Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ഇൻവർനെസിലെ ഏറ്റവും വലിയ കെയർ ഹോമുകളിൽ ഒന്നായ കാസിൽഹിൽ കെയർ ഹോമിലെ ദുരവസ്ഥകൾ രഹസ്യ ചിത്രീകരണത്തിലൂടെ പുറത്ത് വന്നു. ബിബിസി റിപ്പോർട്ടർമാരിൽ ഒരാൾ ക്ലീനറായി ഏഴ് ആഴ്ച ജോലി ചെയ്ത് എടുത്ത ദൃശ്യങ്ങളിൽ വയോധികർ മണിക്കൂറുകളോളം മൂത്രത്തിലും നനഞ്ഞ വസ്ത്രങ്ങളിലും കിടക്കകളിലും ഉപേക്ഷിക്കപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഇത് കൂടതെ സഹായം തേടി നിലവിളിക്കുന്നവരെ ആരും പരിഗണിക്കാത്തതും ദൃശ്യങ്ങളിലുണ്ട്. ചില രോഗികൾ ദിവസങ്ങളോളം കുളിക്കാതെയും ഭക്ഷണം എത്തിച്ചാലും അത് കഴിക്കാൻ കഴിയാതെ വിശന്നിരിക്കേണ്ടി വരുന്നതുമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.

രോഗികളുടെ വ്യക്തിഗത പരിചരണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും കുടുംബങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചതുമായ കടുത്ത ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത് . സ്ത്രീകളായ രോഗികളെ പുരുഷ ജീവനക്കാർ സ്വകാര്യ പരിചരണത്തിന് വിധേയരാക്കിയത് അവരെ മാനസികമായി തളർത്തിയ അവസരങ്ങളും കണ്ടെത്തിയിട്ടുണ്ട് . പല അന്തേവാസികളും സ്വന്തം ഇഷ്ടം പ്രകടിപ്പിച്ചിട്ടും അത് ലംഘിക്കപ്പെടുകയായിരുന്നുവെന്ന കുടുംബങ്ങളുടെ ആരോപണം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ജീവനക്കാരുടെ കുറവ് കാരണം ചികിത്സാപരമായും വ്യക്തിപരമായും വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നത് പുറത്തുവന്ന വിവരങ്ങളിൽ വ്യക്തമാണ്.

2019 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കാസിൽഹിൽ കെയർ ഹോം. ഏകദേശം 88 പേരെ ഉൾക്കൊള്ളുന്ന ഈ സ്ഥാപനം മികച്ച സേവനം നൽകുന്ന കെയർ ഹോമായി പരസ്യപ്പെടുത്തുകയും, പ്രതിവാരം 1,800 പൗണ്ട് വരെ ഫീസ് ഇനത്തിൽ മേടിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഈ കെയർ ഹോമിനെ കുറിച്ചാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ലഭിച്ച പത്ത് പരാതികൾ മുഴുവനും സത്യസന്ധമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിരിക്കുകയാണ് . ആരോഗ്യ വകുപ്പും കെയർ ഇൻസ്പെക്ടറേറ്റും നിരന്തര പരിശോധനകൾ നടത്തുമ്പോഴും വീഴ്ചകൾ തുടരുകയാണെന്നും, നടപടി സ്വീകരിക്കാതെ പോയാൽ ലൈസൻസ് നഷ്ടപ്പെടാനും അടച്ചുപൂട്ടലും സംഭവിക്കാമെന്ന മുന്നറിയിപ്പ് നിലവിൽ നൽകിയിട്ടുണ്ട്. കുടുംബങ്ങളുടെ ശക്തമായ പ്രതികരണത്തിന് പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ നിന്ന് കാർഡിഫിലേക്ക് താമസം മാറിയ മലയാളി നേഴ്‌സ് അമൃത ചിങ്ങോരത്തിന് (27) അപൂർവമായ ഭാഗ്യം. വെറും മൂന്ന് മാസം മുൻപാണ് അവർ ഭർത്താവിനൊപ്പം കാർഡിഫിലേക്ക് താമസം മാറിയത് . ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയിൽ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആണ് , £398,492 (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവർക്ക് ലഭിച്ചത് .

ഭാഗ്യം തേടി വന്നതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോൾ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭർത്താവിനൊപ്പം വിവാഹവാർഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവർക്ക് പദ്ധതിയുണ്ട്. പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും £12.25 അടച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് അവരുടെ താമസ സ്ഥലത്തെ പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തിലാണ്.

എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌കോഡിന് 1 മില്ല്യൺ പൗണ്ട് സമ്മാനത്തുക പ്രഖ്യാപിക്കപ്പെടും. വിജയിച്ച പോസ്റ്റ്‌കോഡിലുള്ള ഓരോ വീട്ടുകാർക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും. കാർഡിഫ് CF10 4EF പോസ്റ്റ്‌കോഡ് വിജയിച്ചതോടെ അമൃതയും മറ്റൊരു അയൽക്കാരനും 3.98 കോടി രൂപ വീതം നേടിയപ്പോൾ, ശേഷിച്ച തുക 166 പേർക്ക് 90,000 മുതൽ 2.5 ലക്ഷം രൂപ വരെയായി ലഭിച്ചു. കഴിഞ്ഞ ആഴ്ച കാർമാർത്തൻഷയറിലെ ഗ്രാമപ്രദേശത്ത് നാല് പേർക്ക് 2.5 കോടി രൂപ വീതം ലഭിച്ചതോടെ, തുടർച്ചയായി രണ്ടാഴ്ചയും വെയിൽസിൽ നിന്നുള്ളവരാണ് വിജയികളായത് . ഈ വിജയത്തിൻ്റെ ഭാഗമായി പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങൾക്കും സഹായം ലഭിച്ചു. പ്രൈഡ് കിംറി, ഒയാസിസ് കാർഡിഫ്, ഗോൾഡീസ് സൈംറു, വെൽഷ് ഡാൻസ് ട്രസ്റ്റ്, ആന്തം മ്യൂസിക് ഫണ്ട്, സബ് സാഹാര അഡ്വൈസറി പാനൽ തുടങ്ങി ആറു സംഘടനകൾക്ക് 50,000 പൗണ്ട് വീതം ലഭിച്ചു. സമൂഹത്തിനായി പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളെ സഹായിക്കാനാകുന്നത് തന്നെ വലിയൊരു സന്തോഷമാണെന്നും അതിനാൽ തന്നെയാണ് ആദ്യമായി പോസ്റ്റ്‌കോഡ് ലോട്ടറിയിൽ പങ്കെടുത്തതെന്നും അമൃത പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജനറൽ പ്രാക്ടീഷണർ ഡോക്ടർമാർക്ക് ഇനി രോഗനിർണ്ണയത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനായി ‘ജെസ്സ് റൂൾ ‘ എന്ന പുതിയ സുരക്ഷാനയം നടപ്പിലാക്കുന്നു. ഒരാൾ ഒരേ രോഗ ലക്ഷണങ്ങൾക്ക് ആവർത്തിച്ച് ചികിത്സ തേടുകയും സ്ഥിതി വഷളാവുകയും ചെയ്യുന്നുവെങ്കിൽ ജിപികൾ പഴയ രോഗനിർണ്ണയം പുനഃപരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ രോഗിയെ വിദഗ്ധ ഡോക്ടർമാരുടെ പരിഗണനയ്ക്ക് വിടേണ്ടതുമാണ് എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന നിർദ്ദേശം.


2020-ൽ സ്റ്റീവനേജിൽ നിന്നുള്ള 27 കാരിയായ ജെസിക്ക ബ്രേഡി, വയറുവേദന, ഛർദ്ദി, ഭാരം കുറയൽ , ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആറുമാസത്തിലധികം ജി പികളെ സമീപിച്ചു. 20 തവണക്ക് മുകളിൽ ചികിത്സ തേടിയിട്ടും അവരെ “ലോംഗ് കോവിഡ്” ബാധിച്ചെന്നു തെറ്റായി വിലയിരുത്തുകയാണ് ഉണ്ടായത് . കോവിഡ് നിയന്ത്രണങ്ങളാൽ നേരിട്ടുള്ള പരിശോധനകൾ കിട്ടാതിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അഡീനോകാർസിനോമ (ക്യാൻസർ) കണ്ടെത്തിയത്. എന്നാൽ രോഗനിർണ്ണയത്തിന് വെറും മൂന്ന് ആഴ്ചയ്ക്കകം, ഓക്സിജൻ ചികിത്സയിൽ കഴിയവെ, ജെസിക്ക അന്തരിച്ചു.


ജെസ്സ് റൂൾ പ്രകാരം ഒരു രോഗി മൂന്നു തവണയ്ക്ക് മുകളിൽ ഒരേ ലക്ഷണങ്ങൾ പറഞ്ഞു വരുമ്പോഴും, നിലവിലെ ചികിത്സാഫലം ലഭിക്കാതിരിക്കുമ്പോഴും ജിപികൾ കേസ് വീണ്ടും പഠിക്കണം. വ്യക്തമായ രോഗനിർണ്ണയം നൽകാൻ കഴിയാത്ത പക്ഷം, രോഗിയെ വിദഗ്ധർക്കു കൈമാറുകയും വേണം. എൻഎച്ച്എസ്എസ് ഇംഗ്ലണ്ട്, റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് എന്നിവ ചേർന്നാണ് നിയമത്തിന് രൂപം നൽകിയത്. ജെസിക്കയുടെ അമ്മ ആൻഡ്രിയ ബ്രേഡി Change.org വഴി നടത്തിയ ഓൺലൈൻ പെറ്റീഷന് 5 ലക്ഷത്തോളം പേർ ഒപ്പുവെച്ചിരുന്നു . കോവിഡ് കാലത്തിനു ശേഷം ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. ജെസിക്കയുടെ ദുരന്തം മറ്റൊരു കുടുംബത്തിനും വരരുത് അത് തടയുകയാണ് എന്റെ ദൗത്യം എന്നാണ് ആൻഡ്രിയ ജെസ്സ് റൂൾ നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ അഞ്ചു വർഷം കഴിയുന്ന കുടിയേറ്റക്കാർക്ക് സ്ഥിരതാമസാനുമതി നൽകുന്ന നിലവിലെ സംവിധാനം റദ്ദാക്കുമെന്ന് റീഫോം യുകെ പ്രഖ്യാപിച്ചു. പാർട്ടി നേതാവ് നൈജൽ ഫാരജ് അവതരിപ്പിച്ച പദ്ധതിയനുസരിച്ച് കുടിയേറ്റക്കാർ ഓരോ അഞ്ച് വർഷത്തിലൊരിക്കൽ കർശനമായ മാനദണ്ഡങ്ങളോടു കൂടിയ വിസ പുതുക്കലിന് അപേക്ഷിക്കേണ്ടി വരും. പുതിയ സംവിധാനത്തിൽ ഉയർന്ന ശമ്പള മാനദണ്ഡം, മെച്ചപ്പെട്ട ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവ നിർബന്ധമായിരിക്കും.

പാർട്ടി പറയുന്നത് പ്രകാരം, ബ്രിട്ടീഷ് പൗരന്മാരല്ലാത്തവർക്ക് ക്ഷേമ പദ്ധതികൾ (വെൽഫെയർ) ലഭിക്കരുതെന്നും ഇതിലൂടെ £234 ബില്യൺ വരെ രാജ്യത്തിന് ലാഭമുണ്ടാകുമെന്നുംആണ് അദ്ദേഹം അവകാശപ്പെട്ടത് . എന്നാൽ ചാൻസലർ റേച്ചൽ റീവ്സ് ഈ കണക്കുകൾ “യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തത്” എന്നാണ് പ്രതികരിച്ചത്. നിലവിലെ സർക്കാർ തന്നെ കുടിയേറ്റക്കാരുടെ ക്ഷേമാവകാശങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയാണെന്നും അവർ പറഞ്ഞു.

നിലവിൽ കുടിയേറ്റക്കാർക്ക് അഞ്ച് വർഷം ജോലി ചെയ്താൽ സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കാം. ഇതിലൂടെ അവർക്ക് ബ്രിട്ടീഷ് പൗരത്വത്തിനുള്ള വഴി തുറക്കപ്പെടുകയും ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള നിരവധി അവകാശങ്ങൾ ലഭിക്കുകയും ചെയ്യുന്നു. റീഫോം പദ്ധതിയിലൂടെ ILR ഒഴിവാക്കും. ഇതിന് പകരം അക്യൂട്ട് സ്കിൽസ് ഷോർട്ടേജ് വിസ പോലുള്ള പുതിയ പദ്ധതി കൊണ്ടു വരുമെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കുടിയേറ്റക്കാരുടെ ആശ്രിതരായ പലരും ക്ഷേമാവകാശം നിർത്തലാക്കിയാൽ രാജ്യം വിടേണ്ടി വരുമെന്നും പാർട്ടി പോളിസി ചീഫ് സിയ യൂസഫ് വ്യക്തമാക്കി.

പദ്ധതി നടപ്പാക്കിയാൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. ആരോഗ്യരംഗം, വിദ്യാഭ്യാസം, ഐ.ടി. മേഖല തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ILR നഷ്ടപ്പെട്ടാൽ സ്ഥിരതാമസാവകാശവും ക്ഷേമ പദ്ധതികളിലേയ്ക്കുള്ള പ്രവേശനവും നഷ്ടമാകും. കുടുംബങ്ങളെ ഇവിടെ സ്ഥിരമായി സ്ഥാപിക്കാൻ ശ്രമിക്കുന്ന നിരവധി മലയാളി കുടുംബങ്ങൾക്ക് ഭാവിയിൽ ഇത് കടുത്ത അനിശ്ചിതത്വത്തിന് കാരണമാകും. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭവന പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിൽ രണ്ടാമത്തെ റൺവേയ്ക്ക് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ അനുമതി നൽകി. 2.2 ബില്യൺ പൗണ്ട് ചെലവഴിക്കുന്ന സ്വകാര്യ പദ്ധതിയിലൂടെ 12 മീറ്റർ മാറ്റി സ്ഥാപിക്കുന്ന വടക്കൻ റൺവേയും ടെർമിനൽ വികസനവും ഇതിൽ ഉൾപ്പെടും. നിലവിൽ വർഷം 40 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളം ഭാവിയിൽ 80 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

പദ്ധതി നടപ്പിലായാൽ വിമാന സർവീസുകൾ 280,000ൽ നിന്ന് 389,000 ആയി ഉയരുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഇതിനെ നിർണ്ണായകമായ വളർച്ച എന്നാണ് വിശേഷിപ്പിച്ചത്. തൊഴിൽ അവസരങ്ങളും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വളർച്ചയും പദ്ധതിയുടെ നേട്ടങ്ങളായി ആണ് സർക്കാർ ചൂണ്ടിക്കാട്ടിയത് . എന്നാൽ ശബ്ദ മലിനീകരണം, ഗതാഗത തടസ്സം, വായു ഗുണമേന്മയിലെ ഇടിവ് തുടങ്ങിയ കാര്യങ്ങളിൽ പ്രാദേശിക വാസികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

പരിസ്ഥിതി സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പദ്ധതിയെ ‘കാലാവസ്ഥാ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത് . ശബ്ദ നിയന്ത്രണവും പൊതുഗതാഗതം കൂടുതൽ പ്രോത്സാഹിപ്പിക്കലും ഉൾപ്പെടെ കർശന നിബന്ധനകൾ പാലിച്ചാലേ പദ്ധതി മുന്നോട്ടു പോകുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായാൽ നിയമനടപടികളിലൂടെ തടയാനുള്ള നീക്കവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാം റൺവേ പദ്ധതിപോലെ തന്നെ ഗാറ്റ്വിക്കിലെയും പ്രതിഷേധം വർഷങ്ങളോളം നീണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും തൊഴിൽസാധ്യതകളെ മുൻനിർത്തി തൊഴിലാളി യൂണിയനുകൾ പദ്ധതിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഫോണിൽ നഗ്നചിത്രം നോക്കി ട്രക്ക് ഓടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 43കാരനായ ഡ്രൈവർക്ക് യുകെ കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 മേയ് 17-നാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന 46കാരനായ ഡാനിയേൽ എയ്ട്ചിസൺ ആണ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചത്.

മേഴ്‌സിസൈഡിലെ ബൂട്ടിൽ സ്വദേശിയായ നെയിൽ പ്ലാറ്റ് യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയവയിൽ തിരഞ്ഞു നോക്കിയതായി കോടതിയിൽ സമ്മതിച്ചു. അപകടത്തിനു തൊട്ട് മുൻപ് എക്‌സ് ഫീഡിൽ പ്രത്യക്ഷപ്പെട്ട നഗ്നചിത്രത്തിലേയ്ക്ക് ശ്രദ്ധിച്ചിരിക്കെയാണ് ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . ഇടിയുടെ ആഘാതത്തിൽ കാർ തീപിടിച്ച്‌ പൂർണമായും കത്തിനശിച്ചു.

ഡ്രൈവർ റോഡിൽ ശ്രദ്ധിക്കേണ്ടതിന് പകരം സോഷ്യൽ മീഡിയയ്ക്കാണ് മുൻഗണന നൽകിയതെന്ന് വിധി ന്യായത്തിൽ ജഡ്ജി ഇയാൻ അൺസ്വർത്ത് വിമർശിച്ചു. അപകടം ഒഴിവാക്കാമായിരുന്നുവെന്നും, ചിന്തിക്കാനാകാത്തത്ര വിഡ്ഢിത്തം ചെയ്തതാണ് ജീവഹാനിയിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് ഡ്രൈവർ കോടതിയിൽ കുറ്റം സമ്മതം നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ 20 മണിക്കൂറോളം കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ 28 പ്രളയ മുന്നറിയിപ്പുകൾ ആണ് നൽകിയിരിക്കുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൽട്രിൻചാം, സാൽഫോർഡ് എന്നിവിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. വാറിംഗ്‌ടണിലും പ്രളയ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ട് . ട്രാഫോർഡ്, സ്റ്റോക്ക്‌പോർട്ട്, സൗത്ത് മാഞ്ചസ്റ്റർ മേഖലകളിൽ പരിസ്ഥിതി ഏജൻസി മുന്നറിയിപ്പുകൾ നൽകിയിരുന്നു.

സാൽഫോർഡിലെ സ്വിൻട്ടണിൽ ഉയരുന്ന വെള്ളത്തിൽ കുടുങ്ങിയ മൂന്ന് പുരുഷന്മാരെ ഫയർ & റെസ്ക്യൂ സർവീസ് രക്ഷപ്പെടുത്തി . വെള്ളം ഉയരുന്നത് ഭയപ്പെടുത്തുന്ന രീതിയിലാണെന്നും ഓവ് ചാലുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന പരാതി നിരവധി സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രദേശിക കൗൺസിലിന്റെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളം മാറ്റി . പെൻകത്തിലെ ചില തെരുവുകളിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് വെള്ളം തടയാൻ ശ്രമിച്ചു. ലിവർപൂൾ, വിരാൽ, ബ്ലാക്ക്ബേൺ, റിവർ ഡാർവൻ പ്രദേശങ്ങളിൽ ലാൻകാഷയർ, മേഴ്സിസൈഡ് എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ലണ്ടൻ ഹീത്രൂ, ബ്രസൽസ്, ബെർലിൻ എന്നിവിടങ്ങളിൽ, സൈബർ ആക്രമണം മൂലം ചെക്ക്-ഇൻ, ബാഗേജ് സംവിധാനം തകരാറിലായത് രണ്ടാം ദിവസവും തുടരുകയാണ് . വിമാനത്തവാളത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണ് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പല എയർലൈൻസുകളും കംപ്യൂട്ടറുകൾ ഉപയോഗിക്കാതെ പേപ്പറിൽ യാത്രക്കാരെ രേഖപ്പെടുത്തി ബോർഡിംഗ് നടത്തേണ്ടി വന്നു. ഹീത്രൂ വിമാനത്താവളത്തിൽ ശനിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളിൽ 47 ശതമാനം വൈകിയാണ് യാത്ര തിരിച്ചത്. അധിക സ്റ്റാഫിനെ ഉപയോഗിച്ച് തടസം മറികടക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

ബ്രസൽസ് വിമാനത്താവളം ഞായറാഴ്ചയും മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി. ഇവിടെ 44 വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിയതായി അറിയിച്ചു. യൂറോപ്യൻ വ്യോമസുരക്ഷാ സംഘടനയായ യൂറോകൺട്രോൾ, വിമാന സർവീസുകളുടെ പകുതി താൽക്കാലികമായി റദ്ദാക്കാൻ നിർദേശിക്കുകയും, ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം യാത്രക്കാരോട് ഓൺലൈൻ അല്ലെങ്കിൽ സ്വയം സേവന ചെക്ക്-ഇൻ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഡബ്ലിൻ വിമാനത്താവളം സർവീസ് പൂർണ്ണമായി നടത്തുമെന്ന് ഉറപ്പു നൽകിയെങ്കിലും ചില എയർലൈൻസുകൾ മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി.

ഹീത്രൂ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സ് ബാക്ക്‌അപ്പ് സിസ്റ്റം ഉപയോഗിച്ച് സർവീസുകൾ സാധാരണ പോലെ തുടരുമ്പോൾ മറ്റ് എയർലൈൻസുകൾക്ക് തടസമുണ്ടായി. സംഭവത്തെ തുടർന്ന് യു.കെ. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും യൂറോപ്യൻ കമ്മീഷനും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ ക്രൗഡ്‌സ്റ്റ്രൈക്ക് സോഫ്റ്റ്‌വെയറിലെ പിഴവുമൂലം ഉണ്ടായ ആഗോള ഐ.ടി തകരാറിനുശേഷം വീണ്ടും സൈബർ ഭീഷണി വിവര സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുടിയേറ്റ പ്രശ്നം വീണ്ടും ബ്രിട്ടീഷ് സർക്കാരിനെ തലവേദനയിലാഴ്ത്തുന്നു. വെള്ളിയാഴ്ച മാത്രം 1,072 പേർ ചെറിയ ബോട്ടുകളിലൂടെയാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ഡോവറിൽ എത്തിയത്. ഇതോടെ 2025-ൽ ഇതുവരെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയവരുടെ എണ്ണം 32,103 ആയി .ആദ്യമായാണ് ഈ വർഷം ഒരു ദിവസം ഇത്രയും വലിയൊരു അനധികൃത കുടിയേറ്റം ഉണ്ടാകുന്നത് .

ഫ്രാൻസുമായി ഒപ്പുവെച്ച തിരിച്ചയക്കൽ കരാർ കുടിയേറ്റത്തെ തടയും എന്നായിരുന്നു സർക്കാരിന്റെ വാദം. കരാർ പ്രകാരം കടന്നു വരുന്നവരെ ഉടൻ തടങ്കലിലാക്കി, ഏകദേശം രണ്ടു ആഴ്ചയ്ക്കുള്ളിൽ ഫ്രഞ്ച് അധികാരികളുമായി ധാരണയായി തിരിച്ചയക്കാനാണ് വ്യവസ്ഥ. ഇങ്ങനെ ഒരാളെ തിരിച്ചയയ്ക്കുന്ന സമയത്ത് നിയമപരമായി ഇവിടേയ്ക്ക് വരാൻ അവകാശവാദമുള്ള മറ്റൊരാളെ ഫ്രാൻസിൽ നിന്ന് സ്വീകരിക്കാനും പദ്ധതിയുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യ, എറിത്രിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വെറും മൂന്ന് പേരെയാണ് തിരിച്ചയച്ചിട്ടുള്ളത് .

ഭരണകക്ഷി മന്ത്രിമാർ പദ്ധതിയെ കുറിച്ച് വാഴ്‌ത്തി പറയുമ്പോൾ പ്രതിപക്ഷം സർക്കാരിനെ കടുത്ത വിമർശനത്തിന് ഇരയാക്കുകയാണ്. മൂന്നു പേരെ മാത്രം തിരിച്ചയച്ചിട്ടുള്ളത് ഈ പദ്ധതിയുടെ പരാജയത്തെ ആണ് കാണിക്കുന്നത് എന്നാണ് ഷാഡോ ഹോം സെക്രട്ടറി പ്രതികരിച്ചത്. കാലാവസ്ഥയും കടൽ ശാന്തമായതും അനുകൂലമായപ്പോഴാണ് വലിയ തോതിൽ കുടിയേറ്റക്കാർ വരുന്നത്. വെള്ളിയാഴ്ചയ്ക്കു മുമ്പ് തുടർച്ചയായി എട്ട് ദിവസം ഒരാൾ പോലും കടന്നു വന്നിരുന്നില്ല . സെപ്റ്റംബർ 6-ന് 1,101 പേരും വെള്ളിയാഴ്ച 1,072 പേരും എത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ കണക്കുകളായി. സർക്കാരിന്റെ “വൺ-ഇൻ, വൺ-ഔട്ട്” പദ്ധതിയെ ജനങ്ങൾ വിശ്വാസ്യതയോടെ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടിയേറ്റ പ്രശ്നം സർക്കാർ വാഗ്ദാനങ്ങൾക്കു വിരുദ്ധമായി വ്യാപകമാകുമ്പോൾ, ഭരണകക്ഷിയുടെ ജനപിന്തുണയിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ന് ഞായറാഴ്ച വൈകുന്നേരം പാലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമെന്ന് അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഗാസയിലെ രൂക്ഷമായ സംഘർഷത്തിന്റെയും , ഇസ്രായേൽ വടക്കുപടിഞ്ഞാറൻ തീരത്ത് നടത്തുന്ന അനധികൃത കടന്നുകയറ്റത്തിന്റെയും പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ഈ നടപടിക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പലരും ഈ നീക്കത്തെ “ഭീകരവാദത്തിന് പ്രതിഫലം” എന്നാണ് വിശേഷിപ്പിച്ചത് . ഹമാസ് പിടിച്ചിരിക്കുന്ന തടവുകാരുടെ ബന്ധുക്കൾ പോലും സ്റ്റാർമറിന് തുറന്ന കത്ത് എഴുതി നടപടി പാടില്ലെന്ന് അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും ഔദ്യോഗിക അംഗീകാരത്തിന് എതിർപ്പ് രേഖപ്പെടുത്തി. എങ്കിലും യുകെ മന്ത്രിമാർ മനുഷ്യാവകാശ ഉത്തരവാദിത്വത്തിന്റെ ഭാഗമായി പാലസ്തീനെ അംഗീകരിക്കേണ്ട സാഹചര്യമാണെന്ന് വാദിക്കുന്നു.

പാലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് യുകെയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമാനമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 75% പാലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്രമായി അംഗീകൃതമായ അതിർത്തിയോ തലസ്ഥാനമോ സൈന്യമോ ഇല്ലാത്തതിനാൽ അത് പ്രതീകാത്മകമായ അംഗീകാരമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ.

RECENT POSTS
Copyright © . All rights reserved