ങളിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.