ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യം ഒന്നടങ്കം വളരെ ആകാംക്ഷയോടെയാണ് പുതിയ ലേബർ സർക്കാരിന്റെ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. സമീപ വർഷങ്ങളിൽ യുകെ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് പ്രതിവിധി പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനശ്‌ചിതത്വവും കോവിഡ് മഹാമാരിയും റഷ്യ ഉക്രയിൻ സംഘർഷവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി. വർധിച്ചു വന്ന പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .
ചാൻസലർ റേച്ചൽ റീവ്സ് ഈ മാസം 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും ചെലവ് ചുരുക്കലിനുള്ള നിർദ്ദേശവും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആശങ്കയോടെയാണ് യുകെ മലയാളികൾ കാണുന്നത്. മുൻ ഗവൺമെന്റിന്റെ സാമ്പത്തിക വീഴ്ചകൾക്ക് പരിഹാരം കാണാനാണ് ഈ നടപടികൾ എന്ന് ഇന്നലെ നടന്ന ഒരു ക്യാബിനറ്റ് യോഗത്തിൽ ചാൻസലർ റേച്ചൽ റീവ്സ് മറ്റു മന്ത്രിമാരോട് പറഞ്ഞിരുന്നു. ചെലവ് ചുരുക്കലിനും, നികുതിയിനത്തിലും ക്ഷേമപരിപാടികളുടെ കാര്യത്തിലും ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ തൻറെ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തിയിരുന്നു .
ചൊവ്വാഴ്ച ബിബിസി ബ്രേക്ക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ബജറ്റിൽ തൊഴിലുടമകൾക്ക് ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഉണ്ടാകാനുള്ള സൂചന പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടത്തിയിരുന്നു. നിലവിൽ എല്ലാ ജീവനക്കാരും ആഴ്ചയിൽ 175 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8% എന്ന നിരക്കിൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ തൊഴിൽ ഉടമ നൽകുന്ന പെൻഷൻ കോൺട്രിബ്യൂഷനിൽ നിലവിൽ ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സാധാരണ ജനങ്ങൾക്ക് ആദായനികുതി വർദ്ധനവും മറ്റു തീരുമാനങ്ങളും ഉണ്ടാകില്ലെന്ന ലേബറിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ ജനപ്രീതി ഇടിഞ്ഞു കൊണ്ടേയിരിക്കുന്ന ലേബർ സർക്കാരിന് ബഡ്ജറ്റ് പ്രഖ്യാപനം വളരെ നിർണായകമായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ മുൻ സൈനിക മേധാവി ജനറൽ സർ മൈക്ക് ജാക്‌സൺ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു പ്രായം. 2003 ലെ ഇറാഖ് യുദ്ധത്തിൽ അദ്ദേഹമായിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്.
40 വർഷത്തിലേറെ കാലം സർ മൈക്ക് ജാക്‌സൺ ബ്രിട്ടീഷ് സൈന്യത്തിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചു. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ആയി ആണ് അദ്ദേഹം വിരമിച്ചത്. ഒരു സേനാ കുടുംബത്തിൽ ജനിച്ച സർ മൈക്ക് ജാക്‌സൺ 1963 -ൽ ആണ് സാൻഡ്‌ഹർസ്റ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനായി സൈന്യത്തിൽ ചേർന്നത്. 1970 -ൽ അദ്ദേഹം പാരച്യൂട്ട് റെജിമെൻറലിൽ ചേർന്നു. 1984 നും 1986 നും ഇടയിൽ റെജിമെൻ്റിൻ്റെ ഒന്നാം ബറ്റാലിയൻ്റെ കമാൻഡറായി. ഇതിനിടയ്ക്ക് വടക്കൻ അയർലണ്ടിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
1972 ജനുവരി 30 -ന് ഡെറിയിൽ നടന്ന പൗരവകാശ മാർച്ചിനിടെ 13 റോമൻ കത്തോലിക്കർ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ച സംഭവം വൻ വിവാദമായിരുന്നു. സർ മൈക്ക് ജാക്‌സൺ അന്ന് പാരച്യൂട്ട് റെഗുലേറ്റിൻ്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. വിവാദമായ ഇറാഖ് അധിനിവേശത്തിന് ഒരു മാസം മുമ്പ് ജനറൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ട അദ്ദേഹം 2006 വരെ ആ റോളിൽ തുടർന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ യൂണിവേഴ്‌സൽ ചാർജിംഗ് കേബിളുകൾ രാജ്യത്ത് നടപ്പിലാക്കാനുള്ള നിയമങ്ങൾ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോമൺ ചാർജിങ് കേബിളുകളാണ് ഉപയോഗിക്കുന്നത്. ഇത് നിലവിൽ വരുകയാണെങ്കിൽ രാജ്യത്ത് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരേ തരത്തിലുള്ള ചാർജിങ് കേബിളുകൾ ആയിരിക്കും ഉപയോഗിക്കപ്പെടുക.
2022 ൽ ഒരേ തരത്തിൽ ചാർജിങ് കേബിളുകൾ നടപ്പിലാക്കാനുള്ള നിയമം യൂറോപ്യൻ യൂണിയൻ പാസാക്കിയിരുന്നു. എന്നാൽ നേരത്തെ ഇതിനു സമാനമായ നടപടികൾ ആലോചിക്കുന്നില്ലെന്നാണ് അന്ന് യുകെ സർക്കാർ പറഞ്ഞിരുന്നത്. ചെറുകിട, ഇടത്തരം ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾ USB-C ചാർജറുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് EU നിയമം ലക്ഷ്യമിടുന്നത്.
ഈ നീക്കത്തെ തുടക്കത്തിൽ ആപ്പിൾ എതിർത്തിരുന്നു. പക്ഷെ 2023 -ൽ ഫൈബറുകൾ ഉള്ള ലൈറ്റിംഗ് ചാർജിങ് കേബിളുകൾ ഉപേക്ഷിച്ച് ഇയുവിൻ്റെ നിയമത്തിന് അനുസരിച്ച് കേബിളുകളിൽ രൂപമാറ്റം വരുത്താൻ ആപ്പിൾ നിർബന്ധിതരായി. ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കാനാണ് കോമൺ ചാർജിങ് കേബിളുകൾ കൊണ്ടു വരാൻ യുകെ ചിന്തിക്കുന്നത്. യുകെയിൽ 600 ദശലക്ഷത്തിലധികം ഉപയോഗിക്കാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കേബിളുകൾ ഉണ്ടെന്ന് റീസൈക്കിൾ യുവർ ഇലക്ട്രിക്കൽസ് ക്യാമ്പെയ്ൻ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളിൽ സെർവിക്കൽ ക്യാൻസറിൻ്റെ മരണസാധ്യത 40 ശതമാനം കുറയ്ക്കാനുള്ള ചികിത്സാരീതികൾ വികസിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ഈ രോഗത്തിനെതിരെ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് പുതിയ ചികിത്സാരീതി വിലയിരുത്തപ്പെടുന്നത്. യുകെ, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് 10 വർഷത്തിലേറെയായി റിക്രൂട്ട് ചെയ്ത രോഗികളിലാണ് പുതിയ ചികിത്സാ പദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേർന്നുള്ള സെർവിക്കൽ ക്യാൻസറിനുള്ള സ്റ്റാൻഡേർഡ് ചികിൽസയായ കീമോറേഡിയേഷന് വിധേയമാകുന്നതിന് മുമ്പ് കീമോതെറാപ്പിയുടെ ഒരു ചെറിയ കോഴ്സ് ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനം മുതൽ സെർവിക്കൽ ക്യാൻസർ ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് ഈ കണ്ടുപിടിത്തമെന്ന് UCL-ലെ ട്രയലിൻ്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററായ ഡോ.മേരി മക്കോർമക്ക് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ, യുസിഎൽ ക്യാൻസർ ട്രയൽസ് സെൻ്റർ എന്നിവയുടെ ധനസഹായത്തോടെയാണ് ഗവേഷണങ്ങൾ നടത്തിയത്. സെർവിക്കൽ ക്യാൻസറിനുള്ള കീമോറേഡിയേഷൻ ചികിത്സയുടെ തുടക്കത്തിലേക്ക് ഇൻഡക്ഷൻ കീമോതെറാപ്പി ചേർക്കുന്ന ലളിതമായ ചികിത്സാരീതി ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ ഫൗൾക്‌സ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സംഭവിക്കുന്ന സെർവിക്കൽ ക്യാൻസർ ആഗോളതലത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന നാലാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ്. യുകെയിൽ ഓരോ വർഷവും 3,200 കേസുകളും 800 മരണങ്ങളും ആണ് ഈ രോഗം മൂലം സംഭവിക്കുന്നത് . 30 വയസ്സ് പ്രായമുള്ളവരിൽ പോലും സെർവിക്കൽ ക്യാൻസർ വരാമെന്നാണ് റിപ്പോർട്ടുകൾ. 30 ശതമാനം സെർവിക്കൽ ക്യാൻസറും സുഖപ്പെടുത്തിയതിന് ശേഷം തിരിച്ചു വരുന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിൽ നറുക്കെടുക്കുന്ന ഒരു ലോട്ടറിയാണ് യൂറോ മില്യൺ ലോട്ടറി . യുകെ , ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലായി 2004 ലാണ് യൂറോ മില്യൺ ആരംഭിച്ചത്. കാലക്രമേണ, ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ ലോട്ടറിയിൽ ചേർന്നു. ആഴ്ചയിൽ രണ്ട് തവണ നറുക്കെടുക്കുന്ന യൂറോ മില്യൺ ലോട്ടറിയുടെ സമ്മാനത്തുക കോടികളാണ്.
എന്നാൽ കോടികൾ കൈയിലെത്തിയിട്ടും അത് സ്വന്തമാക്കാൻ ഒരു ബ്രിട്ടീഷുകാരന് സാധിച്ചില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. വെയിൽസിലെ ഒരു യൂറോമില്യൺ ടിക്കറ്റ് ജേതാവിനാണ് ഒരു മില്യൺ പൗണ്ട് സ്വന്തമാക്കാനുള്ള അവസരം നഷ്ടമായത്. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയതിന് ശേഷം അവരുടെ ടിക്കറ്റുകൾ പരിശോധിക്കാൻ ദേശീയ ലോട്ടറി ഏജൻസി ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ട് വന്നില്ല. സമ്മാനം ലഭിച്ച ടിക്കറ്റ് സമർപ്പിക്കേണ്ട സമയപരിധി ഈ ഞായറാഴ്ച അവസാനിച്ചതിനാൽ ഇനി വിജയിക്ക് ഒരു പൈസ പോലും ലഭിക്കാൻ അർഹത ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നിർഭാഗ്യവശാൽ, ടിക്കറ്റ് ഉടമ അവരുടെ സമ്മാനം ക്ലെയിം ചെയ്യാനുള്ള സമയപരിധിക്കുള്ളിൽ മുന്നോട്ട് വന്നില്ലെന്നും ഇപ്പോൾ ഈ വലിയ തുക ടിക്കറ്റ് ഉടമയ്ക്ക് നഷ്ടമായെന്നും ദി നാഷണൽ ലോട്ടറിയിലെ സീനിയർ ഉപദേശകനായ ആൻഡി കാർട്ടർ പറഞ്ഞു. ദേശീയ ലോട്ടറിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്കായി ഓരോ ആഴ്ചയും സമാഹരിക്കുന്ന ഫണ്ടിലേക്ക് ഈ തുക വകയിരുത്തും. യൂറോ മില്യൺ ജാക്ക്പോട്ടിൽ ഏറ്റവും ഉയർന്ന തുക യുകെയിൽ ലഭിച്ചത് 2022 ലായിരുന്നു. അന്ന് 195,707,000 പൗണ്ട് ആണ് വിജയിക്ക് ലഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ 26 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവ് അപകടത്തിൽ മരണമടഞ്ഞു. സ്പെയിനിലെ മാഡ്രിഡിൽ നിന്ന് 70 മൈൽ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തലവേര ഡി ലാ റെയ്‌ന എന്ന നഗരത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിൽ വീണാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ 24 വയസ്സുകാരനായ മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്പെയിനിൽ മരിച്ച ബ്രിട്ടീഷ് യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതായും നടപടികൾക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസിന്റെ വക്താവ് പറഞ്ഞു.
പാലത്തിൽ കയറാനും സമൂഹമാധ്യമങ്ങൾക്കായി വീഡിയോ ചിത്രീകരിക്കുന്നതിനുമാണ് ഇവർ തലവേരയിൽ വന്നതെന്ന് സിറ്റി കൗൺസിലർ മകറേന മുനോസ് പറഞ്ഞു. പാലത്തിൻറെ മുകളിൽ കയറുന്നതും അപകടകരമായ രീതിയിൽ വീഡിയോകൾ ചിത്രീകരിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. 192 മീറ്റർ (630 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേബിൾ സ്റ്റേ പാലത്തിൽ നിരോധനം അവഗണിച്ച് കയറുന്നവർ വളരെയേറെ പേരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിത വണ്ണവുമായി ബുദ്ധിമുട്ടുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായ വെഗോവി (സെമഗ്ലൂറ്റൈഡ്) ഇപ്പോൾ എൻഎച്ച്എസിൽ ലഭ്യമാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസം മുതലാണ് ഈ മരുന്ന് എൻഎച്ച്എസ് ആവശ്യക്കാർക്ക് ലഭ്യമാക്കി തുടങ്ങിയത്. 30- ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ളവരും രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ആയവർക്ക് ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻ്റ് കെയർ എക്സലൻസ് (NICE) ഈ മരുന്നിന്റെ ഉപയോഗത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. ആവശ്യക്കാർക്ക് പരമാവധി രണ്ട് വർഷത്തെ ഉപയോഗമാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളിൽ ഹൃദയാഘാതം കുറയ്ക്കാനും ഈ മരുന്നിന് കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
എന്നാൽ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ ചികിത്സ നിഷേധിക്കപ്പെടുന്ന തായുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മരുന്നിന്റെ ലഭ്യതയാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചികിത്സ ലഭിക്കാനായി ഏകദേശം 13500 പേരാണ് കാത്തിരിക്കുന്നത്.
എന്നാൽ 800 പേർക്ക് മാത്രമേ സേവനങ്ങൾ ലഭിച്ചുള്ളൂ എന്നാണ് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നത്. അതായത് യോഗ്യരായവരിൽ ഏകദേശം 6 ശതമാനം പേർക്ക് മാത്രമേ ചികിത്സ ലഭിച്ചിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ പലരും അമിതവണ്ണം മൂലമുള്ള പല ശാരീരിക രോഗാവസ്ഥകൾ നേരിടുന്നവരാണ്. വെഗോവി ചികിത്സ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ആളുകൾക്ക് അവരുടെ ശരീരഭാരത്തിൻ്റെ ശരാശരി 15% കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു . ഉയർന്ന തോതിൽ ആഗോള തലത്തിലുള്ള ആവശ്യം കാരണം മരുന്നിന്റെ ലഭ്യതയിലുള്ള കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
XL ബുള്ളി നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 29-ാം തീയതിയാണ് അതിക്രൂരമായ സംഭവം നടന്നത്. അന്നേ ദിവസം സ്ലോയിലെ ബേൺഹാം ലെയ്നിൽ വച്ച് രണ്ടുപേർ മന:പൂർവ്വം നായയെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.
ഇനം സ്ഥിരീകരിച്ചിട്ടില്ലാത്ത നായയെ അടിയന്തിര ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും പരിക്കുകളോടെ മരിച്ചു. സംഭവത്തോട് അനുബന്ധിച്ച് 20 ഉം 22 ഉം വയസ്സുള്ള രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തതായി തേംസ് വാലി പോലീസ് അറിയിച്ചു. അറസ്റ്റിലായവർ സാമൂഹിക വിരുദ്ധ സ്വഭാവമുള്ളവരാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇവരുടെ താമസസ്ഥലത്തു നിന്ന് കഞ്ചാവ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സംരക്ഷിത മൃഗങ്ങളെ ഉപദ്രവിക്കുക, വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ മയക്കുമരുന്ന് കൈവശം വയ്ക്കൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ മേൽ പോലീസ് ചുമത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രോസ്റ്റേറ്റ് ക്യാൻസർ തിരിച്ചറിയുന്നതിന് എൻ എച്ച് എസ് ഡോക്ടർമാർ നടത്തുന്ന പരിശോധനകൾ കാലഹരണപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമൂലം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതായുള്ള വിമർശനങ്ങളുമായി വിദഗ്ധർ രംഗത്ത് വന്നു . പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് (പിഎസ്എ) ആണ് രോഗം തിരിച്ചറിയാൻ നിലവിൽ ഏറ്റവും ഫലപ്രദമായ മാർഗമായി വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്.
രോഗം വരാൻ സാധ്യതയുള്ളവർക്ക് പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് നടത്തണം എന്നാണ് ചാരിറ്റി പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ പറയുന്നത്. നിലവിൽ 52000 പ്രോസ്റ്റേറ്റ് ക്യാൻസർ ആണ് യുകെയിൽ തിരിച്ചറിയപ്പെടുന്നത്. ഈ രോഗബാധിതരായ പലരെയും രോഗത്തിൻറെ അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായ ചികിത്സാ പലർക്കും നൽകാൻ സാധിക്കാതെ വരുന്നതായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
രോഗനിർണയത്തിനുള്ള പുതിയ രീതികൾ അനാവശ്യ ബയോപ്‌സികളിൽ നിന്നുള്ള അപകട സാധ്യതയും മരണങ്ങളും വെട്ടിക്കുറച്ചതായി പഠനങ്ങൾ കാണിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം പിഎസ്എ ടെസ്റ്റ് കുറയ്ക്കുമെന്ന് ഇപ്പോൾ പരീക്ഷണങ്ങൾ കണ്ടെത്തിയത് വളരെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്ര ലോകം നോക്കി കാണുന്നത്. യുകെയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പിസി എ ടെസ്റ്റ് നടത്താൻ ജിപികൾ താത്പര്യം കാണിക്കാത്തതാണ് പലപ്പോഴും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടു പിടിക്കുന്നതിന് താമസമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നവീനമായ പുതിയ രോഗനിർണയ രീതികൾ നടപ്പിൽ വരുന്നതിലൂടെ ആയിരക്കണക്കിന് രോഗികളായവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- കഴിഞ്ഞ ആഴ്ച, പെൻസിൽവാനിയയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ഇലോൺ മസ്‌ക് പ്രത്യക്ഷപ്പെട്ടത് വൻ ചർച്ചയായിരുന്നു. നവംബറിലെ വോട്ടെടുപ്പ് നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന ആഹ്വാനത്തോടെ ആയിരുന്നു മസ്ക് എത്തിയത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും, ട്വിറ്ററിന്റെയും ഉടമയായ എലോൺ മസ്ക് കഴിഞ്ഞ മാസങ്ങളായി യുഎസ് രാഷ്ട്രീയത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയായി മാറിയിരിക്കുകയാണ്. സ്വതന്ത്ര ആശയങ്ങൾ പങ്കുവയ്ക്കുന്നത് എന്നും പിന്തുണച്ച ഒരു വ്യക്തിയായിരുന്നു മസ്ക്. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും, മറ്റൊരാളെ നിശബ്ദനാക്കുവാൻ ശ്രമിക്കുന്നവർ നുണയന്മാരാണെന്നും ആയിരുന്നു മസ്കിന്റെ വാദം. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ അദ്ദേഹത്തിന്റെ ഈ വാദം വെറും പൊള്ളയാണെന്ന സൂചനകളാണ് നൽകുന്നത്. വിവരങ്ങൾ നിയന്ത്രിക്കുന്നതിനും തനിക്കെതിരെയുള്ള വിമർശനങ്ങളെ അടിച്ചമർത്തുന്നതിനും മസ്കും അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരും സ്വകാര്യ അന്വേഷകരെയും നിരീക്ഷണ ഉപകരണങ്ങളെയും ഉപയോഗിച്ചുവെന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ൽ തായ് ഗുഹയിൽ നിന്ന് 12 കുട്ടികളെ രക്ഷിക്കാൻ സഹായിച്ച ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വെർനൺ അൺസ്‌വർത്താണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് ഇതിന് കാരണം. ആ സമയത്ത്, രക്ഷാപ്രവർത്തനത്തെ സഹായിക്കാനുള്ള മസ്കിന്റെ പദ്ധതികളെ അൺസ്‌വർത്ത് വിമർശിച്ചിരുന്നു. ഇതിൽ രോഷം കൊണ്ട എലോൺ മസ്ക് ട്വിറ്ററിൽ അൺസ്‌വർത്തിനെ ‘പേഡോ ഗൈ’ എന്ന് വിശേഷിപ്പിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മസ്‌ക് ഒടുവിൽ ക്ഷമാപണം നടത്തിയെങ്കിലും, അടിസ്ഥാനരഹിതമായ അപവാദം തനിക്ക് വേദന ഉണ്ടാക്കിയെന്ന് അൺസ്‌വർത്ത് പിന്നീട് വ്യക്തമാക്കി.
മസ്‌കിൻ്റെ നിരീക്ഷണ ലക്ഷ്യങ്ങളിൽ അദ്ദേഹത്തിൻ്റെ മുൻ പങ്കാളിയായ ആംബർ ഹേർഡും ഉൾപ്പെടുന്നുവെന്നാണ് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. 2017 ൽ ഇരുവരും ഡേറ്റിംഗ് നടത്തുമ്പോൾ, ഗോൾഡ് കോസ്റ്റിൽ അക്വാമാൻ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ, ഹേർഡിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മസ്‌കിൻ്റെ സുരക്ഷാ ടീം ഒരു ഓസ്‌ട്രേലിയൻ സ്വകാര്യ അന്വേഷണ സ്ഥാപനത്തെ നിയോഗിച്ചതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. നിരീക്ഷണം വിപുലമായ രീതിയിലായിരുന്നുവെന്നും, ഒന്നിലധികം പ്രവർത്തകരും ഇൻഫ്രാറെഡ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ഒന്നും തന്നെ മറുപടി പറയാൻ മസ്ക് തയ്യാറായിട്ടില്ല.