ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവർമാർക്ക് അനുകൂലമായി ഇംഗ്ലണ്ടിലെ പെനാൽറ്റി പോയിന്റുകളിൽ മാറ്റം വരുന്നു. നിലവിൽ, മോട്ടോർ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാൽ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോർഡിന് പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയും ചെയ്യും. 20mph മേഖലയിൽ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകൾ വരെയാണ് ലഭിക്കുക. ഈ നിയമത്തിൽ മാറ്റം വരുത്താനാണ് ലേബർ പാർട്ടി സർക്കാരിനോട് ഒരു പാർലമെന്ററി ഹർജി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, 20mph വേഗതയുള്ള പ്രദേശത്ത് 25mph വരെ വേഗതയ്ക്ക് ഒരു പെനാൽറ്റി പോയിന്റ് മാത്രം നൽകുക എന്ന് തുടങ്ങിയ നിർദ്ധേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

നിലവിലെ നിയമം അനുസരിച്ച് 20mph വേഗതയുള്ള പ്രദേശത്ത് 25mph വരെ വേഗതയിൽ പോകുന്നവരുടെയും അതിവേഗം വാഹനം ഓടിക്കുന്നവരുടെയും പിഴ ഒന്ന് തന്നെയാണ്. പതിവായി വാഹനമോടിക്കുന്നവർക്ക് ഒന്നിലധികം പിഴകൾ ഈടാക്കാൻ സാധ്യതയുണ്ടെന്നും ഇത് ഇൻഷുറൻസ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. 2025 നവംബർ 20 വരെയാണ് ഡേവിഡ് റിനാൽഡി നടത്തുന്ന ഹർജിയുടെ സമയപരിധി. ഇതിനുള്ളിൽ 10,000 ഒപ്പുകൾ ശേഖരിക്കുക ആണെങ്കിൽ സർക്കാരിൽ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകൾ ലഭിച്ചാൽ പാർലമെന്റിൽ ചർച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയിൽ എല്ലാ ഹർജികളും ആറ് മാസത്തേക്കാണ് നീണ്ട് നിൽക്കുക.

ഡ്രൈവർ റെക്കോർഡിൽ എൻഡോഴ്‌സ്‌മെന്റും പെനാൽറ്റി പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർ ഒരു മോട്ടോർ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമ്പോൾ, അവരുടെ ഡ്രൈവിംഗ് റെക്കോർഡിൽ എൻഡോഴ്‌സ്‌മെന്റുകളും പെനാൽറ്റി പോയിന്റുകളും ചേർക്കും. ഇത് ഓൺലൈനിൽ കാണാൻ കഴിയും. ഓരോ എൻഡോഴ്‌സ്‌മെന്റിനും ഒരു പ്രത്യേക കുറ്റകൃത്യ കോഡ് നൽകിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 1 മുതൽ 11 വരെയുള്ള പെനാൽറ്റി പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ 4 അല്ലെങ്കിൽ 11 വർഷം വരെ ഡ്രൈവറുടെ രേഖയിൽ കാണും. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ ശേഖരിക്കുന്നവർക്ക് ഡ്രൈവിങ്ങിന് വിലക്ക് ലഭിക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ന് മുതൽ വേനൽ കാലം ആരംഭിക്കും. ഈ വേനൽ കാലത്ത് കാലാവസ്ഥാ പതിവിലും ചൂടുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൂടു കൂടുന്നതിനു പുറമേ ഉഷ്ണ തരംഗത്തിനും സാധ്യത കൂടുതലാണെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ പ്രവചനത്തിൽ, 2025 ൽ സാധാരണയേക്കാൾ ഇരട്ടി ചൂടുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഈ വർഷത്തെ വേനൽ കാലം ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും ചൂട് കൂടുതലുള്ള കാലാവസ്ഥാ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മെറ്റ് ഓഫീസിന് പുറമെ വിവിധ ഏജൻസികളിൽ നിന്നുള്ള പ്രവചനത്തിലും യുകെയിൽ പതിവിലും അധികം ചൂടുള്ള കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ചിട്ടുണ്ട്.

യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ വേനൽ കാല കാലാവസ്ഥയിൽ സാധാരണയെക്കാൾ ചൂടുള്ള അവസ്ഥ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള കടലുകളിൽ തുടരുന്ന സമുദ്ര ഉഷ്ണതരംഗം താപനില വർദ്ധിപ്പിക്കാൻ കാരണമാകും . ഉഷ്ണതരംഗം മൂലമുള്ള അധിക ചൂടും ഈർപ്പവും കൂടുതൽ തീവ്രമായ വേനൽക്കാല കൊടുങ്കാറ്റുകൾക്ക് കാരണമാകും. മഴയുടെ അഭാവത്തെ തുടർന്ന് വസന്തകാലത്ത് യുകെയിലുടനീളം നദികളുടെയും റിസർവോയറുകളുടെയും വെള്ളത്തിന്റെ അളവ് കുറഞ്ഞിരുന്നു. ചൂട് കൂടുന്നതിന് അനുബന്ധമായി പെയ്യുന്ന മഴയുടെ തീവ്രത കൂടുതലായിരിക്കുമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടി
കാണിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവത്സര ദിനം മുതൽ വടക്കൻ ഡോളോമൈറ്റ്സിൽ കാണാതായ ബ്രിട്ടീഷ് ഹൈക്കറുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയതായി പ്രാദേശിക രക്ഷാപ്രവർത്തകർ പറഞ്ഞു. ലണ്ടനിൽ നിന്നുള്ള അസീസ് സിറിയത്തിനെ (36) റെസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്ത് സാം ഹാരിസിനൊപ്പം ഹൈക്കിംഗ് നടത്തുകയായിരുന്നു അദ്ദേഹം . കാണാതായതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സാം ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

മഞ്ഞിന്റെ പാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പാറക്കെട്ടിൽ അദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയതായാണ് രക്ഷാപ്രവർത്തനം നടത്തിയവർ ഒരു പ്രസ്താവനയിൽ പറഞ്ഞത് . മൃതദേഹം അടുത്തുള്ള സ്പിയാസോ റെൻഡേന സ്‌പോർട്‌സ് ഫീൽഡിലേക്ക് വിമാനമാർഗം കൊണ്ടുപോയി. കണ്ടെത്തൽ സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് രക്ഷാസംഘം പറഞ്ഞു.വടക്കൻ ഇറ്റലിയിൽ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നും പ്രാദേശിക അധികാരികളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട് എന്നും വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് മുതൽ യുകെയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ വേപ്പുകളുടെ വിൽപന നിരോധിക്കും. കുട്ടികളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. റീചാർജ് ചെയ്യാവുന്നതോ വീണ്ടും നിറയ്ക്കാവുന്നതോ ആയ വേപ്പുകൾ ഇപ്പോഴും വിൽക്കാൻ കഴിയും. യുവാക്കളുടെ ഇടയിൽ വേപിങ് വർദ്ധിക്കുന്നതിൽ ഡിസ്പോസിബിൾ വേപ്പുകൾ ഒരു പ്രധാന ഘടകമാണ്. പ്രതിവർഷം ഏകദേശം അഞ്ച് ദശലക്ഷം വേപ്പുകൾ വരെയാണ് വിറ്റു പോകുന്നത്. ഈ കണക്കുകളുടെ പശ്ചാത്തലത്തിൽ നിരോധനം കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രിമാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, യുവജനങ്ങളുടെ ഇടയിലെ വേപിങ് പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ വാദിക്കുന്നു.

ഡിസ്പോസിബിൾ വേപ്പ് നിരോധനം ലംഘിക്കുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില്ലറ വ്യാപാരികൾക്ക് ആദ്യ കുറ്റത്തിന് 200 പൗണ്ട് പിഴ ലഭിക്കും. വീണ്ടും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പരിധിയില്ലാത്ത പിഴയോ തടവോ ലഭിക്കും. മുൻ കൺസർവേറ്റീവ് ഗവൺമെന്റാണ് നിരോധനം ആദ്യം പ്രഖ്യാപിച്ചതെങ്കിലും, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. അതേസമയം, സ്കോട്ട് ലൻഡും നോർത്തേൺ അയർലൻഡും ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമങ്ങൾക്കനുസരിച്ച് സ്വന്തം നിരോധനങ്ങൾ ഏർപ്പെടുത്തി.

കഴിഞ്ഞ ദശകത്തിൽ യുകെയിൽ വേപ്പ് ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്, ജനസംഖ്യയുടെ 9% പേർ ഇപ്പോൾ ഇ-സിഗരറ്റുകളാണ് ഉപയോഗിക്കുന്നത്. വേപ്പുകൾ ഉപയോഗിക്കുന്നവരിൽ നാലിലൊന്ന് പേരും ഡിസ്പോസിബിൾ വേപ്പുകളാണ് ഉപയോഗിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്ക് വേപ്പ് വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, പലപ്പോഴും കൂടുതൽ വർണ്ണാഭമായും ആകർഷകമായും പായ്ക്ക് ചെയ്ത ഡിസ്പോസിബിൾ വേപ്പുകൾ യുവാക്കളിൽ വേപ്പിംഗ് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
M 5 -ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയും ദാരുണമായി കൊല്ലപ്പെട്ടു. പരുക്കു പറ്റിയ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 9 മണിയ്ക്കാണ് അപകടം നടന്നത്. ബിഎംഡബ്ല്യു കാറാണ് അപകടത്തിൽ ഉൾപ്പെട്ടതെന്ന് ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എങ്കിലും ഒറ്റ വാഹനം മാത്രമേ അപകടത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന്റെ തീവ്രത കാരണം അപകടം നടന്ന സ്ഥലത്ത് വാഹന ഗതാഗതം നിലച്ചിരുന്നു. സംഭവം നടന്ന ഉടനെ അടിയന്തിര സേവനങ്ങൾ കാര്യമായി പ്രവർത്തിച്ചെന്നും പ്രത്യേക പരിശീലങ്ങൾ ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവാദ പരാമർശം നടത്തിയ അറ്റോർണി ജനറൽ റിച്ചാർഡ് ഹെർമർ ക്ഷമാപണം നടത്തി. അന്താരാഷ്ട്ര ഉടമ്പടികളെ അവഗണിക്കാനും യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ECHR) ഉപേക്ഷിക്കാനുമുള്ള കൺസർവേറ്റീവ്, റിഫോം വ്യക്തികളുടെ ആഹ്വാനങ്ങളെ ആദ്യകാല നാസി കാലഘട്ടത്തിലെ ജർമ്മൻ നിയമജ്ഞരുടെ നടപടികളുമായാണ് റിച്ചാർഡ് ഹെർമർ താരതമ്യപ്പെടുത്തിയത്. തൻെറ പ്രസംഗത്തിൽ അദ്ദേഹം അന്താരാഷ്ട്ര നിയമത്തോടുള്ള യുകെയുടെ പ്രതിബദ്ധതയെ ന്യായീകരിച്ചിരുന്നു. ഇത് പിന്നീട് കെമി ബാഡെനോക്ക്, നിഗൽ ഫാരേജ് തുടങ്ങിയ വ്യക്തികളിൽ നിന്ന് വിമർശനം ഉയർത്തി.

പരമാധികാര വിഷയങ്ങൾ ചൂണ്ടി കാണിക്കുന്നത് ഒരാളെ നാസിയാക്കില്ലെന്ന് പറഞ്ഞുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ബാഡെനോക്ക് രംഗത്ത് വന്നു. അതേസമയം താൻ ഉപയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്ന് സമ്മതിച്ചുകൊണ്ട് റിച്ചാർഡ് ഹെർമർ ക്ഷമാപണം നടത്തി. എന്നാൽ ദേശീയ സുരക്ഷയ്ക്കും ആഗോള ഭീഷണികളെ നേരിടുന്നതിനും അന്താരാഷ്ട്ര നിയമം നിർണായകമാണെന്ന് വാദിച്ച തന്റെ പ്രസംഗത്തിന്റെ കാതലായ സന്ദേശത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ഉടമ്പടികളിലും കോടതികളിലും യുകെയുടെ പങ്ക് പുനഃപരിശോധിക്കുന്നതിനുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടരുന്നതിനിടയിലാണ് ഈ ചർച്ച.
അന്താരാഷ്ട്ര നിയമം ഉപേക്ഷിക്കുന്നതിനെതിരെ അറ്റോർണി ജനറൽ റിച്ചാർഡ് ഹെർമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വീക്ഷണങ്ങൾ നിയമപരമായ മാനദണ്ഡങ്ങളെക്കാൾ സംസ്ഥാന അധികാരത്തെ പ്രോത്സാഹിപ്പിച്ച നാസി കാലഘട്ടത്തിലെ നിയമജ്ഞനായ കാൾ ഷ്മിറ്റിന്റെ വീക്ഷണങ്ങൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ റിച്ചാർഡ് ഹെർമർ നടത്തിയ പ്രസംഗം വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്യൂമർ ഡിഎൻഎ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനം കണ്ടെത്തി എൻഎച്ച്എസ്. ലിക്വിഡ് ബയോപ്‌സി എന്നറിയപ്പെടുന്ന ഒരു പുതിയ അൾട്രാ സെൻസിറ്റീവ് രക്തപരിശോധന വഴിയാണ് പരമ്പരാഗത ടിഷ്യു ബയോപ്‌സികളേക്കാൾ വേഗത്തിലുള്ള ഫലങ്ങൾ ഇനി ലഭിക്കുക. നേരത്തെ ശ്വാസകോശ അർബുദം സ്ഥിരീകരിക്കാൻ ടിഷ്യു ബയോപ്‌സികളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ദ്രാവക ബയോപ്‌സികൾ വളരെ വേഗത്തിൽ ഫലങ്ങൾ നൽകുന്നതായി കണ്ടെത്തി. ഇതിന് പുറമെ ഇവയുടെ സഹായത്തോടെ രോഗികൾക്ക് മ്യൂട്ടേഷനുകൾ ഉണ്ടോ എന്ന് കാണിക്കാനും ഇതുവഴി കഴിയും.

നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കാർലൈലിൽ നിന്നുള്ള നാല് കുട്ടികളുടെ അമ്മയായ റെബേക്ക പ്രോക്ടർ (41) നു നാലാം ഘട്ട ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. ലിക്വിഡ് ബയോപ്സിയിൽ റെബേക്കയുടെ നോൺ-സ്മോൾ-സെൽ ലംഗ് ക്യാൻസറുമായി ബന്ധപ്പെട്ട ഒരു ALK ജനിതക മ്യൂട്ടേഷൻ കണ്ടെത്തി. അതുകൊണ്ട് തന്നെ ടിഷ്യു ബയോപ്സി വഴി അതേ ഫലം സ്ഥിരീകരിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ റെബേക്കയുടെ ചികിത്സ ആരംഭിക്കാൻ കഴിഞ്ഞു. പുതിയ മരുന്ന് അവരുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയെന്നും ട്യൂമർ ചുരുക്കിയെന്നും റെബേക്ക പറയുന്നു.

ഇംഗ്ലണ്ടിൽ ഓരോ വർഷവും ഏകദേശം 90,000 ആളുകൾക്ക് സ്തനാർബുദമോ ശ്വാസകോശ അർബുദമോ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ലിക്വിഡ് ബയോപ്‌സികൾ അവതരിപ്പിക്കുന്നത് വഴി ഇനി രോഗികളുടെ ചികിത്സ വേഗത്തിലാവും. നിലവിൽ നടക്കുന്ന പരീക്ഷണങ്ങൾ വിജയകരമായി അവസാനിച്ചാൽ, ശ്വാസകോശ അർബുദം നിർണ്ണയിക്കുന്നതിന് “ആദ്യം രക്ത പരിശോധന” എന്ന സമീപനം സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സേവനമായി എൻ എച്ച് എസ് ഇംഗ്ലണ്ട് മാറും. ഇത് നടപ്പിലാക്കിയാൽ 15,000 രോഗികൾക്ക് വരെ പ്രയോജനം ലഭിക്കും. ശ്വാസകോശ അർബുദ പരിചരണത്തിൽ എൻഎച്ച്എസിന് പ്രതിവർഷം £11 മില്യൺ വരെ ലാഭിക്കാൻ ഇതുവഴി കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് മാഞ്ചസ്റ്റർ മ്യൂസിയം. ഈജിപ്ഷ്യൻ മമ്മികൾ, പനാമയിൽ മാത്രം കാണപ്പെടുന്ന അപൂർവ ഹാർലെക്വിൻ തവളകളുടെയും ആവാസ കേന്ദ്രമാണ് 138 വർഷം പഴക്കമുള്ള ഈ മ്യൂസിയം. 1977-ൽ ആരംഭിച്ച യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യത്തെ യൂണിവേഴ്സിറ്റി മ്യൂസിയം എന്ന പ്രത്യേകതയും മാഞ്ചസ്റ്റർ മ്യൂസിയത്തിന് ഉണ്ട്. 2018-ൽ ലണ്ടനിലെ ഡിസൈൻ മ്യൂസിയത്തിന് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് മ്യൂസിയവുമാണിത്.

യൂറോപ്യൻ മ്യൂസിയം ഓഫ് ദി ഇയർ പുരസ്കാരം നൽകുന്നത് നൂതനത്വവും മികവും പ്രകടിപ്പിക്കുന്ന മ്യൂസിയങ്ങൾക്കാണ്. പോളണ്ടിലെ ബിയാലിസ്റ്റോക്കിൽ നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കാൻ സാധിച്ചത് എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന അനുഭവമായിരുന്നുവെന്ന് മ്യൂസിയത്തിന്റെ ഡയറക്ടർ എസ്മെ വാർഡ് പറഞ്ഞു. ക്യൂറേഷൻ, സമൂഹത്തിൽ ആധുനിക മ്യൂസിയങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലെ പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ മ്യൂസിയം വേറിട്ട് നിന്നിരുന്നു.

നാഡീ-വൈവിധ്യമാർന്ന യുവാക്കൾക്കായുള്ള ഒരു സർഗ്ഗാത്മക വിദ്യാലയമായ പിൻക് കോളേജും മ്യൂസിയത്തിൽ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഇതിന് പുറമേ, പരിസ്ഥിതി, സാമൂഹിക നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. അപൂർവ വേരിയബിൾ ഹാർലെക്വിൻ തവളകളെ വളർത്തൽ, സുരക്ഷാ വല നിലനിർത്തൽ എന്നിവ ഇതിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്യാസ് ചോർച്ചകൾ പരിഹരിക്കുന്നതിന് താമസം വരുത്തിയ മൂന്ന് കമ്പനികൾക്ക് ബ്രിട്ടനിലെ എനർജി വാച്ച് ഡോഗ് പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി മൂന്ന് കമ്പനികൾക്ക് 8 മില്യൺ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയിൽ മൂന്നു കമ്പനികളും ഇത്തരം പരാതികൾ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കേഡന്റ് ഗ്യാസ്, സ്കോട്ട്ലൻഡ് ഗ്യാസ് നെറ്റ്‌വർക്ക്സ് (എസ്‌ജിഎൻ സ്കോട്ട്ലൻഡ്), സതേൺ ഗ്യാസ് നെറ്റ്‌വർക്ക്സ് (എസ്‌ജിഎൻ സതേൺ) എന്നീ മൂന്ന് സ്ഥാപനങ്ങൾ പിഴ അടയ്ക്കാൻ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതൽ രണ്ട് മണിക്കൂറിനുള്ളിൽ വാതകചോർച്ച പരിഹരിക്കുന്നതിൽ ഈ കമ്പനികൾ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികൾ പൊതുജനങ്ങൾക്ക് ഗുരുതരമായ അപകടസാധ്യതയ്ക്ക് കാരണമായതായി ഓഫ് ജെം പറഞ്ഞു. ഗ്യാസ് ചോർച്ചയെ കുറിച്ച് വേഗത്തിൽ അന്വേഷിച്ചില്ലെങ്കിൽ വീടുകൾക്കും ബിസിനസുകൾക്കും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണെന്നും അതിനാൽ തന്നെ ഈ കമ്പനികൾ പ്രശ്നത്തിന്റെ ഗൗരവം ഏറ്റെടുത്തിട്ടുണ്ടെന്നും ഓഫ് ജെമിന്റെ മാർക്കറ്റ് ഓവർസിറ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ കാതറിൻ സ്കോട്ട് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് കമ്പനികളും അവരുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തണമെന്ന് കാതറിൻ സ്കോട് പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നത് ഗൗരവമായി കാണണമെന്നും കമ്പനികൾ അവരുടെ ബാധ്യതകൾ നിറവേറ്റുവാൻ പരാജയപ്പെടുകയാണെങ്കിൽ വീണ്ടൂം നടപടിയെടുക്കാൻ മടിക്കില്ലെന്നും അവർ കൂട്ടി ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്റ്റീക്ക് ഉൾപ്പെടെയുള്ള മാംസ ഉത്പന്നങ്ങളുടെ വിലയിലെ കുതിച്ചു കയറ്റമാണ് ഭക്ഷ്യവില ഉയർന്നതിന് പിന്നിൽ. തുടർച്ചയായ നാലാം മാസമാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയരുന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിന്റെ (ബിആർസി) ഏറ്റവും പുതിയ ഷോപ്പ് കണക്കുകൾ പ്രകാരം ഏപ്രിലിൽ 2.6% വർധനവിന് ശേഷം മെയ് മാസത്തിൽ നിരക്ക് വർദ്ധനവ് 2.8% ആയി.

യുഎസ് ഏർപ്പെടുത്തിയ താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിനായി ചില്ലറ വ്യാപാരികൾ വിലകുറച്ചതിനെ തുടർന്ന് ഭക്‌ഷ്യേതര വസ്തുക്കളുടെ പ്രത്യേകിച്ച് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മുതൽ തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് വിപണിയിൽ പ്രതിഫലിക്കുമെന്ന് ബിബിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വർഷം അവസാനം, പുതിയ പാക്കേജിംഗ് നികുതിയുമായി ബന്ധപ്പെട്ട ചെലവുകളിൽ 2 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് ചില്ലറ വ്യാപാരികളും വഹിക്കേണ്ടിവരും. ചെലവ് വർദ്ധനവ് ചില്ലറ വ്യാപാരികളെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാക്കുമെന്ന് ബിആർസി പറഞ്ഞു. ഇത് സ്വാഭാവികമായിട്ടും വില ഉയരുന്നതിന് കാരണമാകും. വാർഷിക പണപ്പെരുപ്പം ഏപ്രിലിൽ പ്രതീക്ഷിച്ചതിലും വലിയ തോതിൽ 3.5% ആയി ഉയർന്നു എന്നാണ് കഴിഞ്ഞ ആഴ്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ആണ് ഈ വർധനവ് എത്തിയത്. വാട്ടർ ബില്ലുകൾ, ഊർജ്ജ ചെലവുകൾ, കൗൺസിൽ നികുതി എന്നിവയിലെ വർദ്ധനവ് ഏപ്രിൽ മാസത്തിൽ ജനജീവിതം ദുരിത പൂർണ്ണമാക്കിയത്. വേനൽക്കാല മാസങ്ങളിൽ പണപ്പെരുപ്പം ശരാശരി 3.5% ആയി ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം ആദ്യം പ്രവചിച്ചിരുന്നു.