Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയും യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിബന്ധനകളിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇരു രാജ്യങ്ങളും ഭാവിയിൽ മറ്റ് ലോക രാഷ്ട്രങ്ങളുമായി ഉണ്ടാക്കാനിരിക്കുന്ന കരാറുകളും വ്യാപാരബന്ധങ്ങളും തടസ്സമില്ലാതെ പരിഗണിക്കാൻ ഈ വ്യവസ്ഥ ഉചിതമായിരിക്കും എന്നാണ് നയതന്ത്ര വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഒന്നിലധികം പങ്കാളികളുമായി വ്യാപാര കരാർ പിന്തുടരുന്ന യുകെയും ഇന്ത്യയും ഇത് ഉപയോഗപ്രദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൺസൾട്ടൻസി സ്ഥാപനമായ EY യുടെ വിശകലനമനുസരിച്ച്, കരാർ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കും കാര്യമായ നേട്ടമുണ്ടാക്കും. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെ അന്താരാഷ്ട്ര വ്യാപാര യുദ്ധത്തിൽ യുകെ ഒരുപടി മുന്നിലാണെന്ന് സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ നടത്തിയ ഏറ്റവും വലുതും സാമ്പത്തികവുമായി പ്രാധാന്യമുള്ളതുമായ ഉഭയ കക്ഷി വ്യാപാര കരാർ എന്നാണ് സർക്കാർ വക്താവ് കരാറിനെ വിശേഷിപ്പിച്ചത്.

മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.

വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗതാഗതം, ഭവനം, ഊർജ്ജം എന്നിവ ഉൾക്കൊള്ളുന്ന 113 ബില്യൺ പൗണ്ടിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി, ലണ്ടന് പുറത്തുള്ള ട്രാമുകൾ, ട്രെയിനുകൾ, ബസുകൾ എന്നിവയിൽ 15 ബില്യൺ പൗണ്ടിന്റെ പദ്ധതി ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. ധനസഹായം അടിസ്ഥാന സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ലേബർ പാർട്ടിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമെന്ന് ചാൻസലർ പറയുന്നു. മുൻ സർക്കാരുകളുടെ കീഴിൽ ഈ സംരംഭം സാധ്യമാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ചെലവ് അവലോകനത്തിന് മുന്നോടിയായി, വൈറ്റ്ഹാളിലെ മൂന്ന് വകുപ്പുകൾ – ഹോം, എനർജി, ഹൗസിംഗ് – ട്രഷറിയുമായുള്ള അവരുടെ മൾട്ടി-ഇയർ ബജറ്റുകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല. പൊതുജനങ്ങളുടെ അസംതൃപ്തിയെ നേരിടുന്നതിനും നാമമാത്ര സീറ്റുകളിൽ ലേബറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഒരു സാമ്പത്തിക സന്ദേശത്തിന്റെ ആവശ്യകത ഉണ്ടെന്ന് ചാൻസലർ ചൂണ്ടിക്കാട്ടുന്നു. റിഫോം യുകെയുടെ ഉയർച്ചയോടെ, ദൈനംദിന ചെലവ് ചുരുക്കൽ സാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചാൻസലറിൻെറ ഈ നീക്കം.

വരാനിരിക്കുന്ന ചെലവ് അവലോകനം ലേബർ ഗവൺമെന്റിന് കാര്യമായ വെല്ലുവിളികൾ ഉയർത്തും. എൻഎച്ച്എസ്, പ്രതിരോധം എന്നിവയിൽ നിന്നുള്ള ഉയർന്ന ആവശ്യങ്ങൾ മൂലം ചാൻസലർ റേച്ചൽ റീവ്സിന് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ കൺസർവേറ്റീവ് പദ്ധതികളേക്കാൾ 300 ബില്യൺ പൗണ്ട് കൂടുതൽ വകുപ്പുകൾക്ക് ലഭിക്കുമെന്നാണ് ചാൻസലർ അവകാശപ്പെടുന്നത്. മൂലധന നിക്ഷേപത്തിലെ അധികമായ 113 ബില്യൺ പൗണ്ടിന്റെ ഭൂരിഭാഗവും തെക്ക് കിഴക്കിന് പുറത്തുള്ള പ്രദേശങ്ങൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. അതേസമയം പോലീസിംഗ്, ഇൻസുലേഷൻ സ്കീമുകൾ, സോഷ്യൽ ഹൗസിംഗ് എന്നിവയ്ക്ക് അപര്യാപ്തമായ ഫണ്ടിംഗ് ആണ് അനുവദിച്ചിരിക്കുന്നതെന്ന് യെവെറ്റ് കൂപ്പർ, എഡ് മിലിബാൻഡ് തുടങ്ങിയ മന്ത്രിമാർ ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയാനുള്ള ശേഷി കുറയുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ് മേധാവികളും സാധ്യമായ വെട്ടിക്കുറവുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്തോനേഷ്യയിലേക്ക് ഏകദേശം ഒരു കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിൽ ബാലിയിൽ കോടതിയിൽ ഹാജരായ മൂന്ന് ബ്രിട്ടീഷുകാർക്ക് വധശിക്ഷ ലഭിക്കാൻ സാധ്യത. എക്സ്-റേ സ്കാനിംഗിനിടെ ലഗേജിൽ കണ്ടെത്തിയ വസ്തുക്കളിൽ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബ്രിട്ടീഷ് വംശജരായ ജോനാഥൻ ക്രിസ്റ്റഫർ കോളിയർ (28), ലിസ എല്ലെൻ സ്റ്റോക്കർ (29) എന്നിവരെ അറസ്റ്റ് ചെയ്‌തത്‌.


അറസ്റ്റിലായ ജോനാഥൻ കോളിയറുടെ ലഗേജിലുണ്ടായിരുന്ന 10 സാച്ചെറ്റ് ഏഞ്ചൽ ഡിലൈറ്റ് ഡെസേർട്ട് മിക്സിലും, പങ്കാളിയായ ലിസ സ്റ്റോക്കറുടെ സ്യൂട്ട്കേസിലെ സമാനമായ ഏഴ് സാച്ചെറ്റുകളിലും ആകെ 993.56 ഗ്രാം കൊക്കെയ്ൻ അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഏകദേശം ആറ് ബില്യൺ രൂപ (£272,000) വിലമതിക്കുമെന്ന് ഡെൻപാസർ ജില്ലാ കോടതിയിലെ പ്രോസിക്യൂട്ടർ ഐ മേഡ് ദിപ ഉംബാര പറഞ്ഞു. ഡെൻപാസറിലെ ഒരു ഹോട്ടൽ പാർക്കിംഗ് ഏരിയയിൽ അറസ്റ്റിലായ പ്രതികൾ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നിയന്ത്രിത ഡെലിവറി നടന്നതിന് മൂന്നാം നാൾ മൂന്നാമത്തെ ബ്രിട്ടീഷുകാരനായ ഫിനിയാസ് അംബ്രോസ് ഫ്ലോട്ട് (31) അറസ്റ്റിലായി. ഇയാളെ പ്രത്യേകം വിചാരണ ചെയ്യുകയാണ്. ഇന്തോനേഷ്യയിൽ, കുറ്റവാളികളായ മയക്കുമരുന്ന് കള്ളക്കടത്തുകാർക്ക് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ വിധിക്കാറുണ്ട്.


ഇന്തോനേഷ്യയിലെ ഇമിഗ്രേഷൻ ആൻഡ് കറക്ഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 96 വിദേശികൾ ഉൾപ്പെടെ ഏകദേശം 530 പേർ നിലവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. 2012-ൽ തന്റെ ലഗേജിൽ 3.8 കിലോഗ്രാം കൊക്കെയ്നുമായി പിടിക്കപ്പെട്ടതിനെ തുടർന്ന് പത്ത് വർഷത്തിലേറെയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ബ്രിട്ടീഷുകാരിയായ ലിൻഡ്സെ സാൻഡിഫോർഡും (ഇപ്പോൾ 69 വയസ്സ്) ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ മയക്കുമരുന്നിനെതിരെ കർശന നിയമങ്ങൾ ഉണ്ടെങ്കിലും രാജ്യം മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി വോഡഫോൺ ത്രീ. വോഡഫോണും ത്രീ യുകെയും തമ്മിലുള്ള ലയനം പൂർത്തിയായി. ഇതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി വോഡഫോൺ ത്രീ മാറും. നിലവിൽ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാവായ കമ്പനിക്ക് 27 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. വോഡഫോൺ അടുത്ത വർഷത്തിനുള്ളിൽ നെറ്റ്‌വർക്ക് വിപുലീകരണത്തിനായി 1 ബില്യൺ പൗണ്ടിലധികം നിക്ഷേപിക്കുമെന്നും അടുത്ത ദശകത്തിൽ 11 ബില്യൺ പൗണ്ടും നിക്ഷേപിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഇതോടെ യുകെയിലെ പ്രധാന നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ എണ്ണം നാലിൽ നിന്ന് മൂന്നായിരിക്കുകയാണ്.

യുകെയിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) വോഡഫോൺ–ത്രീ യുകെ ലയനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ലയനത്തിന് പിന്നാലെ 5G കവറേജ് വികസിപ്പിക്കുകയും വിലക്കയറ്റത്തിനെതിരെ ഹ്രസ്വകാല സുരക്ഷ നൽകുകയും വേണം. ലയനത്തിൻെറ വാർത്ത പുറത്ത് വന്നതിന് പിന്നാലെ 1,600 പേർക്ക് വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് യുണൈറ്റ് യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വോഡഫോൺ ഇത് നിഷേധിക്കുകയും, ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു.

ആദ്യ വർഷത്തിൽ, മൾട്ടി-ഓപ്പറേറ്റർ കോർ നെറ്റ്‌വർക്ക് (MOCN) പ്രവർത്തനം പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ വോഡഫോൺ ത്രീ അവതരിപ്പിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് രണ്ട് നെറ്റ്‌വർക്കുകളും ഉപയോഗിക്കാം. ലയിച്ച സ്ഥാപനത്തിന്റെ 51% വോഡഫോണിനും 49% സികെ ഹച്ചിസൺനുമാണ്. ഈ കരാർ രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുമെന്ന് വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വല്ലെ പറഞ്ഞു.മികച്ച കവറേജും ഗുണനിലവാരവും നൽകുന്നതിനായി പുതിയ നെറ്റ്‌വർക്ക് നിർമ്മിക്കാൻ കമ്പനി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-ൽ സിഇഒ ആയി നിയമിതയായ ഡെല്ല വാലെ ഇതിനോടകം തന്നെ കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട വീടുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ ഈ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി . ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ടതിനും ഗൂഢാലോചന നടത്തിയെന്നും സംശയിച്ചാണ് 48 കാരനായ ഇയാളെ തിങ്കളാഴ്ച എസെക്സിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത് . പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.

തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. ഉക്രേനിയക്കാരായ പെട്രോ പോച്ചിനോക്ക് (34), റോമൻ ലാവ്‌റിനോവിച്ച് (21), ഉക്രേനിയൻ വംശജനായ റൊമാനിയൻ പൗരൻ സ്റ്റാനിസ്ലാവ് കാർപിയുക്ക് (26) എന്നിവരെ വെള്ളിയാഴ്ച ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. തെക്കുകിഴക്കൻ ലണ്ടനിലെ സിഡെൻഹാമിൽ നിന്നുള്ള ലാവ്‌റിനോവിച്ചിനെതിരെ ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ട കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത് . വടക്കൻ ലണ്ടനിലെ ഇസ്ലിംഗ്ടണിലെ ഹോളോവേ റോഡിൽ താമസിക്കുന്ന പോച്ചിനോക്കും കിഴക്കൻ ലണ്ടനിലെ ചാഡ്‌വെൽ ഹീത്തിൽ താമസിക്കുന്ന കാർപിയുക്കും ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീവയ്പ്പ് നടത്താൻ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്നു.

മലയാളി നേഴ്സ് ആയ യുവാവ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് മരിച്ചത്.മണീട് ഗവൺമെൻറ് എൽപി സ്കൂളിന് സമീപമാണ് എൽദോസിൻ്റെ കുടുംബവീട് .

ഭാര്യയുടെ പരാതിയിൽ ആണ് പോലീസ് എൽദോസിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനുശേഷം യുകെയിൽ തന്നെയുള്ള ബന്ധുക്കൾ എൽദോസിനെ സ്റ്റേഷനിൽ എത്തി കണ്ടിരുന്നു. തൻറെ കൈവശമുള്ള ഫോണും എടിഎം കാർഡും എൽദോസ് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.

ഇതിനുശേഷം എൽദോസിന്റെ മരണവാർത്തയാണ് പുറത്തു വരുന്നത്. മെയ് 27-ാം തീയതി നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് അധികൃതർ എൽദോസിന്റെ മരണവാർത്ത അറിയിക്കുകയായിരുന്നു. മരണം നടന്നതിനുശേഷം യുകെയിലുള്ള ബന്ധുക്കളെ തേടി പോലീസ് എത്തി എന്ന വിവരം പുറത്തു വരുന്നുണ്ട്.

കുടുംബവഴക്കിനെ തുടർന്നുള്ള കലഹം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്ക് ആണ് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എൽദോസിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരണം. ജൂൺ 5 – ന് ഓക്സ്ഫോർഡിൽ വച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. ഇതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഗാർഹിക പീഡനം ആരോപിച്ച് എൽദോസിനെതിരെ നേഴ്സായ ഭാര്യ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന എൽദോസിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വിശ്വാസത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് മരണമടഞ്ഞ യുവാവിന്റെ ബന്ധുക്കൾക്ക് പോലീസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളില്‍ പരാതി നൽകാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് പിറവം സ്വദേശിയുടെ കസ്റ്റഡി മരണം. കേരളത്തിൽ കസ്റ്റഡി മരണങ്ങൾ നടന്ന വാർത്ത വരാറുണ്ടെങ്കിലും യുകെയില്‍ അധികം സംഭവിക്കാത്ത കസ്റ്റഡി മരണത്തിനാണ് പിറവം സ്വദേശിയായ യുവാവ് ഇരയായിരിക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവാവിൻെറ മരണ കാരണം കസ്റ്റഡിയില്‍ ഇരിക്കവേ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണത്തിൽ യുവാവിൻെറ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചു.

ഗാര്‍ഹിക പീഡനം ആരോപിച്ച് നേഴ്‌സായ ഭാര്യ പോലീസ് സഹായം തേടിയതിന് പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഒരാഴ്ച മുൻപാണ് സംഭവം നടക്കുന്നത്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകും. ബ്രിട്ടനില്‍ പോലീസ് കാര്യക്ഷമമായി ജോലി ചെയ്യുന്നവര്‍ ആണെന്ന മലയാളികളുടെ പൊതു ധാരണയ്ക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ച ദുരിതം.

പോലീസ് കസ്റ്റഡി മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുന്നതായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ശനിയാഴ്ച മാത്രം ഇംഗ്ലീഷ് ചാനൽ കടന്ന് ആയിരത്തിലധികം അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2025 ൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 18 ചെറു ബോട്ടുകളിലായി 1194 പേർ എത്തിയെന്നാണ് ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്.


കഴിഞ്ഞ സർക്കാരുകളുടെ സമയത്ത് അതിർത്തിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അനധികൃത കുടിയേറ്റം നിയന്ത്രണാതീതമായി തുടരുന്നതിന് കാരണമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഏറ്റവും പുതിയതായി എത്തിയവരുടെ എണ്ണവും കൂടി ഉൾപ്പെടുത്തി ഇതുവരെ 14 ,811 പേരാണ് ഈ വർഷം അനധികൃതമായി യുകെയിൽ എത്തിയത്. 2024 ലെ ഈ സമയവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 42 ശതമാനം കൂടുതലാണ്. 2023 – മായി താരതമ്യം ചെയ്യുമ്പോൾ 95 ശതമാനം കൂടുതലാണ് ഈ വർഷത്തെ അനധികൃത കുടിയേറ്റം.


2024-ൽ ഏകദേശം 37,000 പേർ ചെറു ബോട്ടുകളിൽ ചാനൽ കടന്നെങ്കിലും ഏറ്റവും ഉയർന്ന കണക്കുകൾ 2022-ലേതാണ്. ആ വർഷം മാത്രം 45,755 പേർ ആണ് അനധികൃതമായി യുകെയിൽ എത്തിയത് . 2022 സെപ്റ്റംബർ 3- ന് രേഖപ്പെടുത്തിയ 1305 ആണ് ഏറ്റവും കൂടിയ അനധികൃത കുടിയേറ്റം. ജീവന് ഭീഷണിയാകുന്നതും നമ്മുടെ അതിർത്തി സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ അപകടകരമായ ചെറിയ ബോട്ട് ക്രോസിംഗുകൾ അവസാനിപ്പിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുവെന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവ് ഭരണ പ്രതിപക്ഷങ്ങളുടെ ഇടയിൽ കനത്ത രാഷ്ട്രീയ പോരിന് കാരണമാകും എന്നാണ് കരുതപ്പെടുന്നത്. മനുഷ്യ കള്ളക്കടത്ത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നത് ലേബർ പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ 12 പുതിയ ആക്രമണ അന്തർവാഹിനികൾ നിർമ്മിക്കും. ഇന്ന് പ്രതിരോധ അവലോകനം പ്രധാനമന്ത്രി പുറത്തിറക്കും. വർദ്ധിച്ചുവരുന്ന ആഗോള ഭീഷണികൾക്ക് മറുപടിയായി സായുധ സേനയെ “യുദ്ധസജ്ജത”യിലേക്ക് മാറ്റുന്നതിനുള്ള വിശാലമായ തന്ത്രത്തോടൊപ്പമായിരിക്കും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ സംരംഭം അനാച്ഛാദനം ചെയ്യുക. കൂടാതെ, ആണവ വാർഹെഡ് പ്രോഗ്രാമിൽ 15 ബില്യൺ പൗണ്ട് യുകെ നിക്ഷേപിക്കുമെന്നും അവലോകനത്തിൽ സ്ഥിരീകരിക്കും.

ലേബർ സർക്കാർ നിയോഗിച്ചതും മുൻ ലേബർ പ്രതിരോധ സെക്രട്ടറി ലോർഡ് റോബർട്ട്‌സൺ നയിക്കുന്നതുമായ സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂ, വരും വർഷങ്ങളിൽ യുകെയുടെ സായുധ സേനയെ രൂപപ്പെടുത്തും. ഇതിൽ 62 ശുപാർശകൾ ഉൾപ്പെടുന്നു. ഇതെല്ലാം സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയുടെ സൈനിക ശേഷി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പ്രഖ്യാപനങ്ങൾ സ്ട്രാറ്റജിക് ഡിഫൻസ് റിവ്യൂവിൽ ഉൾപ്പെടും. സ്ഥിരമായ യുദ്ധോപകരണ ഉൽപാദന ശേഷി നിലനിർത്തുന്നതിനായി ആറ് പുതിയ ഫാക്ടറികൾ നിർമ്മിക്കുന്നതിനുള്ള 1.5 ബില്യൺ പൗണ്ട് നിക്ഷേപം. മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ 7,000 വരെ ദീർഘദൂര ആയുധങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

സൈബർ സ്‌പെയ്‌സിലെ പ്രതിരോധ, ആക്രമണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ “സൈബർ, ഇലക്ട്രോമാഗ്നറ്റിക് കമാൻഡ്” രാജ്യം സ്ഥാപിക്കും. സൈനിക ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 2029 ഓടെ 1.5 ബില്യൺ പൗണ്ട് അനുവദിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന്റെ മൊത്തത്തിലുള്ള വലുപ്പത്തിൽ ഉടനടി വർദ്ധനവ് ഉണ്ടാകില്ലെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സൈനികരുടെ എണ്ണത്തിൽ തുടർച്ചയായി വരുന്ന കുറവ് തടയുക എന്നതാണ് ഇപ്പോൾ തന്റെ പ്രധാന മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പാർലമെന്റ് കാലയളവിൽ 73,000 മുഴുവൻ സമയ സൈനികരെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സൈന്യത്തെ ക്രമേണ പുനർനിർമ്മിക്കാനും ശക്തിപ്പെടുത്താനും ആണ് സർക്കാർ പദ്ധതിയിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആവശ്യ മരുന്നുകളുടെ അഭാവം ക്യാൻസർ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫാർമസികൾ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രിയോൺ പോലെ പാൻക്രിയാറ്റിക് ക്യാൻസർ പേഷ്യൻസ് ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമല്ലാത്തത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ മാത്രം 61,000 – ത്തിലധികം രോഗികൾക്ക് ഈ മരുന്ന് ആവശ്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


മരുന്നുകളുടെ കുറവ് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നതായി നാഷണൽ ഫാർമസി അസോസിയേഷൻ (എൻ എഫ് എ) ചൂണ്ടി കാണിച്ചു. യുകെയിൽ മാത്രമല്ല യൂറോപ്പിൽ ഉടനീളം ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മരുന്നുകൾ സമയത്ത് ലഭ്യമല്ലാത്തതിനാൽ ആഘാതം ലഘൂകരിക്കുന്നതിന് മരുന്ന് നിർമ്മാതാക്കളുമായിട്ടും എൻഎച്ച്എസുമായിയും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ വക്താവ് പറഞ്ഞു.

മരുന്നുകൾ കൃത്യസമയത്ത് ലഭ്യമല്ലാത്തത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതുമൂലം കീമോതെറാപ്പി പോലുള്ള ചികിത്സകളെ നേരിടുന്നതിനുള്ള അവരുടെ ശരീരത്തിൻറെ കഴിവുകൾ നഷ്ടപ്പെടും . അടുത്ത വർഷം വരെ ക്ഷാമം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ക്രിയോൺ പ്രധാനമായും പാൻക്രിയാസ് ക്യാൻസർ ബാധിച്ച രോഗികളുടെ ദഹനത്തെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. മരുന്നിന്റെ ലഭ്യത കുറവ് കാരണം പല രോഗികളും ദഹന പ്രശ്നങ്ങളാൽ ഭക്ഷണം തന്നെ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved