ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പുരുഷന്മാരുടെ മരണസാധ്യത ഗണ്യമായി കുറയ്ക്കുന്ന ഒരു മരുന്നാണ് അബിറാറ്ററോണിൽ. ഇപ്പോഴിതാ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച പുരുഷന്മാരിൽ അബിറാറ്ററോണിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുന്നവരെ കണ്ടെത്താൻ കഴിവുള്ള എഐ ടൂൾ വികസിപ്പിച്ചിരിക്കുകയാണ്. പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണുന്ന ക്യാൻസർ ആയ പ്രോസ്റ്റേറ്റ് ക്യാൻസറിന് അബിറാറ്ററോണിൽ ആണ് ലോകമെമ്പാടും ഉപയോഗിച്ച് വരുന്നത്. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് കൂടുതൽ കാലം ജീവിക്കാൻ ഈ മരുന്ന് ഇതിനകം സഹായിച്ചിട്ടുണ്ട്.

യുഎസ്, യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം സൃഷ്ടിച്ച പുതിയ AI ടെസ്റ്റ്, മരുന്നിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്ന രോഗികളെ തിരിച്ചറിയും. ഈ മരുന്നിൽ നിന്ന് പ്രയോജനം ലഭിക്കാത്തവരെ തിരിച്ചറിയുന്നത് വഴി അനാവശ്യ മരുന്നുകൾ നൽകുന്നത് തടയാനും സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ സമ്മേളനമായ ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള പുതിയ AI പരിശോധന അനാച്ഛാദനം ചെയ്യുക.

ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ പ്രോസ്റ്റേറ്റ്, ബ്ലാഡർ കാൻസർ ഗവേഷണത്തിലെ പ്രമുഖ വിദഗ്ദ്ധനും റോയൽ മാർസ്ഡൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റുമായ പ്രൊഫസർ നിക്ക് ജെയിംസ് ആണ് എഐ സംവിധാനം നിർമ്മിച്ച സംഘത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച പുരുഷന്മാരുടെ അതിജീവന നിരക്ക് അബിറാറ്ററോൺ ഇതിനകം തന്നെ ഗണ്യമായി മെച്ചപ്പെടുത്തുന്നുണ്ട്. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം, കരൾ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയിൽ നേരിയ വർദ്ധനവ് ഇവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാവും എന്ന് അദ്ദേഹം പറയുന്നു. അതിനാൽ, മരുന്നിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന രോഗികൾ ആരാണെന്ന് തിരിച്ചറിയുന്നത് നിർണായകമാണ്. ഹോർമോൺ ചികിത്സ, റേഡിയോ തെറാപ്പി തുടങ്ങിയ സ്റ്റാൻഡേർഡ് തെറാപ്പിയിലൂടെ മാത്രം ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്നവരിൽ നിന്ന് അബിറാറ്റെറോണിനോട് ഏറ്റവും നന്നായി പ്രതികരിക്കുന്നവരെ വേർതിരിച്ചറിയാൻ എഐ ചികിത്സയിൽ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിൽ അണക്കെട്ടിൽ വീണ പെൺകുട്ടിയുടെ മൃതദേഹം റിസർവയറിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെള്ളത്തിൽ ഒരു മൃതദേഹം കണ്ടെന്ന സംശയത്തെ തുടർന്ന് അണക്കെട്ടിലേയ്ക്ക് അടിയന്തിര സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ധരുടെ സംഘമാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. സംശയാസ്പദമായി മറ്റ് സാഹചര്യങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മൃതദേഹത്തിന്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പെൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ അവർക്കുണ്ടെന്ന് കാൽഡെർഡെയ്‌ലിന്റെ സുരക്ഷാ സംഘത്തിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ലോറ ഹാൾ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഏതെങ്കിലും സംശയകരമായ കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട് കടുത്ത ജല ദൗർലഭ്യത്തിലേയ്ക്ക് നീങ്ങാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. വർദ്ധിച്ചുവരുന്ന താപനിലയും ജനസംഖ്യയുടെ ഉയർച്ചയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഈ സാഹചര്യങ്ങളെ ഫലപ്രദമായ നേരിടാൻ ഗാർഹിക ജല ഉപഭോഗം കുറയ്ക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ ജലവിതരണം ശക്തിപ്പെടുത്തുന്നതിനായി രണ്ട് പ്രധാന പുതിയ ജലസംഭരണി പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഈസ്റ്റ് ആംഗ്ലിയയിലെയും സൗത്ത് ലിങ്കൺഷെയറിലെയും പദ്ധതികൾ ദേശീയ പ്രാധാന്യമുള്ളവയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഈ പദ്ധതികൾ പതിവിലും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ രണ്ടു പദ്ധതികൾ കൊണ്ട് മാത്രം സുഗമമായ ജലലഭ്യത ഉറപ്പാക്കാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രാദേശിക എതിർപ്പുകൾ കാരണം പുതിയ ജലസംഭരണികൾ തുറക്കുന്നതിന് ഒരു ദശാബ്ദത്തിലേറെ സമയമെടുക്കും . ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ജലവിതരണം വേഗത്തിലാക്കാൻ കൂടുതൽ പദ്ധതികൾ വേണമെന്ന് വാട്ടർ മിനിസ്റ്റർ എമ്മ ഹാർഡി പറഞ്ഞു. രണ്ട് ജലസംഭരണികളും യഥാക്രമം 2036 ലും 2040 ലും പൂർത്തീകരിക്കാൻ ആണ് നിലവിൽ പദ്ധതിയിടുന്നത്. വരണ്ടതും ഉയർന്ന ജല ആവശ്യകതയുള്ളതുമായ ഭാവിയിലെ വരൾച്ചയെ നേരിടാൻ അവ കൂടുതൽ പ്രയോജനപ്പെടുമെന്ന് യുകെ സെന്റർ ഫോർ ഇക്കോളജി & ഹൈഡ്രോളജിയിലെ ജലശാസ്ത്ര ഡയറക്ടർ ഡോ. ഗ്ലെൻ വാട്ട്സ് പറഞ്ഞു.

മഴക്കാലത്ത് അധിക മഴ ശേഖരിക്കുന്നതിലൂടെ വരൾച്ചയുടെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ജലസംഭരണികൾക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതൽ ചൂടേറിയതും വരണ്ടതുമായ വേനൽക്കാലം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വരും ദശകങ്ങളിൽ വരൾച്ചയ്ക്കുള്ള സാധ്യത വർദ്ധിക്കുമെന്നാണ് മെറ്റ് ഓഫീസ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിന്റെ പുതിയ താരിഫ് നയവും ഈസ്റ്റർ സമയവും ബാധിച്ചത് മൂലം യുകെയിൽ കാർ ഉത്പാദനം ഏപ്രിൽ മാസത്തിൽ കുത്തനെ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഏപ്രിലിൽ മാസത്തിൽ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം കോവിഡ് ലോക്ഡൗൺ സമയത്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നിരുന്നാലും, യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള പുതിയ വ്യാപാര കരാറുകൾ വരാനിരിക്കുന്ന മാസങ്ങളിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ കാറുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) മാറുന്നതും ഉൽപാദനം താൽക്കാലികമായി കുറയുന്നതിന് കാരണമായതായി സൊസൈറ്റി ഫോർ മോട്ടോർ മാനുഫാക്ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് (എസ്‌എംഎംടി) പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തേക്കാൾ 16% കുറവും മാർച്ച് മാസത്തേക്കാൾ 25% കുറവുമാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായത്.

അതിനുമുമ്പുള്ള ഏറ്റവും കുറഞ്ഞ ഏപ്രിൽ ഉൽപ്പാദനം 1952 ൽ ആയിരുന്നു, അന്ന് 53,517 വാഹനങ്ങൾ നിർമിച്ചത് . കയറ്റുമതിക്കായുള്ള കാർ ഉൽപ്പാദനത്തിലും 10.1% കുറവ് ഉണ്ടായിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ കയറ്റുമതി വിപണികളായ യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഡിമാൻഡ് ഇടിഞ്ഞതായി എസ്എംഎംടി പറഞ്ഞു. വർഷത്തിലെ ആദ്യ നാല് മാസത്തേക്ക് യുകെയിൽ നിർമ്മിച്ച മൊത്തം വാഹനങ്ങളുടെ എണ്ണം 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത് . മറ്റ് രാജ്യങ്ങളിലും ഉൽപ്പാദനത്തിലെ ഇടിവ് പ്രവണത സമാനമാണെന്ന് കാർഡിഫ് സർവകലാശാലയിലെ സെന്റർ ഫോർ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ വെൽസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറുമാസം നീണ്ടുനിൽക്കുന്ന പണിമുടക്കിന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) റസിഡന്റ് ഡോക്ടർമാർ വോട്ട് ചെയ്യാൻ ഇരിക്കവേ നടപടിക്കെതിരെ വോട്ട് ചെയ്യാൻ ഡോക്ടർമാരോട് അഭ്യർഥിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. “ദി ടൈംസിൽ” ലേഖനം എഴുതിയ മന്ത്രി തുടർച്ചയായ പണിമുടക്കുകളും തടസ്സങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നി പറഞ്ഞു. എൻ എച്ച് എസ് പുനർനിർമ്മിക്കുന്നതിന് തുടർച്ചയായ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ അംഗീകരിച്ച ശരാശരി ശമ്പള വർദ്ധനവ് 5.4% ആയിരുന്നിട്ടും, 2008 മുതൽ റസിഡന്റ് ഡോക്ടർമാരുടെ ശമ്പളം 23% ആണ് കുറഞ്ഞത്. പണിമുടക്കാൻ തീരുമാനിച്ചാൽ ജൂലൈയിൽ ആരംഭിച്ച് 2026 ജനുവരി വരെ ഇത് നീണ്ടുനിൽക്കും. അതേസമയം, ശൈത്യകാല പണിമുടക്കുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പേഷ്യന്റ്സ് അസോസിയേഷൻ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

ബിഎംഎ റസിഡന്റ് ഡോക്‌ടേഴ്‌സ് കമ്മിറ്റി സഹ-അധ്യക്ഷന്മാരായ മെലിസ റയാനും റോസ് ന്യൂവൗഡും പണിമുടക്കിന്റെ സാധ്യതയെ കുറിച്ചുള്ള ആശങ്കകൾ മനസിലാക്കാമെന്നും, സർക്കാരിൻെറ ഭാഗത്ത് നിന്ന് ശമ്പളം വർധിപ്പിക്കുന്ന നീക്കം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അനിവാര്യമാണെന്നും പറഞ്ഞു. എൻഎച്ച്എസിൽ റസിഡന്റ് ഡോക്ടർമാർ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിദേശത്ത് മികച്ച അവസരങ്ങൾ തേടാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നതിനു പകരം, യുകെയിൽ തന്നെ രോഗികളെ പരിചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് ബിഎംഎ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെട്ടു.
ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെത്തി അകാലത്തിൽ നിര്യാതയായ ടീന മോൾ സക്കറിയയ്ക്ക് യുകെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയ ക്യാൻസർ രോഗത്തെ തുടർന്നാണ് മരണമടഞ്ഞത്. ബര്‍സലേം സെന്റ്: ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 30 വരെ നടന്ന പൊതു ദർശനത്തിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിച്ചു.

വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.
തുടർനടപടികൾ പൂർത്തിയാക്കി മൃതസംസ്കാരം നാട്ടിൽ വച്ച് നടത്തും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. എന്നാൽ സർക്കാരിൻെറ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സർ മാർക്ക് റൗളി. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി തടവുകാരെ നേരത്തെ മോചിപ്പിക്കുന്നത് പോലീസിന്റെ ജോലിഭാരം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മോചിപ്പിക്കപ്പെട്ട തടവുകാർ വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത ആണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

സർക്കാരിൻെറ പുതിയ നയം അനുസരിച്ച്, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഒന്ന് മുതൽ നാല് വർഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. എന്നാൽ പോലീസിംഗിൽ അതിന്റെ സ്വാധീനം വിശകലനം ചെയ്യാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി നടപ്പിലാക്കിയിരുന്ന ചെലവുചുരുക്കൽ വെട്ടിക്കുറയ്ക്കലുകളിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന പോലീസ് സേനയെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് സർ മാർക്ക് റൗളി പറയുന്നു.

MI5, നാഷണൽ ക്രൈം ഏജൻസി എന്നിവയുടെ മേധാവികൾക്കൊപ്പം, റൗളി നീതിന്യായ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അടിയന്തര മോചനങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ജയിൽ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഏകദേശം 1,400 ജയിൽ സ്ഥലങ്ങളിലെ പ്രതികളെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം പരോൾ ബോർഡ് അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതിൽ, അപകടസാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ വിജയം കണ്ടു. നെസ്‌ലെ ഉൾപ്പെടെ യുകെയിൽ ഉടനീളമുള്ള വിവിധ കമ്പനികൾ എഐയുടെ സഹായത്തോടെ ഭക്ഷണം പുനർ വിതരണം ചെയ്യുന്നത് നടപ്പിലാക്കുന്നതിലൂടെയാണ് ഇത് സാധിച്ചിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ ഈ ടൂൾ ഉപയോഗിക്കുന്നതിലൂടെ ഭക്ഷണം പാഴാക്കുന്നത് 87 ശതമാനത്തിന്റെ കുറവു വരെയാണ് ഉണ്ടായത്.

പൈലറ്റ് സ്കീം നടപ്പിലാക്കിയപ്പോൾ 700 ടൺ വരെ ഗുണനിലവാരമുള്ള മികച്ച ഭക്ഷണം ലാഭിക്കാൻ കഴിഞ്ഞതായി നെസ്‌ലെ പറഞ്ഞു. ഇത് ഏകദേശം 1.5 മില്യൺ പൗണ്ട് വിലമതിക്കുന്നതാണ്. യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ ടൂൾ ഉപയോഗിക്കുന്നത് പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പല ഭക്ഷണപദാർത്ഥങ്ങളുടെയും എക്സ്പയറി ഡേറ്റ് ചെറിയ കാലയളവിലേയ്ക്കുള്ള താണ്. ഇത് എഐയുടെ സഹായത്തോടെ വിദഗ്ധമായി പുനർ വിതരണം നടപ്പിലാക്കുന്നതിലൂടെയാണ് ഭക്ഷണ ഉത്പന്നങ്ങൾ പാഴാകുന്നത് തടയാൻ സാധിക്കുന്നത്. വ്യത്യസ്ത നിർമ്മാതാക്കളുമായി നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, അടുത്ത വർഷം മാർച്ചോടെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളം
ഈ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
സർക്കാർ ഏജൻസിയിലെ ഇന്നോവേറ്റ് യു കെ യുടെ ധനസഹായത്തോടെയാണ് AI ടൂൾ വികസിപ്പിച്ചത്. ഈ Al ടൂൾ വികസിപ്പിക്കാനായി 1.9 മില്യൺ പൗണ്ട് ആണ് ഗ്രാൻഡ് ആയി നൽകിയത്. യുകെയിലുടനീളമുള്ള ഭക്ഷ്യ സ്രോതസ്സിംഗും വിതരണവും പരിവർത്തനം ചെയ്യുക, മാലിന്യം കുറയ്ക്കുക, കാർബൺ ഉദ്‌വമനം കുറയ്ക്കുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡാറ്റാ ഇക്കണോമി ഡയറക്ടർ എസ്ര കസപോഗ്ലു പറഞ്ഞു. 10 ബില്യൺ ഭക്ഷണത്തിന് തുല്യമായ ഏകദേശം 4.6 മില്യൺ ടൺ ഭക്ഷ്യയോഗ്യമായ ഭക്ഷണം യുകെയിൽ ഓരോ വർഷവും പാഴാക്കപ്പെടുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലുടനീളമുള്ള 8,000-ത്തിലധികം ചാരിറ്റികൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ വലിയ മാറ്റമുണ്ടാക്കുമെന്ന് ചാരിറ്റിയായ ഫെയർഷെയറിലെ ഭക്ഷ്യ ഡയറക്ടർ സൈമൺ മില്ലാർഡ് പറഞ്ഞു.
ലിവർപൂളിൽ എഫ്സിയുടെ വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അപകടം ഉണ്ടായ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ അറസ്റ്റ് ചെയ്തു. ലിവർപൂൾ നഗരമധ്യത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ വെസ്റ്റ് ഡെർബി പ്രദേശത്ത് നിന്നുള്ള 53 വയസ്സുള്ള ആളെ ആണ് അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് 65 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കരൺ ജൗണ്ട്രിൽ പറഞ്ഞു. പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ തുടരുകയാണ് . ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുമെന്ന് സൂചന നൽകുന്ന ഒരു ഇന്റലിജൻസും ലഭിച്ചിരുന്നില്ലെന്നും ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, സംഭവം തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് വിവരങ്ങൾ ഉള്ള ആരും ഇത് ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും പകരം വിവരങ്ങൾ പോലീസിന് കൈമാറണമെന്നും സേന ആവശ്യപ്പെട്ടു.

ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നി പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് പ്രതി. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.
നേർത്ത ലോഹത്തിലോ പ്ലാസ്റ്റിക് കപ്പിലോ പൊതിഞ്ഞിരിക്കുന്ന വൃത്താകൃതിയിലുള്ള മെഴുകുതിരിയാണ് ടീ ലൈറ്റ്. പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഇവ പലപ്പോഴും അലങ്കാരത്തിനായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നു. മിക്ക വീടുകളിലും സുപരിചിതമായ ടീ ലൈറ്റ് പൊട്ടിത്തെറിച്ച് സതാംപ്ടണിനടുത്തുള്ള ചാൻഡലേഴ്സ് ഫോർഡിൽ നിന്നുള്ള 52 കാരിക്ക് സെക്കന്റ് ഡിഗ്രി പൊള്ളലേറ്റിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയായ മാർണി ഹോബ്സിന്റെ മുഖത്ത് ഹോം ബാർഗെയിൻസിൽ നിന്നുള്ള ഒരു ടീലൈറ്റ് മെഴുകുതിരി പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റത്.

അപകടം ഉണ്ടായതിന് പിന്നാലെ മാർണി ഹോബ്സിനെ വിൻചെസ്റ്റർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉടനെ എത്തിച്ചു. സംഭവത്തിന് പിന്നാലെ ഏഴ് ആഴ്ചകൾക്കുശേഷം, ഹോം ബാർഗെയിൻസ് അപകടത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മാർണി ആവിശ്യപ്പെട്ടിരിക്കുകയാണ്. മാർച്ചിൽ ഈസ്റ്റ്ലീ സ്റ്റോറിൽ നിന്ന് ഏകദേശം £2.50 ന് 25 ടീലൈറ്റുകളുടെ ഒരു പായ്ക്ക് വാങ്ങിയ മാർണി ഹോബ്‌സ് ഏപ്രിൽ 2 ന് ഒരെണ്ണം ഉപയോഗിക്കുകയായിരുന്നു. മുഖത്തേയ്ക്കും നെഞ്ചിലേക്കും ചൂടുള്ള മെഴുക് തെറിച്ചു വീഴുകയായിരുന്നു എന്ന് അവർ പറയുന്നു. എ&ഇയിൽ എത്തിയ ഉടനെ, അധികൃതർ ഇവർക്ക് വേണ്ട ചികിത്സ നൽകി.

അപകടം ഉണ്ടായതിന് പിന്നാലെ ഏപ്രിൽ 4 ന് മാർണി ഹോബ്‌സ് ഹോം ബാർഗെയിൻസ് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് ടീലൈറ്റുകളുടെ സുരക്ഷയെ കുറിച്ച് അന്വേഷണം അഭ്യർത്ഥിച്ചു. ഉത്പന്നത്തിന്റെ ഉയർന്ന വിൽപന ഉണ്ടായിരുന്നിട്ടും ഇത്തരത്തിലുള്ള ആദ്യത്തെ പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സഹായം നൽകാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഉപഭോക്തൃ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്നും ഉൽപ്പന്നം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഹോം ബാർഗെയിൻസ് പ്രതികരിച്ചു.